ഒന്നെങ്കിൽ ഇയ്യാൾക്ക് കേഴടങ്ങി കൊടുത്തു മറ്റുള്ളവരെ പോലെ ഇയ്യാൾ തരുന്നതും വാങ്ങി ജീവിക്കണം. അല്ലെങ്കിൽ ഇയ്യാൾ ഇനി ഒരു പെണ്ണിനേം

രചന: Kannan Saju

” ഇവളൊരു പെൺകുട്ടി അല്ലേ.. ഒന്നും ഇല്ലേലും ഒരു ആൺകൊച്ചിന്റെ മൂക്ക് ഇങ്ങനെ ഇടിച്ചു പൊളിക്കാമോ?? എന്തൊരു അഹങ്കാരം ആണിവൾക്കു ? ”

വൈഗയുടെ കയ്യിൽ നിന്നും ഇടികൊണ്ടു മൂക്കിന്റെ പാലം പൊളിഞ്ഞ ആബേൽ ന്റെ മമ്മി പ്രിൻസിയുടെ റൂമിൽ നിന്നു അലറി…

പ്രിൻസിയും ക്ലാസ് ടീച്ചറും ഒന്നും മിണ്ടാതെ നിന്നു..

” മാഡം, എന്റെ മോള് ചെയ്തത് തെറ്റാണ്… അത് പക്ഷെ ആൺകുട്ടിയെ തല്ലീ എന്നുള്ളതല്ല.. ആണായാലും പെണ്ണായാലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു ”

വൈഗയുടെ അമ്മ ജാനകി ആ സ്ത്രീയോട് പറഞ്ഞു.. ശേഷം അവൾ വൈഗയെ നോക്കി

” ആന്റിയോടും ആബേലിനോടും സോറി പറ ”

വൈഗ മുന്നോട്ടു വന്നു

” സോറി ആന്റി… സോറി ആബേൽ.. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു… എന്നോട് ക്ഷമിക്കണം ”

അഞ്ചാം ക്‌ളാസ്സുകാരിയുടെ നിഷ്കളങ്കതക്കു മുന്നിൽ അവന്റെ മമ്മിയുടെ മനസ്സലിഞ്ഞു..

” മോളെന്തിനാ ഇവനെ തല്ലിയത്… ”

അവർ ചോദിച്ചു

” അവൻ എന്നെ ചീത്ത വിളിച്ചു… ”

” എന്താ മോളേ ഇവൻ വിളിച്ചത് ? ”

അവൾ അമ്മയുടെ നേരെ നോക്കി

പറഞ്ഞോളാൻ അമ്മ തലയാട്ടി…

” തന്തയില്ലാത്തവൾ എന്ന് വിളിച്ചു.. എന്നെ അങ്ങനെ ആരും വിളിക്കുന്നത്‌ എനിക്കിഷ്ടല്ല ”

അവർ ജാനകിയെ നോക്കി

” അവൾക്കു അച്ഛനില്ല.. മരിച്ചു പോയി ”

” എന്താ ആബേൽ അങ്ങനെ പറഞ്ഞത്? നിനക്കെവിടുന്നാ ഈ ബാഡ് വേർഡ്‌സ് ഒക്കെ കിട്ടുന്നത് ?? ”

ജാനകിയുടെ വാക്കുകൾ കേട്ട ആ സ്ത്രീ തന്റെ മകനെ നോക്കി ചോദിച്ചു.

അവൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

” വൈഗ സോറി പറഞ്ഞത് കണ്ടില്ലേ ? അതുപോലെ അവളോട് മോശമായി പറഞ്ഞതിന് നീയും സോറി പറയു ”

അവൻ വൈഗയെ നോക്കി

” സോറി വൈഗ.. സോറി ആന്റി ”

ജാനകി ചിരിച്ചു കൊണ്ടു അവന്റെ കവിളിൽ തലോടി…

ഇരു കൂട്ടരും സമാധാനത്തോടെ പുറത്തേക്കിറങ്ങി

” ഹോ.. പെട്ടന്നു വരാൻ പറഞ്ഞപ്പോ ഞാനും പേടിച്ചു പോയി… നീ എന്തിനാടി ആ ചെറുക്കന്റെ മൂക്കിടിച്ചു പൊളിക്കാൻ പോയത്? അവനു വല്ലോം പറ്റിയിരുന്നെങ്കിലോ ?? ”

” എനിക്ക് ദേഷ്യം വന്നമ്മാ… ”

അവർ കാറിൽ കയറി..

” മോളൂ.. ചില സമയങ്ങളിൽ നമ്മൾ നമ്മളെ തന്നെ നിയന്ത്രിക്കണം… ”

” അപ്പൊ ഒന്നും ചെയ്യരുതായിരുന്നു എന്നാണോ അമ്മ പറയുന്നേ? ”

” അങ്ങനെ അമ്മ പറഞ്ഞോ.. ”

” പിന്നെ? ”

” അമ്മ പറഞ്ഞതെന്നാന്നു വെച്ചാ, മോളിപ്പോ അവനെ ഇടിച്ചതുകൊണ്ടു എന്തെങ്കിലും പ്രയോജനം ഉണ്ടായോ? ”

അവൾ ഒന്നും മിണ്ടിയില്ല

” പറ ”

” ഇല്ല ”

” ഇല്ല, ഇല്ലെന്നു മാത്രമല്ല അവന്റെ അമ്മ എത്ര ദേഷ്യത്തിൽ ആയിരുന്നു… മോള് സോറി പറഞ്ഞപ്പോൾ അല്ലേ ആ ആന്റി സമാധാനപ്പെട്ടതു.. ? ”

” അതെ ”

” ലൈഫിൽ നമ്മൾ എപ്പോഴും ഓർത്തിരിക്കേണ്ട ഒരു കാര്യമാണ് അത്.. നമുക്ക് മിസ്റ്റേക്ക് പറ്റി എന്ന് തോന്നിയാൽ നമ്മൾ സോറി പറയണം.. അതുപോലെ, അവൻ ബാഡ് വേർഡ്‌സ് പറയുമ്പോൾ ആദ്യം തന്നെ അവനെ തല്ലാൻ നിക്കരുത്… അവനും അതുപോലെ തിരിച്ചു തല്ലിയിരുന്നെങ്കിലോ? അല്ലെങ്കിൽ അവനു എന്തെങ്കിലും കാര്യമായ അപകടം പറ്റിയിരുന്നെങ്കിലോ ? ”

അവൾ ഭയത്തോടെ ജാനകിയെ നോക്കി

” അപ്പൊ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഒന്നെങ്കിൽ മോള് ടീച്ചറോട് പറയണം അല്ലെങ്കിൽ അമ്മയോട് പറയണം ”

” അപ്പൊ ആര് എന്ത് ചെയ്താലും മോള് ഒന്നും ചെയ്യണ്ടേ ?? ”

” അങ്ങനല്ല മോളൂ.. ആരെങ്കിലും മോളേ ദേഹത്ത് ഉപദ്രവിക്കുക ആണെങ്കിൽ, അല്ലെങ്കിൽ അമ്മ പറഞ്ഞു തന്നിട്ടുള്ള പ്രൈവറ്റ് ബോഡി പാർട്സുകൾ ഇല്ലേ?? അവിടെ ഒക്കെ തൊടാനോ പിടിക്കാനോ ഒക്കെ ശ്രമിക്കുവാണെങ്കിൽ ഒക്കെ മോള് പറ്റുന്ന അത്രയും ശക്തിയിൽ പ്രതികരിക്കണം.. പക്ഷെ, മോള് ക്ഷമിച്ചാൽ ഒരു കാര്യം അവിടെ അവസാനിക്കും എങ്കിൽ ക്ഷമ കാണിക്കണം. എന്നിട്ടു അതിനെ കുറിച്ച് ഉത്തരവാദിത്വപ്പെട്ട ആരോടെങ്കിലും പരാതി പറഞ്ഞു വേണ്ട നടപടികൾ എടുക്കണം… ”

” ആം… ”

” വൈഗ എന്താ ആലോചിക്കുന്നേ ? ”

കടൽ തീരത്തെ റിസോർട്ടിലെ ഒരു മൂലയിൽ എംഡി ക്കൊപ്പം ഡിന്നർ കഴിക്കാൻ ഇരുന്ന വൈഗ പഴയ കാര്യങ്ങൾ ആലോചിക്കവേ അയ്യാൾ ചോദിച്ചു

” ഒന്നും ഇല്ല സർ ”

” വൈഗക്കു യാത്രകളോടൊന്നും താല്പര്യം ഇല്ലല്ലേ… പക്ഷെ ഈ ട്രിപ്പ്‌ കഴിയുന്നതോടെ അത് മാറും. ഞാൻ മാറ്റി എടുക്കും ”

അയ്യാൾ കാലുകൊണ്ട് വൈഗയുടെ കാലിൽ ഉറുമാൻ തുടങ്ങി….

കുറെ തവണ താൻ ഒഴിഞ്ഞു മാറിയതാണ് ട്രിപ്പിൽ നിന്നും… പുതിയ പെൺകുട്ടികൾ ജോലിക്കു കയറിയാൽ അടുത്ത ബിസിനസ് ട്രിപ്പിൾ അയ്യാൾ അവരെ കൂടെ കൂട്ടും.. വിലപിടിപ്പുള്ള സമ്മാനങ്ങളും മറ്റും നൽകി അവരെ മതിവരുവോളം ആസ്വദിക്കും.

ജോലി പോകുമെന്നു ഉറപ്പായപ്പോ നിഷേധിക്കാൻ കഴിഞ്ഞില്ല.. അമ്മയുടെ ഹോസ്പിറ്റൽ ചെലവ്.. ഫ്ലാറ്റിന്റെ emi, കാറിന്റ emi.. പെട്ടന്ന് ജോലി പോയാൽ അത് ജീവിതത്തെ ബാധിക്കും..

എന്ത് ചെയ്യണം… 😕

അവൾ ചിന്തിച്ചു

അയ്യാൾ പെരുവിരൽ കയറ്റി കയറ്റി കാലിൻന്റെ ഉള്ളം തുടവരെ എത്തി.. ഇനിയും ചിന്തിച്ചു നിക്കാൻ സമയം ഇല്ല.. എന്തെങ്കിലും ചെയ്തെ പറ്റു…

ഈ കുപ്പി എടുത്തു കാമപ്രാന്തന്റെ തല അടിച്ചു പൊളിച്ചാലോ?

അവൾ ചിന്തിച്ചു..

ഒന്നെങ്കിൽ ഇയ്യാൾക്ക് കേഴടങ്ങി കൊടുത്തു മറ്റുള്ളവരെ പോലെ ഇയ്യാൾ തരുന്നതും വാങ്ങി ജീവിക്കണം. അല്ലെങ്കിൽ ഇയ്യാൾ ഇനി ഒരു പെണ്ണിനേം തൊടാത്തതു പോലെ ഈ കുപ്പിക്ക് അവന്റെ…

അവൾ മനസ്സ് ശാന്തമാക്കി…

അയ്യാൾ ഉള്ളം തുടയിൽ നിന്നും വീണ്ടും കാലിന്റെ പേര് വിരൽ ചലിപ്പിക്കും മുന്നേ അവൾ പറഞ്ഞു

” സർ പ്ലീസ് ”

അയ്യാൾ പെട്ടന്ന് കാലു വലിച്ചു

” എങ്കിൽ നമുക്കു റൂമിലേക്ക് പോയാലോ? ”

” സർ.. സർ വിചാരിക്കുന്ന പോലൊരു പെണ്ണല്ല ഞാൻ.. എന്റെ അവസ്ഥയെ സാർ ചൂഷണം ചെയ്യരുത് ”

” അല്ല വൈഗ.. എനിക്കൊരു മോഹം.. ഇതിപ്പോ ആരും അറിയാൻ പോവുന്നില്ലല്ലോ? ”

” ആരെങ്കിലും അറഞ്ഞിട്ടാണോ സർ നമ്മൾ ആത്മാഭിമാനം കാത്തു സൂക്ഷിക്കുന്നത്? നമുക്കു നമ്മളെ അറിയില്ലേ? ”

” ഓഹ്.. കാമോൺ വൈഗ.. ഇന്നൊരു രാത്രിയെടോ… ഈ ഒറ്റ ഒരു രാത്രി… പിന്നെ ഞാൻ തന്നെ ബുദ്ധിമുട്ടിക്കില്ല ”

” സർ… ഇപ്പൊ സാറെന്നെ ചെയ്യാൻ ശ്രമിച്ചാൽ എനിക്ക് സാറിനെ അക്രമിക്കേണ്ടി വരും.. ഈ കുപ്പിക്ക് ഞാൻ സാറിന്റെ തല അടിച്ചു പൊട്ടിക്കും.. നാളെ അത് പുറത്തറിയുമ്പോൾ ഏറ്റവും കൂടുതൽ നാണം കെടാൻ പോവുന്നത് സാറായിരിക്കും.. എന്റെ പണി പോവുമായിരിക്കും.. പക്ഷെ സാറിതുപോലെ കൊണ്ടു വന്നിട്ടുള്ള പെൺകുട്ടികളിൽ ആരെങ്കിലും എനിക്ക് സപ്പോർട്ടുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടും.. അത് വയറലാവും.. അമേരിക്കയിൽ ഉള്ള സാറിന്റെ വൈഫ് അതറിയും.. മക്കളറിയും.. സാറിന്റെ കുടുംബം തന്നെ തകരും . ”

” അയ്യാൾ വാ പൊളിച്ചിരുന്നു ”

” അത് വേണോ സർ… ഇപ്പോ ഇവിടെ നല്ല സുഹൃത്തുക്കൾ ആയി നമ്മൾ എഞ്ജോയ് ചെയ്യുവാണെങ്കിൽ സാറിന് പഴയ പോലെ തന്നെ അടിച്ചു പൊളിച്ച് നടക്കാം.. വരാൻ താല്പര്യം ഉള്ള പെൺകുട്ടികളുമായി ഇവിടെ വരാം… എന്ത് വേണമെന്ന് സാറിന് തീരുമാനിക്കാം.. എന്റെ ശരീരം എനിക്ക് പവിത്രത ഉള്ളതാണ്. മനസ്സ് കൊണ്ടു സ്നേഹിക്കുന്ന പുരുഷന് മാത്രമേ ഞാനതു കൊടുക്കു എന്ന് ഉറച്ചു തീരുമാനിച്ചതാണ്.. സാർ എന്റെ തുടയിൽ വിരലോടിച്ചപ്പോ തന്നെ സാറിന്റെ തല അടിച്ചു പൊളിക്കാൻ എനിക്ക് തോന്നിയതാണ്.. പിന്നെ അതിലും നല്ലത് സാറായിട്ടു പിന്മാറുന്നതാവും എന്ന് എനിക്ക് തോന്നി..

അയ്യാൾ വിയർക്കാൻ തുടങ്ങി

” സർ പേടിക്കണ്ട.. ഞാൻ ആരോടും ഒന്നും പറയാൻ പോവുന്നില്ല.. അല്ലെങ്കിലും എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്, മറ്റുള്ളവരെ കുറിച്ച് നല്ല കാര്യങ്ങൾ മാത്രം പറയുക.. മോശം കാര്യങ്ങൾ ഉള്ളിൽ തന്നെ വെക്കുക.. ”

” വൈഗ.. ആം.. ആം സോറി.. ഇതുവരെ ആരും എന്നോടിങ്ങനെ… ”

” മനസ്സിലായി സർ.. ഇട്സ് ഓക്കേ.. ബട്ട് സാർ തയ്യാറാണെങ്കിൽ നമുക്ക് നല്ല ഫ്രണ്ട്സായി തന്നെ തുടരാം.. എനിക്കതിൽ ബുദ്ധിമുട്ടൊന്നും ഇല്ല ”

” തീർച്ചയായും… ആം സോറി വൈഗ.. ഞാൻ ഞാൻ റൂമിൽ പോയി കിടന്നോട്ടെ ”

” മം.. ”

അയ്യാൾ അസ്വസ്ഥതയോടെ എഴുന്നേറ്റു റൂമിലേക്ക് നടന്നു

വൈഗ ദീര്ഘമായൊന്നു നിശ്വസിച്ചു .

” എന്റമ്മേ.. നിങ്ങളൊരു സംഭവം തന്നാണ്.. ഇല്ലെങ്കിൽ ഇപ്പൊ അവന്റെ തലയും അടിച്ചു പൊളിച്ചേച്ചു ഞാൻ ജെയിലിൽ പോയി കിടക്കേണ്ടി വന്നേനെ… നൊ പറയേണ്ടിടത്തു നൊ പറയാൻ പഠിപ്പിച്ച നിങ്ങളാണമ്മ കിടു.. ഉമ്മാ ”

ഫോണിന്റെ വോൾപേപ്പറിൽ തന്റെ അമ്മയുടെ ഫോട്ടോയിലേക്കും നോക്കി അവൾ സന്തോഷത്തോടെ പറഞ്ഞു…

☺️

കണ്ണൻ സാജു ❣️

Leave a Reply

Your email address will not be published. Required fields are marked *