എന്നെ അവർ ചോദിക്കുന്ന വിലക്ക് വിറ്റാൽ വാപ്പ അനിയത്തിമാരെ കെട്ടിക്കാൻ എന്ത് ചെയ്യും.? തൊലി വെളുത്തത് ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു വിലപേശൽ ഉണ്ടാവില്ലായിരുന്നു.

വജ്രം
(രചന: Navas Amandoor)

“ചേല് ഇല്ലാത്ത പെണ്ണിന് ചോദിക്കുന്ന പൊന്നും പണവും കൊടുത്താലേ ചെക്കനെ കിട്ടൂ. ”

“അവള് മാത്രമല്ലല്ലോ.. താഴെ രണ്ടാള് കൂടി ഇല്ലേ..? അവരെയും കെട്ടിക്കണം. ഞാനെവിടുന്ന് ഉണ്ടാക്കും ഇത്രയും പണം ”

വാപ്പയും ബ്രോക്കറും തമ്മിൽ മിക്ക ദിവസങ്ങളിലും ആവർത്തിക്കുന്ന സംസാരം.

വാപ്പ പറയുന്നത് ശരിയാണ് എന്നെ അവർ ചോദിക്കുന്ന വിലക്ക് വിറ്റാൽ വാപ്പ അനിയത്തിമാരെ കെട്ടിക്കാൻ എന്ത് ചെയ്യും.? തൊലി വെളുത്തത് ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു വിലപേശൽ ഉണ്ടാവില്ലായിരുന്നു.

അതിന്റെ പേരിൽ ആർക്കും സങ്കടവും ഇല്ലാതായേനെ.ഇപ്പോഴും എനിക്ക് മനസ്സിലാവാത്ത കാര്യം തൊലിയുടെ നിറമാണോ ഒരു പെണ്ണിന്റെ സൗന്ദര്യം.

എന്നെപ്പോലെ ജീവിതം ചോദ്യചിഹ്നമായ വേറെയും പെൺകുട്ടികൾ ഉണ്ടാവില്ലേ..? അവരും കേൾക്കുന്നുണ്ടാവും ഈ വില പേശൽ. അത്‌ കേട്ട് ആരും കാണാതെ അടക്കി പിടിച്ചു തേങ്ങുന്നുണ്ടാവും… എന്നെപ്പോലെ ആ കറുത്ത മുത്തും.

തനിച്ചിരിക്കുന്ന നേരത്ത് കിട്ടിയ പേപ്പറിൽ കുത്തിക്കുറിക്കുന്ന ശീലം സറീനക്ക് സ്കൂളിൽ പഠിക്കുന്ന നാൾ മുതലേ ഉണ്ട്.അന്നും തനിച്ചാണ് സറീന.

തൊലിയുടെ നിറം കറുത്തുതിന് കണ്ണീരിൽ കുതിർത്ത കൂട്ടുകാരുടെ പരിഹാസത്തിൽ നിന്നും മാറി നിൽക്കാൻ കുത്തിക്കുറച്ചു തുടങ്ങിയതാണ് വെള്ളപ്പേപ്പറിൽ കറുത്ത മഷികൊണ്ട് വരച്ചിട്ട സങ്കടങ്ങൾ.

ബാല്യം പിന്നെ കൗമാരം നിറമില്ലാതാക്കി ഏഴഴകിൻ കറുപ്പ്. അവളുടെ തൊലിയുടെ കറുപ്പ് ചുറ്റിലുമുള്ളവരുടെ മനസ്സിലേക്ക് പടർന്നപ്പോൾ സറീന വജ്രം പോലെ തിളങ്ങി. ആ തിളക്കം നാല് ചുവരുകൾക്കുള്ളിൽ ഇന്ന് കാഴ്ചവസ്തുവായി.

എൺപത്തി മൂന്ന് പേരുടെ മുൻപിൽ ഉടുത്തൊരുങ്ങി തലകുനിച്ചു നിന്നു സറീന. വന്നു കണ്ടു ചായ കുടിച്ചു യാത്ര പറയുന്നവർക്ക് അവളെ വേണ്ടെന്നു വെക്കാൻ കാരണം ഒന്നുമാത്രം.

“സറീന കറുത്തവളാണ്. ”

ഓരോ ദിവസത്തിലും ബ്രോക്കർ ആട്ടിത്തെളിച്ചു കൊണ്ടുവരുന്നവരുടെ മുൻപിൽ കലങ്ങിയ കണ്ണുകളോടെ അവൾ നിന്നു കൊടുത്തു.

തൊലി കറുത്തുപോയ പെണ്ണിന്റെ ജീവതത്തിന് വിലപറയുന്നത് പലവട്ടം കേട്ടു ഉമ്മറത്ത് നിന്ന്.ലക്ഷങ്ങൾ കൊടുത്താൽ സ്വീകരിക്കാൻ ആളുണ്ട്.

പെണ്ണിനേക്കാൾ വിലയുണ്ട് ഈ ലക്ഷങ്ങൾക്ക്. പറഞ്ഞുറപ്പിച്ചു കച്ചവടം ചെയ്യാൻ സറീന ‘മാട് ‘ അല്ല. വില പേശുന്ന ഈ ജന്തുക്കൾക്ക് ക്യാഷിനോടോ പെണ്ണിനോടോ ഇഷ്ടം… ?

“ഇരുന്നുപോകുമോ ജീവിതമില്ലാതെ സറീന.”

അവൾക്കു താഴെ രണ്ടുപേർ കൂടി ഉണ്ട് കെട്ടിക്കാൻ. ഇത്തയുടെ കണ്ണീരിന്റെ അർത്ഥം മനസ്സിലാക്കാൻ അവർ വളർന്നിട്ടില്ല.

ആധിയോടെ സാരിത്തലയിൽ കൈ തുടച്ചു പ്രതീക്ഷയോടെ വിരുന്നൊരുക്കുന്ന ഉമ്മാക്ക് മനസ്സിലാവും സെറീനയുടെ കണ്ണീരിന്റെ ആഴം.

ഉറക്കമില്ലാത്ത രാത്രികളിൽ പാതി ചാരിയ വാതിലിന്റെ അരികിൽ നിന്നും ഉറങ്ങുന്ന മകളെ നോക്കി നെടുവീർപ്പിടുന്ന വാപ്പാക്കും മനസ്സിലാവും മകളുടെ കണ്ണീരിന്റെ അർത്ഥം.

“നീ വിഷമിക്കണ്ട. ഈ കാത്തിരിപ്പ് റബ്ബ് നല്ലതിനെ കൊണ്ടുതരാൻ ആയിരിക്കും. ”

ഉമ്മയുടെ ഉമ്മാടെ വാക്കുകൾ. അങ്ങിനെ ആയിരിക്കോ. കറുത്ത തൊലിയുടെ ഉള്ളിലെ മനസ്സിനെ സ്‌നേഹിക്കാൻ ബഹറ് കടന്നു കുതിരപ്പുറത്തു ഒരു സുൽത്താൻ വരുമോ. വരട്ടെ. എന്നിട്ടുവേണം ആ നെഞ്ചിൽ ഈ സങ്കടങ്ങളൊക്കെ ഇറക്കി വെച്ചു മയങ്ങാൻ.

പിന്നെയും കാത്തിരിപ്പ്.കൂട്ടുകാരികളുടെ കല്യാണം കഴിഞ്ഞു. പലർക്കും മക്കളായി. കുറ്റപ്പെടുത്തലും കളിയാക്കലും. അടുക്കളയുടെ ഉള്ളിൽ അവൾ സ്വയം ഒതുങ്ങി. അടുപ്പിലെ ചൂടിൽ കാലം അവളെ ഒന്നുകൂടെ കറുപ്പിച്ചു.

“നീ എന്താ മോളേ എഴുതിക്കൂട്ടുന്നത്?…കുറേ നേരായല്ലോ എന്റെ മുത്ത് എഴുത്തു തുടങ്ങിയിട്ട്”

ഷെരീഫ് അവൾ എഴുതിയ കടലാസ് പിടിച്ചു വാങ്ങി. വായിച്ചു. അവൻ അവളെ നോക്കി ദേഷ്യം അഭിനിയിച്ചു കൈ തണ്ടയിൽ നുള്ളു കൊടുത്തു.

“പൊട്ടി….പെണ്ണെ നിന്നോട് ആരാ പറഞ്ഞത് നീ കറുത്തവളാണെന്ന്. നീ എന്റെ മുത്തല്ലേ ഇരുട്ടിലും ജ്വലിക്കുന്ന വജ്രം. ”

അവൻ അവളെ നെഞ്ചോടു ചേർത്തു. കണ്ണുകൾ നിറയുന്നുണ്ടെങ്കിലും അവൾ പുഞ്ചിരിച്ചു.
കാത്തിരിപ്പിന്റെ അവസാനം പഴയ പ്രണയത്തിൻ ഓർമ്മകൾ മനസ്സിൽ ഓമനിച്ചു ഷെരീഫ് പെണ്ണ് കാണാൻ വന്നപ്പോഴും അവൾക്കു അറിയില്ലായിരുന്നു ഷെരീഫ് സെറീനയെ സ്വന്തമാക്കുമെന്ന്‌ .

എപ്പോഴും നടക്കുന്നപോലെ ഒരു ചടങ്ങ്. ചായ കുടിച്ചു വിലപേശി കച്ചവടം നടക്കാതെയുള്ള ഒരു പടിയിറക്കം.

“എനിക്ക് വേറെ ഒന്നും വേണ്ട. സെറീനയെ മാത്രമിങ്ങു തന്നാൽ മതി”

സെറീനയുടെ കണ്ണുകൾ തിളങ്ങി. നനവാർന്ന മിഴികളിൽ പ്രതീക്ഷ. ഉമ്മറത്ത് ഷെരീഫിന്റെ വാക്കുകളിലെ ഇഷ്ടം സറീനയിൽ അത്ഭുതമുണ്ടാക്കി.

ബെഹ്‌റ് കടന്ന് സെറീനയെ സ്വന്തമാക്കാൻ കുതിരപ്പുറത്ത് കയറിവന്ന രാജകുമാരനാണോ ഷെരീഫ്.

അവന്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നുകൊണ്ട് അവന്റെ കണ്ണുകളിൽ നോക്കി

“ഇക്കാ… ഇക്കാക്ക് എന്നെ അത്രക്കും ഇഷ്ടമായിരുന്നോ… ?

ഇക്കാ എന്നെ കാണാൻ വന്ന അന്ന് ഞാൻ ഉറങ്ങിയിട്ടില്ല. കറുത്ത പെണ്ണിന് ഒരാളെ കിട്ടില്ലെന്ന്‌ കരുതിയപ്പോ… ഖൽബിൽ നിറയെ ഇഷ്ട്ടമായി ഇങ്ങള് എന്നെ തേടി വന്നത് ”

മറുപടി ഒന്നും പറയാതെ അവളുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു. ആ ചുംബനത്തിൽ ഉണ്ട് അവൾ കേൾക്കാൻ ആഗ്രഹിച്ച മുഹബ്ബത്തിന്റെ വാക്കുകൾ.

“തൊലിയുടെ നിറത്തിന്റെ മാറ്റ് നോക്കി പെണ്ണിനെ വിലപേശുന്നവർ അറിയുന്നുണ്ടോ പെണ്ണിന്റെ മനസ്സ്.

പുറത്ത് നിങ്ങൾ കച്ചവടം ഉറപ്പിക്കാൻ പറയുന്ന വാക്കുകൾ അകത്ത് അവളിൽ ഉണ്ടാകുന്ന സങ്കടത്തിനും കണ്ണീരിനും നിങ്ങൾക്ക് മാപ്പില്ല”

Leave a Reply

Your email address will not be published. Required fields are marked *