ഒരു മധുര പോരാട്ടം
(രചന: Neethu Rakesh)
രാവിലെ തന്നെ വാട്സാപ്പ് നോട്ടിഫിക്കേഷനിൽ വന്ന എണ്ണത്തിന്റെ വർധന മീരയിൽ ഒരു പുഞ്ചിരി ഉണർത്തി.
മൊബൈൽ സൈലന്റ് മോഡിലാക്കി മോളെ ഉണർത്താതെ അവൾ പതിയെ എണീറ്റു.
എന്നും രാവിലെ എഴുന്നേറ്റാൽ അടുക്കളയിലേക്ക് ഓടിയിരുന്ന അവൾ ഇന്ന് പതിവില്ലാതെ ഉമ്മറത്തെത്തി. ഗേറ്റിൽ തിരുകി വെച്ചിരുന്ന പത്രമെടുത്തു നിവർത്തി.
“മീര കൃഷ്ണൻ, ഐ ഐ ടി കൺപൂർ നിന്നും ഡോക്ടറേറ് ഓഫ് ഫിലോസഫി ഇൻ ഇംഗ്ലീഷ് ലിറ്ററെച്ചർ ഫസ്റ്റ് റാങ്ക് നേടി. പാലക്കാട് സ്വദേശിനിയാണ്.”
പത്രവാർത്ത കണ്ടപ്പോൾ അവളിൽ ഒരു ചിരി വിരിഞ്ഞു. പതിയെ തന്റെ കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്. ഓർമ വെച്ച നാൾ മുതൽ അമ്മ മാത്രമായിരുന്നു അവൾക്ക് കൂട്ട്.
അച്ഛൻ മരിച്ച അവളെയും അമ്മയെയും അമ്മാവൻ അമ്മ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരികയായിരുന്നു.
ചെറുപ്പം തൊട്ട് തന്നെ കണക്കിന്നേക്കാൾ പ്രിയം ഭാഷകളോടായിരുന്നു. ഇന്നത്തെ പോലെ ഒന്നിലധികം ഫോറിൻ ഭാഷകൾ ഒന്നും അന്ന് സ്കൂളുകളിൽ പഠിപ്പിച്ചിരുന്നില്ല.
ഇംഗ്ലീഷ് മാത്രമായിരുന്നു അവൾക്ക് സ്കൂളിൽ മലയാളത്തെ കൂടാതെ പഠിക്കാൻ ഉണ്ടായിരുന്നത്.
അമ്മാവന്റെ മക്കൾ പഠിച്ചിരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പുസ്തകത്താളുകളിൽ നിന്നാണ് ആദ്യമായി അവൾ ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചത്.
മലയാളം മീഡിയത്തിൽ പഠിക്കുന്ന അവളുടെ ഉച്ചാരണം കേട്ട് അമ്മാവന്റെ മക്കൾ അവളെ കളിയാക്കി ചിരിക്കുമായിരുന്നു.
കാല ക്രമേണ അവരെക്കാൾ വേഗത്തിൽ അവൾ ആ ഭാഷ പഠിച്ചെടുത്തു.
എങ്കിലും ഒരു ദിവസം ഏതോ ഒരു പച്ചക്കറിയുടെ ഇംഗ്ലീഷ് നാമം അറിയാത്തതിന്റെ പേരിൽ അവൾ കുട്ടികൾക്കിടയിൽ പരിഹസിക്കപ്പെട്ടു.
ആ സംഭവം അവളിലെ വാശിക്കാരിയുടെ ജനനം ആയിരുന്നു.
അന്ന് തൊട്ട് അവൾ ഇംഗ്ലീഷ് ഭാഷയുടെ പുറകിൽ ആയിരുന്നു. പത്താം ക്ലാസ്സിലും പ്ലസ് ടു വിലും ഇംഗ്ലീഷ് വിഷയത്തിൽ ടീച്ചേർസ് അവളെ അഭിനന്ദിച്ചു.
തുടർ പഠനത്തിന് ഇംഗ്ലീഷ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരിക്കെ ആയിരുന്നു അവളുടെ അമ്മയുടെ മരണം. അതോടു കൂടി അവളുടെ പഠനം അനിശ്ചിതവസ്ഥയിൽ ആയി.
അമ്മാവനും അമ്മായിക്കും അവളെ തുടർന്ന് പഠിപ്പിക്കാൻ താല്പര്യം ഉണ്ടായില്ല എങ്ങനെ എങ്കിലും അവളെ വിവാഹം ചെയ്ത് അയക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.
വിവാഹം ചെയ്യുന്ന ആള് തുടർന്ന് പഠിപ്പിച്ചോളും എന്ന വാക്കിന് പുറത്ത് അവളുടെ വിവാഹം കഴിഞ്ഞു.
വീണ്ടും പഠിക്കുന്ന കാര്യം ഭർത്താവിനോട് അവതരിപ്പിച്ചപ്പോൾ “പിന്നേ നീയിനി കൊറേ പഠിച്ചിട്ട് ഇപ്പോ ഉദ്യോഗത്തിന് പോവുകയല്ലേ” എന്നായിരുന്നു മറുപടി.
ആദ്യ രാത്രിയിൽ തന്നെ തന്റെ പിന്നീടുള്ള ജീവിതം എന്താണെന്ന് അവൾക്ക് മനസിലായി.
ഭർത്താവിന്റെ അച്ഛനെയും അമ്മയെയും ശുശ്രുഷിച്ചു അവളുടെ കാലം കടന്നു പോയികൊണ്ടിരുന്നു.
അതിനിടയിൽ അവൾ കുഞ്ഞിനെ ഗർഭം ധരിച്ചു. ചെക്കപ്പിനായി ഹോസ്പിറ്റലിൽ പോയപ്പോഴാണ് അവൾ വർഷങ്ങൾക്ക് ശേഷം അവളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് ടീച്ചറിനെ കാണുന്നത്.
അന്ന് ടീച്ചർ അവളോട് ഒരുപാടു സമയം സംസാരിച്ചു. അവളുടെ ബാക്കിയുള്ള ജീവിതം ഇങ്ങനെ മാത്രം ജീവിച്ചു തീർക്കരുതെന്ന് ഉപദേശിച്ചു.
അതിന്റെ പ്രേരണയിൽ അവൾ ഇംഗ്ലീഷിൽ ബിരുദവും ബിരിദാനന്തര ബിരുദവും നേടി.
എന്നാൽ ആ നേട്ടങ്ങൾക്കിടയിൽ അവൾക്ക് നഷ്ടപ്പെട്ടത് അവളുടെ ഭർത്താവിനെ ആയിരുന്നു. അവളുടെ വിജയങ്ങൾ അയാൾക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലായിരുന്നു.
ടീച്ചറിന്റെ സഹായത്തോടെ പ്രസവവും കുഞ്ഞിനെ വളർത്തലും ചെയ്യുന്നതിനിടയിലും അവൾ തന്റെ ലക്ഷ്യത്തിനായി പരിശ്രമിച്ചു കൊണ്ടിരുന്നു.
ഇന്ന് ഐ ഐ ടി യിൽ നിന്നും റാങ്കോട് കൂടി പാസ്സ് ആയത് അവളുടെ ഒറ്റക്കുള്ള പോരാട്ടത്തിന്റെ കലർപ്പിലാത്ത തെളിവായിരുന്നു.
ഓർമകളിൽ നിന്നും ഒരു പുഞ്ചിരിയോടെ മീര തിരിഞ്ഞു നടന്നു.
അപ്പോൾ മൊബൈലിൽ വന്ന ഒരുപാടു ആശംസകൾക്കിടയിൽ ഒരു ക്ഷമാപണം കൂടി ഉണ്ടായിരുന്നു. അവളുടെ ഭർത്താവിന്റെ..