ഇണയും തുണയും
രചന: നിഷ പിള്ള
ഹരീഷേട്ടൻ മരിച്ച വിവരം സംഗീത ആദ്യം അറിയിച്ചത് കേണൽ അദ്ദേഹത്തിനെയായിരുന്നു. കുറെ ദിവസമായി ഹരീഷേട്ടന് ആകെയൊരു വല്ലായ്മ തോന്നിയിരുന്നു.
ഇന്നലെ ആശുപത്രിയിൽ അദ്ദേഹം കൂടി വരാമെന്നു പറഞ്ഞെങ്കിലും ,ഒരു ടാക്സി വിളിച്ചാണ് സംഗീത ഹരീഷേട്ടനെ ആശുപത്രിയിൽ കൊണ്ട് പോയത്.ഹരീഷേട്ടന്റെ മുൻപിൽ വച്ച് അദ്ദേഹത്തോട് അവൾ സംസാരിച്ചിട്ടേയില്ല.
പക്ഷെ നെഞ്ച് വേദനയുമായി ഹരീഷേട്ടൻ തളർന്നു വീണപ്പോൾ ഫ്ലാറ്റിന്റെ സെക്യൂരിറ്റിയെ വിവരം അറിയിക്കുന്നതിന് മുൻപ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു.അങ്ങനെ ചെയ്തതിൽ പിന്നീട് കുറ്റബോധം തോന്നുകയും ചെയ്തു.ഹരീഷേട്ടന്റെ മരണം വഴി താൻ സ്വതന്ത്രയാകുമെന്ന് അദ്ദേഹത്തെ വിളിച്ചറിയിച്ചത് പോലെ .
അദ്ദേഹം ഓടി വന്നു ,കൂട്ടുകാരനായ ഡോക്ടർ മേനോനെ വിളിച്ചു വരുത്തി.ആശുപത്രിയിൽ കൊണ്ട് പോകാനായി കാറിൽ കയറ്റി.അവിടെ ചെന്നപ്പോഴേക്കും ഹരീഷേട്ടന്റെ ശരീരം തണുത്തിരുന്നു.എ സി യുടെ തണുപ്പിലും ഏട്ടന്റെ നെറ്റിയിലൂടെ വിയർപ്പൊഴുക്കി.
അവസാനമായി അവളെ ഒന്ന് നോക്കി .അവളുടെ കൈകളിൽ തടവി.ഒരു ചുമ വന്നു,ശ്വാസം മുട്ടൽ പോലെ,കണ്ണുകൾ പുറത്തേയ്ക്കു വന്നു,നെഞ്ചിന്റെ ഇടതു ഭാഗത്തു വേദന ഉള്ളത് പോലെ കൈ കൊണ്ട് നെഞ്ചിൽ അമർത്തി.നഴ്സ് പെട്ടെന്ന് തന്നെ കയ്യിലും നെഞ്ചിലുമൊക്കെ ധാരാളം യന്ത്രങ്ങൾ ഘടിപ്പിച്ചു.ഏട്ടൻ മെല്ലെ കണ്ണുകളടച്ചു .പിന്നെ അനക്കമൊന്നും ഉണ്ടായില്ല.
അദ്ദേഹം വന്ന് ഏട്ടൻ ഈ ലോകത്ത് നിന്നും പോയ വിവരം പറഞ്ഞപ്പോൾ സംഗീത പൊട്ടിക്കരഞ്ഞു പോയി.നീണ്ട മുപ്പത്തിനാലു വർഷങ്ങൾ ഒന്നിച്ച്,ഒരേ കിടക്കയുടെ പങ്കാളികൾ .മനസ് പൂർണമായും പങ്കിടാൻ രണ്ടു പേരും വിസമ്മതിച്ചു.രണ്ടു പേർക്കും അവരവരുടേതായ സ്വകാര്യതകൾ .സ്വതന്ത്ര കാംക്ഷികളായ രണ്ടു വ്യക്തികളുടെ മാതൃകാ ദാമ്പത്യം.തൻ്റെ മനസ്സിലെ കേണൽ അദ്ദേഹമെന്ന മരീചികയെ സംഗീത ഭർത്താവിൽ നിന്നും രഹസ്യമാക്കി വച്ചിരുന്നു.
മേനോൻ ഡോക്ടറുടെ ഇടപെടൽ മൂലം ആശുപത്രിക്കാർ ഔപചാരികതകൾ ഒഴിവാക്കി ബോഡി വിട്ടു തന്നു.ആമ്പുലൻസിൽ ഹരീഷേട്ടന്റെ ബോഡിയോടൊപ്പം ഒന്നിച്ചിരിക്കുമ്പോൾ അവൾക്കു വല്ലാത്ത ഏകാന്തത തോന്നി.
ആമ്പുലൻസിനെ പിന്തുടരുന്ന കാറിൽ അദ്ദേഹമുണ്ട്.അവളുടെ കൂടെ വരാമെന്നു പറഞ്ഞെങ്കിലും അവൾ ഒഴിവാക്കുകയായിരുന്നു.ഇനി കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാൽ ഈ ശരീരത്തിന് അവകാശികൾ മണ്ണും പുഴുക്കളുമായി മാത്രമായി മാറും.ജീവനുള്ളപ്പോൾ മാത്രമാണ് ഉറ്റവർക്കു അവകാശം.
ഓസ്‌ട്രേലിയയിലുള്ള മകളെയും മരുമകനെയും അദ്ദേഹം തന്നെ വിവരം അറിയിച്ചു.ഇരുപത്തിയാറു മണിക്കൂർ കഴിയും അവരിങ്ങെത്താൻ.അതുവരെ പുഴുക്കൾക്ക് കൊടുക്കാതെ നോക്കണം ,ഏട്ടന്റെ ശരീരത്തെ,മൊബൈൽ മോർച്ചറി ഓണാക്കി അതിൽ വച്ച് തണുപ്പിച്ചു.ഒരു രാത്രി മുഴുവൻ ആ റൂമിൽ ഒറ്റക്കിരുന്നു.ചന്ദനത്തിരി കത്തിക്കാൻ വന്ന അദ്ദേഹത്തോട് ,അതൊന്നു ഒഴിവാക്കാൻ പറ്റുമോയെന്നു രഹസ്യമായി അന്വേഷിച്ചു.
“അതിന്റെ ഗന്ധം ഭയാനകമാണ്,അതെന്നെ ശ്വാസം മുട്ടിക്കുന്നു.”
അദ്ദേഹം ഒന്ന് രണ്ടെണ്ണം മാത്രം കത്തിച്ചു ഏട്ടന്റെ തലയ്ക്കൽ കൊണ്ട് വച്ചു.നിലവിളക്ക് കത്തിച്ചു വച്ചു.അടുത്തുള്ള ഫ്ലാറ്റുകാരൊക്കെ രാത്രിയിൽ വന്നും പോയും ഇരുന്നു. അർദ്ധരാത്രി ആയപ്പോൾ അവളും കേണലും മാത്രമായി.
“സംഗീത വേണമെങ്കിൽ കിടന്നോളു.ഞാൻ പുറത്തിരിക്കാം.”
അവളൊന്നു മയങ്ങി പോയി,എപ്പോഴോ ഉണർന്നപ്പോൾ കസേരയിൽ ഇരുന്നു ഉറങ്ങുകയാണ് അദ്ദേഹം.ഏകദേശം ഹരീഷേട്ടന്റെ പ്രായമുള്ള ആളാണ്,ആരോഗ്യവാനാണ് എന്നാലും ആ കഷ്ടപ്പാട് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.
അദ്ദേഹത്തെ ഫ്ലാറ്റിലേക്ക് ഉറങ്ങാൻ പറഞ്ഞു വിട്ടു മെയിൻ ഡോർ അടയ്ക്കുമ്പോൾ അവൾക്കു പേടി തോന്നി.ഇന്നലെ വരെ അവളും ഏട്ടനും മാത്രമുണ്ടായിരുന്ന ഫ്ലാറ്റാണ്.ഇന്നും അവർ മാത്രമേയുള്ളു,ജീവനില്ലാത്ത ഏട്ടന്റ ശരീരം ,അതവളെ പേടിപ്പിച്ചു.
രാവിലെ അഞ്ചു മണിക്ക് തന്നെ ചായയുമായി അദ്ദേഹമെത്തി.പെട്ടെന്ന് ഫ്രഷായി വരാൻ ആവശ്യപ്പെട്ടു.മടിച്ച് നിന്ന് സംഗീതയോട് ഇനി ഒരു ദിവസം കൂടി ഇതേ ഇരിപ്പ് തുടരേണ്ടതാണെന്ന് ഓർമ്മപ്പെടുത്തി.
നേരം വെളുത്തതോടെ നാനാ ഭാഗത്തു നിന്നും ആളുകളും റീത്തുകളും കൊണ്ട് മുറി നിറഞ്ഞു.ഇടയ്ക്കിടയ്ക്ക് ഗ്ലാസിലെ മഞ്ഞ് തുള്ളികൾ അവൾ സാരി തുമ്പ് കൊണ്ട് തുടച്ച് മാറ്റി.ഗ്ലാസിലൂടെ ഏട്ടനെ കണ്ടപ്പോൾ ഫിഷ് സ്റ്റാളിലെ ഫ്രീസർ അവൾക്ക് ഓർമ്മ വന്നു.
മകളും കുടുംബവും എത്തിയപ്പോൾ പാതിരാത്രിയായി.മകൾക്ക് അച്ഛനോടുള്ള സ്നേഹം പ്രദർശിപ്പിക്കാൻ അവൾ ഓരോ അവസരത്തിലും കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഭർത്താവിൻ്റെ വീട്ടുകാരുടെ മുന്നിൽ അവൾ നന്മ നിറഞ്ഞ മകളായി മാറി.കെഞ്ചി പറഞ്ഞിട്ടും അച്ഛനെ ജീവനോടെ അവസാനമായി കാണാൻ വരാതെയിരുന്ന മകളെയോർത്ത് ,തൻ്റെ മടിയിൽ കിടന്ന് കരഞ്ഞ് ഹരീഷേട്ടൻ്റെ മുഖം സംഗീതയോർത്തു.തൻ്റെ മകൾ എത്ര ഭംഗിയായി അഭിനയിക്കുന്നു.
സാമ്പ്രാണിയുടെ ശ്വാസം മുട്ടിക്കുന്ന ഗന്ധം കാരണം മാറിയിരുന്ന സംഗീതയെ അവൾ നിർബന്ധിച്ച് ഹരീഷേട്ടൻ്റെ തലയ്ക്കൽ പിടിച്ചിരുത്തി.
“അച്ഛന് വേണ്ടി ഇത്ര പോലും അമ്മയ്ക്ക് ചെയ്യാൻ വയ്യേ ” എന്നവൾ പിറുപിറുത്തത് അദ്ദേഹം മാത്രമാണ് കേട്ടത്.
കണ്ണുകൾ നിറഞ്ഞു നിന്ന സംഗീതയെ ആരും കാണാതെ സാരമില്ല എന്നദ്ദേഹം ആശ്വസിപ്പിച്ചു.സംസ്ക്കാരം കഴിഞ്ഞതോടെ ഫ്ലാറ്റിൽ മകളുടെ കുടുംബത്തോടൊപ്പം അവൾ തനിച്ചായി.മകളുടെ അകൽച്ച സംഗീതയെ വേദനിപ്പിച്ചു.ഏട്ടൻ്റെ പെൻഷൻ കിട്ടും, മകളോട് കൈ നീട്ടേണ്ട എന്നൊരു ആശ്വാസം.
ഒരാഴ്ചത്തെ ചടങ്ങുകൾക്ക് ശേഷം മകൾ കുടുംബവുമായി ആസ്ട്രേലിയയിലേയ്ക്ക് മടങ്ങി.പോകാൻ നേരം അമ്മയെ വിളിച്ചവൾ താക്കീത് നൽകി.
“കാലം അത്ര നന്നല്ല.ആരേയും അധികം അടുപ്പിയ്ക്കേണ്ട.പ്രത്യേകിച്ച് അപ്പുറത്തെ കേണൽ അങ്കിളിനെ.ചീത്ത പേരുണ്ടാകാൻ പ്രായമൊന്നും ഒരു പ്രശ്നമല്ലെന്ന് അമ്മ ഓർക്കണം.”
തൻ്റെ കൈപിടിച്ച് നടന്ന കൊച്ച് പെൺകുട്ടിയെ സംഗീതയ്ക്ക് ഓർമ്മ വന്നു.എങ്ങനെയാണ് അവൾക്കിങ്ങനെ മാറാൻ കഴിഞ്ഞത്,തന്നെ വെറുക്കാൻ കഴിഞ്ഞത്.
ശരിക്കും ഒറ്റപ്പെട്ട ദിവസങ്ങളിൽ അദ്ദേഹമായിരുന്നു ആശ്വാസം.വൈകുന്നേരങ്ങളിൽ ഒന്നിച്ചുള്ള നടത്തം മുടക്കിയില്ല.എല്ലാം തുറന്ന് പറയാൻ കഴിയുന്നൊരു ബന്ധമുണ്ടായിരുന്നു അവർക്കിടയിൽ.
സംഗീത പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ അതേ കോളേജിൽ ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു അദ്ദേഹം.ആദ്യമായി അവൾക്ക് പ്രണയലേഖനം കൊടുത്തയാൾ.ജോലി കിട്ടി പട്ടാളത്തിൽ പോയപ്പോഴും അവളായിരുന്നു ആ മനസ്സ് നിറയെ.പക്ഷെ ജീവിതപ്രാരാബ്ധം മൂലം ഒന്നിയ്ക്കാനന്ന് അവർക്ക് സാധിച്ചില്ല.
വിരമിച്ച് നാട്ടിൽ സെറ്റിലാകുന്ന സമയം അതേ നഗരം മനപ്പൂർവം തെരഞ്ഞെടുത്തു.മക്കളൊക്കെ വിവാഹിതരായി ദൂരെ പോയപ്പോൾ, ഭാര്യയുമായി അവളുടെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസമാക്കി.
അദ്ദേഹം ഭാര്യ ദീപ്തിയുമായി അവളുടെ വീട്ടിൽ വന്നു. അവർ നല്ല സൗഹൃദത്തിലായി.ദീപ്തി കാൻസർ ബാധിതയായപ്പോൾ തകർന്നുപോയ അദ്ദേഹത്തിന് താങ്ങും തണലുമായത് സംഗീതയാണ്.രണ്ടു പേർക്കും മൂന്നു നേരം ഭക്ഷണം പാകം ചെയ്തു നൽകി.
ദീപ്തിക്കു മാനസിക പിന്തുണ നൽകി കൂടെ നിന്നു.ദീപ്തിയുടെ മരണത്തോടെ അദ്ദേഹം ഫ്ലാറ്റ് ഒഴിഞ്ഞു മക്കളോടൊപ്പം പോകുമെന്നാണ് കരുതിയത്, “നിന്നെ വിട്ടിനി ഞാൻ ഇനി എവിടെയും പോകില്ല.സ്വന്തമാക്കിയില്ലെങ്കിലും കണ്ടിരിക്കാമല്ലോ എനിക്ക് എന്നും “എന്ന് പറഞ്ഞു.
അന്ന് തൊട്ടു ഇന്ന് വരെ എല്ലാ കാര്യത്തിനും കൂടെയുണ്ടായിരുന്നു.അങ്ങോട്ട് സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിലും ഒരു ദിവസം കണ്ടില്ലെങ്കിൽ സംഗീതയ്ക്കും വിഷമം ആയിരുന്നു.
ഒരു മാസം മകനോടൊപ്പം ദുബായിൽ പോയപ്പോളാണ് തന്റെ ഫോൺ നമ്പർ ആദ്യമായി വാങ്ങിയത്.അന്നാണ് ഫോണിൽ വിളിച്ചു പരസ്പരം സംസാരിച്ചു തുടങ്ങിയത്.പിന്നീട് ദിവസവും വീഡിയോ കാളിലൂടെ പരസ്പരം സംസാരിക്കും.ആരും കാണാതെ അദ്ദേഹത്തിനുള്ള ഭക്ഷണം ഉണ്ടാക്കി ജനലിലൂടെ അകത്തെ മേശപ്പുറത്തു വയ്ക്കും.ആരുമറിയാതെ അവരുടെ ഇഷ്ടം അവർ വളർത്തിക്കൊണ്ടിരുന്നു.
“ആരെങ്കിലും അറിഞ്ഞാലാണ് പ്രശ്നം. ഈ മുതുക്കരുടെ പ്രേമം എന്റെ മകളോ നിങ്ങളുടെ ആണ്മക്കളോ അറിഞ്ഞാൽ നാണക്കേട് തന്നെ.”
“എന്ത് നാണക്കേട് പരസ്പരം സ്നേഹിക്കുന്നത് തെറ്റാണെന്നു ആരും പറയില്ല.ഇനി ആരും പറഞ്ഞാലും എനിക്ക് പ്രശ്നമില്ല.മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രമാണ് ഈ പഴയ പട്ടാളക്കാരന്റെ ലോകം,പിന്നെ അതിൽ പുതുമഴയായി ,സംഗീതമായി നീയും.”
അന്ന് മുതൽ അവർ പഴയ കമിതാക്കളെ പോലെയായി.
ഹരീഷേട്ടന്റെ മരണം കഴിഞ്ഞു ദുഖിച്ചിരിക്കുന്ന അവസരത്തിൽ,ഒരു വൈകുന്നേരം അദ്ദേഹത്തെ പാർക്കിൽ വച്ച് കണ്ടു മുട്ടി.മകളുടെ അരുതുകൾ കേട്ട് കേട്ട് മടുത്താണ് സംഗീത നടക്കാൻ ഇറങ്ങിയത്.അദ്ദേഹം മാത്രമാണ് ആകെയുള്ളൊരു ആശ്വാസവും.അദ്ദേഹമാകട്ടെ ഫോണിൽ പാട്ട് കേൾക്കുന്നു.നല്ല സന്തോഷവാനാണ്,പലതും സംസാരിക്കുന്നതിനിടയിൽ
“ഇനി നീ എല്ലാ അർത്ഥത്തിലും എന്റെ സ്വന്തമല്ലേ” എന്നൊരു വാചകം അദ്ദേഹത്തിൽ നിന്നും പുറത്തു വന്നു.
“ഞാനിന്നു മക്കളെ വിളിച്ചു ,നിന്റെ കാര്യമൊന്ന് സൂചിപ്പിച്ചു.അവർക്കു എന്റെ ഏത് തീരുമാനവും സമ്മതമാണ്.”
“എല്ലാവരും സ്വാർത്ഥരാണ്,എന്താണ് നിങ്ങൾ പറഞ്ഞ എല്ലാ അർത്ഥത്തിലും എന്നതിന്റെ സാരം.”
“സാരം വേറൊന്നുമല്ല ,എനിക്ക് ഇണയും തുണയുമായി നീ വേണമെന്നാണ്.”
“എന്ന് വച്ചാൽ ഒരു ലൈംഗിക പങ്കാളിയെ വേണമെന്ന്.അതല്ലേ.”
“ഞാൻ അങ്ങനെ അർത്ഥമാക്കിയില്ലല്ലോ സംഗീതേ.അതും അതിന്റെ ഭാഗമാണ്. നീ എനിക്ക് സ്വന്തമാക്കുക എന്ന് പറഞ്ഞാൽ എന്താണ്.”
സംഗീത മരബെഞ്ചിൽ നിന്നും ചാടി എഴുന്നേറ്റു.
“മതിയായി .ആണെന്ന വർഗത്തിന് ഒരു പെണ്ണിന്റെ മനസ്സ് കാണാനുള്ള കഴിവില്ല.എന്റെ ഭർത്താവ് മരിച്ചിട്ടു രണ്ടു മാസം കൂടി ആയില്ല.ഇനി എന്നെ വിളിക്കരുത്,പരസ്പരം കാണരുത്.ഞാൻ പോകുന്നു.”
“മരിച്ചിട്ടു അധിക സമയം ആകാത്തതാണോ തന്റെ പ്രശ്നം.സംഗീത താൻ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.”
പിന്നെ സംഗീത അങ്ങോട്ട് വിളിച്ചിട്ടില്ല.അദ്ദേഹത്തിന്റെ ഫോൺ കാളുകൾ എടുത്തിട്ടില്ല.ഫ്ളാറ്റിലെ ഗേറ്റിൽ വച്ച് കാണുമ്പോൾ ഒന്നും മിണ്ടാതെ അവൾ മുഖം തിരിച്ചു നടക്കുകയും ചെയ്തു.
“അതിനു മാത്രം എന്ത് തെറ്റാണു ഞാൻ ചെയ്തത്.താൻ എന്നോട് മിണ്ടാതിരുന്നാൽ ഞാൻ എന്തെങ്കിലും അരുതാത്തത് തന്നോട് ചെയ്തു എന്ന് ഇവിടുള്ളവർ കരുതും.”
മാസങ്ങൾ കഴിഞ്ഞു ,അദ്ദേഹത്തെ കാണാത്തതിൽ സംഗീതയ്ക്കു വിഷമം ഉണ്ട്.ഒന്ന് വന്നൂടെ ഞാൻ അന്ന് ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞെന്നു കരുതി ഇങ്ങനെ അവഗണിക്കാമോ എന്നവൾ ചിന്തിച്ചു.
അങ്ങോട്ട് വിളിക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.അവൾ തന്നെ വിളിക്കട്ടെയെന്നു അദ്ദേഹവും കരുതി.അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ സൂപ്പർ മാർക്കറ്റിലും അമ്പലത്തിലുമൊക്കെ അദ്ദേഹം കൊണ്ട് പോകുമായിരുന്നു.ഇടയ്ക്കു കണ്ടപ്പോൾ കൂടെ ദുബായിലുള്ള മൂത്ത മകനും ഉണ്ടായിരുന്നു.
അമ്മാ, വെറുതെ പൈസ ധൂർത്തടിച്ചു കളയണ്ട എന്ന മകളുടെ വാക്കുകൾ ഓർക്കുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം പോലും വാങ്ങാതെ ഒതുങ്ങി കഴിയും.പണ്ട് അദ്ദേഹത്തിനും ഹരീഷേട്ടനും വേണ്ടി പാചകം ചെയ്യും.ഇപ്പോൾ ഒറ്റയ്ക്കായപ്പോൾ ഒന്നും കഴിക്കാൻ തോന്നുന്നില്ല.ഈയിടെയായി സംഗീതയ്ക്കു നല്ല ക്ഷീണമുണ്ട്.ഡോക്ടറെ കാണണമെന്ന് കരുതും.ഒറ്റയ്ക്ക് പോകാനുംവയ്യ.
ക്ഷീണം കൂടിയപ്പോൾ ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു.ഇറങ്ങിയപ്പോൾ തന്നെ ലക്ഷണക്കേട് ,ലിഫ്റ്റ് വർക്ക് ചെയ്യുന്നില്ല.അഞ്ചാം നിലയിലുള്ള പടിക്കെട്ടുകൾ നടന്നിറങ്ങാൻ പറ്റുമോയെന്നു ശങ്കിച്ചു അവൾ നടന്നു.
മൂന്നാം നിലയിലെത്തിയപ്പോൾ തല ചുറ്റി ,താഴെ വീഴുന്നതിനു മുൻപ് ആരോ താങ്ങിയെടുത്തു.കണ്ണ് തുറന്നപ്പോൾ ആശുപത്രിയിലാണ്.അടുത്തൊരു നേഴ്സ് നില്ക്കുന്നു.ട്രിപ്പ് ഇട്ടിരിക്കുന്നു.ചുറ്റും നോക്കി എ സി റൂമാണ്.കയ്യിലെ പേഴ്സ് മേശപ്പുറത്തിരിക്കുന്നു.
“ഞാനെങ്ങനെ ഇവിടെയെത്തി.എന്താണ് എൻ്റെ പ്രശ്നം.”
“പ്രശ്നം ലോ ബി പി ആയിരുന്നു,ഗ്ളൂക്കോസ് ലെവലും വളരെ താണു പോയി.ബി പി വേരിയേഷൻ ഉള്ളത് കൊണ്ട് ഇപ്പോൾ ഒബ്സർവേഷനിൽ ആണ്. മാഡത്തിന്റെ ഭർത്താവു പുറത്തു പോയി.എന്നെ റൂം ഏല്പിച്ചിട്ടാണ് പോയത്.ബെഡ് ഷീറ്റും നൈറ്റിയും വാങ്ങാൻ പോയതാ.ഇപ്പോൾ വരും.”
“ഭർത്താവോ? ആര് ഹരീഷേട്ടനോ”
നേഴ്സ് മറുപടി പറയുന്നതിന് മുൻപ് കേണൽ മുറിയിലേയ്ക്കു കയറി വന്നു.
“ആ വന്നല്ലോ ,എനിക്കിനി പോകാമല്ലോ.”
അദ്ദേഹം അവളെ നോക്കി ജാള്യതയോടെ ചിരിച്ചു.
“എനിക്കിവിടെ കൂടെ നിൽക്കാമോ,ഞാൻ പുറകെ സ്റ്റെപ്പിറങ്ങി വന്നത് നിന്നോട് സംസാരിക്കാനാണ്.ഞാൻ അടുത്തെത്തുന്നതിനു മുൻപ് നീ തല കറങ്ങി വീണു ,ഞാൻ ഓടി വന്നു പിടിച്ചത് കൊണ്ട് തല നിലത്തിടിച്ചില്ല.ഇനി ഇറങ്ങി പോകാൻ പറഞ്ഞാലും ഞാൻ ഇവിടെ തന്നെ നില്ക്കും.നീ വേഷം മാറി വല്ലതും കഴിക്കൂ, ഞാൻ മട്ടൻ ബിരിയാണി ഓർഡർ ചെയ്തിട്ടുണ്ട്.ഒന്നും കഴിക്കാതിരുന്നാൽ ഷുഗറും പ്രഷറും ഒക്കെ കുറയും.”
അദ്ദേഹത്തിന്റെ സഹായത്തോടെ അവൾ കിടക്കയിൽ ഇരുന്നു.
“തന്റെ മകളെ വിളിച്ചറിയിക്കേണ്ടേ.ഓടി വരാനൊന്നും പോകുന്നില്ല എങ്കിലും…”
അവൾ മുറിക്കു ചുറ്റും നോക്കി.
“ഈ മുറിക്കു നല്ല റെന്റ് ആകില്ലേ.എനിക്കാണെങ്കിൽ ഇൻഷുറൻസ് ഒന്നുമില്ല,അധികം ക്യാഷ് വേണേൽ അവളോട് ചോദിക്കാനും വയ്യ.”
“താൻ അത് വിട്,ആദ്യം ആരോഗ്യം പിന്നെ നമുക്ക് മറ്റെല്ലാം ആലോചിക്കാം ,തനിക്കു ഞാനില്ലേ.എല്ലാ അർത്ഥത്തിലും ഇണയും തുണയുമായി.”
“പക്ഷെ അവൾ എന്റെ മകൾ”
“താൻ എന്നെങ്കിലും തനിക്കു വേണ്ടി ജീവിച്ചിട്ടുണ്ടോ ,ഇനിയെങ്കിലും അത് വേണ്ടേ,വളരെ വൈകിപ്പോയി.അവളെ വിളിച്ചു പറയെടോ തൻ്റെ തീരുമാനം.”
കട്ടിലിൽ കിടന്നു കൊണ്ട് തന്നെ സംഗീത മകളെ വിളിച്ചു.
“എനിക്ക് പെട്ടെന്ന് വയ്യാതെയായി.ഞാൻ കേണൽ അങ്കിളിന്റെ കൂടെയുണ്ട്.അദ്ദേഹമാണ് എന്നെ ആശുപത്രിയിൽ എത്തിച്ചത്.ഇനി എനിക്ക് ഒറ്റയ്ക്ക് ജീവിയ്ക്കാൻ വയ്യ.”
മറുതലയ്ക്കൽ മകൾ പറഞ്ഞത് കേട്ട് സംഗീത പൊട്ടിച്ചിരിച്ചു
“വേണ്ട വേണ്ട മോൾ കഷ്ടപെടേണ്ട.അമ്മ ബന്ധുക്കളുടെ വീട്ടിലോ വൃദ്ധ സദനത്തിലോ പോകാൻ ഉദ്ദേശിക്കുന്നില്ല.അമ്മ ഒരു ഇണയെ കണ്ടെത്തിയിരിക്കുന്നു.ഇനി ഞാൻ അദ്ദേഹത്തോടൊപ്പം ജീവിയ്ക്കാൻ പോകുന്നു.നിനക്കൊന്നും നഷ്ടപ്പെടാൻ പോകുന്നില്ല.അച്ഛന്റെ സ്വത്തുക്കളൊക്കെ ഏക മകളായ നിനക്ക് തന്നെയാണ്.എന്റെ നാട്ടിലെ വസ്തുവകകൾ എന്റെ കാലശേഷമേ നിനക്ക് ലഭിക്കൂ.മനുവിനോടും കൂടി പറഞ്ഞേക്കണേ.”
സംഗീതയെ നിർന്നിമേഷനായി നോക്കി നിന്ന കേണലിന്റെ കൈകളിൽ അവൾ ചുംബിച്ചു.
“നിങ്ങൾക്ക് അറിയുമോ മൂന്നുനാലു മാസം ഞാൻ ചത്തത് പോലെയാ ജീവിച്ചത് .”
“പിന്നെ ഞാനോ?ടീനേജ് പിള്ളേരെ പോലെ ഒളിച്ചും പാത്തും നിന്റെ പിറകെ ഉണ്ടായിരുന്നു.ഇപ്പോഴാ സമാധാനമായത്.നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഞാൻ അന്ന് അങ്ങനെയൊക്കെ പറഞ്ഞത്..”
“സത്യമോ?”
“അല്ല പെരുങ്കള്ളം.”
അയാൾ അവളെ വരിഞ്ഞു മുറുക്കി തന്നോട് ചേർത്തു.