ആദ്യരാത്രിയിൽ അവൾ
(രചന: Mejo Mathew Thom)
അവൻ കുറച്ചുകുടിച്ചശേഷം അവൾക്കുകൊടുത്ത പാൽഗ്ലാസിന്ന് അല്പം കുടിച്ചശേഷം പുറംകൈകൊണ്ടു ചുണ്ട് ഒപ്പിയശേഷം
ഗ്ലാസ് മേശപ്പുറത്തേയ്ക് വച്ച് തിരിഞ്ഞപ്പോഴേക്കും അവൻ അവളുടെ കയ്യിൽ പിടിച്ചുവലിച്ചു കട്ടിലിലേക്കിട്ടു….
വീണത് പതുക്കെ പുതിയ ഡ്യൂറോഫ്ലെക്സ് മെത്തയിലേക്കാണെങ്കിലും അപ്രതീക്ഷിതമായതിനാൽ അവളൊന്നു പരിഭ്രമിച്ചു
“എന്നതാ ഇച്ചായാ ഇത് ഇത്ര തിടുക്കമോ… ” ആ പരിഭ്രമം അവളുടെ ചോദ്യത്തിലുമുണ്ടായിരുന്നു
“എന്റെ പെണ്ണേ… വർഷങ്ങൾനീണ്ട നമ്മുടെ പ്രണയത്തിനും കാത്തിരിപ്പിനും ഇന്നുമുതൽ നമ്മൊളൊന്നിച്ചു പുതിയൊരു ജീവിതം തുടങ്ങുവാ അതുകൊണ്ട് ഈ രാത്രി സംസാരിച്ചു സമയം കളയാതെ ദാമ്പത്യത്തിന്റെ ആദ്യപടി ചവിട്ടാം… ”
അവളുടെ കണ്ണിൽനോക്കി പറഞ്ഞുകൊണ്ട് അവൻ അവളെ തന്നിലേക്ക് ചേർത്തു…
“എന്റെ ഇച്ചായാ ഈ രാത്രികൊണ്ട് നമ്മുടെ ദാമ്പത്യം അവസാനിക്കതൊന്നുമില്ലലോ
നാളെയും രാത്രിയുണ്ട് ഞാനുമുണ്ട് ഇച്ചായനുമുണ്ട് അതുകൊണ്ട് ഇച്ചായൻ പറഞ്ഞ പടിചവിട്ടലും മറ്റുപരിപാടികളും നാളത്തേയ്ക്ക് മാറ്റാം…
ഇന്നായാലും പടിചവിട്ടിയാലുടനെ കിടന്നുറങ്ങത്തൊന്നുമില്ലലോ ബാക്കി ചടങ്ങുകൾ കൂടെ നടത്തുമല്ലോ എന്റെ ഇച്ചായൻ… അതാ പറഞ്ഞെ എല്ലാംകൂടി നാളെയാകാം എന്ന്….ട്ടോ.. ”
അവനിൽനിന്ന് കുതറിമാറി ബെഡിന്റെ മറ്റൊരു മൂലയിലിരുന്നു അഴിഞ്ഞുപോയ മുടി കെട്ടിവച്ചുകൊണ്ടു അവനെ നോക്കി ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു
“എന്നാലും…. ”
തലയണ എടുത്ത് കട്ടിലിന്റെ ക്രാസിയിൽ ചാരിവച്ചുകൊണ്ടു അതിലേയ്ക്ക് ചാരിയിരുന്ന് നിരാശ ഭാവത്തിൽ പറഞ്ഞു
“ഒരു എന്നാലും ഇല്ല നിങ്ങൾ ആണുങ്ങൾക്ക് താലികെട്ടുകഴിഞ്ഞാൽ പിന്നെ ആദ്യരാത്രി കലാപരിപാടികളെ കുറിച്ചുള്ള ചിന്ത മാത്രമാ…
പക്ഷെ താലികെട്ടിയവളുടെ അവസ്ഥയെ കുറിച്ച് അധികം ആണുങ്ങളും ചിന്തിക്കാറില്ല..അധികം പെണ്ണുങ്ങളും പറയാറുമില്ല..
കാരണം കുറച്ച് ദിവസങ്ങൾ മാത്രം പരിചയമുള്ള ഒരു പുരുഷനുമായി അവന്റെ ഇഷ്ടങ്ങളോ സ്വഭാവമോ പൂർണ്ണമായും മനസിലാക്കാതെ ഒരു ജീവിതം തുടങ്ങുബോൾ
ആദ്യരാത്രി തന്നെ അവന്റെ ഇഷ്ടക്കേടിനുപത്രമാകാതിരിക്കാൻ പാതിമനസോടെ സമ്മതിച്ചുകൊടുക്കുന്നതാ അധികവും… ”
ഇത്രയും പറയുമ്പോഴേക്കും അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു..
അവളുടെ മുഖഭാവത്തിൽ തന്നെ അവന്റെ മറ്റ് വികാരങ്ങൾ തണുത്തിരുന്നു.. മറുപടി പറയാനാവാതെ അവളുടെ മുഖത്ത് നോക്കിയിരുന്ന അവനെ നോക്കി അവൾ തുടർന്നു
“എന്റെ ഇച്ചായാ.. എന്തൊക്കെപറഞ്ഞാലും ഏതൊരു പെണ്ണിന്റെയും കല്യാണതലേരാത്രിയിലെ ഉറക്കം കണക്കായിരിക്കും..
കാരണം നമ്മുടെ രീതികളനുസരിച്ചു പെണ്ണിനെ സംബന്ധിച്ചടത്തോളം കല്യാണം എന്നത് ഇതുവരെ ഉണ്ടായിരുന്ന ജീവിതത്തിന്നൊരുപറിച്ചുനടൽതന്നെയാണ്..
പിന്നെ കല്യാണദിവസം പുലർച്ചയ്ക്കെ എഴുനേറ്റു ആരുടെലോക്കെനിർബന്ധംകൊണ്ട് എന്തേലും കഴിച്ചു എന്നുവരുത്തി നേരെ ബ്യുട്ടീഷൻ ചേച്ചിടെ അടുത്തേയ്ക്കു..
മണിക്കൂറുകൾനീണ്ട ഒരുക്കത്തിന് ശേഷം പിന്നീടുള്ള ചലനങ്ങളെല്ലാം ബ്യുട്ടീഷന്റെയും ഫോട്ടോഗ്രാഫർന്റെയും നിർദേശങ്ങൾ അനുസരിച്ചുമാത്രം..
ആദ്യം വീട്ടിൽ നിന്നും ഇറങ്ങാനുള്ള ചടങ്ങുകളും ഫോട്ടോയെടുപ്പും. ആകെ ബഹളം…
കൂട്ടിനുള്ളത് ഇടംകയ്യിൽ മുറുകെപ്പിടിച്ചിരുന്ന വിയർപ്പുപൊടിഞ്ഞാൽ ഒപ്പനായി ബ്യുട്ടീഷൻ ചേച്ചിതന്ന കർച്ചീഫ് മാത്രം…
പിന്നീട് നേരെ പള്ളിയിലേക്ക് കാറിന്റെ ഡോർ തുറക്കുന്നതുമുതൽ അഭിനയം തുടങ്ങുന്നു നടക്കുന്നതും ചിരിക്കുന്നതും എല്ലാം മറ്റുള്ളവരുടെ നിർദ്ദേശമനുസരിച്ചു..
സൂര്യപ്രകശത്തേക്കാൾ ചൂടുള്ള വീഡിയോക്കാരന്റ ലൈറ്റ്നുമുന്നിൽ ഉരുകിയൊലിച്ചുകൊണ്ടുള്ള താലികെട്ടും മറ്റുചടങ്ങുകളും..
ഇതിനൊക്കെശേഷമുള്ള റിസെപ്ഷൻ ആണ് അടുത്ത കലാപരിപാടി പരിചയം ഉള്ളവയുടെയും ഇല്ലാത്തവരുടെയും മുന്നിൽ അയല്പക്കത്തുപോലും വരാത്ത ചിരിയെ ഏണിവച്ചുപിടിച്ചു
മുഖത്തൊട്ടിച്ചു ഫോട്ടോഗ്രാഫർ പറയുംപോലെ പോസ് ചെയ്ത് മണിക്കൂറുകൾ അതും കഴിഞ്ഞു കുറച്ച് വെഡിങ്ഫോട്ടോഗ്രാഫി
ഇതിനിടയ്ക്ക് വായിലേയ്ക് വയ്ക്കുന്ന ഭക്ഷണത്തിന്റെ രീതിവരെ നിർദ്ദേശിക്കുന്ന ഫോട്ടോഗ്രാഫർ ടെയും കമെന്റ്സ് അടിച്ചുകൊണ്ടിരിക്കുന്ന ബന്ധുക്കളുടെയും കൂട്ടുകാരുടെയും നാടുവിലിരുന്ന് എന്തൊക്കെയോ കഴിച്ചുന്നു വരുത്തുന്നു..
എല്ലാം കഴിഞ്ഞു സ്വന്തം വീടിനോടും പെറ്റുവളർത്തിയ മാതാപിതാക്കളോടും കളിച്ചുവളർന്ന കൂടെപ്പിറപ്പുകളോടും യാത്രപറയുമ്പോൾ
തുളുമ്പിവന്ന കണ്ണുനീരിനെ ക്കണ്ണിനുള്ളിൽത്തന്നെ കുഴിച്ചുമൂടാൻ ശ്രെമിച്ചു പരാജയപെട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ഭർത്താവിന്റെ വീട്ടിലേയ്ക്…
അവിടെച്ചെന്നുള്ള ചടങ്ങുകളും പരിചയപെടലുകളും ഒക്കെക്കഴിഞ്ഞു കെട്ടിച്ചുറ്റിയ ആടയാഭരണങ്ങൾ അഴിച്ചുമാറ്റി കുളിച്ചുഫ്രഷായി തളർന്ന ശരീരവും വിങ്ങുന്ന മനസുമായി
കെട്യോന്റെ അടുത്തിരുന്നു നേരെയൊന്നു ശ്വസം വിടാമെന്ന് വിചാരിച്ചു വരുമ്പോഴാ ആദ്യരാത്രിയെന്ന പടക്കളംതീർത്തു പടയൊരുങ്ങി നിൽക്കുന്ന കെട്യോനെ കാണുന്നെ… ”
” എന്റെ പൊന്നു സൂസമ്മേ മതി എനിക്കെല്ലാം മനസിലായി…”
ചാടിയെഴുന്നേറ്റ് അവളുടെ അടുത്തുചെന്ന് വലംകൈകൊണ്ടു അവളുടെ വാ പൊത്തി ഇടം കൈകൊണ്ട് അവളെ തന്റെ മാറിലേക്ക് ചേർത്തികൊണ്ട് അവൻ പറഞ്ഞു..
അവന്റെ മാറിലൊട്ടിക്കിടന്നു കിതയ്ക്കുന്ന അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവൻ തുടർന്നു
“എന്റെ പെണ്ണെ നീ ഈ പറഞ്ഞകാര്യങ്ങൾ ഏതൊരു പെണ്ണിനും ആദ്യരാത്രിയിൽ സ്വന്തം കെട്യോനോട് പറയാവുന്നതാണ്
അതിന് പ്രേമിച്ചു കെട്ടണം എന്നൊന്നുമില്ല കാരണം പരസ്പരം മനസിലാക്കിജീവിക്കാനുള്ളതല്ലേ ദാമ്പത്യം…
ഇനി നേരം കളയണ്ട ലൈറ്റ് ഓഫ് ചെയ്ത് കിടന്നുറങ്ങാം നാളെ ഉറക്കം കളയേണ്ടതല്ലേ. … ”
തന്നിലേയ്ക്കോട്ടികിടന്നിരുന്ന അവളുടെ ചെവിയിൽ മൃദുവായി കടിച്ചുകൊണ്ട് അവൻ പറഞ്ഞുനിറുത്തിയപ്പോൾ
“പോടാ തെമ്മാടിഇച്ചായാ.. ..”
എന്നുപറഞ്ഞു അവനെ തള്ളിമാറ്റി അവൾ ബെഡിലേക്ക് ചാഞ്ഞു… കയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്ത് കൂടെ അവനും…