ആർദ്രം
(രചന: നിഹാരിക നീനു)
“അന്നാമ്മച്ചീ ” അകത്തേക്ക് നോക്കി വിളിക്കുമ്പോഴും അവളുടെ കണ്ണുകൾ ചുമരിൽ ഫ്രെയിം ചെയ്ത് വച്ചിരുന്ന പടം തിരഞ്ഞു,
അതവിടെ കാണാഞ്ഞ് വല്ലാത്തൊരു ടെൻഷൻ….. ഇത്തവണ ഇച്ചിരി ടെൻഷനോടെ തന്നെയാണ് വിളിച്ചത് ,
“അന്നാമ്മച്ചീ ”
എന്ന്…..
ചെറുതായൊന്ന് വിളി കേട്ടോ?
പ്രതീക്ഷയോടെ അവൾ അകത്തേക്ക് നോക്കി ….
ഉള്ളിൽ നിന്ന് ഇത്തിരി നേരം ശ്രമപ്പെട്ടാണെന്ന് തോന്നുന്നു വാതിൽ തുറന്നത്….
ചെയിനുള്ള കണ്ണട ഒന്നുടെ ശരിക്ക് വച്ച് നോക്കി ….. ആളെ അറിയാനെന്നവണ്ണം,
” അന്നാമ്മച്ചി….. ”
ഇത്തവണ അവൾ വിളിച്ചപ്പോ ആളെ കണ്ടതിൻ്റെ സന്തോഷം ഉണ്ടായിരുന്നു…
” വിഭമോളെ ”
കണ്ണീരു കലർന്ന ഒരു ചിരിയോടെ അവർ വിളിച്ചു..
ഓടിച്ചെന്ന് കെട്ടിപ്പിടിക്കുമ്പോൾ അവരെ ഒരിളം കാറ്റ് തഴുകിപ്പോയി…
” അന്നാമ്മച്ചി വല്ലാണ്ട് ക്ഷീണിച്ചു … ”
തന്നിൽ നിന്നടർത്തി മാറ്റി അന്നാമ്മച്ചിയോടത് പറയുമ്പോൾ അന്നാമ്മച്ചിയുടെ കണ്ണുകൾ ആരേയോ പുറകിൽ തിരഞ്ഞു…
” അന്നാമ്മച്ചി ആരേയാ നോക്കുന്നേ ??”
എന്ന് ചോദിച്ചപ്പോൾ,
“ടീ”
എന്ന് വിളിച്ചു…
ആ വിളിക്ക് വല്ലാത്ത പ്രത്യേകതയുണ്ട്… രണ്ടു പേര് മാത്രേ അങ്ങനെ വിളിച്ചിട്ടുള്ളു,
ഒന്ന് ഈ അന്നാമ്മച്ചി ….
പിന്നെ…. പിന്നെ…..
വല്ലാത്ത അടുപ്പം തോന്നും അങ്ങനെ വിളിക്കുമ്പോൾ… അതിൽ സ്നേഹം കാണും, സ്നേഹം കൊണ്ടുള്ള അധികാരം കാണും..
” കഴിഞ്ഞ തവണ നീ കാണാൻ വന്നിട്ട് രണ്ട് വർഷമാവുന്നു വിഭക്കൊച്ചേ… അന്നേരം ഞാൻ കരുതി…… നീ… അന്നാമ്മച്ചിടെ വാക്കിന് ഇച്ചിരി വില കൊടുത്തെന്ന് …. അങ്ങനെ തന്നല്ലിയോ…. പറ അതങ്ങനെ തന്നല്ലിയോ?”
വാശി പിടിക്കുന്ന ഒരു കുഞ്ഞിനെ പോലെ തോന്നി വിഭയ്ക്ക് അവരെ …
” ൻ്റെ അന്നാമ്മച്ചി എന്ത് പറഞ്ഞാലും വിഭ ക്കൊച്ച് കേൾക്കുമല്ലോ, ഈയൊരു കാര്യം ഒഴിച്ച് …”
എല്ലാ പ്രതീക്ഷകളും അസ്തമിച്ച് നോക്കുന്നവരെ നോക്കി അത് പറഞ്ഞപ്പോൾ ആ മിഴിയിൽ ഒരു കണ്ണുനീർ തിളക്കം കാണായി …..
അതു കാണാൻ ഇഷ്ടമല്ലാത്തത് കൊണ്ടവൾ ചുമരിൽ കഴിഞ്ഞ തവണ കൂടി കണ്ട ഫോട്ടോയിലേക്ക് മിഴികൾ നീട്ടി…
അതും കാണുന്നില്ലായിരുന്നു …
” എബിൻ ….? എബിൻ്റെ പടം … അന്നാമ്മച്ചി, അതെല്ലാം എവിടെ?”
“എല്ലാം എടുത്തു മാറ്റി ”
നേർത്തതെങ്കിലും ദൃഢമായിരുന്നു അവരുടെ ശബ്ദം….
മനസിലാവാതെ അന്നാമ്മച്ചിയുടെ മുഖത്തേക്ക് നോക്കി വിഭ…
” മാലയിട്ട്, വിളക്ക് കത്തിച്ച് അവൻ്റെ പടം കാണാൻ വയ്യടി കൊച്ചേ….. കൂടെയുണ്ടെന്ന് ഓർക്കുമ്പോഴും എങ്ങും പോയില്ലെന്ന് വിശ്വസിക്കുമ്പോഴും, അവയിങ്ങനെ ഓർമ്മിപ്പിക്കുവാ കൊച്ചേ, വിളിച്ചാൽ കേക്കുന്നിടത്തവനില്ലെന്ന്,….
അങ്ങനെ വിശ്വസിക്കാൻ മേലടി എനിക്ക്…. എബി മോനിവിടെ എവിടെയോ ഉണ്ട് …. “”അന്നൂട്ടി.. എന്ന് വിളിക്കും.. ഓ”” ന്ന് ഞാൻ വിളി കേൾക്കും….. അത് മതി…”
അത്രേം പറഞ്ഞപ്പോഴേക്ക് കിതച്ച് പോയിരുന്നു എബിയുടെ അന്നൂട്ടി…
ചുണ്ടുകൾ വിറകൊള്ളുന്നുണ്ടായിരുന്നു …..
വല്ലാത്തൊരു വേദന ഉള്ളിൽ നിന്ന് തള്ളി പുറത്തേക്ക് വരുന്നത് കൊണ്ടാവാം വിഭക്കും ഒന്നും മിണ്ടാനാവാഞ്ഞത്….
അവൾ അന്നമ്മച്ചിയെ ഇറുകെ പുണർന്നത് …
” എബി ”
കുസൃതിയോലുന്ന ആ മുഖം മനസിൽ മികവോടെ തെളിഞ്ഞു ….
എബീ ടെ അന്നൂട്ടിയും … അന്നൂട്ടിയുടെ എബി മോനും …
വല്ലാത്ത ഒരു ബന്ധമായിരുന്നു അത്,
താൻ നേരിൽ കണ്ടറിഞ്ഞത്…
ഒരിക്കൽ ഒരു ലോക്കൽ ചാനലിൽ സംഘടിപ്പിച്ച കവിയരത്തിൽ വച്ചാണ് എബിയെ ആദ്യമായി കണ്ടത്… എബി സ്വന്തം കവിത അവതരിപ്പിച്ചപ്പോൾ എല്ലാവരും ശ്വാസം പോലും വിടാതെ കേട്ടിരുന്ന് പോയി..
അത്രക്ക് മനോഹരമായിരുന്നു അത്…
അമ്മയോടുള്ള സ്നേഹം തന്നെയായിരുന്നു അതിൽ മുഴുവൻ,
അവസാനികരുതെ എന്ന് പ്രർത്ഥിച്ചു പോയി, അത്ര മധുരതരം …..
നിർത്തിയപ്പോൾ വിഷമം തോന്നി, ഒന്നൂടെ ആ സ്വരം കേൾക്കാൻ തോന്നി….
അപ്പഴാണ് മനസറിഞ്ഞത് പോലെ എല്ലാവരും ചേർന്ന് പറഞ്ഞത്, ഒരു കവിത കൂടെ….. എന്ന്..
ഇത്തവണ സ്വന്തം കവിതയല്ലട്ടോ എന്ന് പറഞ്ഞ് ചൊല്ലിയത് സുഗതകുമാരിയുടെ
“അമ്മ”””
പാതി വരെ ചൊല്ലിയപ്പോഴക്ക് ആ മിഴികൾ നിറഞ്ഞു, തൊണ്ടയിടറി:..
കേട്ടിരുന്ന ഞങ്ങൾ ഓരോരുത്തരുടേയും മിഴികൾ നിറഞ്ഞു … അത്രമേൽ ഹൃദയത്തിൽ കൊണ്ടു, കഴിഞ്ഞപ്പോൾ അഭിനന്ദിക്കണം എന്നുണ്ടായിരുന്നു, ആളെ അന്വേഷിച്ചപ്പോഴേക്ക് സ്ഥലം വിട്ടിരുന്നു …..
നിരാശയോടെ അന്ന് മടങ്ങി, പക്ഷെ ആ സ്വരവും കവിതയും മനസിൽ കേറിക്കൂടിയിരുന്നു … കുറേ നാൾ കാണാനും കോണ്ടാക്ട് ചെയ്യാനും ശ്രമിച്ചെങ്കിലും ഒന്നും സാധിച്ചില്ല….
സാവധാനം എബി ഐസക്ക് എന്ന ആരാധന കഥാപാത്രത്തെ മനസിൻ്റെ ഒരു കോണിൽ ഒളിപ്പിച്ചു, ഇടയ്ക്ക് മാത്രം ആ ഓർമ്മകളെ താലോലിച്ചു …
ഒടുവിൽ പിജി ചെയ്യാൻ ലിറ്റിൽ ഫ്ലവറിൽ ചേർന്നപ്പോൾ മിന്നായം പോലെ ദൂരേന്ന് കണ്ടു ആളെ …
അവിടെത്തെ മലയാളം ലക്ചറർ …
ഓടിച്ചെന്ന് അന്ന് പറയാൻ വച്ചതെല്ലാം പറഞ്ഞു, ഒറ്റ ശ്വാസത്തിൽ ….
ചിരിയോടെ കണ്ണിമ ചിമ്മാതെ മുഴുവൻ കേട്ടു ….
“താങ്ക്സ് ” എന്നു മാത്രം പറഞ്ഞ് നടന്നു നീങ്ങി….. ഇത്തിരി പോയൊന്ന് തിരിഞ്ഞ് നോക്കി…. നിറഞ്ഞൊരു പുഞ്ചിരി നൽകി…
അതായിരുന്നു തുടക്കം….
മെല്ലെയത് സൗഹൃദമായി.. സൗഹൃദം പ്രണയമായി …. സർപ്രൈസായി ഒരു ദിവസം അന്നാമ്മച്ചിയുമായി വന്നു.. ഇത്തിരി നേരം കൊണ്ട് തന്നെ അവർക്കിടയിലെ വല്ലാത്തൊരു ബന്ധം മനസിലായി,
ആദ്യത്തെ ആ കാഴ്ചയിൽ തന്നെ ആരൊക്കെയോ ആയി ഞങ്ങൾ .. പിന്നങ്ങോട്ട് നിർത്താതെയുള്ള വിളികൾ,
എൻ്റെ വീട്ടിൽ മാത്രം സമ്മതിച്ചില്ല….
വല്യ നാ യർ തറവാട്ടിലെ കുട്ടി ന സ്രാണിയെ കെട്ടണ്ട എന്ന് തീർത്തു പറഞ്ഞു … ഏതോ ഒരു കല്യാണവും അവർ ഉറപ്പിക്കാൻ നിന്നു…
എബിയോട് പറഞ്ഞപ്പോൾ “ടീ ……..ഒരുങ്ങി നിന്നോ ഞാൻ വരുവാ എൻ്റെ പെണ്ണായി കൊണ്ടോവാൻ എന്നായിരുന്നു ”
മറുപടി…
ഒരുങ്ങിയിരുന്നു …
വന്നില്ല …
അച്ഛനും ഏട്ടൻമാരും ചേർന്ന്….
തലക്കേറ്റ അടിയായിരുന്നു മ രണകാരണം …
അന്നിറങ്ങി വീട്ടിൽ നിന്ന് …. മനസ്കൈവിട്ട് പോകുന്നെങ്കിൽ കൂടി …. അന്നാമ്മച്ചിയുടെ അടുത്ത് വന്നു…
ഭർത്താവ് മരിച്ച ശേഷം ഏക മകനായി ജീവിച്ചവർ…. എന്തേലും ചോദിച്ചാൽ പോലും മറുപടിയില്ലാരുന്നു എൻ്റെ കയ്യിൽ … എന്നെ പോലും അത്ഭുതപ്പെടുത്തി,
“അവനത്രേ വിധിച്ചിട്ടുള്ളൂ ന്ന് കരുതു കുഞ്ഞേ ” എന്ന് പറഞ്ഞു ..
ആ ഉള്ള് നുറുങ്ങുന്നെങ്കിൽ കൂടി ….
കുറച്ച് നാൾ അന്നാമ്മച്ചിയുടെ കൂടെ നിന്നു.. പിന്നെ അന്നാമ്മച്ചി തന്നെയാ പഠിത്തം തുടരാൻ നിർബന്ധിച്ച് പറഞ്ഞയച്ചത്….
പഠിച്ച് ഞാനും നേടി അതേ കോളേജിൽ അതേ ജോലി ….
ഇടക്ക് അന്നാമ്മച്ചിയെ കാണാൻ ചെല്ലും…
എബി പോയേൽ പിന്നെ അന്നാമ്മച്ചി ഫോൺ ഉപയോഗിച്ചിട്ടില്ല, കാരണം ഫോൺ റിംഗ് ചെയ്യുമ്പോ അത് വല്ലാത്ത പ്രതീക്ഷയാണത്രേ….
ഓരോ പ്രതീക്ഷകളും നിരാശയിൽ അവസാനിക്കുമ്പോൾ ഹൃദയം നുറുങ്ങാണത്രെ….
അതാണ് അന്നാമ്മച്ചിയെ കാണണങ്കിൽ ഇവിടെ വരെ വരേണ്ടി വരുന്നത് …. ഓരോ തവണയും വരുമ്പോ പറയാനുള്ളത് അത് മാത്രമായിരുന്നു …
മറ്റൊരു വിവാഹം…
ഇത്തവണയും അത് പറഞ്ഞ് പിണങ്ങി,
“അന്നാമ്മച്ചി ”
വിഭ വിളിച്ചപ്പോൾ പ്രതീക്ഷയോടെ നോക്കി അവർ,
“അന്നാമ്മച്ചിയുടെ എബി മോൻ എങ്ങും പോയില്ല എന്ന് വിശ്വസിയ്ക്കും പോലെ,
എൻ്റെ എബിയും എങ്ങും പോയില്ലല്ലോ അന്നാമ്മച്ചി …. ദേ…. ഈ ഹൃദയത്തിൻ്റെ തുടിപ്പുകളായി അവൻ പ്രണയിക്കയല്ലേ എന്നെ ആഴത്തിൽ …. ഗാഢമായി….”
അതു കേട്ടൊന്ന് മിഴിനനഞ്ഞു അന്നാമ്മച്ചിയുടെ ….
അങ്ങ് ദൂരേക്ക് നോക്കി നിന്നു…
“ഈ നെഞ്ചിൻ്റെ തുടിപ്പില്ലേ അന്നാമ്മച്ചി… അതോരോന്നും പറയുന്നത് ഞങ്ങടെ പ്രണയമല്ലേ…? പ്രണയം തീരുമ്പോ അതും നിക്കും .. ഇതെങ്ങനെ മറ്റൊരാൾക്ക് പകുത്തു നൽക്കും ഞാൻ …? ”
അന്നാമ്മച്ചിയുടെ കയ്യിൽ വിഭക്കൊച്ചിന് കൊടുക്കാൻ മറുപടിയില്ലായിരുന്നു …
“ഇപ്പഴേ ഞാൻ വന്നത് മറ്റൊരു കാര്യത്തിനാ…. ”
സംശയത്തോടെ നോക്കി അവളെ അവളുടെ അന്നാമ്മച്ചി, ദൂരേക്കെങ്ങാനും പോവാനുള്ള സമ്മതത്തിനാണോ എന്ന് പേടിച്ച്….
കയ്യിലിരുന്ന പേപ്പർ അവർക്കായി നീട്ടി….
” എബീസ് സ്‌പാരോ നെസ്റ്റ് ”
എബിയുടെ കുരുവിക്കൂട്….
“ഇത് ”
സംശയിച്ച് നോക്കിയ അന്നമ്മച്ചിയോട് ഒരു ചിരിയാലെ അവൾ പറഞ്ഞു,
“ആരോരുമില്ലാത്തവരുണ്ട് അന്നാമ്മച്ചി, ദുരിതം പേറുന്നവർ… നമ്മളേക്കാൾ കരഞ്ഞ് തീർത്തവർ…. അവർക്കൊക്കെ ആരേലുമാവാൻ നമ്മളെകൊണ്ടാവുമെങ്കിൽ അതല്ലേ നല്ലത്… അതും എബിയുടെ പേരിലാവുമ്പോ……. ”
പറഞ്ഞ് തീർന്നതും ഇറുകെ ചേർത്ത് പുണർന്നു അവളെ അന്നാമ്മച്ചി …
“ഇനിയൊന്നും ചെയ്യാനില്ലന്നാടി കരുതിയെ… കർത്താവ് വിളിക്കാൻ പ്രാർത്ഥിക്കുവാരുന്നു, ഇപ്പോ ഇപ്പോ ജീവിക്കാൻ തോന്നുവാ… നീ അപ്പറഞവർക്ക് വേണ്ടി… ഒന്ന് കാത്ത് നിന്നാൽ അമ്മച്ചിം വരാം.. ഈ കുരുവിക്കൂട്ടിലോട്ട്… അമ്മക്കിളിയായി….
അങ്ങനെ ആരുമല്ലാത്തവർ പരസ്പരം ആരൊക്കെയോ ആയി ജീവിക്കുന്നു…
ചിരിക്കാൻ മറന്നവർക്കായി, അവരുടെ ചുണ്ടിലെ പുഞ്ചിരിയായി…