സ്നേഹിക്കാൻ ഒരു മനസ്സ് ആവശ്യമുണ്ട്
(രചന: നിഷ പിള്ള)
ജാനകിയമ്മ ഉണർന്നു ഉമ്മറത്തേക്ക് വന്നപ്പോൾ കിഷോർ രാവിലത്തെ മലയാളം ദിനപത്രവുമായി ഇരിക്കുന്നതാണ്.
സാധാരണ ഇംഗ്ലീഷ് പത്രം മാത്രം വായിക്കുന്ന അവനെന്തു പറ്റിയെന്നു ചിന്തിച്ചു .
“സൂര്യകിരണങ്ങൾ ഭവാന്റെ തിരുമുഖം സ്പർശിക്കാതെ ഉണരാറില്ലല്ലോ ,ഇന്നെന്തു പറ്റി പുത്രാ ”
അവൻ അന്നത്തെ പേപ്പർ എടുത്തു അമ്മയെ കാട്ടി.അതിൽ അവൻ നൽകിയ ഒരു പരസ്യം ഉണ്ടായിരുന്നു.
സ്നേഹിക്കാൻ ഒരു അടച്ചുറപ്പുള്ള ഒരു മനസ് ആവശ്യമുണ്ട്
35 വയസുള്ള പ്രൊജക്റ്റ് മാനേജർ, സുമുഖൻ, വിവാഹമോചിതൻ പുരോഗമന ചിന്താഗതിയുള്ള സ്നേഹിക്കാൻ മനസ്സുള്ള യുവതികളിൽ നിന്നും ആലോചന ക്ഷണിക്കുന്നു .
“കൊള്ളാല്ലോ ചെക്കാ ”
അമ്മ അവന്റെ തലമുടിയിൽ തലോടി
“കിട്ടും .പക്ഷെ അങ്ങനെയുള്ള മനസ്സ് വളരെ അപൂർവമാണെന്ന് മാത്രം .എന്റെ കുട്ടിക്ക് നല്ലതു വരട്ടെ .”
ഇരുപത്തിയെട്ടാമത്തെ വയസ്സിലായിരുന്നു കിഷോറിന്റെ വിവാഹം. അച്ഛനും അമ്മയും കണ്ടെത്തിയ വധു.ഒരേയൊരു മകന് അവർ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ തന്നെ കണ്ടെത്തി.
ചെറുപ്പത്തിലേ നല്ല ജോലി നേടി മുംബൈയിലെത്തിയ മകൻ വഴി തെറ്റാതിരിക്കാൻ അച്ഛൻ കണ്ട കുറുക്കു വഴിയായിരുന്നു ആ വിവാഹം.
തന്റേടിയായ സിമി ഒരു ബാങ്ക് ജോലിക്കാരിയായിരുന്നു. അവൾക്കൊപ്പം സാമർഥ്യം ഇല്ലാത്തതിനാൽ ആകണം അവൾക്കും വീട്ടുകാർക്കും അവനെ പുല്ലു വിലയായിരുന്നു. മനസ് കൊണ്ട് തയാറാക്കുന്നതിന് മുൻപേ തന്നെ അച്ഛനായി .
മകന് അവന്റെ തനി സ്വരൂപമായിരുന്നു. കുഞ്ഞിനെ കാണിച്ചു അവനെ അവൾ വരച്ച വരയിൽ നിർത്താൻ ശ്രമിച്ചു. ഒടുവിൽ രണ്ടു പേരും അവരവരുടെ വീടുകളിലായി താമസം . അവന്റെ കൂടെ വരില്ല എന്നവൾ ശഠിച്ചു.
കുഞ്ഞിനെ വിട്ടുതരില്ല. അവനെയോ അവന്റെ വീട്ടുകാരെയോ വില വയ്ക്കില്ല.അവളെയും കുഞ്ഞിനേയും വേണമെങ്കിൽ നാട്ടിലെ സ്വത്തൊക്കെ വിറ്റു പണവുമായി അവളുടെ വീട്ടിൽ വന്നു താമസമാക്കുക .
അങ്ങനെ നിയന്ത്രണങ്ങൾ കൂടിയപ്പോൾ അവൻ വിവാഹമോചനം ആവശ്യപ്പെട്ടു .അതും അവൾ സമ്മതിച്ചില്ല.
“നിനക്ക് പെട്ടെന്നൊന്നും ഞാൻ മോചനം തരില്ല.നീ നരകിക്കണം.”
ഒടുവിൽ അവൾ മുൻപ് ജോലി ചെയ്ത ബ്രാഞ്ചിലെ സ്റ്റാഫിൽ നിന്നും പഠിച്ച കോളജിൽ നിന്നും മാനസിക പ്രശ്നങ്ങൾ മുൻപ് നേരിട്ട് എന്ന അറിവ് കിട്ടി .
അത് വച്ച പൊരുതിയത് കൊണ്ട് അവസാനം മോചനം കിട്ടി. പക്ഷെ അതിനു ശേഷം മകനെ കാണാൻ ശ്രമിച്ചിട്ടില്ല. ഒരിക്കൽ സ്കൂളിൽ പോയി കാണാൻ ശ്രമിച്ചതിന് അവനെ സിമി തല്ലി കൊന്നില്ലായെന്നെ ഉള്ളു.
സ്വന്തം മകനല്ല ,അവൻ വളരുമ്പോൾ അച്ഛനെ തേടി വരും. ജീവനാംശം മാസം തോറും ബാങ്ക് അക്കൗണ്ടിൽ ഇട്ടു കൊടുക്കുണ്ട് .മകനിപ്പോൾ ആറു വയസ്സായി .മിടുക്കനാണ്.
പിന്നെ മുംബൈയിൽ വച്ചാണ് വൃന്ദയെ പരിചയപ്പെടുന്നത്. കമ്പനിയിലെ അക്കൗണ്ടന്റ് ആയിരുന്നു . ഗോവക്കാരി.ശെരിക്കും സ്നേഹമെന്തെന്നു അറിഞ്ഞത് അവളിലൂടെയാണ് .
നിസ്വാർത്ഥമായ സ്നേഹം.അവളൊരിക്കലും ഒന്നും ഡിമാൻഡ് ചെയ്തിട്ടില്ല. അവൾക്കു അവന്റെ സാമീപ്യം മാത്രം മതിയായിരുന്നു . ആകെ ഒരു പ്രശ്നം അവൾ മദ്യത്തിനടിമയായിരുന്നു .
അതും അവൻ അഡ്ജസ്റ്റ് ചെയ്തു.അവൾ ഡോക്ടറുടെ നിർദേശങ്ങൾ തെറ്റിക്കുന്ന വരെ .ഒരിക്കൽ അവൾ രക്തം ചർദ്ദിച്ചു.
ഇനി മദ്യം ഉപയോഗിക്കരുതെന്ന എന്റെ ഉപദേശം അവൾ അനുസരിച്ചില്ല. അവളുടെ കരളിനെ ഒക്കെ നല്ല പോലെ നശിപ്പിക്കാൻ മദ്യത്തിന് കഴിഞ്ഞു . തീരെ നിവൃത്തിയില്ലാതെ അവൻ അവളെ അവളുടെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു.
അതിനു ശേഷം അവനവളെ കണ്ടിട്ടില്ല. ട്രീറ്റ്മെന്റിന് പോലും ഇനി അവളെ രക്ഷിക്കാൻ സാധിക്കില്ല. അവളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. അവനവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഒരിക്കലും പഴയ അവളെ അവനിനി തിരിച്ചു കിട്ടില്ല എന്നറിയാം .
ഇനി ഒരിക്കൽ കൂടി പഴയതു അവർത്തിക്കണമെന്നു അവൻ ആഗ്രഹിക്കാറുണ്ട്. കുറച്ചു സമയം കൊണ്ട് ഒരു ജന്മത്തിന്റെ സ്നേഹം നൽകിയ മാലാഖയാണ് അവൾ. അവളെ ഒരു രോഗിയായി കാണാൻ വയ്യാന്നു മാത്രം.
അമ്മ ചായ കൊണ്ട് കൊടുത്തപ്പോഴാണ് അവൻ ഓർമകളിൽ നിന്ന് തിരികെ വന്നത്.ഒരാഴ്ച ലീവെടുത്തു അമ്മയുടെ കൂടെ നിൽക്കാൻ വന്നപ്പോഴാണ് വീണ്ടുമൊരു പങ്കാളിയെ കുറിച്ച് ആലോചിച്ചത്.
വെറുമൊരു കിടക്ക പങ്കിടലല്ല ഉദ്ദേശം .ഒന്നും പങ്കിടലല്ല .എന്നാൽ എല്ലാം പങ്കിടലാണ് താനും. ഒന്നിനും ഒരു കണക്കുമില്ലാതെ ഏറ്റക്കുറച്ചിലുകളില്ലാതെ . സമദൂരം .സമാസമം.
ഇറങ്ങാൻ നേരമാണ് നീലിമ എന്ന പെൺകുട്ടിയുടെ വിളി വന്നത്. പത്രപരസ്യം കണ്ട് പലരും വിളിച്ചെങ്കിലും അവർക്കൊന്നും ഒരു മനസ്സ് ഉള്ളതായി തോന്നിയില്ല. ഈ പെൺകുട്ടി വ്യത്യസ്തയായി തോന്നി.
കൂടുതൽ പരിചയപ്പെട്ടാലെ സ്നേഹിക്കപ്പെടുന്നതാണോ വിൽപ്പനയ്ക്കാണോ മനസ്സ് ഏന്നറിയൂ. നഗരത്തിലെ ഒരു ഒഴിഞ്ഞ പാർക്കിൽ വച്ചു കാണാമെന്ന് തീരുമാനിച്ചു.
അതിനായി സാധാരണ യിൽ നിന്നും വ്യത്യസ്തമായി ഫോർമൽ വേഷം ഉപേക്ഷിച്ച് ഒരു ടീ ഷർട്ടിലാണ് പോയത്.
അയാളെ കാത്തു ഇളം നീല ചുരിദാറിട്ട ഒരു പെൺകുട്ടി ബെഞ്ചിൽ കാത്തിരുന്നിരുന്നു . നീലിമ ഒരു ഇടത്തരം പെൺകുട്ടിയായിരുന്നു.
എല്ലാവരും ആദ്യം അവളുടെ പുഞ്ചിരി ആയിരുന്നു ശ്രദ്ധിക്കുക. വളരെ മനോഹരമായ ചിരി . അയാൾ അവളുടെ ബെഞ്ചിൽ തന്നെയിരുന്നു . ഒരു മുഖവുരയുമില്ലാതെ അവൾ തുടർന്നു.
“ഞാൻ നീലിമ. ഡെന്റിസ്റ്റാണ് .എനിക്ക് കിഷോറിന്റെ ഫാമിലിയെ അറിയാം.അതിനാൽ കുറച്ചു കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ട്.എന്റെ കാര്യം ഞാൻ പറയട്ടെ.”
അച്ഛനും അമ്മയും കോളേജ് അദ്ധ്യാപകരായിരുന്നു. ഒറ്റമകൾ.അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി പഠനം കഴിഞ്ഞ ഉടനെ കല്യാണം നടത്തി. അരുൺ യുകെയിൽ എഞ്ചിനീയർ ആണെന്നാണ് പറഞ്ഞത്. അവിടെയെത്തിയപ്പോളാണ് ഞാൻ അറിയുന്നത്.
അയാൾ എഞ്ചിനീയറിംഗ് പാസ് ഔട്ട് ആയില്ലെന്നു. അയാളവിടെ ഒരു ഹോട്ടലിൽ ക്ലീനിങ് സെക്ഷനിൽ ആയിരുന്നു ജോലി. അവിടെയെത്തിയപ്പോളാണ് ദാരിദ്രം എന്തെന്നറിഞ്ഞത് . ജോലിക്കു പോകാൻ അവളും നിർബന്ധിതയായി.
ദാരിദ്രം മാത്രമായിരുന്നില്ല പ്രശ്നം. മയക്കുമരുന്നിന്റെ ഉപയോഗവും മർദനവും . വീട്ടിലറിയിക്കാൻ പറ്റാത്ത അവസ്ഥ . നാട്ടിൽ ആരുമായി കോണ്ടാക്ടില്ല.അച്ഛനെയും അമ്മയെയും ഒന്നുമറിയിക്കാൻ പറ്റിയില്ല .
അച്ഛൻ രോഗബാധിതനായിരുന്നു.അമ്മ അതിന്റെ ടെൻഷനിലും . അങ്ങനെയാണ് ഗ്രോസറി ഷോപ്പിലെ ആൻഡ്രൂ എന്ന് വിളിപേരുള്ള ഒരു പയ്യനുമായി പരിചയപ്പെട്ടത്. അവന്റെ സഹായത്തോടെ ഒരു അഡ്വക്കേറ്റിനെ കോൺടാക്ട് ചെയ്തു.
ഇതറിഞ്ഞു അരുൺ അവളെ തല്ലി ചതച്ചു. സാധാരണ സായിപ്പിനെ പോലെ ആയിരുന്നില്ല അവൻ. ആത്മാർത്ഥതയുള്ളവനായിരുന്നു. അവന്റെ സഹായത്തോടെ അവിടെ നിന്ന് രക്ഷപെടാൻ തീരുമാനിച്ചു.
എപ്പോഴോ അവളവനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. അവരവിടെ നിന്ന് രക്ഷപെട്ടു അവന്റെ അപ്പാർട്മെന്റിൽ താമസിച്ചു.അവിടെ വന്നു വഴക്കുണ്ടാക്കിയ അരുണും ആൻഡ്രുവും ഏറ്റു മുട്ടി.
അബദ്ധത്തിൽ ആൻഡ്രുവിനു വെടിയേറ്റു. അവനെ നഷ്ടപെട്ട വിഷമത്തെക്കാൾ അവളെ ബാധിച്ചത് രണ്ടു വീട്ടുകാരുടെയും സമ്മർദ്ദമായിരുന്നു . മോഷണത്തിനിടയിലാണ് അവൻ മരണപെട്ടതെന്നു വരുത്തി തീർക്കാൻ.
അവളൊരുതരത്തിലും അതിനു തയാറായില്ല. അന്നും ഇന്നും ആരോടും ഒന്നും എതിർത്ത് പറയാനുള്ള കഴിവില്ലായ്മ . ഒടുവിൽ കോടതിയിൽ അവൾ മനോരോഗിയെ പോലെ പെരുമാറി. അത് അരുണിന് പ്രതികൂലമായി മാറി. അരുൺ ശിക്ഷിക്കപ്പെട്ടു.
അവൾ തിരികെ നാട്ടിലെത്തി. മനോരോഗിയായ അവളെ എല്ലാരും അകറ്റി നിർത്തി. അന്ന് അനുഭവിച്ച മനോവേദന മതിയായിരുന്നു അവളെ മരണത്തിലേക്ക് നയിക്കാൻ. പലപ്പോഴും ആത്മഹത്യയെ കുറിച്ച് മാത്രം ചിന്തിച്ചു.
താൻ കാരണമാണ് ആൻഡ്രുവിനു അപകടം പറ്റിയെതെന്ന കുറ്റബോധം അവളെ വല്ലാതെ ഉലച്ചു .. അച്ഛൻ മരിച്ചു.അമ്മ കിടപ്പിലായി. ബന്ധുക്കളൊക്കെ എതിർപ്പിലായി . ജീവിക്കാൻ വേറെ മാർഗ്ഗമില്ലാതായി.
കൂടെ പഠിച്ചവരുടെ സഹായത്തോടെ ഒരു ഡെന്റൽ ക്ലിനിക്കിട്ടു. ജീവിതം തിരികെ പിടിച്ചു. ഇപ്പോൾ ഒറ്റക്കാണ്. അമ്മയും കൂടെ പോയാൽ തീർത്തും ഒറ്റപ്പെടുന്ന അവസ്ഥ.അപ്പോഴാണ് അവന്റെ പരസ്യം കാണുന്നത്.
“എനിക്ക് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനസ്സാണ്. പക്ഷെ അത് മനസ്സിലാക്കിയവർ ഒന്നോ രണ്ടോ പേരേയുള്ളു.അവരൊന്നും ജീവിച്ചിരിക്കുന്നുമില്ല.
ശെരിക്കും പറഞ്ഞാൽ ഒരു അനാഥമാക്കപ്പെട്ട മനസ്. എന്നിൽ ബാക്കിയായ പ്രണയത്തെ ആളിക്കത്തിക്കാൻ കഴിവുള്ള ഒരു ഹൃദയം തേടിയാണ് ഞാൻ അലയുന്നത് .സ്നേഹിച്ചു കൊതിതീരാത്ത ഒരു മനസ്സാണുള്ളത്.”
അവളുടെ കണ്ണിൽ ചെറുതായി കണ്ണീരു പൊടിഞ്ഞു തുടങ്ങിയിരുന്നു.”നീലിമയുടെ സ്നേഹമുള്ള മനസ്സ് എനിക്ക് തരൂ ,ജീവിച്ചും സ്നേഹിച്ചും കൊതി തീരാത്ത ഒരു മനസിന്റെ ഉടമയാണ് ഞാനും.”
“ഒന്നും കൂടുതൽ പ്രതീക്ഷിക്കുന്നില്ല ,സ്നേഹം മാത്രം.ഇത്തിരി പരിഗണനയും .എനിക്ക് സമ്മതമാണ്.”
കോഫീ ഷോപ്പിൽ ഒന്നിച്ചിരിക്കുമ്പോൾ വൈകി വന്ന പ്രണയത്തെ എങ്ങനെ വരവേല്‌കണം എന്നായിരുന്നു രണ്ടു പേരുടെയും മനസ്സിൽ.
“എന്താ കിഷോർ ആലോചിക്കുന്നത് ”
അവളവന്റെ കൈ വിരലുകളിൽ മൃദുവായി സ്പർശിച്ചു . അവളുടെ കൈയെടുത്തു മടിയിൽ വച്ച് കൊണ്ടവൻ പറഞ്ഞു.
“അല്ല ഇനി പല്ലുവേദന വന്നാൽ കൂടെ നീയുണ്ടല്ലോ എന്നാലോചിച്ചതാണ് “.
“പ്രണയദിനത്തിൽ മാത്രമല്ല 365 ദിവസവും എനിയ്ക്ക് പ്രണയിക്കാൻ അടച്ചുറപ്പുള്ളൊരു ഹൃദയം. അതാണെനിക്കാവശ്യം.”
“ഉം”
“പ്രണയിക്കുക എന്നതിനേക്കാൾ സുന്ദരമായൊരനുഭൂതിയുണ്ടെങ്കിൽ അത് പ്രണയിക്കപ്പെടുക എന്നതു മാത്രമാണ്.
അതിന് മുൻവിധികളില്ലാത്ത ഒരു തുറന്ന മനസ്സ് , സ്നേഹിക്കപ്പെടാനുള്ള അചഞ്ചലമായ ആഗ്രഹം. സ്നേഹമെന്നാൽ വാങ്ങുക മാത്രമല്ല, കൊടുക്കുക കൂടിയാണ്. മനസ്സറിഞ്ഞുള്ള കൊടുക്കൽ”
അവളെ ക്ലിനിക്കിൻ്റെ മുന്നിൽ വിട്ടു പോകുമ്പോൾ ഇനി കണ്ടു മുട്ടുന്ന നിമിഷത്തിനായുള്ള ആകാംക്ഷയായിരുന്നു അവന്.
തന്നെപ്പോലെ പ്രണയത്തിനായി കേഴുന്ന ഒരു മനുഷ്യാത്മാവാണ് അവളുമെന്ന തിരിച്ചറിവ്. പുതിയ ജീവിതത്തിന് ഒരു കൂട്ട്. അമ്മയ്ക്കെന്തായാലും സന്തോഷമാകും. പ്രതീക്ഷയോടെ…….