ഒന്നാം ഭാര്യയുടെ പദവിയിൽ എനിക്ക് ഇവിടെ നിൽക്കാൻ ഇഷ്ടം ഇല്ല. ഇക്കാക്ക് മോനെ കാണാൻ തോന്നിയാൽ വീട്ടിൽ വരാം. അവളെ കൊണ്ട് വരരുത്. “

രണ്ടാമത്തെനിക്കാഹ്
(രചന: Navas Aamandoor)

താടി വടിച്ചു. മീശ വെട്ടി ഭംഗിയാക്കി. ഒന്നുകൂടെ കണ്ണാടിയിൽ നോക്കി ഉയർന്നു നിന്ന രോമങ്ങൾ വെട്ടി മാറ്റി.

കുളിച്ച് മെറൂൺ ഷർട് എടുത്ത് ഇസ്തിരിയിട്ട് മെറൂൺ കരയുള്ള മുണ്ടും ഷർട്ടും ധരിച്ചു മുടി ഈരി വെച്ച് കൈ മടക്കി. റോയൽ മിറാജിന്റെ സ്പ്രൈ അടിച്ചു.

“ഇക്കാ എന്താണ് വല്ലാത്ത ഒരുക്കം. പെണ്ണ് കാണൻ പോകുന്ന പോലെ.. ”

“അതെലോ സുലു.. ഞാൻ പെണ്ണ് കാണാൻ തന്നെയാ പോകുന്നത്. ഒരെണ്ണം കൂടി കെട്ടിയാലെ ശരിയാകു” അവൾ തമാശ പറഞ്ഞതാണ്‌ പക്ഷെ ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്‌.

നാല് പെണ്ണ് വരെ കെട്ടാൻ നിയമം ഉണ്ടല്ലോ. ഒന്നൂടി കെട്ടി നോക്കാം.

സംഭവം പിടികിട്ടാത്ത പോലെ സുലു പകച്ചു നിൽക്കുന്ന സീനിൽ ഉമ്മ കൂടി വന്ന നേരത്ത് മൊബൈൽ ബെൽ അടിച്ചു. ഫോൺ എടുത്തത് സുലു.

“വേഗം വായോ നീ. ഞങൾ ഇവിടെ കാത്ത് നിൽക്കുവാണ്. പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞ സമയം ആയി ”

കാൾ കട്ട് ആക്കി സുലു എന്നെ നോക്കി.

“ആരാ വിളിച്ചത് സുലു…. ?”

“ഏതോ ബ്രോക്കർ…. ”

“എന്ത് പറഞ്ഞ് അയാൾ.. ”

“നിങ്ങളോടു വേഗം ചെല്ലാൻ… ”

ഒന്നും അറിയാതെ എന്താണ് സംഭവം എന്നറിയാൻ ഞങ്ങളെ മാറി മാറി നോക്കി നിൽക്കുന്നുണ്ട് ഉമ്മ.

“ഇങ്ങള് വേറെ കെട്ടാൻ തന്നെ തീരുമാനിച്ചോ…”

“അതെ സുലു. ചെവിയിൽ വെള്ളം കയറിയാൽ നമ്മൾ എന്താ ചെയ്യാ ഇത്തിരി വെള്ളം കൂടി ഒഴിക്കും.. അപ്പോൾ കയറിയ വെള്ളവും ഒഴിച്ച വെള്ളവും എല്ലാം കൂടി പുറത്ത് വരും …

അതുപോലെ കണ്ടാൽ മതി. ഉമ്മാ ഞാൻ ആ പെണ്ണിനെ ഒന്ന് കണ്ടിട്ട് വരാം. ബാക്കി വന്നിട്ട് പറയാം. ”

തലക്ക് അടി കൊണ്ട് പോലെ നിൽക്കുന്ന ഉമ്മയെയും സുലുവിനെയും മൈൻഡ് ചെയ്യാതെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.

വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയത് അനസിന്റെ അടുത്തേക്ക്. അവനാണ് എന്റെ അടുത്ത കല്യാണത്തിന്റെ ബ്രോക്കർ.

“എന്തായി വീട്ടിൽ… കുഴപ്പം ഉണ്ടോ മച്ചു. ”

“ഇപ്പൊ അവിടെ ഉമ്മയും മോളും പൊളിക്കുന്നുണ്ടാകും… ”

“എന്നാ പിന്നെ വണ്ടിയിൽ കയറിക്കോ… പെണ്ണ് കണ്ടിട്ട് വരാം അല്ലേ… ?”

ഞാനും അനസും പോയി പെണ്ണ് കണ്ടു. നല്ല കുട്ടിയാണ് അടക്കവും ഒതുക്കവും ഉള്ള നല്ലൊരു പെണ്ണ്. അതൊക്കെ കഴിഞ്ഞ് രാത്രി വീട്ടിൽ വന്ന്‌ കയറിയപ്പോൾ ആകെപ്പാടെ മൂകത.

ടി.വി വെച്ചിട്ടുണ്ട്. ഉമ്മയും മോളും ഓഫാണ്. എന്നെ കണ്ടപ്പോൾ രണ്ടാളും എഴുന്നേറ്റു. ഭക്ഷണം എടുത്തു വെച്ചു. ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു. ഉമ്മയും സുലുവും കൂടെ നിന്ന് വെളമ്പി.

“മോനെ.. നീ കാര്യമായിട്ടാണോ… ?”

“അതെ ഉമ്മാ. എത്ര കാലമായി പറയുന്നു വീട്ടിലെങ്കിലും ഇത്തിരി സമാധാനം തരാൻ. എന്നും വഴക്കും വക്കാണവും. മടുത്തു എനിക്ക്. നിങ്ങൾ രണ്ടും കൂടി നിർത്താതെ വഴക്ക് തുടരട്ടെ…. ഞാൻ വേറെ പെണ്ണ് കെട്ടി എവിടെയെങ്കിലും ജീവിക്കും.. അല്ലാ പിന്നെ. ”

കറക്റ്റ് ടൈമിൽ തന്നെ ബ്രോക്കർ വിളിച്ചു. ഞാൻ കാൾ എടുത്തു.

“ഇക്കാ.. അവർക്ക് ഇഷ്ടായിട്ടുണ്ട്. ഞായറാഴ്ച തന്നെ തീയതി ഉറപ്പിക്കാമെന്ന് പറഞ്ഞ്… ”

“എന്നാ അങ്ങിനെ ആവട്ടെ. പെട്ടെന്നുള്ള ഒരു ദിവസം തന്നെ നിക്കാഹ് വെച്ചോ.. ”

മൊബൈൽ പോക്കറ്റിൽ വെച്ച് ഉമ്മയെ നോക്കി.

“ഉമ്മ അത്‌ ഞാനങ്ങ് ഉറപ്പിച്ചു. നിങ്ങളുടെ തല്ല് മാത്രമല്ല കാരണം. ഇന്ന് രണ്ടാളും കൂടെ നിന്ന് ഭക്ഷണം വിളമ്പി തന്നു. എത്ര നാളായി ഇങ്ങിനെയൊക്കെ?? ടേബിളിൽ ഉണ്ടാകും ഫുഡ്‌. എനിക്ക് ആവിശ്യം ഉള്ളത് കഴിക്കും.. അങ്ങിനെ യല്ലേ കുറേ നാളായിട്ട്… ”

രണ്ടാൾക്കും ഒന്നും പറയാനില്ല. അല്ലെങ്കിലും എന്ത് പറയാൻ. വാ തുറന്നാൽ കീരിയും പാമ്പും പോലെ തല്ലാണ് രണ്ടും അതിന്റെ ഇടയിൽ എന്നെ നോക്കാൻ എവിടെ സമയം.

ഭക്ഷണം കഴിച്ച് കിടക്കുന്ന നേരത്തും സുലു മൗനമാണ്. മുറിയിൽ അവൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട് പിന്നെ ഇരിക്കും അതിന്റെ ഇടയിൽ കിടക്കുന്നുണ്ട്.

ഞാൻ ഉറങ്ങിയ പോലെ കിടന്നു. തലയിലൂടെ പുതപ്പ് ഇട്ട് അവളെ നോക്കി.അവൾ ഇന്ന് ഉറങ്ങുമെന്ന് തോന്നുന്നില്ല. ഇടക്ക് കണ്ണ് തുടച്ചു എന്നെ നോക്കി നിൽക്കും. ഭർത്താവിനെ ഷെയർ ചെയ്യാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല.

എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. നേരം വെളുത്തപ്പോൾ സുലു പെട്ടിയൊക്കെ റെഡിയാക്കി പോകാൻ തയ്യാറായി നിൽക്കുന്ന കണിയാണ് മുൻപിൽ.

“ഇക്കാ ഞാനും മോനും പോകുന്നൂ. എന്റെ വീട്ടിലേക്ക്. ഒന്നാം ഭാര്യയുടെ പദവിയിൽ എനിക്ക് ഇവിടെ നിൽക്കാൻ ഇഷ്ടം ഇല്ല. ഇക്കാക്ക് മോനെ കാണാൻ തോന്നിയാൽ വീട്ടിൽ വരാം. അവളെ കൊണ്ട് വരരുത്. ”

പറഞ്ഞ് തീർക്കാൻ ആവാതെ സുലു കരച്ചിൽ. ഉമ്മ സുലുവിന്റെ കണ്ണ് തുടച്ചു കൊടുത്തു.

“മോളേ ഞാനും പോകും എവിടെയെങ്കിലും .. നീയും മോനും ഇല്ലാതെ എനിക്ക് ഇവിടെ നിൽക്കണ്ട. അവനും അവളും ജീവിച്ചോട്ടെ ഇനി ഇവിടെ ” രാവിലെ തന്നെ സെന്റി സീനാണ്. കീരിയും പാമ്പും ഒന്നായി കെട്ടിപ്പിടിച്ചു സെന്റി അടിക്കുന്ന അപൂർവ കാഴ്ച.

“മോനെ കൊണ്ടോവാൻ പറ്റില്ല സുലു. നീ വേണെങ്കിൽ പൊയ്ക്കോ. ”

മറുപടി പറയാതെ ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു സുലു. അരിശത്തോടെ ഉമ്മ എന്നെ നോക്കുന്നുണ്ട്.

“ടാ മോനെ… ഇനി ഞങ്ങൾ വഴക്ക് ഉണ്ടാക്കില്ല. നീ വേറെ പെണ്ണ് കെട്ടണ്ടടാ… ഇവളാണ് എന്റെ മോൾ. ആ സ്ഥാനത്ത്‌ വേറെ ഒരു പെണ്ണ് വേണ്ടാ മോനെ… ”

“ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ല ഉമ്മാ. ഓടിട്ട വീട് അന്തസ്സ് കുറവാണെന്നു പറഞ്ഞ് ലോൺ എടുത്തു വീട് വാർത്തു.

അടുക്കള വലിപ്പം പോരാ പോലും.. അതും പൊളിച്ചു പണിതു. പിന്നെ ഓളെ കുടുംബത്തിലെ കല്യാണങ്ങൾ ആ കുളി മറ്റേ കുളി.. ബർത്ഡേയ്..

ഉള്ളത് പോലെയെല്ല.. എല്ലാരേക്കാളും അധികം കൊടുത്തില്ലങ്കിൽ ബഹളം.. കടം വാങ്ങി വാങ്ങി പുറത്ത് ഇറങ്ങാൻ പറ്റാത്ത കോലം.. ഓളെ ഒരു ഗ്രാം പൊന്നിൽ തൊടാനും പാടില്ല. എന്റെ കടങ്ങൾ വീട്ടാൻ കൂടിയാണ് ഈ കല്യാണം. ”

“ഇക്കാ.. എന്റെ സ്വർണ്ണം എടുത്തോ.. എനിക്ക് എന്റെ ഇക്കാ യെ മതി. ഞാൻ ഒന്നും ചിന്തിക്കാതെ ഇക്കാനെ കഷ്ടപ്പെടുത്തി ഇനി അങ്ങിനെയൊന്നും ഉണ്ടാവില്ല. സോറി. ”

“ടാ മോനെ ക്ഷമിചൂടെ.. അവളെ കരയിപ്പിക്കല്ലേ. ഞാനും അവളും ഈ വീട്ടിൽ ഇനി വഴക്ക് ഉണ്ടാക്കില്ല.. ”

രണ്ടാൾക്കും മറുപടി കൊടുക്കാതെ ഞാൻ പല്ല് തേക്കാൻ പോയി. പല്ല് തേച്ചു വന്നപ്പോഴേക്കും സുലുവിന്റെ ആങ്ങള എത്തി.

അവളെ കൊണ്ടുപോകാൻ. ഞാനും അളിയനും ഒരുമിച്ചു ഇരുന്നു ചായ കുടിച്ചു. അളിയൻ എന്റെ മുഖത്ത്‌ നോക്കാതെ തല കുനിച്ചിരുന്നു.

“ഇക്കാ മൊബൈൽ ബെൽ അടിക്കുന്നു. ”

“ആരാ സുലു. ”

“ആ ബ്രോക്കർ… ”

“കാൾ എടുത്തോളൂ.. ” സുലു മൊബൈൽ ചെവിയോടു ചേർത്തു.

“ഇത്താത്ത… ചായയിൽ മധുരമില്ല. ”

സുലു ടേബിളിലേക്ക് നോക്കി. അനസും ഞാനും ചിരി അടക്കാൻ കഴിയാതെ പാട് പെടുന്ന കാഴ്ച. സുലു വിന്റെ മുഖത്തും ചിരി. ഉമ്മാക്ക് കാര്യം മനസ്സിലായില്ല.

“ഉമ്മാ.. ഇവനാണ് ആ ബ്രോക്കർ. എന്റെ ഇക്കയെ പെണ്ണ് കാണിക്കാൻ കൊണ്ടോയ ബ്രോക്കർ..”

“കുറേ ആയി അളിയൻ ഇവിടത്തെ ഓരോ കാര്യങ്ങൾ പറഞ്ഞ് വിഷമിച്ചു ഇരിക്കുന്നത്. നിങ്ങളെ രണ്ടിനെയും നേരെയാക്കാൻ വേണ്ടി ഞാൻ തന്നെയാ ഈ പെണ്ണ് കെട്ടൽ നാടകം പ്ലാൻ ചെയ്തത്. ‘

ഞാൻ സുലുവിന്റെ അടുത്ത് ചെന്നു. അവൾ എന്റെ കൈ പിടിച്ചു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അപ്പോഴും അവളുടെ കണ്ണ് നിറയുന്നുണ്ട്

“നീയും മോനും ഉമ്മയും അല്ലേ എന്റെ ജീവിതം. നിങ്ങൾക്ക് രണ്ടിനും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കാൻ നിന്റെ ആങ്ങളയുടെ ഐഡിയ ആണ്. ”

“എന്നാ പിന്നെ ഇത്താത്ത ഞാൻ പൊക്കോട്ടെ. ഇങ്ങള് വരുന്നില്ലല്ലോ. ”

“നീ പോടാ ബ്രോക്കറെ”

“ഇന്നലെ പെണ്ണ് കാണാൻ പോയത് എനിക്കാട്ടോ. അളിയന് ഇഷ്ടായി.. ഇത്താത്തയും പോയി കാണണം. ”

അങ്ങിനെ ആ സീൻ കഴിഞ്ഞതിന്‌ ശേഷം രണ്ടാളും നന്നായി എന്നൊന്നും കരുതണ്ട. കുറച്ച് ദിവസം രണ്ടാളും ഡീസന്റ് ആയിരുന്നു. വീണ്ടും പഴയത് പോലെ തല്ല് തുടങ്ങി.

കുറച്ച് കുറവുണ്ട് അത്രേ മാത്രം.ഇപ്പൊ എനിക്ക് തൊന്നുന്നു അവരുടെ വഴക്ക് ഇല്ലങ്കിൽ വീട് ഉറങ്ങി പോയപോലെയാകുമെന്ന്….. എന്തായാലും എല്ലവരെയും പടച്ചവൻ കാക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *