സ്വപ്നം
(രചന: മഴ മുകിൽ)
വിവാഹം കഴിഞ്ഞു ഏറെ നാളായിട്ടും കുട്ടികൾ ഇല്ലാതിരുന്നവർക്ക് വീട്ടുകാർക്ക് മുന്നിലും നാട്ടുകാർക്ക് മുന്നിലും ഒരുപാട് കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്….
കുടുംബത്തിലെ ഏതെങ്കിലും ചടങ്ങുകൾക്കും വിവാഹത്തിനുമൊക്കെ പോകുമ്പോൾ എല്ലാരും അവളെ മച്ചി എന്ന് വിളിച്ചു കളിയാക്കുന്നത് പതിവായിരുന്നു….
ധർമ്മരാജനെ ഒരു കഴിവുകെട്ടവൻ ആയി ചിത്രീകരിക്കാനും ഉത്സാഹിച്ചിരുന്നു……..
പലപ്പോഴും ധർമ്മന്റെ അമ്മയുടെ ക്രൂരമായ വാക്കുകൾക്ക് മുന്നിൽ വരലക്ഷ്മി തലയും കുനിച്ചു നിൽക്കുന്നത് കാണുമ്പോൾ അയാൾക്ക് വല്ലാത്ത വേദന തോന്നും……
“അവളുടെ മാത്രം തെറ്റുകൊണ്ടല്ല എന്റെയും കൂടേ കുഴപ്പം ആണ് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകാത്തത് അതിനു അവളെ മാത്രം ഇങ്ങനെ കുത്തി വേദനിപ്പിക്കേണ്ട കാര്യം ഇല്ല….
എല്ലാം അവൾ കേട്ടു നിൽക്കുന്നത് കൊണ്ടല്ലേ അമ്മക്ക് ഈ എളുപ്പം…. എല്ലാത്തിനും ഒരു പരിധി ഉണ്ട് അത് അമ്മ മറക്കരുത്…..”
“ഇല്ലെടാ ഞാൻ ഒന്നും പറയുന്നില്ല നീ നിന്റെ ഭാര്യയേം കെട്ടിപ്പിടിച്ചു അകത്തിരുന്നോ… ഇങ്ങനെ ഒരു പെൺകോന്തൻ…..
നിന്റെ പ്രായത്തിൽ ഉള്ള ഓരോ പിള്ളേരുടെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്കും തോന്നില്ലേ നിന്റെ കുഞ്ഞിനെ ലാളിക്കണo എന്ന്……..”
“അമ്മ പറയുന്നത് ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലാകും.പക്ഷേ ഞങ്ങളുടെ രണ്ടുപേരുടെയും കുറ്റം കൊണ്ടല്ല…
അമ്മ അതിന് അവളെ മാത്രം ഇങ്ങനെ എപ്പോഴും കുറ്റപ്പെടുത്തരുത്…….”
“അല്ലെങ്കിലും നിനക്ക് നിന്റെ ഭാര്യ എന്തെങ്കിലും പറഞ്ഞാൽ പിടിക്കില്ലല്ലോ…..”
“അങ്ങനെയാണോ അമ്മേ ഞാൻ പറഞ്ഞത്…. അവളിവിടെ വന്നു എത്രകാലം കൊണ്ട് അമ്മ പറയുന്ന ഓരോന്നും കേൾക്കുന്നു….ഇന്നുവരെ എന്തെങ്കിലും ഒരു മറുപടി അവൾ അമ്മയോട് പറഞ്ഞിട്ടുണ്ടോ………”
” എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ലടാ…..ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞു പോകുന്നതാ ഓരോന്ന്…. നീ അവളോട് പറഞ്ഞേക്ക് ഇതൊന്നും മനസ്സിൽ വയ്ക്കേണ്ട എന്ന്…..”
അകത്തെ മുറിയിൽ നിന്ന് വരലക്ഷ്മി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു…..
വരലക്ഷ്മി…. എന്ന പേര് നേഴ്സ് വിളിച്ചു കേട്ടതും അവൾ ധർമ്മജന്റെ കയ്യും പിടിച്ചു ഡോക്ടറുടെ കേബിനിലേക്ക് കയറി ചെന്നു………
ഡോക്ടർ രണ്ടുപേരെയും നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു……]
” ഇരിക്കു രണ്ടാളും….. ഇത്രേം കാലത്തെ നേർച്ചക്കും പ്രാർഥനക്കും എല്ലാം ഫലം ഉണ്ടായി….. വരലക്ഷ്മി പ്രേഗ്നെണ്ട് ആണ്……….”
കേൾക്കാൻ ആഗ്രഹിച്ച കാര്യം കേട്ടു രണ്ടുപേരുടെയും കണ്ണുകൾ പുഴപോലെ ആയി…. ഡോക്ടറുടെ കേബിൻ ആണെന്ന് പോലും മറന്നു ധർമജൻ വലക്ഷ്മിയേ കെട്ടിപിടിച്ചു കരഞ്ഞു….
ഡോക്ടർ ക്കും ആ കാഴ്ച്ച വേദന തന്നെ ആയിരുന്നു…… കാരണം വർഷങ്ങൾ ആയി.. അവർ ഡോക്ടറുടെ ചികിത്സയിൽ ആണ്….
വയറുന്തി ലേബർ റൂമിലേക്ക് നടക്കുമ്പോൾ വരലക്ഷ്മി ധർമ്മന്റെ കയ്യിൽ കൈ ചേർത്തുപിടിച്ചു………
ധർമ്മൻ അവളുടെ കൈകളിൽ അവന്റെ കൈകൾ ചേർത്തുപിടിച്ചു ഒരിക്കലും കൈവിടില്ല എന്നപോലെ……..
ഇടുപ്പ് തുളച്ചു വേദനവന്നും പോയും ഇരുന്നു..വേദന സഹിക്കാൻ കഴിയുന്നില്ല… തൊണ്ടയിൽ നിലവിളി പകുതിയിൽ മുറിഞ്ഞുനിൽക്കുന്നു…… കാലുകൾക്കിടയിൽ നിന്നും രക്തം ഒഴുകുന്നുണ്ട്…..
പെട്ടെന്നുവേദനയുടെ ആക്കം കൂടി വന്നു എന്തോ ഒന്നുപുറത്തേക്ക് തെറിക്കുന്നപോലെ തോന്നുന്നു… ഒപ്പം തന്നെ ഒരു കരച്ചിലും……. ആ കരച്ചിൽ കേട്ടു… അതുവരെ അനുഭവിച്ച എല്ലാ വേദനയും അവൾ മറന്നു…..
ആഹാ…. വരലക്ഷ്മിക്ക് ഒരു മോൾ ആണ്… നിന്നെപ്പോലെ സുന്ദരി……….
കുഞ്ഞിനെ നേഴ്സ് തുടച്ചു വൃത്തിയാക്കി വര ലക്ഷ്മിയുടെ അടുത്ത് കിടത്തി….. അവൾ കുഞ്ഞിന് മു ലപ്പാൽ കൊടുക്കാൻ നേഴ്സ് അവളെ സഹായിച്ചു…
വരലെക്ഷിയുടെ കൈയ് ക്കിടയിലേക്കു കുഞ്ഞിനെ കിടത്തി അവളുടെ മു ലഞേട്ടു കുഞ്ഞിന്റെ വായിൽ വച്ചു കൊടുത്തു……..
കുഞ്ഞിപ്പെണ്ണ് ആർത്തിയോടെ അവളുടെ മാറ് ചപ്പി കുടിച്ചു……. വരലെക്ഷിയുടെ കണ്ണുകളിൽ നിന്നും ആനന്ദ കണ്ണുനീർ പൊടിഞ്ഞു….
അവളുടെ ചുണ്ടുകൾ ആ കുഞ്ഞുനെറ്റിയിൽ പതിഞ്ഞു……..കുഞ്ഞി തുടയിൽ അവൾ പതിയെ താളം പിടിച്ചു……. പാല് വലിച്ചു കുടിച്ചു കുഞ്ഞിപ്പെണ്ണ് ഉറങ്ങി……..
വാർഡിലേക്ക് മാറ്റുമ്പോൾ അവളെയും കുഞ്ഞിനേയും കാണാൻ ധർമ്മനും അമ്മയും ആകാംഷയോടെ നിന്നു……
കുഞ്ഞിനെ നേഴ്സ് ധർമ്മന്റെ കയ്യിൽ കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ കവിളിനെ ചുംബിച്ചു കുഞ്ഞിപ്പെണ്ണിന്റെ കവിളിൽ വീണു ചിതറി……
ധർമ്മന്റെ അമ്മ അവനെ കെട്ടിപിടിച്ചു എങ്ങി എങ്ങി കരഞ്ഞു…. കുഞ്ഞിന്റെ കൈവിരൽ തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു കുഞ്ഞി പാദത്തിൽ അമർത്തി ചുംബിച്ചു….. വര ലക്ഷ്മിയുടെ നെറ്റിയിൽ ഉമ്മവച്ചു…
ചാലു തീർത്തു ഒഴുകുന്ന കണ്ണുനീർ തുടച്ചു…. നിങ്ങളുടെ ഈ സന്തോഷം എനിക്ക് കാണാൻ കഴിഞ്ഞല്ലോ മക്കളെ……
അമ്മക്ക് അത് മാത്രം മതി….. മോൾക്ക് അമ്മയോട് പിണക്കമൊന്നും തോന്നരുതേ……..
അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം.. വര ലക്ഷ്മിയെയും കുഞ്ഞിനേയും അവളുടെ അമ്മക്കൊപ്പം വിടാൻ പോലും ധർമ്മന്റെ അമ്മ തയ്യാറല്ലായിരുന്നു…. വരലക്ഷ്മിയുടെ അമ്മയെയും കൂടേ കൂട്ടി……
പിന്നെ അങ്ങോട്ട് ആഘോഷം തന്നെ ആയിരുന്നു വേദു കുളിപ്പിക്കലും പ്രസവ ശ്രുസൂക്ഷയും ആയി ദിവസങ്ങൾ ഓടി മറഞ്ഞു…
ഒരു കുഞ്ഞു വന്നപ്പോൾ വീടിനുണ്ടായ മാറ്റം ധർമ്മനും വർലക്ഷ്മിയും നോക്കി കാണുകയായിരുന്നു….
കുഞ്ഞിനെ കുളിപ്പിക്കുന്നതൊക്കെ അവൾ നോക്കി ഇരുന്നു………
കുളിപ്പിക്കുന്നതിനു മുൻപ് കുഞ്ഞിനെ എണ്ണ തേച്ചു കിടത്തും… അവിടെകിടന്നു കയ്യും കാലുമൊക്കെ ഉയർത്തി കളിക്കണം അതിനു ശേഷം കുളിപ്പിക്കും…..
കുളിച്ചു കഴിയുമ്പോൾ കുഞ്ഞിന്റെ ചെവിയിലും നേരുകിലും ഒക്കെ പതിയെ ഊതി കൊടുക്കും…… നെറുകു അമർത്തി തുടക്കില്ല……… അങ്ങനെ ഓരോന്നൊക്കെ അവൾക്കു പറഞ്ഞു കൊടുക്കും……
ഇന്നാണ് കുഞ്ഞിന്റെ നൂലുകെട്ടു……. പുറുത്തി നൂലിൽ മഞ്ഞൾ തേച്ചു അതിലാണ് ചരടുകെട്ടു…
പിന്നെ കരുത്തനൂലിൽ പട്ടിയുടെ ലോക്കറ് ഇടംപിരി വലം പിരി അതൊക്കെ ഇടും….. കുഞ്ഞിപ്പെണ്ണിനെ വരലക്ഷ്മി താമ്പാളത്തിലെ അരിയിൽ പതിയെ നിർത്തി….
ധർമ്മൻ ചരടുകെട്ടി…. പൊന്നാരഞാണം ഇട്ടു…. കാൽത്തളയും ഇട്ടു…… വരലക്ഷ്മിയുടെ അമ്മ കുഞ്ഞിനെ മാല അണിയിച്ചു….. ധർമ്മന്റെ അമ്മ കുഞ്ഞികയ്യിൽ വളകൾ അണിയിച്ചു…………
നാവിൽ വയമ്പു തേച്ചു…….. അടുത്തിരുന്ന ധർമ്മൻ വെറ്റിലകൊണ്ട് ഒരു ചെവി മറച്ചു കുഞ്ഞിനെ പേര് വിളിച്ചു….. പവിത്ര…. പവിത്ര…. പവിത്ര……………
വരലക്ഷ്മി കുഞ്ഞിനെ വാങ്ങി വീടിനുള്ളിലേക്ക് കയറി……. കുഞ്ഞിനെ മടിയിൽ കിടത്തി… പാലുകൊടുത്തു……………..
ഫോൺ ബെൽ അടിക്കുന്നത് കേട്ടുവേഗം അവൾ ചാടി എഴുനേറ്റു….. നാലുപാടും നോക്കി… എന്റെ കുഞ്ഞു…. എന്റെ… കുഞ്ഞു…….
അപ്പോൾ ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ….. എല്ലാം എല്ലാം സ്വപ്നം ആയിരുന്നോ……….. ഉറങ്ങി കിടക്കുന്ന ധർമ്മനെ നോക്കി അവൾ വിങ്ങി വിങ്ങി കരഞ്ഞു….
ഓ നേരം ഇനിയും വെളുത്തില്ലായിരിക്കും തമ്പുരാട്ടിക്ക്…. ധർമ്മന്റെ അമ്മയുടെ പായാരം കേട്ടു അവൾ മുറിക്കു പുറത്തേക്കിറങ്ങി… പതിവ് ജോലികളിൽ ഏർപ്പെട്ടു………
രാവിലെ ധർമ്മൻ ജോലിക്ക് പോയി കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ തള്ള ധർമ്മന്റെ അമ്മയുടെ അടുത്തെത്തി…..
എന്നാലും നിന്റെ മോന്റെ ഒരു കുഞ്ഞിനെ ലാളിക്കാൻ നിനക്ക് കഴിയുന്നില്ലല്ലോ…… ഓരോ ദിവസം കഴിയും തോറും പ്രായം കൂടിവരികയല്ലേ….
അല്ലെങ്കിൽ തന്നെ എത്ര എത്ര നല്ല ആലോചനകൾ ആണ് ഞാൻ കൊണ്ട് വന്നത് എന്നിട്ട് അതൊന്നും നിന്റെ മോനു പിടിച്ചോ….
ഇല്ല ഓരോന്നിനും ഓരോ കുറ്റം അല്ലായിരുന്നോ… എന്നിട്ട് ഇറ്റപ്പെട്ടതോ….. ഒരു പുൽക്കൊടി പോലും മുളക്കാത്ത ഒരു മച്ചി പെണ്ണിനെ… ഇപ്പോൾ കിടന്നു അനുഭവിക്കുന്നത് കണ്ടില്ലേ…
എന്റെ മരുമോൾ കണ്ടോ ഒറ്റപ്രസവത്തിൽ രണ്ടു ഇരട്ട കുട്ടികൾ ആ ജോലി എളുപ്പം ആക്കി അതും രണ്ടും ആൺകുട്ടികൾ….
അപ്പുറത്ത് നിന്നും മരുമോളുടെ വിളികേട്ട് അവർ എഴുനേറ്റുപോയി…….
അടുക്കളയിൽ വന്നവർ വരലക്ഷ്മിയേ തന്നെ നോക്കി……
ഇടയ്ക്കിടയ്ക്ക് കണ്ണുകൾ തുടച്ചു ജോലി ചെയ്യുന്നവനെ നോക്കി നെടുവീർപ്പിട്ടു…. ആണും പെണ്ണും ആയിട്ട് ഈശ്വരൻ ഒന്നിനെ തന്നുള്ളൂ…
ഭർത്താവ് മരിച്ചപ്പോൾ കൈക്കുഞ്ഞുമായി തുടങ്ങിയ ജീവിതം ആണ്.. ഇത്രയും കാലം മകന് വേണ്ടി ജീവിച്ചു….. അവന്റെ ഒരു കുഞ്ഞിനെ കാണാൻ ആഗ്രഹിച്ചത് അത്രയും വലിയതെറ്റാണോ…….
അവർ നേരെ അടുക്കളയിലേക്ക് വന്നു അപ്പോൾ വര ലക്ഷ്മിയേ അവിടെ കണ്ടില്ല… നേരെ മുറിയിൽ ചെന്നുനോക്കി… അവൾ കിടക്കുന്നതു കണ്ടു തിരികെ പോയി…..
അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ആണ് വല്ലാത്ത ക്ഷീണം തോന്നിയത്.. നേരെ മുറിയിൽ വന്നു കിടന്നതേ ഓർമ്മയുള്ളു…..
ഏറെ നേരം ഉറങ്ങിപ്പോയി… ഉച്ചക്ക് കഴിക്കാൻ അമ്മ വിളിക്കുമ്പോൾ ആണ് ഉണർന്നത്……
അവൾ വേഗത്തിൽ എഴുനേറ്റു…. എന്താണ് നിനക്ക് സുഖമില്ലേ…..
വല്ലാത്ത ക്ഷീണം തോന്നി അതാണ് ഒന്നു കിടന്നതു ഇപ്പോൾ കുഴപ്പമില്ല… പിന്നെ അവർ ഒന്നും ചോദിച്ചില്ല….
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ തല ചുറ്റുന്നപോലെ തോന്നി…. വാതിലിൽ പിടിക്കും മുൻപേ ഊർന്നു നിലത്തേക്ക് വീണു….
ധർമ്മൻ അവളെ താങ്ങിയെടുത്തു വണ്ടിയിൽ കിടത്തി അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പോയി……
പരിചയമുള്ള ഡോക്ടർ ആയിരുന്നു അവർ നോക്കി പരിശോധിച്ചിട്ടു റൂമിലേക്ക് വിളിച്ചു….
നിങ്ങളുടെ പ്രാർഥനയും വഴിപാടും ഒന്നും വെറുതെ ആയില്ല… സന്തോഷിക്കാനുള്ള കാരണമാണ് . വൈഫ് പ്രെഗ്നന്റ് ആണ്…….
ധർമ്മനും വരലക്ഷ്മിയും മുഖത്തോട് മുഖം നോക്കിയിരുവരുടെയും കണ്ണ് നിറഞ്ഞു……. അമ്മയുടെയും…………