“” ആളുകളൊക്കെ പറയണ പോലെ നമുക്ക് അമ്മ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലേ അച്ഛാ…..??? “”

(രചന: നിഹാരിക നീനു)

“അല്ല ചന്ദ്രാ ഇയ്യ് ഇതെന്തു ഭാവിച്ചാ???
തള്ള ഇല്ലാത്ത ഒരു കുട്ടീനെ അന്നേ കൊണ്ട് കാലാകാലം നോക്കാൻ പറ്റുമോ അതും ഒരു പെൺകുട്ടിനെ?”

സ്ഥിരം കേൾക്കാറുള്ള ചോദ്യം ആയതിനാൽ ചന്ദ്രൻ മറുപടിയൊന്നും പറഞ്ഞില്ല പകരം എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി മാളുവിന്റെ കയ്യും പിടിച്ച് നടന്നു നീങ്ങി…

മുന്നോട്ടു നീങ്ങവേ അവളും അച്ഛനെ നോക്കി ഒന്ന് ചിരിച്ചു…. കാരണം അവൾക്കും ഇത് പുത്തരിയല്ലായിരുന്നു…

രാത്രി മാളുവിനെ മേശപ്പുറത്ത് കയറ്റിയിരുത്തി പപ്പടം ചുട്ടതും പൊടിയരി കഞ്ഞിയും വായിൽ വച്ചു കൊടുക്കുമ്പോൾ അവൾ എവിടെയോ ശ്രെദ്ധിച്ച് ഇരിക്കുന്നത് പോലെ തോന്നി…

അച്ഛന്റെ ചുന്ദരി കോത ഇത് എവിടെ നോക്കിയിരിക്കുവാ??? “””

എന്ന് ചോദിച്ചപ്പോഴാണ് ആള് മടങ്ങിയെത്തിയത്….

“” ആളുകളൊക്കെ പറയണ പോലെ നമുക്ക് അമ്മ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലേ അച്ഛാ…..??? “”

അവളുടെ ചിന്തയുടെ കാരണം അപ്പോഴാണ് പിടികിട്ടിയത്..

അപ്പോൾ അവളോട് മറുപടിയൊന്നും പറഞ്ഞില്ല പകരം വേഗം കഞ്ഞി വാരി കൊടുത്തു.. രാത്രി കിടക്കാൻ നേരം അവൾ പതിവുപോലെ എന്റെ നെഞ്ചിൽ കയറി കിടന്നു…

അവളുടെ മുടി മെല്ലെ തലോടി ഉറക്കുമ്പോൾ അവൾ ചോദിച്ചതായിരുന്നു ഉള്ളിൽ നിറയെ…

അമ്മ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലേ എന്ന്??? “”””

അത് വലിയൊരു വിടവ് തന്നെയാണല്ലോ….

ഓർമ്മകൾ ഒത്തിരി പുറകിലേക്ക് പോയി…
ചെറുപ്പത്തിലെ പറഞ്ഞു വെച്ചതായിരുന്നു മായ പെണ്ണ് ചന്ദ്രനൊള്ളതാ എന്ന്….
അമ്മാവന്റെ മകൾ….

പക്ഷേ സ്വത്തുവകകൾ കണക്കുകൂട്ടിയതിൽ പിഴച്ചപ്പോൾ,
ആ കൊടുത്ത വാക്ക് മറന്ന് എല്ലാവരും രണ്ട് വഴിക്ക് പിരിഞ്ഞു…

കൊടുത്ത വാക്കു രണ്ടു പേരുടെ മാത്രം മനസ്സിൽ അങ്ങനെ കിടന്നു..

ചന്ദ്രന്റെ യും അവന്റെ മായയുടെയും… അവർ വളർന്നപ്പോൾ അതും കൂടെ വളർന്നു… കേവലം ഒരു ഇഷ്ടമായിരുന്നില്ല അവർക്ക്….

പകരം പരസ്പരം ഓരോ സ്പന്ദനങ്ങൾ പോലും തൊട്ടറിഞ്ഞ ഭ്രാന്തമായ പ്രണയം തന്നെയായിരുന്നു….

അരുതുകൾ ക്കുള്ളിൽ അവർ പിന്നെയും കണ്ടുമുട്ടി…. സ്വപ്നങ്ങൾക്കായി മാറി.. ജീവിതത്തിനു നിറം കൊടുത്തു…. പരസ്പരം നഷ്ടപ്പെട്ടാൽ ജീവിച്ചിരിക്കാതിരിക്കാൻ മാത്രം അത് അങ്ങ് വളർന്നു….

അവരോളം തന്നെ ആഴത്തിൽ..

അത് അറിഞ്ഞവർ അവരെ തമ്മിൽ അകറ്റാൻ പല വഴികളും നോക്കി…

പ്രണയം സത്യമാണെങ്കിൽ… അത് തീക്ഷ്ണം ആണെങ്കിൽ, എല്ലാ പ്രതിസന്ധികളും സ്വയം മാറി തരുക തന്നെ ചെയ്യും…..

ചന്ദ്രനെ അകറ്റാൻ മായയുടെ അച്ഛൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു മായയുടെ വിവാഹം… പുറത്താരോടും പറയാതെ രഹസ്യമായി തന്നെ അയാൾ കരുക്കൾ നീക്കി…

നെഞ്ച് നീറി പെണ്ണ് പ്രാർത്ഥിച്ചു…
തന്റെ പ്രാണനോടൊപ്പം ഒന്നിക്കുവാൻ… ചന്ദ്രനെ അറിയിച്ചപ്പോൾ ആരുമറിയാതെ ഇറങ്ങിവരാൻ ആയിരുന്നു നിർദേശം കൊടുത്തത്…

അക്ഷരംപ്രതി അവൾ അത് അനുസരിക്കുകയും ചെയ്തു..

നഷ്ടപ്പെട്ടാലോ എന്ന ഭീതിയിലാണ് ആരുമറിയാതെ ഓടിപ്പോയി വിവാഹം കഴിച്ചത്….

അങ്ങനെയൊന്നും അല്ലായിരുന്നു ആഗ്രഹമെങ്കിൽ കൂടി…

ദൂരെയുള്ള ദേവി സന്നിധിയിൽ വച്ച് ചന്ദ്രൻ താലി ചാർത്തുമ്പോൾ മായയുടെ മിഴികൾ നിറഞ്ഞു ഒഴുകിയിരുന്നു തന്റെ പ്രണയ സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ….

ഇനി ആർക്കും തങ്ങളെ വേർപെടുത്താൻ കഴിയരുതേ എന്ന് അവൾ അപ്പോൾ മനസ്സുരുകി പ്രാർത്ഥിച്ചു..

വീട്ടുകാർ ഉപേക്ഷിച്ചു എന്നു പറഞ്ഞപ്പോഴും..
സ്വത്തിനോ ബലിയിടാനോ ഇനി നിങ്ങൾ വരേണ്ടതില്ല എന്ന് ആക്രോശിച്ചപ്പോളോ അതൊരു നഷ്ടമായി അവർക്ക് തോന്നിയില്ല…

കാരണം പ്രണയ സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ ആയിരുന്നു അപ്പോഴും….

ഇല്ലായ്മയിൽ ഒന്നായി കഴിഞ്ഞപ്പോഴും, പരസ്പരം മത്സരിച്ച് സ്നേഹിച്ചു തോൽപ്പിക്കുകയായിരുന്നു അവർ….

ഒരു ജോലിയില്ലാതെ.. വരുമാനമില്ലാതെ… പട്ടിണി കിടന്നപ്പോഴും അവളുടെ ചുണ്ടിൽ എനിക്കായി എപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു…

വിളിച്ചിറക്കി കൊണ്ടുവന്ന് കഷ്ടപ്പെടുത്തുക യല്ലേ?? എന്ന എന്റെ ചോദ്യങ്ങൾ മുഴുവനാക്കാൻ അവൾ സമ്മതിച്ചിരുന്നില്ല…

തന്റെ കൂടെ അനുഭവിക്കുന്ന എന്തും അവൾക്ക് ഇഷ്ടമായിരുന്നു…
പട്ടിണി ആയാലും കഷ്ടതകൾ ആയാലും….

അതിനെല്ലാം അവൾക്ക് ആനന്ദം പകരാൻ കഴിഞ്ഞിരുന്നു… ജീവിതത്തോട് വാശി അതുകൊണ്ടുതന്നെ എനിക്ക് കൂടിക്കൂടിവന്നു..

പട്ടിണി ക്കിടാതെ അവളെ നല്ലരീതിയിൽ നോക്കണം എന്ന്…ഏറെ പൊരുതിയ ഇപ്പോൾ ഒരു നല്ല ജോലി കിട്ടി… മെല്ലെ ജീവിതം പച്ച പിടിച്ചു വന്നു..

കൂട്ടത്തിൽ,

തന്റെ പ്രണയത്തിന്റെ ശേഷിപ്പ് അവളുടെ വയറ്റിൽ കുരുത്തിട്ടുണ്ട് എന്നറിഞ്ഞപ്പോൾ രണ്ടുപേരും നിലത്തു ഒന്നും അല്ലായിരുന്നു….

പിന്നീട് കാത്തിരിപ്പായിരുന്നു തങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടി…

കൂടെക്കൂടെ അവൾ ഇത് പെൺകുഞ്ഞ് അല്ലേ എന്നോട് ചോദിക്കുമായിരുന്നു..

ഏതായാലും നമ്മുടെ അല്ലേ എന്നായിരുന്നു എന്റെ മറുപടി…

ഓരോ മാസവും കൊതിയോടെ യാണ് ഞങ്ങൾ തള്ളിനീക്കിയത്… ഞങ്ങളുടെ കുഞ്ഞിന്റെ മുഖം ഒന്ന് കാണുന്നതിനായി….

പെൺകുഞ്ഞാണ് എന്ന് പറഞ്ഞതും,
സന്തോഷത്തിന്റെ പാരമ്യത്തിൽ എത്തിയിരുന്നു ചന്ദ്രൻ…

അവളുടെയും തന്റെ യും മോഹം പോലെ തന്നെ ആദ്യത്തെ കണ്മണി….

എന്നാൽ ആ സന്തോഷം അധിക നിമിഷം നീണ്ടുനിന്നില്ല.. രക്തസ്രാവം ആയിരുന്നു.. പെട്ടന്ന് അനിയന്ത്രിതമായി… അവൾ പോയി…

കാത്തിരുന്നു കിട്ടിയ ഞങ്ങളുടെ നിധിയുടെ മുഖം അവർ കണ്ടിരുന്നു വോ????

ചങ്ക് നീറി പിടഞ്ഞു ചന്ദ്രന്റെ….

ജീവിതം മുന്നിലേക്ക് ഒന്നും കാണുന്നില്ലായിരുന്നു പിന്നീട്….
ജീവ ശ്വാസം നഷ്ടപ്പെട്ട് മൃതിയടഞ്ഞവന്റെ അവസ്ഥയിലായിരുന്നു ചന്ദ്രൻ…

അതിൽനിന്നും അയാളെ തിരികെയെത്തിച്ചത് ആ പിഞ്ചു പൈതലിന്റെ പാലിനു വേണ്ടിയുള്ള കരച്ചിലുകൾ ആയിരുന്നു….

അവൾ തന്നെ ഏൽപ്പിച്ചു പോയ നിധി…
ഇനിയുള്ള ജീവിതം അവൾക്ക് ആകട്ടെ എന്ന് കരുതി ഉഴിഞ്ഞു വെച്ചതാണ്….
അവിടെയാണ് പലരും ഉപദേശിക്കാൻ നിൽക്കുന്നത്…

വയസ്സായി അവളുടെ വഴി തേടി പോയാൽ ഒറ്റയ്ക്കാകുമത്രേ….

താളംതെറ്റി ഉള്ള നിശ്വാസം നെഞ്ചിൽ കിടന്നവൾ ഉറങ്ങിയിട്ടില്ല എന്ന് ബോധ്യപ്പെടുത്തി…

“””മാളുന് ഇനിയൊരു അമ്മയെ വേണോ???”””

കുഞ്ഞെങ്കിലും അവളോട് തന്നെ ചോദിച്ചു….

“””‘ ഇനിയൊരു അമ്മയോ??? അതെന്തിനാ?? എന്റെ അച്ഛനായും അമ്മയായും ഈ അച്ഛൻ ഉണ്ടല്ലോ എനിക്ക്…. അത് മതി….”””

ഇന്ന് കുഞ്ഞു വായിലെ മറുപടി കേട്ട് ശരിക്കും ഞെട്ടിപ്പോയി….

ഇത്രയൊക്കെ പറയാൻ മാത്രം അവൾ വളർന്നു എന്നതും എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതുമയായിരുന്നു….

അവൾക്ക് ഞാൻ മതിയെങ്കിൽ അതിൽ കൂടുതൽ പിന്നെ എനിക്ക് ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു…

വയസ്സ് ആകുമ്പോൾ ഒറ്റയ്ക്ക് ആകുമെന്ന് വേവലാതിയും ഇല്ലായിരുന്നു….

അതിനുവേണ്ടി മറ്റൊരു വിവാഹം കഴിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു..

പ്രണയം ഒരിക്കലലേ ജീവിതത്തിൽ സംഭവിക്കുകയുള്ളൂ…
എന്റെ ജീവിതത്തിൽ അത് സംഭവിച്ചു കഴിഞ്ഞു..

അതിലൊരാൾ പോയാലും അത് നഷ്ടപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല….

ഞാൻ പോയി അവൾ ഇരുന്നാലും ഈ ഒറ്റപ്പെടൽ അവൾക്കു ബാധകം ആയിരുന്നില്ലേ???

പിന്നെ കുഞ്ഞുങ്ങളുടെ കാര്യം…

ഒരു പ്രായം കഴിഞ്ഞാൽ ആരായാലും ചിറകു വച്ച് പറക്കുക തന്നെ ചെയ്യും…
അതുവരെ സംരക്ഷിക്കേണ്ട ചുമതല നമ്മളിൽ ചിലർക്ക് ആണെന്ന് മാത്രം…

നമ്മുടെ കടമ നമ്മൾ നിർവഹിക്കുമ്പോൾ നമ്മളോടുള്ള കടമകളും നിർവഹിക്കപ്പെട്ടോളും… അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ…

ജീവിതം ഇനിയും ഇതുപോലെ ഒക്കെ തന്നെ അങ്ങ് മുന്നോട്ടു പോകട്ടെ അതാണ് എന്റെ തീരുമാനം…

Leave a Reply

Your email address will not be published. Required fields are marked *