(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” നമുക്ക് ഈ ബന്ധം ഇവിടെ വച്ചു നിർത്താം.. തനിക്ക് ഈ ഫോണിലൂടെ മാത്രം കാണാനും കൊഞ്ചാനും അല്ലെ താത്പര്യം ഉള്ളു… എനിക്ക് അതിനോട് താത്പര്യം ഇല്ല ”
“എന്റെ പൊന്നെ.. നീ ഇങ്ങനെ പിണങ്ങല്ലേ.. ഞാൻ എന്തായാലും ഇന്ന് അങ്ങ് എത്തിയേക്കാം.. കുറച്ചു തിരക്കായി പോയെടോ അതാ ഇത്രയും ദിവസമായിട്ടും വരാൻ പറ്റാത്തെ.. ”
കിരൺ പതിഞ്ഞ ശബ്ദത്തിൽ ഫോണിലൂടെ നീനുവിനോട് കെഞ്ചി.
” മ്.. ഇന്നൂടെ വന്നില്ലേൽ പിന്നെ ഇനി എന്നോട് മിണ്ടാൻ നിൽക്കേണ്ട. നമ്മൾ പരിചയപ്പെട്ടിട്ട് ഇപ്പോ രണ്ടാഴ്ച കഴിയുന്നു. എന്നിട്ട് ഇതുവരെയും എന്നെ കാണാൻ വന്നില്ലേൽ അതിന്റെ മീനിങ് എന്താ.. എന്നെ ഇഷ്ടം അല്ല ന്ന് അല്ലെ.. അങ്ങനുള്ള ഒരാളുമായി പിന്നെ എനിക്ക് കൂട്ട് വേണ്ട.. ”
“എന്റെ പൊന്ന് നീനു ഇന്ന് ഉറപ്പായും ഞാൻ വരും.. നീ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട.. കൃത്യം പത്ത് മണിക്ക് ഞാൻ അവിടെ എത്തിയിരിക്കും. പക്ഷെ സീൻ ആകില്ലല്ലോ അല്ലെ.. നിന്റെ ഫ്ലാറ്റിൽ വന്നു കേറുന്നത് ആരേലും ഇഷ്യൂ ആക്കോ.. അറിയാലോ.. പുറത്ത് ആരേലും അറിഞ്ഞാൽ നമ്മൾ രണ്ടാളും നാറും ” കിരണിന് ഉള്ളിൽ ചെറിയൊരു പേടി തോന്നാത്തിരുന്നില്ല.
” ഒന്നും ഇല്ലെടോ..താൻ നേരെ ഇങ്ങ് കേറി പോന്നാൽ മതി. തേർഡ് ഫ്ലോർ റൂം നമ്പർ പതിനൊന്ന്. ആരും ഒന്നും ചോദിക്കില്ല . ഞാൻ ഇവിടെ നിനക്കായി കാത്തിരിക്കും ”
വളരെ സിമ്പിൾ എന്നാൽ അല്പം വശ്യതയോടുകൂടി നീനു മറുപടി നൽകിയപ്പോൾ വല്ലാത്ത രോമാഞ്ചം തോന്നി അവന് .
” ഹോ.. അത് മതി.. താൻ ഇങ്ങനെ കൂൾ ആയി പറയുമ്പോ തന്നെ എന്റെ ടെൻഷൻ പോയി.. അപ്പോ ഇന്ന് പൊളിക്കാം നമുക്ക്.. താൻ ഞാൻ പറഞ്ഞ പോലെ ജീൻസും ടി ഷർട്ടും ഇട്ട് നിൽക്കണെ..”
” ഒക്കെ ചെയ്യാം ഡാ ചെക്കാ.. എന്തൊരു ആക്രാന്തമാ നിനക്ക്.. എന്നെ അവസാനം കൊന്ന് തിന്നോ നീ..”
ചെറിയ കൊഞ്ചലോടെ നീനു വീണ്ടും ചോദിക്കവേ സകല കൺട്രോളും പോയി കിരണിന്.
” മിക്കവാറും നിന്നെ ഇന്ന് തിന്നും ഞാൻ… ”
മറുപടി നൽകുമ്പോൾ അവനാകെ കുളിരു കോരി.
” ഓക്കേ എന്നാൽ … ഞാൻ വയ്ക്കട്ടെ നേരിട്ട് കാണാം ”
നീനു കോൾ കട്ട് ആക്കുവാൻ തുനിഞ്ഞതും ആകെ വെപ്രാളമായി കിരണിന്.
” അയ്യോ വയ്ക്കല്ലേ നീനു… രാവിലെ തന്നെ ഒരു മൂഡിന് എന്തേലും ഒന്ന് താ.. ഒരു ഹോട് ഫോട്ടോ എങ്കിലും.. ഞാൻ ഒന്ന് ചിൽ ആകട്ടെ.. ”
” അയ്യടാ മോനെ.. ഇന്ന് നേരിട്ട് വരുവല്ലേ…. പിന്നെ ഇനീപ്പോ ഫോണിലൂടെ കണ്ടിട്ട് ആ സസ്പെൻസ് കളയണ്ട.. മോനിങ്ങ് പോന്നേക്ക്.. എല്ലാം കാണേണ്ട പോലെ കാണാം ”
ഒന്ന് കൊതിപ്പിച്ചു കൊണ്ട് നീനു കോൾ കട്ട് ആക്കുമ്പോൾ വല്ലാത്ത നിരാശ തോന്നി കിരണിന്. എന്നാൽ അതിലേറെ ആകാംഷയും…
കിരണിന്റെ വിവാഹം കഴിഞ്ഞു ഒരു വർഷം ആകുന്നു. തനി നാട്ടിൻപുറത്തു കാരിയായ ഭാര്യ മായയുമായി നല്ല ബന്ധം തന്നെയാണെങ്കിലും മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാനും അവരുമായി സെ ക്സ് ഷെയർ ചെയ്യാനുമൊക്കെ വല്യ താത്പര്യം ആണ് കിരണിന്.
ഫോണിലൂടെ പലരുമായും ഇതിനോടകം അവൻ അത് ചെയ്തിട്ടും ഉണ്ട്. അങ്ങിനെയാണ് രണ്ടാഴ്ച മുന്നേ ഒരു സുഹൃത്തിൽ നിന്നും നീനുവിന്റെ നമ്പർ അവനു കിട്ടുന്നത്. കിട്ടിയ പാടെ ഏറെ ആകാംഷയിൽ കോൾ ചെയ്യുകയും വളരെ വേഗത്തിൽ അവളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.
ഒരു വട്ടം വീഡിയോ കോളിലൂടെ തന്റെ ആഗ്രഹം അവൻ നടത്തിയെടുത്തെങ്കിലും അതോടു കൂടി ആകാംഷ ഇരട്ടിയായി. ഫോണിലൂടുള്ള ചുറ്റിക്കളികൾക്കപ്പുറം നേരിട്ട് ആരുമായും ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ നീനു പലവട്ടം തന്റെ ഫ്ലാട്ടിലേക്ക് ക്ഷണിച്ചെങ്കിലും പോകുവാൻ അവനല്പം ഭയം തോന്നിയിരുന്നു.
ഒടുവിൽ ഇപ്പോൾ അവളുമായുള്ള ബന്ധം നഷ്ടമായെക്കും എന്ന അവസ്ഥ വന്നപ്പോൾ പോകുവാൻ തന്നെ തീരുമാനിച്ചു കിരൺ. അതോടെ ആകാംഷയും ഇരട്ടിയായി. സുഖമുള്ള ഓർമകളിൽ അവനങ്ങിനെ കിടക്കുമ്പോൾ മായ ചായയുമായി വന്നിരുന്നു
” ഓഫ് ഡേ ആയിട്ടു ഇങ്ങനെ വൈകുന്നേരം വരെ കിടക്കാൻ ആണോ ഏട്ടന്റെ പരിപാടി… ദേ എണീറ്റെ ഈ ചായ കുടിക്ക് ”
അവളുടെ നിർബന്ധത്തിന് വഴങ്ങി പതിയെ എഴുന്നേറ്റു കിരൺ.
” ഏട്ടാ.. ഇന്ന് ഓഫ് അല്ലെ അപ്പോ ഞാനൊരു ആഗ്രഹം പറഞ്ഞോട്ടെ ”
മായ പതിയെ അരികിലേക്ക് വന്നിരിക്കുമ്പോൾ കിരണിന്റെ നെറ്റി ചുളിഞ്ഞു
” എന്ത് ആഗ്രഹമാണ്.. പറയ്… ”
” അത് ഏട്ടാ.. കല്യാണം കഴിഞ്ഞു ഈ ഫ്ലാറ്റിലേക്ക് നമ്മൾ വന്നേ പിന്നെ നേരെ ചൊവ്വേ ഒന്ന് പുറത്തേക്ക് പോലും പോകാൻ പറ്റീട്ടില്ല എനിക്ക് … ഏട്ടൻ ജോലിയൊക്കെ കഴിഞ്ഞു ഫ്രെണ്ട്സിനൊപ്പം ടർഫിൽ ഒക്കെ പോയി കളിച്ച് രാത്രി അല്ലെ തിരികെ വരുന്നേ..
അവധി ദിവസവും ഏട്ടൻ ഫ്രെണ്ട്സിനോടൊപ്പം കറക്കമാണ്. ഞാനിങ്ങനെ ഇവിടിരുന്നു മടുത്തു.. ഇന്നൊരു ദിവസം എന്നെ ഒന്ന് പുറത്തേക്ക് കൊണ്ട് പോകാവോ.. ഒരു സിനിമയൊക്കെ കണ്ട് ഒന്ന് കറങ്ങി വരാം… വല്ലാത്ത ആഗ്രഹം ഉണ്ട് അതാ ചോദിച്ചേ.. ”
ഏറെ നിഷ്കളങ്കമായ ആ ചോദ്യം കേട്ടപ്പോൾ ഒരു നിമിഷം നീനുവിനെയാണ് കിരൺ ഓർത്തത്
” അയ്യോ.. ഇന്ന് പറ്റില്ല .. നമുക്ക് അടുത്തയാഴ്ചയെങ്ങാൻ പോകാം. ഇന്ന് എനിക്ക് ഒരു ഫ്രണ്ടിനൊപ്പം ഒരാവശ്യത്തിന് പോകണം… വേറെയും കുറച്ചു പരിപാടികൾ ഉണ്ട്. ”
ആ മറുപടി കേട്ട് ഏറെ നിരാശ തോന്നിയെങ്കിലും അത് മറച്ചു കൊണ്ട് പുഞ്ചിരിച്ചു മായ
” ഓക്കേ.. സാരമില്ല ഏട്ടാ… എന്നാൽ അടുത്ത ആഴ്ച ആകട്ടെ… ”
പതിയെ എഴുന്നേറ്റവൾ മുറി വിട്ട് പോകവേ ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു കിരൺ.
” ഹോ.. എല്ലാം കുഴഞ്ഞേനെ.. കൃത്യം ഇന്ന് തന്നെ അവളുടെ ഒരു ആഗ്രഹം പറച്ചിൽ ”
ചായ കുടിച്ചു കപ്പ് ടേബിളിൽ വച്ച ടൗവൽ എടുത്ത് അവൻ ബാത്‌റൂമിലേക്ക് കയറി. പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. നീനുവിനെ കാണാൻ പോകുന്ന ത്രില്ലിൽ വേഗത്തിൽ കുളി കഴിഞ്ഞിറങ്ങി റെഡിയായി അവൻ.
“ആഹാ ഏട്ടൻ ഇത്ര പെട്ടെന്ന് റെഡിയായോ.. ഞാൻ ദേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നെ ഉള്ളു ”
അരികിലേക്കെത്തിയ മായയെ തന്ത്രപൂർവ്വം പറഞ്ഞു പറ്റിച്ചു ഒഴിവാക്കി അവൻ.
” ഞാൻ പോകുന്ന വഴിക്ക് കഴിക്കാമെടോ.. സമയം ലേറ്റ് ആയി ഇനീപ്പോ ഇറങ്ങുവാ ഞാൻ. ”
അത്രയും പറഞ്ഞു തിരിഞ്ഞു പോലും നോക്കാതെ ഫ്ലാറ്റിനു വെളിയിലേക്ക് ഇറങ്ങുമ്പോൾ ഉള്ളിൽ എവിടെയോ കുറ്റബോധത്തിന്റെ ഒരു നീറ്റൽ അനുഭവപ്പെട്ടു കിരണിന് .
‘പഞ്ച പാവമാ മായയെ പറ്റിച്ചിട്ടാണല്ലോ ഭഗവാനെ താനിന്ന് വേറൊരു പെണ്ണിനെ തിരക്കി പോകുന്നത് ‘
ഉള്ളിൽ ഉടലെടുത്ത ആ കുറ്റബോധം നീനുവിനെ പറ്റി ഒരു വട്ടം ഒന്ന് ഓർത്തപ്പോൾ തന്നെ ഇല്ലാതായി എന്നതാണ് സത്യം. വീണ്ടും പഴയതിനേക്കാൾ ആവേശത്തിലായി അവൻ.
പറഞ്ഞ പോലെ കൃത്യം പത്ത് മണിക്ക് തന്നെ കിരൺ നീനുവിന്റെ ഫ്ലാറ്റിനു മുന്നിലെത്തി ബെൽ അമർത്തി. ആദ്യ അനുഭവമായതിനാൽ വല്ലാത്തൊരു പതറൽ ഉണ്ടായിരുന്നു അവന്. നിമിഷങ്ങൾക്കകം വാതിൽ തുറക്കപ്പെട്ടു. ഒരു നിമിഷം വായ് പൊളിച്ചു നിന്നു പോയി കിരൺ. അത്രക്ക് സുന്ദരിയായിരുന്നു നീനു.അവൻ ആഗ്രഹം പറഞ്ഞ പോലെ ഒരു ഇറുകിയ ചുവന്ന ടി ഷർട്ടും ജീൻസുമായിരുന്നു അവളുടെ വേഷം. ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയായി.
” എന്താടോ അന്ധം വിട്ടു നിൽക്കുന്നെ.. അകത്തേക്ക് കേറുന്നില്ലേ.. ”
ഒരു വഷളൻ ചിരിയോടെ നീനു ചോദിക്കവേ.. അറിയാതെ അകത്തേക്ക് കയറി പോയി കിരൺ.
” എന്റെ നീനു… എന്ത് സുന്ദരിയാ നീ.. ഫോണിലൂടെ കാണുന്ന പോലൊന്നും അല്ല.. അതിനേക്കാളൊക്കെ ഇരട്ടി.”
അവളുടെ സൗന്ദര്യത്തിൽ ആകെ മയങ്ങി പോയിരുന്നു അവൻ .
” ആണോ.. അതാണ് ചെക്കാ ഇങ്ങനെ ഫോണിലൂടെ വീഡിയോ കോൾ വിളിക്കാതെ നേരിട്ട് ഇങ്ങ് പോരാൻ ഞാൻ പറഞ്ഞെ.. ”
അല്പം കൊഞ്ചലോടെ മറുപടി നൽകി പതിയെ ഉള്ളിലേക്ക് നടന്നു നീനു. അവളുടെ വടിവൊത്ത മേനിയഴകിൽ ആകെ മതിമറന്നു പിന്നാലെ ചെന്നു കിരൺ..
” എടോ.. തനിക്കെന്താ കുടിക്കാൻ വേണ്ടേ.. ഹോട് ആയി ഒരു റ്റീ വേണോ അതോ കൂൾ ആയൊരു ബിയർ വേണോ.. ”
നീനുവിന്റെ ചോദ്യം കേട്ട് പതിയെ സെറ്റിയിലേക്കിരുന്നു അവൻ ..
” ഞാൻ ഇപ്പോ ആകെ ഹോട്ട് ആണെടോ.. അപ്പോ കൂൾ ആയി ആ ബിയർ ഇങ്ങെടുക്ക് ”
വല്ലാത്ത കാമഗ്നിയോടെ അവളെ തന്നെ നോക്കി മറുപടി നൽകി കിരൺ.
നീനു പൊട്ടിച്ചു ഗ്ലാസിൽ ഒഴിച്ചു നൽകിയ ബിയർ പതിയെ പതിയെ നുണയുമ്പോൾ അവന്റെ ഉള്ളിലെ കാമാഗ്നി ഇരട്ടിച്ചു. വേഗത്തിൽ ആ ബോട്ടിൽ ബിയർ അകത്താക്കിയതോടെ തലയ്ക്കും ചെറിയ കിക്ക് ആയി.. ഒരു ഉന്മാദാവസ്ഥയിൽ അരികിൽ ഇരുന്ന നീനുവിനെ ബലമായവൻ വാരി പുണർന്നു.
അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു ചുണ്ടുകളിൽ മുത്തം നൽകുവാനായി തുനിയുമ്പോൾ കണ്ണുകളിൽ ഇരുട്ട് കയറുന്നത് അറിഞ്ഞു കിരൺ. പതിയെ പതിയെ അബോധാവസ്ഥയിലേക്കായി നീനുവിന്റെ ചുമലിലേക്ക് വീണു അവൻ. നീനുവിന്റെ ചുണ്ടിൽ അപ്പോൾ ഒരു പുഞ്ചിരി വിടർന്നു. കിരണിന്റെ സെറ്റിയിലേക്ക് കിടത്തി പതിയെ എഴുന്നേറ്റു അവൾ…
കൺപോളകൾക്ക് വല്ലാത്ത കനം അനുഭവപ്പെടുന്നതിനാൽ മിഴികൾ തുറക്കുവാൻ ഏറെ പണിപ്പെട്ടു കിരൺ. ഒരു നിമിഷം താൻ എവിടെയാണെന്ന് പോലും മറന്നു അവൻ.
ഒറ്റനോട്ടത്തിൽ താനൊരു ബെഡിൽ കിടക്കുകയാണെന്ന് തിരിച്ചറിഞ്ഞു.പതിയെ തിരിയുമ്പോൾ ഓരത്ത് നീനുവിനെ കണ്ടു അവൻ. കയ്യിലേ ബിയർ ബോട്ടിൽ പതിയെ നുണഞ്ഞങ്ങിനെ ഇരിക്കുകയാണവൾ. താൻ എവിടെയാണെന്ന് അപ്പോഴാണ് കിരണിന് ഓർമ വന്നത്. പെട്ടെന്ന് ചാടിയെഴുന്നേൽക്കുമ്പോഴാണ് താൻ പൂർണ്ണ നഗ്നനാണ് എന്നവൻ തിരിച്ചറിഞ്ഞത്.
ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കുഴഞ്ഞു കിരൺ. അപ്പോഴാണ് റൂമിലെ ടിവിയിൽ നീനു കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ അവൻ ശ്രദ്ധിച്ചത്. പൂർണ്ണ നഗ്നനായി ബെഡിൽ കിടക്കുന്ന താൻ തനിക്കു മുകളിൽ അർധനഗ്നയായി നീനു. ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നോക്കി നിൽക്കുമ്പോൾ പുഞ്ചിരിയോടെ അവനരികിൽ ചെന്നിരുന്നു നീനു
” എണീറ്റോ സാർ… എന്താണിതെന്ന് ഓർത്തു കിളി പോയിരിക്കുവാണോ … ഒറ്റ വാക്കിൽ പറഞ്ഞാൽ ഒന്നാന്തരം ട്രാപ്പ്. ഒന്നും നടന്നിട്ടില്ല. പക്ഷെ ഈ വീഡിയോ കണ്ടാൽ എല്ലാം കഴിഞ്ഞെന്നെ തോന്നുള്ളു”
അവളുടെ വാക്കുകൾ കേട്ട് അവിശ്വസനീയമായി നോക്കി ഇരുന്നു കിരൺ. അത് കണ്ടിട്ട് വീണ്ടും തുടർന്നു നീനു
“എനിക്ക് വേണ്ടത് ഒരു ലക്ഷം രൂപയാണ്. അത് കിട്ടിയാൽ ഈ വീഡിയോയും കൊണ്ട് നിനക്ക് പോകാം.. പിന്നാലെ നടന്ന് വീണ്ടും ബ്ലാക്ക് മെയിൽ ചെയ്യുന്ന രീതി ഇല്ല എനിക്ക്. തന്നില്ലെങ്കിൽ ഞാനിത് ആദ്യം അയക്കുന്നത് മായയ്ക്ക് ആകും പിന്നെ അറിയാലോ ”
ആ ഭീക്ഷണി കേട്ട് വല്ലാതെ നടുങ്ങി കിരൺ. താൻ ചതിക്കപ്പെട്ടു എന്ന് അപ്പോഴാണ് അവന് ബോധ്യമായത്. ക്യാഷ് കൊടുക്കുക എന്നതല്ലാതെ മുന്നിൽ മറ്റൊരു വഴി ഇല്ലായിരുന്നു അവന്.
” താൻ അപ്പോ എന്നെ ചീറ്റ് ചെയ്യുവാരുന്നു അല്ലേ..”
രോഷത്തോടെ അവൻ അലറുമ്പോൾ പതിയെ തിരിഞ്ഞു തന്റെ ചെയറിലേക്കിരുന്നു നീനു
” ഒരു ലക്ഷം രൂപയൊക്കെ ഒറ്റയടിക്ക് കയ്യീന്ന് പോകും ന്ന് ഓർക്കുമ്പോ ഇച്ചിരി അലർച്ചയൊക്കെ ആകാം പക്ഷെ അറിയാലോ.. അധികം ആയാൽ അമൃതും വിഷമാണ്.. ”
അവൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായതോടെ നിസാഹായതയിൽ പതിയെ ശാന്തനായി അവൻ.
കാശ് ട്രാൻസ്ഫർ ചെയ്ത് മുറി വിട്ടിറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുവാൻ പോലും മുതിർന്നില്ല കിരൺ. തിരികെ പാർക്കിങ്ങിൽ എത്തി കാറിലേക്ക് കയറുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നി അവന്. മായയോട് ചെയ്തത് എത്രത്തോളം വലിയ തെറ്റാണെന്ന് അപ്പോഴാണ് അവന് ബോധ്യമായത്. അതിന്റെ ഫലമാകാം ഇപ്പോൾ ഈ ഉണ്ടായ അവസ്ഥ എന്ന് തന്നെ ഉറപ്പിച്ചു അവൻ. പിന്നെ വൈകിയില്ല നേരെ ഫോണെടുത്തു മായയെ വിളിച്ചു
” എന്താ ഏട്ടാ.. ”
മറുതലയ്ക്കൽ അവളുടെ നിഷ്കളങ്കമായ ശബ്ദം കേൾക്കെ കിരണിന്റെ മിഴികൾ തുളുമ്പി.
” മായ.. നീ..നീ.. വേഗം റെഡിയായി നിൽക്ക് എന്റെ പ്രോഗ്രാം ക്യാൻസൽ ആയി. നമുക്ക് നീ പറഞ്ഞപോലെ ഒന്ന് കറങ്ങാം… സിനിമക്ക് ഒക്കെ പോയി ബീച്ചിൽ ഒക്കെ കറങ്ങി ഇന്ന് ഫുൾ അടിച്ചു പൊളിക്കാം.. ”
കേട്ട വാക്കുകൾ വിശ്വസിക്കുവാൻ കഴിയാതെ ഒരു നിമിഷം മൗനമായി നിന്ന് പോയി മായ..
“ഏട്ടാ സത്യമാണോ… ഏട്ടൻ വരോ.. അതോ എന്നെ പറ്റിക്കോ ”
“വരുവാടോ.. താൻ വേഗം റെഡിയായി നിൽക്ക്.. ഇപ്പോഴെന്നല്ല ഇനി എന്നും എന്റെ ലൈഫിൽ നീ കഴിഞ്ഞിട്ടേ ഉള്ളു മറ്റെന്തും.. താൻ എന്നോട് പറഞ്ഞിട്ടുള്ള പല ആഗ്രഹങ്ങളും എനിക്കോർമ്മ ഉണ്ട്.. ഇനി അതൊക്കെ സാധിച്ചു തരും ഞാൻ.. ”
എല്ലാം അവിശ്വസനീയമായി തന്നെ തോന്നി മായയ്ക്ക്..
കോൾ കട്ട് ചെയ്യുമ്പോൾ വല്ലാത്ത സംതൃപ്തി തോന്നി കിരണിന്. ക്യാഷ് പോയതിൽ അവന് വിഷമം തോന്നിയില്ല. അതൊരു നിമിത്തമായി കണ്ടു അവൻ. ഭാര്യയെ മറന്ന് ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാകാം അത്..
‘മായയെ ഇനിയൊരു ജീവിതം ഇല്ല..’
മനസ്സ് കൊണ്ട് പ്രതിജ്ഞ എടുത്തു കിരൺ. അവന്റെ കാർ പതിയെ പാർക്കിങ്ങിൽ നിന്നും വീട്ടിലേക്ക് പാഞ്ഞു.