(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“ആശേ.. ആശേ.. പ്ലീസ്.. ഒരുമ്മ…. ഒരേ ഒരുമ്മ പ്ലീസ്.. പ്ലീസ്.. ”
കോളേജിലെ ഒഴിഞ്ഞ ആ ക്ലാസ് മുറിയുടെ ചുവരിനോട് ആശയെ ചേർത്തു നിർത്തി ബലമായി അവളുടെ അധരങ്ങളിൽ ചുംബിക്കുവാൻ ശ്രമിക്കുകയായിരുന്നു രാഹുൽ.
” ഏയ്.. രാഹുൽ വേണ്ട.. വിട്.. പ്ലീസ്.. ഇതൊന്നും ശെരിയല്ല.. എനിക്ക് ഇഷ്ടം അല്ല.. ”
അനിഷ്ടത്തോടെ പരമാവധി അവനെ പിന്നിലേക്ക് ആഞ്ഞു തള്ളി അവൾ. അതോടെ ബലമായി തന്നെ അവളെ ഇറുക്കെ പുണർന്നു രാഹുൽ . ആ കരവലയത്തിനുള്ളിൽ നിന്നും വഴുതി മാറുവാൻ ആശയ്ക്കും കഴിഞ്ഞില്ല എന്നാൽ പതിയെ പതിയെ രാഹുലിന്റെ കരങ്ങൾ തന്റെ ശരീരത്തിലൂടെ ഓടി തുടങ്ങുന്നത് തിരിച്ചറിയവേ അവളൊന്നു നടുങ്ങി.
” രാഹുൽ എന്താ ഇത്.. വിട് എന്നെ..ടാ.. വിട്.. പ്ലീസ്..”
സർവ്വ ശക്തിയുമെടുത്ത് ആശ കുതറിയെങ്കിലും ഫലമുണ്ടായില്ല. ആദ്യം വസ്ത്രങ്ങൾക്ക് മുകളിലൂടെ ഓടിയ ആ കരങ്ങൾ പതിയെ പതിയെ വസ്ത്രങ്ങൾക്കിടയിലൂടെ തന്റെ ശരീരത്തിലേക്ക് കടക്കാൻ ആരംഭിച്ചു എന്ന് മനസിലാക്കവേ പിന്നെ പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല അവൾക്ക്.
പരമാവധി ശക്തിയിൽ അവൾ രാഹുലിനെ പിന്നിലേക്ക് തള്ളി ഒപ്പം തന്നെ പെട്ടെന്നുള്ള അമർഷത്തിൽ അവന്റെ കരണത്തു ആഞ്ഞടിച്ചു.
അത്തരത്തിലൊരു പ്രതികരണം ഒരിക്കലും അവൻ പ്രതീക്ഷിച്ചില്ല അതുകൊണ്ട് തന്നെ പെട്ടെന്ന് പിന്നിലേക്ക് വേച്ചു പോയി രാഹുൽ. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ കഴിയാതെ നിന്നു അവൻ. ആകെ മൊത്തത്തിൽ ഒരു മരവിപ്പ് മാത്രം. ആശയാകട്ടെ അല്പം ഭയത്തോടെ അവനെ നോക്കി നിന്നു..
” രാഹുൽ സോറി ടാ… ഞാൻ അറിയാതെ അടിച്ചു പോയതാ… എനിക്കിതൊന്നും ഇഷ്ടമല്ല.. എന്നിട്ടും നീ എന്തിനാ വെറുതെ.”
അവളുടെ മിഴികൾ അറിയാതെ തുളുമ്പി. ആ വാക്കുകൾ കേട്ടപ്പോഴാണ് തനിക്കുണ്ടായ മരവിപ്പ് ആശയുടെ അടി കിട്ടിയതിനാലാണെന്ന് രാഹുൽ മനസിലാക്കുന്നത്. ചെറിയൊരു ജാള്യതയോടെ അവളെ നോക്കി അവൻ.
” ആശ… നിനക്ക് എന്താ എന്നെ ഇഷ്ടമല്ലേ.. നമ്മുടെ പ്രണയം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്… ഈ ദിവസം പോലും നീ അകൽച്ച കാണിക്കുവാണോ.. എന്നായാലും നീ എന്റെ പെണ്ണല്ലേ… അപ്പോ പിന്നെ ഇപ്പോ ഇങ്ങനൊക്കെ ചെയ്തെന്ന് വച്ചിട്ട് എന്താണ് തെറ്റ്… ”
ആ ചോദ്യം കേട്ടിട്ടും ആശ നിശബ്ദയായിരുന്നു.
” എന്താ മിണ്ടാത്തെ.. പറയ്.. നീ.. എന്നെ എന്താ ഇഷ്ടം അല്ലെ… ”
ചോദ്യം വീണ്ടും ആവർത്തിക്കവേ പതിയെ മിഴികൾ തുടച്ചു രാഹുലിന് നേരെ നോക്കി അവൾ.
” രാഹുൽ ശരിയാണ്.. നമ്മൾ തമ്മിൽ ഇഷ്ടത്തിലാണ്. നിന്നെ അല്ലാതെ മറ്റൊരാളെ എന്റെ ജീവിതത്തിൽ എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല… പക്ഷെ.. വിവാഹത്തിന് മുന്നേ ഈ ശരീരം പങ്കു വച്ചു കൊണ്ടുള്ള സ്നേഹ പ്രകടനം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.. അത് എനിക്ക് ഇഷ്ടമല്ല..”
അപ്രതീക്ഷിതമായ ആ തുറന്നു പറച്ചിൽ രാഹുലിന് ചെറിയൊരു പരുങ്ങൽ സമ്മാനിച്ചു.
” അ.. അത് ആശേ.. നീ എന്റെയല്ലേ… അപ്പോ പിന്നെ ഞാനൊന്ന് തൊട്ടെന്ന് വച്ച് എന്താ.. ഒരു കിസ്സ് അടിച്ചെന്ന് വച്ച് എന്താ.. ഇതൊക്കെ സ്നേഹക്കൂടുതൽ കൊണ്ടല്ലേ.. എനിക്ക് നിന്നോടുള്ള സ്നേഹമാണ് ഞാൻ പ്രകടിപ്പിക്കുന്നത്. ”
” അതെന്താ രാഹുൽ അങ്ങിനെ… എന്റെ ടോപ്പിനുള്ളിലൂടെയും പാന്റിനുള്ളിലെ അടിവസ്ത്രത്തിനുള്ളിലുമൊക്കെ കയ്യിട്ടാൽ മാത്രമേ നിനക്ക് സ്നേഹം പ്രകടിപ്പിക്കുവാൻ കഴിയുള്ളോ.. ”
ആ ചോദ്യം രാഹുലിനെ ശെരിക്കും ഒന്ന് ഇളിഭ്യനാക്കി.
” എ.. എടോ അങ്ങനല്ല.. ഞാൻ നിന്നെ കെട്ടാൻ പോകുന്നവനാണ് ആ ഞാൻ ഇങ്ങനൊക്കെ പെരുമാറി ന്ന് വച്ചിട്ട് നിനക്ക് എന്താണ് പ്രശ്നം എന്നായാലും നമ്മൾ തമ്മിൽ ഇതൊക്കെ ഉണ്ടാകേണ്ടതല്ലേ. ”
പതർച്ചയിലും വിട്ടു കൊടുക്കുവാൻ അവൻ തയ്യാറായില്ല.
” എന്നാൽ പിന്നെ അന്ന് പോരെ ഇതൊക്കെ.. നീ പറയുന്നു എന്നായാലും നമ്മൾ ഒന്നാകേണ്ടവർ ആണെന്ന്.. പക്ഷെ നിന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ കാണുമ്പോൾ എന്റെ ശരീരത്തെ മാത്രമാണോ നീ സ്നേഹിക്കുന്നത് എന്ന് എനിക്ക് തോന്നി പോകുന്നുണ്ട്. ”
ആശയുടെ ഒരു വാക്കുകളും തനിക്കിട്ടുള്ള കുത്തായിട്ടാണ് രാഹുലിന് തോന്നിയത്. അതുകൊണ്ട് തന്നെ അവനിലും ചെറിയ വാശി ജനിച്ചു.
” ഓഹോ. അപ്പോ അങ്ങിനെയൊക്കെയാണ് അല്ലെ.. ഞാനല്പം സ്നേഹം കൂടുതൽ കാണിക്കുന്നു. അതിപ്പോ നിനക്ക് കുറ്റമാണ് അല്ലെ…. ഞാൻ ഒന്ന് തൊട്ടാൽ ഇഷ്ടപ്പെടുന്നില്ല നിനക്ക് അല്ലെ.. ശെരി എന്നാൽ ഒരു കാര്യം ചെയ്യാം… നാളെ.. നാളെ രാവിലെ ഇതേ ക്ലാസ്സ് മുറിയിൽ വച്ച് എനിക്ക് നീ ഒരു മുത്തം തരണം അതും എന്റെ ചുണ്ടിൽ.. എന്നാൽ മാത്രമേ ഇനി നമ്മുടെ ബന്ധം മുന്നോട്ട് പോകുള്ളൂ.. വാശി എനിക്കും ഉണ്ട്.. ”
രാഹുലിന്റെ മറുപടി ആശ യ്ക്ക് വലിയ വേദനയായി. എന്നാൽ ജീവന് തുല്യം തന്നെ സ്നേഹിക്കുന്ന ആശ ഒരിക്കലും തന്നെ വിട്ടു പോകുവാൻ ആഗ്രഹിക്കാത്തിനാൽ ഈ ഒരു ആവശ്യം ഉറപ്പായും അംഗീകരിക്കുമെന്ന് രാഹുലിന് അറിയാമായിരുന്നു അത് അറിഞ്ഞു വച്ചു തന്നെയാണ് മനഃപൂർവം അവൻ അങ്ങിനെ പറഞ്ഞതും
” രാഹുൽ പ്ലീസ് നീ ഇങ്ങനൊന്നും പറയല്ലേ… ഇതെന്താ ഇത്രയ്ക്കെ ഉള്ളോ നിന്റെ സ്നേഹം. എന്നെ കൊണ്ട് പറ്റില്ല.. എനിക്ക് ഇഷ്ടമല്ല ഇതൊന്നും.. ”
അവൾ കെഞ്ചുകയായിരുന്നു. എന്നാൽ എങ്ങിനെയും ആശയെ തന്റെ വരുതിയിൽ വരുത്തുക എന്ന ലക്ഷ്യത്താൽ വിട്ടു കൊടുക്കുവാൻ രാഹുൽ തയ്യാറായില്ല.
” ഓക്കേ ആശ. എന്നാൽ ഉമ്മ വേണ്ട.. പകരം ഇന്ന് നൈറ്റ് ഒരു പത്തു മണി കഴിഞ്ഞിട്ട് ഞാൻ വീഡിയോ കാൾ ചെയ്യാം. നീ എടുക്കണം.. ”
ആ വാക്കുകൾ കേൾക്കെ അവൾ നെറ്റി ചുളിച്ചു.
” രാത്രി എന്തിനാ വീഡിയോ കാൾ.. എന്നും നമ്മൾ ഫോൺ ചെയ്യാറുണ്ടല്ലോ.. ”
“അത് വെറും ഓഡിയോ കോൾ അല്ലെ. ഇത് വീഡിയോ. നേരിട്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് വീഡിയോ കോളിൽ ചെയ്യാലോ.. ”
വഷളൻ നോട്ടത്തോടെ അവൻ അത് പറയുമ്പോൾ സംശയത്തോടെ നോക്കി നിന്നു ആശ.
” ഹാ. വേറൊന്നുമല്ല കൊച്ചേ. എനിക്ക് നിന്നെ നല്ലോണം ഒന്ന് കാണണം.. ഇങ്ങനല്ല.. ഈ ഡ്രസ്സ് ഒന്നും ഇല്ലാതെ. ഒരേ ഒരു വട്ടം.. അതിനു ശേഷം പിന്നെ നമ്മുടെ കല്യാണം വരെ ഒന്നിനും ഞാൻ നിന്നെ നിർബന്ധിക്കില്ല.”
ഇത്തവണ ശെരിക്കും നടുങ്ങി ആശ.
” രാഹുൽ എന്ത് വൃത്തികേട് ആണ് നീ ഈ പറയുന്നേ. അങ്ങനൊരു പെണ്ണല്ല ഞാൻ എന്നെ അതിനു കിട്ടുകയുമില്ല… ”
അറപ്പോടെയാണ് അവൾ അത് പറഞ്ഞത്. അതോടെ രാഹുലിന്റെ വാശി ഏറി
“ഇതെന്താ ഇങ്ങനെ.. വർഷം ഒന്നായി നമ്മുടെ പ്രണയം തുടങ്ങീട്ട്.. ഒരു കിസ്സും ഇല്ല ഒന്നുമില്ല.. റിലേഷൻ ആസ്വദിക്കണമെങ്കിൽ ഇങ്ങനൊക്കെ ചിലത് കൂടി വേണം. ഇനീം അടങ്ങി ഇരിക്കാൻ പറ്റില്ല എനിക്ക്. നാള് കുറെ ആയി ഓരോന്ന് പറഞ്ഞു ഞാൻ പിന്നാലെ നടക്കുന്നു. ഇന്ന് കാൾ ചെയ്തെ പറ്റുള്ളൂ.. ”
അവൻ വഴങ്ങാൻ തയ്യാറായില്ല അതോടെ ആകെ വിഷമത്തിലായി ആശ.
” ടാ പ്ലീസ് ഇങ്ങനൊന്നും പറയല്ലേ.. എന്തിനാ എന്നെ ഇങ്ങനെ നീ വിഷമിപ്പിക്കുന്നെ. ഞാൻ പറഞ്ഞില്ലേ. വിവാഹത്തിന് മുന്നേ ശരീരം കാണിച്ചോ ശരീരത്തിൽ തൊട്ടോ ഉള്ള ഒന്നും എനിക്ക് ആസ്വദിക്കാൻ കഴിയില്ല എനിക്ക് അത് ഇഷ്ടമല്ല.. അതൊക്കെ തെറ്റാണ്. നീ വാശി കാണിക്കല്ലേ പ്ലീസ് ”
പറഞ്ഞു നിർത്തുമ്പോൾ വീണ്ടും അവളുടെ മിഴികൾ തുളുമ്പി.
” പറ്റില്ല..പറ്റില്ല.. ഇന്ന് നീ വീഡിയോ കാൾ ചെയ്ത് ഞാൻ പറഞ്ഞത് പോലെ ചെയ്തില്ലേൽ ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല അത് ഉറപ്പ്. വേറൊന്നും എനിക്ക് കേൾക്കേണ്ട. ”
എങ്ങിനെയും ആശയെ കൂടുതൽ സമ്മർദ്ദത്തിലാക്കി കാര്യം നേടിയെടുക്കുക എന്നതായിരുന്നു രാഹുലിന്റെ പദ്ധതി. അതുകൊണ്ട് തന്നെ അത്രയും പറഞ്ഞു ക്ലാസ്സ് മുറിക്കു പുറത്തേക്ക് നടന്നു അവൻ. എന്നാൽ ആ വാക്കുകൾ കേട്ട് ഒരു നിമിഷം നടുക്കത്തോടെ നിന്നു പോയി അവൾ.
പക്ഷെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് കൊണ്ട് തന്നെ പിന്നാലെ ചെന്ന് വീണ്ടും കെഞ്ചി ആശ എന്നാൽ ഒന്നും കേൾക്കുവാൻ തയ്യാറല്ലായിരുന്നു. അവന്റെ ആ പെരുമാറ്റം ആശയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. രാഹുൽ ഒടുവിൽ അവന്റെ നിർബന്ധത്തിന് വഴങ്ങി സമ്മതം മൂളി ആശ.
അതോടെ ഏറെ ആവേശത്തിലായി രാഹുൽ. കുറച്ചേറേ നാളെയുള്ള ആഗ്രഹം സാധിക്കുവാൻ പോകുന്നതോർക്കവേ സന്തോഷത്താൽ തുള്ളി ചാടി പോയി അവൻ. വീട്ടിൽ എത്തിയ പാടെ ആദ്യം ഫോണിൽ വീഡിയോ കാൾ റെക്കോർഡർ ആപ്പ് ഡൌൺലോഡ് ചെയ്ത് ആക്റ്റീവ് ആക്കി.
‘ പൊന്നു മോളെ.. ഇന്നത്തെ കോൾ ഇനി എന്നും ഒരു ഓർമ ആയിരിക്കണം… പൊളിക്കും ഞാൻ ‘
അന്ന് പതിവിലും സമയമെടുത്തു കുളിച്ചു കുട്ടപ്പനായി അവൻ അടിവസ്ത്രമുൾപ്പെടെ എല്ലാം പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞു പത്തു മണിയാകുന്നതും കാത്തിരുന്നു. ഒടുവിൽ കൃത്യം പത്ത് മണി ആയപ്പോഴേക്കും ആശയ്ക്ക് വാട്ട്സാപ്പിൽ മെസേജ് ഇട്ടു രാഹുൽ.
‘പൊന്നേ റെഡിയാണോ വിളിക്കട്ടെ ഞാൻ.. ‘
റിപ്ലൈയ്ക്ക് ആയി അഞ്ചു മിനിറ്റ് കാത്തിരിക്കേണ്ടി വന്നു എന്നാലും പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി
‘ മ്.. വിളിക്ക് ‘
അതോടെ ഏറെ ആവേശത്തിൽ വീഡിയോ കാൾ ബട്ടൺ അമർത്തി രാഹുൽ. ഒപ്പം തന്നെ റെക്കോർഡിങും ഓൺ ആക്കി. മൂന്നാമത്തെ റിങ്ങിൽ മറു തലയ്ക്കൽ ആശ കോൾ അറ്റന്റ് ചെയ്തു. അവളെ കണ്ടപാടെ ആവേശത്തിലായി രാഹുൽ.
” ആശേ.. മുത്തേ.. പൊളിച്ചു.. അടിപൊളിയാ നിന്നെ കാണാൻ ഇന്ന്.. ”
സന്തോഷത്തിൽ അവൻ ആകെ പാടെ ഞെരി പിരി കൊണ്ടു.
” മ്.. ”
വളരെ ശാന്തയായാണ് അവൾ മറുപടി പറഞ്ഞത്. കൂടുതൽ നേരം സംസാരിച്ചിരിക്കുവാനുള്ള ക്ഷമയില്ലായിരുന്നു രാഹുലിന്.
“സമയം കളയാതെ നീ ആ ഫോൺ ടേബിളിൽ വച്ചിട്ട് അതിന്റെ മുന്നിൽ നിന്ന് ഡ്രസ്സ് ഓരോന്നായി ഊരി കാണിക്ക് മുത്തേ ഞാൻ ഒന്ന് കാണട്ടെ..”
അവളെ അടിമുടി നോക്കി കൊതിയോടെയാണ് അവനത് പറഞ്ഞത്.
” ഇവിടെ അങ്ങിനെ ഫോൺ വയ്ക്കാൻ പാകത്തിന് ടേബിൾ ഇല്ല രാഹുൽ.. ”
ആശ മറുപടി പറയുമ്പോൾ നിരാശയിലായി രാഹുൽ
” ശ്ശേ എന്തേലും നോക്ക്.. കയ്യിൽ പിടിച്ചു നിന്നാൽ കാണാൻ ആ ഫീൽ കിട്ടില്ല പ്ലീസ് മുത്തേ.. ”
വീണ്ടും കെഞ്ചി അവൻ. അത് കണ്ട് ആശ ഒന്ന് പുഞ്ചിരിച്ചു…
” നിനക്ക് എന്നെ നേരെ കണ്ടാൽ. പോരെ അതിനിപ്പോ ടേബിൾ ഒന്നും വേണ്ട ദേ അച്ഛൻ ഇരിപ്പുണ്ട് ഇവിടെ ഫോൺ ഞാൻ അച്ഛന്റെ കയ്യിൽ കൊടുക്കാം എങ്ങിനെ പിടിക്കണമെന്ന് നീ തന്നെ പറഞ്ഞാൽ മതി ”
അത്രയും പറഞ്ഞു കൊണ്ട് ആശ ഫോൺ നേരെ അടുത്തിരുന്ന അച്ഛന്റെ കയ്യിലേക്ക് കൊടുത്തു.
പറഞ്ഞു കേട്ടുള്ള ഞെട്ടലിനപ്പുറമായിരുന്നു വീഡിയോ കോളിൽ അവളുടെ അച്ഛനെ കൂടി കണ്ടപ്പോൾ രാഹുലിന്. ഒരു നിമിഷം പണി പാളി എന്ന് മനസിലാക്കവേ വിളറി വെളുത്തു പോയി അവൻ
” മോനെ.. എങ്ങിനെ പിടിക്കണം ഫോൺ.. നീ പറയ്.. എനിക്കിത് മുന്നേ ചെയ്ത് എക്സ്പീരിയൻസ് ഇല്ല .. ”
അച്ഛന്റെ മറുപടി കൂടി കേൾക്കെ എന്ത് പറയണമെന്നറിയാതെ പരുങ്ങി രാഹുൽ. കോൾ കട്ട് ചെയ്താൽ ചിലപ്പോ കാര്യങ്ങൾ പിറ്റേന്ന് തന്നെ വീട്ടിൽ അറിഞ്ഞേക്കും എന്ന ഭയത്താൽ ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു രാഹുൽ.
” നീ എന്താടാ ടെൻഷൻ അടിച്ചിരിക്കുന്നെ.. അച്ഛൻ ഉള്ളത് കാര്യമാക്കേണ്ട.. നീ പറയ് ഞാൻ എന്താ ചെയ്യേണ്ടേ…. ”
ഇടയ്ക്ക് കേറിയുള്ള ആശയുടെ ചോദ്യം ശവത്തിൽ കുത്തുന്ന പോലെയാണ് അവന് തോന്നിയത്.
” ആ… ആശ.. അങ്കിൾ…. സോറി ഒരു അബദ്ധം പറ്റി പോയതാ.. ഇനി ആവർത്തിക്കില്ല.. പ്രശ്നം ആക്കരുത്.. ”
കെഞ്ചി അവൻ. അത് കേൾക്കെ പതിയെ ഫോൺ കയ്യിലേക്ക് വാങ്ങി ആശയുടെ അച്ഛൻ.
“എടാ ചെറുക്കാ… ഈ പ്രേമം ന്ന് ഒക്കെ പറയുന്നത് മനസ്സ് കൊണ്ടുള്ള ഒരു ഇഷ്ടം ആണ്.. അല്ലാതെ നിന്നെ പോലെ കാമുകിയുടെ ശരീരവും കൊതിച്ചു നടക്കുന്നതല്ല.. കൂടുതൽ ഒന്നും പറഞ്ഞു ബോർ ആക്കുന്നില്ല ഞാൻ.. പക്ഷെ ഇനി മേലിൽ… എന്റെ മോളുടെ നിഴൽ വെട്ടത്തു നിന്നെ കണ്ടാൽ.. പിന്നെ നീ വിവരം അറിയും ”
നല്ല ഫസ്റ്റ് ക്ലാസ്സ് ഭീഷണിയായിരുന്നു അത്. രാഹുലിന്റെ മുട്ടിടിക്കുവാൻ അത്ര മാത്രം മതിയായിരുന്നു
” ഇല്ല അങ്കിളേ.. ആശയെ ഇനി ഞാൻ ഒരിക്കലും ശല്യം ചെയ്യില്ല.. പ്രോമിസ് ”
രാഹുലിന്റെ മറുപടി കേൾക്കെ ഒന്നും മിണ്ടാതെ ഫോൺ ആശയെ ഏൽപ്പിച്ചു മുറി വിട്ട് പോയി അച്ഛൻ.
അതോടെ പിന്നെ തനിക്ക് പറയാൻ ഉള്ളത് കൂടി തുടർന്നു ആശ.
” രാഹുലേ .. ആത്മാർത്ഥമായി തന്നെയാണ് നിന്നെ ഞാൻ സ്നേഹിച്ചത്. പക്ഷെ പലപ്പോഴും നിന്റേത് സ്നേഹമല്ല മറിച്ച് എന്റെ ശരീരത്തോടുള്ള ആക്രാന്തം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇന്നിപ്പോൾ എന്നെ കൊണ്ട് നിന്റെ ആവശ്യം സമ്മതിപ്പിക്കുവാൻ വേണ്ടി നീ ആഗ്രഹിച്ച പോലെ ചെയ്തില്ലേൽ ഇനി എന്നോട് ഒരു റിലേഷനും ഉണ്ടാകില്ല എന്ന് നീ പറഞ്ഞതോടെ വെറുപ്പായി പോയി നിന്നോട്..
അത്രയേറെ സ്നേഹിച്ചിരുന്നു ഞാൻ നിന്നെ… ഒരു വർഷം എന്നെ സ്നേഹം നടിച്ചു ചതിച്ചതിന് ചെറിയൊരു പണി തരാൻ വേണ്ടി തന്നെയാണ് വിളിക്കാൻ പറഞ്ഞത്. ഇനി മേലിൽ എന്റെ പിന്നാലെ നീ വരരുത്.. നിന്നെ കാണുന്നത് പോലും എനിക്ക് ഇപ്പോൾ അറപ്പാണ്. ”
അവളത് പറഞ്ഞു നിർത്തുമ്പോൾ ആകപ്പാടെ തകർന്നു രാഹുൽ.
” ആശ.. പ്ലീസ് ഒരു തെറ്റ് പറ്റിയതാ.. ഇനി ആവർത്തിക്കില്ല.. നീ എന്നെ ഒഴിവാക്കരുത്… ”
കെഞ്ചൽ തുടർന്നു അവൻ. എന്നാൽ അത് കേൾക്കാൻ ആശയ്ക്ക് താത്പര്യം ഇല്ലായിരുന്നു.
“പോടാ.. മൈ…”
പുച്ഛത്തോടെ അവൾ കോൾ കട്ട് ആക്കുമ്പോൾ നിരാശയോടെ ബെഡിലേക്ക് വീണു രാഹുൽ.
“പുല്ല് എന്റെ ഒടുക്കത്തെ ആക്രാന്തം.. മര്യാദക്ക് ആയിരുന്നേൽ എങ്ങനേലും അവളെ സോപ്പിട്ടു കാര്യം നേടമായിരുന്നു… എല്ലാം പോയി ”
അമർഷം അടക്കുവാൻ കഴിയാതെ ബെഡിൽ ആഞ്ഞടിച്ചു അവൻ.
ആ സമയം ഉള്ളിൽ എവിടെയോ ചെറിയൊരു നോവ് അനുഭവപ്പെട്ടു ആശയ്ക്ക് കാരണം അത്രമേൽ ആത്മാർത്ഥമായി അവൾ രാഹുലിനെ സ്നേഹിച്ചിരുന്നു. മുറി വീട്ടിറങ്ങുമ്പോൾ അച്ഛൻ കാത്തു നിന്നിരുന്നു..
” മോളെ.. ചില ബന്ധങ്ങൾ അങ്ങിനെയാണ്.. അങ്ങട് കാട്ടുന്ന ആത്മാർത്ഥ തിരികെ കിട്ടണമെന്നില്ല.. അത്തരം ബന്ധങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.. ഇവിടെ നീ ചെയ്തതാ ശെരി.. ”
അച്ഛന്റെ വാക്കുകൾ
കേട്ട് ആ മാറിലേയ്ക്ക് തല ചായ്ച്ചു ആശ.. എന്തോ ഉള്ളിൽ വല്ലാത്ത ആശ്വാസം തോന്നി അവൾക്ക് അപ്പോൾ…