ഞാൻ ആഗ്രഹിച്ച സമയത്ത് ഏട്ടൻ പോലും എന്നെ മനസ്സിലാക്കിയില്ല… അവിടെ ഒരാശ്വാസം പോലെ ആയിരുന്നു അയാൾ… ആ ബന്ധം തെറ്റാണെന്നു ഇപ്പോഴും ഞാൻ കരുതുന്നില്ല…

(രചന: കൃഷ്ണ)

“പോവുന്നില്ലേ അജി? അവസാനമായി ഒന്ന് പൊയ്ക്കൂടേ???”””

അമ്മ അങ്ങനെ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ എണീറ്റ് നടന്നു അജിത്….. എന്താ വേണ്ടതെന്നു അറിയാതെ ഉള്ളിൽ ഒരു പിടിവലി നടക്കുന്നുണ്ടായിരുന്നു….

മുറിയിലേക്ക് നടന്നു… ഇപ്പോഴും അവളുടെ മണം തങ്ങി നിൽക്കുന്നത് പോലെ… അവൾ ഉപയോഗിച്ചിരുന്ന ഡോ വ് ക്രീം ഒന്നെടുത്തു മൂക്കിൽ അടുപ്പിച്ചു….

ഓർമ്മകൾ പുറകിലേക്ക് കുതിച്ചു… അന്ന് പെണ്ണ് കാണാൻ ചെന്നപ്പോ പാവാടയും ബ്ലൗസും ഇട്ടൊരു അസ്സൽ നാടൻ കുട്ടി… പേര് ചോദിച്ചപ്പോൾ അവൾക്ക് വെപ്രാളം ആയിരുന്നു..

എന്തോ അത് കണ്ടതും ചിരി വന്ന് പോയി… കൃഷിയും കാര്യങ്ങളുമായി ജീവിക്കുന്ന ഒരു സാദാ കർഷക കുടുംബത്തിലെ ഒരു പാവം പെണ്ണ്…

ഒരു ബാങ്ക് ഉദ്യോഗസ്ഥനെ അതുകൊണ്ട് തന്നെ അവർക്ക് സ്വീകാര്യമായിരുന്നു….

എനിക്കിഷ്ടായി എന്ന് പറഞ്ഞു ഇറങ്ങിയപ്പോൾ തന്നെ നിശ്ചയം നാള് നോക്കി തീർച്ചയാക്കാം എന്ന് പറഞ്ഞു അവളുടെ അച്ഛൻ…

ഒന്ന് ചിരിച്ച് സമ്മതമറിയിച്ചപ്പോൾ കണ്ണുകൾ ജനലോരം ഒളിഞ്ഞു നിന്നു നോക്കുന്നവളിൽ എത്തി നിന്നു…

ഞാൻ നോക്കുന്നു എന്ന് കണ്ടതും നാക്ക് കടിച്ചു ഉള്ളിലേക്ക് വലിയുന്നവൾ വീണ്ടും ചുണ്ടിലൊരു ചിരി പടർത്തിയിരുന്നു…

ഒരാഴ്ച കഴിഞ്ഞ് നിശ്ചയം ഒരു മാസത്തിനുള്ളിൽ കല്യാണം…. എല്ലാം എടുപിടി എന്ന് കഴിഞ്ഞു…

അവൾ ജീവിതത്തിലേക്ക് വന്നു… ആവശ്യത്തിന് മാത്രം സംസാരിക്കുന്നവർ ഉള്ള വീട്ടിൽ അവൾ കലപില കൂട്ടി നടന്നു…

എല്ലാർക്കും പ്രിയപ്പെട്ടവളായി.. ഒന്ന് ചൂടാവുമ്പോഴേക്ക് മിഴി നിറച്ചു… ജീവിതം സ്നേഹം കൊണ്ടു നിറച്ചു…

എവിടെയാണോ പിഴക്കാൻ തുടങ്ങിയത് എന്നറിയില്ല…

ഒരു കുഞ്ഞ് കൂടെ വന്നതിൽ പിന്നെ ഞങ്ങൾക്കായി””” സമയങ്ങൾ കിട്ടുന്നത് ചുരുങ്ങി…

കുഞ്ഞിന്റെ കാര്യങ്ങൾക്ക് സ്വഭാവികമായും പ്രാധാന്യം കൊടുത്തു…. ഒപ്പം സംസാരവും കുറഞ്ഞു … എങ്കിലും പരസ്പരം സ്നേഹിച്ചു…

ക്രമേണ അവളുടെ സംസാരം കുറഞ്ഞു വന്നു..

ഉള്ള ജോലികൾ തീർത്തു അവൾ അവളിലേക്കൊതുങ്ങി.. ഞാനും അതിനോട് പൊരുത്തപ്പെട്ടു…

ഒരു ദിവസം ഇത്തിരി നേരത്തെ വന്നപ്പോൾ കേട്ടു മുറിയിൽ അവൾ ഫോണിൽ ആരോടോ അമർത്തിപിടിച്ചു സംസാരിക്കുന്നത്….

ചിരിയും കളിയുമായി ആ പഴയ പോലെ…

പെട്ടെന്ന് വാതിൽ തള്ളി തുറന്നപ്പോൾ അവൾ ഒന്ന് ഞെട്ടിയിരുന്നു… ഫോൺ പിടിച്ചു വാങ്ങിയതും മറുതലക്കൽ ഒരു പുരുഷ ശബ്ദം….

പെട്ടെന്ന് കാൾ കട്ട്‌ ആവുന്നത് അറിഞ്ഞു… അവളിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല…

“”ആരാടീ അത് “” എന്ന് ചോദിച്ചപ്പോൾ ഫ്രണ്ട്””” എന്ന് മാത്രം ആയിരുന്നു മറുപടി….

“”ഏത് ഫ്രണ്ട് “””

എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി… വേഗം അവളുടെ ഫോൺ എടുത്തു ആ ആളുമായുള്ള ചാറ്റ് നോക്കി….

കണ്ണിൽ ആദ്യം കണ്ടത്

അവന്റെ..

“ലവ് യൂ പെണ്ണെ “”

എന്ന മെസ്സേജ് ആയിരുന്നു… കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി.

അവളെ കലി തീരും വരെ ത ല്ലി…

പോരാഞ്ഞു വീട്ടിൽ കൊണ്ടു ചെന്നാക്കി… കുഞ്ഞിനേയും എടുത്തവൾ കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്ക് കാർ സ്റ്റാർട്ട്‌ ചെയ്തു…

മുന്നിൽ വന്ന് കുനിഞ് അവൾ എന്നെ നോക്കി പറഞ്ഞു..

“”ഏട്ടൻ കരുതും പോലെ ഒന്നും ഇല്ല എന്ന് “””

അവളെ നോക്കി പുച്ഛത്തിൽ ഒന്ന് ചിരിച്ച് വണ്ടി എടുത്തു… പിന്നങ്ങോട്ട് അവളോടുള്ള വാശി ആയിരുന്നു…

ഇത്രേം ഞാൻ സ്നേഹിച്ചിട്ട്.. അവളെ മാത്രം കരുതി ജീവിച്ചിട്ട്… എന്നെ വിഡ്ഢി ആക്കിയവളോടുള്ള ഒടുങ്ങാത്ത പകയായിരുന്നു…

ഇതിൽ പല തവണ അവൾ നേരിട്ടും അല്ലാതെയും ബന്ധപ്പെടാൻ ശ്രമിച്ചു…. പക്ഷെ നിന്നു കൊടുത്തില്ല…

ഡിവോഴ്സ് ഫയൽ ചെയ്തു… ഫാമിലി കോർട്ടിൽ നിന്നാണ് അവസാനമായി അവളെ കണ്ടത്..

നന്നേ ക്ഷീണിച്ചിരുന്നു…

മോനെ എനിക്ക് വേണം എന്ന് പറഞ്ഞപ്പോ…

“”എടുത്തോട്ടെ സാറെ “”

എന്ന് മാത്രം പറഞ്ഞു…

കുഞ്ഞിനേം കൊണ്ടു ഞാൻ പോകാൻ നിന്നപ്പോ അവളുടെ കഴുത്തിലെ മാല ഊരി അവൾക്കിട്ട് കൊടുത്തു…

“”എന്റെ കുഞ്ഞിന് നിന്റെ ഒന്നും വേണ്ടാ””

എന്ന് പറഞ്ഞു അതും അവൾക്ക് ഇട്ട് കൊടുത്തു ഞാൻ അവനെയും കൊണ്ട് പോന്നു….

രണ്ട് ദിവസം മുമ്പ്….

ഇന്നലെ രാത്രി അവൾ മറ്റേതോ നമ്പറിൽ നിന്നും വിളിച്ചിരുന്നു… അവളാ എന്നറിഞ്ഞപ്പോൾ ബ്ലോക്ക് ചെയ്‌തു…

ഇന്ന്‌ രാവിലെ കേട്ടത് അവൾ സ്വയം ഇല്ലാതാക്കി എന്ന വാർത്തയായിരുന്നു… കേട്ടപ്പോൾ ഉള്ളിലെ അവസ്ഥ പറയാൻ അറിയില്ല..

സങ്കടം ഉണ്ട്… നിരാശയും… പിന്നെയും എന്തൊക്കെയോ… അവസാനമായി കാണാൻ പോകാനാണ് അമ്മ പറഞ്ഞത്….

ഒടുവിൽ മോനേം കൂട്ടി ചെന്നു…. ഉറങ്ങും പോലെ കിടക്കുന്നവളെ ഒന്ന് നോക്കി… മിഴികൾ അനുസരണ ഇല്ലാതെ നിറഞ്ഞു വന്നു…

അവളുടെ അച്ഛൻ അരികെ വന്നു നിന്നു…

എന്തോ ആ മുഖത്തേക്ക് നോക്കാൻ ഒരു ധൈര്യക്കുറവ്… മെല്ലെ തോളിൽ ഒന്ന് തട്ടി അയാൾ… അശ്വസിപ്പിക്കാൻ എന്ന പോലെ…

മുണ്ടിന്റെ മടക്കിൽ നിന്നും ഒരു കടലാസ് തുണ്ടെടുത്ത് ഏല്പിച്ചു…

അത് വാങ്ങി പോക്കറ്റിൽ ഇട്ട് അവിടെ നിന്നും ഇറങ്ങി…

മോനെ കർമ്മങ്ങൾ ചെയ്യാൻ അവിടെ നിർത്തി തിരികെ പോന്നു… മുറിയിൽ അവളെ പറ്റി ഓർത്ത് ഇരുന്നു…

അപ്പഴാ ആാാ കടലാസ് തുണ്ടിനെ കുറിച്ച് ഓർത്തത്….

മെല്ലെ നിവർത്തി….

ഏട്ടന്,

തെറ്റാണ് ചെയ്തത്…. അറിയാം… ന്യായീകരിക്കാൻ പറ്റില്ലെന്നും… ഒരു ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തപ്പോൾ കിട്ടിയതാണ് ആ ഫ്രണ്ടിനെ… എന്നെ കേൾക്കാൻ…

എന്റെ പ്രശ്നങ്ങൾ കേൾക്കാൻ ഒരു കേൾവിക്കാരൻ അത്ര മാത്രം ആയിരുന്നു അയാൾ.. എല്ലാവരും തിരക്കിലേക്ക് ഊളി ഇട്ടപ്പോൾ… ഞാൻ മാത്രം ഒറ്റപ്പെട്ടു…

ഞാൻ ആഗ്രഹിച്ച സമയത്ത് ഏട്ടൻ പോലും എന്നെ മനസ്സിലാക്കിയില്ല… അവിടെ ഒരാശ്വാസം പോലെ ആയിരുന്നു അയാൾ… ആ ബന്ധം തെറ്റാണെന്നു ഇപ്പോഴും ഞാൻ കരുതുന്നില്ല…

പക്ഷെ എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റണില്ല… ഞാൻ പോവാ അതോണ്ട്.. മറ്റൊരു ലോകത്ത് ഏട്ടന് വേണ്ടി കാത്തിരിക്കാൻ… “””””

വായിച്ചിട്ട് എന്ത് വേണം എന്നറിയാതെ നിന്നു അജിത്…. ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ എന്നോർത്ത്….

ചിലപ്പോൾ വിവേകം അങ്ങനെ ആണ്… വൈകിയാവും വരുക.. അപ്പോഴേക്കും എല്ലാം കൈവിട്ടു കാണും… എല്ലാം…

Leave a Reply

Your email address will not be published. Required fields are marked *