(രചന: മിഴി മോഹന)
സുമ ഇനി എന്ത് ചെയ്യും.. “”? ഒരു കൂട് ഉപ്പു വാങ്ങാൻ പോലും അവൾക് പുറത്തോട്ട് ഇറങ്ങേണ്ടായിരുന്നു… എല്ലാം കേശവൻ വീട്ടിൽ എത്തിക്കുമായിരുന്നില്ലേ …..”” വല്യമ്മായി താടിക്ക് കൈ കുത്തി പറയുമ്പോൾ അത് ഏറ്റു പിടിച്ചു ചെറിയമ്മ…
പിന്നെ അല്ലാതെ ഒന്ന് ക്ഷേത്രത്തിൽ പോകണം എങ്കിൽ അവൻ അല്ലെ കൊണ്ട് പോയ്കൊണ്ടിരുന്നത് . “” പൊന്നെ പൊടിയെ എന്ന് അല്ലെ അവളെ നോക്കിയത്…ഇനി അവൻ ഇല്ലാതെ അവൾ എങ്ങനെ ജീവിക്കും……മോനും മരുമകളും ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ചേച്ചി അവളുടെ തുണ പോയില്ലേ….
ഓ.. “” ഒരു മരുമോള്.. ജാ തി യിൽ താന്നതിനെ ആ ചെറുക്കൻ വിളിച്ചോണ്ട് വന്നപ്പോഴേ കേശവന്റെ പാതി ജീവൻ പോയതാ … പിന്നെ എന്താ ഒന്ന് അല്ലെ ഉള്ളു ഉപേക്ഷിക്കാൻ കഴിയുവോ അവന് .. “””
പക്ഷെ ഞാൻ അവറ്റകളോട് മിണ്ടില്ല ഒരു കൊമ്പത്തെ ഉദ്യോഗക്കാരി… അവള് സുമയെ നോക്കിയത് തന്നെ കണ്ട് അറിയാം….””
വല്യമ്മയ്ക്കും ചെറിയമ്മയ്കും എരിവ് കയറ്റി കൊടുത്തു കൊണ്ട് കുടുംബത്തിലെ തല മൂത്ത മുത്തശ്ശി വായിലേക്ക് മുറുക്കാൻ തിരുകി….
ആഹ്… “” എങ്ങനെ നടന്ന പിള്ളേരാ എന്റെ ഇച്ചേയിയെ…. “” ഹ്ഹ പറഞ്ഞിട്ട് കാര്യം ഇല്ല വിധി അവനെ നേരത്തെ എടുത്തില്ലേ… “”മുറുക്കാൻ ചെല്ലത്തിൽ നിന്നും ഒരു വെറ്റ ഞ്ഞെടുപ്പ് ഇറുക്കി കൈയിൽ എടുത്ത വല്യമ്മ എന്നെ കണ്ടതും എല്ലാവരെയും കണ്ണ് ഇറുക്കി കാണിച്ചു…
കുളിച്ചു ഈറൻ മാറി മകന്റ് ഭാര്യ രേണുവിന് ഒപ്പം ആ ചർച്ചകൾക്ക് നടുവിൽ കൂടി ഞാൻ പോകുമ്പോൾ വലിയമ്മയുടെ നിർദ്ദേശപ്രകാരം എല്ലാവരും വായ മൂടി കെട്ടി കഴിഞ്ഞിരുന്നു… എങ്കിലും മുൻപോട്ട് പോയി ഒന്ന് തിരിഞ്ഞു നോക്കി… എല്ലാവരുടെയും മുഖത്ത് നിറഞ്ഞു നില്കുന്നത് സഹതാപം മാത്രം….
അമ്മ മുറിയിലോട്ട് ചെല്ല് ഞാൻ കഴിക്കാൻ എന്തെങ്കിലും എടുത്തു കൊണ്ട് വരാം….””” പുറകെ വന്ന രേണു അവരെ നോക്കാതെ പറയുമ്പോൾ മെല്ലെ തല കുലുക്കി..
ഇപ്പോൾ ഒന്നും വേണ്ട മോളെ.. “” അമ്മയ്ക്ക് ഒന്ന് കിടന്നാൽ മതി.. നീ കുട്ടികൾക്ക് എന്തെങ്കിലും കൊടുക്ക്.. രാവിലെ തൊട്ട് അതുങ്ങൾ ഒന്നും കഴിച്ചില്ലല്ലോ..””
പറഞ്ഞൊപ്പിച്ചു കൊണ്ട് ഞാൻ ഗോവണി പടി കയറുമ്പോൾ ചർച്ചക്കാരുടെ ഇടയിൽ നിന്നും പലരും രേണുവിനെ ചതുർഥി കാണും പോലെയാണ് നോക്കിയത് …. “” വന്നു കയറിയത് മുതൽ ഈ അവഗണന അനുഭവിക്കുന്നത് കൊണ്ട് ആകാം ആ പാവം ഒന്നും പറയാതെ മുൻപോട്ട് പോയി…..
നേരം ഒരുപാട് വൈകി തുടങ്ങിയിരുന്നു… ” തെക്കേ പുറത്ത് വെറും കനൽ മാത്രം ആയി കേശവേട്ടൻ അവശേഷിക്കുമ്പോൾ വല്യമ്മയുടെയുടെയും ചെറിയമ്മയുടെയും വാക്കുകൾ മനസിലേക്ക് കടന്നു വന്നു..
“”””പൊന്നെ പൊടിയെ എന്ന് അല്ലെ അവളെ നോക്കിയത്…ഇനി അവൻ ഇല്ലാതെ അവൾ എങ്ങനെ ജീവിക്കും……””””
ആ വാക്കുകൾക്ക് ഒപ്പം ചുണ്ടിൽ നേർത്തൊരു പുച്ഛവും ആയി ജനൽ പടിയിലേക് നീങ്ങുമ്പോൾ കണ്ണുകൾ നനഞ്ഞില്ല… ഇനി എന്തെന്നുള്ള ചിന്തകൾ തളർത്തിയില്ല…..
നാല്പത് വർഷത്തെ ദാമ്പത്യം ഏല്പിച്ച തടങ്കലിന്റെ മോചനം ആണ് ഇന്ന് അവിടെ കത്തി അമരുന്നത്…..
“””കേശവേട്ടന്റെ ഇടത്തെ കൈ കൊണ്ട് ബന്ധിച്ച എന്റെ വലം കൈ ഇന്ന് സ്വാതന്ത്ര്യമായിരിക്കുന്നു.. “”
എല്ലാവരും പറയുന്നത് ശരിയാണ് ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ആണ് കേശവേട്ടൻ എന്നെ നോക്കിയത്….. പക്ഷെ അതിനു ഞാൻ നൽകിയ വില എന്റെ ആഗ്രഹങ്ങൾ അല്ലെ എന്റെ സ്വാതന്ത്ര്യം അല്ലെ……
ഒന്ന് ഉറക്കെ ശ്വാസം വിടാൻ പോലും പേടിച്ചു കഴിഞ്ഞ നാളുകൾ…ആരും അറിയാത്ത ആ നാളുകൾക്കു നാല്പത് വർഷത്തെ ദൂരം ഉണ്ട്……””
മ്മ്ഹ്.. “” പ്രീഡിഗ്രിയുടെ പാതി വഴിയിൽ ഉള്ളിൽ മൊട്ടിട്ടൊരു മോഹം ദാവണിയിൽ നിന്നും ചുരിദാറിലേക്ക് ചാഞ്ചാടിയ മനസ്.. പക്ഷെ നാട്ടിലെ പേര്കേട്ട നായർ തറവാട്ടിലെ പെണ്ണിന് അത് വെറും ഒരു സ്വപ്നം മാത്രം ആണെന്ന് തിരിച്ചറിഞ്ഞത് മൂത്ത ഏട്ടന്റെ ശകാരവർഷം കാതുകളിൽ പതിഞ്ഞപ്പോൾ ആണ്…
“”” കോളേജിൽ വിട്ടത് തന്നെ ന്റെ തെറ്റ്… ഇപ്പോ കണ്ട ചട്ടക്കാരി പെണ്ണുങ്ങൾ ചുറ്റുന്നത് ചുറ്റാൻ ആണ് പെണ്ണിന് മോഹം.. “” ഇല്ല്യ ഈ തറവാടിൽ ഇതൊന്നും ഞാൻ സമ്മതിക്കില്ല.. “”
ഏട്ടന്റെ വാക്കുകൾ മുറിയിലേക് കടന്നു വരുമ്പോൾ മിനുസമുള്ള ചുരിദാർ തുണി മുഖത്തേക്ക് അടുപ്പിച്ചു ഞാൻ…… പാറ്റഗുളികയുടെ ആ മണം വീണ്ടും എന്റെ ആഗ്രഹത്തെ അതിലേക് വലിച്ച് അടുപ്പിക്കുമ്പോൾ ആണ് ഏട്ടത്തി അകത്തേക്ക് വന്നത്….
“””ന്തിനാ ന്റെ സുമ കുട്ട്യേ ചട്ടക്കാരി പെണ്ണിന്റെ തുണി വാങ്ങിയത്…അല്ലങ്കിലും ഏട്ടന് ആ കുട്ട്യേ കാണുന്നതേ അരിശം ആണ്…നിനക്ക് ഈടെ തുണി വാങ്ങി തരാഞ്ഞിട്ടാണോ….
കഴിഞ്ഞ മാസവും ജൗളികടേന്നു രണ്ട് റൗകയ്ക്ക് ഉള്ള തുണി വാങ്ങിയത് അല്ലെ.. നിന്റെ ഏട്ടൻ നിക്ക് പോലും വാങ്ങി തരാറില്ല സ്നേഹം മൊത്തം നിന്നോടാ…””
നേർത്ത കുശുമ്പോടെ ഏട്ടത്തി പറയുമ്പോൾ ജെനിഫർ എന്റെ ജെനിയിൽ നിന്ന് ഉടക്കാൻ ഉള്ള കൊതിക്ക് വാങ്ങി വന്ന ചുരിദാർ നെഞ്ചോട് ചേർക്കുമ്പോൾ നെഞ്ചോന്നു വിങ്ങി.. കണ്ണുകൾ നിറഞ്ഞു… അത് കണ്ടതും ഏട്ടത്തി എന്റെ അടുത്തേക് വന്നു…
അയ്യേ ന്റെ സുമ കുട്ടി കരയാ.. “‘ ഏട്ടത്തി ചുമ്മാ പറഞ്ഞത് അല്ലെ കുട്ട്യേ…. മ്മ്ഹ് കുട്ടിക്ക് വേളി കഴിഞ്ഞാൽ ഇഷ്ടം ഉള്ളതൊക്കെ ഇടാമല്ലോ…. കുട്ടിടെ ആഗ്രഹം പോലെ ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യാം…ഏട്ടൻ ഒരിക്കലും തടസം ആയി വരില്ല……. “”””
എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ ഏട്ടത്തി പറയുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്നന്നേക്കുമായി ഏട്ടൻ എനിക്ക് വേണ്ടി കണ്ടെത്തിയ കൈ വിലങ്ങിനെ പുറത്തു കാശ് പറഞ്ഞ് ഉറപ്പിക്കുകയാണെന്ന്….
എങ്കിലും ഒന്നിനും എതിര് പറഞ്ഞില്ല ഏട്ടനെ പോലെ ആവില്ലല്ലോ എല്ലാവരും… “” ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത ആളുടെ താലി കഴുത്തിൽ ഏറ്റു വാങ്ങുമ്പോൾ ആ ചട്ടക്കാരി പെണ്ണും അവിടെ ഉണ്ടായിരുന്നു…..
നീല കണ്ണുള്ള ചെമ്പൻ മുടിയുള്ളവൾ…..ബെൽബോട്ടം പാന്റും കൈ ഇല്ലാത്ത ഇറുകിയ ടീഷർട്ടും വർണ്ണകടലാസ്സിൽ പൊതിഞ്ഞ ഒരു സമ്മാനം അവൾ എനിക്കായി നൽകുമ്പോൾ എന്റെ വലം കൈ പിടിച്ച നല്ല പാതിയുടെ മുഖത്ത് പുച്ഛം നിറഞ്ഞിരുന്നു….
ആദ്യ രാത്രിയിൽ ആവേശത്തോടെ ആ വർണ്ണകടലാസ് പൊട്ടിക്കുമ്പോൾ കുളി കഴിഞ്ഞു വന്ന കേശവേട്ടന്റെ കണ്ണുകൾ ദേഷ്യത്തോടെ ആണ് അതിലേക് പതിച്ചത്…
“””ഇത് മാതിരി തുണി ഒന്നും ഇവിടെ ഉടുക്കാൻ കഴിയില്ല.. “” അങ്ങനെ എന്തെങ്കിലും പൂതി മനസിൽ ഉണ്ടെങ്കിൽ ഈ രാത്രി തന്നെ മനസിൽ നിന്നും നുള്ളി കളഞ്ഞോണം.. “”””
ഏട്ടനു ശേഷം കേൾക്കുന്ന വാക്കുകൾ ഇടി തീ പോലെ ആണ് എന്റെ നെഞ്ചിലേക് തുളച്ചു കയറിയത്.. “””
ആ വാക്കുകൾ ഒരു തുടക്കം മാത്രമായിരുന്നു എന്ന് ഞാൻ മനസിലാക്കി തുടങ്ങിയത് പിന്നീടുള്ള എന്റെ ദിവസങ്ങളിൽ കേശവേട്ടൻ എന്നിൽ അടിച്ചേൽപ്പിച്ച അസ്വാതന്ത്ര്യത്തിന്റെ വിത്തുകളിൽ കൂടി ആയിരുന്നു…
യാത്രകൾ ഇഷ്ടപെട്ടിരുന്ന എനിക്ക് മുൻപിൽ തറവാടിന് പുറത്തേക്കുള്ള പടിപ്പുര കൊട്ടി അടച്ചു….. “”കൂട്ടുകാരെ എന്നന്നേക്കുമായി അകറ്റി നിർത്താൻ പഠിപ്പിച്ചു….എന്തിന് ഒന്ന് ക്ഷേത്രത്തിലേക്ക് പോകണം എങ്കിൽ കേശവേട്ടന്റെ അനുവാദം കാത്ത് നിൽക്കുന്ന നിമിഷങ്ങൾ……
പലപ്പോഴും ഉത്തരം വേണ്ട എന്ന് തന്നെ ആയിരുന്നു.. “” ആ ഉത്തരത്തിനു മറു ചോദ്യം ഇല്ലാതെ അടുക്കളയിലേക്ക് ഊളി ഇടുമ്പോൾ കരി പിടിച്ച നേര്യത് കൊണ്ട് ആരും കാണാതെ കണ്ണുകൾ തുടക്കാൻ മറന്നില്ല……”” പിന്നീട് ചോദ്യങ്ങൾ പോലും ഞാൻ മറന്നു പോയിരുന്നു…. ഉത്തരം എന്തെന്ന് അറിയാവുന്നത് കൊണ്ട് ആയിരുന്നു അത്…
സ്വന്തം മകനോട് പോലും ഒരു കൈ അകലം സൂക്ഷിച്ചിരുന്ന ഗൗരവക്കാരൻ ആയ അച്ഛൻ… നാട്ടുകാർക്ക് പ്രമാണി…..ആ പ്രമാണിത്തം ഒരു ഹരം പോലെ കൊണ്ട് നടന്നിരുന്ന കേശവേട്ടന്റർ തലക്ക് മീതെ ഏറ്റ അടിയാണ് രേണു എന്റെ രേണു മോൾ……””
മകൻ വലിയ ഉദ്യോഗസ്ഥൻ ആയപ്പോൾ അഭിമാനം കൊണ്ട മനുഷ്യൻ കൂടെ ജോലി ചെയ്യുന്ന അതെ പൊസിഷനിൽ ഉള്ള താഴ്ന്ന ജാതിയിൽ പെട്ട കുട്ടിയെ മകൻ വിവാഹം കഴിക്കുന്നതിനെ എതിർത്തു….
അച്ഛന്റെ എതിർപ്പുകളെ അവഗണിച്ചു കൊണ്ട് അവൻ അവളെയും കൂട്ടി തറവാട്ടിൽ വരുമ്പോൾ അതിനും പേര് ദോഷം എനിക്ക് എന്റെ വളർത്തുദോഷം…. “”” കേശവേട്ടന് എരിവ് കയറ്റി കൊടുക്കാൻ ഒരുപാട് പേരുണ്ടായിരുന്നു എങ്കിലും നന്ദന് ഒപ്പം രേണുവിനെയും സ്വീകരിച്ചു അല്ല സ്വീകരിക്കേണ്ടി വന്നു … പക്ഷെ ഇന്നോളം ഒരു വാക്ക് ആ കുട്ടിയോട് മിണ്ടിയിട്ടില്ല…..
പത്തു വയസുള്ള ഇരട്ട കുഞ്ഞുങ്ങളെ മറ്റുള്ളവരുടെ മുൻപിൽ താലോലിക്കുമ്പോൾ അഭിമാനം ഇടിഞ്ഞു വീഴും എന്ന് കരുതുന്ന മനുഷ്യൻ… “” പക്ഷെ അഭിമാനിയാണ് കേശവൻ എന്ന് പറയുന്ന നാട്ടുകാർക്ക് മുൻപിൽ തല ഉയർത്തി നടക്കാൻ മറന്നിരുന്നില്ല…..
കൂടെ ജീവിക്കുന്നവളുടെയും സ്വന്തം രക്തത്തിന്റെയും വേദനയേക്കാൾ അഭിമാനം കെട്ടി ഉയർത്തി നിന്നു കൊണ്ട് ഒരു അറ്റാക്കിന്റെ രൂപത്തിൽ കേശവേട്ടൻ ഇന്ന് പോയി.. “”””
“””””അമ്മേ…. “”””” “””
പുറകിൽ നിന്നും രേണുവിന്റെ ശബ്ദം ആണ് ഓർമ്മകളിൽ നിന്നും എന്നെ ഉണർത്തിയത്.. “”
കുഞ്ഞുങ്ങൾ.. “” കുഞ്ഞുങ്ങളെ കുറിച്ച് ചോദിക്കാനായി നാവ് പൊന്തിയതും എന്റെ കണ്ണുകൾ വിടർന്നു….രേണുവിന് പുറകിലായി വരുന്നവൾ….
“”””ജെനിഫർ…. എന്റെ ജെനി…. “””””
ജെനി…… “”””””മറുത്ത് ഒന്നും ചിന്തിക്കാതെ ഓടി ചെന്ന് ആ നെഞ്ചിലേക് വീഴുമ്പോൾ നഷ്ടം ആയ സ്വപ്നങ്ങൾ ഒക്കെയും കണ്ണുനീർ ആയി ആ തോളിലേക് പെയ്തിറക്കി…
അയ്യേ..”” എന്റെ സുമപെണ്ണ് കരയുവാണോ… “” നിന്റെ ഈ കരച്ചിൽ കാണാൻ ആണോടി കഴിഞ്ഞ നാല്പത് വർഷം എന്റെ മുൻപിൽ അടച്ചിട്ട വാതിൽ തള്ളി തുറന്നു ഞാൻ വന്നത്.. “”
പണ്ടത്തെ തന്റേടം ഒട്ടും ചോർന്നു പോകാതെ പറയുന്നവളെ അടിമുടി ഒന്ന് നോക്കി ഞാൻ…. പ്രായം അറുപതിനോട് അടുതിട്ടും ജരാനരകൾ കടന്നു ചെല്ലാൻ മടിക്കുന്ന ശരീരം..
ആ നീല കണ്ണുകൾക്ക് പണ്ടത്തെ തിളക്കം തന്നെയുണ്ട്….”” പക്ഷെ ഞാനോ…. കേശവേട്ടൻ തീർത്ത ചങ്ങല പാടുകൾ ചുളിവുകൾ ആയി എന്നിൽ എത്തി നോക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി……
നിങ്ങൾ രണ്ട്പേരും സംസാരിക്കു.. “” ഞാൻ പോയി ചായ ഇട്ടു കൊണ്ട് വരാം..” ചിരിയോടെ മുൻപോട്ട് പോകാൻ ഒരുങ്ങിയ രേണുവിന്റെ കൈയിൽ കടന്നു പിടിച്ചു ഞാൻ…””
നന്ദി സൂചകമായി എന്റെ കണ്ണുകൾ തിളങ്ങുമ്പോൾ ആ കുട്ടിയുടെ ചുണ്ടിൽ നേരിയ ചിരി വിടർന്നു..
കേശവൻ പോയി കഴിഞ്ഞാൽ സുമയെ മരുമകൾ നോക്കിയത് തന്നെ.. “” അവളുടെ സന്തോഷം ഇതോടെ പോയി എന്ന് പറയുന്നവർക് ഇടയിൽ അഭിമാനത്തോടെ എനിക്ക് ചേർത്തു നിർത്താം എന്റെ നന്ദന്റെ പെണ്ണിനെ… അല്ല എന്റെ മോളെ… “‘
“””””അമ്മ എന്തിനാ അച്ഛനെ പേടിച്ചു ഇങ്ങനെ ജീവിക്കുന്നത് അമ്മയ്ക്ക് ആഗ്രഹങ്ങൾ ഒന്നും ഇല്ലേ…? “””
ആദ്യമായി ചോദിച്ചത് അവൾ ആണ്… “” ഒരു ചിരി മാത്രം സമ്മാനിച്ചു കൊണ്ട് ഞാൻ എന്റെ ആഗ്രഹം അവളോട് പറയുമ്പോൾ ഒരു മണിക്കൂർ പോലും വേണ്ടി വന്നിരുന്നില്ല അവൾക്ക് ആ ആഗ്രഹം എനിക്ക് സാധിച്ചു തരാൻ…..
നവമാധ്യമങ്ങളെ കുറിച്ച് ഒരു അറിവും ഇല്ലാത്ത എന്റെ മുൻപിൽ മുഖപുസ്തകത്തിലെ വീഡിയോകോളിൽ കൂടി അവൾ ആ ആഗ്രഹം സാധിച്ചു തന്നു…..
ദൂരെ എവിടെയോ മറഞ്ഞിരുന്ന എന്റെ ജനിയെ ഒരു വിളിപ്പാട് അകലത്തിൽ കൊണ്ട് വന്നു തന്നു…'”” കേശവേട്ടൻ അറിയാതെ രേണുവിന്റെ ഫോണിൽ ഇടയ്ക്ക് ഇടയ്ക്കുള്ള വീഡിയോ കോൾ…. “”
എന്നിൽ കുഴിച്ചു മൂടിയ പല ആഗ്രഹങ്ങളേയും അവൾ എനിക്ക് കാണിച്ച് തന്നു….മഞ്ഞു മലകൾ… മരുഭൂമി.. പുഴകൾ എല്ലാം ഒരു വീഡിയോകോളിലൂടെ ജെനി എനിക്ക് കാണിച്ച് തന്നു…….
അമ്മ ഒത്തിരി സെന്റി ആകണ്ട കേട്ടോ .. “” കുറച്ചു നേരം ആന്റിയോട് സംസാരിക്കൂ… മനസ് ശരിക്കും ഒന്ന് ശാന്തം ആകട്ടെ.. “” ചിരിയോടെ ജെനിയിലേക് എന്നെ ചേർത്തു നിർത്തി എന്റെ കൈ വിടുവിച്ചു കൊണ്ട് പോയി എന്റെ മോൾ….
എടി സുമേ… “””നീ കാണാൻ ആഗ്രഹിച്ചതൊക്കെയും നിനക്ക് കാണണ്ടേ…””?
നേർത്ത തണുപ്പോടെ കടൽ കാറ്റു മുടിയിഴകളെ തലോടുമ്പോൾ ചിരിയോടെ തല ഒന്ന് ചെരിച്ചു ഞാൻ…
ഈ പ്രായത്തിലോ..? നിനക്ക് വട്ട് ആണോ ജെനി..”” മ്മ്ഹ്ഹ്.. “” ഈ കൊല്ലങ്ങൾക് ഇടയിൽ ഇന്ന് ഈ കടൽ കാണാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം ആണ് എനിക്ക്…””മ്മ്..” കടൽ കാറ്റു ആവേശത്തോടെ മൂക്കിലെക് വലിച്ച് കയറ്റുമ്പോൾ ജെനിയുടെ തണുത്ത കൈകൾ എന്റെ ഇടത്തെ കൈയിൽ മെല്ലെ പിടിച്ചു…
ആരാടി പറഞ്ഞത് നമുക്ക് പ്രായം ആയെന്ന്….. ആ പറഞ്ഞവനെ തല്ലി കൊല്ലും ഞാൻ… നീ എന്റെ കൂടെ ഒരു വേൾഡ് ടൂർ പോകാൻ തയാറായിക്കൂ… “”
വേണ്ട ജെനി… പിള്ളേർ അറിഞ്ഞാൽ നാണക്കേടാ.. “” എനിക്ക് ഈ സ്വാതന്ത്ര്യം തന്നെ അധികം ആണ്… വീണ്ടും ആഗ്രഹങ്ങളെ ഉള്ളിൽ കുഴി കുത്തി മൂടാൻ ശ്രമിക്കുമ്പോൾ പണ്ടത്തെത് പോലെ നെഞ്ചോന്നു വിങ്ങി…
എന്റെ സുമേ…നന്ദനും രേണുവും സമ്മതിച്ചിട്ട് തന്നെയാണ് നിന്നോട് ഞാൻ ഇത് പറഞ്ഞത്… പിള്ളേർക്ക് പൂർണ്ണസമ്മതം ആണ്… ഉടനെ തന്നെ നിനക്ക് പാസ്സ്പോർട്ട് അപ്ലൈ ചെയ്യണം എന്ന് പറഞ്ഞത് നന്ദൻ ആണ്… “”
ജെനിയുടെ വാക്കുകൾ വീണ്ടും എന്റെ ആഗ്രഹങ്ങൾക് വളം ഏകുമ്പോൾ ഇന്ന് എന്റെ മക്കളും എന്റെ ആഗ്രഹങ്ങൾക്ക് ഒപ്പം കൂടെ നിന്നു…
അമ്മൂമ്മയ്ക്ക് ജീൻസ് നന്നായി ചേരുന്നുണ്ട് അല്ലെ കിച്ചൂ…”” ടോപിന് ഇത്രയും ഇറക്കം വേണ്ടാരുന്നു അല്ലെ.. “” അച്ചു എന്ന കുറുമ്പി എയർപോർട്ടിൽ വച്ചു ഈ അമ്മൂമ്മയെ കളിയാക്കുമ്പോൾ കിച്ചു എന്ന കുറുമ്പൻ വാ പൊത്തി ചിരിച്ചു…
പോ പിള്ളാരെ..” കളിയാക്കാതെ നിങ്ങടെ അപ്പൂപ്പൻ ഉണ്ടാരുന്നെങ്കിൽ എന്നെ ഈ എയർപോർട്ടിൽ ഇട്ട് കണ്ടിച്ചേനെ..'” കുറുമ്പോടെ അതിലേറെ നാണത്തോടെ ടോപ് താഴ്ത്തി വലിച്ച് പറയുമ്പോൾ നന്ദനും രേണുവും ഉറക്കെ ചിരിച്ചു…
ഫ്ലൈറ്റിനു സമയം ആയി.. “”” ഞങൾ അകത്തു കയറട്ടെ നന്ദ.. “” കുറച്ചു നാളുകൾ കഴിഞ്ഞു അമ്മയെ വിട്ട് തരാം ഞാൻ…. ജെനി ചിരിയോടെ എന്നെ ചേർത്തു പിടിച്ചു കൊണ്ട് അകത്തേക്ക് കയറുമ്പോൾ അവളുടെ കൈയിൽ മുറുകെ പിടിച്ചു ഞാൻ….
പഴയ ചട്ടക്കാരി പെണ്ണിന് ഒപ്പം എന്റെ ആഗ്രഹങ്ങളും ഉയർന്നു പൊങ്ങുമ്പോൾ പണ്ടെങ്ങോ എന്നിലേക്കു ആഴ്ന്നു പോയ ആ പഴയ പാറ്റ ഗുളികയുടെ മണം അവിടെ ആകെ പരന്നു……..