അമ്മ ഇഷ്ടം ആണെന്ന് പറഞ്ഞതാണല്ലോ .ഇപ്പോൾ എന്താ മനം മാറ്റം.അവൾക്കു തടി കൂടിയതാണോ പ്രശ്നം . എന്നാലും നല്ല സുന്ദരിയല്ലേ ,

വഴിത്തിരിവ്
(രചന: Nisha Pillai)

ദല്ലാൾ ആന്റണി ചേട്ടൻ കൊണ്ട് വന്ന പെണ്ണിന്റെ ഫോട്ടോ കണ്ടു എല്ലാര്ക്കും ഇഷ്ടപ്പെട്ടു.അച്ഛനും അമ്മയും പെങ്ങളും അളിയനും ഒക്കെ സമ്മതം മൂളി.

എന്റെ ഇഷ്ട പ്രകാരം എല്ലാം ഒത്തു വന്നിട്ടുണ്ട്. ഒരു ഗവണ്മെന്റ് ജോലിക്കാരനായ ഞാൻ ഇത്രേം ഒക്കെ അർഹിക്കുന്നുണ്ട് .

നല്ല ആസ്തി ഉള്ള ഫാമിലി ആണ് .തന്നെ പോലെ തന്നെ അവളും രണ്ടാം കല്യാണം ആണ്. അഞ്ചു വയസുള്ള ഒരു മകൾ ഉണ്ട് . അച്ഛൻ ബാങ്ക് മാനേജർ ആയിരുന്നു.ഒരു വര്ഷം മുൻപ് മരിച്ചു.ഇപ്പോൾ വീട്ടിൽ അമ്മയും മകളും കൊച്ചു മകളും മാത്രം.

അവർക്കു സ്വന്തമായി ഒരു ഷോപ്പിംഗ് മാളും ഓഡിറ്റോറിയവും ഉണ്ട്.അമ്മയാണ് ബിസിനസ് ഒക്കെ നോക്കുന്നത്.കല്യാണം കഴിഞ്ഞാൽ ഒക്കെ എന്റെ തലയിലാകും .ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു.”ആഹഹാ …..”.

കോടികളുടെ ആസ്തി .കണ്ണടച്ച് തുറക്കുമ്പോൾ കോടീശ്വരൻ ആയി മാറും .എന്നിട്ടു വേണം കാറൊന്നു മാറ്റി വാങ്ങാൻ.

ചെയ്യാൻ കുറെ കാര്യങ്ങൾ ഉണ്ട് .പോകാൻ കുറെ സ്ഥലങ്ങളും .ഒരു വിദേശ ടൂർ ഒക്കെ വേണം .ഹണിമൂൺ സ്വിറ്റസർലണ്ടിൽ .അച്ഛന് കൃഷി പണി ആയതു കൊണ്ട് വീട്ടിൽ എന്നും പിശുക്കു ആയിരുന്നു.

ഇനിയെങ്കിലും ഒന്ന് അടിച്ചു പൊളിക്കണം . കൂട്ടുകാരൊക്കെ അസൂയപ്പെടണം .ആദ്യ കല്യാണമോ ശെരിയായില്ല .പാവപെട്ട വീട്ടിലെ പെണ്ണ് .അവൻ കട്ടിലിൽ കിടന്നു ഓരോന്ന് ഓർത്തു കൊണ്ടേയിരുന്നു.

“മോനെ തരുണേ,ഈ കല്യാണം നമുക്ക് വേണോ .അമ്മക്കെന്തോ അത്ര ഇഷ്ടപ്പെട്ടില്ല.”

അവൻ തിരിഞ്ഞു നോക്കി .അമ്മ കട്ടിലിന്റെ അടുത്തേക്ക് കസേര നീക്കിയിട്ടു .അമ്മയുടെ മുഖം വിവർണമായിരുന്നു.

“എന്ത് പറ്റി അമ്മക്ക് ,അമ്മ ഇഷ്ടം ആണെന്ന് പറഞ്ഞതാണല്ലോ .ഇപ്പോൾ എന്താ മനം മാറ്റം.അവൾക്കു തടി കൂടിയതാണോ പ്രശ്നം . എന്നാലും നല്ല സുന്ദരിയല്ലേ , ആതിരയെക്കാളും .വല്യ വീട്ടിലെ പെൺകൊച്ചല്ലേ അമ്മെ .”

തൻ്റെ ആദ്യഭാര്യ ആതിരയെ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു.ചില നിസാര കാരണങ്ങളാലാണ് ഞങ്ങൾ അന്ന് പിണങ്ങി പിരിഞ്ഞത്.അവളുമായി ഒരു പുനർവിവാഹത്തിനാണ് അമ്മയ്ക്ക് താൽപര്യം.

“സുന്ദരിയൊക്കെ തന്നെ .പിന്നെ ആതിരക്കു നിന്നോട് മാത്രമായിരുന്നു പ്രശ്നം .അച്ഛനേം അമ്മയേം ഒക്കെ പ്രിയം ആയിരുന്നു.എന്നെ പൊന്നു പോലെയാ അവൾ നോക്കിയത്.അന്നും നീ പണം നോക്കിയല്ലേ പോയത് .

മോനെ ജീവിതത്തിൽ സന്തോഷിക്കാൻ പണം മാത്രം പോരാ.നമ്മുടെ നല്ല സമയത്തു എല്ലാരും കാണും ,പക്ഷെ ദുരിതങ്ങൾ ഒക്കെ വരുമ്പോൾ നമ്മൾ മാത്രേ കാണൂ.എനിക്കെന്തോ അവളുടെ അമ്മയെ അത്ര ഇഷ്ടായില്ല.”

” അവളുടെ അമ്മ പുറത്തൊക്കെ വളർന്നതല്ലേ ,മോഡേൺ ആണ് .അത്രേ ഉള്ളു .അവളും മോഡേൺ ആണ്.

പിന്നെ കുട്ടി എനിക്കൊരു പ്രാരാബ്ധമാകുമെന്ന് അമ്മ പേടിക്കണ്ട .ഇഷ്ടം പോലെ സ്വത്തില്ലെ അവളെ വളർത്താൻ.എല്ലാം ഒന്ന് നോക്കിയും കണ്ടും നിന്നാൽ പോരെ .”

“അമ്മ മോനോട് ഒരു കാര്യം പറയട്ടെ .അമ്മക്ക് ആതിരയെ തിരിച്ചു വേണം .അവൾ നല്ല കുട്ടിയാണ്.പണം ഇല്ലേലും സ്നേഹം ഉള്ളവളാ.നിന്റെ മോൻ ഇല്ലേ അവളുടെ കൂടെ .നമ്മുടെ ചോരയല്ലേ മോനെ .അവൻ ഇവിടെ വളരേണ്ടവനല്ലേ ”

“എനിക്ക് ഈ ബന്ധം ആണ് താല്പര്യം .അമ്മ എതിര് പറയരുത്. നമുക്ക് അവരുടെ വീട്ടിൽ പോയി നോക്കാം.പിന്നെ മോൻ വലുതാകുമ്പോൾ അവൻ അവന്റെ അച്ഛനെ തേടി വരും.ഒരു പുരുഷന് പിൻഗാമി അവന്റെ പുത്രനാണ് . ”

അമ്മ ഒന്നും മിണ്ടാതെ മുറി വിട്ടു പോയി .കുറെ കഴിഞ്ഞു അച്ഛനും അമ്മയും തമ്മിൽ തർക്കിക്കുന്നത് കേട്ട്.അച്ഛൻ എന്റെ പക്ഷത്തു നിന്ന് അമ്മയോട് എതിർത്ത് പറയുന്നു.

എണീറ്റ് അലമാര തുറന്നു .ഇന്നലെ വാങ്ങി വച്ച സ്വർണം നോക്കി. 15 പവനുണ്ട് .4 വളയും ഒരു മോതിരവും പിന്നെ ഒരു നെക്‌ളേസ്‌ .ഇന്നത്തെ വിലക്ക് ആറു ലക്ഷത്തോളമായി.ലോൺ എടുത്താണ് ഇത്രേം വാങ്ങിയത്.അച്ഛനോടും അമ്മയോടും പറഞ്ഞു .

പെങ്ങള് അറിഞ്ഞാൽ കശപിശയാകും.അവളുടെ വീട് പണിക്കു പൈസ കൊടുത്തില്ല എന്നൊരു ഇഷ്യൂ നിലവിലുണ്ട്.നാളെ പോകുമ്പോൾ തന്നെ പെൺകുട്ടിക്ക് സ്വർണം ഇടണം.പിന്നെ ഒരു ഉറപ്പാക്കും.ഈ ആലോചന കൈവിട്ടു പോകാൻ പാടില്ല.

അതിരാവിലെ തന്നെ പെങ്ങളും അളിയനും കുട്ടികളും എത്തി.ഞങ്ങൾ 7 പേരെ ഉള്ളു എന്ന് വിളിച്ചു പറഞ്ഞിരുന്നു.അവരുടെ കുറെ ആളുകൾ ഉണ്ടെന്നു .

അത് കൊണ്ട് ഒരു ഹോട്ടലിൽ വച്ചാണ് കൂടി കാഴ്ച ഒരുക്കിയിരിക്കുന്നത്. രണ്ടാം കല്യാണമല്ലേ ആഡംബരം വേണ്ടായെന്നു വിളിച്ചു പറഞ്ഞിരുന്നു .പക്ഷെ അവർക്കു അത് പോരെന്നു.

അവിടെയെത്തിയപ്പോൾ ഒരു പാർട്ടിയുടെ മട്ടുണ്ടായിരുന്നു.ചെന്ന പാടെ എന്നെ വിളിച്ചു സ്റ്റേജിൽ ഇരുത്തി . .അടിപൊളി ആംബിയൻസ് .പണം നല്ല പോലെ ചെലവാക്കിയിട്ടുണ്ട് .

“അളിയാ ഫോട്ടോ എടുക്കു ,കൂട്ടുകാരെ ഒക്കെ കാണിക്കണം.അവന്മാരെ കൂടി കൂട്ടമായിരുന്നു.ഇതൊക്കെ കണ്ടു കണ്ണ് മഞ്ഞളിച്ചേനെ . ”

പെങ്ങളുടെ കയ്യിൽ ആഭരണങ്ങൾ ഏല്പിച്ചു. അവളുടെ മുഖം ചുവന്നു.അവൾ അളിയനെ നോക്കി കണ്ണുരുട്ടി.അളിയൻ എന്നെ പുച്ഛത്തോടെ നോക്കി.

“ഇതൊന്നും നമ്മുടെ ഇടയിൽ പതിവില്ല ,ആഭരണം ഇട്ടു കല്യാണം ഉറപ്പിക്കുന്ന രീതി.” അനിയത്തി മുഖം വീർപ്പിച്ചു

“അച്ഛന്റെ തീരുമാനം ആണ്,ആരോ ഉപദേശിച്ചതാണെന്നു തോന്നുന്നു.പിന്നെ അവര് തീരുമാനം മാറ്റില്ലാലോ ” അമ്മ ചുണ്ടു കോട്ടി കാണിച്ചു .

“അതിനു ഇത്രേം എന്തിനാ ,ഒരു മോതിരം പോരായിരുന്നോ .പണത്തിനു ഇത്രേം ബുദ്ധിമുട്ടുള്ള സമയത്തു ,ഇതിത്തിരി കൂടുതലാ ” അളിയൻ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു .

പെട്ടെന്ന് തിരിഞ്ഞു നിന്ന് എന്നോട് ചെവിയിൽ പറഞ്ഞു .

“അളിയാ സ്വർണത്തിന്റെ ബില്ല് ഒക്കെ സൂക്ഷിച്ചു വയ്ക്കാൻ മറക്കരുത്,ഇടുന്ന ഫോട്ടോസ് എടുക്കുകയും വേണം .എല്ലാത്തിനും ഒരു തെളിവൊക്കെ വേണ്ടേ ”

അളിയന്റെ പോലീസ് ബുദ്ധി ഉണർന്നു പ്രവർത്തിച്ചു

കേക്ക് മുറിക്കലും ഫോട്ടോയും എനിക്ക് തന്നെ വളരെ അരോചകമായി തോന്നി.യഥേഷ്ടം ഭക്ഷ്ണം.അമ്മ ഒരു അന്യയെ പോലെ മാറി ഇരിക്കുന്ന കണ്ടു .

രണ്ടു മാസത്തിനുള്ളിൽ കല്യാണം.അവളുടെ മുൻ വിവാഹത്തിൽ , അവർ ഒന്നിച്ചു വാങ്ങിയ ചില വസ്തു വകകളുടെ കാര്യം സെറ്റിൽ ചെയ്യണം .

അത് തീർന്നാൽ ഉടൻ കല്യാണം .എല്ലാരും സന്തോഷത്തോടെ പിരിഞ്ഞു.അമ്മക്ക് മാത്രം ഉള്ളിൽ ഒരു അഗ്നി പർവതം പുകയുന്ന ഭാവം .

അമ്മ ആരോടും ഒന്നും മിണ്ടുന്നില്ല. തിരികെയുള്ള യാത്രയിൽ പെങ്ങളും അളിയനും എന്നെ ഒരു ശത്രുവിനെ പോലെ നോക്കി.ഞാൻ ആരേം ശ്രദ്ധിക്കാൻ പോയില്ല .അവളെ വിളിച്ചു സംസാരിച്ചപ്പോൾ എന്റെ സ്വപ്നത്തിലെ പെൺകുട്ടിയോട് സാമ്യം തോന്നി.

എന്നാലും ഇത്തിരി അഹങ്കാരം ഉണ്ട്.കുറച്ചു അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അവൾ അവളുടെ വീട്ടിൽ തന്നെ നിൽക്കാൻ ഇഷ്ടപെടുന്നു . അപ്പോൾ അമ്മായിയമ്മ പോരുണ്ടാവില്ല .ആ ടെൻഷൻ വേണ്ട.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് ഒരു സുഹൃത്തിന്റെ ഫോൺ കാൾ വന്നത്.

“ടാ നിന്റെ കല്യാണം തീരുമാനിച്ചോ? ”

അവന്റെ അയല്പക്കം ആണ് അവളുടെ വീട് .അറിഞ്ഞു അവൻ വല്ല പാരയും പണിയുമൊന്നു കരുതി മിണ്ടാഞ്ഞതാ .ഞാൻ ഇത്തിരി ഗമയിൽ പറഞ്ഞു .

“ഇല്ല അളിയാ ,ഒരു ആലോചന വന്നു .നമ്മുക്ക് ചേരുന്നതാണെന്നു തോന്നുന്നു.നിന്റെ സ്ഥലത്തു നിന്നാ. എല്ലാം ആയിട്ടു പറയാമെന്നു കരുതി ”

“എല്ലാം അറിഞ്ഞിട്ടാണോ ,നീ സ്വർണം ഒക്കെ കൊണ്ടിട്ടത് . അവരെന്റെ ഒരു ബന്ധുവാണ് . അവളുടെ അമ്മയുടെ കല്യാണമാണ് ഈ 15 നു.നിങ്ങൾ പോയ അതെ ഹോട്ടലിൽ വച്ചാണ് .നിനക്ക് പ്രശ്നം ഇല്ലേൽ മുന്നോട്ടു പൊയ്ക്കോ .”

“അമ്മയുടെ കല്യാണമോ അവർക്കു കുറെ പ്രായം ഉണ്ടാകില്ലേ .ഞാൻ ഒന്നും അറിഞ്ഞില്ല .”

ഞാൻ ഫോണും കൊണ്ട് അറിയാതെ ഇരുന്നു പോയി.വല്ലാത്ത ഷോക്ക് ആയി പോയി. അച്ഛനോടും അമ്മയോടും എങ്ങനെ പറയും. പെങ്ങളും അളിയനും എന്നെ കശാപ്പു ചെയ്യും.

അവളെ ഒന്ന് വിളിച്ചു ക്ലിയർ ചെയ്യാം. എന്നും വിളിക്കുന്നതല്ലേ .അവൾ ഇതെന്താ എന്നോട് മറച്ചു വച്ചതു .

“എന്നാൽ ശെരി അളിയാ,അപ്പോൾ നമ്മള് ബന്ധുക്കൾ ആവാൻ പോകുകയല്ലേ ”

അവൻ ഫോൺ വച്ചതും അവളെ വിളിച്ചു .കുറെ റിങ് ചെയ്തിട്ടാണ് അവൾ ഫോൺ എടുത്തത്. അമ്മക്ക് ഡ്രസ്സ് എടുക്കാൻ സിറ്റിയിൽ വന്നതാണെന്ന് അവൾ പറഞ്ഞു.

അപ്പോഴും കല്യാണക്കാര്യം ഒന്നും മിണ്ടിയില്ല .എന്നിലെ ചൂട് വെള്ളത്തിൽ വീണ പൂച്ച ചാടി എണീറ്റു.പിന്നെ ഞാൻ തുറന്നു ചോദിച്ചു .

“ഈ സമയത്തു എന്താ ഡ്രസ്സ് എടുക്കാൻ ,എന്തേലും വിശേഷമുണ്ടോ ”

“ഏയ് ഒന്നുമില്ല .”

“നിനക്ക് വാങ്ങുന്നില്ലേ ”

“എല്ലാര്ക്കും വാങ്ങി ”

അവൾ ഒന്നും വിട്ടു പറയുന്നില്ല. ഇനി അഭിമാനം നോക്കിയിട്ടു കാര്യമില്ല. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. ഇപ്പോൾ അമ്മയുടെ മുഖത്തു തെളിഞ്ഞ ഭാവം പരിഹാസമാണോ എന്നൊരു സംശയം.

അച്ഛൻ ചിന്താഭാവത്തിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. അച്ഛൻ അളിയനെ വിളിച്ചു. സംഭവം സത്യമാണ് . അവരുടെ അടുപ്പത്തിലുള്ള വിഭാര്യനാണ് വരൻ. ഈ മാസം അമ്മയുടെ കല്യാണം.അടുത്തമാസം മകളുടെയും.ഒരു ന്യൂ ജനറേഷൻ കല്യാണ മാമാങ്കം .

“എന്നിട്ടു അവരൊന്നും നമ്മളോട് പറഞ്ഞില്ലല്ലോ ,എന്തോ പന്തികേട് മണക്കുന്നു ” അച്ഛൻ അളിയനെ നോക്കി

“അയാൾക്ക്‌ രണ്ടു മക്കളുണ്ട്.കല്യാണം കഴിഞ്ഞാൽ സ്വത്തൊക്കെ അയാളുടെയും കൂടി അധീനതയിൽ ആകും. ഈ പെൺകുട്ടിക്ക് എന്തേലും കിട്ടുമോ എന്ന് കാത്തിരുന്ന് കാണാം .” അളിയന്റെ പരിഹാസം

“ഞാൻ എന്തായാലും അവരെ ഒന്ന് വിളിക്കട്ടെ ,രണ്ടു കാര്യം വ്യക്തമാക്കണം .ഒന്ന് നിങ്ങളുടെ കല്യാണം വരെ അവരുടെ കല്യാണം മാറ്റി വയ്ക്കണം .അല്ലേൽ നമുക്ക് നാണക്കേടാ .

മോൾടെ കല്യാണത്തിന് അമ്മ പുതുമോടിയിൽ , ഇതൊന്നും നമ്മുടെ നാട്ടിൽ സാധാരണമല്ല. പിന്നെ അതൊക്കെ അവരുടെ ഇഷ്ടം .ഇവരുടെ കല്യാണം കഴിഞ്ഞു അവരെന്തെലും ചെയ്തോട്ടെ .” അച്ഛൻ മരുമകനെ നോക്കി .

“അത് ശെരിയാ ” അളിയന്റെ സമ്മതം.

“രണ്ടാമത് അവൾക്കു അവകാശപ്പെട്ടത് കല്യാണത്തിന് മുൻപേ അവളുടെ പേരിൽ എഴുതി വയ്ക്കട്ടെ .കല്യാണം കഴിഞ്ഞാൽ എന്താകും അവസ്ഥ .അയാളുടെ,പുതിയ അച്ഛന്റെ കയ്യിൽ ആകില്ലേ ഭരണം.”

അച്ഛൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചു .ദീർഘ നിശ്വാസത്തോടെ ഫോണും എടുത്തു കസേരയിൽ ഇരുന്നു.

അച്ഛൻ മകന്റെ ഭാവി അമ്മായിഅമ്മയോടു സംസാരിക്കാൻ തയാറെടുത്തു. പ്രസംഗിക്കാൻ പോഡിയത്തിന്റെ മുൻപിൽ നിൽക്കുന്ന രാഷ്ട്രീയക്കാരന്റെ മുഖഭാവത്തോടെ .

അച്ഛൻ ഗൗരവത്തോടെ എന്തൊക്കെയോ സംസാരിച്ചു . അച്ഛന്റെ ഭാവങ്ങളിൽ നിന്ന് സംസാരം അത്ര സുഖമല്ലേ എന്ന് തോന്നി. അച്ഛൻ എന്തൊക്കെയോ സംസാരിച്ചു ഈർഷ്യയോടെ ഫോൺ വച്ചു.

“ആ തള്ള അമ്പിനും വില്ലിനും അടുക്കുന്നില്ല. എന്തൊരു തന്റേടം .ഞാൻ പറഞ്ഞതൊന്നും അവർക്കു സമ്മതമല്ല .” അച്ഛൻ എന്നെ സഹതാപത്തോടെ നോക്കി.

“ബന്ധങ്ങൾ ഇപ്പോഴും സമൻ മാരോടാണ് നല്ലതു.അച്ഛനും മോനും പണത്തിനു പുറകെ പോയതല്ലേ.ഞാൻ ആദ്യമേ പറഞ്ഞു ഇത് ശെരിയാകില്ലെന്നു ”

“നമുക്കിത് വേണ്ടെന്നു വയ്ക്കാം മോനെ ,നിന്റെ അമ്മ പറഞ്ഞതാ ശെരി,പുളിങ്കൊമ്പ്‌ തേടി പോയാൽ,പിന്നെ മനസമാധാനം ഉണ്ടാകില്ല ”

“അച്ഛാ പക്ഷെ അളിയൻ കുറെ സ്വർണം കൊണ്ട് ഇട്ടതല്ലേ അതൊക്കെ തിരിച്ചു മേടിക്കണ്ടേ ” അളിയന്റെ മുഖത്തു ഒരു പൂത്തിരി തെളിഞ്ഞു

“അതിപ്പോൾ വേണ്ടാന്ന് പറഞ്ഞാൽ അവർ അങ്ങു തരില്ലേ ”

“തരണം എന്നില്ല ,കേസിനു പോകാൻ പറഞ്ഞാലോ ,നഷ്ട പരിഹാരം ചോദിച്ചാലോ” അളിയൻ പോലീസ് ബുദ്ധിയെടുത്തു .

എനിക്ക് അവളോട് സംസാരിക്കണം എന്ന് തോന്നി .അവളോട് അമ്മയുടെ വിവാഹത്തെക്കുറിച്ചു ചോദിച്ചപ്പോൾ ” അമ്മയ്ക്കും വേണ്ടേ ഒരു കൂട്ട് “എന്നവൾ മറുപടി പറഞ്ഞു .

എനിക്ക് അവളോട് ദേഷ്യം വന്നു.അമ്മയുടെ കല്യാണം ഞങ്ങളുടെ കുടുംബത്തിന് നാണക്കേടാണെന്നും അതുകൊണ്ടു പിന്മാറുകയാണെന്നും ഞാൻ അവളെ അറിയിച്ചു

“അങ്ങനെ പറഞ്ഞാൽ എങ്ങനാ .എല്ലാരേം അറിയിച്ചല്ലേ പാർട്ടി നടത്തിയത് .എങ്കിൽ ഞാൻ വനിതാ കമ്മീഷനിൽ കേസ് കൊടുക്കും.നിയമം എപ്പോഴുണ് പെണ്ണിന് ഒപ്പമാണ്.”

“അമ്മയുടെ കല്യാണം ആണെന്ന് ഞങ്ങളെ അറിയിച്ചോ,ഇപ്പോൾ അറിഞ്ഞത് തന്നെ ഭാഗ്യമായി . തുറന്നു പറഞ്ഞത് നന്നായി .ഞാൻ എല്ലാ കാളും റെക്കോർഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട് .

സ്വർണം തിരികെ വാങ്ങാൻ അങ്ങോട്ട് വരുന്നുണ്ട് .അമ്മയുടെ കല്യാണത്തിന് ഞങ്ങളും വരാം.എനിക്കും അച്ഛനെ ഒന്ന് പരിചയപെടാലോ .പിന്നെ നിന്റെ പുതിയ ആങ്ങളമാരെയും.”

അവൾ ഫോൺ കട്ട് ചെയ്തു.പോലീസ് അളിയനെ ഞാൻ മനസ്സിൽ സ്മരിച്ചു. സ്വപ്നത്തിലെ മാലാഖയെ പോലൊരു പെൺകുട്ടി എത്രപെട്ടെന്നാണ് തനിക്കു അപ്രിയ ആയി മാറിയത്.

അളിയൻ വഴി പോലീസ് ഭാഷയിൽ തന്നെ കാര്യം പറഞ്ഞത് കൊണ്ടാകും അവർ കല്യാണത്തിൽ നിന്ന് പിന്മാറാൻ തയാറായി,മാത്രമല്ല സ്വർണം തിരികെ തരാനും റെഡി ആയി.

പക്ഷെ പാർട്ടി നടത്തിയ ഹോട്ടലിലെ ചെലവ് പകുതി ഞാൻ നൽകണമെന്ന് അവർ വാശി പിടിച്ചു.ഒടുവിൽ പകുതി നൽകാമെന്ന് അച്ഛൻ വാക്ക് കൊടുത്തു.പോലീസ് സ്റ്റേഷനിൽ പോകാതെ ഒത്തു തീർപ്പായി.

ഞായറാഴ്ച അച്ഛനും ഞാനും അവരുടെ വീട്ടിൽ പോയി പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തിൽ പണം കൊടുത്തു സ്വർണം തിരിച്ചു വാങ്ങി .അവളെ അവസാനമായി ഒരു നോക്ക് കണ്ടപ്പോൾ ആകെ നിരാശ തോന്നി.

അവളുടെ മുഖത്തു ഒരു പുച്ഛഭാവം ആയിരുന്നു. അച്ഛനേം കൊണ്ട് തിരികെ വീട്ടിൽ എത്തുന്നവരെ അച്ഛൻ ഒന്നും മിണ്ടിയില്ല.അച്ഛൻ എന്തോ ആലോചനയിൽ ആയിരുന്നു.മിണ്ടാൻ എനിക്കും വാക്കുകൾ കിട്ടിയില്ല .

വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയിരിക്കുന്നു. ഞാനും അച്ഛനും ഉമ്മറത്ത് കാത്തിരുന്നു. അമ്മയെ കണ്ടില്ല . അമ്പലത്തിലോ മറ്റോ പോയതാകാമെന്നു കരുതി. രണ്ടു പേർക്കും ദേഷ്യം ഒന്നും വന്നില്ല. നിസ്സഹായതയോടെ കാത്തിരുന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മ ഒരു ഓട്ടോയിൽ വന്നിറങ്ങി.കൂടെ ആതിരയും മകനും .ഞാൻ കസേരയിൽ നിന്ന് ചാടിയിറങ്ങി.അമ്മ അവളെയും കൈ പിടിച്ചു ഉമ്മറത്ത് കയറി.എന്റെ നേരെ ഒരു നിമിഷം നോക്കി

“ഒരു കാര്യം പറഞ്ഞേക്കാം ,ഇനി ഇവളും മോനും ഇവിടെയാ താമസം .ബുദ്ധിമുട്ടുള്ളവർക്കു എങ്ങോട്ടാണെന്ന് വച്ചാൽ പോകാം .”

അച്ഛനെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അമ്മ വാതിൽ തുറന്നു അകത്തു കയറി.ഞാൻ അച്ഛനെ നോക്കിയപ്പോൾ അച്ഛൻ കയ്യിലിരുന്ന സ്വർണ പെട്ടി ആതിരയുടെ കയ്യിൽ ഏല്പിച്ചു .അച്ഛനും കാല് മാറി.

“ഇത് മോൾക്ക് വാങ്ങിയതല്ലേലും മോൾക്കാണ് ഇതിനുള്ള അർഹത ,സൂക്ഷിച്ചു വച്ചോളു .”

അച്ഛൻ മോനെ എടുത്തു ഉമ്മ കൊടുത്തു. അവനെയും കളിപ്പിച്ചു കൊണ്ട് അകത്തു പോയി .ഉമ്മറത്ത് ഞാൻ മാത്രം തനിച്ചായി.

കൂടുതൽ മസിൽ പിടിച്ചാൽ അമ്മ പുകഞ്ഞ കൊള്ളിയെ പുറത്താക്കുമെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ മെല്ലെ വീടിനുള്ളിലേക്ക് മുങ്ങാം കുഴിയിട്ടു .

Leave a Reply

Your email address will not be published. Required fields are marked *