മോളുടെ ചിലവിനുള്ളത് അയാൾ തരും എന്നല്ലേ കോടതിയിൽ പറഞ്ഞെ.. പക്ഷെ തന്റെ കാര്യം എങ്ങിനാ.. അയാൾ തരുന്ന തുച്ഛമായ പൈസ കൊണ്ട് എന്ത് നടക്കാൻ ആണ്.”

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“മോള് എവിടെയാണ് മായ ”

“അവളിപ്പോൾ വീട്ടിൽ എന്റെ അമ്മയോടൊപ്പം ഉണ്ട്. ”

ഡ്രൈവിങിനിടയിൽ ആനന്ദ് ചോദിച്ച ചോദ്യത്തിന് മറുപടി നൽകുമ്പോൾ മായ ഏറെ ആസ്വസ്ഥയായിരുന്നു.

“എവിടേ പോയതാ താൻ.. അതും ഈ മഴയത്ത്‌.. ”

“ഏയ് ഒരു ഫ്രണ്ടിനെ തേടി പോയതാ. ഒരു ജോലി കാര്യത്തിന്.. മഴ പെയ്യുമെന്ന് കരുതിയില്ല അതുകൊണ്ട് തന്നെ കുടയും എടുത്തില്ല. എന്തായാലും നീ വന്നത് സഹായമായി.. ”

മായയുടെ മറുപടി കേട്ട് പതിയെ പുഞ്ചിരിച്ചു ആനന്ദ്. ഇളം ചാറ്റൽ മഴയെ കീറി മുറിച്ചു ആനന്ദിന്റെ കാർ പതിയെ മുന്നിലേക്ക് നീങ്ങി. അല്പസമയം നിശബ്ദത പടർന്നു.

“മായ… ഡിവോഴ്സ് കിട്ടിയ സ്ഥിതിക്ക് ഇനി എന്താ നിന്റെ പ്ലാൻ.. മോളുടെ ചിലവിനുള്ളത് അയാൾ തരും എന്നല്ലേ കോടതിയിൽ പറഞ്ഞെ.. പക്ഷെ തന്റെ കാര്യം എങ്ങിനാ.. അയാൾ തരുന്ന തുച്ഛമായ പൈസ കൊണ്ട് എന്ത് നടക്കാൻ ആണ്.”

കാർ പതിയെ റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക്‌ നിർത്തി തനിക്ക് നേരെ തിരിഞ്ഞു കൊണ്ടുള്ള ആനന്ദിന്റെ ചോദ്യത്തിനു മുന്നിൽ മൗനമായി തന്നെ ഇരുന്നു മായ. ആശിച്ചു കിട്ടിയ ജീവിതം പൊട്ടിത്തകർന്ന് പോയതിന്റെ ഞെട്ടൽ അവളെ വിട്ടകന്നിരുന്നില്ല. ഇനിയെന്ത്‌ എന്ന ചോദ്യത്തിന് അവളുടെ പക്കലും മറുപടി ഇല്ലായിരുന്നു.

” എന്തേലും ചെയ്യണം ആനന്ദ്. ഒരു ജോലി വേണം. മോളെ പൊന്ന് പോലെ നോക്കണം. ഇപ്പോ എന്റെ ഏക ലക്ഷ്യം അതാണ്.. ആരും സഹായത്തിനില്ല.. നീ ഉണ്ടാകില്ലേ എനിക്കൊപ്പം ഒരു താങ്ങായി എന്നും ”

ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു ആനന്ദ്.

” എന്നും എപ്പോഴും ഉണ്ടാകും മായ.. നിന്റെ പഴയ കളിത്തോഴനായി അതുമല്ലെങ്കിൽ അതിനേക്കാൾ കുറച്ചൂടെ അടുപ്പത്തോടെ… ”

ആ വാക്കുകളിൽ ഒരു ദ്വായാർത്ഥം നിഴലിച്ചിരുന്നു അത് മനസ്സിലാക്കിയിട്ടും പതിയെ പുഞ്ചിരിച്ചു മായ. കാരണം ഒരു ബെസ്റ്റ് ഫ്രണ്ട് എന്നതിനപ്പുറം മറ്റെന്തോ ഒരു അടുപ്പം ആനന്ദിനോട് അവൾക്ക് തോന്നി തുടങ്ങിയിരുന്നു.

ഡിവോഴ്സിലേക്ക് നീങ്ങിയ വേളയിൽ പലരും പുച്ഛത്തോടെയും കുത്തുവാക്കുകളോടെയും അവളെ വേദനിപ്പിച്ചപ്പോൾ ചേർത്ത് പിടിച്ചു ഒപ്പം നിന്നത് ആനന്ദ് ആയിരുന്നു.

സ്കൂൾ കാലഘട്ടം മുതലെ ഉള്ള സൗഹൃദമാണ് അവരുടേത്. താൻ മിണ്ടിയില്ലേലും കൃത്യമായി തന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയിരുന്ന ആനന്ദിന് തന്നോട് ഉള്ള അടുപ്പം മുന്നേ തന്നെ മായ തിരിച്ചറിഞ്ഞതാണ്.

ടൗണിൽ അച്ഛന്റെ ബിസിനസ് ഏറ്റെടുത്ത്‌ നടത്തുന്ന ആനന്ദിനെ പോലൊരാളുടെ സപ്പോർട്ട് തനിക്കുണ്ടെങ്കിൽ അത് ഏറെ ഉപകാരപ്രദമായിരിക്കും എന്നത് അവളും ചിന്തിക്കാതിരുന്നില്ല. അതുകൊണ്ട് തന്നെ അവന് തോന്നിയ അടുപ്പത്തെ മാക്സിമം പ്രോത്സാഹിപ്പിക്കുവാൻ തന്നെ മായ തീരുമാനിച്ചിരുന്നു.

” ആനന്ദ്… വിവാഹം കഴിഞ്ഞ നാളിലൊക്കെ അയാൾ വളരെ സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയിരുന്നത്.

മദ്യപിക്കുമായിരുന്നു പക്ഷെ ആവശ്യത്തിന് മാത്രം.. എന്നാൽ പതിയെ പതിയെ അത് മാറി തുടങ്ങി. വല്ലപ്പോഴുമൊക്കെ ജോലി കഴിഞ്ഞു വൈകുന്നേരങ്ങളിൽ മദ്യപിച്ചെത്തിയിരുന്ന അയാൾ അതൊരു സ്ഥിരം പതിവ് ആക്കി. അതും ബോധം മറഞ്ഞാണ് പലപ്പോഴും വീട്ടിലേക്കെത്തുന്നത്.

എന്നിട്ടും ഞാൻ കുറെ അഡ്ജസ്റ്റ് ചെയ്തു. പക്ഷെ അന്ന് നീ വിളിച്ചു പറഞ്ഞതനുസരിച്ച് ആ ഹോട്ടൽ മുറിയിൽ ചെന്ന് നോക്കിയപ്പോൾ കണ്ട ആ രംഗം… കുടിച്ചു ബോധം കെട്ട് മറ്റൊരുവൾക്കൊപ്പം.. അതെനിക്ക് സഹിക്കാവുന്നതിലുമപ്പുറം ആയിരുന്നു. അന്ന് ഉറപ്പിച്ചതാണ് ഇനി അയാളുമൊന്നിച്ചു ഒരു ജീവിതം വേണ്ട എന്നത് . ”

അവളുടെ വാക്കുകളിലെ മൂർച്ച ആനന്ദ് തൊട്ടറിഞ്ഞു.

” പോട്ടെടോ.. കഴിഞ്ഞത് കഴിഞ്ഞു. അയാൾ ഇപ്പോൾ ഒഴിവായി പോയല്ലോ.. ഇനി തനിക്ക് ഞാൻ ഉണ്ട് എന്തിനും എപ്പോഴും…. ”

പറഞ്ഞു നിർത്തുമ്പോൾ പതിയെ മായയുടെ കരം കവർന്നിരുന്നു ആനന്ദ് . എതിർത്തില്ല അവൾ. കാരണം അത്തരമൊരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നതാണ്… ആഗ്രഹിച്ചിരുന്നതാണ്. എന്നാലും പെട്ടെന്ന് മുഖത്തേക്ക് ഒരു അസ്വസ്ഥത വരുത്തി മായ.

” ആനന്ദ്… നീ… ഇന്നീ നാട്ടിൽ നാലാളറിയുന്ന ഒരു ബിസിനസുകാരനാണ് നീ… എന്നാൽ ഞാനോ.. ഒരു രണ്ടാം കെട്ടുകാരി.. നിനക്ക് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടുമെടോ.. അതാണ് നല്ലത്.. ”

” അങ്ങിനല്ല മായാ… ആരെ കിട്ടിയിട്ടെന്താ.. മനസ്സിന് ഇണങ്ങുന്ന ആളെ കിട്ടിയിട്ടേ കാര്യമുള്ളൂ.. പണ്ട് മുതലേ എന്റെ മനസ്സിൽ നീയുണ്ടായിരുന്നു.

പക്ഷെ അന്ന് ആ ആഗ്രഹം നിന്നോട് പറയുവാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ ഇന്നിപ്പോൾ ദൈവം നിന്നെ വീണ്ടും എന്റെ മുന്നിൽ കൊണ്ട് തന്നു. ഇതിപ്പോ എനിക്കൊരു സെക്കൻഡ് ചാൻസ് ആണ്. ഇതൂടെ നശിപ്പിക്കുവാൻ തയ്യാറല്ല ഞാൻ. ”

ആ വാക്കുകളിലെ ആത്മാർത്ഥത തൊട്ടറിയവേ മായയുടെ മിഴികളിൽ നനവ് പടർന്നു. അത് കാൺകെ പതിയെ അവളുടെ ചുമലിൽ കയ്യിട്ട് തന്നോടടുപ്പിച്ചു ആനന്ദ്. ശേഷം പതിയെ നെറുകയിൽ ഒന്ന് മുത്തി.

ആ ചുടു ചുംബനത്തിന്റെ വശ്യതയിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവന്റെ മാറിലേക്ക് ചാഞ്ഞു മായ. അല്പസമയം അങ്ങിനെ ഇരുന്ന ശേഷം ആനന്ദ് പതിയെ നിവർന്നു

” മായാ.. ഒരുപാട് നാളത്തെ ആഗ്രഹം ആണ്. ഒരു മുത്തം… അത് ഞാൻ തന്നോട്ടെ നിനക്ക്.. ”

ആ ചോദ്യം ചെറിയൊരു നടുക്കമായെങ്കിലും എതിർക്കുവാൻ മനസ്സ് വന്നില്ല മായയ്ക്ക്. താൻ ആഗ്രഹിച്ചത് തന്നെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കി പതിയെ മൗനമായി അവൾ. അവളുടെ മൗനം സമ്മതമാണെന്ന് തിരിച്ചറിയവേ.

ഇരു കൈകളാൽ അവളുടെ മുഖം കോരിയെടുത്ത് വല്ലാത്തൊരു ലഹരിയിൽ ആ ചുണ്ടുകളിൽ തന്റെ ചുണ്ട് അമർത്തി ചുംബിച്ചു ആനന്ദ്. എതിർത്തില്ല മായ.. അവളും അപ്പോൾ ആ ചുംബനം ആസ്വദിച്ചു. എന്നാൽ ആനന്ദിന്റെ കൈകൾ തന്റെ ശരീരത്തിലേക്ക് ഓടി തുടങ്ങി എന്നറിയവേ പെട്ടെന്ന് അവനിൽ നിന്നും വിട്ടകന്നു അവൾ.

“ആനന്ദ്.. ഇത് റോഡ് ആണ്.. ആൾക്കാര് കാണും. ”

അവന്റെ മുഖത്തേക്ക് നോക്കുവാൻ ചെറിയൊരു ചളിപ്പ് തോന്നി മായയ്ക്ക് . ആത്മ മിത്രം എന്ന സ്ഥാനത്ത് നിന്നും പെട്ടെന്ന് ഈ ഒരു മാറ്റം ഉൾക്കൊള്ളുവാൻ അല്പം സമയമെടുത്തു അവൾ. ആനന്ദ് ആകട്ടെ വല്ലാത്ത നിരാശയിലായി.

” ശ്ശേ… ഒന്ന് ആസ്വദിച്ചു വരുവായിരുന്നു ”

അവന്റെ നിരാശ കാൺകെ ചിരിച്ചു പോയി മായ.

” കള്ളൻ… വല്ലാത്ത ആക്രാന്തം ആണല്ലോ ”

കുസൃതി നിറഞ്ഞ അവളുടെ വാക്കുകൾ കേട്ട് പതിയെ പുഞ്ചിരിച്ചു ആനന്ദ്

” അത് പിന്നെ കുറെ നാളായുള്ള ആഗ്രഹം അല്ലെ മായ പെട്ടെന്ന് അടുത്ത് കിട്ടിയപ്പോൾ ആക്രാന്തം ഇച്ചിരി കൂടി പോയി.”

“എന്ന് വച്ച്…. അതിനിങ്ങനെ നടുറോഡിൽ ആണോ.. ”

മായയുടെ പാതി മുറിഞ്ഞ ആ ചോദ്യത്തിന്റെ പൊരുൾ വേഗത്തിൽ മനസ്സിലാക്കവേ ആനന്ദിന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി തെളിഞ്ഞു. പെട്ടെന്ന് ഫോൺ കയ്യിലെക്കെടുത്തു ഒരു നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തു അവൻ

” ആ മണി.. നീ എസ്റ്റേറ്റിലെ ഒരു മുറി ഒന്ന് ക്ലീൻ ആക്കി ഇട് ഗസ്റ്റ് ഉണ്ട്. ഞാൻ ഒരു മണിക്കൂറിനുള്ളിൽ എത്തും.. ”

അത്രയും പറഞ്ഞു കോൾ കട്ട്‌ ആക്കി മായയെ നോക്കുമ്പോൾ ചെറിയൊരു നാണത്തോടെ തല കുമ്പിട്ടു അവൾ.

” അതെ.. മായ… എസ്റ്റേറ്റ് ഓക്കേ അല്ലെ. എന്നാൽ പിന്നെ നമുക്ക് വിട്ടാലോ… ”

എല്ലായ്‌പ്പോഴും മൗനം തന്നെയായിരുന്നു അവളുടെ സമ്മതവും. അതോടെ ആവേശത്തിൽ കാർ സ്റ്റാർട്ട്‌ ചെയ്തു ആനന്ദ്. അപ്പോഴേക്കും അവന്റെ ഫോണിൽ ഒരു കോൾ വന്നു.

“ട്രീസ.. ”

ഫോണിലേക്ക് നോക്കി വേഗത്തിൽ ഡോർ തുറന്ന് ഇളം ചാറ്റൽ മഴയിൽ പുറത്തേക്കിറങ്ങി അവൻ.

” മായ.. ജസ്റ്റ് എ മിനിറ്റ്.. ഓഫീസിൽ നിന്നുമാണ്.. ”

അത്രയും പറഞ്ഞു കൊണ്ടവൻ ഫോൺ കാതോട് ചേർത്ത് പതിയെ മുന്നിലേക്ക് നടന്നു. മൗനമായി അത് നോക്കിയിരുന്നു മായ. അവളുടെ ഉള്ളിൽ അപ്പോൾ വല്ലാത്തൊരു ആശ്വാസം അനുഭവപ്പെട്ടു. തനിക്കൊരു സംരക്ഷണം ലഭിച്ചു എന്ന് തന്നെ വിശ്വസിച്ചു അവൾ.

” ഹലോ.. സാറേ… എന്തായി കാര്യങ്ങൾ സെറ്റ് ആയോ.. ”

മറു തലയ്ക്കൽ ട്രീസയുടെ ചോദ്യം കേട്ട് പതിയെ പുഞ്ചിരിച്ചു ആനന്ദ്.

” എല്ലാം സെറ്റ്.. ഞങ്ങൾ ദേ എസ്റ്റേറ്റിലേക്ക് പോകുവാണ്.. ”

” ആഹാ ഇത്ര വേഗത്തിലോ… കൊള്ളാലോ.. അപ്പോ എന്റെ കാര്യം എങ്ങിനാ.. അവളുടെ കെട്ട്യോന്റൊപ്പം കിടന്ന് കാണിച്ചേനു എനിക്ക് ഓഫർ ചെയ്ത രണ്ട് ലക്ഷത്തിൽ ഒരു ലക്ഷമേ കിട്ടിയുള്ളൂ.. ബാക്കി എപ്പോഴാ.. ”

ആ ചോദ്യം കേൾക്കെ ആനന്ദിന്റെ മിഴികൾ കുറുകി. അവന്റെ മുഖത്തപ്പോൾ ഒരു വിജയിയുടെ ഭാവമായിക്കുന്നു .

” ഇന്ന് തന്നെ നിന്റെ അകൗണ്ടിൽ ബാക്കി വീഴും ട്രീസ… പറഞ്ഞത് മാത്രം അല്ല അതിൽ കൂടുതൽ.. നീ ചെയ്ത് തന്ന ഹെല്പ് അത്രത്തോളം വലുതാണ്..

ഇവളെ ഇങ്ങനെ ഒന്ന് കയ്യിൽ കിട്ടാൻ വേണ്ടി കുറെ ശ്രമിച്ചതാ ഞാൻ. അവളുടെ കെട്ട്യോനെ കൊണ്ട് നടന്നു കുടിപ്പിച്ചിട്ടും നടക്കാത്ത കാര്യം ആണ് ഒറ്റ ദിവസം കൊണ്ട് നീ ചെയ്ത് തന്നത്. മറക്കില്ല ഒരിക്കലും.. ”

ആനന്ദിന്റെ വാക്കുകളിൽ നിന്നും അവന്റെ ഉള്ളിലെ സന്തോഷം തിരിച്ചറിഞ്ഞിരുന്നു ട്രീസ.

“ഓക്കേ ആനന്ദ് എൻജോയ്.. നീ വർഷങ്ങളായി കൊതിച്ചു നടന്നതല്ലേ. എന്റൊപ്പം കിടക്കുമ്പോൾ പോലും നീ ഈ മായയുടെ വിശേഷണങ്ങൾ അല്ലെ പറഞ്ഞോണ്ടിരുന്നത്. ഇന്നിപ്പോ അവളെ തന്നെ നിനക്ക് സ്വന്തമായി കിട്ടിയില്ലേ.. പോയി അറുമാദിക്ക് കൊതി തീരുവോളം. പിന്നെ നിന്റെ കെട്ട് ഉറപ്പിച്ചത് അവൾക്കറിയോ ”

” ഇല്ല.. അതറിയില്ല… കെട്ടിനു ഇനിയും ഒരുവർഷം കൂടിയുണ്ട്. അതിനുള്ളിൽ ആവോളം കൊതി തീർത്തു ഒഴിവാക്കണം ഇവളെ.. ശെരി എന്നാൽ ഞാൻ വയ്ക്കട്ടെ.. ചുമ്മാ സംസാരിച്ചു സമയം കളയുന്നില്ല.. ”

അത്രയും പറഞ്ഞു കോൾ കട്ട്‌ ആക്കുമ്പോൾ ഇരയെ വേട്ടയാടി പിടിച്ച വേട്ടക്കാരന്റെ ഭാവമായിരുന്നു ആനന്ദിന്.

മായയോട് തോന്നിയത് കാമമായിരുന്നതിനാൽ ഒരു പ്രണയാഭ്യർത്ഥന നടത്തിയില്ല അവൻ. പകരം ഒരു അവസരത്തിനായി അവൾക്ക് പിന്നാലെ അലഞ്ഞു. മായയുടെ വിവാഹം കഴിഞ്ഞത് മുതൽ വല്ലാത്ത അസ്വസ്ഥതയായിരുന്നു.

അവൾ മറ്റൊരാൾക്ക്‌ സ്വന്തമായി എന്നത് ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല ആനന്ദിന്. അതുകൊണ്ട് തന്നെ ആ ബന്ധം തകർക്കാൻ അവളുടെ ഭർത്താവിന്റെ സ്വഭാവം മനസ്സിലാക്കി അയാളുമായി കൂട്ട് ചേർന്ന് ആവശ്യത്തിന് മദ്യം വാങ്ങി നൽകി ഒരു മുഴു കുടിയൻ ആക്കിയതും അവനാണ്.

എന്നിട്ടും രക്ഷയില്ല എന്ന് കണ്ടതോടെ ഒടുവിൽ മദ്യപിച്ചു ബോധം കെടുത്തി ഹോട്ടൽ മുറിയിൽ കിടത്തി അവിടേക്ക് തന്റെ സുഹൃത്ത്‌ ട്രീസയെ കൂടി വരുത്തി ആ രംഗം മായയെ കാണിച്ചു തന്റെ ലക്ഷ്യം നേടിയെടുത്തു.

ശേഷം നേരിട്ട് മായയ്ക്ക് ഒപ്പം തന്നെ കണ്ടാൽ അവളുടെ ഭർത്താവ് പ്രശ്നമാക്കും എന്ന് മനസ്സിലാക്കി പരോക്ഷമായി ഡിവോഴ്സിന് വേണ്ട എല്ലാ സഹായവും ചെയ്‌ത്‌ കൊടുത്തു. അങ്ങിനെ നീണ്ട കാത്തിരിപ്പിനൊടുവിൽ മായ എന്ന തന്റെ ആഗ്രഹം നടത്തിയെടുക്കുവാൻ പോകുന്ന ത്രില്ലിൽ വീണ്ടും കാറിനരികിലേക്ക് നടന്നു ആനന്ദ്.

ആ സമയം തന്റെ കുടുംബ ജീവിതം തകർത്തവൻ തന്നെയാണ് ഇപ്പോൾ താങ്ങായി ഒപ്പമുള്ളത് എന്ന് തിരിച്ചറിയാതെ മായ പുതിയ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങിയിരുന്നു…. തകർന്ന് പോയ തന്റെ ജീവിതം ആനന്ദിലൂടെ തിരികെ പിടിക്കുന്ന സ്വപ്‌നങ്ങൾ.. രണ്ടാൾക്കും ഏറെ കണക്ക് കൂട്ടലുകൾ ഉണ്ട്.

ഒരു വർഷക്കാലം കൊണ്ട് മായയെ അനുഭവിച്ചു ഒഴിവാക്കുക എന്നതാണ് ആനന്ദിന്റെ ലക്ഷ്യമെങ്കിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ആനന്ദിനെ പരമാവധി സുഖിപ്പിച്ചു തനിക്കും മോൾക്കും സുഖമായി ജീവിക്കുവാനുള്ളത് നേടിയെടുക്കുക എന്നതായിരുന്നു മായയുടെ പ്ലാൻ.. അവിഡി നിന്നും രണ്ടാളും രണ്ട് ഉദ്ദേശലക്ഷ്യങ്ങളോടെ ഒരേ വഴിയിൽ സഞ്ചരിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *