(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“എടോ നീ എന്താ ഈ പറയുന്നേ… ഞാൻ വന്നു നിന്റെ വീട്ടിൽ പെണ്ണ് ചോദിച്ചാൽ നിന്റെ അപ്പൻ പട്ടിയെ അഴിച്ചു വിടും. അത് നിനക്കും അറിയാവുന്നതല്ലേ. എനിക്കിതുവരെ ഒരു ജോലി പോലും ആയിട്ടില്ല. മാത്രല്ല ഞങ്ങൾ കോളനിക്കാർ എവിടെ കിടക്കുന്നു നിങ്ങൾ കാശുകാർ എവിടെ കിടക്കുന്നു”
അഭിഷേക് പറയുന്നത് ശാന്തമായി കേട്ട് നിന്നു ക്ലാര.
” എടാ പൊട്ടാ.. എനിക്കെല്ലാം അറിയാവുന്നതല്ലേ.. എന്നിട്ടും ഞാൻ ഇത് പറയുമ്പോ അതിൽ എന്തേലും കാര്യം ഉണ്ടെന്ന് ചിന്തിച്ചൂടെ നിനക്ക്.. ”
അവളുടെ മറുപടി കേട്ട് സംശയത്തോടെ നോക്കി അഭിഷേക്.
” എടാ അപ്പന്റെ അടുത്ത് നീ പെണ്ണ് ചോദിക്കാൻ ചെല്ലുമ്പോ അപ്പന് നോ പറയാൻ കഴിയാത്ത വിധം എന്തേലും ഒരു സംഭവം കൂടി സെറ്റ് ആക്കീട്ട് പോണം. അത് നമ്മൾ വിചാരിച്ചാൽ നടക്കും. ”
വീണ്ടും അവൻ വാ പൊളിച്ചു നിൽക്കെ അറിയാതെ തലയിൽ കൈവച്ചു പോയി ക്ലാര.
” എന്റെ കർത്താവേ ഇങ്ങനെ ഒരു കിഴങ്ങനെ ആണല്ലോ എനിക്ക് പ്രേമിക്കാൻ തോന്നിയത്… ”
അത് കേട്ടിട്ട് അരിശത്തോടെ അഭിഷേക് മുഖം തിരിക്കേ പതിയെ അവനരികിലേക്ക് അടുത്തു അവൾ.
“എടാ പൊട്ടാ നിനക്ക് എന്നെ ഒന്ന് കിസ്സ് ചെയ്യാൻ പറ്റോ.. അതും കെട്ടിപ്പിടിച്ചു ഒരു ലിപ് ലോക്ക്.. വേണേൽ എവിടേലുമൊക്കെ ഒന്ന് രണ്ട് പിടി കൂടി പിടിച്ചോ.. ഞാൻ നിന്ന് തരാം. പക്ഷെ അത് നീ ഷൂട്ട് ചെയ്യണം ഫോണിൽ. എന്നിട്ട് അതുമായിട്ടാണ് നീ അപ്പനരികിൽ പോണതെങ്കിലോ.. ”
ഇത്തവണ അഭിഷേകിന്റെ മുഖം വിടർന്നു.
” ഇത് പൊളി ഐഡിയ. ”
“ഓ പൊളി ഐഡിയ.. ഇതൊക്കെ ഞാൻ തന്നെ പറഞ്ഞു തരേണ്ടി വന്നില്ലേ പൊട്ടാ നിനക്ക്.. ”
” അതൊക്കെ ഓക്കേ… എന്നാലും സ്വന്തം അപ്പനിട്ട് തന്നെ ഇങ്ങനൊരു പണി പണിയാൻ കാണിക്കുന്ന മനസ്സ്.. ഹമ്പോ.. അതിനെ നമിച്ചേ പറ്റു…. കാഞ്ഞ ഐറ്റം തന്നെ നീ ”
ചെറിയൊരു പരിഹാസത്തോടെ അഭിഷേക് കൈ കൂപ്പുമ്പോൾ ലേശം അരിശം തോന്നാത്തിരുന്നില്ല ക്ലാരയ്ക്ക്.
” ടാ..കോപ്പേ.. കൂടുതൽ അങ്ങ് ഓവർ ആകല്ലേ.. നിനക്ക് വേണേൽ മതി അല്ലേൽ വേറെ വല്ല കാശ്കാരൻ ചെക്കന്മാരുടേം ഒപ്പം കെട്ടി അങ്ങ് പോകും. എന്റപ്പൻ പലിശക്ക് കൊടുത്ത് നാട്ടുകാരെ പിഴിഞ്ഞും കള്ള് കച്ചവടം നടത്തിയും നല്ല കാശ് ഉണ്ടാക്കീട്ടുണ്ട്. അതോണ്ട് ഇച്ചിരി ഉടായിപ്പ് ഒക്കെ അപ്പനോട് കാണിച്ചാലും അത് അത്രക്ക് വലിയ നെറികേട് ഒന്നും ആകില്ല.. വേണേൽ മതി ”
അവള് നീരസത്തോടെ തിരിയവേ പതിയെ പിടിച്ചു തനിക്കഭിമുഖമായി നിർത്തി അഭിഷേക്.
” വേണം മുത്തേ.. നിന്നെ എനിക്ക് വേണം. അത് നിന്റപ്പന്റെ കാശ് കണ്ടിട്ടൊന്നുമല്ല.. നിന്നെ എനിക്ക് അത്രക്ക് ഇഷ്ടമാ.. ”
ആ വാക്കുകൾ കേൾക്കെ ക്ലാറയുടെ മുഖം ചുവന്നു തുടുത്തു.
” എനിക്കും നിന്നെ പിരിയാൻ പറ്റില്ലെടാ ചെക്കാ.. അതല്ലേ ഇച്ചിരി കടന്ന കയ്യാണേലും ഞാൻ ഇങ്ങനൊരു ഐഡിയ പറഞ്ഞത്. നീ ഓക്കേ ആണേൽ നാളെ എന്റെ ഫ്രണ്ട് നാൻസിയുടെ വീട്ടിലേക്ക് വാ.. അവളുടെ അപ്പച്ചനും അമ്മച്ചിയും നാളെ അവിടെ കാണുകേല. നമുക്ക് വീഡിയോ അവിടെ വച്ചെടുക്കാം. ”
ക്ലാര പറഞ്ഞതിനോട് പൂർണ്ണ സമ്മതമായിരുന്നു അഭിഷേകിന്.
” അതേ… എന്തായാലും നമ്മൾ ഒരു വീഡിയോ എടുക്കാൻ തീരുമാനിച്ചു എന്നാ പിന്നെ നാളെ വരുമ്പോ സേഫ്റ്റി ഒന്ന് രണ്ടെണ്ണം വാങ്ങി വച്ചേക്കാം ഞാൻ. എങ്ങാനും മൂഡ് കേറി കലാപരിപാടിയിലേക്ക് കടന്നാൽ പിന്നെ അന്നേരം സേഫ്റ്റി ഇല്ലല്ലോ എന്നൊരു ടെൻഷൻ വേണ്ടല്ലോ ”
അവന്റെ കുസൃതി നിറഞ്ഞ വാക്കുകൾ കേട്ട് അരിശത്തോടെ പിന്നിലേക്ക് പിടിച്ചൊരു തള്ള് തള്ളി ക്ലാര.
” ദേ… ചെക്കാ വഷളത്തരം കാട്ടിയാലുണ്ടല്ലോ.. കിസ്സിങ്.. ഏറിയാൽ ഒന്ന് രണ്ട് ടച്ചിങ്സ്. അതിനു മാത്രെ ഞാൻ നിന്ന് തരുള്ളൂ.. അതിനപ്പുറം എന്തിനേലും മോൻ മുതിർന്നാൽ ഉണ്ടല്ലോ. ”
” ഇല്ലേ… നമ്മളില്ലേ… ഒന്നിനും.. അപ്പോ ശെരി നാളെ പറഞ്ഞ പോലെ.. ”
പുഞ്ചിരിയോടെ അഭിഷേക് യാത്ര പറഞ്ഞ് പോകുന്നത് നോക്കി നിന്നു ക്ലാര
” കള്ളത്തെമ്മാടി.. വഷളത്തരം മാത്രെ കയ്യിലുള്ളൂ… എന്റെ കർത്താവെ.. അവനെ പറഞ്ഞ് ഒതുക്കി ഇനി എനിക്ക് നീ കൺട്രോൾ തന്നേക്കണേ ”
ആത്മഗതത്തോടെ പതിയെ വീട്ടിലേക്ക് നടന്നു ക്ലാര.
” കെട്ടിന് നല്ല ആളുണ്ടല്ലോ ക്ലാറക്കൊച്ചേ… കച്ചറയാകോ ”
വിവാഹ തലേന്ന് ആ വീട്ടിലേക്ക് കയറി ചെല്ലവേ സ്ലീവാച്ചൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.
” ആരുണ്ടായാലെന്താ ഇച്ചായാ.. നമ്മള് കലക്കീട്ട് അല്ലേ പോകുള്ളൂ. ”
അത്രയും പറഞ്ഞു കൊണ്ട് പതിയെ മുന്നിലേക്ക് നടന്നു ക്ലാര. പിന്നാലെ സ്ലീവാച്ചനും. അവിടെ വീടിന് മുന്നിലെ പന്തലിൽ ഗസ്റ്റുകളോട് കുശലം പറഞ്ഞ് നിന്ന അഭിഷേകിന്റെ നോട്ടം ഒരു നിമിഷം ക്ലാരയിൽ പതിഞ്ഞു. വല്ലാത്തൊരു നടുക്കത്തോടെ അവൻ നോക്കി നിൽക്കേ പുഞ്ചിരിയോടെ പതിയെ അവന് മുന്നിലേക്കെത്തി ക്ലാര.
” എന്നതാ അഭിഷേകെ പന്തം വിഴുങ്ങിയ പെരുച്ചാഴിയേ പോലെ നോക്കി നിൽക്കുന്നെ. എന്നെ ആദ്യമായിട്ട് കാണുവാണോ നീ.. ”
മറുപടിയില്ലാതെ പരുങ്ങി അഭിഷേക്. അത് കണ്ടിട്ട് ക്ലാരയ്ക്ക് വല്ലാത്ത അരിശം കയറി.
“നീ എന്നതാടാ കരുതിയെ എന്നെ നൈസിനു തേച്ചിട്ട് എന്റെ അപ്പനെയും പറ്റിച്ചു അങ്ങേരുടെ കാശും വാങ്ങി കോട്ടയത്തു ന്ന് നേരെ തിരുവനന്തപുരത്ത് വന്ന് സെറ്റിൽ ആയാൽ പിന്നെ നിന്നെ ഞാൻ കണ്ടെത്തില്ലെന്നോ.. അങ്ങിനങ്ങ് മറക്കാൻ പറ്റോ എനിക്ക് നിന്നെ ”
അർത്ഥം വച്ചുള്ള അവളുടെ വാക്കുകളിൽ നിന്നും അപകടം മണത്തു അഭിഷേക്.
” ക്ലാര.. പ്ലീസ്.. അന്നങ്ങിനെ പറ്റിപ്പോയി. നിന്റെ അപ്പൻ ഒരിക്കലും കെട്ടിന് സമ്മതിക്കില്ലായിരുന്നു പിന്നെ വീഡിയോ കാണിച്ചപ്പോ അത് നശിപ്പിച്ചു കളഞ്ഞു നിന്നെ വിട്ട് പോയാൽ തരാമെന്ന് പറഞ്ഞ ഭീമമായ തുക കേട്ടപ്പോൾ പ്രാരാബ്ദക്കാരനായ ഞാൻ വീണു പോയി. എന്നോട് ക്ഷെമിക്കണം.. പ്രശ്നം ഉണ്ടാക്കരുത് നാളെ എന്റെ വിവാഹം ആണ് ”
അവൻ വിളറി വെളുക്കവേ പതിയെ പുഞ്ചിരിച്ചു ക്ലാര..
” വിവാഹമോ… ആരുടെ വിവാഹം…. ഒന്നും നടക്കില്ല അതൊക്കെ ഞങ്ങൾ എപ്പോഴേ മുടക്കി… അഞ്ചു വർഷങ്ങൾക്ക് ശേഷം നിന്നെ കാണുമ്പോൾ ഇങ്ങനൊരു സർപ്രൈസ് എങ്കിലും തരേണ്ടേ … ”
അത്രയും പറയവേ തന്നെ ആ പുഞ്ചിരി പൊട്ടിച്ചിരിയായി മാറി. ഒന്നും മനസ്സിലാകാതെ അഭിഷേക് അന്ധാളിച്ചു നിൽക്കുമ്പോൾ അവന്റെ അച്ഛൻ വെപ്രാളത്തിൽ ഓടി വന്നു.
” മോനെ.. മോനെ… ദേ പെണ്ണ് വീട്ടിൽ ന്ന് വിളിച്ചു അവർക്ക് ഈ കല്യാണം വേണ്ട ന്ന്. നിനക്ക് പണ്ട് ഏതോ പെണ്ണുമായി ബന്ധമുണ്ടായിരുന്നെന്നും അവളുമായി എന്തോ വീഡിയോയൊക്കെ ഉണ്ടെന്നും അത് അവള് പെണ്ണ് വീട്ടുകാരെ കാണിച്ചെന്നുമൊക്കെ പറയുന്നു.
പെൺകൊച്ചിന് ഇനി നിന്നെ വേണ്ടാ ന്ന്. മാത്രമല്ല അവര് നിനക്ക് എതിരെ വിശ്വാസ വഞ്ചനയ്ക്കു കേസ് കൊടുക്കുമെന്ന് ഒക്കെ പറയുന്നു .. എന്തുവാ മോനെ ഈ കേൾക്കുന്നേ ”
അച്ഛന്റെ വാക്കുകൾ കെട്ട് ഇത്തവണ അഭിഷേകും വിളറി വെളുത്തു പോയി.
” ങേ!… ഇങ്ങനെയും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ.. ”
കേട്ടു നിന്നവർ അപ്പോഴേക്കും അവർക്ക് ചുറ്റും കൂടിയിരുന്നു. അത് കണ്ടിട്ട് പതിയെ അഭിഷേകിന്റെ അച്ഛന് നേരെ തിരിഞ്ഞു ക്ലാര.
” ആ പറഞ്ഞ പെണ്ണ് ഞാനാ അച്ഛാ.. വീഡിയോ ഉള്ളതും എന്റെ കയ്യിലാ എന്നെയാ ഇവൻ നല്ല വൃത്തിക്ക് തേച്ചത്.. എന്നെ തേച്ചതിനു എന്റെ അപ്പന്റെന്ന് കിട്ടിയ ക്യാഷ് അല്ലേ ഇവന്റെ ഈ സൗഭാഗ്യങ്ങളുടെയൊക്കെ മൂലധനം.”
പുച്ഛത്തോടെ അവൾ പറഞ്ഞ് നിർത്തുമ്പോൾ കേട്ടു നിന്നവർ അതിശയത്തോടെ പരസ്പരം നോക്കി. അഭിഷേകിന്റെ അച്ഛനാകട്ടെ വല്ലാത്ത നടുക്കത്തിൽ അങ്ങിനെ നിന്നു.
” ക്ലാര.. പ്ലീസ്.. ”
വിറളി വെളുത്തു നിൽക്കുന്ന അഭിഷേക് പതിഞ്ഞ സ്വരത്തിൽ ക്ലാരയോട് കെഞ്ചി .
” ആഹാ.. ഇതെന്നതാടാ ചെക്കാ.. ഇപ്പോൾ നീ അങ്ങ് പാവത്താനായി പോയല്ലോ. അന്ന് ആ വീഡിയോ കാണിച്ചു കാശും വാങ്ങി നീ അങ്ങ് പോയി.
പക്ഷെ പിന്നെ എന്റെ അവസ്ഥ എന്താകും എന്ന് നീ ചിന്തിച്ചോ.. വീട്ടിൽ ന്ന് വെളീൽ വിട്ടിട്ടില്ല അപ്പച്ചൻ എന്നെ. പഠിപ്പ് നിന്നു അതോടെ പിന്നങ്ങോട്ട് എന്നും കുത്തുവാക്കുകളും ശകാരവും.. ചത്ത് കളഞ്ഞാലോ ന്ന് തോന്നിയതാ.. പക്ഷെ നിന്നെ ഇങ്ങനെ ഒന്ന് കാണാതെ എങ്ങിനാ ചാകുന്നെ..
പിന്നീട് അപ്പൻ കൊണ്ട് വന്ന ഓരോ ആലോചനയിലും ചെക്കനോട് ഞാൻ ഈ കാര്യം തുറന്ന് പറയും എന്നേലും നിനക്കിട്ടു ഇതുപോലൊരു പണി പണിയാൻ ഒപ്പം നിൽക്കാവോ ന്ന് ചോദിക്കും പക്ഷെ അത് കേട്ടിട്ട് അവരൊക്കെ അപ്പോ തന്നെ സ്ഥലം വിട്ടു ദേ ഈ സ്ലീവാച്ചൻ ഒഴികെ.. ഇങ്ങേർക്ക് എല്ലാം കേട്ടപ്പോ എന്നേക്കാൾ ത്രില്ല് ആയിരുന്നു നിനക്കിട്ട് പണിയാൻ.. അങ്ങിനെ ഞങ്ങൾ അങ്ങ് കെട്ടി ”
അത്രയും പറഞ്ഞ് അവൾ നിർത്തുമ്പോൾ പതിയെ മുന്നിലേക്ക് കേറി സ്ലീവാച്ചൻ
” എടാ ചെക്കാ.. ഇമ്മാതിരി പണി പണിഞ്ഞ നിനക്കിട്ട് തിരിച്ച് പണിയുന്നത് അല്ലെ ഒരു ത്രില്ല്..ഇവള് നാട്ടിൽ ഉണ്ടേൽ നീ ഇതുപോലെ മാളത്തീന്നിറങ്ങാൻ ഒന്ന് ഭയക്കും. അതുകൊണ്ട് തന്നാ കെട്ടി ഇവളെ ഞാൻ അങ്ങ് കാനഡയ്ക്ക് കൊണ്ട് പോയെ.. പക്ഷെ അവിടിരുന്നേച്ച് നിന്റെ ഫുൾ പരിപാടികൾ ഞങ്ങള് തിരക്കുന്നുണ്ടായിരുന്നു അങ്ങനല്ലേ ഇന്നിപ്പോ ഇവിടെ വന്നേ.. എന്നതായേലും സംഗതി കളർ ആയില്ലേ ”
ആ വാക്കുകൾ ഒക്കെയും കേട്ട് ഒന്നും മറുപടി പറയുവാൻ കഴിയാതെ സ്തബ്ധനായി തന്നെ നിന്നുപോയി അഭിഷേക്. വല്ലാത്ത അപമാന ഭയത്താൽ അവൻ നിന്നു ചൂളി.
” ആ കൊള്ളാം. കൊള്ളാം ബെസ്റ്റ് ഫാമിലി ”
കേട്ട് നിന്നവരിൽ പലരും പുച്ഛത്തോടെ പിൻവാങ്ങി..
” ക്ലാ.. ക്ലാര ഞാൻ.. എ… എന്നോട്.. ക്ഷെമിക്കണം.. ”
അഭിഷേകിന്റെ ഒച്ചയിടറവേ വല്ലാത്ത സംതൃപ്തിയിൽ ഒന്ന് പുഞ്ചിരിച്ചു ക്ലാര
” എന്റെ മാനത്തിനു കണക്ക് പറഞ്ഞ് കാശ് വാങ്ങിയവനാ നീ.. അതും അഞ്ചു വർഷം ആത്മാർത്ഥമായി തന്നെ നിന്നെ സ്നേഹിച്ച എന്റെ….
അപ്പനെ പോലും നിനക്ക് വേണ്ടീട്ട് പറ്റിക്കാൻ തയ്യാറായവളാ ഞാൻ… ക്ഷമിക്കില്ല ഞാൻ.. ഇനി നിന്റെ ഓരോ കല്യാണവും ഇത്പോലെ മുടക്കും ഞങ്ങള് . നിന്റെ ചതി അറിഞ്ഞിട്ട് പ്രശ്നം ഇല്ലാതെ ഏവളേലും കെട്ടാൻ റെഡിയാണേൽ അന്നേരം കെട്ടിക്കോ നീ.. അതുവരെ നമുക്ക് രെ കളി തുടരാം. അപ്പോ ശരി.. വീണ്ടും കാണാം ”
അത്രയും പറഞ്ഞ് കൊണ്ട് പൂർണ്ണ സംതൃപ്തിയിൽ തിരിഞ്ഞു നടന്നു ക്ലാര.
” അപ്പോ നമ്മളങ്ങ് പോയേക്കുവാടാ ഉവ്വേ.. ”
സ്ലീവാച്ചനും പുച്ഛത്തോടെ തിരിഞ്ഞു നടക്കുമ്പോൾ വിറളി വെളുത്തു നോക്കി നിന്നു അഭിഷേക്. മറുപടിയില്ലാതെ അവന്റെ ബന്ധുക്കളും.
“എന്ത് വൃത്തികേടാ ടാ നെറികെട്ടവനെ നീ ഈ കാണിച്ചു കൂട്ടിയെ.. എങ്ങിനെ തോന്നി നിനക്ക്.”
അച്ഛൻ ചെകിടത്ത് ആഞ്ഞടിക്കവേ നില തെറ്റി നിലത്തേക്ക് വീണുപോയി അഭിഷേക്. പുച്ഛത്തോടെ നോക്കി നിൽക്കുന്ന ബന്ധുക്കളുടെ മുന്നിൽ അവൻ തല കുമ്പിട്ടു പോയി.
” ഇച്ചായാ.. താങ്ക്സ്.. ”
കാറിലേക്ക് കയറുമ്പോൾ സ്ലീവാച്ചന്റെ കരം കവർന്നു ക്ലാര.
” ഓ എന്നാത്തിനാ കൊച്ചേ ഈ ഫോർമാലിറ്റിയൊക്കെ.. ഈ സന്തോഷം രണ്ടെണ്ണം വിട്ട് അങ്ങ് ആഘോഷിക്കാം നമുക്ക് .. നല്ല സൊയമ്പൻ നാടൻ വാറ്റ് കിട്ടീട്ടുണ്ട്. അപ്പോ പിന്നെ വിട്ടാലോ ”
സ്ലീവാച്ചന്റെ മുഖത്തെ പുഞ്ചിരി ക്ലാരയ്ക്ക് ഊർജ്ജമായി..
” എന്നാ പിന്നെ വിട്ടേക്കാം. ഇച്ചായാ… ”
അവള് മറുപടി പറയുമ്പോഴേക്കും ആക്സിലേറ്ററിൽ കാലമർത്തി സ്ലീവാച്ചൻ ആ കാർ അവിടെ നിന്നും ശരവേഗത്തിൽ പാഞ്ഞു.