ബെസ്റ്റ് ഫ്രണ്ട്
(രചന: Mejo Mathew Thom)
“ചാരൂ….. നിന്റെ ഫോൺ ഒന്നുതന്നെ…. എന്റെ നെറ്റ് ഓഫർ തീർന്നു… അച്ഛന് ഒരു മെസ്സേജ് അയക്കട്ടെ… ”
എന്നുപറഞ്ഞു അപ്രതീക്ഷിതമായി അമ്മ മുറിയിലേക്ക് കയറി വന്നപ്പോൾ കട്ടിലിൽ ചാരിയിരുന്നുകൊണ്ടു ഫോണിൽ എന്തോ ചെയ്തു കൊണ്ടിരുന്ന അവൾ ഒന്ന് ഞെട്ടി…
“എന്താ ഇത്ര അത്യാവശ്യ മെസ്സേജ്… ?”
എങ്കിലും പെട്ടന്ന് സമചിത്തത വീണ്ടെടുത്തു അവൾ ചോദിച്ചു..
മുഖമുയർത്താതെയുള്ള ചോദ്യത്തിനിടയ്ക്കു അവൾ ഫോണിൽ എന്തൊക്കെയോ ധൃതിയിൽ ചെയ്തു…
“മതി പെണ്ണെ ഇരുന്നു കുത്തിയത്… നിനക്ക് പഠിയ്ക്കാനൊന്നുമില്ലേ…? ഈ വർഷം പ്ലസ്ടു ആണെന്നുള്ളത് മറക്കണ്ട…ഇങ്ങു താ….”
എന്ന് പറഞ്ഞുകൊണ്ട് അമ്മ ഫോൺ പിടിച്ചിമേടിച്ചു
“എന്താ അമ്മേ…ഞാനാ ശ്രീകുട്ടിക്ക് കുറച്ചു നോട്ട്സ് അയച്ചു കൊടുക്കുവാരുന്നു…
അവൾ രണ്ടു ദിവസമായി ലീവ് ആണ്…. അത് കംപ്ലീറ്റ് ആയില്ല…അമ്മയ്‌ക്കെന്താ ഇത്ര അത്യാവശ്യം…?”
അവളുടെ സ്വരത്തിൽ ഫോൺ പിടിച്ചു വാങ്ങിയതിലുള്ള ദേഷ്യം നിറഞ്ഞിരുന്നു
“അച്ഛനും മോളും കൂടെയല്ലേ നാളെ ബിരിയാണി വേണമെന്ന് പറഞ്ഞത്…. ഇപ്പോ നോക്കിയപ്പോഴാ കണ്ടത് ബിരിയാണി മസാല തീർന്നിരിക്കുവാ…
ആ മസാല പാക്കറ്റിന്റെ ഫോട്ടോ എടുത്ത് ഒന്നയച്ചു കൊടുക്കട്ടെ അല്ലെങ്കിൽ അച്ഛൻ വേറെ ഏതെങ്കിലും കമ്പനിടെ മേടിച്ചോണ്ടു വരും….”
അവളുടെ ദേഷ്യം കണ്ടില്ലെന്നുനടിച് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേയ്ക്കു പോയി…..
അവൾ നഖം കടിച്ചുകൊണ്ട് കട്ടിലിൽത്തന്നെ എന്തൊക്കെയോ ചിന്തയിൽ ഇരുന്നു അല്പസമയത്തിനുള്ളിൽ അമ്മ ഫോൺ തിരിച്ചു കൊണ്ടുവന്നു
“ഇന്നാ നിന്റെ ഫോൺ…. പിന്നെ അച്ഛൻ വിളിച്ചാൽ ഫോൺ എനിക്കുത്തരണേ… ”
എന്നുപറഞ്ഞു അമ്മ പുറത്തേയ്ക്കു നടക്കാനായി തിരിഞ്ഞു…ഫോൺ കിട്ടിയ ആവേശത്തിൽ അവൾ ദൃതിയിൽ എന്തോ ചെയ്യാൻ തുടങ്ങുമ്പോഴേക്കും
“കഴിഞ്ഞ ദിവസം ഫോണിൽക്കൂടെ അവന് ഉമ്മ കൊടുത്തപ്പോൾ മോൾക്ക് എന്താ തോന്നിയത് ”
പുറത്തേയ്ക്കു നടക്കാനായി തുടങ്ങിയ അമ്മ പെട്ടന്ന് തിരിഞ്ഞു അവളെ നോക്കി ചോദിച്ചതുകേട്ടു അവൾ ഒന്ന് നടുങ്ങി കയ്യിലിരുന്ന ഫോൺ വിറച്ചു….
“എന്താ…….മ്മേ….ആർക്ക്……ഉമ്മ…..”
ശരീരത്തിലെ വിറയൽ അവളുടെ സ്വരത്തിലും നിഴലിച്ചു
“ചാരൂ നീ ശ്രീകുട്ടിക്കു മെസ്സേജ് അയച്ചില്ലേ ഇന്നലെ രാത്രി അവൻ ഉമ്മചോദിച്ചതും നീ ഫോണിലൂടെ കൊടുത്തതുമൊക്കെ… ”
അവളുടെ മുഖത്തേക്കു നോക്കി കൊണ്ടുള്ള അമ്മയുടെ ചോദ്യങ്ങളെ താങ്ങാനാവാതെ അവളുടെ തല കുനിഞ്ഞു…
മറുപടിയില്ലാതെ കൈവിരലുകൾ പരസ്പരം തിരുമ്മിക്കൊണ്ടിരിക്കുന്ന അവളുടെ അടുത്തു ചെന്നിരുന്നു കൊണ്ടു അമ്മ തുടർന്നു
“മോളൂ….കുറച്ചുനാളുകൾ മുൻപുവരെ ഉണ്ടായിരുന്ന അടുപ്പം ഇപ്പോൾ നിനക്ക് എന്നോടില്ല…
പണ്ട് എന്നോട് എല്ലാം പറഞ്ഞിരുന്ന നീ ഇപ്പോൾ പലതും എന്നിൽ നിന്നും മറയ്ക്കുന്നു പലതും നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ശ്രീകുട്ടിയോടു പറയുന്നുണ്ടെന്നു മനസിലായതു കൊണ്ടാ
ഞാൻ ശ്രീക്കുട്ടിയുടെ മെസ്സേജസ് എടുത്തു നോക്കിയത് അതുകൊണ്ടാ ഫോൺ തന്നപ്പോൾ പല ചാറ്റിംഗ് ഹിസ്റ്ററി കളും നീ ഡിലീറ്റു ചെയ്തിട്ടും ഞാൻ ഇതറിഞ്ഞത്… ”
“അമ്മാ…… ഞാൻ… ” അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു
“ഞാൻ മോളെ കുറ്റപ്പെടുത്തുവല്ല… നിന്റെ പ്രായത്തിലുള്ള കുട്ടികൾക്ക് മാതാപിതാക്കൾ ഫോൺ വാങ്ങിത്തരുന്നത് നിങ്ങൾക്ക് നല്ലതിനുപകരിയ്ക്കാൻ വേണ്ടിയാണ്
പക്ഷെ അതാണ് ഇപ്പോൾ പല പെൺകുട്ടികളുടെയും ദുരന്തങ്ങൾക്കു കാരണം..
ശാരീരികമായും മാനസികമായും പെണ്ണെന്ന വളർച്ചയിലൂടെ കടന്നുപോകുന്ന ഈ പ്രായത്തിൽ പലതും കാണാനും അറിയുവാനുമുള്ള ആകാംഷ കൂടും…
അത് മുതലാക്കാനുള്ള കഴുകൻ കണ്ണുകൾ ധാരാളമുണ്ട് ഇന്നത്തെ സമൂഹത്തിൽ..
ഇന്നലെ ഉമ്മ കൊടുത്തപ്പോൾ മോൾക്ക് മാനിസിൽ തോന്നിയ വികാരം പിന്നീട് അത് അനുഭവിച്ചറിയുവാനുള്ള ആഗ്രഹമാകും..അവസാനം ഒരു കുടുംബത്തിനെ തന്നെ ഒരു ദുരന്തത്തിലേയ്ക്ക് തള്ളിവിടും ”
അമ്മ ഒന്ന് നിറുത്തിയ ശേഷം അവളെ നോക്കി അപ്പോഴും അവൾ തലകുമ്പിട്ടിരിക്കുകയായിരുന്നു.. കുറ്റബോധത്താൽ അവളുടെ മിഴികൾ നിറഞ്ഞുതുളുമ്പി..
അമ്മ ഒന്നുടെ അവളുടെ അടുത്തേയ്ക്കു ചേർന്നിരുന്നു കൊണ്ടു അവളുടെ മുഖം പിടിച്ചുയർത്തി തന്റെ സാരിത്തലപ്പുകൊണ്ട് തുടച്ചശേഷം തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു തുടങ്ങി
“ആൺ സൗഹൃദങ്ങൾ പാടില്ല എന്നല്ല ഞാൻപറഞ്ഞത്… ഇന്നത്തെ സമൂഹത്തിൽ നല്ല ആൺ സൗഹൃദങ്ങൾ പെൺകുട്ടികൾക്ക് ഒരു സംരക്ഷണമാണ്..
അത് തിരഞ്ഞെടുക്കുമ്പോഴാണ് എന്റെ മോള് ശ്രെദ്ധിയ്ക്കേണ്ടത്..
എത്ര ആഴത്തിലുള്ള ബന്ധമാണേലും വാക്കോ പ്രവർത്തിയോ നിന്റെ ശരീരത്തിലേക്ക് നീളുന്നുണ്ടെങ്കിൽ ആ ബന്ധം ആ നിമിഷം തന്നെ അവസാനിപ്പിച്ചേക്കണം ”
പെട്ടന്നാണ് അവളുടെ ഫോണിൽ മെസ്സേജ് ട്യൂൺ റിംഗ് ചെയ്തത്..
അത് ഓപ്പൺ ചെയ്യുമ്പോൾ അവളുടെ വിരലുകൾ ചെറുതായി വിറച്ചിരുന്നു അത് വായിച്ചൂടെ കഴിഞ്ഞപ്പോൾ അവളുടെ നെഞ്ചിടിപ്പുകൂടി ആ ഭയം അവളുടെ മുഖത്തും പ്രതിഫലിച്ചു
“ആരുടെ മെസ്സേജ് ആയിരുന്നു… ?”
സംശയം ഭാവത്തിലുള്ള ചോദ്യത്തോടൊപ്പം അമ്മയുടെ നെറ്റി ചുളിഞ്ഞു…
അവൾ മറുപടി ഒന്നും പറയാതെ ഫോൺ അമ്മയുടെ കയ്യിലേക്ക് കൊടുത്തു.. അവർ അത് വായിച്ചു..
പേര് സേവ് ചെയ്യാത്ത ഒരു നമ്പർന്നായിരുന്ന മെസ്സേജ്
‘എന്താടോ ഞാൻ ചോദിച്ചത് നീ തരില്ലേ.. തനിക്കെന്നെ അത്രയ്ക്ക് വിശ്വസമില്ലേ.. ?
താൻ വീട്ടിലെ ലുക്കിലുള്ള ഒരു ഫോട്ടോ അത്രയല്ലേ ഞാൻ ചോദിച്ചോള്ളൂ ‘
“ഇത് ആരാ അയച്ചിരിക്കുന്നെ നിന്റെ കൂടെ പഠിയ്ക്കുന്നവനാണോ… ?”
എന്തോ തിരുമാനിച്ചുറപ്പിച്ചായിരുന്നു അമ്മയുടെ ചോദ്യം.. അതേയെന്നവൾ തലയാട്ടി
അമ്മ ആ നമ്പറിലേക്കു ഒരു റിപ്ലെ ടൈപ്പ് ചെയ്തു
‘ഞാൻ ചാരുലതയുടെ അമ്മയാണ്.. മോൻ മോന്റെ അമ്മയെയും കൂട്ടി ഇങ്ങോട്ട് വാ.. വീട്ടിലുള്ള ലുക്കിൽ ചാരൂ നെ നേരിട്ടു കാണാലോ എനിക്ക് മോനെയും മോന്റെ അമ്മയെയും ഒന്ന് പരിചയപ്പെടുകയും ചെയ്യാലോ.. ‘
“ഇനിയും അവൻ ഇതുപോലത്തെ മെസ്സേജ് അയച്ചാൽ മോളെന്നോട് പറഞ്ഞാമതിട്ടോ മറുപടി ഞാൻ കൊടുത്തോളാം ”
റിപ്ലെ സെന്റ് ചെയ്തശേഷം ഫോൺ അവൾക്കു തിരിച്ചുകൊടുത്തുകൊണ്ടു പറഞ്ഞു അവൾ ഫോൺ ഓഫ് ചെയ്തു കട്ടിലിലേക്കിട്ടു
“മോളെ ഒരാണും പെണ്ണും പരസ്പരം ശരീരം കാണുന്നതും പങ്കുവയ്ക്കുന്നതും നമ്മുടെ നാട്ടുനടപ്പനുസരിച്ചു വിവാഹത്തിന് ശേഷമാണ് അപ്പോഴല്ലേ ആദ്യരാത്രിയ്‌ക്കൊക്ക അതിന്റെ ശരിയായ അർത്ഥമുണ്ടാകു…..
അതിനെക്കുറിച്ചൊക്കെ സമയമാകുമ്പോൾ അമ്മ പറഞ്ഞു തരാട്ടോ..
ഇപ്പോൾ എന്റെ മോളെഴുനെറ്റുവന്നു മുഖമൊക്കെ കഴുകി ഒന്ന് ഫ്രഷ് ആകു അമ്മ ചായ എടുക്കാം ”
എന്നുപറഞ്ഞു അമ്മ കട്ടിലിൽ നിന്നെഴുനേറ്റു പുറത്തേയ്ക്കു പോകാനൊരുങ്ങി. .. പെട്ടന്നാണ് അവൾ അമ്മയുടെ കയ്യിൽ പിടിച്ചു നിറുത്തിയത്
“എന്താടി ചാരൂ ” അവർ തിരിഞ്ഞു അവളെ നോക്കികൊണ്ട് ചോദിച്ചു
അവൾ ഒന്നും പറയാതെ കട്ടിലിൽ നിന്നെഴുനേറ്റുവന്നമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു “അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് “