(രചന: Kishor Kichu)
“കല്യാണം കഴിഞ്ഞ അന്ന് മുതൽ സഹിക്കുന്നതാണ് അമ്മായിയാമ്മയുമായിട്ടുള്ള പ്രശ്നം.. ഇത് വരേയും മറുത്ത് ഒരക്ഷരം പോലും താൻ അവരോടു പറഞ്ഞിട്ടില്ല…
എന്നാലും ഒരു കാര്യവുമില്ലാതെ ചൊറിഞ്ഞു കൊണ്ടേയിരിക്കും… ഇനിയും പറ്റില്ല.. പ്രതികരിച്ചേ മതിയാകൂ…
ഒന്നുകിൽ അവർ നന്നാകും ഇല്ലെങ്കിൽ എന്റെ അവസാനമായിരിക്കും..” സുമ മനസ്സിൽ ചിന്തിച്ചു..
ആദ്യമൊക്കെ സുരേഷേട്ടനും അമ്മ പറയുന്നതായിരുന്നു വേദ വാക്യം… പിന്നെ തങ്ങൾക്ക് രണ്ടു മക്കളുണ്ടായതിനു ശേഷം സുരേഷേട്ടനും മനസിലായി തുടങ്ങി അമ്മ മനഃപൂർവം ഓരോ കാരണങ്ങളുണ്ടാക്കുകയാണെന്ന്…
എത്ര നാള് കൊണ്ട് ഞാൻ സുരേഷേട്ടനോട് പറയുന്നു നമ്മുക്ക് ഇവിടുന്നു മാറി താമസിക്കാമെന്ന്…
ഒരു വർഷം മുന്നേ അമ്മയുമായിട്ടുള്ള പ്രശ്നത്തിൽ തന്റെ വീട്ടിൽ നിന്നും കൊടുത്ത പൈസയും ലോണെടുത്തും സ്വർണവുമെല്ലാം കൊടുത്ത് ഒരു വീട് മേടിച്ചിരുന്നു.. പക്ഷേ ആ വീടിന്റെ പണി പൂർത്തിയായിട്ടുണ്ടായിരുന്നില്ല…
സുരേഷിന്റെ അനിയൻ സുഭാഷ് വിവാഹം ചെയ്തിരിക്കുന്നത് ഒരു ജോലിയുള്ള ആളായത് കൊണ്ടും അവളുടെ വീട്ടിൽ അമ്മ മാത്രമേ ഉള്ളത് കൊണ്ടും സുഭാഷ് ഇവിടെയും അവർ അവിടെ നിന്നുമാണ് ജോലിക്ക് പോകുന്നത്…
ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഇങ്ങോട്ടേക്കു വരുകയുള്ളായിരുന്നു…
അത് കൊണ്ടാണ് ഇപ്പോഴും ആ വീട്ടിൽ തന്നെ ആട്ടും തുപ്പും കൊണ്ട് കഴിയേണ്ടി വരുന്നത്…
ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ ശരിയാകില്ല എന്നൊരു ഉറച്ച തീരുമാനമെടുത്ത് സുമ മനസ്സിൽ എന്തൊക്കെയോ കരുതിക്കൂട്ടി അവളുടെ ജോലികളിലേക്ക് തിരിഞ്ഞു…
പതിവ് പോലെ ഒരു ദിവസം അവൾ അടുക്കളയിൽ അവൾ അവളുടെ കലാപരിപാടികളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് മുറ്റത്തു നിന്നും “അയ്യോ ആരെങ്കിലുമൊന്നു ഓടി വരണേ ” എന്നുള്ള ശബ്ദം അവൾ കേട്ടത്..
അവൾ ഓടി ചെന്ന് നോക്കുമ്പോൾ അമ്മ മുറ്റത്ത് വീണു കിടക്കുന്നു… അവൾ അമ്മയെ പിടിച്ചെണീപ്പിച്ച് അകത്തേക്ക് കൊണ്ട് പോയപ്പോൾ അമ്മക്ക് ഒരടി നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
“മോളേ എനിക്ക് നടക്കാൻ പറ്റുന്നില്ല എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകാമോ ”
അവർ അവളോട് ചോദിച്ചു… അവൾ അപ്പോൾ തന്നെ സുരേഷിനെ വിളിച്ചു പറഞ്ഞിട്ട് അമ്മയെ അടുത്തുള്ള ഒരു വണ്ടിയും വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയി..
“ഒരു സ്കാനിംഗ് ഉണ്ട്… നടു ഇടിച്ചു വീണത്കൊണ്ട് ഡിസ്കിന് പ്രശ്നമുണ്ടെന്ന് തോന്നുന്നു… ഇത്രയും പ്രായമായതല്ലേ… അങ്ങനെ എന്തേലും കുഴപ്പമുണ്ടേൽ അമ്മക്കിനി എണീറ്റു നടക്കാൻ ബുദ്ധിമുട്ടായിരിക്കും…”
ഡോക്ടർ അമ്മയെ പരിശോധിച്ചതിനു ശേഷം സുമയോട് പറഞ്ഞു.
അത് കേട്ടതും നേരത്തെ അമ്മയോട് അറിയാതെ മനസ്സിൽ തോന്നിയ ദേഷ്യത്തിന് അവൾക്ക് കുറ്റബോധം തോന്നി… അത് അവളെ വല്ലാതെ വിഷമിപ്പിച്ചു….
മനസ്സിൽ അവരോടു ഒരായിരം വട്ടം മാപ്പ് പറഞ്ഞതിന് ശേഷം അവൾ അപ്പോൾ തന്നെ സുരേഷിനേയും സുഭാഷിന്റെ ചേച്ചിയായ സുഭദ്രയേയും വിളിച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അറിയിച്ചു…
“എനിക്കിപ്പോൾ വരാൻ കഴിയില്ല സുമേ നാളെ രാജേട്ടനോടൊപ്പം ഒരു യാത്രയുണ്ട്.. അത് ഒഴിവാക്കാൻ പറ്റില്ല..” ചേച്ചി അവളോട് പറഞ്ഞൊഴിഞ്ഞു…
“കുഴപ്പമില്ല ചേച്ചി.. ചേച്ചിയ്ക്ക് അമ്മയേക്കാൾ വലുത് യാത്ര ആണെങ്കിൽ അത് നടക്കട്ടെ…എന്റെ അമ്മയെ നോക്കാൻ എനിക്കറിയാം” എന്ന് പറഞ്ഞിട്ട് സുമ ഫോൺ കട്ട് ചെയ്തു…. അപ്പോഴേക്കും സുരേഷും അവിടെ എത്തിയിരുന്നു…
മൂന്നാലു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അവർ തിരികെ വീട്ടിൽ വന്നു… വീട്ടിലെത്തി സുമ അവരെ കുളിപ്പിച്ച് തുണിയൊക്കെ മാറ്റിക്കൊടുക്കുന്ന സമയം…
“ഞാനിങ്ങനെ കിടക്കുന്നത് കാണുമ്പോൾ നിനക്ക് സന്തോഷം തോന്നുന്നുണ്ടാകും അല്ലേ… ”
അമ്മ അവളോട് ചോദിച്ചു. അത് കേട്ടതും സുമ ഞെട്ടിപോയി. ദേഷ്യത്തിൽ മനസ്സിൽ പലതും ചിന്തിക്കുമെങ്കിലും ഒരിക്കൽ പോലും അമ്മയ്ക്ക് എന്തെങ്കിലും പറ്റണമെന്ന് അവൾ ചിന്തിച്ചിട്ട്കൂടി ഉണ്ടായിരുന്നില്ല.
“അയ്യോ അമ്മേ…അമ്മ എന്തൊക്കെയാ ഈ പറയുന്നത് ഞാനങ്ങനെ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല അമ്മയെന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്….”
“നീ എന്നെ പ്രാകിയിട്ടാണ് താൻ വീണതെന്നു എനിക്കറിയാം.. ഞാനിങ്ങനെ കിടക്കുന്നത് കണ്ട് നീ കൂടുതൽ സന്തോഷിക്കേണ്ട… എന്റെ മോളിങ്ങു വന്നോട്ടെ നിന്നെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട് ” എന്നും പറഞ്ഞവർ കണ്ണുമടച്ചു കിടന്നു..
അമ്മ കിടപ്പിലായതിനു ശേഷം സുഭാഷിന്റെ ഭാര്യ ഇത് വരേയും ഇങ്ങോട്ടേക്കു വന്നിട്ടില്ല… ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്ക് വരുന്ന അവർക്ക് വയ്യാതെ കിടക്കുന്ന അമ്മയെ കൂടി നോക്കാൻ വയ്യത്രേ…
എന്തായാലും അവർ എന്തൊക്കെ പറഞ്ഞാലും തന്റെ അമ്മയെ പോലെ തന്നെയാണ് സുരേഷേട്ടന്റെ അമ്മയും തനിക്കെന്നു സുമ ചിന്തിച്ചു…
അവൾ ഒരു കുറവും വരുത്താതെ അവരുടെ കൂടെ തന്നെയിരുന്നു അവരുടെ കാര്യങ്ങൾ നല്ല ഭംഗിയായി തന്നെ നോക്കി..
അതിനിടയിലും അമ്മ അവൾ കൊണ്ട് കൊടുക്കുന്ന ആഹാരങ്ങൾ തട്ടിയെറിയുകയും മരുന്ന് കുപ്പികൾ എറിഞ്ഞുടക്കുകയും എന്ന് വേണ്ട അവളെ എങ്ങനെയൊക്കെ ദ്രോഹിക്കാമോ അങ്ങനെയൊക്കെ അവളെ കഷ്ടപ്പെടുത്തിയിരുന്നു….
എങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും അവൾ അവരെ നന്നായിട്ട് തന്നെ നോക്കി.
“എന്തിനാ നീയിങ്ങനെ എല്ലാം സഹിക്കുന്നത്… നീ ഇത്രയും ചെയ്തിട്ടും അമ്മയുടെ സ്വഭാവം കണ്ടില്ലേ… മതി.. നമ്മുക്ക് അമ്മയെ നോക്കാനായി ഒരാളെ ഇവിടെ നിർത്താം..” സുരേഷ് പലപ്പോഴും അവളോട് പറഞ്ഞു.
” അതൊന്നും വേണ്ട ഏട്ടാ അമ്മയുടെ വിഷമം കൊണ്ട് ചെയ്യുന്നതായിരിക്കും ഇതെല്ലാം… വയ്യാതെ കിടക്കുന്നവർക്ക് ഉള്ളിൽ അസ്വസ്ഥത ഉണ്ടാകുക സ്വാഭാവികം ആണ്..
അതാണ് ദേഷ്യമായി പുറത്തു വരുന്നത്… അപ്പോൾ അവരോട് നമ്മൾക്ക് അതേ രീതിയിൽ ദേഷ്യം തോന്നാൻ പാടില്ല”
സുമ രാജീവനെ തിരുത്തി. എന്നാൽ ദിവസങ്ങൾ മുന്നോട്ടു പോകും തോറും സുമയോടുള്ള അമ്മയുടെ ദേഷ്യം കൂടി വരുന്നതല്ലാതെ അവരുടെ സ്വഭാവത്തിന് യാതൊരു വിധ മാറ്റവും ഉണ്ടായില്ല…
അങ്ങനെയിരിക്കെ ഒരു ദിവസം സുഭദ്ര അമ്മയെ കാണാൻ വന്നു. അവളേ കണ്ടതും അമ്മ ” എന്നെയിവിടെ സുമ കഷ്ടപ്പെടുത്തുകയാണെന്നും കഴിക്കാനോ കുടിക്കാനോ പോലും ഒന്നും തരില്ലെന്നും “അവർ അവളോട് കള്ളം പറഞ്ഞു..
” നീയിങ്ങനെയാണോടി എന്റെ അമ്മയെ നോക്കുന്നത്…എന്റെ അമ്മയെ കൊ ല്ലാനുള്ള ശ്രമമാണോ?? ” അപ്പോൾ തന്നെ സുഭദ്ര സുമയെ വിളിച്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചു…
“ചേച്ചിയെന്താ ഈ പറയുന്നത്… ഞാൻ എന്റെ സ്വന്തം അമ്മയെ പോലെയാണ് അമ്മയെ നോക്കുന്നതും കാണുന്നതും…” അവൾക്ക് സുഭദ്രയുടെ സംസാരം കേട്ട് വിഷമം വന്നു കണ്ണ് നിറഞ്ഞു പറഞ്ഞു
“നിന്റെ പൂങ്കണ്ണീരൊന്നും ഇവിടെയാർക്കും കാണണ്ട എവിടെയാടി എന്റെ അനിയൻ പെങ്കോന്തൻ… അവനാണ് നിനക്ക് എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്നത്..” സുഭദ്ര ഉറഞ്ഞു തുള്ളി.
“എന്താ ചേച്ചി ഇവിടെ പ്രശ്നം “എന്ന് ചോതിച്ച് കൊണ്ട് സുരേഷ് അപ്പോഴേക്കും അവിടേക്കു വന്നു.
“നീയും നിന്റെ ഭാര്യയും കൂടി എൻറെ അമ്മയെ കൊ ല്ലാൻ വല്ല പ്ലാനുമുണ്ടോ..” സുഭദ്ര അമ്മയിൽ നിന്ന് കേട്ട കാര്യങ്ങൾ അവനോട് ചോദിച്ചു.
“ചേച്ചി ഇതെന്തൊക്കെയാണ് പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ…. അമ്മയെ നോക്കുന്നതിന്റെ കണക്ക് പറയുകയാണെന്ന് കരുതരുത്,, അമ്മക്ക് വയ്യ എന്ന് ചേച്ചിയ്യോട് സുമ വിളിച്ച് പറഞ്ഞപ്പോൾ ചേച്ചി എന്തായിരുന്നു പറഞ്ഞത്…
നിങ്ങൾക്ക് എവിടെയോ കറങ്ങാൻ പോകണമെന്നല്ലേ..ആ നിങ്ങൾ ഇവിടെ വന്ന് അമ്മ പറയുന്നത് സത്യമാണോ എന്ന് പോലും അന്വേഷിക്കാതെ അവളെ കുറ്റപ്പെടുത്താൻ എന്താണ് അവകാശം?? ” സുരേഷ് എല്ലാം കേട്ട ശേഷം ചോദിച്ചു
” കണ്ടോടി മോളേ അവനിപ്പോൾ നൊന്ത് പ്രസവിച്ച ഞാനും കൂടെ പിറന്ന നീയുമൊന്നുമല്ല വലുത് എവിടെയോ കിടന്ന ഒരുത്തിയാണ് അവനിപ്പോൾ എല്ലാം…” അമ്മ ഇടപെട്ടു
“അമ്മയെന്താ അമ്മേ ഇങ്ങനെയൊക്കെ പറയുന്നേ.. അമ്മക്ക് വയ്യാതിരുന്നിട്ടും അമ്മ ഇത്രയൊക്കെ അവളെ ദ്രോഹിച്ചിട്ടും അവൾ തന്നെയല്ലേ അമ്മയുടെ എല്ലാ കാര്യങ്ങളും ഒരു കുറവും വരുത്താതെ നോക്കിയിരുന്നത്…
അല്ലാതെ അമ്മക്ക് വയ്യെന്ന് പറഞ്ഞിട്ടും കറങ്ങാൻ പോയ ചേച്ചിയല്ലല്ലോ അമ്മയെ ഇത്രയും നാള് നോക്കിയിരുന്നത്.. പലപ്പോഴും ഞാൻ നിങ്ങൾ പറയുന്നത് വിശ്വസിച്ചു സുമയെ അവളെ ഒരുപാട് കുറ്റപ്പെടുത്തിയിട്ടുണ്ട്..
അപ്പോഴൊന്നും ഞാൻ മനസിലാക്കിയില്ല അവളുടെ ഭാഗത്താണ് ശരിയെന്ന്… പക്ഷെ ഇപ്പോൾ എനിക്ക് മനസിലാവുന്നുണ്ട്… സുമ ആയിരുന്നു ശെരി എന്നുള്ളത്.. ഇനിയും ഇത് മുന്നോട്ടു പോകാൻ കഴിയില്ല…
“ഈ കിടക്കുന്ന അമ്മ എന്റെ മാത്രമല്ല ചേച്ചിക്കും സുഭാഷിനും ഒരുപോലെയുള്ള ഉത്തരവാദിത്തങ്ങളുണ്ട് അമ്മയുടെ കാര്യത്തിൽ…
നിങ്ങൾക്ക് അതിന് കഴിഞ്ഞില്ലേൽ എനിക്കറിയാം എന്റെ അമ്മയെ നോക്കാൻ..
എന്റെ ഭാര്യ അമ്മയുടെ കാര്യത്തിൽ ഒരു കുറവും വരുത്തുകയില്ലെന്നും എനിക്ക് നന്നായിട്ടറിയാം.. അപ്പോൾ ഇങ്ങനെ ഇല്ലാത്ത കാര്യം പറഞ്ഞു അടിയുണ്ടാക്കാനായി ഈ വീട്ടിലേക്ക് മേലാൽ വന്നേക്കരുത് കേട്ടല്ലോ… ”
സുരേഷ് ഒരു താക്കീത് പോലെ പറഞ്ഞു. അത് കേട്ടതും സുമ അമ്പരന്നു. ആദ്യമായിട്ടാണ് സുരേഷേട്ടൻ തനിക്കു വേണ്ടി ഇങ്ങനെ സംസാരിക്കുന്നത് എന്നോർത്തു അവളുടെ മനസ്സിൽ ആശ്വാസത്തിന്റെ കുളിർ മഴ പെയ്യുകയായിരുന്നു…
ഇതിനെല്ലാംകാരണക്കാരി സുമയാണല്ലോ എന്നോർത്ത് അവളോട് രണ്ടാൾക്കും തീർത്താൽ തീരാത്ത പകയായി… എങ്ങനെയും അവളെ പുകച്ചു പുറത്തു ചാടിക്കണമെന്നായി അവരുടെ ഉള്ളിൽ.
അതിനുള്ള ഒരു അവസരത്തിനായി അവർ കാത്തു നിന്നു… എന്നും അമ്മയെ മോൾ വിളിച്ചു വിഷം കുത്തി നിറച്ചു കൊണ്ടേയിരുന്നു…
പക്ഷേ എന്തൊക്കെ ചെയ്താലും പറഞ്ഞാലും സുമക്ക് അവരോടു ഒരു വിരോധവും തോന്നിയിരുന്നില്ല… വയസായവരല്ലേ,, ഒരിക്കൽ അവർക്ക് അവരുടെ തെറ്റുകളെല്ലാം മനസിലാകുമെന്ന് അവൾ വിശ്വസിച്ചു പോന്നു…
അങ്ങനെ ഒരു ദിവസം അമ്മ സുഭദ്രയെ വിളിച്ച് പറഞ്ഞു ” എന്റെ മാല കാണാനില്ല എന്ന്.. അത് സുമയായിരിക്കും എടുത്തതെന്നും” കൂടി കേട്ടത്തോടെ അപ്പോൾ തന്നെ സുഭദ്ര ഓടി അവിടെയെത്തി… അവൾ വന്നയുടനെ തന്നെ സുമയെ വിളിച്ചു..
സുമ അപ്പോൾ അടുക്കളയിൽ വൈകുംനേരത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കികൊണ്ടിരിക്കുവായിരുന്നു…
“ആഹ് ചേച്ചി എപ്പോൾ വന്നു ഞാൻ ആഹാരം ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു…” അവൾ പറഞ്ഞു
“നീ ഇപ്പോൾ മോഷണവും തുടങ്ങിയോ..” സുഭദ്ര ദേഷ്യത്തോടെ ചോദിച്ചതും അത് കേട്ടു സുമ ഞെട്ടിപ്പോയി..
“ചേച്ചി എന്തൊക്കെയാണീ പറയുന്നത്… എനിക്കൊന്നും മനസിലാവുന്നില്ല…” അവൾ പറഞ്ഞു.
അമ്മയുടെ സ്വർണമാല നീയല്ലേ എടുത്തതെന്നും ആ മാല മര്യാദക്ക് തിരിച്ച് തന്നേരെ എന്നും കൂടി പറഞ്ഞപ്പോൾ അവൾ നിയന്ത്രണം വിട്ടു കരഞ്ഞു പോയി…
“ഞാനങ്ങനെ ചെയ്യുമോ ചേച്ചി എനിക്കെന്തിനാ അമ്മയുടെ മാല ” എന്നും കരഞ്ഞു കൊണ്ട് അവരോട് ചോദിച്ചു…
“നിന്റെ പൂങ്കണ്ണീര് കാണാൻ ഇവിടെ ആരുമില്ല,,, എടുത്ത സാധനം തിരികെ തന്നില്ലെങ്കിൽ പോലീസിൽ അറിയിക്കുമെന്ന്” സുഭദ്ര സുമയോട് പറഞ്ഞു… അവൾ ഓടിപ്പോയി സുരേഷിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു…
“നീ നമ്മുടെ മുറിയിലൊക്കെ ഒന്ന് നോക്കിക്കോ അവിടെയെങ്ങാനുമുണ്ടെൽ അതിൽ തൊടരുത് ഞാൻ ഉടനെ എത്താമെന്നും സുരേഷ്അവളോട് പറഞ്ഞു.. അവൾ അവിടെയെല്ലാം നോക്കി… പക്ഷെ മാല കിട്ടിയില്ല.
“ഇത് നമ്മുക്ക് പോലീസിൽ അറിയിക്കണം അല്ലെങ്കിൽ ഞാൻ കള്ളിയാകും..” സുരേഷ് വന്നപ്പോൾ അവൾ അവനോടായി നിർബന്ധം പിടിച്ചു…
അങ്ങനെ അവർ പോലീസ് സ്റ്റേഷനിൽ ചെന്ന് മാല മോഷണം പോയി എന്ന് പരാതി കൊടുത്തു… അപ്പോൾ തന്നെ SI യും കൂട്ടരും അവരുടെ കൂടെ വീട്ടിലേക്ക് വന്നു… പോലീസുകാർ അമ്മ കിടക്കുന്നിടത്തേക്ക് വന്ന് അവരോടു കാര്യങ്ങൾ അന്വേഷിച്ചു..
അവർ പോലീസുകാരോടായി ‘സുമയാണ് എന്റെ മാല എടുത്തത് എന്നാണ് എന്റെ സംശയമെന്ന് ‘ പറഞ്ഞു… പോലീസ് എല്ലാവരേയും വിശദമായി ചോദ്യം ചെയ്തപ്പോൾ സുഭദ്രയുടെ സംസാരത്തിലും പെരുമാറ്റത്തിലും അവർക്ക് സംശയമുണ്ടായി…
പോലീസുകാർ നല്ല രീതിയിൽ സുഭദ്രയോട് ദേഷ്യപ്പെട്ടു കാര്യങ്ങൾ ചോദിച്ചപ്പോൾ ” മാല അമ്മയെടുത്തു മാറ്റി വച്ചേക്കുകയാണെന്നും സുമയെ അവിടെ നിന്നൊഴിവാക്കാൻ ചെയ്തതാണെന്നും “പറയേണ്ടി വന്നു…
SI അവരെ ദേഷ്യത്തിൽ ഒന്ന് നോക്കിയപ്പോൾ അവർ SI യോടായി പറഞ്ഞു “ഇവൾ എന്നെ കുളിപ്പിക്കുമ്പോൾ എന്നെ കയറി പിടിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന്..”
അത് കൂടി കേട്ടപ്പോൾ സുമക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല… അവർ പറയുന്നത് കള്ളമാണെന്ന് മനസിലാക്കിയ SI അവരെ നല്ല പോലെ ഒന്ന് കൂടി വിരട്ടിയപ്പോൾ അവർ എല്ലാ കുറ്റവും സമ്മതിച്ചു…
അതിന് ശേഷം സുമയും സുരേഷും അന്ന് വരെയുണ്ടായ എല്ലാ കാര്യങ്ങളും പോലീസുകാരോട് പറഞ്ഞു.
അവർക്കെതിരെ കേസ് എടുക്കണമെങ്കിൽ എടുക്കാമെന്നും പരാതിയുണ്ടേൽ എഴുതി തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ സുമ എതിർത്തു.
“ഇല്ല സാറേ എനിക്കൊരു പരാതിയുമില്ല… അവനോൻ ചെയ്യുന്നതിന്റെ പാപം അവർ അനുഭവിക്കുമെന്നും എണീറ്റു പോലും നടക്കാൻ പറ്റാത്തവരോട് ഒരു തരത്തിലുമുള്ള ദേഷ്യവും മനസിലില്ലെന്നും ”
അവൾ അവരോടു പറഞ്ഞു…. പോലീസുകാർ സുരേഷിന്റെ അമ്മയേയും പെങ്ങളെയും നന്നായിട്ട് ഒന്ന് വിരട്ടിയിട്ട് സ്റ്റേഷനിൽ കൊടുത്തിരിക്കുന്ന പരാതി പിൻവലിക്കാനും സുരേഷിനോട് പറഞ്ഞിട്ട് അവർ തിരികെ പോയി…
” ഈ ചെയ്തു കൂട്ടുന്നതിനെല്ലാം അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്നും പോകാൻ കഴിയില്ലെന്നോർമ വേണം.. അതിന്റെ ഉദാഹരണമാണ് നിങ്ങളിപ്പോൾ ഇങ്ങനെ കടിടക്കേണ്ടി വന്നത്…
എന്നെ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഞാൻ നിങ്ങളെ എന്റെ സ്വന്തം അമ്മയായിട്ടാണ് കണ്ടിരുന്നത്… എന്നിട്ടും ഇപ്പോൾ നിങ്ങളെന്നോട് കാണിച്ചത് ഒരിക്കലും എനിക്ക് മറക്കാൻ കഴിയാത്ത ഒരു കാര്യമാണ്…
അത് കൊണ്ട് ഞാനും സുരേഷേട്ടനും ഇവിടുന്നു മാറി താമസിക്കുകയാണ്… ഇനിയുള്ള അമ്മയുടെ ജീവിതം അത് മകളുടെ കൂടെയോ ഇളയ മകന്റെ കൂടെയോ ഇവിടെ കഴിയാം..”
പോലീസുകാർ പോയതിനു ശേഷം സുമ അമ്മയോടായി പറഞ്ഞു. പിന്നെ അവൾ തിരിഞ്ഞു സുഭദ്രയോടായി പറഞ്ഞു.
“ഇത് പോലെയൊരവസ്ഥ നിങ്ങൾക്കുണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം…” ശേഷം സുരേഷും സുമയും വീട്ടിൽ നിന്നും താമസം മാറി.
രണ്ടു ദിവസം സുഭദ്ര അവിടെ നിന്ന് അമ്മയുടെ കാര്യങ്ങൾ നോക്കി… അവർക്ക് അമ്മ ഭാരമാകുമെന്ന് മനസിലായപ്പോൾ സുഭദ്ര കുട്ടികളുടെയും ഭർത്താവിന്റെയും കാര്യം പറഞ്ഞ് അവിടെ നിന്നും അവരുടെ വീട്ടിലേക്ക് തിരികെ പോയി….
സുഭാഷിന്റെ ഭാര്യയും പറഞ്ഞു അവൾക്ക് അമ്മയെ നോക്കാൻ കഴിയില്ലെന്ന്… ആ സമയമൊന്നും സുമ അവരുടെ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല..അവൾക്ക് മനസിനേറ്റ മുറിവുകൾ അത്ര വലുതായിരുന്നു.
അതോടെ അമ്മക്ക് മനസിലായി തുടങ്ങി താൻ ചെയ്തത് തെറ്റാണെന്നും അങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ലെന്നും… സുമയോട് താൻ കാണിച്ചത് എത്ര വലിയ തെറ്റാണെന്ന് അവർ ഒറ്റയ്ക്ക് വയ്യാതെ കിടക്കുമ്പോൾ ആലോചിച്ചു.
സ്വന്തം മകനും മകളും നിസ്സാര കാരണങ്ങൾ പറഞ്ഞു തന്നെ കൈ ഒഴിഞ്ഞിരിക്കുന്നു.. എന്നാൽ എത്ര വേദനിപ്പിച്ചിട്ടും സുമ ഒരു മടിയുമില്ലാതെ തന്റെ കാര്യങ്ങൾ നോക്കിയിരുന്നു..
അവർക്ക് കുറ്റബോധം തോന്നി. ആദ്യമൊക്കെ അവർ സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാൻ ശ്രമിച്ചു.. അത് നടക്കില്ലെന്നുറപ്പായപ്പോൾ അവർ പതിയെ സുമയെ വിളിച്ച് അവളോട് ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചു….
“ഒന്ന് വീണു പോയാൽ തീരാവുന്നതേയുള്ളൂ എല്ലാവരുടേയും അഹങ്കാരം… ഇനിയുള്ള കാലമെങ്കിലും നല്ല മനസോടേയും നല്ല പ്രവർത്തികളിലൂടേയും ജീവിക്കാൻ നോക്ക്… അങ്ങനെയുണ്ടെങ്കിൽ ഞാനെന്നും അമ്മയുടെ കൂടെ ഉണ്ടാകും…
സുമ പറഞ്ഞു. അത് കേൾക്കുമ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…
ഒരുപക്ഷെ ചെയ്ത തെറ്റുകളുടെ പ്രായശ്ചിത്തമാകാം ആ കണ്ണുകളിൽ കാണുന്നതെന്നും ഇനിയെങ്കിലും അവർ നല്ലൊരു മനസിനുടമയായി ജീവിക്കുമെന്നും നമ്മുക്ക് പ്രതീക്ഷിക്കാം…
ഈ കഥ വായിക്കുമ്പോൾ ചിലർക്കെങ്കിലും അവരുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാം… ഞാൻ പൊതുവെ കണ്ടിട്ടുള്ള കഥകളിൽ ഒരു ഇൻസിഡന്റ് ഉണ്ടാകുമ്പോഴേക്കും അവർ നന്നാകുന്നതാണ് …
എന്നാൽ അങ്ങനെയൊക്കെ ചുരുക്കം ചില ആൾക്കാർ ഇനി ചത്താലും അവരുടെ ക്യാരക്ടർ മാറ്റില്ലെന്ന ശപഥവുമായി ജീവിക്കുന്നവരും നമ്മുക്കിടയിൽ തന്നെയുണ്ട്…
അങ്ങനെ എനിക്കറിയാവുന്ന ഒരു അമ്മയുടെ കഥ ഞാൻ എന്റേതായ ഭാവനയിലൂടെ ഒന്ന് എഴുതി നോക്കിയതാണ്… ഇത് എത്രത്തോളം സക്സസ് ആകുമെന്ന് എനിക്കറിയില്ല…
എന്തായാലും എല്ലാവരും സത്യ സന്ധമായ നിങ്ങളുടെ അഭിപ്രായം പറയുക… നിങ്ങൾ തരുന്ന പ്രോത്സാഹനമാണ് ഇനിയൊരു കഥ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്…. നന്ദി…