പുരുഷധനം
(രചന: Mejo Mathew Thom)
“വിവാഹം കഴിയുന്നതോടെ സ്ത്രീയുടെ അഡ്രസ്സ് വരെ മാറുന്നു.. പിന്നെ അവൾ പുരുഷന്റെ കുടുംബം നിലനിർത്താനായി ജീവിയ്ക്കുന്നു കാരണം അവൾ പെറ്റുവളർത്തുന്നത് പുരുഷന്റെ തലമുറയെയാണ്..
എന്നിട്ടും വിവാഹം നടക്കണമെങ്കിൽ സ്ത്രീധനം എന്നപേരിൽ സ്ത്രീ ഒരു വൻതുക പുരുഷനു കൊടുക്കേണ്ടിവരുന്നു…
ഇതിൽ എവിടെയാണ് സ്ത്രീ സുഹൃത്തുക്കളെ ന്യായം….എവിടെയാണ് സമത്വം….? അതുകൊണ്ട് ഇനിമുതൽ സ്ത്രീധനം എന്ന ഏർപ്പാട് തന്നെ നിറുത്തലാക്കണം….
പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീ ഈ നൂറ്റാണ്ടിൽ നമ്മുടെ നാട്ടിൽ ഇല്ല എന്നുതന്നെ പറയാം അതുകൊണ്ട് നിങ്ങൾ തന്നെ മുന്നോട്ടുവരണം
സ്ത്രീ സമൂഹത്തിന്റെ വിലയിടിക്കുന്ന സ്ത്രീധനം എന്ന വൻവിപത്തിനെ നമ്മുടെ നാട്ടിൽനിന്നും വേരോടെപിഴുതെറിയാൻ… ”
കഴിഞ്ഞദിവസം വനിതാശാക്തീകരണ സെമിനാറിൽ താൻ നടത്തിയ പ്രസംഗം യൂട്യൂബിൽ വൈറൽ ആയതുംകണ്ട് ആത്മ നിർവൃതിപൂകിയിരിക്കുകയിരുന്നു ടൌൺ വനിതക്ലബ് പ്രസിഡന്റ് മിസ്സിസ് അന്നമ്മജോൺ…
അപ്പോഴാണ് കോളിംഗ്ബെൽ ശബ്ദിച്ചത്…
ഉണർന്നിരുന്നു കണ്ടുകൊണ്ടിരുന്ന പകൽ കിനാവിന് ഭംഗം വന്നതിന്റെ നിരാശയിൽ മൊബൈൽ ഹാളിലെ ടീപ്പോയിൽ തന്നെ വച്ചെഴുനേറ്റുപോയി വാതിൽ തുറന്നപ്പോൾ പരിചയമില്ലാത്തൊരു മുഖം…
“ഞാൻ…തോമസ് …. ഇവിടുത്തെ പെൺകൊച്ചിനൊരു കല്യാണാലോചനയുമായി വന്നതാ ”
ആരാണെന്നു ചോദിയ്ക്കും മുൻപ് ആഗതൻ സ്വയം പരിചയപെടുത്തി കൊണ്ട് വരവിന്റെ ഉദ്ദേശവും പറഞ്ഞു…
“വരൂ… അകത്തേക്കിരിയ്ക്കാം..” വന്നയാളെ അകത്തേയ്ക്ക് ക്ഷണിച്ചുകൊണ്ട് അവർ ഭർത്താവിനെ നീട്ടിവിളിച്ചു
“ജോണിച്ചായാ… ഒന്നിങ്ങുവന്നേ.. ”
ഞായറാഴ്ചയുടെ അലസതയ്ക്കു മാറ്റുകൂടാൻ ഉച്ചയൂണ് കഴിഞ്ഞൊരു ഒരു ചെറുതുമടിച്ച് ഒന്നുറങ്ങാനായ്കിടന്ന ജോണിച്ചായൻ ഭാര്യയുടെ വിളികേട്ട് മനസ്സിൽ അവളെ മനസ്സിൽ നാല് ചീത്തയുംപറഞ്ഞു ഹാളിലേക്ക് വന്നു…
“എന്നതാടികാര്യം.. ?”
വന്നയാളെ ഒന്ന് നോക്കിയശേഷം സെറ്റിയിലേക്കിരുന്നു ജോണിച്ചായന്റെ ചോദ്യത്തിൽ ആ ഉറക്കം പോയതിന്റെ നിരാശയുണ്ടായിരുന്നു…
“അതെ ഇച്ചായാ നമ്മുടെ അനുമോൾക്ക് ഒരു കല്യാണാലോചനയുമായി വന്നതാ ഇയാൾ.. ”
അവരുടെ വാക്കുകളിൽ മകളുടെ വിവാഹകാര്യത്തിൽ ഒരമ്മയ്ക്കുണ്ടാവുന്ന ആകാംഷ ഉണ്ടായിരുന്നു…
പക്ഷെ ആ ആകാംഷയെല്ലാം തല്ലികെടുത്തും പോലായിരുന്നു ഇച്ചായന്റെ മറുപടി
“എന്നിട്ട് എന്നെയാണോ വിളിക്കേണ്ടത്… ? ആദ്യം അവളെയല്ലേ വിളിക്കേണ്ടത്… അവളുടെ ഭാവിജീവിതകാര്യമല്ലേ.. ?”
ഒഴുക്കൻമട്ടിൽ മറുപടിപറഞ്ഞുകൊണ്ടു ഇച്ചായൻ സെറ്റിയിലേക്കൊന്നുടെ അമർന്നിരുന്നു..
എന്തോ കടുപ്പത്തിൽ ഇച്ചായനോട് തിരിച്ചുപറയാൻ ഒരുങ്ങിയ അന്നമ്മജോൺ അത് പുറത്തോട്ടു വിടാതെ കടിച്ചമർത്തി ഒരു ഇറക്കുമതി ചെയ്ത ചിരിയോടെ ആഗതനെ ഒന്ന് നോക്കി..
“അതാ അതിന്റെ ശരി.. കല്യാണം കഴിയ്ക്കാൻ പോകുന്നവർ തമ്മിലാണ് ആദ്യം കണ്ടിഷ്ടപ്പെട്ടു തീരുമാനം എടുക്കേണ്ടത്.. അതു കഴിഞ്ഞു മതി മുതിർന്നവരിടപെട്ടു ബാക്കികാര്യങ്ങൾ തീരുമാനിക്കേണ്ടത് ”
തനിയ്ക്കറിയാൻ പാടില്ലാത്ത ഒരു പുതിയകാര്യം വീട്ടുകാരൻ പറഞ്ഞുതന്നതു പോലുള്ള വന്നയാളുടെ മറുപടികേട്ട് മിസിസ് ജോൺ മിസ്റ്റർ ജോൺ നെ അമ്പരപ്പോടെ നോക്കി..
“അയ്യോ.. മോൾ ഇപ്പോൾ ഇവിടില്ല അവളുടെ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ പോയതാ…”
“അവൾ അധികം വൈകാതെ വരും.. അതിരിക്കട്ടെ നിങ്ങൾ ഇതുവരെ നിങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ..?.”
ആഗതനെ ഒന്ന് ചുഴിഞ്ഞിനോക്കിയിരുന്നു ഇച്ചായന്റെ ചോദ്യം
“ഞങ്ങൾ ഇടുക്കിക്കാരാണ്.. കാർന്നോന്മാരായിട്ടേ കൃഷിയൊക്കെയായി അവിടെത്തന്നെയാ…
ഞാൻ പയ്യന്റെ അമ്മാവനാ പയ്യൻ പഠിച്ചത് ഇവിടെ മഹാരാജാസിലാ ഇവിടുത്തെ കൊച്ചിന്റെ സീനിയർ ആയിരുന്നു..
പിന്നെ കഴിഞ്ഞദിവസം മാഡം നടത്തിയ പ്രസംഗം യൂട്യൂബിൽ കണ്ടു.. അതും കൂടി കഴിഞ്ഞപ്പോൾ അവൻ തന്നെയാ ഇങ്ങനൊരു ആലോചന മുന്നോട്ടുവച്ചത്..
Msc കഴിഞ്ഞേപ്പിന്നെ അവൻ തന്നെയാ വീട്ടിലെ കൃഷിയൊക്കെ നോക്കുന്നത് അവനും അതുതന്നെയാണ് താല്പര്യവും പിന്നെ ആണും പെണ്ണും ആയി അവനല്ലേ ഉള്ളു… ”
ആഗതൻ വളരെ കാര്യമായി പറഞ്ഞെങ്കിലും മിസിസ് ആൻഡ് മിസ്റ്റർ ജോൺ ന്റെ മുഖം അത്രപ്രകാശിച്ചില്ല അതവരുടെ വാക്കുകളിലൂടെ പുറത്തേക്കു വരുകയും ചെയ്തു…
“സ്ത്രീധനം എന്ന കാര്യത്തെക്കുറിച്ചു ആലോചിക്കുകപോലും വേണ്ട… കല്യാണം കഴിഞ്ഞും വേറൊന്നും പ്രതീക്ഷിക്കണ്ട…
കാരണം ഒരു പുരുഷന് ഒരു കുടുബജീവിതം വേണമെന്നുണ്ടെങ്കിൽ ഒരു സ്ത്രീ വേണം അതുകൊണ്ട് ഇണ വേണമെന്നുള്ളത് അവന്റേയും കൂടെ ആവശ്യമാണ്..
അല്ലാതെ സ്ത്രീയ്ക്ക് മാത്രം ഒരു കൂടുതേടാനുള്ള ചടങ്ങല്ല കല്യാണത്തിലൂടെ ഉദ്ദേശിക്കുന്നത്… ”
അന്നമ്മ ജോൺ ന്റെ വാക്കുകളിൽ ഒരു താല്പര്യമില്ലായ്മ്മ തെളിഞ്ഞിരുന്നു
“നിങ്ങളുടെ അതെ അഭിപ്രായമാണ് ഞങ്ങൾക്കും പ്രേത്യേകിച്ചു പയ്യന്… അപ്പോൾപിന്നെ സ്ത്രിധനെക്കുറിച്ചു ചിന്തിക്കുകപോലും വേണ്ടല്ലോ..
എന്നാപ്പിന്നെ മോളെ ഒന്ന് വിളിച്ചുനോക്കാമോ എപ്പോൾ വരുമെന്നറിയാലോ.. വൈകുമെങ്കിൽ ഞങ്ങൾ പോയിട്ട് പിന്നെ വരാം ”
അയാളുടെ വാക്കുകളിൽ പ്രേതീക്ഷയുടെ വെളിച്ചമായിരുന്നു പക്ഷെ ജോണിച്ചായന്റെ മറുപടിയിൽ ആ വെളിച്ചമണഞ്ഞു
“മിസ്റ്റർ തോമസ്.. ഈ ഒരു ബന്ധത്തിനോട് ഞങ്ങൾക്ക് താല്പര്യമില്ല കാരണം ഒരു ഗവണ്മെന്റ് എംപ്ലോയ് അല്ലെങ്കിൽ പ്രൈവറ്റ് സെക്ടറിൽ ഗുഡ് പൊസിഷനിൽ ഉള്ള ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്..
മകളുടെ ഭർത്താവ് ഒരു കൃഷിക്കാരാണ് എന്ന് എങ്ങനെ പറയും ഈ സൊസൈറ്റിയിൽ… ”
പറഞ്ഞു നിർത്തിയ ശേഷം ഒളികണ്ണിട്ട് ഇച്ചായൻ ഭാര്യയെ ഒന്ന് നോക്കി..
താൻ പറഞ്ഞതിന് കുഴപ്പമില്ല എന്ന് ആ മുഖത്തും കണ്ടപ്പോൾ അയാൾ പതിയെ ആഗതനെ നോക്കി..അയാൾ എന്തോ ആലോചിച്ചു പുറത്തേയ്ക്കു നോക്കിയിരിക്കുവാരുന്നു
“ഞങ്ങളുടെ ആഗ്രഹം തുറന്നു പറഞ്ഞൂന്നേയൊള്ളൂ അല്ലാതെ നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ”
ഇച്ചായൻ പറഞ്ഞതിനെ ന്യായികരിച്ചു കൊണ്ട് മിസ്സിസ് പറഞ്ഞൊപ്പിച്ചു
“എനിക്ക് വിഷമമൊന്നുമില്ല പക്ഷെ ഇന്നത്തെ സമൂഹത്തിൽ സ്ത്രീധനം പോലെത്തന്നെ ഒരു വിപത്തായി മാറികൊണ്ടിക്കുകയാണ്
വിവാഹാലോചനയിൽ ആണിന്റെ ജോലി എല്ലാവർക്കും സർക്കാർ ജോലിക്കാരൻ അല്ലെങ്കിൽ വൈറ്റ് കോളർ ജോലിക്കാരൻ മതി..
കൃഷിക്കാരൻ അല്ലെങ്കിൽ സ്വന്തം ആഗ്രഹത്താൽ ഏതെങ്കിലും കൈത്തൊഴിൽ ചെയ്യുന്നവൻ ഇവർക്കൊക്കെ പെണ്ണുകിട്ടാൻ ബുദ്ധിമുട്ടാണ്..”
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ അയാളുടെ മൊബൈൽ റിംഗ് ചെയ്തു
” പയ്യനാ..അവൻ പുറത്ത് വണ്ടിയിലിരിക്കുവാ എന്തായെന്നറിയാൻ വിളിക്കുവാ ”
പോക്കറ്റിൽ നിന്നും ഫോൺ എടുത്തുനോക്കിയശേഷം അവരോടായി പറഞ്ഞുകൊണ്ട് കാൾ അറ്റൻഡ് ചെയ്ത് അയാൾ പുറത്തേക്കു പോയി..
അല്പസമയത്തിനുള്ളിൽ അയാൾ കാൾ അവസാനിപ്പിച്ചു തിരിച്ചുവന്നു
“നിങ്ങൾ പറഞ്ഞതുപോലെ ഞാൻ അവനോട് പറഞ്ഞു അപ്പോൾ അവന് ഒരാഗ്രഹം മാഡം നടത്തിയ പ്രസംഗത്തിന് മാഡത്തോട് നേരിട്ട് ഒരു അഭിനന്ദനം അറിയിക്കണമെന്ന്..”
അയാൾ വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു
“അതിനെന്താ കയറിവരാൻ പറയൂ ആ കുട്ടിയോട് ”
മിസ്സിസ് ജോൺ ആണ് പറഞ്ഞത് ആ പറച്ചിലിൽ സ്വന്തം കഴിവിൽ ആത്മനിർവൃതിയാണയാനുള്ള ഒരു തിടുക്കം ഉണ്ടായിരുന്നു
“എന്നാൽ ഞാൻ ആ ഗൈറ്റൊന്ന് തുറന്നു കൊടുത്തിട്ടു വരാം.. കാറൊന്നു അകത്തേക്കിടാനാ “എന്നും പറഞ്ഞ് അയാൾ ഗെയിറ്റ് തുറക്കാനായി പുറത്തേയ്ക്കു പോയി
“വല്ല മാരുതികാറും ആയിരിക്കും”
എന്നുപറഞ്ഞു ഇച്ചായൻ എഴുനേറ്റു പുറത്തേയ്ക്കു പോയി പുറകെ മിസ്സിസും അപ്പോഴേക്കും അയാൾ ഗൈറ്റ് തുറന്നശേഷം തിരിച്ചു സിറ്റ്ഔട്ടിൽ എത്തിയിരുന്നു
ഒരു പഴയ മാരുതികാറും പ്രതീക്ഷിച്ചു നിന്ന അവരുടെ മുന്നിലേയ്ക്ക് ഒരു ബ്ലാക്ക് ഓഡി ക്യു7 നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്റെ തലയെടുപ്പോടെ ഗെയ്റ്റ് കടന്നുവന്നു
“ഇതാരാ ഈ കാറിൽ വരുന്നേ ?”
കാറുകണ്ട അമ്പരപ്പ് വിട്ടുമാറാതെ അന്നമമജോൺ അല്പം ഉറക്കെ പിറുപിറുത്തു
“അതല്ലേ പയ്യൻ അവന്റെ കാറാണത് ”
ആഗതന്റെ ഇപ്പോഴത്തെ മറുപടിയിൽ ഒരു മധുരപ്രതികാരത്തിന്റെ ഭാവമുണ്ടായിരുന്നു
“എന്താ ചെറുക്കന്റെ ജോലിന്നു പറഞ്ഞത് ?” ഇത്തവണ ചോദ്യം ഇച്ചായനിൽനിന്നായിരുന്നു അതും മുറ്റത്തുവന്നുനിന്ന കാറിൽനിന്ന് കണ്ണെടുക്കാതെ
“കൃഷി ”
ഒറ്റവാക്കിലായിരുന്നു അയാളുടെ
മറുപടി
“എന്ത് കൃഷി.. ?”
ചോദ്യത്തോടൊപ്പം സംശയംകൊണ്ട് ഇച്ചായന്റെ നെറ്റിചുളിഞ്ഞു
“അങ്ങനെ ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ കൃഷിയും ഉണ്ട് മൂന്നാറോരു പത്തുനാന്നൂറേക്കറോളം തേയിലത്തോട്ടം
പിന്നെ വടക്കൻ ജില്ലകളിലായി കുറച്ച് റബ്ബർ തോട്ടങ്ങൾ പിന്നെ കാപ്പി ഏലം അങ്ങിനെയൊക്കെ.. കേട്ടിട്ടില്ലേ പുലിക്കാട്ടിൽ പ്ലാന്റേഷൻ ന്ന്…”
അയാൾ പറഞ്ഞു നിറുത്തിയപ്പോഴേയ്ക്കും മിസ്സിസ് ആൻഡ് മിസ്റ്റർ ജോൺ ന്റെ മുഖങ്ങൾ വിളറി വെളുത്തിരുന്നു..
അപ്പോഴേയ്ക്കും കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും സ്വർണ്ണ കസവ് മുണ്ടും ലിനന്റെ വൈറ്റ് ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി..
ഒരു ചെറു പുഞ്ചിരിയോടെ അവൻ സിറ്റ്ഔട്ട് ലേക്ക് നടന്നു കേറി ജോണിച്ചായന്റെ നേരെ കൈനീട്ടികൊണ്ടു പറഞ്ഞു
“ഞാൻ എബി.. എബി പോത്തൻ പുലിക്കാട്ടിൽ ”
അമ്പരപ്പുമാറാതെ നിന്ന ജോണിച്ചായൻ യാന്ത്രികമായി ഹസ്തദാനം ചെയ്തു
“ആന്റിയുടെ പ്രസംഗം കണ്ടു…തകർത്തു സ്ത്രീധനത്തിനെതിരായി ഇനിയും പ്രവർത്തിയ്ക്കണം…
പിന്നെ അനു നെ കല്യാണം കഴിയ്ക്കാൻ ആഗ്രഹം തോന്നി അത് അവളോട് പറഞ്ഞപ്പോൾ വീട്ടിൽ വന്നു സംസാരിയ്ക്കാൻ പറഞ്ഞു അതു കൊണ്ടാണ് അമ്മാവനെയും കൂട്ടി വന്നത്…
എന്റെ പ്രൊഫൈലിൽ കൃഷി ആണ് എന്റെ തൊഴിൽ കാരണം എല്ലാ തൊഴിലിനും അതിന്റെതായ മാന്യത ഉണ്ട്.. ”
അവൻ പറഞ്ഞു നിറുത്തിയിട്ടും അവർക്ക് മറുപടി ഉണ്ടായിരുന്നില്ല അൽപനേരം അവരെ നോക്കിയശേഷം അവൻ തുടർന്നു
“ആദ്യം തന്നെ പയ്യന്റെ ജോലി കൃഷി എന്നുപറയാതെ എന്റെ ആസ്തി മുഴുവൻ പറയുകയായിരുന്നെങ്കിൽ നിങ്ങൾ ഒരു തടസവും പറയാതെ ഈ കല്യാണത്തിന് സമ്മതിച്ചേനെ അല്ലേ..
എന്തായാലും നിങ്ങളുടെ തീരുമാനത്തിന് മാറ്റമുണ്ടായാൽ എന്നെ അറിയിച്ചാൽമതി എന്റെ ഫോൺ നമ്പർ അനു ന്റെ കയ്യിലുണ്ട്.. എങ്കിൽ ഞങ്ങൾ പോകട്ടെ ?”
“അയ്യോ… ഒരു ചായപോലും കുടിയ്ക്കാതെ പോകുവാണോ.. ?”
പെട്ടന്ന് ജോണിച്ചായൻ ആ അമ്പരപ്പിന്ന് മോചിതനായി ചോദിച്ചു
“”ഇപ്പോൾ വേണ്ട… പിന്നീട് ആകണോന്ന് നിങ്ങളുടെ തീരുമാനം പോലെ…”
എന്നുപറഞ്ഞു മറുപടിയ്ക്കു കാത്തു നിൽക്കാതെ അവൻ കാറിലേക്ക് കയറി പുറകെ അമ്മാവനും.. കാർ പതിയെ പുറകോട്ടു നീങ്ങിത്തുടങ്ങി..
പരസ്പരം മുഖത്തോടു മുഖം നോക്കി മിസ്റ്റർ ആൻഡ് മിസ്സിസ് ജോൺ അവരുടെ ചിന്താഗതിൽ മാറ്റം ഉണ്ടാകും കാരണം പയ്യന് അവർ ആഗ്രഹിച്ചതിലധികം യോഗ്യതയുണ്ട്….