(രചന: മഴമുകിൽ)
മുറിയിലേക്ക് വരുമ്പോൾ വരുൺ കണ്ടു പൂജ ഉറങ്ങുന്നത്…. എന്നത്തേയും പോലെ ഇന്നും അവൾ തന്നെ അവോയ്ഡ് ചെയ്യുകയാണെന്ന് ഓർത്തപ്പോൾ അവനു ഇടനെഞ്ചിൽ ഒരു വേദന തോന്നി…
ഒന്നും മിണ്ടാതെ തന്നെ ചെന്ന് അവളുടെ അടുത്തേക്ക് കിടന്നു… ഒരു കട്ടിലിന്റെ രണ്ടു വശത്തായി രണ്ടുപേരും……
ഒരിക്കലും അടുക്കാൻ കഴിയാത്തതുപോലെ പൂജയുടെ മനസ്സ് വരുണിൽ നിന്നും അകന്നിരുന്നു….
വരുൺ മുറിയിലേക്ക് കയറിവരുന്നതും കിടക്കുന്നതും എല്ലാം പൂജയും അറിയുന്നുണ്ടായിരുന്നു പക്ഷേ മനപ്പൂർവ്വം അവന് മുഖം കൊടുക്കാതിരിക്കുന്നതിന് വേണ്ടി തന്നെയാണ് കണ്ണുകൾ ഇറുക്കി അടച്ചു കിടന്നത്…
വിവാഹം കഴിഞ്ഞ് ആറുമാസം ആയതേയുള്ളൂ അതിനിടയിൽ തന്നെ തങ്ങൾക്കിടയിൽ എങ്ങനെയാണ് ഇത്രയും വലിയൊരു അകൽച്ച വന്നത് എന്നായിരുന്നു വരുണിന്റെ ചിന്ത മുഴുവൻ……
വരുണിന്റെയും പൂജയുടെയും വിവാഹം വീട്ടുകാർ മുൻകൈയെടുത്ത് നടത്തിയതാണ്..
വരുണിന് ഒരു ജ്യേഷ്ഠനാണ് ജേഷ്ഠന്റെ വിവാഹം കഴിഞ്ഞ് ഒരു വർഷമായി അപ്പോഴേക്കും വരുന്നിനും വിവാഹമായി… ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എൻജിനീയർ ആണ് പൂജ… കാഴ്ചയിൽ സാമാന്യം തടിച്ച പ്രകൃതക്കാരിയായിരുന്ന
വരുണിനും ആവശ്യത്തിൽ കൂടുതൽ തടിയുണ്ടായിരുന്നു…. വിവാഹത്തിനു മുൻപൊന്നും രണ്ടുപേരും തമ്മിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല…
എൻഗേജ്മെന്റിനു ശേഷമാണ് ശരിക്കും പറഞ്ഞാൽ വരുണു പൂജയോട് ഒന്ന് സംസാരിക്കുന്നത് തന്നെ.. അപ്പോൾ പ്രത്യേകിച്ച് ഇഷ്ട കുറവൊന്നും പൂജയുടെ ഭാഗത്തുനിന്നും ഉള്ളതായി തോന്നിയില്ല…
വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും പൂജയുടെ സ്വഭാവത്തിൽ സാരമായ മാറ്റം സംഭവിച്ചു തുടങ്ങി.. വരുണിൽ നിന്നും എപ്പോഴും അകന്നു മാറിയിരിക്കും. ഒരു വീട്ടിൽ തന്നെ താമസിക്കുന്ന രണ്ട് അപരിചിതരെ പോലെയായി അവർ…
കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും വരുണിന് മനസ്സിലായില്ല.. അവന്റെ ഭാഗത്തുനിന്നും പൂജയോട് മോശമായ രീതിയിലുള്ള ഒന്നും തന്നെ ഉണ്ടായിട്ടില്ല…
ഒരു ദിവസം പൂജയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് വിളിച്ചത് കാരണം വരുണാണ് അവളെ പിക്ക് ചെയ്യാനായി ഓഫീസിലേക്ക് പോയത്.. അന്ന് ഓഫീസിനുള്ളിലേക്ക് കടന്നു ചെന്നപ്പോൾ പലരും എന്നെ പരിഹാസത്തോടെ നോക്കുന്നത് കണ്ടു….
അന്ന് ആദ്യമായി വരുണിനു ചില സംശയങ്ങൾ തോന്നിത്തുടങ്ങി….
വൈകുന്നേരം… പൂജ.. ഫോണും നോക്കിയിരിക്കുന്ന സമയത്ത് വരുൺ അവളുടെ അടുത്തേക്ക് ചെന്നു…
എനിക്ക് പൂജയോട് ചില കാര്യങ്ങൾ സംസാരിക്കുവാൻ ഉണ്ട്…
പൂജ എന്തെന്നുള്ള അർത്ഥത്തിൽ വരുണിനെ മുഖമുയർത്തി നോക്കി…
എന്നെ ബോഡി ഷേമിങ്ങിങ് നടത്തി ആരെങ്കിലും പൂജയേ കളിയാക്കിയിട്ടുണ്ടോ..
അതാണോ പൂജയ്ക്ക് എന്നോടുള്ള ഈ അകൽച്ചയ്ക്ക് കാരണം… ഇന്ന് പൂജയുടെ ഓഫീസിൽ വന്നപ്പോൾ എനിക്ക് തോന്നി ഞാനാണ് പൂജയുടെ വിഷമത്തിന് കാരണമെന്ന്…
എന്താണെങ്കിലും പൂജ എന്നോട് തുറന്നു പറഞ്ഞെ മതിയാകൂ.. കുറച്ചുദിവസമായി ഒരു മുറിക്കുള്ളിൽ രണ്ട് അപരിചിതരെ പോലെയാണ് നമ്മൾ പെരുമാറുന്നത്..
അതിനുള്ള കാരണം എന്താണെന്ന് എനിക്ക് അറിഞ്ഞേ പറ്റൂ…അതല്ലെങ്കിൽ ഈ ബന്ധവുമായി മുന്നോട്ടു പോകാൻ എനിക്ക് താല്പര്യ കുറവുണ്ട്…..
വിവാഹത്തിനു മുൻപ് പൂജ എന്നെ കണ്ടിട്ടുള്ളതാണ് ഞാൻ പൂജയെയും. പൂജയുടെ സങ്കല്പത്തിലുള്ള ഒരു ഭർത്താവല്ല ഞാൻ എങ്കിൽ പൂജയ്ക്കു അത് വീട്ടുകാരോട് തുറന്നു പറയാമായിരുന്നു..
പക്ഷേ അന്നൊന്നും പൂജ അത് ചെയ്യാതെ പിന്നീട് ജീവിതം തുടങ്ങുമ്പോൾ തന്നെ ഈ രീതിയിൽ പെരുമാറുന്നത് ഒട്ടും തന്നെ ശരിയായില്ല…
വരുണിന്റെ ഈ ശരീരപ്രകൃതി എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്… എന്റെ ഫ്രണ്ട്സിന്റെ ഇടയിലും ഫാമിലിയിലും ഞാനിതിന്റെ പേരിൽ ഒരുപാട് പരിഹാസം കേൾക്കുന്നുണ്ട്..
വരുണിന് അങ്ങനെയുള്ള ഒരു വിഷമവും ഇതുവരെ തോന്നിയിട്ടില്ലേ..ആളുകളുടെ ഇടയിൽ ഇറങ്ങുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരു നാണക്കേട് തോന്നിയിട്ടില്ലേ…..
വിവാഹത്തിന് മുമ്പ് പൂജ എന്തുകൊണ്ടാണ് ഈ കാര്യങ്ങളൊക്കെ തുറന്നു പറയാത്തത്..
വിവാഹത്തിന്റെ കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ ഞാൻ വീട്ടുകാരോട് പറഞ്ഞിരുന്നതാണ് വരുണിന്റെ ഈ ശരീരത്തെ പ്രകൃതിയെക്കുറിച്ച്….
അന്നൊക്കെ അവർ എന്നോട് പറഞ്ഞിരുന്നത് എന്താണെന്ന് വെച്ചാൽ ശരീരം മെയിന്റയിൻ ചെയ്യുന്നതിന് വേണ്ടി വരുൺ ഹെൽത്ത് ക്ലബ്ബിൽ ഒക്കെ പോകും അതിനുള്ള എല്ലാ കാര്യങ്ങളും ചെയ്തു വച്ചിട്ടുണ്ട് എന്നൊക്കെയാണ്….
അപ്പോൾ ഞാനും കരുതി ഹെൽത്ത് ക്ലബ്ബിലേക്ക് പോയി കഴിയുമ്പോൾ കുറച്ചു ഫിറ്റ്നസ് ഒക്കെ ആകുമല്ലോ എന്ന്….
പക്ഷേ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ എനിക്ക് മനസ്സിലായി വരുണിന് ഈ വക കാര്യങ്ങളിൽ ഒന്നും ഒരു താല്പര്യവുമില്ലെന്ന്…..
എനിക്ക് എന്റെ ഫ്രണ്ട്സിന്റെ മുൻപിൽ എന്റെ ഹസ്ബൻഡ് എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത് തന്നെ നാണക്കേടാണ്……
അതിനിടയിലാണ് ഇന്ന് വരുൺ ഓഫീസിലും കൂടെ കയറിവന്നത്… അല്ലെങ്കിൽ തന്നെ അവരുടെ ഇടയിൽ ഞാൻ ഈ കാര്യം പറഞ്ഞു നാണംകെട്ട് നിൽക്കുകയാണ്.
അത്രയുമായപ്പോഴേക്കും വരുൺ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി…..
ഹാളിൽ ചെന്നിരിക്കുമ്പോൾ അവന്റെ മനസ്സിലൂടെ പൂജ പറഞ്ഞ ഓരോ വാക്കുകളും കടന്നുപോയി… തന്നെ ഇത്രയും അധികം മാനസിക സമ്മർദ്ദത്തിൽ ആക്കിയ പൂജ യുടെ വാക്കുകളിലൂടെ വരുൺ സഞ്ചരിച്ചു…..
ഒടുവിൽ കുറച്ചുനേരം ആലോചിച്ച് എന്തോ തീരുമാനം ഉറപ്പിച്ച് എടുത്തത് പോലെ മുറിയിലേക്ക് പോയി….
ഈ ബന്ധം തുടർന്നു കൊണ്ടുപോകാൻ പൂജ ക്ക് താൽപര്യമില്ല എങ്കിൽ നമുക്ക് ഇവിടെ വച്ച് പിരിയാം………… എനിക്കിതിൽ മറ്റൊന്നും പറയാനില്ല….
പിന്നെ പൂജ മനസ്സിലാക്കേണ്ട ഒന്നുണ്ട്… ഈ ശരീരം തടിവെക്കുന്നതും കുറയുന്നതും ഒന്നുമല്ല ജീവിതത്തിന്റെ മാനദണ്ഡം സ്നേഹിക്കാൻ നല്ലൊരു മനസ്സ് വേണം…
എത്ര വണ്ണവും പൊണ്ണവും ആണെങ്കിലും സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടോ എന്ന് മാത്രമേ ഞങ്ങൾ ആണുങ്ങൾ നോക്കാറുള്ളൂ..
ഒന്നോ രണ്ടോ പ്രസവം കഴിയുമ്പോൾ ശരീരത്തിന് വ്യതിയാനം വരുന്ന സ്ത്രീകളെ ഭർത്താവ് അതിന്റെ പേരിൽ മാറ്റി നിർത്തുകയോ, ഒറ്റപ്പെടുത്തുകയോ ചെയ്യുന്ന എത്രയോ സ്ത്രീകളുണ്ട്….. ആർക്കും ഇതൊക്കെ സംഭവിക്കാവുന്നതേയുള്ളൂ…….
എന്തായാലും ഇപ്പോഴെങ്കിലും ഇതെല്ലാം തുറന്നു പറയാൻ കാണിച്ച ആ മനസ്സിന് ഒരു നന്ദി പറയുന്നു…
പൂജയ്ക്ക് പറയാൻ പിന്നെ ബാക്കി ഒന്നും ഉണ്ടായിരുന്നില്ല….
വരുൺ തന്നെയാണ് വീട്ടുകാരുടെ മുൻപിൽ ഈ കാര്യങ്ങളെല്ലാം അവതരിപ്പിച്ചത്.. വീട്ടുകാരുടെ എതിർപ്പുകളെ പോലും കാറ്റിൽ പറത്തിക്കൊണ്ട് ,, ഇരുവരും മ്യൂച്ചൽ ഡിവോഴ്സിന് കോടതിയെ സമീപിച്ചു..
പിന്നീട് ഡിവോഴ്സിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു…
വരുണുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി ഏകദേശം ആറുമാസം കഴിഞ്ഞപ്പോൾ തന്നെ പൂജയുടെ വിവാഹം മറ്റൊരാളുമായി നടത്തി.. വരുണിനെ കുറിച്ച് പിന്നീട് പൂജ ഒരിക്കൽപോലും ആലോചിച്ചിരുന്നില്ല….
പക്ഷേ വിവാഹബന്ധം വേർപ്പെട്ടതോടുകൂടി വരുൺ കടുത്ത മാനസിക സമ്മർദ്ദത്തിന് അകപ്പെട്ടുപോയി വരുണിന്റെ സുഹൃത്തിന്റെ ജേഷ്ഠൻ സൈക്കാട്ട്രിസ്റ്റാണ്..
കൂട്ടുകാരന്റെ നിർബന്ധത്തിന് വഴങ്ങി വരുൺ രണ്ടു മൂന്നു തവണ ചേട്ടന്റെ കൗൺസിലിങ്ങിന് പോയി..
കൗൺസിലിങ്ങിന് പോയതിൽ നിന്നും വരുണിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് വരുൺ ഒരു ഹെൽത്ത് ക്ലബ്ബിൽ ജോയിൻ ചെയ്തു..
കൃത്യമായ വ്യായാമത്തിലൂടെയും ആഹാരരീതിയിലൂടെയും യോഗയിലൂടെയും ഒക്കെ.. വരുണിന് അവന്റെ ശരീരവണ്ണം പൊക്കത്തിന് അനുസരിച്ച് ക്രമപ്പെടുത്തി കൊണ്ടുവരാൻ കഴിഞ്ഞു….
തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ വരുൺ വലിയ സന്തോഷത്തോടുകൂടിയാണ് നോക്കി കണ്ടത്…
വരുൺ തന്റെ കർമ്മമേഘല ബോഡിബിൽഡിംഗ് പ്രവർത്തന രംഗത്തേക്ക് കൂടി പറിച്ചു മാറ്റി…. ചെറിയ ചെറിയ സ്റ്റേജ് ഷോകളിലൂടെ തുടങ്ങി ഇപ്പോൾ വരുൺ അറിയപ്പെടുന്ന ഒരു ബോഡി ബിൽഡർ ആണ്…
പത്രങ്ങളിലും മാസികകളിലും കൊടുക്കുന്ന ഇന്റർവ്യൂകളിൽ പലപ്പോഴും വരുണിന് നേരെ വന്നൊരു ചോദ്യമായിരുന്നു ഈ മേഖലയിലേക്ക് കടന്നുവരാൻ ഉണ്ടായ കാരണം എന്താണെന്ന്….
ഏതൊരു ആണിന്റെ വിജയത്തിന്പിന്നിലും ഒരു പെണ്ണ് ഉണ്ടാകും എന്ന് പറയുന്നതുപോലെ എന്റെ വിജയത്തിന്പിന്നിലും ഒരു പെണ്ണുണ്ടായിരുന്നു….
പക്ഷേ എന്നെ മോട്ടിവേറ്റ് ചെയ്ത് ഈ രംഗത്തേക്ക് കൊണ്ടുവരുന്നതിനല്ല, എന്റെ ബോഡി ഷേമിങ് നടത്തി എന്നെ പരിഹസിക്കുന്നതിലായിരുന്നു അവൾ തിടുക്കം കാട്ടിയിരുന്നത്….
അതാരാണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. പക്ഷേ ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് അവരോട് നന്ദി മാത്രമേ ഉള്ളൂ……
ഏതുനേരവും ടിവിയും കണ്ട് ഇങ്ങനെ എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് നീ ഇങ്ങനെ തടി കൂടുന്നത്..
ഒരു പ്രസവം കഴിഞ്ഞപ്പോൾ തന്നെ ആളുകളുടെ മുന്നിലേക്ക് കൊണ്ടുപോകാൻ കഴിയാത്തത്ര വൃത്തികെട്ട വണ്ണമായി നീ…… ഓഫീസിലുള്ളവർ നിന്റെ പേരും പറഞ്ഞ് കളിയാക്കുകയാണ്.. എന്നെ….
എന്റെ പൂജ നിനക്ക് ഏതെങ്കിലും ഹെൽത്ത് ക്ലബ്ബിൽ പോയി ചേർന്നുകൂടെ…. അതെങ്ങനെയാ കുഞ്ഞിനെ നോക്കണമെന്ന് കാര്യം പറഞ്ഞുകൊണ്ട് ഒന്നും ചെയ്യാതെ മേലെങ്ങാതെ വീട്ടി ഇരിക്കുകയല്ലേ…. എന്റെ ഒരു വിധി അത് പറഞ്ഞാൽ മതിയല്ലോ…….
ടിവിയിലേക്ക് നോക്കി വരുണിന്റെ ഇന്റർവ്യൂ കാണുമ്പോൾ… അറിയാതെ പൂജയുടെ കണ്ണുകളിൽ ഒരു തുള്ളി നീർ പൊടിഞ്ഞു….