ഡിവോഴ്സ്
(രചന: Neelambari Neelu)
ഈ രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല . എങ്ങനെ ഉറങ്ങും 16 വർഷത്തെ ദാമ്പത്യം നാളെ അവസാനിക്കാൻ പോകുകയാണ്.
നാളെ കോടതിയിൽ പറയണം ഈ ബന്ധം തുടരാൻ താല്പര്യം ഉണ്ടോ ഇല്ലെയെന്നു. അതെ തന്റെ പ്രാണന്റെ പ്രാണനായിരുന്ന അഭിയെ നാളെ തന്റെ ജീവിതത്തിൽ നിന്നും അടർത്തിമാറ്റുന്നു.
എത്ര സന്തോഷത്തോടെ കഴിഞ്ഞവരായിരുന്നു ഞങ്ങൾ. 8വർഷം പ്രണയിച്ചു വിവാഹം കഴിച്ചവർ. എന്തു സന്തോഷമായിരുന്നു ആ ദിവസങ്ങൾ.
ദുബായിൽ പോയപ്പോൾ കുറച്ചു കാലം വിരഹവേദന അനുഭവിച്ചു. അത് എന്നെക്കാളും ഒട്ടും താങ്ങാൻ കഴിയാത്തതുകൊണ്ടാകും അഭി ഞങ്ങളെയും കൊണ്ടുപോയത്. ഒരു മോളെയും മോനെയും തന്നു ദൈവം അനുഗ്രഹിച്ചു.
നാലുപേരും സുഖമായി സന്തോഷമായി ആരും അസൂയപ്പെടുന്ന ജീവിതമായിരുന്നു ഞങ്ങളുടേത്. എന്റെ അഭിക്കു ഞങ്ങളായിരുന്നു ലോകം. എപ്പോഴും ഞങ്ങളോടൊപ്പം മാത്രമേ പോകാറുള്ളു എവിടെയും.
സുഹൃത്തുക്കൾ ഉണ്ടെങ്കിലും എവിടെയും പോകാൻ ഞങ്ങൾ വേണം കൂടെ.
അങ്ങനെ മോളുടെ പഠിത്തത്തിനായി ഞങ്ങൾ നാട്ടിലോട്ട് വന്നു. അഭിക്കു ഞങ്ങളെ പിരിഞ്ഞിരിക്കാൻ വയ്യെങ്കിലും ജോലിയെ കരുതി അവിടെ നിന്നു.
അങ്ങനെ രണ്ടുവർഷം കഴിഞ്ഞു. അപ്പോൾ മോളു പറഞ്ഞു അച്ഛന് സർപ്രൈസ് കൊടുക്കാൻ അച്ഛനോട് പറയാതെ നമുക്ക് ദുബായിൽ പോകാമെന്നു. അങ്ങനെ എല്ലാ പ്ലാൻ ചെയ്തു.
അവിടുത്തെ സുഹൃത്തിനെ ഏർപ്പാടാക്കി എയർപോർട്ടിൽ വന്നു അവൾ ഞങ്ങളെ പിക്ക് ചെയ്തു അഭിയുടെ ഫ്ലാറ്റിൽ എത്തിച്ചു.
ഞങ്ങൾ ഫ്ലാറ്റിൽ പോയപ്പോൾ ഞങളുടെ ഒരു കുടുംബ സുഹൃത്ത് ഉണ്ടായിരുന്നു അവിടെ. അഭി ഞങ്ങളെ കണ്ടു ഷോക്ക് ആയിരുന്നു.
സന്തോഷം കൊണ്ടു എന്നെയും മക്കളെയും കെട്ടിപിടിച്ചു. അപ്പോഴാണ് സുഹൃത്തിനെ കൊണ്ടു വിടാൻ പറഞ്ഞതു. അയാൾ ഇത്തിരി വെള്ളമടിച്ചിരിന്നു.
അഭി അയാളെ കൊണ്ടുവിട്ടിട്ടുവരാമെന്നു പറഞ്ഞു പോയി. അപ്പോഴാ അഭിയുടെ ഫോൺ അവിടിരിക്കുന്നത് ഞാൻ കണ്ടത് പുതിയ ഫോൺ ആയിരുന്നു. ഞാൻ കണ്ടിട്ടില്ലായിരുന്നു. ഒരു കൗതുകത്തിനു ഓപ്പൺ ചെയ്തു.
വാട്സ്ആപ്പ് ഓപ്പൺ ചെയ്ത ഞാൻ കണ്ടത് എനിക്കു ഒരിക്കലും എന്റ കണ്ണുകളെ വിശ്വസിക്കാൻ പറ്റില്ലായിരുന്നു.
അഭിയുടെ ചാറ്റിങ് അതും എന്റെ അടുത്ത ബന്ധത്തിലെ വിവാഹിതയായ സ്ത്രീയോട്. കാലു മുതൽ വിറയൽ കയറി.
കണ്ണ് നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു. ഒന്നു മരിച്ചുപോയെങ്കിൽ എന്നു പ്രാർത്ഥിച്ചു. വിശ്വാസവഞ്ചന എന്റെ ജീവിതത്തിലും ഞാൻ പ്രാണനെപോലെ ജീവനെപ്പോലെ സ്നേഹിച്ച എന്റെ അഭിയിൽ നിന്നും.
ഇന്നലെവരെയും എന്നെയും മക്കളെയും കണ്ടു സംസാരിച്ചു നിങ്ങളാണ് എല്ലാം എന്നു എപ്പോഴും പറയുന്ന എന്റെ അഭിയാണോ എന്നു ആലോചിട്ടും വിശ്വാസം വന്നില്ല.
ഞാൻ ഇത്രയും ആത്മാർത്ഥമായി സ്നേഹിച്ചിട്ടും എന്നോട് ഇങ്ങനെ, സഹിക്കാൻ കഴിഞ്ഞില്ല. അഭി അയാളെ കൊണ്ടുവിട്ടു കയറിവന്നപ്പോൾ കണ്ടതു ഞാൻ ഫോൺ നോക്കുന്നതാ.
എന്റെ മുഖം കണ്ടു എന്തുപറ്റി എന്നു ചോദിച്ചതും ആ ചാറ്റ് കാണിച്ചു കൊടുത്തു. വിളറി വെളുത്തു നിൽക്കുന്ന ആ നിൽപ്പ് ഇന്നും ഓർമയുണ്ട്.
കരഞ്ഞു കാലു പിടിച്ചു ഒരു തെറ്റ് പറ്റിപോയെന്നു പറഞ്ഞു. ഇല്ല ഒട്ടും ക്ഷെമിക്കാൻ കഴിഞ്ഞില്ല. എന്നും വഴക്കും ബഹളവുമായി എങ്ങനെയോ ഒരു മാസം പിടിച്ചു നിന്നു. പിന്നെ നാട്ടിലോട്ട് വന്നു.
അമ്മയോടും അച്ഛനോടും പറഞ്ഞു. ഡിവോഴ്സ് അയച്ചു. അഭി ഇതറിഞ്ഞു തകർന്നുപോയെന്നു കൂട്ടുകാർ വിളിച്ചു പറഞ്ഞു. ഒന്നും ഒന്നും കേൾക്കണ്ടായിരുന്നു എനിക്ക്..
ഇത്രയും സ്നേഹിച്ചിട്ടും ഈ വഞ്ചന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അറിഞ്ഞവർക്ക് വെറും ചാറ്റിങ് അല്ലെ ക്ഷമിച്ചു പൊയ്ക്കൂടേയെന്നു. പക്ഷെ എനിക്ക് നഷ്ടമായത് വിശ്വാസമാണ്.
ഇനി ഒരു പ്രഹസനം ആയി നാടകം പോലെ മറ്റുള്ളവരുടെ മുമ്പിൽ ജീവിക്കാൻ വയ്യായിരുന്നു.
ഇതുവരെ ചിന്തിച്ചിരുന്നത് സ്വന്തം ഭാര്യയിൽ നിന്നും സ്നേഹമോ നല്ലൊരു വാക്കോ കിട്ടാത്ത ആൾക്കാരാണ് വേറെ ആൾക്കാരെ തേടിപോകുന്നതെന്നു.
പക്ഷെ അഭിക്കു ഞാൻ ഇതെല്ലാം നൽകിയില്ലേ പിന്നെന്തിനാ നീ പോയെ? ഈ ചോദ്യം നൂറുവട്ടം ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.
അഭി വിളിച്ചു മാപ്പ് പറഞ്ഞു ഒരിക്കൽ പറ്റിപ്പോയി മക്കൾക്ക് വേണ്ടി ക്ഷെമിക്കാൻ പറഞ്ഞു. പക്ഷെ ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് പറ്റില്ലായിരുന്നു കൗൺസിലിൻ ഒക്കെ പറഞ്ഞു ഒന്നിച്ചു മുമ്പോട്ടു പോകാൻ.
ബന്ധുക്കളും വീട്ടുകാരും ഒക്കെ പറഞ്ഞു പക്ഷെ ക്ഷെമിക്കാൻ പറ്റുന്നില്ല. ഈ ഒരു രാത്രി ഞാൻ അഭിയുടെ ഭാര്യ ആയിരിക്കും നാളെ മുതൽ ആ സ്ഥാനവും ഇല്ലാതാകും. എത്ര സന്തോഷമായി ജീവിച്ചിരുന്നവരായിരുന്നു.
പ്രണയിച്ചും കൊഞ്ചിച്ചും കൊതിതീർന്നില്ലായിരുന്നു വയസാകുമ്പോഴും നമ്മൾ പ്രണയിച്ചുകൊണ്ടേയിരിക്കും എന്നു എപ്പോഴും എന്നോട് പറയുന്ന ആളായിരുന്നു ഇന്ന് എന്നെ ഇങ്ങനെ തീരാദുഖത്തിൽ തള്ളിവിട്ടത്.
അവളോട് ചാറ്റ് ചെയ്യുമ്പോൾ ഒരിക്കൽ പോലും എന്നെ ഓർത്തില്ലല്ലോ എന്നാ സങ്കടം അടക്കാൻ കഴിയുന്നില്ല.
ഞാൻ എന്തു കുറവാ വച്ചതെന്നു ഒരുനൂറുതവണ ഞാൻ സ്വയം ചോദിച്ചു കാണും. ഇനി വേണ്ടല്ലോ ഒന്നും. നാളെ പോകുന്നു കോടതിയിലേക്ക് .
എല്ലാപേരും അസൂയയോടെ നോക്കിയ ആ ബന്ധം അവസാനിപ്പിക്കാൻ.
അവസാന നിമിഷം എനിക്ക് മനം മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷയിൽ ഞാനും നാളെ വരുന്നു കോടതിലേക്കു എന്നു അഭിയുടെ മെസ്സേജ് കണ്ടു. ഉറക്കം വരാതെ ഞാനും കിടന്നു നാളെ പുലരുന്നതിനായി.