നിറമുള്ള സ്വപ്നങ്ങൾ
(രചന: Nisha Suresh Kurup)
അന്നും പതിവു പോലെ അനുശ്രിയുടെ പെണ്ണു കാണൽ നടന്നു. എന്നെത്തെയും പോലെ തന്നെ പെണ്ണിനെ പിടിച്ചില്ല. ഇത്തവണ അവരുടെ ഡിമാന്റ് അനിയത്തിയെ വേണമെങ്കിൽ കെട്ടാം എന്നായിരുന്നു.
ചിലരൊക്കെ പറഞ്ഞിട്ടു ള്ളത് സ്ത്രീധനം അവര് ചോദിക്കുന്നത് കൊടുത്താൽ കല്യാണം കഴിച്ചോളാം എന്ന ഔദാര്യമാണ്. പതിനെട്ട് വയസു മുതൽ അനുശ്രി ഇങ്ങനെ പലരുടെയും മുൻപിൽ വേഷം കെട്ടുന്നു ഇരുപത്തിയഞ്ച് വയസായിട്ടും ഒന്നും നടക്കുന്നില്ല.കാരണം അവൾ നിറം കുറഞ്ഞവളും തടിച്ചവളവുമാണ്.
പഠിക്കാനും അത്ര മിടുക്കിയൊന്നുമല്ല. ഇത്തവണ പെണ്ണു കണ്ടിട്ട് പോയതിനു ശേഷം അച്ഛൻ പറഞ്ഞു
” ഒന്നും നടക്കുമെന്ന് തോന്നുന്നില്ല ഇളയവളെ കെട്ടിച്ചു വിടുന്നതാ നല്ലത് ” . അച്ഛന്റെ മുഖത്ത് ദേഷ്യമാണ്. അനുശ്രി എന്തോ തെറ്റു ചെയ്ത പോലെയാണ് അച്ഛന്റെ ഭാവം .
അമ്മ വിഷമത്തോടെ അവളെ നോക്കി “അതിന് അവളോട് ചൂടാവുന്ന എന്തിനാ അവളാണോ തെറ്റുകാരി ”
പിന്നെ ഇളയ മകളെ വഴക്ക് പറഞ്ഞു
” നീ എന്തിനാ അവരുടെ മുന്നിൽ ചെന്ന് കയറി കൊടുത്തത് “.
ഇളയവൾ അനുപമ അനുശ്രീയെക്കാൾ നാല് വയസിനിളയവൾ അനുശ്രീയെ പോലെ അല്ല വെളുപ്പും സൗന്ദര്യവുമൊക്കെ ആവശ്യത്തിൽ കൂടുതലുണ്ട്. പഠിക്കാനും മിടുക്കിയാണ് .
അനുശ്രി അച്ഛനെ പോലെയും അനുപമ അമ്മയെ പോലെയുമാണ് കാണാൻ. അനുപമ ഒന്നും മിണ്ടാതെ തല കുനിച്ചു. അമ്മ അനുശ്രീയുടെ കൈയിൽ തടവി പറഞ്ഞു
“മോള് വിഷമിക്കണ്ട സമയമാകുമ്പോൾ എല്ലാം നടക്കും ”
“നടക്കും നടക്കും ആദ്യം തീറ്റി കുറയ്ക്കണം പിന്നെ പഠിക്കാൻ വിട്ടപ്പോൾ പത്തക്ഷരം പഠിക്കണമായിരുന്നു ” അച്ഛൻ ചവിട്ടി തുള്ളി പുറത്തേക്ക് പോയി.
“എന്നാലും മൂത്തവളെ കാരണം ഇളയ കൊച്ചും ഇവിടെ ഇരുപ്പാകുമോ എന്തോ ”
അച്ഛമ്മ ആശങ്കയുടെ സ്വരത്തിൽ പറഞ്ഞു.
എത്രയോ തവണ കേട്ട കാര്യങ്ങൾ, അനുശ്രി പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നും ഇല്ലാതെ തന്റെ തയ്യൽ മെഷീന്റെ അടുത്തേക്ക് പോയി .
അന്ന് വന്ന കല്യാണം അനിയത്തിയെ ആലോചിച്ചു വീണ്ടും വന്നു. സ്ത്രീധനം പോലും വേണ്ട പെണ്ണിനെ മതി. ഇടത്തരം കുടുംബത്തിലുള്ള രണ്ട് പെൺകുട്ടികളുടെ അച്ഛന് മനസ് ചാഞ്ചാടി. അമ്മ എതിർത്തു.
“മൂത്തവൾ നില്ക്കുമ്പോൾ ഇളയവളെ കെട്ടിക്കുന്നത് ശരിയാണോ ? അവൾക്ക് വിഷമം വരില്ലേ ? നാട്ടുകാർ എന്ത് പറയും “?
“അതൊക്കെ നോക്കിക്കൊണ്ടിരുന്നാൽ അവളുടെ നല്ല ഭാവിയും പോകും ”
അച്ഛൻ നിസഹായനായി പറഞ്ഞു.
“നല്ലകാലം വരുമ്പോൾ അതങ്ങ് നടത്താൻ നോക്കണം ”
അച്ഛമ്മയും അച്ഛനെ കൂട്ടുപിടിച്ചു സംസാരിച്ചു.അനുശ്രി അനുപമയെ നോക്കി അവൾ നല്ല സന്തോഷത്തിലാണ്. കല്യാണമെന്ന് കേട്ടപ്പോൾ മതിമറന്നു നില്ക്കുന്നു.
എല്ലാത്തിനും താനാണ് തടസമെന്ന് ചിന്തിച്ച് അനുശ്രീ അച്ഛനമ്മമാരുടെ സംസാരത്തിനിടയിൽ കയറി പറഞ്ഞു അത് സാരമില്ല അവളുടെ കല്യാണം നടക്കട്ടെ . അച്ഛന് സന്തോഷമായി “അതാണു് അവൾക്ക് കാര്യങ്ങൾ അറിയാം “.
അച്ഛമ്മയും ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു. ഒട്ടും താമസിക്കാതെ തന്നെ അനുപമയുടെ കല്യാണം ഉറപ്പിച്ചു.
കല്യാണത്തിന് വന്നവർക്ക് ഒക്കെ അനുശ്രീയോട് ഭയങ്കര സഹതാപമായിരുന്നു . “എന്നാലും നിന്നെക്കാൾ ഇത്രയും ചെറുതായ അവൾക് വരെ കല്യാണം നടന്നു. നിനക്ക് മാത്രം ഇങ്ങനൊരവസ്ഥ വന്നല്ലോ ” അനുശ്രിയുടെ അപ്പച്ചിയുടെ വിഷമത്തോടെയുള്ള വർത്തമാനം.
മറ്റു ചിലരുടെ ഉപദേശം നിറം വെക്കാൻ എന്തെങ്കിലും ഒക്കെ പുരട്ടാത്തത് എന്താ , തടി കുറക്കാൻ വ്യായാമം ചെയ്ത് നോക്കൂ എന്നിങ്ങനെ നാട്ടുകാരും ബന്ധുക്കളും അവളെ കുറിച്ച് ആശങ്കപ്പെട്ടു. മനസിലെ വിഷമം പുറത്തു കാണിക്കാതെ ഒരു ചിരി മുഖത്ത് വരുത്തി അവൾ ഓടി നടന്നു കാര്യങ്ങൾ നോക്കി. കല്യാണം ഭംഗിയായി നടന്നു അനുപമ പയ്യന്റെ വീട്ടിലേക്ക് യാത്രയായി .
പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കും വരവുമാക്കെ കഴിഞ്ഞ് രണ്ട് ദിവസം നില്ക്കാനായി അനുപമയും ഭർത്താവ് രമേശും വന്നു. അനുപമ ആളാകെ മാറി സംസാരത്തിലും നടപ്പിലുമെല്ലാം മൂന്ന് നാല് ദിവസം കൊണ്ട് തന്നെ മാറ്റം പ്രകടമായി.
അച്ഛമ്മക്ക് രമേശിനോട് അനുപമയുടെ പഴയ വിശേഷങ്ങൾ പറയാൻ നൂറ് നാവ്. രാവിലത്തെ ആഹാരം ഉണ്ടാക്കി കൊണ്ടിരുന്ന അമ്മയ്കും അനുശ്രിക്കും അടുത്തേക് വന്നയവൾ ചോദിച്ചു.
“കൊള്ളാം ഇതുവരെ ബ്രേക്ക് ഫാസ്റ്റ് റെഡിയായില്ലേ അവിടെത്തെ അമ്മയാണെങ്കിൽ ഞാൻ കിടക്കുന്നിടത്ത് വന്ന് വിളിച്ചുണർത്തി ചായ തരും . കുളിച്ച് ഫ്രഷായി വരുമ്പോഴേ ടേബിളിൽ കഴിക്കാനുള്ളത് നിരന്നിട്ടുണ്ടാവും. അമ്മയും അച്ഛനും കൂടി നിർബന്ധിച്ച് ഓരോന്ന് കഴിപ്പിക്കും ”
“എന്നാലും മോളും കൂടി അവരെ സഹായിക്കയൊക്കെ ചെയ്യണം കേട്ടോ ” അമ്മ അനുപമയെ ഉപദേശിച്ചു.
“അയ്യോ ഒന്നും ചെയ്യണ്ടെന്നാ അമ്മ പറയുന്നത് ” അനുപമ ചിരിച്ചു.
ഇവിടത്തെ രീതികളൊക്കെ രമേശേട്ടന് പിടിക്കുന്നുണ്ടോ എന്തോ അവിടത്തെ പോലെ സൗകര്യമൊന്നും ഇവിടെ ഇല്ലല്ലോ ” അനുപമ തുടർന്നും പറഞ്ഞ് കൊണ്ടിരുന്നു.
“നീ ഇനി പഠിക്കാനൊന്നും പോണില്ലെ” അനുശ്രീ അപ്പത്തിന്റെ മാവ് കോരി ഒഴിക്കുന്നതിനിടയിൽ അനുപമയോട് ചോദിച്ചു.
” എന്തോത്തിനാ തുടർന്ന് പഠിക്കുന്നത് അവിടെ ഇഷ്ടം പോലെ കാശൊക്കെയുണ്ട്. എന്ത് പറഞ്ഞാലും വാങ്ങിത്തരും “അനുപമ അഭിമാനത്തോടെ പറഞ്ഞു നിർത്തി.
“എന്നാലും നീ പഠിക്കാൻ നോക്കൂ സ്വന്തമായി” അനുശ്രിയെ ബാക്കി പറയാൻ സമ്മതിക്കാതെ അച്ഛമ്മ ഇടയിൽ കയറി
“ആരാ ഉപദേശിക്കുന്നത് പ്ലസ്ടുവും ഗുസ്തിയുമായി ഇരിക്കുന്നവളാ ഉപദേശിക്കാൻ ചെല്ലുന്നത്”
അച്ഛമ്മ അത് പറഞ്ഞ് ചിരിച്ചു , കൂടെ അനുപമയും .
“ഞാനോ പഠിക്കില്ല ഇവൾ അങ്ങനെ അല്ലല്ലോ നന്നായി പഠിക്കുന്നതല്ലേ അത് കൊണ്ട് പറഞ്ഞ് പോയതാ” .
നീ ഭാരിച്ച കാര്യങ്ങൾ പറയാതെ പെട്ടന്ന് കഴിക്കാൻ ഉണ്ടാക്ക്. എന്റെ കുഞ്ഞിന്റെ സൗന്ദര്യം കൊണ്ട് അവൾക്ക് നല്ലൊരു ജീവിതം കിട്ടി അച്ഛമ്മയുടെ പുകഴ്ത്തൽ കേട്ടു അനുപമ ഗമയോടെ ചിരിച്ചു. കഴിക്കാൻ ഇരുന്നപ്പോൾ പരസ്പരം വാരി കൊടുത്തും ഉറക്കെ ചിരിച്ചുമൊക്കെ അനുപമയും ഭർത്താവും കൊഞ്ചി കുഴയുന്നത് കണ്ട് മുത്തശ്ശി സംതൃപ്തിയോടെ ചിരിച്ചു.
അങ്ങനെ രണ്ട് വർഷങ്ങൾ കൂടി കടന്നു പോയി. അനുപമക്ക് ഒരു വയസുള്ള കുഞ്ഞുമുണ്ട്. അനുശ്രിക് എന്നിട്ടും ആലോചനകൾ ഒന്നും ശരിയായില്ല.
അവൾ പരിചയത്തിലുള്ള ചേച്ചിയുടെ തയ്യൽകടയിൽ ജോലിക്ക് പോയി തുടങ്ങി. അച്ഛനും അച്ഛമ്മക്കും എന്നും അവളെ കുറിച്ച് വേവലാതിപ്പെടാനെ സമയമുള്ളു ഇനി കല്യാണം ഒന്നും നടക്കില്ല ഇവൾ ഇങ്ങനെ നില്ക്കത്തേയുള്ളു അച്ഛൻ പറയുന്ന കേട്ടു അനുശ്രി നെടുവീർപ്പിട്ടു.
അമ്മ എപ്പോഴും എന്റെ കുട്ടിക്ക് നല്ല കാലം വരുമെന്ന് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഒരു ദിവസം തയ്യൽ കടയിൽ പോയിട്ട് തിരികെ വരാൻ ബസ് സ്റ്റോപ്പിൽ നിന്ന അനുശ്രീയുടെ അടുത്ത് ഒരു കാർ വന്നു നിന്നു അതിൽ നിന്ന് ഇറങ്ങിയത് അവളുടെ കൂടെ ഹൈസ്കൂളിൽ പഠിച്ച കൂട്ടുക്കാരി വീണയായിരുന്നു.
“അനു നിനക്ക് എന്നെ മനസിലായില്ലെ ” എന്ന ചിരിയുമായി അവൾ അടുത്തേക്ക് വന്നു. അനുശ്രി മനസിലായി എന്ന് തലയാട്ടി.
“നിനക്കെന്താടി പഴയ ഫ്രണ്ടിനെ കണ്ടിട്ട് ഒരു തെളിച്ചമില്ലാത്തെ “വീണ അനുശ്രിയുടെ കൈ കവർന്നു. അനുശ്രി വീണയെ നോക്കി കാണുകയായിരുന്നു . അന്നത്തെ പോലെ തന്നെ അതേ പ്രസരിപ്പോടെ …
അനുശ്രീ ചിരിക്കാൻ ശ്രമിച്ചു. വീണ കാറിനകത്തേക്ക് നോക്കി നീട്ടി വിളിച്ചു “അരുണേട്ടാ ഇതെന്റെ കൂട്ടുക്കാരി അനുശ്രി ” .
അനുശ്രി കാറിനകത്തേക്ക് നോക്കി അരുൺ അവളെ നോക്കി ചിരിച്ചു. അരുണിന് വീണ പറഞ്ഞ് കേട്ട അറിവു വെച്ച് അനുശ്രിയെ അറിയാം.അവളും തിരിച്ച് ചിരി പാസാക്കി. വീണ സന്തോഷത്തോടെ ചോദിച്ചു
“പറ എന്തൊക്കെ നിന്റെ വിശേഷങ്ങൾ ”
“എനിക്ക് എന്ത് വിശേഷം ഒന്നുമില്ല അത് പോലെ പോണു ”
“നിയെന്താ അനു മസില് പിടിച്ച് നിൽക്കുന്ന പഠിച്ചു കൊണ്ടിരിക്കുമ്പോൾ നീ എന്റെ പ്രിയപ്പെട്ട കൂട്ടുക്കാരി ആയിരുന്നില്ലേ . ഒരേ പാത്രത്തിൽ നിന്ന് ആഹാരം വരെ കഴിച്ചവർ എന്നിട്ടും നീ എന്താ ഇങ്ങനെ നില്ക്കുന്നെ”
“എനിക്ക് പ്രതേകിച്ചു ഒരു മാറ്റവുമില്ല വീണ ,നിന്നോട് പറയാൻ വിശേഷങ്ങൾ ഒന്നും എന്റെ ജീവിതത്തിൽ ആയിട്ടില്ല ” അനുശ്രീ പറഞ്ഞു.
“നിന്റെ അച്ഛനും അമ്മയും അനിയത്തിയുമൊക്കെ സുഖമായിരിക്കുന്നോ അച്ഛമ്മ ഉണ്ടോ അനിയത്തി നന്നായി പഠിക്കുമായിരുന്നല്ലോ അവൾക്കു ജോലി ആയോ ”
ഒറ്റശ്വാസത്തിൽ വീണ ചോദിച്ചു.
“എല്ലാവർക്കും സുഖമാണ് .അനിയത്തിയുടെ കല്യാണം കഴിഞ്ഞു. അവൾക്ക് ഒരു മോനുമുണ്ട്”
.
“നിങ്ങൾക്ക് വണ്ടിയിൽ ഇരുന്ന് സംസാരിച്ചു കൂടെ നമ്മളും അങ്ങോട്ട് തന്നെയല്ലെ പോണത് ”
അരുൺ വിളിച്ചു ചോദിക്കുന്ന കേട്ടു “ശരിയാണല്ലോ നീ വാടി വണ്ടിയിൽ പോകാം ”
എന്നു പറഞ്ഞ് വീണ അനുശ്രിയുടെ കൈയിൽ പിടിച്ചു വലിച്ചു.
വേണ്ട എന്ന് നിഷേധിക്കാൻ പോയ അവളെ അതിന് അനുവദിക്കാതെ വീണ പിടിച്ച് കാറിൽ കയറ്റി കൊണ്ട് പറഞ്ഞു.”ഞാൻ പണ്ട് പറഞ്ഞിട്ടില്ലെ എന്റെ ഒരു അപ്പച്ചി നിങ്ങളുടെ വീട്ടിന്റെ കുറച്ച് അപ്പുറത്തായി ഉണ്ടെന്ന് അപ്പച്ചി സുഖമില്ലാതെ കിടക്കുന്നു അങ്ങോട്ട് പോണ വഴിയാ ”
ബാക്ക് സീറ്റിൽ ഇരുന്നു ഉറങ്ങുകയായിരുന്ന വീണയുടെ മോൾ ഉണർന്ന് നോക്കി.
” അരുണേട്ടാ കുറച്ച് നേരം ഞാൻ ഇവളുടെ കൂടെ പുറകിൽ ഇരിക്കാം”.
“ഓ ആയിക്കോട്ടെ പഴയ കൂട്ടുക്കാരികൾക്ക് പറയാൻ കുറേ വിശേഷങ്ങൾ കാണുമല്ലോ”
ചിരിയോടെ അരുൺ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു. അനുശ്രി കുഞ്ഞിനെ കണ്ടതും കൊഞ്ചിച്ചു കൊണ്ടിരുന്നു.
“ഇനി പറ എന്താ നിനക്ക് പറ്റിയത് ” വീണ അനുശ്രിയുടെ കരo പിടിച്ചു.
“ഒന്നും പറ്റിയില്ലെടി എല്ലാം പഴയ പോലെ തന്നെ കറുത്തവൾ, തടിച്ചി അങ്ങനെ കേട്ടു കേട്ടു മടുത്തു .നാട്ടുകാർ പറയുന്നത് സഹിക്കാം അച്ഛനും, അച്ഛമ്മയും പോലും മനസമാധാനം തരില്ല. അനിയത്തിക്ക് പോലും പരിഹാസമാണ്.
അമ്മ മാത്രമാണ് ഏക ആശ്വാസം. എങ്കിലും പാവം അമ്മയുടെ മുഖം കാണുമ്പോൾ വിഷമം വരും. മടുത്തു വീണേ ഞാൻ ഒരു ബാദ്ധ്യത പോലെയാണ് ഇപ്പോൾ അച്ഛന് സ്വന്തം കാര്യമെങ്കിലും നോക്കാല്ലോന്നു വെച്ചാ തയ്യൽക്കടയിൽ പോണെ .
അന്നു വരെ എല്ലാവരുടെ മുന്നിലും ഒന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന ഭാവത്തിൽ നടന്ന അനുശ്രീയുടെ മൂടുപടം അഴിഞ്ഞു വീണു. എല്ലാം ആരോടേലും പങ്കുവെയ്കാൻ വെമ്പി നിന്ന അവളുടെ മനസ് തന്റെ പ്രിയകൂട്ടുകാരിക്ക് മുന്നിൽ സങ്കടക്കടലായി ഒഴുകി. നീ പ്ലസ് ടു കഴിഞ്ഞ് പിന്നെ ഫാഷൻ ഡിസൈനിംഗിന് പോയിട്ടോ വീണ ചോദിച്ചു.
പ്ലസ്ടു തോറ്റിട്ട് അതിനും പോയി. എന്നിട്ടും ഒന്നുമായില്ല. അവൾ നിരാശയോടെ പറഞ്ഞു. നീ വിഷമിക്കാതെ ഇനി ഞാനുണ്ടല്ലോ നിന്റെ കൂടെ എല്ലാം നമ്മൾക്ക് ശരിയാക്കാം വീണ അനുശ്രിയെ ചേർത്ത് പിടിച്ച് ഉറപ്പ് കൊടുത്തു.അതൊരു വെറും വാക്കായിരുന്നില്ല അനുശ്രിയുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവ വികാസമായിരുന്നു.
അനുശ്രിയും വീണയും ഒരേ ക്ലാസിൽ പഠിച്ചവർ .അനുശ്രിയേക്കാൾ . പഠിക്കുമെങ്കിലും വീണക്ക് അനുശ്രിയെ വല്ല്യ ഇഷ്ടമായിരുന്നു. എല്ലാവരും ആന, തടച്ചി ,കറുമ്പി എന്നൊക്കെ അനുശ്രീയെ വിളിക്കുന്നത് കേട്ട് ഒറ്റപ്പെട്ടിരിക്കുന്നത് വീണ ശ്രദ്ധിക്കുമായിരുന്നു .
ആ വിഷമം കണ്ടിട്ടാണ് വീണ അനുശ്രീയുമായിട്ട് അടുത്തത് .അനുശ്രീ ആരോടും എതിർത്തൊന്നും പറയാൻ പോകാതെ എന്ത് കേട്ടാലും മിണ്ടാതിരിക്കും.
എന്നാൽ വീണ അനുശ്രീയെ ആരെങ്കിലും കളിയാക്കുമ്പോൾ അപ്പോൾ തന്നെ ചുട്ട മറുപടി കൊടുക്കുമായിരുന്നു. അങ്ങനെ ആ കാലഘട്ടത്തിൽ വീണ അനുശ്രീക്ക് ഒരു ആശ്വാസമായിരുന്നു.എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഉത്തമയായ സുഹൃത്ത്.പത്ത് കഴിഞ്ഞപ്പോൾ രണ്ടുപേരും രണ്ട് വഴിക്കായി . വിവാഹം കഴിഞ്ഞ് വീണ ദുബായിൽ ആയിരുന്നു ഇപ്പോൾ അവർ നാട്ടിൽ സ്ഥിരമായി.
വീണക്ക് നാട്ടിൽ ഒരു കമ്പനി ഉണ്ട്. വസ്ത്രങ്ങൾ ഡിസൈൻ ചെയത് കൊടുക്കുകയും ഫാഷൻ ഡിസൈനിംഗ് പോലുള്ള കോഴ്സുകൾ പഠിപ്പിക്കയും അവരുടെ മേൽനോട്ടത്തിൽ തന്നെ മോഡലിംഗ് ഫാഷൻ ഷോ ഇവയൊക്കെ നടത്തുകയും ചെയ്യും.
വീണക്ക് അനുശ്രിയുടെ കഴിവിൽ നല്ല വിശ്വാസമുണ്ടായിരുന്നു. പണ്ടേ അനുശ്രി ചിത്രം വരക്കാനും മറ്റും മിടുക്കിയാണെന്നും വീണയ്ക്കറിയാം. അവൾ തന്റെ കമ്പനിയിൽ തയ്യൽ സെക്ഷനിൽ അനുശ്രീയെ നിയമിച്ചു.
അവിടെ തന്റെ കഴിവ് തെളിയിക്കാൻ അനുശ്രിക്ക് കഴിഞ്ഞു. പുതിയ പുതിയ ഡിസൈനുകൾ കണ്ടെത്തി അവൾ ഫാഷൻ ഡിസൈനിംഗ് രംഗത്ത് തിളങ്ങി. അങ്ങനെ പേരു കേട്ട ഡിസൈനർ ആയി അവൾ മാറി. പ്ലസ് സൈസ് ഫാഷൻ ഷോയിലും വീണ നിർബന്ധിച്ച് അവളെ ചേർത്തു. അവിടെയും അവൾ ഒന്നാമതായി.
അങ്ങനെ അനുശ്രിക്കായി ഒരു വിശാല ലോകം തന്നെ തുറന്നു . അനുശ്രീയുടെ ഡിസൈനിംഗിനായി ആവശ്യക്കാർ ഏറെയായി.പ്രമുഖരായവർ വരെ അതിൽ ഉൾപ്പെട്ടു .വീണ മുൻ കൈയ്യെടുത്ത് അവൾക്ക് സ്വന്തമായി ഒരു ചെറിയ കമ്പനി സ്റ്റാർട്ട് ചെയത് കൊടുത്തു .പിന്നെ അനുശ്രിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒരിക്കൽ വീണ അനുശ്രീയോട് പറഞ്ഞു.
തടിയോ കറുപ്പോ ഒന്നും അല്ല ഒരു വ്യക്തിയെ നിശ്ചയിക്കുന്നത്. അവരുടെ കഴിവുകളാണ്. എന്നാലും ആരോഗ്യമുള്ള ശരീരം വേണം അതിന് വ്യായാമം പോലുള്ള കാര്യങ്ങൾ നല്ലതാണ്. അതിനർത്ഥം പട്ടിണി കിടക്കണമെന്നോ തടി കുറക്കണമെന്നോ അല്ല. അവൾ അനുശ്രിയെ കെട്ടിപ്പിടിച്ചു .
നീ മിടുക്കിയാ കഴിവുള്ളവളാ വീണ സന്തോഷത്തോടെ ആവർത്തിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ഫാഷൻ ഷോയിൽ അവർക്ക് കോച്ചിംഗ് കൊടുക്കുന്ന വിവേകിന് അനുശ്രീയോട് ആദ്യം ആരാധനയും പിന്നെ ഇഷ്ടവുമായി . തുറന്ന് പറയാൻ മടിച്ച് അത് അയാൾ വീണയെ അറിയിച്ചു. വീണക്ക് അതിൽപ്പരം ഒരു സന്തോഷം വേറെയില്ലായിരുന്നു.
അനുശ്രീ ഒറ്റയ്ക്ക് ജീവിച്ചോളാം കല്യാണം വേണ്ടണ മട്ടിൽ നിന്നു. എന്നാൽ വീണ അവളോട് പറഞ്ഞു. കല്യാണം ജീവിതത്തിന്റെ അവസാന വാക്കൊന്നുമല്ല. പക്ഷെ നമ്മളെ മനസിലാക്കുന്ന ഒരു ജീവിത പങ്കാളി കൂടെയുള്ളത് നല്ലതല്ലേ .. അനുശ്രി പിന്നെ എതിർക്കാൻ പോയില്ല. മൗന സമ്മതം നല്കി.
അനുശ്രിയുടെ അച്ഛൻ ജോലിക്കൊന്നും പോവാൻ പറ്റാതെ വീട്ടിലിരിക്കുന്ന അവസ്ഥയായി. വീട്ടിലെ കാര്യങ്ങളൊക്കെ അനുശ്രി ഏറ്റെടുത്തു. അച്ഛന് ആ മാസത്തെ മെഡിസിനും കുറച്ച് പൈസയും കൈയ്യിൽ കൊടുത്തപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു .
എന്റെ മോൾ മിടുക്കിയാ അച്ഛൻ അറിയാതെ പറഞ്ഞു. അമ്മ അഭിമാനത്തോടെ അതിനു മറുപടി പറഞ്ഞു
“ഞാൻ അന്നേ പറഞ്ഞില്ലേ എന്റെ മോൾക്കും ഒരു നല്ല കാലം വരുമെന്ന്” . അച്ഛമ്മ ചുളുങ്ങിയ കൈയാൽ അവളുടെ മുഖത്ത് പിടിച്ചു.
“എന്റെ കുട്ടി ഐശ്വര്യമുള്ളവളാ” …. അനുശ്രീ ചെറുതായി ചിരിച്ചു. അമ്മ സന്തോഷത്താൽ സാരിതുമ്പിൽ കണ്ണു തുടച്ചു . ഇതിനിടയിൽ അനുപമ പല പ്രാവശ്യം അനുശ്രിയെ വിളിച്ചു. അവളുടെ ആവശ്യങ്ങൾക്കൊന്നും പൈസയില്ല.
എപ്പോഴും എപ്പോഴും പൈസ ചോദിക്കുമ്പോൾ രമേശ് ദേഷ്യപ്പെടും. നിന്റെ അച്ഛൻ പൈസ സമ്പാദിച്ചു വെച്ചേക്കുന്നോ എന്ന് ചോദിച്ച് വഴക്ക് പറഞ്ഞു, വീട്ട് ജോലി മൊത്തം അമ്മായി തന്നെ കൊണ്ട് ചെയ്യിക്കുന്നു അങ്ങനെ നൂറ് നൂറ് പരാതികളും സങ്കടങ്ങളുമായി അവൾ വിളിക്കും. അനുശ്രി അവൾക്കാവശ്യമുള്ളതൊക്കെ കൊടുക്കും.എന്നിട്ട് ഉപദേശിച്ചു.
നീ തുടർന്ന് പഠിക്കണം. പി എസ് സി കോഴ്സിനെങ്കിലും പോയി തുടങ്ങണം. അങ്ങനെ വീട്ടിൽ പോലും വിലയില്ലാത്തവൾ എല്ലാവരാലും അംഗീകരിക്കപ്പെടുന്നവളായി. എല്ലാത്തിനും കൂടെ നിന്നതിന് അവൾ വീണയെ കെട്ടിപ്പിടിച്ചു , പിന്നെ വിടർന്ന് ചിരിച്ചു. വീണ നോക്കി കാണുകയായിരുന്നു.
ഒരു പെണ്ണിന്റെ രണ്ട് മുഖങ്ങൾ . കരഞ്ഞും സ്വയം പഴിചാരിയും ജീവിതം വെറുത്തവൾ , ഇന്ന് ശക്തയായ ,സന്തോഷവതിയായ, തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള സ്ത്രീ ആയിരിക്കുന്നു… വീണ അനുശ്രിയെ ഒന്നുകൂടെ ശക്തമായി കെട്ടിപ്പിടിച്ചു..