രചന: Kannan Saju
” അല്ല മുസ്തഫ പെൺകൊച്ചു ഒളിച്ചോടിപ്പോയെന്റെ ചിലവൊന്നും ഇല്ലേ ??? ”
രണ്ട് ആഴ്ച്ച പുറത്തേക്കിറങ്ങാതെ കഴിച്ചു കൂട്ടിയതാണ്… എത്രനാൾ എന്ന് കരുതി ഇറങ്ങിയതും ആളുകൾ കുത്തുവാക്കുകൾ തുടങ്ങി…
” എന്നാലും ഓന്റെ ഒരു ഭാഗ്യം നോക്കണേ.. പത്തു പൈസ ചിലവില്ലാതെ കാര്യം നടന്നില്ലേ? ”
മറ്റൊരുവൻ പറഞ്ഞു
” ഡാ.. മിണ്ടാതിരിക്കട… ചായ കുടിക്കാൻ വന്നതാണേൽ കുടിച്ചിട്ട് പോവാൻ നോക്ക് ”
കടക്കാരൻ കവർ മുസ്തഫയുടെ കയ്യിൽ കൊടുത്തു കൊണ്ട് കളിയാക്കിയവരോട് പറഞ്ഞു.. അവർ മൗനമായി…
മുസ്തഫ ഇറങ്ങി നടന്നു… അവിടെ മുസ്തഫ കടയിലേക്ക് പോവുന്നതും കണ്ടു തിരിച്ചു വരുന്നതും നോക്കി ജമാൽ നിക്കുന്നുണ്ടായിരുന്നു.
” അന്നോട് അവളെ പഠിക്കാൻ വിട്ടപ്പോ തന്നെ ഞാൻ പറഞ്ഞതല്ലേ മുസ്തു ഒന്നും വേണ്ടന്നു… പെങ്കുട്ട്യോൾക്ക് എന്തിനാ ഇപ്പൊ വിദ്യാഭ്യാസം ?? അന്നേരം ഇയ്യെന്നെ കളിയാക്കി… ഇപ്പൊ എന്തായി… ഒരു അച്ചായൻ ചെറുക്കന്റെ കൂടെ ഒളിച്ചോടി പോയില്ലേ ? ”
മുസ്തഫ മറുപടി പറയാതെ മുന്നോട്ടു നടന്നു…
” ഹാ.. പോവാ ഇയ്യ്.. ? ഇനി ഒരെണ്ണം കൂടി ഒണ്ടല്ലോ.. അയിനെ എങ്കിലും പരുന്തും കാലേ പോവണ്ട നോക്കണേ ”
പിന്നിൽ നിന്നും ജമാൽ വിളിച്ചു പറഞ്ഞു…
വീട്ടിൽ മുസ്തഫ തിരിച്ചു വരുന്നതും കാത്തു ksrtc ഡ്രൈവറും അയൽക്കാരനും ആയ രാജേഷ് ഇരിക്കുന്നുണ്ടായിരുന്നു.
” ഇക്കാ… ഇന്നലെ പാലായിൽ വെച്ചു ബസ്സിൽ ഒരു പോക്കറ്റടി ഉണ്ടായി.. രാത്രി ആയിരുന്നു.. അപ്പൊ വണ്ടി നേരെ സ്റ്റേഷനിലേക്ക് വിട്ടു.. എല്ലാം കഴിഞ്ഞു വണ്ടി സ്റ്റെഷനിന്നു എടുക്കുമ്പോ ഒരു പോലീസ് ജീപ്പ് സ്റ്റേഷനിലേക്ക് കയറി വന്നു… റോഡുകളിൽ രാത്രി വണ്ടിക്കു കൈ കാണിക്കുന്ന വേശ്യ സ്ത്രീകളെ അറസ്റ്റ് ചെയ്തതാണെന്ന് പോലീസുകാർ തമ്മിൽ പറയുന്നേ… ”
രാജേഷ് മൗനം പാലിച്ചു മുസ്തഫയുടെ ഭാര്യയെയും മകളെയും ഒന്ന് നോക്കി
” അതിൽ… അതിൽ നമ്മുടെ മോള് മുനീറയും ഉണ്ടായിരുന്നു ”
മുസ്തഫ അനങ്ങിയില്ല… അങ്ങനെ തന്നെ നിന്നു… റംലയും മുബീനയും കരച്ചില് തുടങ്ങി
” ഇങ്ങനൊരു കേസായത് കൊണ്ടും.. വണ്ടി ഓടി എത്താൻ ഉള്ളത് കൊണ്ടും ഞാൻ കൂടുതൽ ഒന്നും തിരക്കിയില്ല… നിങ്ങള് വരുവണേൽ നമുക്ക് സ്റ്റേഷൻ വരെ ഒന്ന് പോവാം ”
സ്റ്റേഷനിൽ.
ആ സ്ത്രീകൾക്കൊപ്പം ഒരു മൂലയിൽ ഇരിക്കുന്ന മുനീറ.
si ക്കു മുന്നിൽ ഇരിക്കുന്ന രാജേഷും മുസ്തഫയും…
” കണ്ടപ്പോ തന്നെ എനിക്ക് തോന്നി… ഏതോ കുടുംബത്തിൽ പിറന്ന പെങ്കൊച്ചാണെന്നു.. പക്ഷെ അർദ്ധരാത്രി തനിച്ചു റോഡിൽ നിക്കുമ്പോൾ… ഞാനും തെറ്റിദ്ധരിച്ചു.. അതിലുപരി എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിലോ.. സംശയത്തിൽ ആണ് ഞാൻ വണ്ടി നിർത്തിയത്.. ചോദിച്ചിട്ടാണേൽ ഒന്നും പറയുന്നുമില്ല.. അപ്പൊ പിന്നെ ഇങ്ങോട് കൊണ്ടു വരുവല്ലാതെ വേറെ നിവർത്തിയില്ല ”
si യുടെ വാക്കുകൾ കേട്ട മുസ്തഫ മുനീറയെ നോക്കി….
ഒന്നും മിണ്ടാതെ അവൾ താഴേക്കും നോക്കി ഇരിക്കുന്നു….
” ഞാനവളോട് സംസാരിച്ചോട്ടെ ? ”
” ഓ അതിനെന്താ… നിങ്ങൾ സംസാരിക്കു.. ”
അവളെയും കൂട്ടി വരാന്തയിലേക്ക് മാറി നിന്ന മുസ്തഫയും രാജേഷും.
” ഇങ്ങനെ ഒന്നും മിണ്ടാതെ നിക്കാതെ മൂപ്പര് ചോദിക്കണേനു എന്തേലും മറുപടി പറയു മോളേ.. നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഞാൻ പറഞ്ഞപ്പോ തന്നെ മൂപ്പര് ഓടി വന്നേ ”
” എനിക്ക് ഒന്നും ഇല്ല വാപ്പി… ഇങ്ങള് തിരിച്ചു പൊയ്ക്കോ… എന്നേം കൊണ്ടു പോയാൽ ഇപ്പൊ ഉള്ളതിനേക്കാൾ നാണം കേടാവും ”
അവൾ നിറ കണ്ണുകളോടെ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു….
” മോളേ ഞാൻ നിന്റെ വാപ്പിയാണ്…. കാക്കക്കും കഴുകനും കൊടുക്കാതെ നിന്നെ ഇത്രേം നാള് വളർത്തി വലുതാക്കിയേന്റെ ബുദ്ധിമുട്ട് എനിക്കെ അറിയൂ… നിന്നെ കാണാതിരുന്നപ്പോ ഉണ്ടായ വിഷമം എനിക്കെ അറിയൂ… നീ വല്ലതും കഴിച്ചിട്ടുണ്ടാവുമോ ഇല്ലയോ എന്നറിയാതെ തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങാതെ, കിടന്നാൽ ഉറങ്ങാനാവാതെ കഴിഞ്ഞു രണ്ടാഴ്ച്ച വാപ്പി ജീവിച്ചത് എങ്ങനെന്നു വാപ്പിക്കേ അറിയു.. അപ്പോഴൊന്നും ഒരു നാട്ടുകാരും ഇല്ലായിരുന്നു എന്റെ കൂടെ.. അല്ലെങ്കിലും നാട്ടുകാർ എന്ത് പറയും എന്നുള്ളതിനേക്കാൾ എനിക്ക് വലുത് ന്റെ മോളാണ് ”
അവൾ കരഞ്ഞുകൊണ്ട് അയ്യാളെ കെട്ടിപ്പിടിച്ചു..
അവർ si ക്കു മുന്നിൽ ഇരുന്നു
” അവിടെ ചെന്നപ്പോ മുതൽ അവന്റെ സ്വഭാവം മാറി… മുന്നേ കണ്ട ആളെ അല്ല.. ഇനി കോളേജിൽ പോവണ്ടാന്ന് പറഞ്ഞു.. പിന്നെ വീട്ടിലെ എല്ലാ പണിയും ചെയ്യണം… അതിനിടയിൽ അവന്റെ അമ്മയുടെയും പെങ്ങളുടെയും വക ഉപദ്രവങ്ങളും… ഏറ്റവും ഒടുവിൽ എന്നോട് കല്ല്യാണം നടത്തണം എങ്കിൽ അവരുടെ മതത്തിൽ ചേരണം എന്ന് പറഞ്ഞു.. അവൻ മുന്നേ പറഞ്ഞതിനെല്ലാം വിപരീതമായിട്ടാണ് സർ അവിടെ ചെന്നപ്പോ പ്രവർത്തിച്ചത്… എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ആയി… രാത്രികളിൽ ഭക്ഷണം താരാതെ അവരെന്നെ പട്ടിണികിട്ടൂ..
ഒരുപക്ഷെ വീടും വീട്ടുകാരും എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വന്നതുകൊണ്ടും ശാരീരികമായി വഴങ്ങി കൊടുത്തത് കൊണ്ടും ഇനി എങ്ങും പോവില്ലന്നു അവനു തോന്നിക്കാണും.. എന്ത് പറഞ്ഞാലും ചെയ്യുമെന്ന് തോന്നിക്കാണും… ഞാൻ സ്വപ്നം കണ്ട ജീവിതം അതൊന്നും ആയിരുന്നില്ല സർ… അതിനിടയിൽ അയ്യാളുടെ അപ്പച്ചനും…. ”
മുസ്തഫ അവളെ നോക്കി….
രാജേഷ് അവളുടെ തോളിൽ തട്ടി…
” മരിക്കാൻ തോന്നിയില്ല സർ.. അതിനുള്ള ധൈര്യം ഇല്ലായിരുന്നു… ഒരു തോന്നലിനു ആരും കാണാതെ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി പോന്നതാണ് ”
” ഇതിനി ഇപ്പൊ ഒരു പരാതി ഒക്കെ ആയി പോയാൽ ഇവളുടെ ജീവിതത്തെ അത് ബാധിക്കും… ആ നാട്ടിന്നു ഒന്ന് മാറി വേറെ എവിടെങ്കിലും പോയി നല്ലൊരാളെ കൊണ്ടു ഇവളെ കല്യാണവും കഴിപ്പിച്ചു നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്ക്. ”
si മുസ്തഫയോട് പറഞ്ഞു
” പറ്റില്ല സർ.. എനിക്ക് പരാതി ഉണ്ട് ”
രാജേഷും മുനീറായും ഞെട്ടലോടെ അയ്യാളെ നോക്കി
” നിങ്ങൾ ഇതിന്റെ പരിണിത ഫലങ്ങൾ അറിഞ്ഞുകൊണ്ട് തന്നെയാണോ സംസാരിക്കുന്നതു… ? ”
si ഞെട്ടലോടെ ചോദിച്ചു
” അതെ സർ…. അങ്ങനെ ഞാൻ എന്റെ മോളുമായി ഒളിച്ചോടിയാൽ ജീവിത കാലം മുഴുവൻ ഓടിക്കൊണ്ടേ ഇരിക്കണം… അവളുടെ മനസ്സ് മോഹിച്ചു ഒരാൾ വഞ്ചിച്ചിട്ടുണ്ടങ്കിൽ അവനു വേണ്ട ശിക്ഷ വാങ്ങി കൊടുക്കണം… സാറിനു ഇതിൽ നിയമപരമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം.. ഇല്ലെങ്കിൽ ഒരച്ഛനെന്ന നിലയിൽ എനിക്ക് ചെയ്യേണ്ടത് ഞാൻ ചെയ്യും ”
” ഇക്ക പറഞ്ഞതിലും കാര്യം ഉണ്ട് സാറേ… ഇതിപ്പോ നാളെ എന്റെയോ സാറിന്റെയോ പെൺകുട്ടികൾക്കും ഉണ്ടാവാം.. പക്വത കുറവില്ല അവൾ ഒരു തീരുമാനം എടുത്തു.. തെറ്റ് പറ്റി എന്ന് തിരിച്ചറിയുമ്പോ അവരുടെ കൂടെ നിക്കാൻ നമുക്കു കഴിഞ്ഞില്ലെങ്കിൽ പിന്നെ നമ്മളെന്തു മാതാ പിതാക്കളാണ്.. അവളെയും കൊണ്ടു ഒളിച്ചോടുമ്പോൾ അവൾ ചെയ്തത് തെറ്റാണെന്നും അതുകൊണ്ടു കുടുംബം മുഴുവൻ ജീവിതകാലം മുഴുവനും ആ നാണക്കേട് അനുഭവിക്കണം എന്ന് തോന്നലും കുറ്റബോധവും അവളിൽ ഉണ്ടാവും.. അവൾ ചെയ്തത് മാതാപിതാക്കളോട് തെറ്റ് തന്നെ ആണ്.. എന്നിരുന്നാലും മക്കൾ ചെയ്ത തെറ്റ് തിരിച്ചറിയുമ്പോൾ അവരെ ചേർത്തു പിടിക്കാൻ നമ്മൾ ഉണ്ടാവണം.. കളിയാക്കുന്നവരുടെ മുന്നിലൂടെ തന്നെ അവളെ തല ഉയർത്തി നടത്താൻ പഠിപ്പിക്കണം.. പിന്നെ വിവാഹം… കെട്ടിച്ചു വിട്ടു ഭാരം ഒഴിവാക്കുന്ന കാലം ഒക്കെ അവസാനിക്കാറായില്ലേ സാറെ.. അവള് പഠിക്കണം.. സ്വന്തം കാലിൽ നിക്കണം.. അപ്പൊ അവക്കൊരു കൂട്ട് വേണം എന്ന് തോന്നുമ്പോ പോരെ കല്യാണത്തെ പറ്റിയുള്ള ചിന്തകൾ ഒക്കെ.. ഇപ്പൊ ഇതിൽ സാറിന് ഞങ്ങളുടെ കൂടെ നിക്കാൻ പറ്റുമോ ?
രാജേഷിന്റെ ചോദ്യം കേട്ടു si ആലോചിച്ചു
” നാട്ടുകാര് എന്ത് പറയും എന്നതാണല്ലോ എല്ലാവരുടെയും ചിന്താ.. അങ്ങനെ നോക്കുമ്പോ ഈ കേസ്സു ഉള്ളത് നല്ലതാ സാറേ… ഇല്ലേൽ ഞങ്ങടെ കൊച്ചു ആരുടെയെങ്കിലും കൂടെ കറങ്ങി നടന്നു ഒടുവിൽ അവൻ ഉപേക്ഷിച്ചപ്പോ തിരിച്ചു വന്നതെന്നല്ലേ അവരറിയു.. അത് വേണ്ട.. ഇതാവുമ്പോ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചവനെ വേണ്ടാന്ന് പറഞ്ഞു വന്നതാണെന്ന് അന്തസോടെ പറയാം… സാർ അവനെതിരെ വഞ്ചനാ കുറ്റത്തിനോ.. അല്ലെങ്കിൽ അവനെതിരെ എന്തൊക്കെ പേരിൽ കേസ്സെടുക്കാമോ അതൊക്കെ എടുക്കണം.. ”
” ചെയ്യാം രാജേഷേ… തല്ക്കാലം നിങ്ങള് പരാതി എഴുതി തന്നിട്ടു പൊയ്ക്കോ ”
മുനീറയുടെ കൈ പിടിച്ചു മുസ്തഫ രാജേഷിനൊപ്പം വണ്ടിയിൽ കയറി
” അവിടെ ചെല്ലുമ്പോ ഉമ്മ കരയും, അനിയത്തി കരയും, നാട്ടുകാർ പലതും പറയും, കൂട്ടുകാരിൽ ചിലർ മാറ്റി നിർത്തും.. അപ്പോഴെല്ലാം മനസ്സ് വേദനിച്ചേക്കാം.. പക്ഷെ ഒരു കാര്യം ഓർക്കണം.. കഴിഞ്ഞ ഇരുപത്തി രണ്ട് വര്ഷമായി മോളേ മോൾക്ക് അറിയുന്നതിനെക്കാൾ അവർക്കാർക്കും അറിയില്ല… മറ്റുള്ളവർ എന്ത് കരുതുന്നു എന്നുള്ളതല്ല ജീവിതം… നമ്മുടെ ഉള്ളിൽ നമ്മളെ പറ്റി നമുക്കെന്തു തോന്നുന്നു എന്നുള്ളതാണ് ജീവിതം.. ഈ ലോകത്തു വഞ്ചിക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ സ്നേഹത്താലും വിശ്വാസത്താലും മുതലെടുക്ക പെട്ടവരാണ്.. അത് ആണായാലും പെണ്ണായാലും.. പരസ്പരം ഇഷ്ടത്തോടെ ആരംഭിച്ച ഒരു ബന്ധം പിരിയുമ്പോൾ അവിടെ ആണിന് ഒന്നും നഷ്ടപ്പെടാൻ ഇല്ലെങ്കിൽ പെണ്ണിനും ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്നു മോള് തിരിച്ചറിയണം… അങ്ങനെ പെണ്ണിന് മാത്രമായി എന്തെങ്കിലും നഷ്ടപ്പെടാൻ ഉണ്ടെന്ന തോന്നൽ സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്നം മാത്രമാണ്…. ”
മുസ്തഫ അവളുടെ തലയിൽ തലോടി…
” ജീവിതത്തിൽ എത്ര വലിയ വിഷമങ്ങൾ ഉണ്ടായാലും അപ്പൊ വാപ്പി ജീവനോടെ ഇല്ലങ്കിൽ കണ്ണുകൾ അടച്ചു മനസ്സിൽ വാപ്പിയെ ഓർക്കണം… വാപ്പി ഉണ്ടാവും മോൾടെ കൂടെ ”
കണ്ണുകൾ അടച്ചു തന്റെ കാബിനിൽ വാപ്പിയെ ഓർത്തിരുന്ന മുനീറയെ പിന്നിൽ നിന്നും ഡോക്ടർ ഫിറോസ് മുഹമ്മദ് വിളിച്ചു..
അവൾ തിരിഞ്ഞു ഫിറോസിനെ നോക്കി…
” ഞാൻ കുറെ ആലോചിച്ചു.. ഇതിലിപ്പോ തന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലല്ലോ… പിന്നെ ഉണ്മയെ വിളിച്ചു ചോദിച്ചു.. നാളെ ഇതറിയുമ്പോൾ അവർക്കും ഒരു ബുദ്ധിമുട്ട് വേണ്ട.. ഉമ്മ ആണ് പറഞ്ഞെ തന്നോട് സമ്മതം പറയാൻ.. ഈ ആലോചന നമുക്കു ഉറപ്പിക്കാടോ ”
മുനീറയുടെ മുഖത്ത് ഒരു ചിരി വിടർന്നതും.. നഴ്സ് വന്നു
” ഡോക്ടർ.. ആ കൃഷ്ണ പ്രിയ കൗൺസിലിംഗ്നു വന്നിട്ടുണ്ട്… ”
” വരാൻ പറയു ”
മുനീറ മറുപടി പറഞ്ഞു….
” അപ്പൊ ശരി തന്റെ ട്രീറ്റ്മെന്റ് നടക്കട്ടെ… ഫ്രീ ആവുമ്പോൾ വിളിക്ക്.. നമുക്കു സംസാരിക്കാം ”
അവൾ ചിരിച്ചു കൊണ്ടു തലയാട്ടി…
” അന്ന് മനസ്സ് തകർന്നപ്പോ കൂടെ നിക്കാൻ വാപ്പി ഇല്ലായിരുന്നെങ്കിലോ എന്ന ചിന്തയാണ് പിന്നീട് മനഃശാസ്ത്രത്തിലേക്കു തിരിയാൻ തന്നെ പ്രേരിപ്പിച്ചത്… എന്ത് ചെയ്യണം എന്നറിയാതെ വഴിമുട്ടി നിക്കുന്നവർക്കു, തന്നെ പോലൊരു വാപ്പിയെ അനുഗ്രഹമായി കിട്ടാത്തവർക്ക് താൻ താങ്ങായി കൂടെ ഉണ്ടാവണം എന്ന തോന്നൽ… ”
” ജീവിതത്തിൽ നിന്നും മനുഷ്യന് ഒരു ഒളിച്ചോട്ടം ഇല്ല… വരുന്നതെന്തിനെയും മനക്കട്ടികൊണ്ടു നേരിട്ടെ മതിയാവൂ.. അവരെ വിജയിക്കൂ ”
ശുഭദിനം
കണ്ണൻ സാജു ❣️