ഓർമ്മകളിൽ പതിഞ്ഞ ചില ഗന്ധങ്ങൾ
(രചന: Nisha Pillai)
മാനസികാരോഗ്യ ആശുപത്രിയിൽ,
“ആകാശേ അപർണയ്ക്കു എന്താ പറ്റിയത്?” കുര്യച്ചന്റെ വലം കൈ ആകാശിന്റെ തോളിൽ അമർന്നു.
“പപ്പാ ” ആകാശ് പൊട്ടിക്കരഞ്ഞു കൊണ്ട് കുര്യച്ചന്റെ തോളിൽ വീണു. കുര്യച്ചന്റെ പിറകിൽ നിന്നും ആകാശിനെ പകയോടെ നോക്കി നിൽക്കുന്ന റോസമ്മ .ഇത് തന്റെ പഴയ മമ്മി തന്നെയാണോയെന്നു ആകാശിന് സംശയം തോന്നി.
“കണ്ട മാനസിക രോഗികളെ പ്രേമിച്ചു കല്യാണം കഴിക്കുമ്പോൾ ഓർക്കണമായിരുന്നു . ജീവിതത്തിൽ ഇനിയൊരു സ്വസ്ഥത കിട്ടില്ലെന്ന് .”
“റോസമ്മേ നീയൊന്നു മിണ്ടാതിരിക്ക് ” കുര്യച്ചൻ ചൂടായി.ഇവൾക്കിതെന്തിന്റെ കേടാണ്,ആശുപത്രിയിൽ വന്നു നിന്ന് തത്വം വിളമ്പുന്നു.
“ഇങ്ങനെ പരിസര ബോധമില്ലാതെ സംസാരിക്കുന്നൊരു സ്ത്രീ. ”
അയാളുടെ വെറുപ്പ് സ്വരത്തിൽ പ്രകടമായി
“മമ്മിയിപ്പോൾ സംസാരിക്കുന്നത് കേട്ടാൽ മമ്മിക്കും കടുത്ത മാനസിക പ്രശ്നമുള്ളതുപോലെ തോന്നുമല്ലോ.”
“എന്റെ മാനസിക പ്രശ്നത്തിന് കാരണം നീയാണ്.നിൻ്റെ പ്രേമമാണ്.മൂന്ന് പെൺമക്കളുടെ താഴെയുള്ള ഒരേയൊരു മകനാണെന്ന് കരുതി ഞാൻ നിന്നെ വല്ലാതെ ലാളിച്ചു.
പള്ളിയേയും പട്ടക്കാരേയുമൊക്കെ വെറുപ്പിച്ചപ്പോൾ ഓർക്കണമായിരുന്നു. ഇനിയെന്തൊക്കെ അനുഭവിക്കാൻ ബാക്കി കിടകുന്നോയെന്തോ,എൻ്റെ ഈശോയെ. ”
“നിങ്ങൾ ആ ബോർഡ് കണ്ടില്ലേ ?,ഇതൊരു ഹോസ്പിറ്റലാണെന്ന ബോധമില്ല.”
ഒരു നേഴ്സ് വന്നു റോസമ്മയോടു “സൈലൻസ് പ്ലീസ് ” എന്നെഴുതി വാതിൽക്കൽ സ്ഥാപിച്ച ബോർഡ് ചൂണ്ടി കാട്ടി.കുര്യച്ചൻ റോസമ്മയെ നോക്കി കാറിന്റെ താക്കോൽ നീട്ടി.
“നീ ഡ്രൈവറെയും കൂട്ടി വീട്ടിൽ പൊയ്ക്കോ.ഞാനെന്തായാലും അപർണയെയും ആകാശിനെയും കൂട്ടിയിട്ടേ മടങ്ങി വരുന്നുള്ളു.”
“അതിനിത് നിങ്ങളുടെ മോളൊന്നുമല്ലല്ലോ ,എവിടുന്നോ കയറി കൂടിയ ഒരു അനാഥ ,അത്ര മതി .വാ നമുക്ക് പോകാം.”
പെട്ടെന്നുണ്ടായ വികാരത്തിൽ കുര്യച്ചൻ റോസമ്മയെ പിടിച്ചു തള്ളി.
“നീ….. ,നീ പൊയ്ക്കോ,നീയും ഒരമ്മയല്ലേ,പ്രസവിക്കാത്ത സ്ത്രീകൾ പോലും ഇതിൽ മനുഷ്യത്വം കാണിക്കുമല്ലോ,അവളെന്റെ മകന്റെ ഭാര്യയാണ് ,അതായത് എന്റെ മകൾ.
നിനക്ക് വേണമെങ്കിൽ അംഗീകരിക്കാം , അല്ലെങ്കിൽ തള്ളിക്കളയാം.നിന്റെ ബന്ധുവിൻ്റെ മകളെ ഇവൻ കെട്ടാത്തതിന്റെ ചൊരുക്ക് നിനക്കുണ്ടല്ലോ.”
കുര്യച്ചൻ തിരിഞ്ഞു ആകാശിനോട് പറഞ്ഞു.
“മോൻ പറ ,എന്താ ഉണ്ടായേ.”
“കഴിഞ്ഞ ശനിയാഴ്ച എനിക്കൊരു മീറ്റിങ് ഉണ്ടായിരുന്നു,അപർണ ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു.ഇടയ്ക്കു ഫ്ലാറ്റ് സെക്യൂരിറ്റിയുടെ ഒരു ഫോൺ കാൾ വന്നിരുന്നു .
ഞങ്ങളുടെ ഫ്ലാറ്റിന്റെ എതിർവശത്തുള്ള ഫ്ലാറ്റിൽ ഒരു മരണം നടന്നുവെന്ന്. പോസ്റ്റുമോർട്ടത്തിനായി പെൺകുട്ടിയുടെ ബോഡി കൊണ്ട് പോയെന്നും അപർണ്ണയും ഞങ്ങളുടെ ഫ്ളാറ്റിലെ വേലക്കാരിയും കൂടെ പോയാണ് ആദ്യം കണ്ടതെന്നും മറ്റും പറഞ്ഞു.
വൈകിട്ട് മടങ്ങി വന്നപ്പോഴാണ് ഞാൻ അപർണയെ ഈ നിലയിൽ കണ്ടത്.ഫ്ലാറ്റ് മുഴുവൻ അടിച്ചു തകർത്തിരുന്നു.ജനലും ടി വി യും എന്ന് വേണ്ട ,മുഴുവൻ വീട്ടു സാമാനങ്ങളുംഅടിച്ചു തകർത്തിരുന്നു.
ഞാൻ ചെന്നപ്പോൾ ഇരുട്ടത്ത് കിടന്ന് നിലവിളിക്കുകയാ.ഇടക്കിടക്ക് മുടി വലിച്ചു പറിക്കുകയും ശരീരം കടിച്ചു മുറിക്കുകയും ചെയ്തിരുന്നു.രാവിലെ ആകുമ്പോൾ മാറുമെന്ന് കരുതി.
ഇടക്കെപ്പോഴോ എന്നെ കഴുത്തു ഞെരിച്ചു അപായപ്പെടുത്താൻ നോക്കിയപ്പോഴാണ് ഞാൻ അവളെ കെട്ടിയിടാൻ നോക്കിയത്.പക്ഷെ എന്നെകൊണ്ട് ഒറ്റയ്ക്ക് പറ്റിയില്ല .ഞാൻ സെക്യൂരിറ്റിയെയും അടുത്ത ഫ്ളാറ്റിലെ രണ്ടു മൂന്നു പേരെയും ഫോൺ ചെയ്തു വരുത്തി.
നാലഞ്ചു പേര് പിടിച്ചിട്ടാണ് അവളുടെ കാലും കയ്യും കെട്ടി വരിയാൻ പറ്റിയത് .അത്ര ശക്തിയായിരുന്നു അവൾക്കു. മെലിഞ്ഞ ഉണക്ക കമ്പ് കണക്കെയിരിക്കുന്ന അവളുടെ ഒരു ബലം കാണണമായിരുന്നു.”
“എന്നിട്ട്.”
“അപ്പോൾ രാത്രി ഏകദേശം രണ്ടു മണി കഴിഞ്ഞിരുന്നു.അവരൊക്കെ എന്റെ കൂടെയിരുന്നു നേരം വെളുപ്പിച്ചു.
അപ്പോഴൊക്കെ അവൾ കൂവൽ തുടർന്ന് കൊണ്ടേയിരുന്നു. രാവിലെ ജോലിക്കാരി വന്നപ്പോൾ സംഭവം അറിഞ്ഞത്.തൊട്ടു മുൻപിലെ ഫ്ളാറ്റിലെ പെങ്കൊച്ചിനെ കാണുന്നില്ല ,അടുത്തൊരു കോളേജിൽ ലെക്ച്ചറർ ആണ്.
മൂന്നാലു ദിവസമായി കാണാതായിട്ട്..അവൾ ഒറ്റക്കാണ് താമസം.ഇടയ്ക്കു ലീവെടുത്തു വയനാടുള്ള വീട്ടിൽ പോകുന്നത് കൊണ്ട് ആരും സംശയിച്ചതുമില്ല.
ശനിയാഴ്ച വീട് വൃത്തിയാക്കുന്നതിനിടയിൽ ജോലിക്കാരി ജനൽ തുറന്നിട്ടു.അസുഖകരമായ ഒരു മണം വീടിനുള്ളിൽ പരന്നു.കാരണം അന്വേഷിച്ചു അപർണ ഫ്ലാറ്റിനു മുന്നിൽ നടന്നു.
ഏതോ ഫ്ളാറ്റിലെ ഗാർബേജ് ആണെന്ന കരുതിയത്.അപ്പോഴാണ് ജോലിക്കാരി മുൻവശത്തെ ഫ്ലാറ്റിൽ നിന്നാണ് ഗന്ധം വരുന്നതെന്ന് അറിയിച്ചത്.അപർണയാണ് നിർബന്ധിച്ചു ജോലിക്കാരിയെ അവിടേയ്ക്കു കൂട്ടി കൊണ്ട് പോയത്.
ബാൽക്കണിയിലെ ജനൽ തുറന്നതും അപർണയാണ് ,അതിൽ നിന്ന് വന്ന ചീഞ്ഞ ഗന്ധം ,അതിലൂടെ അകത്തു കണ്ട കാഴ്ച .അതിനു ശേഷം അവൾ വീടിനുള്ളിലേക്ക് ഓടി കയറിയെന്നും ജോലിക്കാരി സെക്യൂരിറ്റിയെ വിളിച്ചു പോലീസിൽ അറിയിച്ചു.”
“അവിടെയെന്താ നടന്നത്.,ആത്മഹത്യാ?”
“അല്ല ,ഭയാനകമായ കാഴ്ച . പെണ്ണിന്റെ ശരീരം മുഴുവൻ പുഴുവരിച്ചിരുന്നു .ആ പെൺകുട്ടിയെ കഴുത്തു മു റിച്ച് ആരോ കൊ ന്നിരിക്കുന്നു. കയ്യും കാലും വെട്ടി മുറിച്ചിരിക്കുന്നു. ഫോൺ , ലാപ്ടോപ്പ് ആഭരണങ്ങൾ ഇവയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു.
മോഷണം ആണെന്നാണ് എല്ലാവരും കരുതിയത്,പക്ഷെ പോലീസിന്റെ അന്വേഷണത്തിൽ അതൊരു പ്രണയക്കൊലയാണെന്ന് തെളിഞ്ഞു.ഈ പെൺകുട്ടിയുടെ കല്യാണം നിശ്ചയിച്ചിരുന്നു .
അതിനു മുൻപ് ഒരാളുമായി പ്രണയത്തിലായിരുന്നു.അവൻ ലഹരിക്കടിമയാണെന്നു അറിഞ്ഞപ്പോൾ ആ കുട്ടി അയാളെ ഉപേക്ഷിച്ചിരുന്നു.ആ പകയാകാം കൊലപാതകത്തിൽ കലാശിച്ചത്.അവനെ പോലീസ് അറസ്റ് ചെയ്തു.”
“ആ പെൺകുട്ടിയും അപർണ്ണയും സുഹൃത്തുക്കളായിരുന്നോ? ”
“അല്ല പപ്പാ ,അവര് തമ്മിൽ കാർ പാർക്കിങ്ങിൽ വച്ച് ഒന്നും രണ്ടും പറഞ്ഞു അടി ഉണ്ടായിട്ടുണ്ട്. അവള് മദ്യപിച്ചു കാറെടുത്തപ്പോൾ അപർണയുടെ കാറിൽ തട്ടി .അപർണയ്ക്കു അവളെ ഇഷ്ടമായിരുന്നില്ല പപ്പാ,അതാണ് എനിക്ക് മനസിലാകാത്തത്.
അപർണയ്ക്കു അവിടെ വച്ച് എന്ത് സംഭവിച്ചെന്ന് മനസിലാകുന്നില്ല.പ്രേതത്തെ കണ്ടു പേടിച്ചതാണെന്നു പറഞ്ഞു അപ്പുറത്തെ വീട്ടിലെ മുത്തശ്ശി അമ്പലത്തിൽ പോയി ജപിച്ച ചരടൊക്കെ കെട്ടി കൊടുത്തു.
ഒരു മാറ്റവുമില്ല.അവൾ മരുന്നിന്റെ മയക്കത്തിലാണ്.ബോധം വരുമ്പോളൊക്കെ അവൾ വയലന്റ് ആകുന്നു.ആരെയും തിരിച്ചറിയുന്നില്ല.ശരീരമൊക്കെ കടിച്ചു മുറിക്കുന്നു.”
“ഏതെങ്കിലും പള്ളിലച്ചനെ വിളിച്ചാൽ കാര്യം നടന്നേനെ .വെറുതെ അമ്പലത്തിലെ ചരടൊക്കെ കെട്ടിയിട്ടെന്താ.”
പുറകിൽ നിന്ന റോസമ്മ പെട്ടെന്ന് പ്രതികരിച്ചു.
“ദേ വന്നു വേണ്ടതും വർഗീയ വാദി,അല്പം മനുഷ്യത്വം കാണിക്കെടി. ഒരു കൊച്ചു മരണത്തിനും ജീവിതതിനുമിടയിൽ കിടക്കുവാ അടുത്ത റൂമിൽ.”
“വാ കൊച്ചനെ നമുക്ക് ഡോക്ടറെ ഒന്ന് കാണാം.ഇവർക്ക് പറ്റില്ലെങ്കിൽ വെല്ലൂർക്ക് കൊണ്ട് പോകാം.അവിടെ എന്റെ ഒരു സുഹൃത്തുണ്ട്.അവന് പരിചയമുള്ളൊരു പ്രശസ്തനായ സൈക്കാട്രിസ്റ്റ് ഉണ്ടവിടെ.”
“ഇതും നല്ല ഡോക്ടറാണ് പപ്പാ.നമുക്കൊന്നു സംസാരിക്കാം.’
അവർ ഡോക്ടറുടെ അനുമതിക്ക് വേണ്ടി മുറിയുടെ പുറത്തു കാത്ത് നിന്നു.തളർന്നു അവശനായ മകനെ കണ്ടപ്പോൾ കുര്യച്ചന് അവനോടു വല്ലാത്ത വാത്സല്യം തോന്നി.
ഡോക്ടർ അനന്തമൂർത്തി അവിടുത്തെ സീനിയർ സൈക്കാട്രിസ്റ്റ് ആണ്.അദ്ദേഹത്തിന്റെ മുന്നിലിരിക്കുമ്പോൾ കുര്യച്ചന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.
ഇനി റോസമ്മ പറഞ്ഞത് പോലെ ഭേദമാക്കാൻ പറ്റാത്ത വല്ല രോഗവുമാകുമോ അപർണയ്ക്ക്? .
“ആകാശ് ഇരിക്ക്,ഇതാരാ അപർണയുടെ അച്ഛനാണോ? ”
“എന്റെ പപ്പയാണ് ,ഡോക്ടർ.പ്ലാന്റർ കുര്യൻ ജോൺ.അപർണയുടെ കാര്യം അറിയാനായി .”
“മിസ്റ്റർ കുര്യൻ …ഞാൻ അപർണയുടെ കേസ് സ്റ്റഡി നടത്തി.ഒരു ക്രൈം സീൻ കണ്ടത് കൊണ്ടോ ,അല്ലെങ്കിൽ ആ ചീഞ്ഞഴുകിയ ശരീര ഭാഗങ്ങളോ അവയുടെ ചീഞ്ഞ ഗന്ധമോ സാധാരണ ഒരു വ്യക്തിയിൽ അറപ്പും വെറുപ്പും ഉണ്ടാകാം.
കുറെ നാളത്തേയ്ക്ക് ഞെട്ടൽ ഉണ്ടാകാം.പക്ഷെ അതൊക്കെ താത്കാലികമായ മനം മാറ്റം മാത്രമാകും.പതിയെ പതിയെ അവർ ജീവിതത്തിലേയ്ക്ക് മടങ്ങി വരും.അപർണയുടെ കേസിനു അവരുടെ ഭൂതകാലവുമായി എന്തോ ബന്ധമുണ്ട്.
എനിക്കറിയേണ്ടത് മുൻപ് അവർക്കെന്തെങ്കിലും മാനസിക പ്രശ്നങ്ങൾ.വിഷാദ രോഗമോ ,അതിന്റെ ചികിത്സയോ മറ്റോ നടത്തിയിട്ടുണ്ടോ. പഠിച്ചിടത്തോളം വളരെ ദുർബലമായ മനസിന്റെ ഉടമയാണ് അപർണ.
കൂടാതെ അമിതമായ വൃത്തി രോഗം. ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡർ എന്നാണതിന് പറയുക.ആകാശ് മുൻപ് പറഞ്ഞത് വച്ച് നോക്കുമ്പോൾ അഴുക്കുള്ള ചുറ്റുപാടുകൾ അപർണയുടെ ഉത്കണ്ഠ കൂട്ടിയിരുന്നു.
ആ ദിവസങ്ങളിൽ അവൾ മണിക്കൂറുകളോളം കുളിക്കാനായി ചിലവാക്കിയിരുന്നു. പുഴുക്കളേയും മരണ വീടുകളെയും അവൾ വെറുത്തിരുന്നു.
ചില ദിവസങ്ങളിൽ മാംസ ഭക്ഷണം കഴിക്കുകയും ചില ദിവസങ്ങളിൽ അത് കഴിച്ചു ഛർദിക്കുകയും ചെയ്തിരുന്നു.അവളുടെ സ്വഭാവം വിചിത്രമായിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്.കുര്യന് എന്ത് തോന്നുന്നു.”
“ഡോക്ടർ ഇവരുടേത് പ്രേമ വിവാഹം ആയിരുന്നു .വ്യത്യസ്ത ജാതികളിൽ പെട്ട രണ്ടുപേർ.ഒരേ ഓഫീസിൽ ഒന്നിച്ചു കുറേകാലം ജോലി ചെയ്തവർ .അവരുടെ ഇടയിലുണ്ടായ മാനസിക അടുപ്പം സ്നേഹത്തിൽ കലാശിച്ചു.
ഞാൻ അവളെ രണ്ടു മൂന്നു പ്രാവശ്യമേ കണ്ടിട്ടുള്ളു.എന്റെ അറിവിൽ വളരെ സമർത്ഥയായ ഒരു പെൺകുട്ടിയാണ്.വളരെ സ്നേഹമുള്ള ഒരു ഭാര്യയും മരുമകളും ആയിരുന്നു.
ഞങ്ങളുടെ തറവാട്ടിൽ താമസിക്കാൻ എന്റെ ഭാര്യ സമ്മതിച്ചില്ല.അതിനാൽ അവർ ഒരു ഫ്ലാറ്റ് വാങ്ങി അങ്ങോട്ട് മാറി .എന്റെ ഭാര്യയുമായി ഉടക്കാനെങ്കിലും അവളെന്നും എന്നെ വിളിക്കും വിശേഷങ്ങൾ ഒക്കെ പറയും.ഇതിപ്പോൾ എന്താണെന്നു എനിക്ക് മനസിലാകുന്നില്ല.”
“നിങ്ങളെന്തായാലും അപർണയുടെ നാട്ടിൽ പോകണം ,പാലക്കാട് ആണെന്നല്ലേ പറഞ്ഞത്.അവരുടെ ബന്ധുക്കളെ കാണണം .വിവരങ്ങൾ തിരക്കണം.എന്തെങ്കിലും ഒരു ഹിസ്റ്ററി ഉണ്ടാകും .
അതറിഞ്ഞാൽ ട്രീറ്റ്മെന്റ് എളുപ്പമാകും. ഹിപ്നോതെറാപ്പിയിലൂടെ നമുക്ക് അപർണയെ സാധാരണ നിലയിലേയ്ക്ക് കൊണ്ട് വരാം.ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു.ഇപ്പോൾ ആശുപത്രി മാറ്റുന്ന കാര്യം ചിന്തിക്കണ്ട.അവളുടെ ശരീരം വളരെ ദുർബലമാണ്,മനസ്സും…”
റോസമ്മയെ അപർണയ്ക്കു കൂട്ടിന് ഇരുത്തിയിട്ടു അപ്പനും മകനും പാലക്കാട്ടേയ്ക്ക് യാത്രയായി.പോകുന്നതിനു മുൻപ് കുര്യച്ചൻ റോസമ്മയോടു ഇങ്ങനെ പറഞ്ഞു.
“ഈ കൊച്ചിന് വേണ്ടി നീ ഉള്ളുരുകി പ്രാർത്ഥിക്ക് റോസമ്മേ.ഈ രാത്രി യാത്ര റിസ്കാണ് . എന്നാലും ആകാശിന്റെ ജീവിതം.അപർണ മോളെ തിരികെ കൊണ്ട് വരണം ജീവിതത്തിലേയ്ക്ക്.”
“നിങ്ങൾ വിഷമിക്കാതെ പോയി വാ ,ഞാൻ വിഷമം കൊണ്ട് പലതും പറഞ്ഞെന്നു വച്ച് .ഞാൻ അത്ര ദുഷ്ടയൊന്നുമല്ല കുര്യാച്ചോ.മോനെ സൂക്ഷിച്ചു വണ്ടി ഓടിക്കണം.”
പാലക്കാട്ടെ അപർണയുടെ വീട്ടിൽ ഒരിക്കലേ ആകാശ് പോയിട്ടുള്ളൂ.ഒരു കോമ്പൗണ്ടിലെ ട്വിൻ ഹൌസ് ,ഒരു വീട് അപർണയുടെ അച്ഛന്റേതും ഒന്ന് അമ്മാവന്റെതും.അപർണയുടെ വീട് അടച്ചിട്ടിരിക്കുകയാണ്.
അമ്മാവന്റെ വീടിന്റെ കോളിങ് ബെല്ലിൽ കുര്യച്ചൻ വിരലമർത്തുമ്പോൾ ആകാശ് ഒരു മാവിന്റെ ചുവട്ടിലേക്ക് കാർ ഒതുക്കി നിർത്തി.ഒരു സ്ത്രീ വന്നു വാതിൽ തുറന്നു.കുര്യച്ചനെ മനസിലാകാത്തത് കൊണ്ട് അവർ ചുറ്റും നോക്കി.
“ഇതാരാ ആകാശോ? ഇത് പപ്പയാണോ ” അവർ ചോദിച്ചു.
അവർ വീടിനുള്ളിലെ വിശാലമായ മുറിയിലേയ്ക്കു കയറിയിരുന്നു.അമ്മായി അമ്മാവനെ കൂട്ടികൊണ്ടു വന്നു.കുര്യച്ചൻ നടന്നതും ഡോക്ടർ പറഞ്ഞതുമായ കാര്യങ്ങൾ വിശദീകരിച്ചു. അമ്മാവനും അമ്മായിയും പരസ്പരം നോക്കി.അമ്മാവൻ പറഞ്ഞു.
“എനിക്ക് ഒരേയൊരു സഹോദരി മാത്രമേ ഉള്ളൂ.ചേച്ചിയുടെ വിവാഹം ശേഷം എന്നെ പിരിയാൻ വയ്യാത്തത് കൊണ്ടാണ് ഞങ്ങളുടെ വിശാലമായ പറമ്പിൽ ഒരേ പോലെ രണ്ട് വീടെന്ന ആശയം അളിയൻ പറയുന്നത്.
ഞാനും ഭാര്യയും ഞങ്ങളുടെ മകൻ സിദ്ധാർത്ഥും ആ സമയത്ത് ദുബായിൽ ആയിരുന്നു.
സ്വന്തമായി ബിസിനസ് ആയതിനാൽ ഇടയ്ക്കിടയ്ക്ക് നാട്ടിൽ വന്ന് പോകും.നാട്ടിൽ ചേച്ചിയും ബാങ്ക് മാനേജറായ അളിയനും എൻജിനീയറിങ് വിദ്യാർഥിനിയായ അഭിരാമിയും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന അപർണയും മാത്രമായി.
അളിയൻ എനിക്ക് സ്വന്തം ജേഷ്ഠനെ പോലെയാണ്. എല്ലാക്കാര്യങ്ങളും തുറന്ന് പറയും.ഭയങ്കര അഭിമാനിയായിരുന്നു അളിയൻ.രണ്ട് കുടുംബങ്ങളിലും എപ്പോഴും സന്തോഷവും ആഘോഷങ്ങളുമായിരുന്നു.”
അമ്മാവൻ ഒരു നിമിഷം നിർത്തി കസേരയിൽ ചാഞ്ഞിരുന്നു.
“അന്ന് മൊബൈൽ ഒന്നും അത്ര പ്രചാരത്തിൽ വന്നിട്ടില്ല.ദുബായിലേയ്ക്ക് അളിയൻ്റെ ഫോൺ വന്നു. എനിയ്ക്ക് നിന്നെ അത്യാവശ്യമായി കാണണം.ഞായറാഴ്ചത്തെ വിമാനത്താവളത്തിൽ മൂന്ന് പേരും നാട്ടിലെത്തണം.അത്രയും പറഞ്ഞ് ഫോൺ വച്ചു.”
എനിക്ക് ഞായറാഴ്ച വരാൻ കഴിഞ്ഞില്ല.ചൊവ്വാഴ്ചത്തേക്കാണ് ടിക്കറ്റ് കിട്ടിയത് ,അത് പറയാൻ രാത്രിയിൽ അളിയനെ വിളിച്ചപ്പോൾ ഫോൺ എടുത്തതുമില്ല .
ചൊവ്വാഴ്ച ഞങ്ങൾ എത്തിയപ്പോൾ വീട് പൂട്ടിയിരുന്നു .അളിയൻ ബാങ്കിലും പിള്ളേര് പഠിക്കാനായും പോയി കാണുമെന്ന് കരുതി.ചേച്ചി പിണക്കക്കാരിയാണ്.
അളിയൻ പറഞ്ഞ സമയത്തു വരാത്തത് കൊണ്ടാകും വാതിൽ തുറക്കാത്തത് എന്ന് കരുതി.കാത്ത് നിന്ന് മടുത്തപ്പോൾ പുറകുവശത്തെ വാതിലിലൂടെ അകത്തു കയറാൻ ശ്രമം നടത്തി.വാതിൽ പൂട്ടിയിരുന്നില്ല.ചെന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു.”
അമ്മായി തേങ്ങി കരയാൻ തുടങ്ങി.
“അസുഖകരമായ ഗന്ധമായിരുന്നു അവിടെ.അവിടെ കണ്ട കാഴ്ചകൾ കണ്ടു ഞങ്ങൾ തളർന്നു പോയി.
ഹാളിലായിരുന്നു അളിയൻ കിടന്നിരുന്നത്. മൂക്കിലൂടെ പുഴുക്കളിറങ്ങി വന്നിരുന്നു. തൊട്ടടുത്ത് തന്നെ ചേച്ചിയും.മേശപ്പുറത്തു പാല് കുടിച്ച നാലു ഗ്ലാസ്സുകൾ ഉണ്ടായിരുന്നു. ദുർഗന്ധം കാരണം ഓക്കാനം വന്നു തുടങ്ങി.
ഞാനിവരോട് പുറത്തു ചെന്ന് പോലീസിൽ അറിയിക്കാൻ പറഞ്ഞു.അഭിരാമിയുടെ അവസ്ഥ ആയിരുന്നു കൂടുതൽ ഭയാനകം.കണ്ണും മുഖവുമൊക്കെ പുഴുക്കലരിച്ചിറങ്ങി ,ആകെ വികൃതമായി.അപർണ മോളെ അവിടെയെങ്ങും കണ്ടില്ല.ഞാൻ എല്ലാ മുറിയിലും നോക്കി.
അവളുടെ ശരീരം കുളിമുറിയിലാണ് കണ്ടത് . അവിടമാകെ ഛർദ്ദിലിൽ മുങ്ങിയിരുന്നു . അവൾക്കു ചെറിയ ഞെരക്കം ഉണ്ടായിരുന്നു . ഒരു പക്ഷെ ഛർദിച്ചതും കൊണ്ടും കുളിമുറിയിലെ വെള്ളം കുടിച്ചത് കൊണ്ടും ആകും അവളിൽ ജീവൻ ബാക്കിയുണ്ടായത്.
മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണു ഞങ്ങൾക്ക് അവളെ തിരികെ കിട്ടിയത്.അവൾ ഈ വീടും നാടും വെറുത്തു.കൂടുതൽ സമയവും ഹോസ്റ്റലിൽ തന്നെ കഴിച്ചു കൂട്ടി .”
“എന്തിനാണ് നിങ്ങളുടെ അളിയൻ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്?”
“ഞങ്ങളും അതാണ് ചിന്തിച്ചത് .അത്ര നല്ല മനുഷ്യനായിരുന്നു.രണ്ടു ദിവസം കഴിഞ്ഞു എനിക്കൊരു രജിസ്ട്രേഡ് കത്ത് ലഭിച്ചു.അതിൽ നിന്നാണ് എനിക്ക് കാര്യങ്ങൾ മനസിലായത്.
അവർക്കൊക്കെ പാലിൽ വി ഷം കലർത്തി കൊന്നതിനു ശേഷം ആ ത്മഹത്യ ചെയ്യാനായിരുന്നു അളിയന്റെ പദ്ധതി.കടുത്ത പനിയും ഛർദ്ദിയുമുണ്ടായതിനാൽ അപർണ പാല് കുടിക്കാൻ വിസമ്മതിച്ചു.
അത് പറഞ്ഞാണ് പിന്നെയവൾ കരഞ്ഞത്. അവർക്കൊപ്പം പോകാൻ കഴിഞ്ഞില്ലയെന്ന് പറഞ്ഞു കരച്ചിലായിരുന്നു.”
“എന്തായിരുന്നു കത്തിലെ ഉള്ളടക്കം?.”
“അളിയന് രാത്രിയിൽ സ്മാളടിക്കുന്ന പരിപാടിയുണ്ട്. ഭക്ഷണം കഴിഞ്ഞ് മുറ്റത്തിരുന്ന് കള്ളടിച്ച് ഇരിക്കുമ്പോൾ മുകളിലത്തെ ബാൽക്കണിയിൽ ഒരു നിഴലാട്ടം, എല്ലായിടത്തും തെരഞ്ഞിട്ടും ആരേയും കണ്ടില്ല.
പിറ്റെ ദിവസവും ഇത് തന്നെ ആവർത്തിച്ചു.പിറ്റെ ദിവസം ബാൽക്കണിയിൽ പരിശോധന നടത്തി.മുറ്റത്തെ മാവിൻ്റെ ഒരു ശാഖ ബാൽക്കണിയിലേയ്ക്ക് ചാഞ്ഞിരുന്നു .
ആ ശാഖയിൽ കയറും പോലെയെന്തോ കൊണ്ട് കുടുക്കിട്ട പാട് കാണാമായിരുന്നു. ആരുമറിയാതെ അന്നത്തെ പകൽ ആ മരക്കൊമ്പ് പകുതി മുറിച്ച് വച്ചു.രാത്രിയിൽ പതിവ് സ്ഥലത്ത് കാത്തിരുന്നു.”
“മരക്കൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് ഓടി ചെന്നപ്പോൾ ഒരുത്തൻ താഴെ വീണ് കിടക്കുന്നു. പിടിച്ച് പോലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചു. അവൻ കുതറിമാറി.”
“എന്നെ പോലീസിൽ ഏൽപിച്ചാൽ നിങ്ങൾ നാറും.നിങ്ങളുടെ മകൾ വിളിച്ച് വരുത്തിയതാ. തെളിവ് എൻ്റെ കയ്യിലുണ്ട്. നിങ്ങളുടെ വീടിന്റെ ഓരോ മുക്കും മൂലയും എനിക്ക് കാണാപ്പാഠമാണ്.”എന്നവൻ അളിയനോട് പറഞ്ഞു.
“അത് കേട്ടമ്പരന്ന് നിന്നു പോയി അളിയൻ.ആ സമയം അവനളിയനെ തള്ളി മാറ്റി മതിലുചാടി മറഞ്ഞു.”
“അഭിരാമിയെ സ്നേഹിച്ചും ഉപദേശിച്ചും മർദ്ദിച്ചും മനസ്സ് മാറ്റാൻ ശ്രമിച്ചിട്ടും അവളുടെ മനസ്സ് മാറിയില്ല.അവൾക്ക് ഒരു തരം വാശിയായിരുന്നു.
ചേച്ചി പോലുമറിയാതെയാണ് അളിയൻ വിഷം വാങ്ങിയതും പാലിൽ കലർത്തി എല്ലാവർക്കും നല്കിയത്.സ്നേഹിക്കുന്നവർ ഒന്നിച്ച് ജീവിച്ചോട്ടെ എന്ന് കരുതാമായിരുന്നു. ഈ മഹാപാപം ചെയ്യണ്ടായിരുന്നു. മരണവിവരം അറിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ആ പയ്യനും ആത്മഹത്യ ചെയ്തു.
സ്വജാതിയല്ല എന്ന കാരണവും കോളേജിലെ തല്ല് കേസിൽ അവന് കിട്ടിയ സസ്പെൻഷനും ഒക്കെ അളിയൻ്റെ മനസ്സിൽ വലിയ കുറ്റങ്ങളായി. നാല് ജീവനുകൾ നഷ്ടപ്പെട്ടു. ജീവിച്ചിരിക്കുന്നവൾ മാനസിക രോഗിയുമായി.”
“മരിക്കുന്നതിന് മുൻപ് സ്വത്ത് വകകളൊക്കെ എൻ്റെ പേരിലാക്കാൻ ശ്രമിച്ചിരുന്നു.അത് മറ്റു ബന്ധുക്കളെയൊക്കെ ശത്രുതയിലാക്കി.ആ സമയത്ത് ഗൾഫിലായിരുന്നത് കൊണ്ട് ഞാൻ കേസിൽ പെടാതെ രക്ഷപ്പെട്ടു.”
“അപർണയുടെ പഴയ അസുഖത്തിന്റെ ഫയലുകൾ വല്ലതും ഇവിടെയുണ്ടോ. പ്രശ്നകാരണം കണ്ടെത്തിയാൽ ചികിത്സ എളുപ്പമാണെന്നാണ് ഡോക്ടർ പറഞ്ഞത്.”
“കേസ് ഫയൽ തരാം.ഞങ്ങളും നിങ്ങളോടൊപ്പം വരുന്നു.അപർണമോളെ കാണണം.”
ദിവസങ്ങൾ കഴിഞ്ഞു. സുഖം പ്രാപിച്ച്, ഡിസ്ചാർജ്ജ് വാങ്ങി ഫ്ലാറ്റിലേക്ക് അപർണയെ കൊണ്ട് പോകാനുള്ള ആകാശിൻ്റെ തീരുമാനത്തെ കുര്യച്ചൻ എതിർത്തു.
“ആ ഫ്ലാറ്റിലേയ്ക്കിനിയവളെ കൊണ്ട് പോകണ്ട.നമുക്ക് വീട്ടിലേയ്ക്ക് പോകാം.”
“അത് വേണ്ട പപ്പ.മമ്മിയ്ക്ക് അതിഷ്ടമാകില്ല.”
“മമ്മിയാണ് പറഞ്ഞത് അപർണയെ കൂട്ടി കൊണ്ട് വരാൻ.”
അപർണ്ണ പഴയത് പോലെയായി.ആകാശിൻ്റെ തറവാട്ടിൽ അവൾ സന്തോഷവതിയായിരുന്നു. റോസമ്മ ഒരു മകളെ പോലെ അവളെ സ്നേഹിച്ചു.
രാവിലെ പ്രാതലിൻ്റെ മുന്നിൽ നിന്ന് എഴുന്നേറ്റ് പുറത്ത് പോയി ചർദ്ദിക്കുന്ന അപർണയെ നോക്കി കുര്യച്ചൻ ചോദിച്ചു.
“അപർണയ്ക്ക് എന്നാ പറ്റി.റോസമ്മേ നീ ഇന്ന് കേട് വന്ന മീനാണോ വാങ്ങിയത്.? ” ആകാശിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവരിങ്ങനെ പറഞ്ഞു.
“ഇതതല്ല.ഞാൻ ഒരിക്കൽ കൂടി ഗ്രാൻ്റ്മാ ആകാൻ പോകുന്നു.ഡോക്ടറെ കണ്ടിട്ട് പറയാമെന്ന് കരുതി.”
ആകാശ് അപർണയുടെ അടുത്തേക്ക് നടന്ന് ചെന്നു. കുര്യച്ചൻ സന്തോഷം കൊണ്ട് റോസമ്മയുടെ കവിളിൽ അയാളുടെ ചുണ്ടുകൾ അമർത്തി. തങ്ങളെ തന്നെ നോക്കി നിൽക്കുന്ന പിള്ളേരെ കണ്ട് റോസമ്മ നാണം കൊണ്ട് മുഖം താഴ്ത്തി.