(രചന: Lis Lona)
” സുധേച്ചി സ്ഥലമെത്തി ഇറങ്ങണ്ടേ .. എന്തൊരുറക്കാ ഇത്..നിന്ന് ഉറങ്ങുന്ന ആൾക്കാരെ ഞാൻ ആദ്യായിട്ടാ കാണുന്നെ..”
രണ്ട് ബസ് മാറിക്കേറിയിട്ട് വേണം അവർക്ക് ഇരുവർക്കും ജോലിക്ക് സമയത്ത് വരാനും പോകാനും.
ക്ഷീണം കൊണ്ട് കണ്ണടഞ്ഞുപോകുന്നതാണെന്ന് അറിയാം എന്നാലും ബസ് കമ്പിയിൽ തൂങ്ങി സീറ്റിലേക്ക് ചാരി നിന്നുറങ്ങുന്ന സുധേച്ചിയുടെ ചിത്രം തെല്ലൊന്നുമല്ല എന്നെ ചിരിപ്പിച്ചത്..
എന്നെപോലെ പുലർച്ചെ എഴുന്നേൽക്കുന്നതാണ് അവരും , വാതസംബന്ധമായ ബുദ്ധിമുട്ടുകളും
കാൽമുട്ടിലെ നീരും വച്ച് നിൽക്കാനും നടക്കാനും ബുദ്ധിമുട്ടുള്ളത് കാര്യമാക്കാതെ തൂപ്പ് ജോലിക്ക് പോയി രണ്ട് മക്കളെ പൊന്നുപോലെ വളർത്തുന്നു.
ചേച്ചിയുടെ രണ്ടാമത്തെ പ്രസവ ശുശ്രുഷക്ക് വന്ന അനിയത്തിയേയും കൂട്ടി ,തന്നെയും ആഴ്ചകൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനേയും ഉപേക്ഷിച്ചുപോയ ഭർത്താവിനെയോർത്ത് ഒരിക്കലും സുധേച്ചി സങ്കടപെടുന്നത് കണ്ടിട്ടില്ല .
പക്ഷെ കേൾവിക്കുറവോടെയും സംസാരശേഷി ഇല്ലാതെയും ജനിച്ച മകളെപറ്റിയും അവളുടെ ഭാവിയെപ്പറ്റിയും പറയുമ്പോഴേക്കും മിഴികളിൽ ചോരവരമ്പുകൾ കുങ്കുമരാശിയോടെ തെളിയും..
തൊണ്ടയിടറി അക്ഷരങ്ങൾ ചിതറുമ്പോൾ കരയാതിരിക്കാൻ അവർ ചുണ്ട് കൂട്ടിപിടിക്കും.
തൃശൂരിലെ സിറ്റിസെന്ററിൽ ക്ലീനിങ് ജോലിക്ക് പോകുന്ന സുധേച്ചിയുടെ നാട്ടുകാരനും കെ എസ് ആർ ടി സി യിൽ കണ്ടക്ടറുമായ മനോജാണ് എന്റെ ഭർത്താവ് .
ടൗണിലെ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ജോലിയുള്ള ഞാനും അവരും വർഷങ്ങളായി ജോലിക്ക് വരുന്നതും പോകുന്നതും ഒരുമിച്ചാണ്.
സ്വന്തം കൂടപ്പിറപ്പിനെപോലെയാണ് സുധേച്ചിക്ക് എന്നോടുള്ള കരുതലും സ്നേഹവും അത് കണ്ട് എന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയെന്നാണ് മനോജേട്ടനും കളിയാക്കുന്നത്.
തന്റെ തോളിൽ തട്ടിയും കുലുക്കിയും ഉണർത്താൻ ശ്രമിക്കുന്ന സ്ത്രീയെ പരിചിതമല്ലാത്ത ഏതോ ഒരു ലോകത്തിൽ അകപെട്ടതുപോലെ
ഉറക്കഭ്രാന്തിൽ തറച്ചുനോക്കി നിൽക്കുന്ന സുധേച്ചിയുടെ കയ്യിലൊന്ന് നുള്ളി ഇറങ്ങാൻ ആവശ്യപ്പെട്ട് ഞാൻ ബസിൽ നിന്നും ചാടിയിറങ്ങി..
നിമിഷങ്ങൾക്കുള്ളിൽ സ്ഥലകാലബോധം വീണ്ടെടുത്ത് താഴെ കമ്പിയിൽ ചാരിവച്ചിരുന്ന ബിഗ്ഷോപ്പറും തൂക്കിയെടുത്ത് സാരിയുടെ ഞൊറികൾ ഇടതുകൈകൊണ്ട് ഉയർത്തിപ്പിടിച്ച് എന്റെ പുറകെ അവരും ചാടിയിറങ്ങി.
” ഇന്നലെ കുറച്ച് പലഹാരത്തിന്റെ പണി കിട്ടിയിരുന്നു ഗീതു.. അതുകൊണ്ട് രാത്രി ആകെ രണ്ട് മണിക്കൂറാണ് ഉറങ്ങിയത്..”
വീട്ടിലേക്കുള്ള പഞ്ചായത്ത് ഇടവഴിയിലേക്ക് നടന്ന് നീങ്ങുന്നതിനിടയിൽ സുധേച്ചി പറഞ്ഞത് കേട്ട് ഞാനൊന്ന് വെറുതെ മൂളി..
“ഇന്നലെ സനുനേം ഭാര്യേനേം കണ്ടല്ലോ? രാത്രി തന്നെ മടങ്ങിപോയോ അവർ ,അതോ വീട്ടിലുണ്ടോ..”
മനോജേട്ടന്റെ അനിയനും ഭാര്യ വിദ്യയും ഇന്നലെ വീട്ടിൽ വന്നിരുന്നു അതെ കുറിച്ചാണ് സുധേച്ചി ചോദിക്കുന്നത്.
“അവരിന്നലെ രാത്രി ഊണൊക്കെ കഴിഞ്ഞാ പോയത് ചേച്ചി.. അമ്മയെ കണ്ടിട്ടും കുറെ ആഴ്ചയായില്ലേ അതാ കാണാൻ വന്നത്.. കുറച്ചുദിവസം നിൽക്കാൻ അമ്മ അവരുടെ കൂടെ പോയി.”
എന്നെ വിവാഹം കഴിച്ചുകൊണ്ട് വരുമ്പോൾ മനോജേട്ടന്റെ അനിയൻ സനുവും പെങ്ങൾ സംഗീതയും പഠിക്കുകയായിരുന്നു.
രണ്ടുപേരുടെയും വിവാഹവും അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം ഗംഭീരമായി മൂത്ത സഹോദരനായ മനോജാണ് ഉത്തരവാദിത്തത്തിൽ നിന്ന് നടത്തിയത്.
വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോൾ വീട് മാറണമെന്ന ആവശ്യവുമായി അവരെത്തി.. എറണാകുളത്ത് ഏതോ കൂട്ടുകാരനുമൊത്ത് പാർട്ണർഷിപ്പിൽ ബിസിനെസ്സ് ചെയ്യുകയാണ് സനു, അവിടെ അടുത്ത് തന്നെയാണ് വീട് നോക്കിയതും..
അനിയനെയും അനിയത്തിയേയും നല്ലനിലക്ക് പഠിപ്പിച്ചതും അവർക്ക് ചേരുന്ന ജീവിതപങ്കാളികളെ കണ്ടെത്തി വിവാഹം കഴിപ്പിച്ചതും മൂത്ത മകനായതുകൊണ്ട് അച്ഛൻ തന്നെയാണ് മുൻകയ്യെടുത്ത്
സ്വത്ത് ഭാഗം വച്ചില്ലെങ്കിലും തറവാട് മനോജിനുള്ളതാണെന്ന് ഉറപ്പിച്ചതും, സനുന് ഏതായാലും വീട് വക്കണമല്ലോ അവനിഷ്ടമുള്ളയിടത്ത് വെക്കുകയോ വാങ്ങുകയോ ചെയ്യട്ടെ എന്നും പറഞ്ഞത്.
അങ്ങനെ കുറച്ചു വർഷങ്ങൾക്ക് മുൻപ് സനുവും ഭാര്യയും കൂടി എറണാംകുളത്ത് നല്ലൊരു വീട് സ്വന്തമാക്കി.
കഴുത്തിലെയും കയ്യിലെയും പൊന്ന് വിറ്റ് തറവാട് ഒന്നുകൂടി പുതുക്കിപണിത് ഒരു മുറിയും പുതിയൊരു അടുക്കളയും ഞങ്ങളും പണികഴിപ്പിച്ചു.
കുറച്ചുനാളുകൾക്ക് കഴിഞ്ഞ് അച്ഛൻ മരിച്ചതോടെ സനുവും കുടുംബവും ഇങ്ങോട്ടേക്കുള്ള വരവ് മാസത്തിലൊരിക്കലും പിന്നീടത് വിശേഷങ്ങൾക്കും ആക്കിയിരുന്നു.
” അമ്മയ്ക്ക് വയ്യ നെഞ്ഞെരിച്ചിലാണ് എന്നല്ലേ നീ പറഞ്ഞത് അവിടെ പോയാൽ ആ കുട്ടി നീ ചെയ്യുന്ന പോലെ അമ്മയുടെ പാകത്തിനൊത്ത് ഭക്ഷണമുണ്ടാക്കികൊടുക്കുമോ…
അല്ല ഇവിടെ ഉള്ള സമയത്ത് രണ്ടാമത്തോൾക്ക് ഒന്നും അറിയില്ല പിന്നേം ഭേദം ഗീതുവാണെന്ന് നാഴികക്ക് നാല്പതുവട്ടം എന്നെ കാണുമ്പോഴൊക്കെയും പറയുന്നത് കൊണ്ട് ചോദിച്ചതാ..”
“ഹ്മ്മ് ..അമ്മ അതൊക്കെ അഡ്ജസ്റ്റ് ചെയ്തോളും സുധേച്ചി.. ഇവിടെ ആകുമ്പോഴേ അമ്മയ്ക്ക് പരാതിയുള്ളു. സമയത്തിന് കിട്ടിയില്ല..എരിവ് കൂടി.. ഉപ്പ് കുറഞ്ഞു.. ചോറ് വേവ് കൂടിപ്പോയി എന്നൊക്കെ.”
ഒഴുക്കൻ മട്ടിൽ ഞാൻ മറുപടി പറഞ്ഞു..
എന്റെ ഉത്തരത്തിലെ നിസ്സംഗത കേട്ടിട്ടാകണം ഇടവഴിയിലെല്ലാം ഇരുട്ട് പരന്നു തുടങ്ങിയെങ്കിലും അവരെന്റെ കയ്യിൽ വലിച്ച് എന്നെ പിടിച്ചു നിർത്തി..
” എന്താ കുട്ട്യേ.. എന്താ കാര്യം? ആകെയൊരു ഉന്മേഷകുറവുണ്ടല്ലോ? കുറച്ചു നാളായി ഞാനും ശ്രദ്ധിക്കുന്നു..മിനിഞ്ഞാന്ന് ഞാൻ ചോദിക്കണമെന്ന് കരുതിയതാ..”
ചെവി തുളഞ്ഞ് പോകുന്ന ചീവീടുകളുടെ ശബ്ദമാണ് പുറത്ത്..മനസിനകത്തും അസ്വസ്ഥതയോടെ ചീവീടുകൾ മൂളുന്നുണ്ട് ..
വിശദീകരിക്കാനുള്ള മാനസികാവസ്ഥ അല്ലാതിരുന്നിട്ടും ഉള്ളിലെ ഈ എരിപൊരി സഞ്ചാരം സുധേച്ചിയോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കാതെ എനിക്കും സമാധാനമുണ്ടാകില്ലെന്ന് വ്യക്തമാണ്..
കുറച്ചുദിവസമായി വീട്ടിലിത് പുകഞ്ഞുതുടങ്ങിയിട്ട്.. കൂടെ നടന്നിട്ടും എന്റെ വ്യക്തിപരമായ കാര്യങ്ങളും മക്കളുടെ വിശേഷങ്ങളും പങ്കുവച്ചിട്ടും ഇത് തീർത്തും കുടുംബകാര്യമായതുകൊണ്ട് മാത്രം സുധേച്ചിയെ അറിയിച്ചിരുന്നില്ല..
മനോജേട്ടന്റെ കയ്യിലുള്ള കരുതലും അച്ഛന്റെ നിർദ്ദേശപ്രകാരം തറവാടിനോട് ചേർന്ന അഞ്ചു സെന്റ് സ്ഥലം വിറ്റ പണവും വിദ്യയുടെ ആഭരണങ്ങൾ പണയം വച്ച പൈസയും ചേർത്താണ് സനു വീട് സ്വന്തമാക്കിയത്..
അല്ല ഞങ്ങളോട് പറഞ്ഞത് അങ്ങനെ ആയിരിന്നു.
എന്നാൽ പിന്നീടാണ് അറിഞ്ഞത് അന്നത്തെ പൈസയെടുത്ത് ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്ത് വീട് ബാങ്ക് ലോൺ ആക്കിയിരുന്നു എന്ന്..
ബിസിനസ്സിൽ നഷ്ടം വന്നതോടെ സ്വാഭാവികമായും വീടിന്റെ ലോൺ അടവും മുടങ്ങി..പലതവണയായി തിരിച്ചടവിന് നോട്ടീസ് വന്നിട്ടും അടയ്ക്കാൻ സാധിച്ചില്ല .
ഒടുവിൽ പതിനഞ്ചു ദിവസത്തിനുള്ളിൽ മുതലിലേക്കും പലിശയിലേക്കും അടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുൻപോട്ട് പോകുമെന്ന് ബാങ്ക് അറിയിച്ചപ്പോൾ വീണ്ടും അനിയനും ഭാര്യയും കണ്ണീരും കയ്യുമായി എത്തി.
തറവാടിന്റെ ആധാരം ഈട് വച്ച് കുറച്ച് പൈസ എങ്ങനെയെങ്കിലും ഏട്ടൻ ലോൺ എടുത്തു കൊടുക്കണം. പ്രാരാബ്ധങ്ങളും വിഷമങ്ങളും നിരത്തി അമ്മയോട് ആവശ്യമുന്നയിച്ചതും അമ്മ സമ്മതം മൂളി, മനോജിനോട് കാര്യം അവതരിപ്പിച്ചു.
നിലയില്ലാക്കയത്തിൽ നിന്നും രക്ഷപെടാൻ ഇനിയുള്ള വഴി കുഞ്ഞിനേയും കൂട്ടിയുള്ള ആ ത്മഹത്യ മാത്രമാണെന്നുള്ള വിദ്യയുടെ പൊട്ടിക്കരച്ചിലും.. അനിയന്റെ മുഖം താഴ്ത്തിയുള്ള നിൽപ്പും..മനോജ് സമ്മതം മൂളാൻ താമസമുണ്ടായില്ല.
കൂടപ്പിറപ്പുകളെ മക്കളെപോലെയല്ല മകൻ അച്ചുവിനൊപ്പമുള്ള സ്വന്തം മക്കളായി തന്നെയാണ് താൻ കാണുന്നത് അതുകൊണ്ട് എതിരഭിപ്രായമൊന്നും അരുതെന്ന് എന്നോട് നേരത്തെ അറിയിച്ചു.
“അന്ന് , രണ്ട് വീടിന്റെ മുകളിലും കടം വരുത്തുന്നതിലും നല്ലത് ആ വീട് വിറ്റ് ബാധ്യത തീർക്കുന്നതല്ലേ..
തറവാട് വിൽക്കുന്നതിലും നല്ലത് തന്നെയാണ് പുതിയ വീട് വിറ്റ് ബാങ്കിലെ ലോൺ അടച്ച് ബാക്കിവന്ന പണം വേറെ എവിടെയെങ്കിലും കുറച്ച് സ്ഥലമായി വാങ്ങിയിടുന്നതെന്ന് ഞാൻ പറഞ്ഞതാണ് സുധേച്ചി ..
പക്ഷേ ഇത് എന്റെ വീടാണ് ഈ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കാൻ ഞാനിവിടെ ജീവനോടെയുണ്ട് നീ നിന്റെ വീടാകുമ്പോൾ തീരുമാനമെടുത്തോയെന്നാണ് അമ്മ എന്നോട് പറഞ്ഞത്..
അന്നാണ് ഞാനിവിടെ അഭിപ്രായസ്വാതന്ത്രമില്ലാത്ത ഒരുവളാണെന്ന് തീർച്ചപ്പെടുത്തിയത്..”
പുലർച്ചെ എഴുന്നേറ്റ് വീട്ടിലുള്ളവർക്കായി ഉച്ചത്തേക്കുള്ളതും കൂടി പാചകം ചെയ്ത് ഒരുക്കിവച്ച് ജോലിക്ക് പോകുന്ന ഞാൻ വൈകുന്നേരം മടങ്ങി ചെന്നിട്ട് വേണം രാത്രിയിലേക്കുള്ള അരിയിടാൻ..
പോട്ടെ ! വൈകീട്ട് ഒരു ഗ്ലാസ് ചായയിടണമെങ്കിൽ പോലും അമ്മ ഇടില്ല വയ്യായ്കയാണ് ,ഞാൻ വരാൻ കാത്തിരിക്കും..
ബസ് കിട്ടാൻ വൈകുകയോ വീട്ടിൽ എത്താൻ വൈകുകയോ ചെയ്താൽ തൊണ്ട വരണ്ട് പൊട്ടാറായി ഉദ്യോഗക്കാരി മരുമക്കളുണ്ടായാൽ ഇങ്ങനെയാണെന്ന് ഇടയ്ക്കിടെ എണ്ണിപെറുക്കും..
മനോജേട്ടനുണ്ടെങ്കിൽ അമ്മയ്ക്ക് ഒരു അസുഖവുമില്ല. വീട്ടിലെത്തിയാൽ പിടഞ്ഞു പിടഞ്ഞാണ് ഞാൻ ജോലി തീർക്കുന്നത് .
അതിനിടയിൽ മോന് സ്കൂളിലേക്കുള്ളത് എഴുതാനും പഠിക്കാനും സഹായിക്കണം, അമ്മയുടെ കാൽവേദനക്ക് ധന്വന്തരം കുഴമ്പ് തേച്ചുപിടിപ്പിച്ച് ചൂട് പിടിപ്പിക്കണം..
പിറ്റേന്നത്തേക്കുള്ള പ്രാതലിനുള്ള അരിയാട്ടി വക്കണം..
ഫ്രിഡ്ജിൽ വച്ച കറി അടുത്ത ദിവസത്തേക്ക് തൊടില്ല അമ്മ…ഇതെല്ലാം ചെയ്ത് കൊടുത്താലും എനിക്കൊന്ന് വയ്യാതായാൽ ഒരു തരിമ്പ് പോലും അമ്മ ഇളകില്ല..
ഒരുപാട് പ്രശ്നങ്ങളും ബാധ്യതകളും കൂടെ മര്യാദക്ക് ശമ്പളവും കിട്ടാതെ ആ മനുഷ്യൻ നെട്ടോട്ടം ഓടുകയാണ് ഇനി ഞാനായിട്ട് ടെൻഷൻ കൊടുക്കണ്ട എന്നോർത്ത് മനോജേട്ടനോട് പരാതി പറയാറില്ല ഞാൻ..
” ഇതെല്ലാം നീ എന്നോട് പറയുമ്പോഴെല്ലാം ഞാൻ പറയാറില്ലേ പ്രതികരിക്കേണ്ടിടത്ത് അത് ചെയ്തില്ലെങ്കിൽ ഈ നുകവും വലിച്ച് ഉഴവുകാളയായി നിന്റെ ജീവിതം തീരുമെന്ന്..”
” സുധേച്ചി സമാധാനമല്ലേ വലുത്.. അത് കരുതി എത്ര ക്ഷീണമുണ്ടെങ്കിലും എന്നെകൊണ്ട് ഒക്കുന്നപോലെയൊക്കെ ഞാൻ ചെയ്യും എന്നിട്ടുമുള്ള കുറ്റപ്പെടുത്തൽ സഹിക്കാൻ വയ്യ..
ഇന്നലെ സനുവിനെ മനോജേട്ടനാണ് വിളിച്ചു വരുത്തിയത്..
തറവാടിന്റെ മേൽ ലോൺ എടുക്കുമ്പോൾ അവൻ അടച്ചോളാമെന്ന് ഉറപ്പ് തന്നതാ.. ഓരോ തവണയും അവൻ ഓരോ കാരണങ്ങൾ തന്ന് മനോജേട്ടനെക്കൊണ്ട് പൈസ അടപ്പിക്കും.. ആദ്യമെല്ലാം ഒന്നും മിണ്ടാതെ അടച്ചോണ്ടിരുന്ന ആൾ പിന്നെ അടച്ചില്ല..
ഞാനൊട്ടു ചോദിക്കാനും പോയില്ല അവരുടെ വീടായി അവരായി ! അഭിപ്രായം പറയാൻ ഞാനാര്..
ഇന്നലെ ജപ്തി നോട്ടീസ് വന്നിട്ടുണ്ട് അതും കയ്യിൽവച്ചാ മനോജേട്ടൻ അവനോട് സംസാരിക്കാൻ ഇരുന്നത്..
അവന്റെ വീടിന്റെ അടച്ചുതീരാത്ത ലോണും പെണ്ണിന്റെ പൊന്ന് പണയം വച്ചത് എടുക്കാൻ പറ്റാത്തതുകൊണ്ട് ഭാര്യവീട്ടിൽ പോകാൻ പറ്റാത്തതും മാത്രമാണ് അവന്റെ തലവേദന.. ”
കോരിച്ചൊരിയുന്ന മഴപോലെ തകർത്തുപെയ്യുന്ന എന്നെയും നോക്കി സുധേച്ചി നെഞ്ചിൽ കൈവച്ച് നിന്നു..
“തീർന്നില്ല സുധേച്ചി ..തറവാട് ,കിട്ടിയ പൈസക്ക് വിറ്റ് ബാങ്കിലെ കടം തീർക്കാൻ അവന്റെ വക ബുദ്ധി..
കൂടാതെ ബാക്കിയുള്ള പണം മൂന്ന് മക്കൾക്കുമായി തുല്യമായി പങ്കുവച്ചാൽ തലവേദന ഇല്ലല്ലോയെന്ന്.. ഏട്ടന് വേറെ വീട് വക്കുന്നത് വരെ ‘വേണമെങ്കിൽ ‘ അവന്റെ കൂടെ താമസിക്കാമല്ലോയെന്നും നല്ല മനസുണ്ട് ..
അല്ലെങ്കിൽ അവനായി ലോണെടുത്ത പൈസ ഞങ്ങൾ അടച്ചു തറവാട് വീണ്ടെടുക്കണം എന്നിട്ട് അവനും സംഗീതക്കും കൊടുക്കാനുള്ളത് കൊടുത്താൽ അവന് സ്വന്തം വീടിന്റെ കടം കുറച്ചുകൂടി തീർക്കുകയും ചെയ്യാമെന്ന് ..
മുഷിഞ്ഞു സംസാരിച്ച മനോജേട്ടനോട് അമ്മ ദേഷ്യത്തിലാണ് സംസാരിച്ചത്..
കടം കേറി തറവാട് ബാങ്ക് കൊണ്ടുപോകുന്നതിലും നല്ലതല്ലേ അവൻ പറഞ്ഞത്..നിങ്ങൾക്ക് രണ്ടാൾക്കും ജോലിയുള്ളത് കൊണ്ട് ടെൻഷനില്ലല്ലോ ഇനി ഇതിലും നല്ല വീട് വെക്കാമല്ലോയെന്ന്..”
അങ്ങോട്ടും ഇങ്ങോട്ട് വാഗ്വാദങ്ങളും കണക്കുകളും! ഒന്നും മിണ്ടാതെ ഞാനിരുന്ന് കേട്ടു.. വഴക്കിനൊടുവിൽ അമ്മ അവന്റെ കൂടെ എറണാകുളത്തിന് പോയി..”
രാവിലെ മനോജേട്ടൻ എന്നോട് പറഞ്ഞത് മാസാവസാനം കിട്ടുന്ന ശമ്പളമല്ലാതെ കയ്യിലൊരു നീക്കിയിരുപ്പും ഇല്ല അതുകൊണ്ട് നമുക്കൊരു വാടകവീടെടുത്ത് മാറാമെന്നാണ് , അതിനും ഞാൻ ഒന്നും മറുപടി നൽകിയില്ല.
ബാഗിനുള്ളിൽ കിടന്ന ഫോൺ അടിക്കാൻ തുടങ്ങിയതും ഞാൻ പെട്ടെന്ന് ബാഗ് തുറന്ന് കാൾ എടുത്തു..
അച്ചുവാണ്.. വീട്ടിൽ അവൻ തനിച്ചേ ഉളളൂ അമ്മ എന്താണ് വൈകുന്നതെന്ന് അറിയാൻ വിളിച്ചുനോക്കിയതാണ്..
സുധേച്ചിയോട് ബാക്കി പിന്നെ പറയാമെന്ന് യാത്ര പറഞ്ഞ് ഞാൻ വീട് ലക്ഷ്യം വച്ച് വേഗം നടന്നു..
നെഞ്ചിനുള്ളിലെ സങ്കടം കണ്ണുകളെരിഞ്ഞു നിറയുന്നു..തൊണ്ടക്കുഴിയിൽ ഒരു പൊട്ടിക്കരച്ചിലിന്റെ ചീള് കുപ്പിച്ചില്ല് പോലെ കുത്തിനോവിക്കുന്നുണ്ട്..
വീട് പുതുക്കിപ്പണിയാനും വീട്ടുചിലവുകൾക്കും എന്തെല്ലാമാണ് ചെയ്തത്. എല്ലാമൊരു ജലരേഖയായി മാഞ്ഞിരിക്കുന്നു.
വാക്കാൽ പറഞ്ഞിട്ടേയുള്ളു ആധാരം നടത്തിയിട്ട് പോരെ ഇതിന് മുകളിൽ പൈസ ഇറക്കുന്നതെന്ന് എന്റച്ഛൻ എന്നോട് ചോദിച്ചതാണ് അന്ന് ഞാനടക്കം മനോജേട്ടനോടൊപ്പം നിന്നു.
മനോജിന്റെ അച്ഛൻ ബോധമില്ലാതെ എന്തെങ്കിലും പറഞ്ഞതാകും സ്വത്ത് മൂന്ന് മക്കൾക്കും ഒരുപോലെ വീതം വെയ്ക്കണമെന്നാണ് എന്നോട് പറഞ്ഞതെന്ന് അമ്മ അടിവരയിട്ടു.
തറവാട് വാങ്ങാൻ ആളെ കണ്ടെത്തിയതും ബാങ്കിൽ നിന്നും ആധാരം എടുക്കാൻ അയാളിൽ നിന്നും പണം അഡ്വാൻസായി വാങ്ങിയതുമെല്ലാം സനുവാണ്..
ലോൺ അടച്ചുതീർത്ത ശേഷം അയാളുടെ പേരിലേക്ക് തറവാട് എഴുതികൊടുത്ത് ബാക്കി വന്ന കാശ് നാലായി പങ്കുവെക്കാൻ അമ്മ ആവശ്യപ്പെട്ടു.
അതിൽ അമ്മയുടെ പങ്കിൽ നിന്നും മൂന്ന് ലക്ഷം രൂപ മനോജേട്ടനും ബാക്കി അമ്മയുടെ പേരിൽ ബാങ്കിലും ഇടാൻ അമ്മ പറഞ്ഞെങ്കിലും ആ പൈസ വാങ്ങാൻ മനോജേട്ടൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല ഈ വക കാര്യങ്ങളിലൊന്നും മനോജേട്ടൻ ഇടപെട്ടില്ല.
പ്രതീക്ഷിക്കാതെ കിട്ടിയ പ്രഹരമാണ്.. തളരരുതെന്ന മന്ത്രമോതി അദ്ദേഹത്തിന്റെ കൂടെ നിഴലായി ഞാനുണ്ടായിരുന്നു..പക്ഷെ തളർന്ന് വീഴാതെ എനിക്ക് ജീവശ്വാസമെടുക്കാൻ സുധേച്ചിയായിരുന്നു ആകെയുള്ള ആശ്രയം..
സങ്കടങ്ങളും ആശങ്കകളും ഞാൻ വീണ്ടും വീണ്ടും സുധേച്ചിയോട് ചിലമ്പിക്കൊണ്ടിരുന്നു.
സുധേച്ചിയെപ്പോലൊരു കേൾവിക്കാരി ഇല്ലായിരുന്നെങ്കിൽ ആ ഇരുട്ടിൽ മടങ്ങിവരാനാകാത്തവിധം ഞാൻ ഒറ്റപ്പെട്ട് പോകുമായിരുന്നു.
വാടകവീട്ടിലേക്ക് മാറിയിട്ടും അമ്മയൊരു തവണ പോലും ഞങ്ങളെ കാണാൻ വന്നില്ല..ഞങ്ങളും പോയില്ല..
അടിവേര് മാത്രം നിർത്തി മുറിച്ചുകളഞ്ഞ മരം വീണ്ടും തളിർത്തുപൂത്തപോലൊരു ഉയിർത്തെഴുന്നേൽപ്പ് ഞങ്ങൾക്കും ആവശ്യമായിരുന്നു..
ഓരോ മാസവും ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചും അനാവശ്യചെലവുകൾ ഒഴിവാക്കിയും അടച്ചുകൊണ്ടിരുന്ന കെ എസ് എഫ്ഇ ചിട്ടിയുടെ നറുക്ക് വീണപ്പോൾ
സുധേച്ചിയും എന്റച്ഛനും ആയിരുന്നു അവരുടെ പേരിലുള്ള സ്വത്തിന്റെ ഈട് നൽകി ആ പൈസ എടുക്കാൻ സഹായിച്ചത്.
മനോജേട്ടന്റെ കയ്യിലുണ്ടായിരുന്ന പൈസയും ചിട്ടിപ്പണവും എന്റച്ഛൻ സഹായിച്ചതുമെല്ലാം ചേർത്ത് ഗേറ്റിനരികെ പാരിജാതം പൂത്തുനിൽക്കുന്ന ആ ചെറിയ വീട് വാങ്ങുമ്പോൾ ഒന്നേ ഞാൻ മനോജേട്ടനോട് നിർബന്ധമായി ആവശ്യപ്പെട്ടുള്ളു..
” നമ്മുടെ രണ്ടുപേരുടെയും പേരിൽ വേണം വീടെടുക്കാൻ… നാളെ ഇതും നിന്റെ വീടല്ലെന്ന് പറഞ്ഞു എന്റെ സ്വാതന്ത്ര്യത്തിന് അതിര് തിരിക്കാനും ഇറക്കിവിടാനും ഒരാളും മുതിരരുത് അതിനി അമ്മയോ ഭർത്താവോ മക്കളോ ആരായാലും..”
രക്തബന്ധത്തിനേക്കാൾ തീവ്രതയേറിയ ഒരു ബന്ധമായി സ്വപ്നത്തിലേക്കുള്ള ഓരോ പടവിലും എന്നോടൊപ്പം സുധേച്ചിയുമുണ്ടായിരുന്നു..
പുതിയ വീട് വൃത്തിയാക്കാനും മുറ്റം നിറയെ എനിക്കിഷ്ടപ്പെട്ട ചെടികൾ നട്ടുപിടിപ്പിക്കാനും ലീവെടുത്ത് സുധേച്ചിയും എനിക്കൊപ്പം സഹായത്തിന് കൂടി..
ഗേറ്റിനരികെ പൂത്തുനിൽക്കുന്ന പാരിജാതം വീടിനകവും ഞങ്ങളുടെ മനസ്സും നിറയെ പരിമളം പരത്തുന്നുണ്ട്.
നിറഞ്ഞ മനസ്സോടെ വാടകവീട്ടിൽ നിന്നും ഇങ്ങോട്ടേക്ക് വരുമ്പോൾ കൊണ്ടുവന്ന ഓരോ സാധനങ്ങളും അടുക്കളയിലെ ഷെൽഫുകളിൽ ഒതുക്കിപെറുക്കിവച്ച് സുധേച്ചിയും ഞാനും നിൽക്കുന്നതിനിടയിലേക്കാണ്
കട്ടിലും സോഫയുമടക്കമുള്ള സാധനങ്ങൾ കൊണ്ടുവരുന്ന മിനിലോറിയ്ക്ക് ,ഫോണിലൂടെ വഴി പറഞ്ഞുകൊടുത്ത് മനോജേട്ടനെത്തിയത്…
” അതെ മെയിൻ റോഡിൽ നിന്നും മൂന്നാമത്തെ വളവില്ലെ അത് തിരിഞ്ഞാലുടൻ കാണുന്ന ഇളം നീല പെയിന്റടിച്ച പതിനാലാം നമ്പർ വീട്.. മതിലിന് മുകളിൽ ‘ഗീതം ‘ എന്നെഴുതിയ ബോർഡുണ്ട്..”
പഠിപ്പോ ജോലിയോ മാത്രമല്ല എന്റെ ശബ്ദത്തിന് കടിഞ്ഞാണിടാത്ത..എന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാത്ത ഒരിടം അതും പെണ്ണിന് ആവശ്യമാണ്..
അഭിമാനവും സന്തോഷവും ഇടകലർന്നു കൺകോണിൽ ഉരുണ്ടുകൂടിയ നീർമുത്തുകൾ പൊഴിഞ്ഞുവീഴാൻ തുടങ്ങിയതും ചൂണ്ടുവിരലാലത് തട്ടിത്തെറിപ്പിച്ച്,
തിളക്കമുള്ള എന്റെ കണ്ണുകലേക്ക് നോക്കി മനോജേട്ടൻ ഇതിനി ഇവിടെ അരുതെന്ന് തലയാട്ടി..