(രചന: Nisha Pillai)
ഏത് കുപ്പായമിട്ടാലും പൂവൻകോഴിയാണോ അത് കൂവിയിരിക്കും.
“കുട്ടിയുടെ പേരെന്താ ? ഇതാരാ അമ്മയാണോ , അച്ഛനെന്താ ജോലി ? എന്താ അച്ഛൻ വരാഞ്ഞത്.ഇനിയെന്നും അമ്മയാണോ കൊണ്ട് വിടുന്നത്.”
“അനാമിക എന്നാണ് എന്റെ പേര്, ഇതമ്മയാണ് ,ലോട്ടറി ഓഫീസിലാണ് ജോലി ,എന്നും അമ്മയാണ് എന്നെ സ്കൂട്ടറിൽ കൊണ്ട് വിടുന്നത്.”
മകളുടെ പുതിയ സ്കൂളിലെ ആദ്യ ദിനം . സഹപാഠിയായ പെൺകുട്ടി മകളോട് കുശലാന്വേഷണങ്ങൾ നടത്തുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.കേൾക്കാത്ത മട്ടിൽ സ്കൂട്ടറിൽ നിന്ന് ബാഗെടുത്ത് അവൾക്കു നൽകി.
“ശരി മോളെ അമ്മ വൈകിട്ട് വരാം.ചോറൊന്നും കൊണ്ട് കളയരുത്.,മോളുടെ പേരെന്താ? ”
ചോദ്യക്കാരിയായ കുറുമ്പിയുടെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു
“വൈഷ്ണവി ”
“ആഹാ നല്ല പേരാണല്ലോ,അനാമികയ്ക്കു പുതിയ കൂട്ടുകാരിയെ കിട്ടിയല്ലോ.”
വൈഷ്ണവി,മാളവിക കൃഷ്ണ മൂവർ സംഘത്തിലേയ്ക്ക് അനാമികയും എത്തപ്പെട്ടു .
അവളും അമ്മയും സന്തോഷത്തിലായി. അനാമികയ്ക്കു സ്വഭാവത്തിലൊക്കെ നല്ല മാറ്റം.നാണം കുണുങ്ങിയായ അവൾ ഇപ്പോൾ കുറച്ചു ആക്റ്റീവ് ആയിട്ടുണ്ട്.
മൂവർ സംഘം നാൽവർ സംഘം ആയി വളർന്നു. അതിലെ നേതാവ് മാളവിക എന്ന കുട്ടി ആയിരുന്നു.
അവളുടെ അച്ഛനെ പരിചയപെട്ടപ്പോഴാണ് “യഥാ രാജ തഥാ പ്രജാ ” എന്ന വാക്യം ഓർമ വന്നത്. അവരുടെ ഇടപെടീൽ വീടിനുള്ളിൽ എത്തുന്നത് വരെ അവൾക്കു അസ്വാഭാവികതയൊന്നും തോന്നിയില്ല.
ഓരോ ദിവസവും വീട്ടിൽ എത്തുന്ന അനാമിക ഓരോരോ കാര്യങ്ങൾക്കു വാശി പിടിക്കാൻ തുടങ്ങിയപ്പോഴാണ്,അച്ഛനും മകളും കുട്ടിയെ എത്ര സ്വാധീനിച്ചുവെന്നു മനസിലാക്കിയത്.
ഇടയ്ക്കിടയ്ക്ക് വീട് സന്ദർശിക്കുന്ന അച്ഛനും മകളും ഒരു ശല്യമായി തോന്നി.ഒറ്റയാണെന്ന് കണ്ടപ്പോൾ അയാളുടെ വാട്സാപ്പ് മെസേജുകളുടെ എണ്ണം കൂടി വന്നു.
ശ്യാമിനെയല്ലാതെ ആരേയും സ്നേഹിച്ചിട്ടില്ല. പിരിയാൻ കാരണം കടുത്ത മദ്യപാനം ആയിരുന്നു.ആ ഗ്യാപ്പിൽ വേറൊരാളെ ചിന്തിക്കാൻ കഴിഞ്ഞില്ല.
സ്കൂൾ വിടുമ്പോൾ കുട്ടികളെ നാലുപേരെയും കൂട്ടി ബീച്ചിൽ പോവുക,ഐസ്‌ക്രീം കഴിക്കുക എന്നിങ്ങനെയുള്ള പരിപാടികൾ. പലപ്പോഴും അമ്മ സ്കൂട്ടറിൽ വരേണ്ട , ഞാൻ അങ്കിളിന്റെ കാറിൽ തിരികെ വരാമെന്ന് മകൾ പറഞ്ഞ് തുടങ്ങി.
സിംഗിൾ പേരൻ്റിങ്ങിൻ്റെ സ്വാതന്ത്ര്യത്തിലായിരുന്നു ജീവിതം ഇത് വരെ. പക്ഷെ അന്യരുടെ സ്വാധീനത്തിൽ അതൊരു പാരതന്ത്യത്തിലാകുമോയെന്ന സംശയം ഈയിടെയായി കൂടി വരുന്നു.
കുടുംബക്കോടതിയിലെ കൗൺസിലിംഗ് ദിവസം, സാധാരണ മകളോട് എല്ലാം തുറന്ന് പറയുന്നതാണ്.
ഇപ്പോഴെന്തോ അനാമികയുമായി അകൽച്ച കൂടുകയാണോ?ഒരു കുട്ടിയ്ക്കും അവളുടെ അച്ഛനും അവളെ അത്രത്തോളം സ്വാധീനിക്കാൻ കഴിയുമോ?.
ഒരു പക്ഷെ തൻ്റെ വാശി കാരണം അവൾക്ക് അച്ഛൻ്റെ സ്നേഹം നഷ്ടപ്പെട്ടതാണോ.മകളെ അച്ഛനിൽ നിന്നും അകറ്റിയ സ്വാർത്ഥയായ അമ്മയാണോ താൻ.സ്വയം ഒരു വിലയിരുത്തൽ നടത്തി.
കോടതി വളപ്പിൽ കാത്ത് നിൽക്കുന്ന ശ്യാമിൻ്റെ അടുത്തേയ്ക്ക് അവൾ ചെന്നു.
ശ്യാം അതിശയത്തോടെ അവളെ നോക്കി,ഒരു രാത്രി പത്ത് വയസ്സുകാരിയായ മകളേയും വിളിച്ചു കൊണ്ട് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് പോയവൾ ഇന്ന് സംസാരിക്കാൻ തയ്യാറായി വന്നിരിക്കുന്നു.
ഇപ്പോൾ അകന്നെങ്കിലും ഒരു കാലത്ത് തൻ്റെ എല്ലാമെല്ലാമായവൾ.അവളുടെ മുഖമൊന്ന് വാടിയാൽ തനിക്കിപ്പോഴും വേദനിക്കുന്നുണ്ടെന്ന തിരിച്ചറിവ്.
“ശ്യാം എനിക്കൊന്ന് സംസാരിക്കണം.മോളുടെ കാര്യമാണ്. അവളുടെ ടീനേജ് സമയം.
അവൾക്ക് അച്ഛൻ്റേയും അമ്മയുടേയും സ്നേഹവും കരുതലും വേണ്ടുന്ന സമയമല്ലേ. ഞാനൊറ്റയ്ക്ക് , എടുത്ത തീരുമാനം തെറ്റാണോ എന്നൊരു തോന്നൽ.”
കൗൺസലിങ് കഴിഞ്ഞ് ഒന്നിച്ചാണ് മടങ്ങിയത്. സ്കൂൾ വിടുന്ന സമയം വരെ കാത്തിരിക്കാനായി കോഫീ ഷോപ്പിൽ പോയിരുന്നു.
ഹണിമൂൺ സമയത്ത് സ്ഥിരമായി ഇരുന്നിരുന്ന സീറ്റ് അവൾ മനപ്പൂർവ്വം തെരഞ്ഞെടുത്തു.
“താൻ കൗൺസിലറോട് ഒന്നിക്കാനുള്ള തീരുമാനം പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഇനിയൊരിക്കലും നമ്മൾ ഒന്നിക്കുകയില്ലയെന്നാ ഞാൻ കരുതിയത്. മോളെ ലാളിച്ചിട്ട് നാളുകളായി.”
ശ്യാം വേദനയോടെ പുഞ്ചിരിച്ചു
“എൻ്റെ തെറ്റുകൾ ഞാൻ തുറന്ന് പറഞ്ഞു. ശ്യാമിൻ്റെ മദ്യപാനം ആയിരുന്നു നമ്മളുടെ ഇടയിലെ മുഖ്യപ്രശ്നം. അത് നിർത്തിയപ്പോൾ പ്രശ്നവും തീർന്നു.
ഞാനൊറ്റയ്ക്കാണ് എന്ന് തോന്നിയത് കൊണ്ടാകും ചില പൂവൻ കോഴികൾ കൂവാൻ തുടങ്ങിയത്. നമ്മളെ ഒന്നിച്ച് കാണുമ്പോൾ തീരുന്ന പ്രശ്നമേ അവർക്ക് ഉള്ളൂ.”
“സുന്ദരിയായ ഒരു സിംഗിൾ മദർ. അങ്ങനെയുളളവരെ വളയ്ക്കാൻ എളുപ്പത്തിൽ കഴിയുമെന്ന് അയാൾ വിചാരിച്ചു.അതിന് കുട്ടികളെ കരുവാക്കുന്നു.”
“അയാളെ കുറിച്ച് ഞാൻ അന്വേഷിച്ചു. അയാൾക്ക് അങ്ങനെയൊരു റിമാർക്ക് ഉണ്ട്. എല്ലാ സ്ത്രീകളോടുമുള്ള ഇടപെടലുകളിൽ അയാൾ പഞ്ചാര കലർത്താറുണ്ട്.
വിവാഹബന്ധം പാരതന്ത്യമാണെന്ന് ഞാൻ കരുതിയത് തെറ്റിപ്പോയി. ഇപ്പോൾ ഭർത്താവും മകളുമൊത്തുള്ള സ്വാതന്ത്ര്യം എനിക്കനുഭവിയ്ക്കാൻ കഴിയുന്നു.”
മകളെ വിളിക്കാൻ അച്ഛനൊപ്പം അമ്മയെത്തിയത് കണ്ട് മകൾക്ക് അൽഭുതം തോന്നി.
അത് പെട്ടെന്ന് തന്നെ സന്തോഷത്തിന് വഴി മാറി. അവളെ കാത്ത് നിന്ന നാൽവർ സംഘത്തോട് യാത്ര പറയുമ്പോൾ അവൾക്ക് കൂടുതൽ സന്തോഷം തോന്നി.