(രചന: Kannan Saju)
” അച്ഛന് മറ്റൊരു പെങ്കൊച്ചിനെ ഇഷ്ടമാണ്. അവര് തമ്മിൽ പത്തിരുപതു വയസ്സ് വ്യത്യാസം ഉണ്ട്.ഇപ്പൊ അമ്മയെ വേണ്ടാന്ന അച്ഛൻ പറയുന്നേ.. അമ്മയെ മാത്രല്ല, നമ്മൾ എല്ലാവരും ഇവിടുന്നു ഇറങ്ങണം എന്ന്..
ഞാനും നീയും നിന്റെ ഭാര്യയും നിന്റെ മക്കളും അനിയനും ഭാര്യയും അവന്റെ മക്കളും… സ്വത്തിന്റെ പാതി നമുക്ക് എല്ലാവര്ക്കും തരാമെന്ന്”
ഓഫീസിൽ നിന്നും പതിവ് പോലെ വൈകി എത്തി ചോറുണ്ടുകൊണ്ടിരുന്ന കണ്ണനോട് അമ്മ വിഷമത്തോടെ പറഞ്ഞു…
മുറിയിൽ നിന്നും അനിയനും ഭാര്യയും കണ്ണന്റെ ഭാര്യയും ഇറങ്ങി വന്നു.. കുട്ടികൾ ഉറങ്ങിയിരുന്നു..അനിയൻ ഉണ്ണിയുടെ ഭാര്യ നീലിമ കുട്ടികൾ ഉണരാതിരിക്കാൻ കതകടച്ചു.
ചോറിൽ കൈ പരതി കൊണ്ടിരുന്ന കണ്ണന്റെ കണ്ണുകൾ ചുവന്നു വന്നു.. ദേഷ്യം തലയ്ക്കു പിടിച്ചിരുന്നു…
” അമ്മ എന്തൊക്കെ..
” പയ്യെ പറയടാ… അച്ഛൻ കേൾക്കും.. പിള്ളേരും എണീക്കും ”
” അമ്മ എന്നാന്ന ഈ പറയണേ… ?? ഇത് മുഴുവൻ കേട്ടിട്ട് അമ്മ ഒന്നും മിണ്ടാതെ ഇങ്ങു പോന്നോ ??? ”
” ഞാൻ പിന്നെ എന്നാടാ ചെയ്യണേ… ??? ഇത്രയും നാളും ഒരുമിച്ചു കഴിഞ്ഞിട്ട് പെട്ടെന്നൊരു ദിവസം വന്നു ഒരു പെണ്ണിനെ ഇഷ്ടാണ് വിവാഹം കഴിക്കണം മാറി തരണം എന്നൊക്കെ പറഞ്ഞാൽ..”
അമ്മയുടെ വാക്കുകളിൽ നല്ല വിഷമം നിറഞ്ഞു നിന്നതു അവൻ അറിഞ്ഞു…
” ഇയ്യാക്കിതു എന്തിന്റെ കേടാ ??? അമ്മയെ കുറിച്ച് ചിന്തിക്കണ്ടേ?? ഞങ്ങൾ മക്കളെ കുറിച്ച് ചിന്തിക്കണ്ടേ??? ”
” ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യോന്നും ഇല്ല ഏട്ടാ അച്ഛൻ ഏതാണ്ട് ഉറച്ച മട്ടാ, ” നീലിമ അവനോടു പറഞ്ഞു…
” നീയിതെന്താ പറയുന്നേ നീലിമ ?? ഇനി നിന്റെ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും?? അഞ്ജലീടെ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും?? നാണക്കേട് ”
” അപ്പൊ അമ്മേടെ മനസ്സ് വിഷമിക്കുന്നതിനു കണ്ണേട്ടന് ഒന്നും ഇല്ലേ?? ” അഞ്ജലിയുടെ ചോദ്യം കേട്ടു കണ്ണൻ അമ്മയെ നോക്കി.
” എന്താടാ ആർക്കും ഉറങ്ങാറായില്ലേ??? അതോ ചർച്ച എന്നെ പറ്റി ആണോ ?? ” കണ്ണൻ ചാടി എണീറ്റു.
” ഈ വയസ്സാം കാലത്തു അച്ഛന് ഇത് എന്തിന്റെ കേടാ?? ”
” നിന്റെ തള്ളയെ എനിക്ക് മടുത്തു.. അതുകൊണ്ടു എനിക്ക് തോന്നിയവളെ ഞാനിങ്ങെടുത്തു… ”
” നിങ്ങൾ ഒലത്തും ”
” ദേ എന്റെ നേരെ ഒച്ച എടുത്താൽ ഉണ്ടല്ലോ ??? “. അച്ഛൻ കൈ ചൂണ്ടി.
” കുടുംബത്തിന് നിരക്കാത്ത പണി കാണിച്ചാ ആരായാലും ഞാൻ ചോദിക്കും… തനിക്കു നാണം ഇല്ലെടോ? ”
അച്ഛൻ അവനെ അടിക്കാൻ കയ്യോങ്ങി… കണ്ണൻ കൈ തടഞ്ഞു.. എല്ലാവരും ഞെട്ടലോടെ നോക്കി നിന്നു
” കണ്ണാ അച്ഛന്റെ കയ്യെന്നു വിടാടാ… ” അമ്മ പറഞ്ഞു…
” അമ്മ മിണ്ടരുത്… അമ്മക്കെന്തു കുറവുണ്ടായിട്ടാ ഇയ്യാളിപ്പോ പെണ്ണ് പിടിക്കാൻ പോയത് ??? ”
” അഞ്ജലിക്ക് എന്ത് കുറവുണ്ടായിട്ടാ നീ പെണ്ണ് പിടിക്കാൻ പോയത് ??? ” കണ്ണൻ ഞെട്ടലോടെ അമ്മയെ നോക്കി…. അച്ഛൻ അവന്റെ കൈ വിടുവിച്ചു…
” പറയടാ… അവൾക്കു എന്ത് കുറവുണ്ടായിട്ടാ നീ വേറെ പെണ്ണ് പിടിക്കാൻ പോയതെന്ന് ??? ” കണ്ണൻ മിണ്ടാതെ നിന്നു
” നിനക്ക് ഉത്തരം ഇല്ലല്ലേ??? നിന്റെ അച്ഛൻ പെണ്ണ് പിടിക്കാൻ പോയെന്നു പറഞ്ഞപ്പോ നീ കിടന്നു പൊളിക്കുന്ന കണ്ടല്ലോ???
അപ്പൊ നിന്റെ അമ്മയുടെ വിഷമവും മക്കളുടെ വിഷമവും മരുമക്കളുടെ വിഷമവും ഒക്കെ നിനക്ക് മനസ്സിലായി അല്ലേ ??? ഇതേ വികാരം തന്നെയാ ഞങ്ങക്കും ഉണ്ടായതു….. ”
അഞ്ജലിയെ നോക്കി….
” ഇനി അവള് തീരുമാനിക്കട്ടെ എന്ത് വേണമെന്ന് ” കണ്ണൻ അഞ്ജലിയെ നോക്കി . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
” ഏട്ടന്റെ സ്ഥാനത്തു ഏടത്തി ആണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ എന്ത് ചെയ്യുമായിരുന്നു ?? ” നീലിമ കണ്ണനെ നോക്കി ചോദിച്ചു….
” അത് തന്നെയാ നീലിമ ഞാനും ചെയ്യാൻ ഉദ്ദേശിക്കുന്നെ… ” അഞ്ജലിയുടെ വാക്കുകൾ കേട്ടു എല്ലാവരും അവളെ നോക്കി…
” എന്നെ വിട്ടു മറ്റൊരുത്തിയുടെ കൂടെ കിടക്കുമ്പോൾ മനസ്സുകൊണ്ട് ആ നിമിഷം എങ്കിലും അവളുടേത് മാത്രമായി കാണില്ലേ കണ്ണേട്ടൻ?? എനിക്കതു സഹിക്കാൻ പറ്റില്ല..
പറ്റുന്നവർ ഉണ്ടായിരിക്കാം… പക്ഷെ എനിക്ക് പറ്റില്ല.. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പുരുഷൻ എനിക്ക് മാത്രമുള്ളതായിരിക്കണം..
അവിഹിതം ഉള്ള ഭർത്താവിനെ നേർവഴിക്കു കൊണ്ട് വന്നു തിരിച്ചു സ്നേഹിപ്പിക്കാൻ ഉള്ള വിശാല മനസ്കത ഒന്നും എനിക്കില്ല..
അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം.. ഒരു മോളേ പോലെ എപ്പോ വേണേലും നിങ്ങള്ക്ക് എന്നെ വിളിക്കാം..
വിളിപ്പുറത്തു ഞാൻ ഉണ്ടാവും… പക്ഷെ കണ്ണേട്ടന്റെ ഭാര്യയായി തുടരാൻ ഇനി എനിക്ക് താല്പര്യം ഇല്ല… അതാണ് ഞാൻ നിങ്ങളോടു എല്ലാവരോടും ഇത് തുറന്നു പറഞ്ഞത് ”
” മോളേ അപ്പൊ കുഞ്ഞിന്റെ കാര്യം.. അത് കൂടി ചിന്തിക്കണ്ടേ?? ”
” ഈ മക്കൾ ഉള്ളതുകൊണ്ട് എന്ത് കാണിച്ചാലും സഹിച്ചു അടിമയെ പോലെ നിന്നോളും എണ്ണ ചിന്ത ഉള്ളതുകൊണ്ടാണമ്മേ ഇവരൊക്കെ ഇങ്ങനെ തന്നെ ആവർത്തിക്കുന്നത്..
അവൻ രണ്ട് പേരുടെ കൂടെയും മാറി മാറി നിക്കട്ടെ.. സ്നേഹത്തിന്റെ വില അറിഞ്ഞു വളരട്ടെ… വളരുമ്പോ കുറച്ചു വിഷമം ഉണ്ടാവും, പക്ഷെ വലുതാവുമ്പോ ഒരാളെ സ്നേഹം കൊണ്ട് വേദനിപ്പിക്കാതിരിക്കാൻ അവൻ പഠിച്ചിരിക്കും..
അല്ലാതെ എല്ലാം സഹിച്ചു തമ്മിൽ തല്ലി ജീവിക്കുന്ന ഞങ്ങളെ കണ്ടു അവൻ വളർന്നാൽ നാളെ മറ്റൊരാളുടെ കണ്ണീരിനെ അത് കാരണമാവൂ..
ശരീരം അത് ആണിനും പെണ്ണിനും ഒരുപോലാ.. ഒന്ന് കിടന്നു കൊടുക്കുന്നത് ആണായാലും പെണ്ണായാലും അത് മനസ്സുകൊണ്ട് ഉള്ള കീഴ്പ്പെടൽ തന്നെ ആണ്…
ഭാര്യ വ്യഭിചാരിച്ചാൽ ഭർത്താവിന് എന്ത് വികാരമാണോ ഉണ്ടാവുന്നത് അത് തന്നെയാണ് ഭർത്താവു കിടന്നു കൊടുതെന്നറിയുമ്പോ ഭാര്യക്കും ഉണ്ടാവുന്നത്.. അല്ലാതെ പെണ്ണിന് മാത്രമായി ഒന്നും നഷ്ടപ്പെടാൻ ഇല്ല… ”
” അവളെ അവളുടെ തീരുമാനത്തിന് വിട് അമ്പിളി ” അച്ഛൻ അമ്മയോട് പറഞ്ഞു.
” അവളുടെ സ്നേഹത്തിന്റെ വില മനസ്സിലാക്കാതെ പോയതല്ലേ… ബാക്കി വരുന്നത് അവൻ സ്വയം അനുഭവിക്കട്ടെ ” അച്ഛൻ പറഞ്ഞു നിർത്തി..
” നീലിമയോ ഉണ്ണിയോ ആരെങ്കിലും രാവിലെയും എന്നെ സ്റ്റേഷനിൽ ആക്കി തരണം ”
അവർ തലയാട്ടി… അഞ്ജലി അകത്തേക്ക് പോയി
” എന്നാലും നിങ്ങൾ ഒരു വാക്ക് പറഞ്ഞിരുന്നേൽ മോള് പോയില്ലായിരുന്നു ” അമ്മ അച്ഛനോട് പറഞ്ഞു
” അമ്പിളി.. നിനക്കറിയാലോ, പെൺകുട്ടികൾ സഹന ശക്തി കൂടുതൽ ഉള്ളവരാ.. എന്തും അതിന്റെ പരിധി കടക്കുമ്പോഴേ അവർ നിർണ്ണായക തീരുമാനങ്ങൾ എടുക്കു.. അപ്പൊ നമ്മൾ അവരുടെ കൂടെ നിക്കണം..
എങ്കിലേ ഈ സമൂഹത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവൂ.. അവൾ പറഞ്ഞ പോലെ കല്യാണോം കഴിച്ചു കൊച്ചിനേം ഉണ്ടാക്കി കൊടുത്തു ഭാര്യമാർ എങ്ങും പോവില്ലെന്ന തോന്നലിൽ അടിമകളാക്കി കൊണ്ട് നടക്കുന്ന ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റും..
അവർക്കൊക്കെ ഇതുപോലെ ചെയ്യണം എന്നുണ്ട്.. പക്ഷെ കൂടെ നിക്കാൻ ആരും ഉണ്ടാവില്ല.. സ്വന്തം വീട്ടുകാർ പോലും..
ഇനി ഇപ്പൊ അഞ്ജലിയെ അവളുടെ വീട്ടുകാർ സ്വീകരിച്ചില്ലെന്ന് വെക്കുക… നമ്മൾ കെട്ടിച്ചു വിടും അവളെ.. നല്ല ആണത്വം ഉള്ളവന്… വിവാഹത്തിന് മുന്നേ ഇവൻ എന്ത് ചെയ്താലും ഞാൻ ഒന്നും മിണ്ടില്ലായിരുന്നു..
പക്ഷെ അവനു വേണ്ടി മാത്രം ഒരാൾ ജീവിതത്തിലേക്ക് വരുമ്പോൾ, അതും സ്വന്തവും ബന്ധവും നാടും നാട്ടുകാരും എല്ലാം വിട്ടു അവൻ മാത്രമാണ് ലോകമെന്നു കരുതി വരുമ്പോൾ,
അവനിൽ മാത്രമായി അവൾക്കു ഒതുങ്ങാൻ കഴിയുമ്പോൾ അവളെ മാത്രം സ്നേഹിക്കാൻ അവൻ പഠിക്കണമായിരുന്നു..
ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കും മുന്നേ അവന്റെ അമ്മയിൽ നിന്നും പെങ്ങളിൽ നിന്നും എടത്തിയിൽ നിന്നും ഒക്കെ ഒരു ആണ് അറിയാൻ ശ്രമിക്കണം.
പെണ്ണെന്താണെന്നും അവളുടെ മനസ്സെന്താണെന്നും. മാറ്റം കുടുംബങ്ങളിൽ നിന്നും ആരംഭിക്കട്ടെ…