(രചന: Nisha L)
“അമ്മേ നാരായണ… ദേവി നാരായണ… ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ… ”
ദേ വീ സ്തുതികൾ മുഴങ്ങുന്ന ക്ഷേത്രനടയിൽ കണ്ണുകൾ അടച്ചു തൊഴുകൈയോടെ നന്ദന നിന്നു.
“നന്ദന.. തിരുവാതിര ന ക്ഷത്രം.. ”
പൂജാരിയുടെ വിളി കേട്ട് കണ്ണുകൾ തുറന്ന അവൾ,, പ്രസാദവുമായി മുന്നിൽ നിൽക്കുന്ന ദേവദാസിനെ അത്ഭുതത്തോടെ നോക്കി.
“ദേവദാസ് അല്ലെ.. “??
“അതേ.. ”
“എന്നെ ഓർമ്മയുണ്ടോ… നമ്മൾ ഒരുമിച്ച് ഹയർ സെക്കന്ററിയിൽ പഠിച്ചിട്ടുണ്ട്..എന്റെ പേര് നന്ദന.. ഓർക്കുന്നോ.. “??
“ഉവ്വ്… ഓർമ്മയുണ്ട്…”
ഒന്നാലോചിച്ച ശേഷം ദേവ് മറുപടി പറഞ്ഞു.
“താൻ എന്ന് വന്നു… ബാംഗ്ലൂരിൽ ജോലി കിട്ടി പോയത് അറിഞ്ഞിരുന്നു.”
“ഞാൻ വന്നിട്ട് ഒരാഴ്ചയായി.. സുഖമാണോ ദേവ്…എത്ര നാളായെടോ കണ്ടിട്ട്… താൻ എപ്പോഴാ ഫ്രീയാകുന്നത്.. എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു…”
“അതിനെന്താ… ആവാല്ലോ.. രാവിലത്തെ പൂജ കഴിഞ്ഞു നടയടച്ചു പോയാലും എനിക്ക് പഞ്ചായത്ത് ഓഫീസിൽ ചെറിയൊരു ജോലിയുണ്ട്..
വൈകുന്നേരം വീണ്ടും ഇവിടെ.. സൺഡേ മാത്രമേ ഞാൻ ഫ്രീയാകൂ നന്ദന.. അന്ന് കണ്ടാൽ മതിയോ.. “??
“മതി… സൺഡേ മതി.. ”
അപ്പോഴേക്കും അവനോടു പറയാനുള്ളതൊക്കെയും മനസ്സിൽ അടുക്കി വയ്ക്കാമെന്ന് ചിന്തിച്ച അവൾ സമ്മതമറിയിച്ചു.
“എന്താ തനിക്കു സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്… “??
കുളപ്പടവിൽ വെള്ളത്തിലേക്ക് കാലുകൾ ഇറക്കി വച്ചു കൊണ്ട് ചിന്തയോടെ ഇരിക്കുന്ന നന്ദനയെ നോക്കി ദേവ് ചോദിച്ചു..
“ഒന്നുമില്ല… വെറുതെ തന്നോട് ഒന്ന് സംസാരിക്കണമെന്ന് തോന്നി.. ഒരുമിച്ച് പഠിക്കുമ്പോഴും താൻ ആരോടും മിണ്ടാതെ എപ്പോഴും ഒറ്റയ്ക്ക് തന്നെയായിരുന്നുവല്ലോ.. അന്നും തന്നോടൊന്നു സംസാരിക്കാൻ ശ്രമിച്ചിട്ട് എനിക്ക് സാധിച്ചിട്ടില്ല.. ”
“മ്മ്.. ഇപ്പോഴും അങ്ങനെ തന്നെയാണ് നന്ദനാ.. വല്യ മാറ്റമൊന്നും എനിക്ക് വന്നിട്ടില്ല… ആരോടെങ്കിലും സംസാരിക്കാൻ ഇപ്പോഴും ഒരു ഭയമാണ്…”
“തന്റെ വേളി കഴിഞ്ഞുന്നറിഞ്ഞിരുന്നു… പിന്നെ എന്തേ പറ്റിയത് ആ ബന്ധം മുറിഞ്ഞു പോകാൻ.. കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് അയാൾ തന്നെ ഉപേക്ഷിച്ചു പോയെന്നാണല്ലോ പറഞ്ഞുകേൾക്കുന്നത്..”??
“ആഹാ താനിത് ചോദിക്കാനാണോ ഇത്ര കാര്യമായി എന്നെ വിളിച്ചു വരുത്തിയത്..”??
“ഏയ്യ് അല്ല ദേവ്… ഞാൻ വെറുതെ.. ”
നന്ദന പതർച്ച മറച്ചു ദേവിനോട് ചോദിച്ചു.
“അതൊക്കെ പോട്ടെ….തനിക്ക് ഓർമ്മയുണ്ടോ നമ്മുടെ സ്കൂൾ കാലഘട്ടം.. എല്ലാവരും സന്തോഷത്തോടെ ചിരിച്ചും കളിച്ചും ആഘോഷിച്ചപ്പോൾ താൻ മാത്രം എപ്പോഴും ഒറ്റയ്ക്ക്, ആരോടും കൂടാതെ,, ആരെയും മുഖമുയർത്തി ഒന്ന് നോക്കുക പോലും ചെയ്യാതെ …
ഞാൻ പലതവണ തന്നോട് സംസാരിക്കാൻ അടുത്തു വന്നിട്ടുണ്ട്.. അപ്പോഴൊക്കെ താൻ എന്നിൽ നിന്നും അകന്നു മാറി പോയിക്കൊണ്ടിരുന്നു.. ഓർക്കുന്നുവോ..”??
“ഉവ്വ് നന്ദനാ… താൻ മാത്രമാണ് അൽപ്പമെങ്കിലും കരുണയോടെ എന്നെ നോക്കിയിട്ടുള്ളത്… ബാക്കി എല്ലാവർക്കും ഞാനൊരു പരിഹാസകഥാപാത്രമായിരുന്നു..
എന്നോട് കൂടിയിട്ട് തന്നെ കൂടെ കൂട്ടുകാർ വെറുക്കണ്ട എന്ന് കരുതിയാണ് ഞാൻ ഒഴിഞ്ഞു മാറിയിരുന്നത്.. ”
“എനിക്ക് മനസിലാകുമായിരുന്നു ദേവ് തന്നെ .. ”
നന്ദന മറുപടി കൊടുത്തു.
“തന്റെ വിവാഹശേഷം ആയിരുന്നുവല്ലേ അമ്മ മരിച്ചത്.. “??
“അതെ.. അമ്മ മരിച്ചതോടു കൂടിയാണ് എന്റെ ജീവിതത്തിലെ താളം തന്നെ തെറ്റിപ്പോയത്.. അമ്മയും രുക്കുവും ആയിരുന്നു…അവർ മാത്രമായിരുന്നു എന്റെ ലോകം… ”
“അമ്മയ്ക്ക് എന്തായിരുന്നു അസുഖം..”??
“ഒരസുഖവും ഉണ്ടായിരുന്നില്ല.. ഒരു രാത്രി ഉറങ്ങാൻ കിടന്നതാണ് പിന്നെ എഴുന്നേറ്റിട്ടില്ല.. മരണമെങ്കിലും അമ്മയോട് അൽപ്പം ദയകാണിച്ചു.. വേദനിപ്പിക്കാതെ, ബുദ്ധിമുട്ടിക്കാതെ,,
ഉറക്കം ഉണർത്താതെ അവൻ അമ്മയെ വിളിച്ചുകൊണ്ടുപോയി… പാവം ഒരായുസ്സിൽ അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചിട്ടാ പോയത്….
രുക്കു വന്നതിനു ശേഷമാണ് അമ്മ ചിരിക്കുന്നത്, അമ്മയുടെ മുഖം സന്തോഷത്താൽ തിളങ്ങുന്നത് ഞാൻ കണ്ടിട്ടുള്ളത്…. പക്ഷേ അതിനും അൽപ്പായുസ്സായി പോയി… ”
“ആ അതൊക്കെ പോട്ടെ… താൻ എന്തേ ഇതുവരെ വിവാഹം കഴിച്ചില്ല… “??
“സ്വന്തം കാലിൽ നിന്നതിനു ശേഷം മതി വിവാഹം എന്നായിരുന്നു എന്റെ തീരുമാനം… വീട്ടിൽ ആരും എന്റെ തീരുമാനത്തെ എതിർത്തതുമില്ല… അതുകൊണ്ട് ഇത്രയും നീണ്ടു… ഇനി ഒരു വിവാഹത്തെ കുറിച്ച് ആലോചിക്കണം.. ”
“ഹ്മ്മ്…. എന്റെ അമ്മയ്ക്ക് ഒന്ന് മിണ്ടാനും പറയാനും ഒരു കൂട്ട് കിട്ടുമല്ലോ എന്ന ചിന്തയിലാ ഞാൻ നേരത്തെ വിവാഹത്തിനൊരുങ്ങിയത്…
നന്ദനയ്ക്ക് അറിയാമല്ലോ എന്റെ അച്ഛന്റെ വിശേഷങ്ങളൊക്കെ… സ്ത്രീ വിഷയത്തിലുള്ള അച്ഛന്റെ ആ സ ക്തിയെ കുറിച്ച്..”
പതിഞ്ഞ ശബ്ദത്തിൽ ദേവ് ചോദിച്ചു.
“ഉവ്വ്.. പലരും പറഞ്ഞുകേട്ടിട്ടുണ്ട്..”
“ഓർമ്മവെച്ച നാൾ മുതൽ തോരാതെ പെയ്യുന്ന അമ്മയുടെ കണ്ണുകൾ കണ്ടാണ് ഞാൻ വളർന്നത്.. അമ്മയ്ക്ക് അച്ഛനെ ഭയമായിരുന്നു… അച്ഛന്റെ ദു ർന ടപ്പിനെ ചോദ്യം ചെയ്യാൻ പോയിട്ട് അച്ഛന്റെ മുന്നിൽ വന്നു നിൽക്കാൻ പോലും അമ്മയ്ക്ക് ഭയമായിരുന്നു…
അമ്മ വളർത്തിയ കുട്ടിയായത് കൊണ്ടാകാം അമ്മയുടെ അതേ ഭയം എനിക്കും പകർന്നു കിട്ടി.. അച്ഛൻ എന്നാൽ പേടിക്കേണ്ട എന്തോ ഒന്നാണെന്നാണ് ഞാൻ ചെറുപ്പത്തിൽ വിചാരിച്ചിരുന്നത്..
പിന്നീട് തിരിച്ചറിവ് ആയപ്പോൾ പലരും പറഞ്ഞു പല കഥകളും കേട്ടു… അതിനുശേഷം അച്ഛനോട് വെറുപ്പായിരുന്നു.. ഭയവും വെറുപ്പും അതായിരുന്നു എനിക്ക് അച്ഛൻ…
“മ്മ്… അറിയാം ദേവ്.. ”
മെല്ലെ തലയാട്ടി നന്ദന പ്രതിവചിച്ചു.
“അച്ഛന്റെ മുഖം കാണുമ്പോഴൊക്കെ ഏതൊക്കെയോ സ്ത്രീകളുടെ,, ഏതൊക്കെയോ കുടുംബങ്ങളുടെ കരച്ചിൽ ചെവിയിൽ വന്ന് അലയടിക്കുന്നത് പോലെ തോന്നും..
സത്യം പറഞ്ഞാൽ എനിക്ക് ഈ സമൂഹത്തിൽ തലയുയർത്തി നടക്കാൻ ഭയമായിരുന്നു.. അച്ഛന്റെ മേൽവിലാസം എനിക്കൊരു ഭാരമായിരുന്നു..
മുഖമുയർത്തി നോക്കിയാൽ ആളുകൾ എന്നെ നോക്കി പരിഹസിച്ചു ചിരിക്കും പോലെ തോന്നിയിരുന്നു.. എല്ലാം തുറന്നു പറയാൻ ഒരു സൗഹൃദം പോലും എനിക്കുണ്ടായിട്ടില്ല ഇക്കാലമത്രയും…
സത്യം പറഞ്ഞാൽ ഒരു സൗഹൃദമുണ്ടാക്കാൻ പോലും എനിക്ക് ഭയമായിരുന്നു… അതായിരുന്നു താൻ അടുക്കാൻ വന്നപ്പോഴൊക്കെയും ഞാൻ അകന്നു മാറിയത്… ”
“അമ്മ മരിച്ചധികം കഴിയും മുമ്പേ അച്ഛനും തളർന്നു കിടപ്പായി അല്ലെ ദേവ്.. “??
“അതെ.. ”
“എന്തായാലും ആ കുട്ടി ചെയ്തത് ശരിയായില്ല…. തനിക്കൊരു തുണ വേണ്ട സമയം തന്നെ അയാൾ തന്നെ ഉപേക്ഷിച്ചു പോയല്ലോ.. ”
“നിർത്തൂ നന്ദന….. നിർത്തൂ… എന്റെ രുക്കു… അവളെ കുറ്റപ്പെടുത്തരുത്… അവൾ വെറും പാവമാണ്.. അവളെന്നെയല്ല… ഞാൻ അവളെയാണ് ഉപേക്ഷിച്ചത്… ”
“എന്താ.. “???
നന്ദന സംശയത്തോടെ അവനെ നോക്കി…
“അതെ നന്ദനാ.. ഞാൻ… ഞാനാണ് എന്റെ രുക്കുവിനെ ഉപേക്ഷിച്ചത്…. അവൾ എന്നെ പ്രാണനെ പോലെ സ്നേഹിച്ചിരുന്നു…
നെഞ്ച് പൊട്ടി കരഞ്ഞു കൊണ്ടാണ് എന്റെ രുക്കു പോയത്…. ഉപേക്ഷിക്കരുതേയെന്നു എന്റെ കാലുപിടിച്ച് കരഞ്ഞു പറഞ്ഞു പലവട്ടം … പക്ഷേ.. ”
“പിന്നെ എന്തിന്… എന്തിനാണ് ദേവ് നീ ആ കുട്ടിയെ ഉപേക്ഷിച്ചത്.. “??
“പേടിച്ചിട്ട്…. എന്റെ അച്ഛനെ പേടിച്ചിട്ട്.. ”
“മനസ്സിലായില്ല… ”
“അമ്മയുടെ മരണശേഷം ആറുമാസം കഴിഞ്ഞ് ഒരു ദിവസം… ഞാൻ അത്താ ഴ പൂ ജ കഴിഞ്ഞ് ന ട അടച്ച് വീട്ടിലേക്കെത്തുമ്പോൾ…
പടിപ്പുര കടക്കുമ്പോൾ തന്നെ കേട്ടു എന്റെ രുക്കുവിനെ കരച്ചിൽ… ഓടിച്ചെന്നു നോക്കുമ്പോൾ കണ്ട കാഴ്ച…. അയാൾ.. ആ ദുഷ്ടൻ… എന്റെ രുക്കുവിനെ… ഈശ്വരാ..
തക്കസമയത്ത് ഞാൻ ചെന്നത് കൊണ്ട് എന്റെ രുക്കുവിന് ഒന്നും പറ്റിയില്ല… അന്ന് ഞാൻ പതിവിലും നേരത്തെയാണ് നടയടച്ചു പോയത്… ദേ വി യാണ് എന്നെ കൃത്യസമയത്തു അവിടെ എത്തിച്ചത്…. അല്ലെങ്കിൽ എന്റെ രുക്കു…”
“അയാൾ വെറുതെ അങ്ങ് തളർന്നുപോയതൊന്നുമല്ല.. ഞാൻ… ഞാനാണ് അയാളെ തളർത്തി കിടത്തിയത്… ”
ക്ഷേത്രത്തിൽ ബാക്കിവന്ന നേ ദ്യ ചോ റു കൊണ്ടുവന്ന ഉ രു ളി കൊണ്ട് ഞാൻ അയാളുടെ ത ലയ്ക്കു പിന്നിൽ ശക്തിയായി അ ടിച്ചു,,, നടുവിന് ച വിട്ടി താഴെ വീ ഴ്ത്തി.. അതിനുശേഷം…. അതിനുശേഷം പിന്നീട് അയാൾ എ ഴുന്നേറ്റ് ന ടന്നിട്ടില്ല….
നന്ദന പകപ്പോടെ അവനെ നോക്കിയിരുന്നു..
” ദേവ… നീ… നീയി പറയുന്നതൊക്കെ സത്യമാണോ.. “??
“ഞാൻ എന്തിന് കള്ളം പറയണം…??
സത്യമാണ്… കുറച്ചു മുൻപേ ഞാനിത് ചെയ്യേണ്ടതായിരുന്നു. അയാൾ ചെയ്തുകൂട്ടിയ പാപങ്ങളുടെ ശിക്ഷയായി കണ്ടാൽ മതി..
ന രകിക്കട്ടെ… ന രകിച്ചു ചാവട്ടെ… എന്റെ അമ്മയുടെ ഉൾപ്പെടെ എത്രയോ സ്ത്രീകളുടെ കണ്ണീരിന്റെ ശാപമുണ്ട് അയാൾക്ക്…
കിടന്ന കിടപ്പിൽ നിന്ന് അനങ്ങാൻ പോലുമാകാതെ നരകിച്ചു തീരട്ടെ അയാൾ… ഭൂമിയിലെ പാ പങ്ങളുടെ ശി ക്ഷ ഇവിടെ തന്നെ അനുഭവിച്ചു തീരണം.. മ ര ണശേഷമുള്ള ശി ക്ഷയിൽ എനിക്ക് വിശ്വാസമില്ല….
സ്വ ർഗവും ന രകവുമൊക്കെ ഈ ഭൂമിയിൽ നമ്മൾ തന്നെ ഉണ്ടാക്കുന്നതാണെന്നു ചിന്തിക്കാനാണ് എനിക്ക് താല്പര്യം…. ഇനിയെങ്കിലും ചെയ്തു പോയ തെറ്റുകളോർത്തു പശ്ചാത്തപിക്കട്ടെ…അങ്ങനെയെങ്കിലും പാപഭാരം ഒന്ന് കുറയട്ടെ… ”
വെറിയോടെ ദേവ് പറഞ്ഞു…
“ആ സംഭവത്തിന്റെ പിറ്റേദിവസം തന്നെ ഞാൻ, ഹൃദയം അലറി കരയുമ്പോഴും മനസ് കല്ലാക്കി എന്റെ രുക്കുവിനെ അവളുടെ വീട്ടിൽ കൊണ്ടാക്കി.. അവൾ ഒത്തിരി കരഞ്ഞു പറഞ്ഞു.. എന്നെ ഉപേക്ഷിക്കല്ലേ… എനിക്ക് ദേവേട്ടനെ വിട്ടു പോകാൻ കഴിയില്ല…
എനിക്ക് ദേവേട്ടന്റെ കൂടെ ജീവിച്ചു മതിയായില്ല.. ദേവേട്ടനില്ലാതെ ഞാൻ ശ്വാസം മു ട്ടി മ രിച്ചു പോകും… എന്നുപറഞ്ഞ് അവൾ ഒരുപാട് കരഞ്ഞു… ”
“പക്ഷേ അച്ഛന്റെ കൈ എന്റെ രുക്കുവിന് നേരെ ഉയർന്നത് എന്റെ പിടിപ്പുകേട് കൊണ്ടല്ലേ..
എന്റെ ശ്രദ്ധക്കുറവു കൊണ്ടല്ലേ.. ഞാൻ ശ്രദ്ധിക്കണമായിരുന്നു… അ യാളെ പോലെ ഒരുത്തൻ വീട്ടിൽ ഉള്ളിടത്തോളം ഞാനെന്റെ രുക്കുവിനെ ഒത്തിരി ശ്രദ്ധിക്കണമായിരുന്നു..
എന്റെ തെറ്റാണ്… എന്റെമാത്രം തെറ്റ്.. അയാൾ രുക്കുവിനെ ഒരിക്കലും ഒരു സ്ത്രീശ രീരം മാത്രമായി കാണില്ല എന്ന് ഞാൻ വിചാരിച്ചു.
സ്വന്തം മകന്റെ ഭാര്യയായിരുന്നില്ലേ അവൾ… മകൾക്ക് തുല്യം… അല്ല മകൾ തന്നെ… എന്നിട്ടും.. എന്നിട്ടും അയാൾക്കെങ്ങനെ തോന്നി.. എന്റെ രുക്കുവിന്റെ ശരീരത്തിൽ കൈ വയ്ക്കാൻ…
നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കാൻ പോലും ദേവ് മുതിർന്നില്ല. അവൻ പറഞ്ഞു കൊണ്ടിരുന്നു..
“രുക്കു ഇപ്പോൾ….??
“അയാളുടെ വീട്ടുകാർ കുറച്ചു പുരോഗമന ചിന്താഗതിക്കാരാണ്… രുക്കു ഇപ്പോൾ പീ ജീ ക്ക് പോകുന്നെന്നറിഞ്ഞു…
പാവം… എന്നെ മറന്ന് നല്ലൊരു ജീവിതം തുടങ്ങാൻ എന്റെ രുക്കുവിന് ആത്മബലം കൊടുക്കണേയെന്നു എന്നും ഞാൻ ദേവിയോട് പ്രാർഥിക്കുന്നുണ്ട്…”
“ഈ ജീവിതത്തിൽ ഞാനെന്റെ മനസ്സിലിടം കൊടുത്തിട്ടുള്ള രണ്ടേ രണ്ട് വ്യക്തികളെ ഉള്ളൂ… ഒന്ന് എന്റെ അമ്മയും ഒന്ന് എന്റെ രുക്കുവും …!
പിന്നെ ഇതൊക്കെ തന്നോട് പറഞ്ഞത് എന്റെ മനസിന്റെ ഭാരം ഒന്ന് കുറയട്ടെ എന്ന് കരുതിയാണ്… അന്ന് വീട്ടിൽ നടന്നതൊക്കെയും ഞങ്ങൾ മൂന്നു പേരല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.. ഇപ്പോൾ താൻ കൂടി അറിഞ്ഞു…. ”
“തനിക്ക് എന്നെ വിശ്വസിക്കാം ദേവ്.. ഇതൊന്നും ഞാൻ ആരോടും പറയില്ല …എന്നിൽ നിന്ന് മറ്റൊരാളും അറിയില്ല…. ”
“വിശ്വാസമാണ്… തന്നെ എനിക്ക് വിശ്വാസമാണ്… അതല്ലേ ഒക്കെയും തന്നോട് ഞാൻ പറഞ്ഞത്… ”
“എങ്കിലും പരസ്പരം ഇത്ര മേൽ ആഴത്തിൽ സ്നേഹിച്ചിട്ട് രുക്കുവിനെ ഉപേക്ഷിക്കേണ്ടിയിരുന്നില്ല… ”
“വേണ്ട നന്ദന… ഞാനൊരു പാപിയാണ്…. സ്വന്തം പിതാവിനെ ചവിട്ടി വീഴ്ത്തിയവനല്ലേ ഞാൻ… അയാൾ കൊടുംപാപിയാണെങ്കിലും അയാളോട് ഞാൻ ചെയ്തതും പാപം തന്നെയല്ലേ…
എന്റെ പാപത്തിന്റെ ഫലം രുക്കുവിനു കൂടി കിട്ടേണ്ട എന്ന് കരുതിയാണ് ഞാൻ അവളെ ഉപേക്ഷിച്ചത്…
പരമ്പര ശാപത്തിന്റെ പാപവും പേറി ഇനിയൊരു ജീവൻ കൂടി എന്നിൽ നീ നിന്ന് ഭൂമിയിൽ ഉണ്ടാകാതിരിക്കട്ടെ…. എന്നോടുകൂടി തീരട്ടെ എന്റെ വംശവും… എന്റെ പരമ്പരയും… ശപിക്കപ്പെട്ട ജന്മങ്ങളും..”
ഇതുവരെ കാണാത്ത ഒരു ഭാവത്തിൽ നന്ദന ദേവനെ ആദ്യമായി കാണുകയായിരുന്നു..
ഇത്ര മേൽ ആഴത്തിൽ ഇവൻ ചിന്തിച്ചുവോ…
അവനെ കാണണമെന്ന് പറഞ്ഞു വിളിച്ചു വരുത്തിയത് എന്തിനു വേണ്ടിയാണെന്ന് പോലും മറന്ന് നന്ദന മിണ്ടാനാകാതെ ഇരുന്നു പോയി…
മനസ്സിൽ പണ്ടു തോന്നിയ ഇഷ്ടം ദേവനോട് തുറന്നു പറയാനാണ് ഇപ്പോഴി കൂടിക്കാഴ്ച ഒരുക്കിയതു തന്നെ…
“പറയാമായിരുന്നു ” എന്നൊരു തോന്നൽ പിന്നീട് ഉണ്ടാകരുത് എന്ന് കരുതി അവനോടു പറയാനുള്ളതൊക്കെ മനസ്സിൽ അടുക്കി വച്ചു വന്നതാണ്…. പക്ഷേ.. ദേവന്റെ മനസ്സിൽ രുക്കുവിനുള്ള സ്ഥാനം..
ആ സ്ഥാനത്തേക്ക് ഒരിക്കലും തനിക്ക് എന്നല്ല മറ്റൊരു പെണ്ണിനും കടന്ന് ചെല്ലാൻ ആവില്ല എന്ന് അവൾ തിരിച്ചറിഞ്ഞു.. അത്ര മേൽ സ്നേഹിച്ച രുക്കുവിനെ ഒഴിവാക്കിയതിന് തന്നെ അവന് വ്യക്തമായ കാരണമുണ്ട്…
ഇപ്പോൾ ഒരു സുഹൃത്തായിട്ടെങ്കിലും അവന്റെ മനസ്സിൽ തനിക്കൊരു സ്ഥാനമുണ്ട്…. അത് അങ്ങനെ തന്നെയിരിക്കട്ടെ….
പറയാനുള്ളതൊക്കെ മനസ്സിൽ അടക്കി അവളും, മനസ്സിൽ അടക്കിപ്പിടിച്ചതൊക്കെയും ഒരാളോട് പറഞ്ഞു എന്നുള്ള ആശ്വാസത്തിൽ അവനും ഇരുവഴിയിലേക്ക് നടന്നു…