(രചന: മഴമുകിൽ)
ഞാൻ എത്രയും പെട്ടെന്ന് വരാം നോക്കാം… ഇവിടെ അറബിയോട് ചോദിച്ചു പെർമിഷൻ കിട്ടിയില്ല. മനു വിഷമത്തോടെ ഫോൺ വച്ചു.
എന്തുപറഞ്ഞു മീനു… അവൻ
അമ്മ വിഷമത്തോടെ ചോദിച്ചു..
അവൻ അറബിയോട് ലീവ് ചോദിച്ചിട്ട് കിട്ടിയില്ല അമ്മേ ഇനി ഏജന്റുമായി ഒന്ന് സംസാരിച്ചതിനു ശേഷം വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.,
ഏകദേശം 11 മണിയോടുകൂടി മനുവിന്റെ കോൾ മീനുവിനെ തേടിയെത്തി..
എന്തായെട നിനക്ക് ലീവ് കിട്ടിയോ. മീനു വെപ്രാളത്തോടുകൂടി ചോദിച്ചു.
ഏജന്റുമായി ഞാൻ കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചു അയാൾ ഇടപെട്ടതുകൊണ്ട് അറബിയുടെ കയ്യിൽ നിന്നും ലീവ് കിട്ടി ഞാൻ ഇന്ന് വെളുപ്പിനുള്ള ഫ്ലൈറ്റിനു തിരിക്കും നാളെ വൈകുന്നേരത്തോടുകൂടി അവിടെ എത്തും.
എന്നാൽ ശരിയെടാ രാവിലെ ഏട്ടനോട് എയർപോർട്ടിൽ വരാൻ പറയാം..
നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോൾ ആകെ മരവിച്ച അവസ്ഥയായിരുന്നു മനുവിനു.
പുറത്തേക്കിറങ്ങി വരുമ്പോൾ കണ്ടു അവനെയും കാത്തു നിൽക്കുന്ന അളിയനെ.
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ സൂരജിന് പറയാൻ വാക്കുകൾ ഒന്നും ഇല്ലായിരുന്നു. നീ എന്തായാലും സമാധാനിക്ക് നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു നോക്കാം. അതു മാത്രമേ എനിക്ക് പറയാൻ കഴിയു.
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ കണ്ടു ബെഡിൽ തളർന്നു കിടക്കുന്ന അമ്മയെ. അടുത്തുതന്നെ മീനുവും അവളുടെ രണ്ടു മക്കളും ഇരിപ്പുണ്ട്.
മനു അമ്മയുടെ അടുത്തായി ചെന്നിരുന്നു. അവരുടെ ശിരസ്സിൽ പതിയെ തലോടിയതും ലത കണ്ണുകൾ തുറന്നു മനുവിനെ നോക്കി.വേഗത്തിൽ എഴുന്നേറ്റ് മനുവിന്റെ മാറിലേക്ക് മുഖം ചേർത്തുവെച്ചു വിങ്ങി പൊട്ടി..
മനു അമ്മയെ ഒരു കൈ കൊണ്ട് ചേർത്തുപിടിച്ചു. ഇടതു കൈയിൽ ഉയർത്തി കണ്ണുകൾ തുടച്ചു.
അമ്മ ഇതെന്താ കാണിക്കുന്നത് അവനെയും കൂടി ഇങ്ങനെ സങ്കടപ്പെടുത്തരുത്.
ഞങ്ങൾ ആകുന്നതുപോലെയല്ല അന്വേഷിച്ചു ഒടുവിലാണ് പോലീസിൽ പരാതിപ്പെട്ടത്. ഇന്ന് രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടായിരുന്നു അവളുടെയും കുഞ്ഞിന്റെയും ഒരു ഫോട്ടോയും കൂടി കൊടുത്തിട്ടുണ്ട്.
എന്നാലും അവൾക്ക് എങ്ങനെ തോന്നിയെടീ എന്നോട് ഇത് ചെയ്യാൻ.. മനു മീനുവിന്റെ മുഖത്തേക്ക് നോക്കി.
നിന്റെ ഭാഗത്തും തെറ്റുകൾ ഉണ്ട് മനു പക്ഷേ ഇപ്പോൾ അതൊന്നും പറയുന്നില്ല. എന്തായാലും നീ സമാധാനമായി കിടന്നുറങ്ങ് രാവിലെ സ്റ്റേഷനിൽ പോണം.
ഏകദേശം ഉച്ചയോടുകൂടി സ്റ്റേഷനിൽ നിന്നും ഫോൺ ഉണ്ടായിരുന്നു മീനുവിന്. പോലീസുകാർ നിർദ്ദേശിച്ചത് അനുസരിച്ചു. മീനുവും മനുവും സൂരജും കൂടിയാണ് പോലീസ് നിർദ്ദേശിച്ചതനുസരിച്ച് കോടതിയിലേക്ക് ചെന്നത്.
കോടതിക്കുള്ളിലേക്ക് കയറി നിൽക്കുമ്പോൾ മനു കണ്ടു തന്റെ ഭാര്യയെയും അവൾക്കൊപ്പം നിൽക്കുന്ന മറ്റൊരു പുരുഷനും. അവളുടെ കൈകളിൽ പിടിച്ചു നിൽക്കുന്ന തുമ്പി മോളെയും…
മനു ഒന്നുകൂടി ശ്രദ്ധിച്ചുനോക്കുമ്പോഴാണ് കണ്ടത് ശ്രീജയുടെ വയറ് തള്ളിയിരിക്കുന്നു.. കണ്ടത് വിശ്വസിക്കാനാവാതെ അവൻ മീനുവിന്റെ മുഖത്തേക്ക് നോക്കി അവളും ഞെട്ടി തരിച്ച് നിൽക്കുന്ന അവസ്ഥയിലാണ്.
കോടതിയിൽ അവൾക്ക് പറയുന്നതിന് ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ ചേട്ടനെ ഉപദ്രവിക്കരുത് എനിക്കയാളോടൊപ്പം പോകാനാണ് താല്പര്യം.
പ്രായപൂർത്തിയായതുകൊണ്ട് സ്വന്തം തീരുമാനത്തിൽ ജീവിക്കാനുള്ള അവകാശം അവൾക്കുണ്ട് അതുകൊണ്ട് കോടതി അവൾ പറഞ്ഞത് കണക്കിലെടുത്തു. പക്ഷേ കുഞ്ഞിനെ അവളുടെ ഒപ്പം വിടുന്നതിന് മനുവിനും ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല.
കുഞ്ഞിനെ അവൻ തിരികെ ആവശ്യപ്പെട്ടു. ശ്രീജയ്ക്കും കുഞ്ഞിനെ മനുവിനെ ഏൽപ്പിക്കുന്നതിന് വിഷമം ഒന്നുമുണ്ടായില്ല. കുഞ്ഞിനെ മനുവിന്റെ കയ്യിൽ ഏൽപ്പിച്ചു ശ്രീജ അയാളോടൊപ്പം നടന്നു പോയി.
കോടതിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ അവളുടെ മുന്നിലേക്ക് മീനു ചെന്നുനിന്നു. നിനക്ക് എങ്ങനെ ഇത്രയും ചതിവ് ഞങ്ങളുടെ കുടുംബത്തോട് കാണിക്കാൻ തോന്നി.
മൂന്നു വയസ്സായ ഈ പെൺകുട്ടിയെയും കൊണ്ട് അന്യ ഒരുത്തന്റെ കൂടെ ഇറങ്ങി പോകാൻ നിനക്ക് എങ്ങനെ തോന്നി.
നീ ഗർഭിണിയായിരുന്നോ ഇതൊക്കെ എങ്ങനെ മറച്ചുവെക്കാൻ നിനക്ക് കഴിഞ്ഞു.
ഇന്ന് നീ ഇവനെ ഉപേക്ഷിച്ച് മറ്റൊരുത്തന്റെ കൂടെ പോയി നാളെ നീ അവനെയും കളഞ്ഞു മറ്റൊരുത്തനെ തേടി പോകില്ലെന്ന് ആരു കണ്ടു..
ഇത്രയൊക്കെ കേട്ടിട്ടും ഒരു കൂസലുമില്ലാതെ നിൽക്കുന്ന ശ്രീജയെ കണ്ടപ്പോൾ മനുവിനു ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല.അവനവളെ അടിക്കുന്നതിനായി കയ്യും ഓങ്ങിക്കൊണ്ട് അടുത്തേക്ക് ചെന്നു..
എന്റെ ശരീരത്തിൽ തൊട്ടുപോകരുത്… നിങ്ങൾക്ക് അതിനുള്ള അവകാശമില്ല.
എല്ലാ പെൺകുട്ടികളെയും പോലെയാണ് ഞാനും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. എന്നിട്ട് … നിങ്ങൾ എന്നെ സ്നേഹത്തോടെ ഒന്നു നോക്കിയിട്ടുണ്ടോ..
ഒരു ഭാര്യയായി പരിഗണിച്ചിട്ടുണ്ടോ. സ്നേഹത്തോടെയുള്ള നിങ്ങളുടെ ഒരു ചേർത്തു പിടിക്കലിന് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.
എന്നും രാത്രിയിൽ നിങ്ങളുടെ വരവും കാത്തിരിക്കുന്ന എന്നിക്കു മുന്നിൽ നിങ്ങൾ ഇന്നുവരെ സ്വബോധത്തോടെ വരുന്നത് കാണാൻ കഴിഞ്ഞിട്ടില്ല. ബോധം മറയുവോളം കുടിച്ചു വരുന്ന നിങ്ങളെ പിടിച്ചുകൊണ്ട് ബെഡിൽ കിടത്തുന്നതു വരെ ഞാനായിരുന്നു.
സ്നേഹത്തോടെയുള്ള ഒരുവാക്ക് സംസാരിക്കാനോ, ഒരു ചേർത്തു പിടിക്കലോ ഉണ്ടായിട്ടില്ല. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം എന്റെ ശരീരം വേണമായിരുന്നു… അതും ബോധമില്ലാതെ.
എനിക്കും ആഗ്രഹങ്ങൾ ഉണ്ടെന്നു നിങ്ങൾ അറിഞ്ഞില്ല… അല്ലെങ്കിൽ നിങ്ങൾ അറിയാൻ ശ്രമിച്ചില്ല.. നിങ്ങളുടെ ആവശ്യംകഴിഞ്ഞു നിങ്ങൾ തിരിഞ്ഞു കിടന്നുറങ്ങുമ്പോൾ നിങ്ങൾ പകർന്ന വികാരത്തിന്റെ അഗ്നിശമിപ്പിക്കാൻ കഴിയാതെ ഞാൻ എത്രമാത്രം കര ഞ്ഞിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ…
നിനക്കുനാണമില്ലേ ഇങ്ങനെ സംസാരിക്കാൻ…. മീനു അവളുടെ നേർക്കു ചീറി…
എന്തിനാണ് ചേച്ചി ഞാൻ നാണിക്കുന്നത്. ചേച്ചിയുടെ ഇഷ്ടം മനസിലാക്കി എല്ലാം ചെയ്തുതരാൻ ചേട്ടൻ ഉണ്ടല്ലോ.. എന്റെ ഭർത്താവിന് അതിനുള്ള കഴിവില്ല.
അതിനിടയിൽ ഇയാളുടെ സ്വഭാവം നന്നാക്കാൻ ഗൾഫിലേക്ക് വിട്ടു.
ഇയാളുടെ സ്വഭാവം നിങ്ങൾക്ക് നേരത്തെ അറിയാൻ പാടില്ലായിരുന്നോ, ഉത്തരവാദിത്വമില്ലാതിരുന്ന ഒരുത്തനെ ഉത്തരവാദിത്വം ഉണ്ടാകാൻ വേണ്ടി പിടിച്ചു പെണ്ണുകെട്ടിക്കുന്നു ഇതൊക്കെ എന്താ പരീക്ഷണം ആണോ. ഒരു പെൺകുട്ടിയുടെ ജീവിതം വച്ചല്ല ഈ പരീക്ഷണങ്ങൾ ഒന്നും നടത്തേണ്ടത്.
ഇതൊന്നും എന്നെ ന്യായീകരിക്കില്ല എന്ന് എനിക്കറിയാം. എന്നെ കേൾക്കാൻ ഒരാൾ തയ്യാറായപ്പോൾ എന്റെ സങ്കടങ്ങൾക്ക് ഒരു ആശ്വാസം പകർന്നു തന്നപ്പോൾ സ്വാഭാവികമായി ഞാൻ അയാളിലേക്ക് ചാഞ്ഞു.
ഞങ്ങൾ തമ്മിൽ പരസ്പരം ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ അയാളാണ്.
ഇനിയും ഇത് ആരിൽ നിന്നും ഒളിച്ചുവയ്ക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഞാൻ അമ്മയുടെ വീട്ടിൽ നിന്നും ഒളിച്ചോടി പോകാൻ തന്നെ കാരണം.
പോയപ്പോൾ എന്റെ കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് പോകാൻ തോന്നിയില്ല അതുകൊണ്ടാണ് കൂടെ കൂട്ടിയത്. ഇനി ഞാൻ അവളെയും നിങ്ങൾക്ക് വേണ്ടി തരികയാണ്.
ഇനിയുള്ള എന്റെ ജീവിതം ഞാൻ ഇയാളോടൊപ്പം ജീവിച്ചു തീർത്തു കൊള്ളാം. എന്നെ തിരഞ്ഞ് ആരും വരേണ്ട കാര്യമില്ല ഈ ജീവിതത്തിൽ എനിക്ക് നഷ്ടമാണോ ലാഭമാണോ സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല.
എന്തുതന്നെ വന്നാലും അത് അനുഭവിക്കാൻ തയ്യാറായിട്ട് തന്നെയാണ് ഞാൻ ഇയാളോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്. ഒരിക്കലും ഇനി ഞാൻ നിങ്ങളിലേക്ക് തിരിച്ചു വരികയില്ല.
കുഞ്ഞിനെ ചേർത്തുപിടിച്ച് അവളുടെ ഇരു കവളുകളിലും മാറിമാറി ചുംബിച്ചു ശ്രീജ.
അവന്റെ കൈകളിൽ തന്റെ കൈകൾ കോർത്തു പിടിച്ചുകൊണ്ട് കോടതി വരാന്തയിൽ നിന്നും ഇറങ്ങിനടന്നു ശ്രീജ
മനു തിരികെ ഗൾഫിലേക്ക് പോയി കുഞ്ഞിന്റെ ചുമതല മുഴുവനും മീനു ഏറ്റെടുത്തു. തന്റെ 2ആണ്മക്കൾക്കൊപ്പം അവളും വളർന്നു. മനുവിന്റെ മകൾ . അവൾ വയസറിയിച്ചു.. ചടങ്ങുകൾ എല്ലാം മീനു ഭംഗിയായി നടത്തി.
അവളുടെ മുഖത്തു എപ്പോഴും ഒരു വിഷാദമായിരുന്നു.അമ്മയില്ലാത്ത വേദന അവളെ വല്ലാതെ അലട്ടിയിരുന്നു. അത് മനസിലാക്കിയിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ……
മീനു അവളെ സ്നേഹമായി തന്നെയാണ് നോക്കുന്നത് പക്ഷെ പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ലല്ലോ….. എന്ന ചൊല്ല് അന്വര്ധമാക്കുന്നതായിരുന്നു……
ശ്രീജയെക്കുറിച്ചു പിന്നീട് ആരും ഒന്നും തന്നെ അന്വേഷിച്ചില്ല.
ഇടയ്ക്കു അവധിക്കു മനു നാട്ടിൽ വന്നപ്പോൾ മറ്റൊരു വിവാഹത്തെക്കുറിച്ചു ബന്ധുക്കൾ സൂചിപ്പിച്ചു.. പക്ഷെ മറ്റൊരുപെണ്ണിന്റെ ശാപം കൂടി ഇനിയും വേണ്ടാ. താൻ ഒരിക്കലും ഒരു നല്ല ഭർത്താവ് അല്ലെന്നു അവനറിയാമായിരുന്നു.
ഇതൊരു സംഭവ കഥയാണ്. ഇങ്ങനെയും സംഭവിക്കും.