(രചന: പ്രജിത്ത് സുരേന്ദ്ര ബാബു)
” ഏട്ടാ.. കുറച്ചു ദിവസമായുള്ള വൈഗ മോളുടെ പെരുമാറ്റത്തിൽ എന്തേലും മാറ്റം തോന്നുന്നുണ്ടോ.. ”
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അഖിലയുടെ ചോദ്യം കേട്ട് വിഷ്ണു സംശയത്തോടെ അവളെ നോക്കി.
” എന്ത് മാറ്റം. നാല് വയസ്സ് മാത്രം പ്രായമുള്ള അവൾക്ക് എന്ത് മാറ്റം വരാനാണ്. ”
“അങ്ങിനെ ചോദിച്ചാൽ ഡ്രസ്സ് മാറ്റാൻ നേരം മോള് എന്തോ ഒരു വല്ലായ്മ കാണിക്കുന്നുണ്ട്.
അതിപ്പോ സ്കൂളിൽ പോയിട്ട് വരുമ്പോഴായാലും കുളിപ്പിച്ച ശേഷം ആയാലും ഡ്രസ്സ് മാറ്റുന്നത് അവൾ ഇഷ്ടപ്പെടുന്നില്ല.. എന്തൊക്കെയോ പറയുന്നുണ്ട് അവൾ. പക്ഷെ ഒന്നും അത്ര വ്യക്തമല്ല.”
അഖിലയുടെ വിശദീകരണം കേട്ടിട്ട് വിഷ്ണുവിന്റെ നെറ്റി ചുളിഞ്ഞു.
” എന്തുവാ അഖിലേ നീ ഈ പറയുന്നേ.. കാര്യം ഒന്ന് വ്യക്തമായി പറയ് ”
അവന്റെ ചോദ്യം കേട്ടിട്ടും ഒരു നിമിഷം അഖില മൗനമായി. ആ സമയം പല പല ചിന്തകൾ അവളുടെ മനസ്സിലൂടെ പാഞ്ഞു. അവളിലെ നിശബ്ദത വിഷ്ണുവിനെ ദേഷ്യം പിടിപ്പിച്ചു.
” പൊന്ന് അഖിലേ നീ കാര്യം പറയ് മനുഷ്യനെ ചുമ്മാ വട്ട് പിടിപ്പിക്കാതെ ”
” അത്.. ഏട്ടാ ഈ അടുത്ത് ഒരു ദിവസം ഞാൻ മോളെ കുളിപ്പിച്ച ശേഷം ചേർത്ത് നിർത്തി ശരീരം തുടച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ ഇടുപ്പിന് താഴെ ഭാഗം തുടയ്ക്കാൻ തുടങ്ങിയതും ‘അവിടെ ഉമ്മം വയ്ക്കല്ലേ അമ്മേ മോൾക്ക് ഇഷ്ടം അല്ല.’ എന്നും പറഞ്ഞിട്ട് അവള് കുതറി മാറി.
അന്നത് അവളുടെ തമാശയായി കണ്ട് ഞാനും ചിരിച്ചു കളഞ്ഞു പക്ഷെ ഇപ്പോൾ അവളിലെ ഈ മാറ്റങ്ങൾ കാണുമ്പോൾ എനിക്കെന്തോ സംശയം പോലെ ”
കാര്യത്തിന്റെ ഗൗരവം മനസ്സിലായതോടെ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു വിഷ്ണു.
” നീ പറഞ്ഞു വരുന്നത്…. ആരെങ്കിലും നമ്മുടെ മോളെ… ”
വാക്കുകൾ മുഴുവിപ്പിക്കാതെ അവൻ നോക്കുമ്പോൾ അതേ എന്ന അർത്ഥത്തിൽ പതിയെ തലയാട്ടി അഖില.
” അതേ ഏട്ടാ.. എനിക്ക് അങ്ങനെ ഒരു സംശയം ഇല്ലാതില്ല.. ”
” എടോ നിനക്ക് തോന്നുന്നതാകും.. കൊച്ച് കുഞ്ഞിനോടൊക്കെ ആരാ ഇങ്ങനെ.. ”
കേട്ടത് അത്ര വിശ്വസനീയമായി തോന്നിയില്ല വിഷ്ണുവിന്.
“ഏട്ടാ വെറും തോന്നൽ അല്ല.. ഞാൻ അവളുടെ അമ്മയാണ്… അവളിലെ മാറ്റങ്ങൾ ഏറ്റവും പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നതും എനിക്കാണ്. മോളുടെ ചില നേരത്തെ പെരുമാറ്റത്തിൽ ന്ന് എനിക്ക് ഉറപ്പാണ്. ആരോ അവളെ ശല്യം ചെയ്യുന്നുണ്ട്… ഉറപ്പ് ”
അഖില ഉറപ്പിച്ചു പറഞ്ഞതോടെ ആശങ്കയിലായി വിഷ്ണു.
” അങ്ങിനെയെങ്കിൽ.. നീ മോളുടെ ശരീരം പരിശോധിച്ചോ.. എന്തേലും മുറിവുകളോ പോറലുകളോ അങ്ങിനെ എന്തേലും ശ്രദ്ധയിൽ പെട്ടുവോ .. ”
” ഇല്ല അങ്ങിനെയൊന്നും ഇല്ല ഏട്ടാ .. ”
അവളുടെ മറുപടി വിഷ്ണുവിനെയും കുഴപ്പിച്ചു.
” അവൾ വീട്ടിൽ ന്ന് നേരെ സ്കൂളിലേക്ക് ആണ് പോകുന്നത് അവിടെ നിന്നും തിരിച്ചും.. ബസിൽ ആയ ഉള്ളത് കൊണ്ട് ഡ്രൈവറുടെ മേൽ സംശയം വേണ്ട .. അങ്ങിനെയെങ്കിൽ സ്കൂളിനുള്ളിൽ വച്ച് ആകണം ”
അവന്റെ അതേ സംശയം തന്നെയായിരുന്നു അഖിലയുടെ മനസിലും.
” ഏട്ടാ.. പക്ഷെ സ്കൂളിൽ അങ്ങിനെ എന്തേലും നടക്കുന്നുവെങ്കിൽ വ്യക്തമായ തെളിവുകളില്ലാതെ നമുക്ക് എങ്ങിനെ പരാതി പെടാൻ കഴിയും.. ”
അടുത്ത സമസ്യ അതായിരുന്നു.
“തെളിവുകൾ കണ്ടെത്തണം… പക്ഷെ അതിനു മുന്നോടിയായി നമുക്ക് ഈ തോന്നിയത് വെറും സംശയം മാത്രമാണോ അതോ അതിൽ സത്യമുണ്ടോ എന്നുള്ളതും വ്യക്തമായി അറിയണം.. അതിനു മോളോട് തന്നെ ചോദിച്ചേ മതിയാകൂ.. ”
വിഷ്ണു പറഞ്ഞത് ശെരിയാണെന്ന് അഖിലയ്ക്കും തോന്നി.
” ഞാൻ നാളെ തഞ്ചത്തിൽ മോളോട് ഒന്ന് ചോദിക്കാം.. അവളെന്തേലും പറയുമോ ന്ന് അറിയാലോ ”
” അതേ.. ആദ്യം അത് ചെയ്യ്…. എന്നാലും ആരാകും ഇങ്ങനൊരു പരിപാടി ചെയ്യുന്നത്. അവിടെ കൂടുതലും ലേഡി സ്റ്റാഫുകൾ അല്ലേ ആണുങ്ങൾ ഉള്ളത് സെക്യൂരിറ്റിമാരും ബസ് ഡ്രൈവർമാരും പിന്നെ അധ്യാപകരും ആണ്.ഇനി ടീച്ചേർസ് ആരേലും ആകുമോ.. ”
വിഷ്ണുവിന്റെ ഉള്ളിൽ ആ വിഷയം പുകഞ്ഞു തുടങ്ങിയിരുന്നു.
” ഇപ്പോൾ ഒന്നും ചിന്തിച്ച് തല പുകയ്ക്കേണ്ട ഏട്ടാ.. മോളോട് നാളെ ഒന്ന് ചോദിക്കട്ടെ ഞാൻ എന്നിട്ട് തീരുമാനിക്കാം. ”
അഖിലയുടെ വാക്കുകൾക്ക് അവന്റെ ഉള്ളിലെ ആന്തൽ അവസാനിപ്പിക്കുവാൻ കഴിഞ്ഞില്ല.അന്നത്തെ ദിവസം അങ്ങിനെ അവസാനിച്ചു.
പിറ്റേന്ന് മോളെ സ്കൂളിൽ വിടുവാൻ ഒരുക്കുമ്പോൾ പതിയെ പതിയെ കാര്യങ്ങൾ ചോദിച്ചറിയുവാൻ ശ്രമിച്ചു അഖില.
” മോളൂസേ.. മോളൂസിന് സ്കൂളിൽ ഏറ്റവും ഇഷ്ടപെട്ട അങ്കിൾ ആരാ..”
” അത്…….നിച്ച് ഡ്രൈവർ അങ്കിളിനെയാ ഇഷ്ടം… ”
അല്പം ചിന്തിച്ചിട്ടാണ് വൈഗ മറുപടി പറഞ്ഞത്
“അപ്പോ ഡ്രൈവർ അങ്കിൾ മോളോട് സ്കൂളിൽ വച്ച് മിണ്ടാറൊക്കെയുണ്ടോ.. ”
“ഇല്ലല്ലോ.. നാൻ ബസില് വച്ചാ അങ്കിളിനോട് മിണ്ടുന്നേ ”
‘ബസിൽ വച്ചോ… അപ്പോൾ ഡ്രൈവർ ആകാൻ വഴിയില്ല.. പിന്നെ ആരാകും ‘
വീണ്ടും സംശയത്തിലായി അഖില.
” പിന്നെ ഏത് അങ്കിളാ മോളൂസിനെ വന്ന് എടുക്കുകയും ഉമ്മം വയ്ക്കുകയും ഒക്കെ ചെയ്യുന്നേ.. ”
ആ ചോദ്യം കേട്ടിട്ട് അല്പസമയം അവളുടെ മുഖത്തേക്ക് നോക്കി നിന്നു വൈഗ.. ശേഷം പതിയെ അവളുടെ ചെവിയിലേക്ക് ചുണ്ട് അടുപ്പിച്ചു..
” ആരൂല്ലാ … ”
മറുപടി പറഞ്ഞു കൊണ്ട് വൈഗ പൊട്ടിച്ചിരിക്കുമ്പോൾ നിരാശയോടെ ഇരുന്നു അഖില.. അപ്പോഴേലും പുറത്ത് സ്കൂളിൽ ബസിന്റെ ഹോൺ മുഴങ്ങി.
അത് കേട്ടിട്ട് മുറ്റത്ത് നിന്ന വിഷ്ണു ഗേറ്റിനരികിലേക്ക് നടന്നു പോകുന്നത് കണ്ടു അവൾ. അല്പം കഴിയവേ ആ ബസ് അവിടെ നിന്നും നീങ്ങി. വിഷ്ണു തിരികെ വരുന്നത് കണ്ട് മുറ്റത്തേക്കോടിയിറങ്ങി അവൾ.
” എന്താ ഏട്ടാ ബസ് പറഞ്ഞു വിട്ടേ… മോളെ ഇന്ന് സ്കൂളിൽ വിടുന്നില്ലേ.. ”
“അവളെ ഇന്ന് ഞാൻ കൊണ്ട് വിടാം”
സ്കൂളിലേക്ക് നേരിട്ട് പോകാൻ അവൻ തീരുമാനിച്ചിട്ടുണ്ട് എന്ന് മനസിലാക്കി അഖില.
” ഏട്ടാ.. മോള് ഒന്നും വിട്ടു പറയുന്നില്ല.. നമുക്ക് അവളുടെ മിസ്സിനോട് കാര്യം പറഞ്ഞാലോ.. ”
” ഏയ് ഇപ്പോൾ വേണ്ടടോ.. നമുക്ക് ഒന്ന് ശ്രമിക്കാം അവൾ എന്തേലും പറയുമോ എന്ന്.. ഞാൻ എന്തായാലും സ്കൂളിലൊക്കെ ഒന്ന് പോയി കറങ്ങി വരാം ”
വിഷ്ണു പറഞ്ഞത് ശെരിയാണെന്ന് അഖിലയ്ക്കും തോന്നി.
വൈഗയുമായി കാറിൽ വിഷ്ണു സ്കൂളിലേക്ക് പോകുമ്പോൾ വല്ലാത്ത ടെൻഷനോടെ നോക്കി നിന്നു അഖില.
” ദൈവമേ.. ഈ പ്രശ്നത്തിന് ഒരു തീർപ്പ് ഉണ്ടാകണേ.. ”
മനസ്സുരുകി പ്രാർത്ഥിച്ചു അവൾ.
സ്കൂളിലെത്തി കാർ പാർക്ക് ചെയ്തു വൈഗയേയും കൂട്ടി അകത്തേക്ക് നടക്കുമ്പോൾ വിഷ്ണുവിന്റെ ശ്രദ്ധ ചുറ്റുമുള്ളവരിൽ ആയിരുന്നു.
” ഗുഡ് മോർണിംഗ് മോളെ.. ഇന്ന് സ്കൂൾ ബസിൽ കേറീലെ.. അച്ഛനോടൊപ്പം ഇങ്ങ് പോന്നോ ”
സെക്യൂരിറ്റി സ്നേഹത്തോടെ തിരക്കുമ്പോൾ അയാളോട് മറുപടി പറഞ്ഞു കളിച്ചു ചിരിച്ചു മുന്നിലേക്ക് നടന്നു വൈഗ.
‘ഇത്രേം അടുപ്പം മോളോട് ഉണ്ടോ ഇയാൾക്ക്.. ഇനി ഇയാൾ ആകുമോ…’
സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ സെക്യൂരിറ്റി പിന്നാലെ വരുന്ന എല്ലാ കുട്ടികളോടും കുശലം ചോദിക്കുന്നതാണ് വിഷ്ണു കണ്ടത്.
സ്കൂളിലേക്ക് എത്തുന്ന ചെറിയ കുട്ടികളെ ക്ലാസ്സ് മുറിയിലേക്ക് കൊണ്ടാക്കുന്നത് ആയ മാരുടെ ജോലിയായിരുന്നു. അതിനായി ആയമാർ ഓരോ ബിൽഡിംഗിനും വെളിയിൽ തന്നെയുണ്ടായിരുന്നു. വൈഗയെ കണ്ടതോടെ അവളെ ക്ലാസ്സ് മുറിയിലാക്കുവാനായി ഒരു ആയ മുന്നിലേക്ക് വന്നു.
” ഇന്ന് മോള് ബസിൽ വന്നില്ലേ.. സാർ ഇങ്ങ് കൊണ്ട് വന്നോ ”
പുഞ്ചിരിയോടെ അവർ വന്ന് വൈഗയെ എടുത്തു. എന്നിട്ട് ബാഗും വിഷ്ണുവിന്റെ കയ്യിൽ നിന്ന് വാങ്ങി.
“ആ ഇന്ന് ഞാൻ ലീവ് ആയത് കൊണ്ട് നേരിട്ട് കൊണ്ട് വന്നു.”
പുഞ്ചിരിയോടെ മറുപടി പറഞ്ഞു വിഷ്ണു.
” അച്ഛനോട് റ്റാറ്റാ പറയ് മോളെ.. ”
ആയ പറഞ്ഞത് കേട്ടതും വലതു കയ്യുയർത്തി റ്റാറ്റ പറഞ്ഞു വൈഗ. തിരികെ കൈ വീശി റ്റാറ്റ പറഞ്ഞ ശേഷം കുഞ്ഞുമായി ആ ആയ നടന്നകലുമ്പോൾ അത് നോക്കി നിന്നു വിഷ്ണു.
കുറച്ചു ദൂരം അവരുടെ കയ്യിൽ ഇരുന്ന ശേഷം അവൾ കുതറി താഴേക്ക് ഇറങ്ങി നടന്നു പോകുന്നത് കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു
‘മോള് ഇപ്പോൾ ആരോടും അടുക്കുന്നില്ലല്ലോ… ആദ്യമായി സ്കൂളിൽ വന്നസമയം ഈ ആയയോട് അവൾ വല്യ കൂട്ട് ആയിരുന്നു. ഇപ്പോൾ അവരോട് പോലും അടുക്കുന്നില്ല അങ്ങിനെയെങ്കിൽ ആരോ അവളെ നല്ല പോലെ ശല്യം ചെയ്യുന്നുണ്ട്.. ‘
സംശയത്തോടെ വീണ്ടും ചുറ്റും പരതി വിഷ്ണു. ആ തിരച്ചിലിൽ അവൻ കണ്ടു. സ്കൂളിൽ ബസ് ഡ്രൈവർമാർ പലരും ബസ് ഒതുക്കിയിട്ട് വിദ്യാർത്ഥികളുമായി സംസാരിച്ചു നടന്നു വരുന്നത്.
‘ ഇവിടുത്തെ സ്റ്റാഫുകൾക്ക് എല്ലാം കുട്ടികളോട് അടുത്തിടപഴകാം. അതിനു റെസ്ട്രിക്ഷൻസ് ഇല്ല’
ആ കാര്യം അപ്പോഴാണ് വിഷ്ണു മനസിലാക്കിയത്. അപ്പോഴേലും വൈഗ ക്ലാസ്സ് മുറിയിലേക്ക് കയറിയിരുന്നു അത് കണ്ടിട്ട് വിഷ്ണു തിരികെ കാറിനരികിലേക്ക് നടന്നു.
അന്ന് രാത്രി മുതൽ അഖിലയുടെ വക വൈഗയ്ക്ക് ബാഡ് ടച്ച് ഏതാണ് ഗുഡ് ടച്ച് ഏതാണ് എന്നൊക്കെ മനസിലാക്കിക്കൊടുക്കുന്ന സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ കളിച്ചിരുന്നു വൈഗ. ദിവസങ്ങൾ പിന്നെയും കടന്നു പോയി.
പല വട്ടം സ്കൂൾ ബസിൽ വിടാതെ അഖിലയും വിഷ്ണുവും മാറി മാറി അവളെ സ്കൂളിൽ കൊണ്ട് പോയി എന്നാൽ സംശയകരമായി ആരെയും കാണുവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
” മിസ്സ് ഇവിടെ സ്കൂളിലെ എല്ലാ സ്റ്റാഫും കുട്ടികളുമായി നല്ല ക്ലോസ് ആണല്ലോ.. അപ്പോ ആയമാര് ലീവ് ആണേലും കുട്ടികളുടെ കാര്യം നോക്കാൻ ആളായി അല്ലേ ”
ഒരു ദിവസം മോളെ ക്ലാസ്സിലാക്കി തിരികെ വരുന്ന വഴിയിൽ മിസ്സിനെ കണ്ടപ്പോൾ അകലെ കൂട്ടി ഒന്ന് തിരക്കി വിഷ്ണു..
” ഏയ്.. കുട്ടികളുടെ കാര്യങ്ങൾ ആയ മാര് മാത്രേ നോക്കുള്ളു ഒരാള് ലീവ് ആണേൽ അടുത്ത ആള് നോക്കും അല്ലേൽ ഞങ്ങൾ ടീച്ചേർസ് ശ്രദ്ധിക്കും…”
മിസ്സിന്റെ മറുപടി കേട്ട് പുഞ്ചിരിച്ചു കൊണ്ട് തിരികെ നടന്നു അവൻ.
‘അപ്പോൾ ആയ മാർ ഇല്ലേൽ ടീച്ചേർസ് കുട്ടികളുടെ കാര്യങ്ങൾ നോക്കാറുണ്ട്.. അങ്ങിനെയെങ്കിൽ മോളെ ശല്യം ചെയ്യുന്നത് ടീച്ചേർസിൽ ആരേലും തന്നെയാകും ‘
മനസ്സിൽ ഉറപ്പിച്ചു വിഷ്ണു. തന്റെ നിഗമനം അഖിലയോട് പറയുമ്പോൾ അവളും അതേ അഭിപ്രായം തന്നെ ശെരി വച്ചു.
” ഏട്ടാ.. നമുക്ക് കാര്യം മോളുടെ മിസ്സിനോട് സൂചിപ്പിക്കാം … ഇനിയൊന്നും ശ്രദ്ധിക്കാൻ പറയാം അപ്പോൾ ആളെ പിടിക്കാൻ പറ്റിയാലോ ”
അഖില മുന്നോട്ട് വച്ച നിർദ്ദേശം ചിന്തിക്കേണ്ടതാണ് എന്ന് തോന്നി വിഷ്ണുവിന്.
വൈകുന്നേരം സ്കൂളിൽ വിട്ടെത്തിയ വൈഗയെ പതിവ് പോലെ കുളിപ്പിക്കുവാനായി ബാത്ത് റൂമിലേക്ക് കൊണ്ട് പോയി അഖില.
ഷവറിനു കീഴിൽ നിർത്തി പുറത്ത് വെള്ളം നനച്ച ശേഷം സോപ്പ് തേച്ച് തുടങ്ങി അവൾ. എന്നാൽ അരയ്ക്ക് താഴ്ഭാഗത്തേക്ക് കൈ വച്ചതും പെട്ടെന്ന് വേദനയോടെ ആ കയ്യിൽ പിടിച്ചു വൈഗ.
” അമ്മേ അവിടെ പിടിക്കല്ലേ.. മോൾക്ക് വേദനിക്കണു ”
പെട്ടെന്ന് അത് കേട്ടപ്പോൾ സംശയിച്ചു അഖില.
“എന്താ മോളെ എന്ത് പറ്റി ”
“അത്.. ഇന്ന് മോള് ഇച്ചി മുള്ളിയേച്ച് ആയമ്മ കയുകി തന്നപ്പോ ഒരു ഉറുമ്പ് ഉള്ളിലേക്ക് കയറി പോയമ്മേ…. ആയമ്മ വിരൽ അകത്ത് കയറ്റിയാ തിരികെയെടുത്തേ.. അപ്പോ തൊട്ട് മോൾക്ക് അവിടെ വേദനയാ.. ”
വൈഗയുടെ വിശദീകരണം കേട്ട് നടുങ്ങി പോയി അഖില..
” ആയമ്മയോ.. ആ ആയമ്മ മുന്നേ അങ്ങിനെ ചെയ്തിട്ടുണ്ടോ… അവര് മോളുടെ ആ ഭാഗത്ത് ഉമ്മം തരാറുണ്ടോ ”
മനസ്സിലെ സംശയം പതിയെ വൈഗയോട് ചോദിച്ചു അവൾ
” അതേ മ്മേ.. ആയമ്മ ഇച്ചി മുള്ളീട്ട് കഴുകി തരുമ്പോ ഉമ്മം വയ്ക്കും മോൾക്ക് അത് ഇഷ്ടല്ല.. ആയമ്മ എല്ലാരോടും ഇങ്ങനാ.. ആരുഷിയോടും.. നീരജയോടും എല്ലാം ഇങ്ങനെയാ.. ”
വൈഗയുടെ വാക്കുകൾ അഖിലയ്ക്ക് വലിയ നടുക്കമായിരുന്നു. എല്ലാം കേട്ട വിഷ്ണുവും ഞെട്ടി.
” ആ ആയയാണോ പ്രശ്നക്കാരി.. ദൈവമേ.. ചുമ്മാതല്ല ഒരു ദിവസം മോളെ. ഞാൻ സ്കൂളിൽ ആക്കുവാൻ ചെന്നപ്പോ അവർ വന്ന് എടുത്തോണ്ട് പോയിട്ടും അവരിൽ നിന്നും വൈഗ കുതറി താഴെയിറങ്ങിയത് ”
വിഷ്ണു ഓർത്തെടുക്കുമ്പോൾ അഖില നേരെ പോയത് മൊബൈൽ എടുക്കാൻ ആണ്. വൈഗ പറഞ്ഞ കുട്ടികളുടെ അമ്മമാരുമായി അവൾക്ക് ഡയറക്റ്റ് കോൺടാക്ട് ഉള്ളത് കൊണ്ട് നേരിട്ട് തന്നെ വിളിച്ചു അവൾ.
അപ്പോഴാണ് ആ സത്യം അവർ എല്ലാവരും തിരിച്ചറിഞ്ഞത്. ഈ കുട്ടികൾക്ക് എല്ലാം തന്നെ ആ ആയയുടെ ഭാഗത്തു നിന്നും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അവർക്കെല്ലാം സംശയം ഉണ്ടായെങ്കിലും ചിലപ്പോൾ തോന്നൽ മാത്രമാകാം എന്ന് കരുതി മിണ്ടാതിരുന്നതാണ്. ആ ഒരൊറ്റ ഫോൺ കോളിൽ എല്ലാ രക്ഷകർത്താക്കളും ഒറ്റക്കെട്ടായി.
പിറ്റേന്ന് തന്നെ ഈ കാര്യം സ്കൂൾ മാനേജ്മെന്റിനെ അറിയിക്കുവാൻ തീരുമാനിച്ചു. കോൾ കട്ട് ചെയ്ത് അപ്പോൾ തന്നെ വൈഗയുടെ മിസ്സിനെ വിളിച്ചു കാര്യം പറഞ്ഞു അഖില. അവരും കേട്ടത് വിശ്വസിക്കുവാൻ കഴിയാതെ നടുങ്ങി നിന്നു പോയി.
പിറ്റേന്ന് തന്നെ ആയ ക്കെതിരെ സ്കൂളിൽ മാനേജ്മെന്റിൽ കംപ്ലെയ്ന്റ് പോയി. വിശദമായ അന്യോഷണത്തിനൊടുവിൽ കുറ്റക്കാരിയായ ആയയെ സ്കൂളിൽ നിന്നും പിരിച്ചു വിട്ടു.
അവിടം കൊണ്ടും തീർന്നില്ല. കുട്ടികളോട് പോലും ഇത്തരം മോശമായി പെരുമാറിയ അവർക്കെതിരെ നിയമ നടപടികളും സ്വീകരിച്ചിരുന്നു കുട്ടികളുടെ രക്ഷകർത്താക്കൾ.
” നിങ്ങൾ ദയവായി ക്ഷമിക്കണം… ഭർത്താവ് മരിച്ച ഒരു സ്ത്രീയാണ് പാവമാണ് എന്നൊക്കെ പറഞ്ഞു റെക്കമന്റെഷൻ വന്നത് കൊണ്ടാണ് അവരെ ഇവിടെ ജോലിക്ക് നിയമിച്ചത്. ആദ്യമൊക്കെ വളരെ സ്നേഹത്തോടെ തന്നെയാണ് അവർ കുട്ടികളെ നോക്കിയിരുന്നതും.
പക്ഷെ ഇത്രയും വികൃതമായ ഒരു സ്വഭാവം അവരിൽ ഉണ്ടായിരുന്നു എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഞങ്ങൾ. ഇനി മേലിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ല അത് സ്കൂൾ മാനേജ്മെന്റ് ഉറപ്പ് തരുന്നു. ”
പ്രിൻസിപ്പലിന്റെ റിക്വസ്റ്റിനു മേൽ സ്കൂളിനെതിരെ കൂടുതൽ പ്രശ്നങ്ങൾക്ക് നിൽക്കാതെ പിരിഞ്ഞു രക്ഷകർത്താക്കൾ. കാറിൽ തിരികെ വീട്ടിലേക്ക് പോകുമ്പോഴും അഖിലയുടെ നടുക്കം വിട്ടുമാറിയിരുന്നില്ല.
” എന്നാലും ഏട്ടാ ഇവർക്ക് എങ്ങിനെ മനസ്സ് വന്നു കുട്ടികളോട് ഇങ്ങനൊക്കെ ചെയ്യാൻ.. അവരും ഒരു സ്ത്രീ അല്ലേ.. ”
“അതൊക്കെ ഓരോരുത്തരുടെ മനോവൈകല്യങ്ങൾ ആണ് അഖിലാ ചില ആണുങ്ങൾ ഉണ്ട് ആൺകുട്ടികളോട് മോശമായി പെരുമാറുന്നവർ.. അങ്ങിനൊക്കെ എത്രയോ പേർ.. എന്തായാലും ഈ പ്രശ്നം സോൾവ് ആയല്ലോ മനസമാധാനം ആയി. ”
ആശ്വാസത്തോടെ വൈഗയുടെ മുടിയിഴകളിൽ തലോടി വിഷ്ണു.
” എന്തായാലും ഒരു വട്ടം പാളിയ ബാഡ് ടച്ച് ഗുഡ് ടച്ച് ക്ലാസ്സ് ഇന്ന് തൊട്ട് വീണ്ടും തുടങ്ങുവാ ഞാൻ.. ഇവളെ അത് പഠിപ്പിച്ചിട്ടേ ഉള്ളു ബാക്കി കാര്യം ”
തന്റെ മടിയിൽ ഇരുന്ന വൈഗയെ ഇരു കയ്യാലും വാരി പുണർന്നു അഖില. ഒന്നും മനസ്സിലാകാതെ വൈഗ മോള് അപ്പോഴും മറ്റെന്തോ തിരക്കിൽ ആയിരുന്നു…