(രചന: Kannan Saju)
അവന്റെ ചന്തിക്കു അടിച്ചു കൊണ്ടു നിഷ അലറി “പറയടാ.. എവിടുന്നാ ഐസ് ക്രീം മേടിച്ചു തിന്നാൻ നിനക്ക് പൈസ കിട്ടിയത്? ”
സച്ചു വിതുമ്പാൻ തുടങ്ങി…
” മോങ്ങരുത്…. മോങ്ങിയ ഇനിയും വാങ്ങും നീ.. മര്യാദക്ക് പറഞ്ഞോ “.. ആറാം ക്ലാസ്സുകാരൻ വിഷമത്തോടെ അമ്മയെ നോക്കി…
” സത്യായിട്ടും വഴിക്കിടന്നു കിട്ടിയതാ ”
” നീ എന്തിനാ ആ പൈസ എടുത്തേ ? ”
” ആർക്കും വേണ്ടാതെ കിടന്നതാവും എന്ന് തോന്നി ” വിതുമ്പിക്കൊണ്ട് അവൻ പറഞ്ഞു.. നിഷ സ്വയം നിയന്ത്രിച്ചു…
” നോക്കു…. ആ ഇരുപത് രൂപ മാത്രം കയ്യിൽ കരുതി വന്ന ആരുടേ എങ്കിലും ആണെങ്കിലോ? ” സച്ചു ഒന്നും മിണ്ടിയില്ല…
” അവരു തിരിച്ചു വന്നു നോക്കുമ്പോ അത് കാണുവാ? അവർക്കു വീട്ടിൽ പോവാൻ വേറെ പൈസ ഒന്നും ഇല്ലങ്കിലോ ? ” അപ്പോഴും സച്ചു മൗനം പാലിച്ചു…
” എവിടുന്നാ നിനക്കാ പൈസ വീണു കിട്ടിയത്? ”
” ഇങ്ങോട് തിരിയുമ്പോ വളവിൽ ”
നിഷ കയ്യിൽ ഇരുപത് രൂപയും എടുത്തു അവനെയും കൂട്ടി നടന്നു.. അവിടെ ചെല്ലുമ്പോൾ ഒരു വൃദ്ധൻ വടിയും കുത്തി പിടിച്ചു ചുറ്റും നോക്കി അവിടെ നിക്കുന്നുണ്ടായിരുന്നു..
” അപ്പാപ്പൻ എന്താ നോക്കുന്നെ.. ” അവൾ ചോദിച്ചു
” മോളേ എന്റെ ഒരു ഇരുപത് രൂപ ചാടി പോയി… നോക്കിട്ടു കാണുന്നില്ല… ”
” ഇത… ഇവന് കിട്ടിയിരുന്നു.. ഇവൻ അറിയാതെ വീട്ടിലേക്കു കൊണ്ടു വന്നു… അപ്പാപ്പൻ ക്ഷമിക്കണം ”
” അയ്യോ… എന്താ മോളേ ഇത്.. ഒരുപാട് നന്ദി ഉണ്ട്.. കയ്യിൽ ഇതേ ഉണ്ടായിരുന്നുള്ളു… വീട്ടിൽ പോവുന്നെ എങ്ങനെന്നു ആലോചിച്ചു നിക്കുവായിരുന്നു… മോളേ ദൈവം അനുഗ്രഹിക്കട്ടെ.. ”
” കണ്ടോ.. ഇപ്പൊ എങ്ങനുണ്ട്? നമ്മൾ വന്നില്ലായിരുന്നെങ്കിലോ..? വെറുതെ കിട്ടിയാലും എടുക്കരുത് ട്ടോ.. അതിനി എന്തായാലും.. നഷ്ട്ടപ്പെട്ട്ടവൻ തേടി വരും.. ചിലപ്പോ അവനു അത് മാത്രമായിരിക്കും സ്വന്തമായി ഉണ്ടാവുക..
അതിന്റെ വില അവനെ അറിയൂ.. അത് നമുക്ക് മനസ്സിലാവണം എങ്കിൽ നമ്മളും ആ അവസഥ അനുഭവിക്കണം… ” അമ്മ തിരിച്ചു നടക്കും വഴിയിൽ അവനെ തലോടി പറഞ്ഞത് അവൻ ഓർത്തു….
” സച്ചു എന്തായി പൈസയുടെ കാര്യം ? ” ഹോസ്പിറ്റലിൽ ഭിത്തിയിൽ ചാരി ഇരുന്നു പഴയ കാര്യം ഓർമിച്ച സച്ചുവിനോട് ഡോക്ടർ ചോദിച്ചു…
” വരും സർ… ”
” എന്താ താമസം എത്രേം വേഗം ചെയ്യാൻ നോക്കു.. അമ്മക്ക് പ്രായമായതല്ലേ.. വൈകും തോറും റിസ്ക് ആണ് ” ഡോക്ടർ നടന്നകന്നു…
” ഈശ്വരാ.. അമ്മയുടെ ഓപ്പറേഷന് കരുതി വെച്ചിരുന്ന പണം വരുന്ന വഴിയിൽ ബസ്സിൽ നഷ്ടപ്പെട്ടെന്ന് ഞാൻ എങ്ങിനെ ഡോക്ടറോട് പറയും..
തിരഞ്ഞു മടുത്തു.. കുറച്ചു പേരോട് വീണ്ടും കടം ചോദിച്ചിട്ടുണ്ട്… എന്താവുമോ ദൈവമെ ” ചങ്കു തകരുന്ന വേദനയോടെ ഇരിക്കുമ്പോ സ്റ്റേഷനിൽ നിന്നും കോൾ വന്നു
” സച്ചു.. തന്റെ പണം അടങ്ങുന്ന ബാഗ് മാറി എടുത്ത ഒരാൾ സ്റ്റേഷനിൽ അതുമായി വന്നിട്ടുണ്ട്..” സച്ചു അറിയാതെ മുകളിലേക്ക് നോക്കി… ദൈവമേ… നന്ദി.. അവന്റെ കണ്ണുകൾ നിറഞ്ഞു…
” ദൈവം മോളേ അനുഗ്രഹിക്കട്ടെ ” അമ്മയുടെ നല്ല മനസ്സിന് അന്ന് അപ്പാപ്പൻ നന്ദി പറഞ്ഞത് ഓർത്തു കൊണ്ടു സച്ചു സ്റ്റേഷനിലേക്ക് ഓടി…