(രചന: Kannan Saju)
“പിന്നെ കപ്പലണ്ടി മിടായി മേടിച്ചു തിന്നാൻ കാശില്ലാത്തവളൊന്നും എന്റെ പപ്പ കൊണ്ടു വന്ന ചോക്ലേറ്റ് തിന്നണ്ട”
ഡെസ്കിനു മുകളിൽ കയറി ഇരുന്നു തന്റെ പിറന്നാൾ ദിന മധുരമായി അവളുടെ പപ്പ കൊണ്ടു വന്ന ചോക്ലേറ്റുകൾ മിന്നുവിന് ഒഴികെ മറ്റു കൂട്ടുകാർക്കു നൽകിക്കൊണ്ട് ഇരുന്ന ശ്രേയ ഉച്ചത്തിൽ മിന്നു കേൾക്കാനായി പറഞ്ഞു..
ലാസ്റ്റ് ബഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കാറുള്ള മിന്നു അത് കേട്ടില്ലെന്ന രീതിയിൽ ബൂക്കിലേക്കും നോക്കി ഇരുന്നു…
മിന്നു… അമ്മ പള്ളിയിൽ ചെന്നു അച്ഛന്റെ കാലു പിടിച്ചത് കൊണ്ടു അവിടെ ഹൈസ്കൂളിൽ അവളെ ചേർക്കാൻ സിസ്റ്റർമാർ തയ്യാറായത്..
പൊതുവെ നിറം കുറവും കാതിൽ ഒരു കമ്മലു പോലും ഇല്ലാത്തവളും അധികം ആരോടും സംസാരിക്കാത്തവളും ആയ അവൾക്കു കൂട്ട് കൂടാൻ ആരും ഇല്ലായിരുന്നു..
അവളോട് അടുപ്പം കാണിച്ചിരുന്ന റിന്സിയുടെ അമ്മയെ വിളിച്ചു ശ്രേയ പരാതി പറഞ്ഞതോടെ ആ കൂട്ടും അവസാനിച്ചു.
ശ്രേയയും മിന്നുവും തമ്മിൽ ഉള്ള അന്തരം മിന്നു എട്ടാം ക്ലാസ്സിൽ അവിടെ വന്നപ്പോൾ മുതൽ ഉള്ളതാണ്.. കാരണം ഇതുവരെ മിന്നുവിനെ പരാജയപ്പെടുത്താൻ അവൾക്കു മാർക്കിന്റെ കാര്യത്തിൽ കഴിഞ്ഞിട്ടില്ല…
ഇന്നും മോഡൽ എക്സാമിന്റെ റിസൾട്ട് കാത്തു നിക്കുന്ന ദിവസമാണ്… ശ്രേയ പ്രതീക്ഷയിലും.. തന്റെ പിറന്നാൾ കൂടി ആയതുകൊണ്ട് നല്ല ആവേശത്തിലും..
ഇതൊക്കെ ആണെങ്കിലും പിറന്നാൾ മധുരം നൽകുമ്പോൾ ഒരാളെ മാത്രം മാറ്റി നിർത്തുകയും മറ്റുള്ളവർ അതുകണ്ടു ചിരിക്കുകയും ഒക്കെ ചെയ്യുന്നത് മിന്നുവിന്റെ മനസ്സിനെ വിഷമപ്പെടുത്തി.. എങ്കിലും അവൾ ഒന്നും മിണ്ടാത ഇരുന്നു..
ആദ്യമായിട്ടല്ല… സ്കൂളിൽ എന്തിനും പൈസ വാരി എരിയുന്ന ആളാണ് ശ്രേയയുടെ പപ്പ.. അയ്യാളുടെ മകളെ ക്ലാസ്സിൽ ഒന്നാമതാക്കാൻ ടീച്ചർ മാർ കിണഞ്ഞു പരിശ്രമിക്കാറുണ്ട്…
പക്ഷെ അത് പേപ്പറിൽ മാർക്കിടുമ്പോൾ മാത്രം അവളെ തരം താഴ്ത്താൻ ടീച്ചർ മാർക്കും കഴിയില്ല . അതിൽ ഉത്തരം ഉണ്ടാവും….
ശ്രേയ നല്ല കുട്ടിയാണു.. മിന്നുവിനോടുള്ള ദേഷ്യം ഒഴിച്ച് നിർത്തിയാൽ അവൾക്കു എല്ലാവരെയും ഇഷ്ടമാണ്..
പണം കൊണ്ടും പാഠങ്ങൾ പറഞ്ഞു കൊടുത്തും അവൾ മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യും.. കാരണം അവരാരും പഠിപ്പിൽ അവൾക്കൊരു എതിരാളി ആയിരുന്നില്ല.
ശ്രേയ മിന്നുവിന്റെ അരികിലേക്ക് വന്നു…
” ഇന്ന് റിസൾട്ട് വരും.. ടീച്ചർമാർ പേപ്പറു തരുമ്പോൾ നീ നോക്കിക്കോ ഞാനായിരിക്കും മുന്നിൽ ”
മിന്നു ഒന്നും മിണ്ടിയില്ല…..
” വീട്ടിലൊരു ബാത്രൂം പണിയാൻ പഞ്ചായത്തിന്റെ സഹായം വേണ്ടി വന്നു.. ആ അവളാണ് എന്നോട് മത്സരിക്കാൻ വരുന്നത്…. അഹങ്കാരം കണ്ടില്ലേ”
മിന്നു അവളുടെ മുഖത്ത് നോക്കാതെ ബുക്കിൽ തന്നെ നോക്കി ഇരുന്നു
” എന്താടി മിണ്ടാത്തേ ? നീ ഒരുത്തി കാരണം കഴിഞ്ഞ രണ്ട് കൊല്ലമായിട്ടു എന്റെ അമ്മ എനിക്ക് സമാധാനം തന്നിട്ടില്ല…
എന്റെ വീട്ടില് പറമ്പിൽ പണി എടുത്തും കക്കൂസ് കഴുകിയും ജീവിക്കുന്നവാളുടെ മോളു സ്വന്തം മോളേക്കാൾ മാർക്ക് വാങ്ങിയാൽ ഏതു അമ്മയാടി സഹിക്കുക ”
അപ്പോഴും മിന്നു ഒന്നും മിണ്ടിയില്ല…
ശ്രേയ അവളുടെ താടയ്ക്കു പിടിച്ചു മുഖം അവൾക്കു നേരെ തിരിച്ചു…
” തലവെട്ടം കണ്ടപ്പോൾ തന്ത പോയില്ലെടി ? ഇത്രക്കും അഹങ്കാരം പാടുണ്ടോ ? ” അത് കേട്ടു മിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു..
അപ്പോഴേക്കും ക്ലാസ്സിൽ ടീച്ചർ കയറി വന്നു.. ഓരോ പീരിയഡുകൾ ആയി കടന്നു പോയി കൊണ്ടിരുന്നു.. പേപ്പറുകൾ കൊടുക്കുമ്പോൾ എല്ലാ വിഷയങ്ങൾക്കും രണ്ട് മൂന്ന് മാർക്കിന് മിന്നു ശ്രേയയെക്കാൾ പിന്നിലായതു എല്ലാവരെയും അത്ഭുദ പെടുത്തി…
ശ്രേയയും അതിശയത്തോടെ ഇരുന്നു.. വെല്ലു വിളിക്കുമ്പോഴും അവളുടെ ഉള്ളിൽ ഭയം ഉണ്ടായിരുന്നു മിന്നു ജയിക്കുമോ എന്ന്…
പക്ഷെ എല്ലാ വിഷയങ്ങൾക്കും തനിക്കു അവളെ മറികടക്കാൻ കഴിയും എന്ന് ശ്രേയ പോലും കരുതിയില്ല… ഒരു വിഷയം മറികടന്നാലും വിജയം എന്ന് കരുതിയാണ് ശ്രേയ ഇരുന്നത്..
ശ്രേയ മിന്നുവിനെക്കാൾ മാർക്ക് വാങ്ങിയതിൽ അവളെക്കാൾ സന്തോഷിച്ചത് ടീച്ചർമാർ ആയിരുന്നു…. ഒടുവിൽ ലാസ്റ്റ് പീരിയഡും കഴിഞ്ഞു.. മാത്സ് ആയിരുന്നു.. ശ്രേയയെ പൊക്കി അടിച്ചു കുട്ടികൾ അവൾക്കൊപ്പം പുറത്തേക്കിറങ്ങി..
ബാഗിൽ ബുക്ക് എടുത്തു വെക്കുകയായിരുന്നു മിന്നുവിന് അരികിലേക്ക് മാത്സ് ടീച്ചർ വന്നു
” നീ എന്തെ ആ ഒരു ചോദ്യത്തിന് മാത്രം ഉത്തരം എഴുതാതിരുന്നേ? ” മിസ്സ് അവളെ നോക്കി ചോദിച്ചു
” അറിയില്ലായിരുന്നു… ”
” എന്റെ മുഖത്തേക്ക് നോക്കടി ” അവൾ കണ്ണുകൾ വെട്ടിച്ചു കൊണ്ടിരുന്നു…
” എനിക്കറിയാം നീ അത് മനപ്പൂർവം ചെയ്തതാണെന്ന്.. ഞാൻ എല്ലാ ടീച്ചർമാരോടും നിന്റെ മാർക്കിനെ പറ്റി ചോദിച്ചു..
എല്ലാ വിഷയത്തിനും നീ ഒരു ചോദ്യം സ്കിപ്പ് ചെയ്തിരുന്നു മിന്നു…. അവളെ ജയിപ്പിക്കാൻ അല്ലേ ? എന്തിനു ? ”
” അവളുടെ വീട്ടിലാണ് അമ്മ ജോലിക്കു നിക്കുന്നത്.. ഓരോ തവണ ഞാൻ മുന്നിൽ വരുമ്പോളും അവർ ശ്രേയയെ അടിക്കുകയും ചീത്ത പറയുകയും ഒക്കെ ചെയ്യും..
അതിനേക്കാൾ ഉപരി എന്റെ അമ്മയെ അവർ കുത്ത് വാക്കുകൾ കൊണ്ടു മൂടും”
” അതിനു നീ തോറ്റു കൊടുത്താൽ ശരിയാവുമോ ? അതിനാണോ അമ്മ ഇതെല്ലം സഹിച്ചു നിന്നെ പഠിയ്ക്കാൻ വിട്ടത്? ”
” അല്ല മിസ്സ് … എനിക്ക് പരാജയത്തെ കൈകാര്യം ചെയ്യാൻ കഴിയും.. എന്റെ അമ്മ അതെന്നെ പഠിപ്പിച്ചിട്ടുണ്ട്..
പിന്നെ ഞാൻ ചോദ്യം വിട്ടെങ്കിലും അതിന്റെ ഉത്തരം എനിക്കറിയാം.. അവസാന പരീക്ഷയിൽ ഉള്ള വിജയം ആണ് എന്റെ ഉപരി പഠനം തീരുമാനിക്കുന്നത്…
ഇപ്പൊ ഞാൻ ഫസ്റ്റ് വന്നാലും ഇല്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോവുന്നില്ല.. പക്ഷെ ശ്രേയ ഇത്തവണയും രണ്ടാമതായാൽ അവളുടെ അമ്മ അവൾക്കു സ്വസ്ഥത കൊടുക്കില്ല…
അതൊരു പക്ഷെ അവളുടെ ഫൈനൽ എക്സാമിനെ തന്നെ ബാധിച്ചേക്കും.. ഇന്നത്തെ വിജയം അവൾക്കു ആത്മവിശ്വാസം കൊടുക്കും… മറ്റുള്ളവരുടെ വിജയവും ആസ്വദിക്കാൻ കഴിയുന്നതും ഒരു വിജയമാണെന്ന അമ്മ പറഞ്ഞിട്ടുള്ളത്..
എന്റെ കഴിവിൽ എനിക്ക് പൂർണ്ണ ബോധ്യമുണ്ട് മിസ്സ്.. പിന്നെ മാർക്കുകൾ അല്ലല്ലോ ജീവിതത്തിന്റെ വിജയം നിശ്ചയിക്കുന്നത്… ക്ലാസ്സുകളിൽ ഉന്നത മാർക് മേടിക്കുന്നവരിൽ 90% ജീവിതത്തിൽ പരാജയമാണ് …
അവർ ജീവിതത്തെ പഠിക്കുന്നില്ല… എന്റെ ലക്ഷ്യങ്ങൾ ഉന്നത മാർക്കും എവിടെയെങ്കിലും രാവിലെയും 9 മുതൽ വൈകിട്ട് അഞ്ചു വരെ കസേരയിൽ ഇരുന്നു കറങ്ങുന്ന ഒരു ജോലിയോ അല്ല..
അവിടെ സമയം കൊടുത്താണ് നമ്മൾ ശമ്പളം വാങ്ങുന്നത്.. അതുകൊണ്ട് ജീവിതത്തിൽ സമ്പാദിക്കുന്നതിനു ഒരു പരിമിതി ഉണ്ട്… എന്റെ സ്വപ്നങ്ങൾ അതിനും അപ്പുറം ആണ് മിസ്സ്.. എനിക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട്..
അവിടെ മറ്റുള്ളവരെ വിജയത്തിലേക്ക് നയിച്ചെങ്കിലേ ഒപ്പം എനിക്കും വിജയിക്കാൻ സാധിക്കു.. ഇന്നത്തോടെ ശ്രേയക്കു എന്നോടുള്ള ദേഷ്യം അവസാനിക്കും.. മറ്റു ടീച്ചേഴ്സിനും…
എനിക്ക് അത് മതി.. ഞാൻ പരിശ്രമിച്ചാൽ എനിക്ക് കിട്ടും.. മറ്റുള്ളവരുടെ മുന്നിൽ എത്താൻ ഞാൻ പരിശ്രമിക്കില്ല.. എന്റെ മത്സരം എന്നോട് തന്നെയാണ് …..
മുപ്പതു വയസ്സിനുള്ളിൽ ഭാരതം കണ്ട ഏറ്റവും മികച്ച സംരഭകരിൽ ഒരാളായി ഞാൻ മാറും മിസ്സ്… എന്റെ സ്വനങ്ങൾ വേറെയാണ്… എന്നോട് സ്നേഹം കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട് മിസ്സ് ”
അവൾ പുറത്തേക്കിറങ്ങി നടന്നു.. മിസ്സ് അവളെ അതിശയത്തോടെ നോക്കി നിന്നു….
സ്കൂൾ ഗേറ്റു കടക്കുമ്പോൾ കാറിൽ ശ്രേയയും മമ്മിയും തന്നെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു പോവുന്നത് അവൾ കണ്ടു.. ശ്രേയ ചില്ലു താഴ്ത്തി അഭിമാനത്തോടെ അവളെ ഒന്ന് നോക്കി
തീർത്തും കളങ്കമില്ലാത്ത ഒരു പുഞ്ചിരി ശ്രേയക്കു നേരെ മിന്നു തൊടുത്തു… ആ ചിരിയിൽ താൻ ഇല്ലാതായ പോലെ ശ്രേയക്കു തോന്നി…. അവൾ വേഗത്തിൽ ചില്ലു കയറ്റി. ചുണ്ടിൽ മായാത്ത പുഞ്ചിരിയോടെ മിന്നു നടന്നു…