(രചന: Mejo Mathew Thom)
“സേതൂ….. സേതൂ… സേതുലക്ഷ്മീ…”
രണ്ടുപ്രാവശ്യം വിളിച്ചിട്ടും മറുപടിയില്ലാത്തതിനാൽ മൂന്നാം പ്രാവശ്യം അലപം കടുപ്പത്തിൽ സ്വരമുയർത്തിയാണ് ബാലൻമാഷ് ഭാര്യയെ വിളിച്ചത്
“എന്താ ബാലേട്ടാ… എന്തിനാ ഇങ്ങനെ ഒച്ചയുണ്ടാക്കുന്നെ നാട്ടുകാര് കേൾക്കുവല്ലോ..”
വീടിന്റെ പുറകിൽ നിന്നും വിളിച്ചു പറഞ്ഞ ശബ്ദത്തിനു പിന്നാലെ നിമിഷങ്ങൾക്കുള്ളിൽ കയ്യിൽ ഒരു പാത്രം കറന്നെടുത്ത ചൂടുപാലുമായി സേതു ഏടത്തി ഉമ്മറത്തേക്കുവന്നു…
“എവിവിടെയാരുന്നു താൻ…. ”
വിളിച്ചിട്ടു കാണാഞ്ഞതിന്റെ ചെറിയൊരു ദേഷ്യത്തോടെ ഉമ്മറത്തിണ്ണയിൽ നിന്നു കൊണ്ട് ബാലൻമാഷ് ചോദിച്ചു
“കണ്ടാലറിഞ്ഞുടെ ബാലേട്ടാ…. പശൂനെ കറക്കുവാരുന്നുന്ന്.. സതീശന് പനിയായതുകൊണ്ട് രണ്ടു ദിവസത്തേയ്ക്കു കറവയ്ക്ക് വരില്ലെന്ന് ഇന്നലെ അവന്റെ കൊച്ചു വന്നു പറഞ്ഞാരുന്നു”
ദേഷ്യപ്പെട്ടതിന്റെ ചെറിയൊരു പരിഭവം അവരുടെ സ്വരത്തിലുണ്ടായിരുന്നു
“നമുക്കുപ്രായം പതിനാറല്ല അറുപത് ആകാറായി.. വല്ലവിടെയും ഉരുണ്ടുവീണാൽ നോക്കാൻ ആരുമുണ്ടാകില്ല… മകനുള്ള ഒരുത്തനു വിളിക്കാൻ പോലും നേരമില്ല…”
ആകെയൊരു മകനെയൊള്ളു അവൻ കുടുംബമായി ദുബായിൽ സെറ്റിൽഡാണ് അവൻ ഫോൺ വിളിക്കാത്തതിന്റെ വിഷമവും ദേഷ്യവും കൂടെ ഈ അവസരത്തിൽ ബാലൻമാഷിന്റെ സ്വരത്തിൽ നിറഞ്ഞു
“എന്തിനാ ബാലേട്ടാ ഇങ്ങനെ ദേഷ്യപെടുന്നെ…അകിടു നിറഞ്ഞു നിൽക്കുന്ന അവളുടെ വിഷമം എങ്ങനാ കണ്ടില്ലന്നു നടിക്കുക..?”
പാലുമായ് അകത്തേയ്ക്കു കയറികൊണ്ട് അവർ പറഞ്ഞു….
വാര്യത്തെ കൃഷ്ണമേനോൻ ഫോൺ വിളിച്ചാരുന്നു… മകനും മരുമകളും പേരകുട്ടികളുമായി അവധിക്കാല ആഘോഷങ്ങൾ എന്തൊക്കെയാണെന്നറിയാൻ വിളിച്ചതാ..
അയാളുടെ മക്കളും നമ്മുടെ മോനും ഒരുമിച്ചാത്രെ കഴിഞ്ഞയാഴ്ച നാട്ടിലേയ്ക്ക് വന്നത്..ഭാര്യയും കൊച്ചുങ്ങളും രണ്ടുദിവസം മുൻപ് വന്നിരുന്നുന്ന്…”
ഒറ്റ ശ്വാസത്തിൽ പറഞ്ഞതിന്റെ കിതപ്പിൽ അൽപ്പസമയം നിറുത്തിയ ശേഷം ബാലൻമാഷ് തുടർന്നു
” എന്താ ഞാൻ അയാളോട് മറുപടി പറയുക.. ? മകളു വന്നത് താൻപറയുമ്പോഴാ അറിയുന്നെന്നോ…?
ഭാര്യ പറയുന്നതു കേൾക്കണ്ടാന്നു ഞാൻ പറയുന്നില്ല..പക്ഷെ വല്ലപ്പോഴെങ്കിലും സ്വന്തം അച്ചനെയും അമ്മയെയും ഒന്ന് ഫോൺ വിളിക്കുകയേലും ചെയ്തുടെ…”
പറഞ്ഞു നിർത്തുമ്പോഴേയ്ക്കും അയാളുടെ സ്വരം ഇടറിയിരുന്നു
“ഇതിനാണോ ബാലേട്ടാ ഇത്രയൊക്കെ പറഞ്ഞത്.. മാമ്പൂക്കണ്ടും മക്കളെക്കണ്ടും കിനാവുകൾ കാണല്ലെന്നല്ലേ പഴമക്കാർ പറഞ്ഞിട്ടുള്ളത്…. നമ്മുടെ ജീവിതം തുടങ്ങുമ്പോൾ നമ്മളുരണ്ടുപേരും മാത്രമല്ലേയുള്ളു…
അവസാനിക്കുമ്പോഴും അങ്ങനെത്തന്നെയായിരിക്കും അതിനിടയ്ക്കുള്ള സന്തോഷങ്ങളും സൗഭാഗ്യങ്ങളും കടമകളുമൊക്കെയാ
മക്കളും അവരുടെ ജീവിതവുമൊക്കെ അതൊക്കെ നമ്മൾ ചെയ്തു തീർത്തിലേ ഇനി തുടക്കത്തിലേ പോലെ നമ്മൾ മാത്രമുള്ള ലോകത്തു പ്രണയിച്ചു തീർക്കാം ഈ ജീവിതം…. അതല്ലേ ബാലേട്ടാ നല്ലത്…?”
വിതുമ്പലടക്കി അകങ്ങളിലേക്കു മിഴിപായിച്ചു നിന്നിരുന്ന അയാളുടെ തോളിൽ കൈവച്ചു കൊണ്ടു അവർ പറന്നതുകേട്ടു ആ മിഴികളിലൂറിയ കദന ഭാരം അലിഞ്ഞു തുടങ്ങി…
അയാൾ ഭാര്യയ്ക്കു നേരെതിരിഞ്ഞു നിന്ന് അവരുടെ ഇരുതോളിലും കൈവച്ചു കൊണ്ടു പറഞ്ഞു
“ഇതുവരെ നമ്മുടെപ്രണയത്തിനു ഒരു കുറവും വന്നിട്ടില്ലലോ….പഴകിയ വീഞ്ഞുപോൽ……
എന്നാലും നമ്മുടെ മാതാപിതാക്കളെയൊക്കെ ഒരു കുറവും വരാതെനോക്കിയിട്ടും നമ്മുടെ കാലത്തു…..”
“എന്തിനാ ഇങ്ങനെ ആവശ്യമില്ലാത്തതു ചിന്തിച്ചു കൂട്ടുന്നത്….? ആ സമയത്തുപോയി നാലുവരി കവിതയെഴുതു ബാലേട്ടാ..ഞാൻ പോയി ഉച്ചയ്കത്തേക്കുള്ള കറിവയ്ക്കട്ടെ…”
അയാൾ പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കു കയറി പറഞ്ഞുകൊണ്ടു അവർ വീണ്ടും അയാളെ സമാധാനിപ്പിയ്ക്കാൻ ശ്രെമിച്ചു…
“കവിതയുടെ കാര്യം പറഞ്ഞപ്പോഴാ തന്നെ വിളിച്ചകാര്യം ഓർത്തത്…. കവിയരങ്ങിലേയ്ക്കുവേണ്ടി ഞാൻ മാറ്റിവച്ച കുറച്ചു കവിതകളുടെ ഒരു ഫയൽ കണ്ടാരുന്നോതാൻ…?”
അവരുടെ തോളിൽനിന്നു കയ്യെടുത്തു കൊടു അയാൾ ചോദിച്ചു
“അകത്തെ മുറിയിലെ മേശയുടെ താഴത്തെ അറയിൽ ബാലേട്ടൻ തന്നെയല്ലേ അതുവച്ചത്… മറന്നു പോയോ..?”
അടുക്കളയിലേക്ക് നടന്നുകൊണ്ടു അവർ പറഞ്ഞു…
“ശരിയാ…മറന്നുപോയാടോ..പ്രായമായില്ലേ… എന്താ ഇന്ന് ഉച്ചക്കത്തെയ്ക്ക് കറി…?”
അവരുടെ പുറകെ അകത്തേയ്ക്കു വന്നു കൊണ്ടിരിക്കുന്നിതിനിടയിൽ അയാൾ ചോദിച്ചു.. അപ്പോഴേയ്ക്കും അവർ അടുക്കളയിൽ എത്തിയിരുന്നു അവിടെനിന്നും വിളിച്ചുപറഞ്ഞു
“സാമ്പാറും മുരിങ്ങയിലത്തോരനും തേങ്ങ ചുട്ടരച്ച ചമ്മന്തിയും..”
“വിഭവസമൃദ്ധമാണല്ലോടോ…” എന്നും പറഞ്ഞു ഒന്നുചിരിച്ചുകൊണ്ടു അയാൾ മുറിയിലേയ്ക്കു പോയി… കുറച്ചു നേരം കഴിഞ്ഞപ്പോഴാ പുരത്തിനിന്നും ആരൊക്കെയോ വിളിക്കുന്ന ശബ്ദം
“ബാലൻമാഷേ….ബാലൻമാഷേ ”
“ദാ..വരുന്നുട്ടോ” എന്നും പറഞ്ഞു കൊണ്ടു കൈയിലുണ്ടായിരുന്ന ഫയൽ മേശപുറത്തു തന്നെ വച്ചുകൊണ്ടു അയാൾ ഉമ്മറത്തേക്ക് ചെന്നു…
“അയ്യോ…ആരൊക്കെയാ ഇത്….MLA യോ…? എന്താ വിശേഷിച്ചു ഇങ്ങോട്ടൊക്കെ…അതും പഞ്ചായത്തു അംഗങ്ങൾ എല്ലാവരെയുംകൂട്ടി….”
പ്രതീക്ഷിക്കാത്ത ആളുകളെക്കണ്ട ആശ്ചര്യത്തിൽ അയാൾക്ക് വാക്കുകകൾ കിട്ടാതായി….
“ബാലൻമാഷ്…കാര്യമൊന്നുമറിഞ്ഞിട്ടില്ലന്നു തോന്നുന്നു ”
MLA അടുത്തുനിന്ന പഞ്ചായത്തു പ്രസിഡന്റ് നോട് പറഞ്ഞു
“എന്താ എല്ലാവരും പുറത്തുതന്നെ നിൽക്കുന്നത്…അകത്തേയ്ക്കു കയറിയിരിക്കു… ഞാൻ ചായ എടുക്കാം”
ഉമ്മറത്തെ ഒച്ചകേട്ടു അടുക്കളയിൽനിന്നുവന്ന സേതുഏടത്തി എല്ലാവരോടുമായി പറഞ്ഞു
“ചായയൊക്കെ പിന്നെയെടുക്കാം ഇപ്പോൾ എടത്തിയവിടെ നിൽക്കു… ആദ്യം ഞങ്ങൾ കൊണ്ടുവന്ന മധുരം വിളമ്പാം..” ഉമ്മറത്തേക്ക് കയറിക്കൊണ്ടു MLA പറഞ്ഞു
“എന്താകാര്യംന്നു ഒന്ന് പറയുമോ നിങ്ങൾ മനുഷ്യനെ ഇങ്ങനെ ആധിപിടിപ്പിക്കാതെ ”
ബാലൻമാഷിന്റെ സ്വരത്തിൽ ആകാംഷ തുളുമ്പിനിന്നിരുന്നു
“ഇനി വച്ചോണ്ടിരിക്കുന്നില്ല പറഞ്ഞേക്കാം… ഈ വർഷത്തെ മലയാള സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു മികച്ച കവിതാ സമാഹാരത്തിനുള്ള പുരസ്ക്കാരം ബാലൻമാഷിനാ…..”
“എന്റെ ഭഗവതിയേ….”
MLA പറഞ്ഞുനിറുത്തുന്നതിനുമുന്പ് ഒരു നിലവിളിയായിരുന്നു ബാലൻമാഷ്….
ഒപ്പം ഭാര്യയുടെ അടുത്തേയ്ക്കു ചെന്ന് അവരെ കെട്ടിപിടിച്ചു…ഇരുവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി… അതിനിടയിൽ ആരോ tv ഓൺ ചെയ്ത് ന്യൂസ് ചാനൽ വച്ചു…
ന്യൂസിൽ അവാർഡ് പ്രഖ്യാപനത്തിന്റെ ദൃശ്യങ്ങൾ ഒപ്പം അവാർഡിന് അർഹരായവരുടെ ഫോട്ടോസും… ഇടയിൽ ബാലൻ മാഷിന്റെ ഫോട്ടോ കാണിച്ചപ്പോൾ അവിടെയൊരു കൂട്ട കയ്യടിമുഴങ്ങി….
“ഒരു കാര്യംകൂടിപറയാനുണ്ട് മാഷേ… ഇന്നു വൈകിട്ടു നമ്മുടെ പഞ്ചായത്തു ഹാളിൽ മാഷിനൊരു അനുമോദന സമ്മേളനം ഒരുക്കുന്നുണ്ട്….
ഈ അവസരത്തിൽ അതിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നു”
കയ്യടിയവസാനിച്ചപ്പോൾ പഞ്ചായത്തു പ്രസിഡന്റ് പറഞ്ഞു
“ഒത്തിരി നന്ദിയുണ്ട്ട്ടോ ”
നിറമിഴികളോടെ ബാലൻമാഷ് അവിടെ നിന്നവരോടായി പറഞ്ഞു… സന്തോഷാധിക്യത്താൽ വാക്കുകൾ കിട്ടാത്ത അവസ്ഥയിലായിരുന്നു അയാളും ഭാര്യയും…
“എന്നാപ്പിന്നെ ഞങ്ങൾ ഇറങ്ങട്ടെ… ചായയൊക്കെ പിന്നീടാകാം… വൈകിട്ടതെ പരിപാടിക്കായി ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട് ”
പുറത്തേക്കിറങ്ങുവാനായി എഴുനേറ്റു കൊണ്ടു MLA യാണ് പറഞ്ഞത്….കൂടെ പോകുവാനായി ബാക്കിയുള്ളവരും കൂടെ എഴുനേറ്റു
“എന്നാലും ഒരു ചായപോലും കുടിയ്ക്കാതെ” സേതുഏടത്തി പറഞ്ഞുവന്നത് പാതിയിൽ നിറുത്തി
“ചായയിലൊതുക്കേണ്ട…കാര്യമായിട്ടുള്ള ചിലവുതന്നെ വേണം…അപ്പോൾ വൈകിട്ടുകാണാം”
പുറത്തേക്കിറങ്ങിക്കൊണ്ടു പഞ്ചായത്തു പ്രസിഡന്റ് പറഞ്ഞു..
അപ്പോഴാണ് tv സ്റ്റാന്റ്ലിരുന്ന ബാലൻ മാഷിന്റെ മൊബൈൽ റിങ് ചെയ്തയത്…
തിരിച്ചു പോകുന്നവരെ കൈവീശി യാത്രയാക്കിയതിനു ശേഷം അയാൾ മൊബൈൽ എടുത്തുനോക്കി പേര് സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നുള്ള കാൾ ആയിരുന്നു…
“ഹാലോ…”
കാൾ അറ്റന്റുചെയ്തു ഫോൺ ചെവിയിൽവച്ചുകൊണ്ടു അയാൾ പറഞ്ഞു
“കോൺഗ്രാജുലേഷൻ അച്ഛാ…. ഇത് ഞാനാ മുരളി ”
മറുവശത്തു നിന്നും വളരെ നാളുകൾക്കു ശേഷം മകന്റെ ശബ്ദം കേട്ടപ്പോൾ അയാളുടെ നെഞ്ചിടിപ്പുകൂടി…. പക്ഷെ തിരിച്ചൊന്നും പറഞ്ഞില്ല
“ഹാലോ..അച്ഛാ കേൾക്കുന്നില്ലേ…. ഞങ്ങൾ അങ്ങോട്ടു വരുന്നുണ്ട് അച്ഛനെയും അമ്മയെയും കണ്ടിട്ട് നാളെത്രയായി….”
മറുവശത്തുനിന്നും മകന്റെ പറച്ചിൽകേട്ട് ഒന്ന് ആലോചിച്ചശേഷം ബാലൻമാഷ് പറഞ്ഞുതുടങ്ങി
“മോനേ…നീ ഞങ്ങളെ കാണാൻ വരുന്നതിൽ സന്തോഷമുണ്ട് പക്ഷെ ഈ അവാർഡൊക്കെ കിട്ടുന്നതിനു മുൻപും അച്ഛനും അമ്മയും ഇവിടെത്തന്നെയുണ്ടായിരുന്നു..
നിന്റെ തിരക്കൊക്കെ കഴിഞ്ഞു പതുക്കെവന്നാലും സാരമില്ല അച്ഛനും അമ്മയും ഇവിടെത്തന്നെയുണ്ടാകും…. ഫോൺ വിളിക്കാൻപോലും സമയമില്ലാത്ത തിരക്കുള്ള ആളല്ലേ നീ….”
മറുപടിയ്ക്കു കാത്തുനിൽക്കാതെ അയാൾ കാൾ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ പുറകിൽ ഒരു ചെറുപുഞ്ചിരിയോടെ അയാളുടെ ഭാര്യ നിൽപ്പുണ്ടായിരുന്നു……
“സേതൂ…. ഞാൻ.. ” അയാളുടെ സ്വരം ഇടറി
“നന്നായി ബാലേട്ടാ…” എന്നുപറഞ്ഞു അവർ അയാളോട് ചേർന്നുനിന്നു