(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“ഹാപ്പി ബർത്ത് ഡേ ടീച്ചർ ”
കുട്ടികൾ ഒന്നിച്ചു അലറി വിളിക്കുമ്പോൾ കോളേജിലെ ക്ലാസ്സ് മുറിയിലേക്കു ചെന്നു കയറിയ ഇന്ദു അക്ഷരാർത്ഥത്തിൽ ഒന്ന് ഞെട്ടിപ്പോയി. ജന്മദിനത്തിൽ തങ്ങളുടെ പ്രിയ ടീച്ചർക്ക് ആയി വിദ്യാർത്ഥികൾ ഒരുക്കിയ സർപ്രൈസ് അത്രത്തോളം വലുതായിരുന്നു.
ബലൂണും തോരണങ്ങളും കൊണ്ട് ക്ലാസ്സ് മുറി അത്രത്തോളം അലങ്കരിച്ചിരുന്നു അവർ. വിദ്യാർത്ഥികൾക്ക് തന്നോടുള്ള സ്നേഹമോർത്ത് ഒരു നിമിഷം മിഴിനീർ പൊഴിച്ച് പോയി ഇന്ദു.
” അയ്യേ.. നല്ലൊരു ദിവസമായിട്ട് ടീച്ചർ കരയുവാണോ… വന്നേ നമുക്ക് കേക്ക് കട്ട് ചെയ്യാം.. ”
കയ്യിൽ വലിയൊരു കേക്കുമായാണ് അഭിഷേക് എത്തിയത്.
” ആഹാ എനിക്ക് അറിയാരുന്നു നീയാകും ഇതിനൊക്കെ മുന്നിൽ നിന്നിട്ടുണ്ടാവുക എന്ന് ”
സന്തോഷത്തോടെ അവന്റെ മുടിയിഴകളിൽ ഒന്ന് തലോടി ഇന്ദു.
” ഞാൻ മാത്രമല്ല ടീച്ചറേ.. ദേ കിരണും ഉണ്ട്. ”
കിരണിനെ കൂടി കാൺകെ ഇന്ദുവിനു വല്ലാത്ത സന്തോഷം തോന്നി. കോളേജിലെ എല്ലാ വിദ്യാർത്ഥികളും അവൾക്ക് പ്രിയപ്പെട്ടവർ ആണെങ്കിലും അതിൽ തന്നെ അഭിഷേകും കിരണും വളരെയേറെ പ്രിയപ്പെട്ടവർ ആണ്. വല്യ ആഘോഷമായി തന്നെ കേക്ക് കട്ടിങ് നടന്നു.
കുട്ടികളുടെ വക അനേകം സമ്മാനങ്ങൾ ലഭിച്ചു ഇന്ദുവിന്. കേക്ക് മാത്രമായിരുന്നില്ല വിദ്യാർത്ഥികളുടെ വകയായി പായസ വിതരണവും ഉണ്ടായിരുന്നു. എല്ലാം കൊണ്ടും ഏറെ സന്തോഷവതിയായി ഇന്ദു. ഒരു ടീച്ചർ എന്ന നിലയിൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വിധം ഒരു മനോഹര ദിവസമാണ് കുട്ടികൾ അവൾക്കായി നൽകിയത്.
” ഇന്ദു ടീച്ചറോട് കുട്ടികൾക്ക് ഒരു പ്രത്യേക സ്നേഹം തന്നെയാണല്ലേ.. ”
“അതുപിന്നെ അങ്ങനല്ലേ ടീച്ചർ കുട്ടികളോട് ഇടപഴകുന്നേ.. ”
കോളേജിലെ അന്നത്തെ പ്രധാന ചർച്ചാ വിഷയം തന്നെ ആ ബർത്ത് ഡേ ആഘോഷമായിരുന്നു.
” ടീച്ചറെ.. ആഘോഷം തീർന്നിട്ടില്ല കേട്ടോ.. എന്റെയും കിരണിന്റെയും വക ഒരു സർപ്രൈസ് കൂടി ഉണ്ട് ടീച്ചർക്ക്. ഉച്ച കഴിഞ്ഞിട്ട് ആ ലൈബ്രറിക്ക് പിന്നിലെ പണി നടക്കുന്ന ബിൽഡിങ്ങിൽ ഒന്ന് വരണേ ടീച്ചർ.. ”
ലഞ്ച് ബ്രേക്ക് സമയത്ത് അഭിഷേക് പിന്നാലെ പറഞ്ഞത് കേട്ട് വീണ്ടും അതിശയിച്ചു ഇന്ദു.
” എന്തുവാടാ.. എന്താ ഇനിയും സർപ്രൈസ്.. ”
സംശയത്തോടെ അവൾ നോക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു അഭിഷേക്
” അതൊക്കെ ടീച്ചറെ വന്ന് നോക്ക്.. അന്നേരം കാണാം.. ”
അത്രയും പറഞ്ഞ് കൊണ്ട് അവൻ തിരികെ പോകുമ്പോൾ ഏറെ സന്തോഷിച്ചു ഇന്ദു. തിരികെ സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ വല്ലാത്ത ക്ഷീണം തോന്നി അവൾക്ക്.
” ടീച്ചറും കുട്ടികളും ആണല്ലോ ഇന്നത്തെ താരങ്ങൾ.. പിള്ളേര് പൊളിച്ചു കേട്ടോ.. ”
മറ്റു ടീച്ചർ മാരുടെ കമന്റ് കേട്ട് പുഞ്ചിരിയോടെ തന്റെ ഡെസ്കിൽ ഇരുന്നു ഇന്ദു.
“അങ്ങട് മനസ്സ് അറിഞ്ഞു ഒന്ന് സ്നേഹിച്ചാൽ മതി അവര് നമുക്ക് വേണ്ടി എന്തും ചെയ്യും.. ”
മറുപടി പറയുമ്പോൾ വല്ലാത്ത അഭിമാനം തോന്നി അവൾക്ക്. ശേഷം അടുത്തിരുന്ന ഗീത ടീച്ചർക്ക് നേരെ തിരിഞ്ഞു.
” കുട്ട്യോള് കൊണ്ട് വന്ന പായസം കുറെയങ്ങ് കുടിച്ചു ഇപ്പോ ആകെ മത്ത് കേറി നല്ല ഉറക്കം വരുന്നുണ്ട്. ഞാൻ ഇച്ചിരിയൊന്ന് മയങ്ങട്ടെ.. ബ്രേക്ക് കഴിയുമ്പോ ഒന്ന് വിളിച്ചേക്കണേ ടീച്ചറേ കുട്ടികളുടെ വക ഉച്ച കഴിഞ്ഞു ഇനിയും എന്തോ സർപ്രൈസ് ഉണ്ടെന്ന് പറയുന്നുണ്ട് ”
” ആഹാ അത് കലക്കിയല്ലോ.. ടീച്ചർ റെസ്റ്റ് എടുത്തോ ഞാൻ വിളിച്ചേക്കാം ”
ഗീത ടീച്ചറുടെ മറുപടി കേട്ടുകൊണ്ട് പതിയെ ഡെസ്കിലേക്ക് ചാഞ്ഞു ഇന്ദു. സമയം പിന്നെയും നീങ്ങി.
“ടീച്ചറേ.. ബ്രേക്ക് കഴിഞ്ഞു കേട്ടോ.. ”
ഗീത ടീച്ചർ വിളിക്കുമ്പോൾ ഞെട്ടിയുണർന്നു ഇന്ദു. ബ്രേക്ക് സമയം കഴിഞ്ഞു. ടീച്ചേഴ്‌സ് വീണ്ടും ക്ലാസ്സുകളിലേക്ക് പോയി തുടങ്ങിയിരുന്നു.
ഇന്ദുവും പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. അഭിഷേക് പറഞ്ഞ പ്രകാരം ലൈബ്രറിക്ക് പിന്നിലെ ആ ബിൽഡിംഗ് ലക്ഷ്യമാക്കി.
” സർപ്രൈസിന് മുന്നേ ഈ ബർത്ത് ഡേ സ്പെഷ്യൽ ജ്യൂസ് അങ്ങ് കുടിച്ചേ ടീച്ചർ
കിരൺ വച്ചു നീട്ടിയ ആ ജ്യൂസ് സ്നേഹത്തോടെ വാങ്ങി ഇന്ദു. ലൈബ്രറിക്ക് പിന്നിൽ ആളൊഴിഞ്ഞ ഒരു ഭാഗമായിരുന്നു അത്. പണികൾ നടക്കുന്ന ബിൽഡിംഗ് ആയതിനാൽ ആ ഭാഗത്തേക്ക് ആരും പോകാറില്ല. അന്നത്തെ ദിവസം ജോലിക്കാരും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ ഏറെ വിജനമായിരുന്നു അവിടം.
ജ്യൂസ് കുടിച്ച് കൊണ്ട് പതിയെ ഒരു ക്ലാസ്സ് മുറിയിലേക്ക് കയറി ഇന്ദു. പിന്നെ പതിയെ പതിയെ കണ്ണുകളിലേക്ക് ഇരുട്ട് കയറി.. കാഴ്ച മങ്ങി…
” ടീച്ചറെ.. ഞങ്ങളോട് ക്ഷമിക്ക് ഏറെ നാളത്തെ ആഗ്രഹമാണ് ഇത്.. ”
കാതുകളിൽ മുഴങ്ങിയ ആ വാക്കുകൾ ആണ് ഇന്ദുവിനെ വീണ്ടും സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. മിഴികൾ തുറക്കുമ്പോൾ കൺപോളകൾക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു അവൾക്ക്. ഒപ്പം തല പൊട്ടിപ്പൊളിയുന്ന വേദനയും.
താനെവിടെയാണ് എന്ന് പോലും ഒരു നിമിഷം ഓർത്തെടുക്കാൻ കഴിയാതെ കിടന്നു അവൾ. അല്പസമയം അങ്ങിനെ കിടക്കുമ്പോൾ പതിയെ പതിയെ കഴിഞ്ഞ കുറച്ചു നിമിഷങ്ങളിൽ നടന്നതൊക്കെയും ഇന്ദുവിന്റെ ഓർമകളിൽ തെളിഞ്ഞു തുടങ്ങി.
” ടീച്ചറെ.. ആഘോഷം തീർന്നിട്ടില്ല കേട്ടോ.. എന്റെയും കിരണിന്റെയും വക ഒരു സർപ്രൈസ് കൂടി ഉണ്ട് ടീച്ചർക്ക്. ഉച്ച കഴിഞ്ഞിട്ട് ആ ലൈബ്രറിക്ക് പിന്നിലെ പണി നടക്കുന്ന ബിൽഡിങ്ങിൽ ഒന്ന് വരണേ ടീച്ചർ.. ”
അഭിഷേകിന്റെ ആ വാക്കുകൾ ആണ് അവൾ ആദ്യം ഓർത്തെടുത്തത്. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ അവൾ മനസ്സിലാക്കി.
‘ ശെരിയാണ് താനിപ്പോൾ കോളേജ് ലൈബ്രറിക്കു പിന്നിൽ പുതിയതായി പണി നടക്കുന്ന ആ ബിൽഡിങ്ങിലെ ഒരു ക്ലാസ്സ് മുറിയിൽ നിലത്തു കിടക്കുകയാണ്. ചാടിയെഴുന്നേൽക്കുവാൻ തുനിയവേയാണ് താൻ പൂർണ്ണ നഗ്നയാണ് എന്ന ആ നടുക്കുന്ന സത്യം ഇന്ദു മനസിലാക്കുന്നത്.
” ദൈവമേ.. ”
അവളുടെ മിഴികൾ തുറിച്ചു. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. ആകെ നടുങ്ങി തരിച്ചു പോയി. നടുക്കം വിട്ടകന്ന് സ്വബോധം വീണ്ടെടുക്കവേ ഇരു കൈകളാൽ തന്റെ നഗ്നത മറച്ചു കൊണ്ട് വെപ്രാളത്തിൽ ചുറ്റും പരതി നോക്കി അവൾ.
‘ഇതെന്താണ് സംഭവിച്ചത്’
ഉത്തരം കിട്ടാത്ത ആ ചോദ്യം അവളെ കുഴപ്പിച്ചു
മുറിയിൽ ഒരു ഓരത്തായി കിടക്കുന്ന തന്റെ വസ്ത്രങ്ങൾ അപ്പോഴാണ് ഇന്ദുവിന്റെ ശ്രദ്ധയിൽ പെട്ടത്.
വെപ്രാളത്തിൽ എഴുന്നേറ്റ് ആ വസ്ത്രങ്ങൾ എടുത്തണിഞ്ഞു അവൾ . മിഴികൾ നിറഞ്ഞു തുളുമ്പവെ തനിക്കെന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കുവാനുള്ള ശ്രമത്തിലായിരുന്നു അവൾ. ഓർമകളിൽ അപ്പോൾ പലതും തെളിഞ്ഞു തുടങ്ങി.
അഭിഷേക് പറഞ്ഞത് പ്രകാരം ഉച്ച കഴിഞ്ഞു താൻ പണി നടക്കുന്ന ആ പുതിയ ബിൽഡിങ്ങിൽ എത്തി. അവിടെ അഭിഷേകിനൊപ്പം കിരണും ഉണ്ടായിരുന്നു. ബർത്ത് ഡേ സ്പെഷ്യൽ എന്നും പറഞ്ഞു അവർ ആദ്യം വച്ചു നീട്ടിയ ആ ജ്യൂസ് താൻ സന്തോഷത്തോടെ കുടിച്ചു. പിന്നെ ഒന്നും ഓർമ ഇല്ല.. ‘
പതിയെ വേച്ചു വേച്ചു മുന്നിലേക്ക് നടക്കവേ ശരീരം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു ഇന്ദുവിന്. ആ സാഹചര്യവും ശാരീരികമായി തനിക്കു അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ഒക്കെയും ചേർത്തു വായിക്കവേ ഒന്നുറപ്പിച്ചു അവൾ. താൻ ക്രൂരമായ പീഡനത്തിനിരയായിരിക്കുന്നു.
“ദൈവമേ.. അഭിഷേകും കിരണും.. ”
നടുക്കത്തോടെയാണ് ഇന്ദു ആ സത്യം മനസ്സിലാക്കിയത്.
‘അത്രയേറെ സ്നേഹിച്ച തന്റെ വിദ്യാർത്ഥികൾ….’
എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു അവൾ.
‘കോളേജിലെ തനിക്കേറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികളായ അവരാണോ തന്നോട് ഇത് ചെയ്തത്… അപ്പോൾ ആ പറഞ്ഞ സർപ്രൈസ്.. അതൊരു ചതിയായിരുന്നോ.. ‘
ഉള്ളു നുറുങ്ങുന്ന വേദനയിൽ അല്പസമയം അങ്ങിനെ നിന്നു ഇന്ദു. എന്നാൽ പെട്ടെന്ന് സ്ഥലകാല ബോധം വീണ്ടെടുക്കവേ എത്രയും വേഗം അവിടെ നിന്നും പോകണം എന്ന് ഉറപ്പിച്ചു. വസ്ത്രങ്ങൾ വേഗത്തിൽ ശെരിയാക്കി അഴിഞ്ഞു കിടന്നിരുന്ന തലമുടി വൃത്തിയിൽ ചീകിയൊതുക്കി വേഗം മുറിയുടെ പുറത്തേക്കിറങ്ങി അവൾ. വേച്ചു വേച്ച് പുറത്തേക്ക് നടക്കവേയാണ് നടുക്കുന്ന ആ കാഴ്ച ഇന്ദു കണ്ടത്.
തൊട്ടടുത്ത മുറിയിൽ ബോധ രഹിതരായി കിടക്കുകയായിരുന്നു കിരണും അഭിഷേകും. അർദ്ധ നഗ്നരായ അവർക്കരികിലേക്ക് ചെല്ലുമ്പോൾ തന്നെ അവൾ മനസിലാക്കി ലഹരി മരുന്നിനടിമപ്പെട്ട് ബോധം മറഞ്ഞു കിടക്കുകയാണവർ.
‘ചതിച്ചല്ലോ ഭഗവാനെ.. ഒരു ടീച്ചറിനോട് ചെയ്യാൻ പാടില്ലാത്തതാണ് ഇവർ തന്നോട് ചെയ്തിരിക്കുന്നത്.. അതും ലഹരിക്ക് അടിമപ്പെട്ടിട്ട് ‘
ഉള്ളു നുറുങ്ങുന്ന വേദനയിൽ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല അവൾ .. വേഗത്തിൽ സ്റ്റാഫ് റൂമിൽ തിരികെ എത്തി എത്തി നേരെ ബാത്‌റൂമിലേക്ക് കയറി വാതിൽ അടച്ചു. പൈപ്പിൽ നിന്നു കൈകുമ്പിളിൽ വെള്ളമെടുത്ത് മുഖത്തേക്കൊഴിക്കുമ്പോൾ സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞു പോയി ഇന്ദു.
അഭിഷേകിന്റെയും കിരണിന്റെയും ഭാഗത്തു നിന്നും അങ്ങനൊരു ചതി അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. അവിവാഹിതയായ തനിക്ക് സംഭവിച്ച ഈ ഒരു ചതി മറ്റാരും അറിയാതെ സൂക്ഷിക്കുക എന്നതായിരുന്നു പിന്നെ അവളുടെ മനസ്സിലെ ഏക ചിന്ത. അതിനാൽ തന്നെ സുഖമില്ല എന്ന് പറഞ്ഞു ഹാഫ് ഡേ ലീവ് എടുക്കാൻ തന്നെ തീരുമാനിച്ചാണ് ഇന്ദു ബാത്‌റൂമിൽ നിന്നും പുറത്തേക്കിറങ്ങിയത്.
” എന്താ ടീച്ചറെ.. കണ്ടിട്ട് ആകെ ഒരുമാതിരി വയ്യാത്ത പോലെ.. എന്തേലും പ്രശ്നം ഉണ്ടോ.. ”
സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്ന ഗീത ടീച്ചർ സംശയത്തോടെ നോക്കുമ്പോൾ ഒന്ന് പരുങ്ങി ഇന്ദു.
” ഏ.. ഏയ്.. പ്രത്യേകിച്ച് ഒന്നുല്ല ടീച്ചറെ.. ആകെ ഒരു ക്ഷീണം ഒരു തലവേദന.. ഹാഫ് ഡേ ലീവ് എടുത്തു വീട്ടിലേക്ക് പോകുവാ ഞാൻ.. ”
ഇന്ദുവിന്റെ പരുങ്ങളും അവളുടെ രൂപവും ഒക്കെ കൂടി ശ്രദ്ധിച്ചപ്പോൾ ഗീത ടീച്ചറുടെ ഉള്ളിൽ സംശയം ഉടലെടുത്തു. ഇന്ദുവിന്റെ ചുണ്ട് മുറിഞ്ഞിരിക്കുന്നത് അപ്പോഴാണ് അവർ ശ്രദ്ധിച്ചത്. അതോടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ഉറപ്പിച്ചു അവർ.
” ടീച്ചറെ സത്യം പറയ് എന്താ പറ്റിയെ .. കുട്ടികളുടെ വക എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞാണ് ടീച്ചർ പോയത്. പക്ഷെ ക്ലാസ്സിൽ ആയിരുന്നില്ല നിങ്ങൾ.. ഇപ്പോൾ ഈ തിരിച്ചു വന്ന കോലം കാൺകെ അരുതാത്തത് എന്തോ സംഭവിച്ചു എന്ന് തോന്നുന്നു.. ഉള്ളത് തുറന്ന് പറയ് ”
ഗീത ടീച്ചറുടെ മുന്നിൽ പിന്നെ അധികം പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല ഇന്ദുവിന്. പൊട്ടിക്കരഞ്ഞു പോയി അവൾ. ഇന്ദു പറഞ്ഞത് ഒക്കെയും കേട്ട് ഗീതയും നടുങ്ങി തരിച്ചു പോയി.
” ഭഗവാനെ.. ആ കുട്ടികൾ ടീച്ചറിനെ…… ”
ഒരു നിമിഷം അന്ധാളിച്ചു നിന്നു അവർ..
” ഇത് വെറുതെ വിട്ടു കൂടാ.. ഇപ്പോ തന്നെ പ്രിൻസിപ്പലിനോട് പറയണം പോലീസിൽ അറിയിക്കണം.. അവർക്ക് ശിക്ഷ കിട്ടണം ടീച്ചർ ധൈര്യമായി ഇരിക്ക് ഞങ്ങൾ ഉണ്ട് ഒപ്പം.. ”
അത്രയും പറഞ്ഞു കൊണ്ട് ഗീത ടീച്ചർ നേരെ പുറത്തേക്ക് ഓടി. അത് കണ്ട് അന്ധാളിച്ചു പോയി ഇന്ദു.
” ടീച്ചറെ.. ഒന്ന് നിൽക്കു.. പ്ലീസ്.. ആരും ഒന്നും അറിയരുത് പ്ലീസ്… ടീച്ചറേ…”
ഉറക്കെ അലറി വിളിച്ചു അവൾ ..
” ടീച്ചറെ.. ഒന്ന് നിൽക്കു പ്ലീസ്.. ”
വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു ഇന്ദു. അത് കേട്ട് ഒന്നും മനസ്സിലാകാതെ മറ്റു അദ്ധ്യാപകർ പരസ്പരം നോക്കി..
” ഇന്ദു ടീച്ചറെ… ടീച്ചറെ.. എന്താ പറ്റിയെ.. എണീറ്റെ. ”
ഗീത ടീച്ചർ തട്ടി വിളിക്കുമ്പോൾ ആണ് ഇന്ദു പെട്ടെന്ന് ഞെട്ടി ഉണർന്നത്. ഉണർന്ന പാടെ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ഒരു നിമിഷം അന്ധാളിച്ചു ചുറ്റും നോക്കി അവൾ.
” എന്താ ടീച്ചറെ.. എന്താ ഉറക്കത്തിൽ കിടന്ന് വിളിച്ചു കൂവുന്നേ.. എന്തേലും സ്വപ്നം കണ്ടോ.. ”
ആ ചോദ്യം കേൾക്കെ ആണ് പതിയെ പതിയെ സ്വബോധത്തിലേക്ക് തിരികെ വന്നത് അവൾ. വെപ്രാളത്തിൽ തന്നെ സ്വയം ഒന്ന് നിരീക്ഷിച്ചു അവൾ.
‘ ഇല്ല.. ഒന്നും സംഭവിച്ചിട്ടില്ല.. താൻ ഇപ്പോൾ സ്റ്റാഫ് മുറിയിൽ ആണ്. ശെരിയാണ്.. ക്ഷീണം കാരണം അല്പസമയം ഉറങ്ങാൻ കിടന്നതാണ് താൻ. ‘
അതോടെ അവൾ മനസിലാക്കി താൻ കണ്ട ഒരു സ്വപ്നമായിരുന്നു എല്ലാം. ലഞ്ച് ബ്രേക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല..
” ടീച്ചറു പായസം മുഴുവൻ ഒറ്റ ഇരിപ്പിനു കുടിച്ചു മത്ത് കേറി ഉറങ്ങി പോയതാ അതാണ് ഈ സ്വപ്നം ഒക്കെ കണ്ടത്. ”
അദ്ധ്യാപകരിൽ ആരോ പറയുമ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു പോയി..
അതോടെ ജാള്യതയോടെ മുഖം കുനിച്ചു ഇന്ദു.
” എന്താ ടീച്ചറെ.. പേടിപ്പിക്കുന്ന വല്ല സ്വപ്നവും ആയിരുന്നോ ”
ചോദ്യങ്ങൾ വീണ്ടും ഉയർന്നെങ്കിലും മറുപടി പറഞ്ഞില്ല അവൾ. കണ്ട സ്വപ്നത്തിന്റെ തീവ്രത അത്രത്തോളം അവളെ ഞെട്ടിച്ചു.
” ടീച്ചറെ… ”
ആ ശബ്ദം കേട്ട് വാതുക്കലേക്ക് നോക്കുമ്പോൾ അഭിഷേക് ആയിരുന്നു അത്. അവനെ കണ്ട് ഇന്ദുവിന്റെ നെറ്റി ചുളിഞ്ഞു.
” ടീച്ചറെ.. ഒന്ന് വാ ലൈബ്രറിക്ക് പിന്നിലെ ബിൽഡിങ്ങിൽ.. ഒരു സർപ്രൈസ് ഉണ്ട്.. ”
കണ്ട സ്വപ്നത്തിന്റെ ഭീകരതയിൽ അഭിഷേക് പറഞ്ഞത് കേട്ട് വീണ്ടും ഉള്ളാലെ ഒന്ന് നടുങ്ങി ഇന്ദു.
‘താൻ ഇനി ടൈം ട്രാവൽ ചെയ്ത് പോയതാണോ.. അങ്ങിനെയെങ്കിൽ
സ്വപ്നമായി കണ്ടത് ഒക്കെയും ആവർത്തിക്കുമോ ‘
വീണ്ടും അവളെ ഭയം കീഴടക്കിയിരുന്നു. പക്ഷെ ഒക്കെയും വെറും സ്വപ്നം ആയിരുന്നു എന്ന് മനസ്സിലാക്കുവാൻ നിമിഷങ്ങൾ മതിയായിരുന്നു. കാരണം അഭിഷേക് ഒറ്റക്ക് ആയിരുന്നില്ല. ആൺകുട്ടികളും പെൺകുട്ടികളും അടക്കം ക്ലാസ്സിലെ മറ്റു കുട്ടികളും അവന് പിന്നാലെ ഉണ്ടായിരുന്നു. അതോടെ തന്റെ തെറ്റായ തോന്നലുകളും ഭയങ്ങളും എല്ലാം തിരിച്ചറിഞ്ഞു ഇന്ദു.
‘ ശ്ശേ.. പാവം കുട്ടികളെ വെറുതെ… ‘
ആ നിമിഷം ഒരു കുറ്റബോധം ഉള്ളിൽ തോന്നാത്തിരുന്നില്ല അവൾക്ക്.
“ടീച്ചറേ.. ഇതെന്ത് ആലോചിച്ചിരിക്കുവാ ഒന്ന് വന്നേ.. ”
കുട്ടികളുടെ ക്ഷമ നശിച്ചു.
” ഞാ.. ഞാൻ ഇപ്പോൾ വരാം ഒന്ന് മുഖം കഴുകട്ടെ ”
വേഗത്തിൽ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി ഇന്ദു.
പണി നടക്കുന്ന ആ ബിൽഡിങ്ങിൽ ഒരു മുറിയുടെ നിലത്ത് കളർ പൊടികൾ കൊണ്ട് ഇന്ദുവിന്റെ ഒരു വലിയ ചിത്രം.. അതായിരുന്നു അഭിഷേകും കിരണും തങ്ങളുടെ പ്രിയപ്പെട്ട ടീച്ചർക്കായി ഒരുക്കിയ സർപ്രൈസ്.
അത് കണ്ട് അതിശയിച്ചു നിന്നു പോയെങ്കിലും പെട്ടെന്ന് അറിയാതെ പൊട്ടിക്കരഞ്ഞു പോയി ഇന്ദു. എല്ലാവരും അത് സന്തോഷാശ്രുക്കളായി കണ്ടപ്പോൾ സ്വപ്നത്തിൽ ആണെങ്കിൽ പോലും ഇത്രയും സ്നേഹമുള്ള കുട്ടികളെ പറ്റി തെറ്റായി ചിന്തിക്കേണ്ടി വന്നതിൽ ഉള്ള കുറ്റബോധമായിരുന്നു ആ കണ്ണുനീർ..
മിഴികൾ തുടച്ചു തുടച്ചു കൊണ്ട് കിരണിനെയും അഭിഷേനിനെയും അരികിലേക്ക് വിളിച്ചു ഇന്ദു. തന്റെ ഇരു വശത്തും അവരെ ചേർത്തു നിർത്തി സ്നേഹത്തോടെ തലോടി കൊണ്ട് അറിയാതെ ആണേലും താൻ മനസ്സിൽ ചിന്തിച്ചു കൂട്ടിയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്തു അവൾ.