(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” എടാ.. എന്താ നീ ഈ പറയുന്നേ… എനിക്ക് വേറെ ആരുമായി ബന്ധം ഉണ്ടെന്നാണ്.. നിനക്ക് എന്താ ഭ്രാന്ത് ആയോ ”
” അശ്വതി.. വേണ്ട.. ഇനി കൂടുതൽ ഒന്നും പറയേണ്ട നീ. എത്രയൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും എന്റെ കണ്ണ് കൊണ്ട് ഞാൻ കണ്ടതിന്റെ അവിശ്വസിക്കേണ്ട കാര്യം ഇല്ലല്ലോ..”
അശ്വിൻ വേദന നിറഞ്ഞ സ്വരത്തിൽ പറഞ്ഞവസാനിപ്പിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.
” എടാ.. ഒന്ന് നിന്നെ.. ഞാൻ പറയുന്നത് ഒന്ന് കേട്ടിട്ട് പോ… നിനക്ക് ആള് മാറിയതാകും..നിന്നെ അല്ലാണ്ട് എന്റെ ലൈഫിൽ മറ്റൊരാളെ ഞാൻ സ്നേഹിച്ചിട്ടില്ല.. ആരുടേയും ഒപ്പം എവിടെയും പോയിട്ടുമില്ല.. ”
പിന്നാലെ ഓടിയെത്തിയ അശ്വതിയെ ഒന്ന് തിരിഞ്ഞു നോക്കുവാൻ പോലും മുതിരാതെ അവൻ നടന്നകന്നു.
” രണ്ട് വർഷമായി നിനക്ക് എന്നെ അറിയില്ലേ.. എന്നിട്ടും എന്നെ വിശ്വസിക്കാതെ പോകുന്നേൽ പോ.. എന്റെ സ്നേഹത്തിനു പുല്ല് വിലയെ നീ തന്നിട്ടുള്ളൂ എങ്കിൽ പൊയ്ക്കോ . ”
ഒടുവിൽ കടുത്ത അമർഷത്തോടെ നിന്നു അവൾ. ആ വാക്കുകൾ കേൾക്കെ അശ്വിനും നിന്നു. ശേഷം തിരിഞ്ഞു വീണ്ടും അശ്വതിയുടെ അരികിൽ എത്തി.
” ഞാനാണോ പുല്ല് വില തന്നത്.. പറയ് ഞാനാണോ… എത്ര ആത്മാർത്ഥമായിട്ടാണ് നിന്നെ ഞാൻ സ്നേഹിച്ചത്. എന്നിട്ട് എന്നോട് ഈ ചതി ചെയ്യാൻ നിനക്ക് എങ്ങിനെ തോന്നി അശ്വതി. മറക്കില്ല ഞാൻ ഒരിക്കലും. ”
അവന്റെ തൊണ്ടയിടറുമ്പോൾ ആകെ വിഷമത്തിൽ ആയി അശ്വതി.
” എടാ നീ എന്ത് കണ്ടെന്നാ. എന്നെ ആരുടെ കൂടെ കണ്ടെന്നാ…. രാവിലെ വീട്ടിൽ ന്ന് ഇറങ്ങിയ ഞാൻ പ്രിയയുടെ വീട്ടിൽ ആയിരുന്നു. അവളുടെ കുഞ്ഞിന്റെ ബർത്ത് ഡേ അല്ലെ ഇന്ന്… അതിനിടക്ക് അത്യാവശ്യം എന്ന് പറഞ്ഞു നീ വിളിച്ചത് കൊണ്ട് മാത്രാ ഇപ്പോ വന്നേ… ആ ഞാൻ പകല് ആരുടൊപ്പം എവിടെ കറങ്ങുന്നത് കണ്ടെന്നാ നീ പറയുന്നേ. ”
“ആ കൊള്ളാം.. എന്ത് നല്ല അഭിനയം.. ഒന്നും അറിയില്ല അല്ലെ നിനക്ക്. എന്റെ കണ്ണ് കൊണ്ട് ഞാൻ കണ്ടതാണ് മ്യൂസിയത്തിൽ ആളൊഴിഞ്ഞ ഭാഗത്ത് വേറൊരുത്തനൊപ്പം നീ…… അതും അവന്റെ വാരിപ്പുണർന്ന് ലിപ് ലോക്ക്… അന്നേരത്തെ അന്ധാളിപ്പിൽ ഒരു ഫോട്ടോ എടുക്കുവാൻ മറന്നു പോയി ഞാൻ. അതെടുത്തിരുന്നേൽ ഇപ്പോ ഇത്പോലെ ന്യായം പറയാൻ നീ വരില്ലായിരുന്നു. ”
ഇത്തവണ അശ്വിന്റെ വാക്കുകൾ കേട്ട് നടുങ്ങി പോയി അശ്വതി.
” ലിപ് ലോക്കോ.. ഞാനോ.. ദൈവമേ.. നിനക്ക് എന്താ ഭ്രാന്താണോ അശ്വിൻ ”
” ആ അതെ ടീ ഭ്രാന്ത് തന്നാ. ഇതൊക്കെ കണ്ടിട്ട് എനിക്ക് എങ്ങിനെ ഭ്രാന്ത് വരാതിരിക്കും. നിനക്ക് അറിയോ എന്റെ വീട്ടിൽ ഞാൻ ആൾറെഡി പറഞ്ഞു കഴിഞ്ഞു നിന്നെ ഇഷ്ടമാണെന്ന്. വീട്ടിൽ എല്ലാവരും സമ്മതിച്ചു നിന്റെ വീട്ടിലേക്ക് വന്നു പെണ്ണ് ചോദിക്കുവാൻ ഇരിക്കുവാ അവരൊക്കെ. അപ്പോഴാണ് ദൈവമായി ഈ കാഴ്ച എന്റെ കണ്മുന്നിൽ കൊണ്ട് തന്നത്.”
അശ്വിൻ പറയുന്ന ഓരോ വാക്കുകളും അശ്വതിക്ക് നടുക്കമായിരുന്നു.
” എടാ എന്തോന്നാ നീ ഈ പറയുന്നേ.. ഞാൻ അത്രക്ക് ചീപ്പ് ആണെന്നാണോ നീ കരുതിയേക്കുന്നെ… അപ്പോ ഇങ്ങനെയാണോ നീ എന്നെ പറ്റി കരുതിയേക്കുന്നെ.നിനക്ക് ആള് മാറിയതാണ് അശ്വിൻ. ഞാൻ രാവിലെ മുതൽ പ്രിയയുടെ വീട്ടിൽ ആയിരുന്നു.”
വീണ്ടുമവൾ ആവർത്തിക്കുമ്പോൾ പിന്നൊന്നും മിണ്ടിയില്ല അശ്വിൻ. കലിയടക്കി തിരിഞ്ഞു നടന്നു അവൻ. പിന്നിൽ നിന്ന് വിളിക്കുവാൻ തോന്നിയില്ല അശ്വതിക്കും കാരണം അവൾ അത്രത്തോളം നടുക്കത്തിലായിരുന്നു.
അതിലേറെ വിഷയത്തിലും രണ്ട് വർഷമായുള്ള പ്രണയമാണ് അവരുടേത്. എന്നിട്ടും തന്നെ അശ്വിൻ മനസ്സിലാക്കിയില്ലല്ലോ എന്നോർത്തപ്പോൾ അവളുടെ മിഴികളിൽ നീർ പൊടിഞ്ഞു. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. അമ്മയായിരുന്നു വിളിച്ചിരുന്നത്. അതോടെ ഭാവം മാറ്റി അവൾ കോൾ അറ്റന്റ് ചെയ്തു.
” ആ മോളെ.. നീ തിരിച്ചു വരാറായോ ”
“ആകുന്നു അമ്മേ.. എന്തെ.. ”
” വരുമ്പോ നീ ഒരു കിലോ ചിക്കൻ വാങ്ങീട്ട് വരണേ.. ആതിരക്ക് നേരത്തെ ലീവ് കിട്ടി അവൾ ഇന്ന് ഉച്ചക്ക് വന്നു ഹോസ്റ്റലിൽ ഒക്കെ നിന്നിട്ട് വരുവല്ലേ ആകെ ക്ഷീണിച്ചു ഒരു കോലമായി കൊച്ച്. കല്യാണത്തിന് ഇനി ഒന്നര ആഴ്ചയെ ഉള്ളു.. രാത്രീല് ഇച്ചിരി ചിക്കൻ കറിവച്ചു കൊടുക്കാം ”
അമ്മയുടെ വാക്കുകൾ കേൾക്കെ ഒരു നിമിഷം അശ്വതിയുടെ ഉള്ളിൽ ഒരു മിന്നൽ പിണർപ്പടിച്ചു…
” അമ്മേ അവൾ… വന്നോ.. എപ്പോഴാ വന്നേ.. ഉച്ചയ്ക്കാണോ അതോ രാവിലേ ആണോ ”
“രാവിലെ റയിൽവേ സ്റ്റേഷനിൽ വന്നതാ.. എന്നിട്ട് ഏതൊക്കെയോ കൂട്ടുകാരെയൊക്കെ കണ്ട് കല്യാണം വിളിച്ചിട്ട് ഉച്ചക്ക് ആണ് ഇവിടേക്ക് വന്നത് ”
അമ്മയുടെ ആ മറുപടി കേൾക്കെ അശ്വതിയുടെ മിഴികൾ വിടർന്നു.
” അവളവിടെ ഉണ്ടേൽ ഒന്ന് ഫോൺ കൊടുത്തേ അമ്മേ.. ”
” എന്താ മോളെ… എന്ത് പറ്റി.. ”
“ഒന്നും പറ്റീല അമ്മാ ഒന്ന് കൊടുത്തേ.. ”
മറുപടി പറഞ്ഞു നിമിഷങ്ങൾക്കകം മറു തലയ്ക്കൽ ആതിരയുടെ ശബ്ദം കേട്ടു..
” എന്താ ടീ.. എന്ത് പറ്റി.. ”
” ആ.. ഒന്നും പറ്റീട്ടില്ല… നീ രാവിലെ വന്നിട്ട് നിന്റെ കെട്ട്യോനെ കണ്ടാരുന്നോ മ്യൂസിയത്തിൽ വച്ചിട്ട്.. ”
ആ ചോദ്യം കേട്ടിട്ട് അമ്മ അരികിൽ നിൽക്കുന്നതിനാൽ ആതിര ഒന്ന് പകച്ചു..
” ആ.. ആ… പോയാരുന്നു… എന്തെ ”
പ്രതീക്ഷിച്ച മറുപടി ആയിരുന്നു.
” ടീ നീ റൂമിൽ പോയിട്ട് നിന്റെ ഫോൺ എടുത്തേ ഞാൻ അതിൽ വീഡിയോ കോളിൽ വരാം.. ഒരു കാര്യം ഉണ്ട്.. ”
അത്രയും പറഞ്ഞു കോൾ കട്ട് ആക്കി അശ്വിൻ പോയ ഭാഗത്തേക്ക് ഓടി അശ്വതി. ആ സമയം ഒന്നും മനസ്സിലാകാതെ അല്പ സമയം നിന്ന ശേഷം ആതിരയും പതിയെ റൂമിലേക്ക് പോയി. പാർക്കിങ്ങിൽ തന്റെ ബൈക്കിലേക്ക് കയറി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുകയായിരുന്നു അശ്വിൻ അപ്പോൾ.
” അശ്വിൻ ഒരു മിനിറ്റ്.. ഒന്ന് നിന്നെ.. ”
പിന്നാലെ ഓടിയെത്തിയ അശ്വതിയെ കാൺകെ വീണ്ടും കലി കയറി അവന്
” അശ്വതി എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല.. നിന്നെ പോലെ അഴിഞ്ഞാടി നടക്കുന്ന ഒരുവളുമായി ഇനി ഒരു ബന്ധത്തിനും താത്പര്യം ഇല്ല എനിക്ക്.. കഴിഞ്ഞത് കഴിഞ്ഞു.. ”
അത്രയും പറഞ്ഞു വെറുപ്പോടെ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപോഴേക്കും കുറുകെ കയറി നിന്നു അശ്വതി.
” നീയുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ വന്നതല്ല ഞാൻ. ആത്മാർത്ഥ പ്രണയമായിരുന്നല്ലോ.. എന്നിട്ടും ഞാൻ പറയുന്നത് എന്താണെന്ന് കേൾക്കാനോ മനസ്സിലാക്കാനോ നീ ശ്രമിച്ചില്ല. സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയത് കൊണ്ട് മാത്രം പിന്നാലെ വന്നതാണ്. ഒരു നിമിഷം ഞാൻ ഒരു കാര്യം കാട്ടിത്തരാം.. അത് കണ്ടിട്ട് നീ പൊയ്ക്കോ. ”
അത്രയും പറഞ്ഞു കൊണ്ട് വാട്ട്സാപ്പിൽ ആതിരയെ വീഡിയോ കോൾ ചെയ്തു അശ്വതി. നിമിഷങ്ങൾക്കകം കോൾ അറ്റന്റ് ചെയ്യപ്പെട്ടു. ഫോണിൽ ആതിരയെ കണ്ടിട്ട് ഒരു നിമിഷം അന്ധാളിച്ചു പോയി അശ്വിൻ. കാണുവാൻ അശ്വതിയെ പോലെ തന്നെയായിരുന്നു ആതിരയും. അതോടെ അവൻ മനസിലാക്കി അവർ രണ്ട് പേരും ഇരട്ടകൾ ആണ്.
” എന്താ അശ്വതി.. ഇതാരാ.. ”
അശ്വിനെ കണ്ട് ആതിരയും സംശയിച്ചു.
” ഏയ് ഒന്നുല്ലടാ.. ഇവന് നിന്നെ ഒന്ന് പരിചയപ്പെടുത്തിയതാ ഞാൻ വിളിക്കാം പിന്നീട്.. അന്നേരം പറയാം എല്ലാം ”
അത്രയും പറഞ്ഞു കൊണ്ട് അശ്വതി കോൾ കട്ട് ചെയ്ത് തിരിയുമ്പോൾ പരുങ്ങലോടെ നിൽക്കുകയായിരുന്നു അശ്വിൻ. അത് കണ്ടിട്ട് ചെറുതായൊന്നു പുഞ്ചിരിച്ചു അവൾ.
” എന്താ അശ്വിൻ.. വിശ്വാസം വരുന്നില്ലേ.. നീ കണ്ടത് ആതിരയെ ആണ് എന്റെ ട്വിൻ സിസ്റ്റർ. ഞങ്ങൾ ഇരട്ടകൾ ആണെന്നുള്ളത് ഞാൻ നിന്നോട് പറഞ്ഞില്ല. അതൊരു സസ്പെൻസ് ആയി വച്ചിരുന്നതാ.. ബട്ട് അപ്പോഴേക്കും നീ.. ”
അവളുടെ തൊണ്ടയിടറുമ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി അശ്വിൻ
” അശ്വതി എനിക്ക് അറിയില്ലായിരുന്നു. കണ്ടാൽ നിന്നെ പോലെ തന്നെ അല്ലെ അതാ ഞാൻ. ”
കുറ്റബോധത്തോടെയുള്ള അവന്റെ വാക്കുകൾ കേട്ട് പുച്ഛത്തോടെ ഒന്ന് നോക്കി അശ്വതി.
” എന്നെ നീ കണ്ട് അറിഞ്ഞു തുടങ്ങിയത് ഇന്നോ ഇന്നലെയോ ആണോ.. അങ്ങിനൊന്നു നീ കണ്ടെങ്കിൽ അന്നേരം നിനക്ക് പ്രതികരിക്കാമായിരുന്നു. അല്ലെങ്കിൽ എന്നോട് ചോദിക്കുമ്പോൾ എനിക്ക് പറയാൻ ഉള്ളത് കേൾക്കാനുള്ള മനസ്സ് കാണിക്കാമായിരുന്നു.
ഇതൊന്നും നീ ചെയ്തില്ല. മറിച്ചു എന്നെ നീ അപ്പോഴേ മോശക്കാരി ആക്കി. ഇനീപ്പോ അത് അങ്ങിനെ തന്നെ ഇരിക്കട്ടെ.. എന്നെ അത്രക്ക് വിശ്വാസക്കുറവുള്ള നിന്നോടൊപ്പം തുടരാൻ എനിക്കും താത്പര്യം ഇല്ല അപ്പോൾ ശെരി ഞാൻ പോണു..”
ഇത്രയും പറഞ്ഞു അശ്വതി തിരിഞ്ഞു നടക്കുമ്പോൾ ഇത്തവണ അശ്വിൻ പിന്നാലെ ചെന്നു
” എടോ.. എന്നോട് ക്ഷമിക്ക് അറിയാതെ പറ്റിയത് അല്ലെ.. ”
” ഇല്ല അശ്വിൻ.. എന്നെ നീ നല്ലത് പോലെ മനസിലാക്കിയിരുന്നു എങ്കിൽ കണ്ട പാടെ ഇതുപോലെ നീ പെരുമാറില്ലായിരുന്നു. ഇനീപ്പോ കഴിഞ്ഞത് കഴിഞ്ഞു.. ബൈ.. ഇനിയും പിന്നാലെ വന്നാൽ അത് നിനക്ക് നാണക്കേട് ആയേക്കും.. ”
ആ മറുപടി കേൾക്കെ പിന്നാലെ ചെന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കി അശ്വിൻ പതിയെ നിന്നു. അശ്വതിയുടെ ഉള്ളിലെ ദേഷ്യം അടങ്ങിയിട്ട് സംസാരിക്കുന്നതാണ് നല്ലത് എന്ന് അവൻ മനസ്സിലാക്കി. അപ്പോഴേക്കും അശ്വതിയുടെ ഫോണിൽ വീണ്ടും ആതിരയുടെ കോൾ വന്നു
” എന്താ അശ്വതി ആരാ അത്.. എന്തിനാ അവനു എന്നെ പരിചയപ്പെടുത്തിയെ.. ”
കോൾ എടുത്തപാടെ ആതിരയുടെ ചറപറാ ഉള്ള ചോദ്യങ്ങൾ കേട്ട് പുഞ്ചിരിച്ചു പോയി അശ്വതി.
” പറയാം കൊച്ചേ ഞാൻ അങ്ങ് വന്നോട്ടെ വീട്ടിൽ.. എന്തായാലും വന്ന പാടെ ആരും അറിയാതെ ചേട്ടനെ പോയി കണ്ടിട്ട് ഒരു ലിപ് ലോക്ക് അങ്ങ് അടിച്ചു അല്ലെ.. കൊച്ചു കള്ളി ”
” ങേ.. അ.. അത്… അതെങ്ങിനെ നീ അറിഞ്ഞു”
ചെറിയൊരു ചമ്മലോടെ ആതിര പതറുമ്പോൾ അശ്വതിയുടെ പുഞ്ചിരി പൊട്ടിച്ചിരിയായി..
“ഞാൻ അങ്ങ് എത്തും ഇപ്പോൾ എന്നിട്ട് പറയാം..”
കോൾ കട്ട് ചെയ്ത് മുന്നിലേക്ക് നടക്കുമ്പോൾ പുഞ്ചിരിക്കിടയിലും ഒരു നോവ് തോന്നാത്തിരുന്നില്ല അശ്വതിക്ക്..