(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“രാജീവേട്ടാ നമ്മുടെ കാത്തു .. അവൾക്ക് എന്ത് പറ്റിയതാ.. എവിടെയാ ഇനിയൊന്ന് അന്യോഷിക്കുക”
നിറമിഴികളോട് ഉമ ചോദിക്കുമ്പോൾ അവളെ തന്നോട് ചേർത്തു പിടിക്കുവാൻ മാത്രമേ രാജീവിനും കഴിഞ്ഞുള്ളു..
” താൻ വിഷമിക്കാതെ.. പോലീസ് ഇപ്പോ എത്തും. അവൾക്ക് ഒന്നും പറ്റീട്ടുണ്ടാകില്ല… ചിലപ്പോ ടൂവീലർ ബ്രേക്ക് ഡൗൺ ആയി കാണും.. ഫോണും ഓഫ് ആയതാകും ”
ആശ്വാസ വാക്കുകൾക്കിടയിൽ തന്റെ മിഴികൾ തുളുമ്പാതിരിക്കുവാൻ നന്നേ പണിപ്പെട്ടു രാജീവ്.
” എന്താ.. എന്താ ഇവിടെ സംഭവം ”
വീടിനു മുന്നിലെ ആൾക്കൂട്ടം കണ്ടിട്ട് വഴിപോക്കൻ ആരോ തിരക്കി.
” ദേ ഇവിടുത്തെ രാജീവിന്റെ മോള് കോളേജിൽ പോകാൻ ഇറങ്ങിയതാ രാവിലെ നേരം ഇത്രയും ഇരുട്ടിയിട്ടും തിരിച്ചു വന്നിട്ടില്ല. കോളേജിൽ തിരക്കിയപ്പോൾ കൊച്ച് ഇന്നവിടെ ചെന്നിട്ടില്ല എന്നാണ് അറിയുന്നേ.. ”
” ദൈവമേ. പണി ആയോ ഈ കാലത്ത് എന്തെല്ലാം അക്രമങ്ങളാണ് നടക്കുന്നത്. ഇനി എന്തേലും ആപത്തെങ്ങാനും… ”
ആരോ ഒരാൾ സംശയം പ്രകടിപ്പിച്ചപ്പോൾ എല്ലാവരിലും ആ ഒരു പേടി ഉണ്ടായിരുന്നു.
” ഇത് വേറെന്തോ ചുറ്റിക്കളി ആകും.. കോളേജിൽ പോകാൻ ഇറങ്ങീട്ട് മുങ്ങിയതാണേൽ ഒപ്പം ഏതേലും ചെറുക്കൻ കൂടി മിസ്സിംഗ് ആണോ ന്ന് തിരക്കാൻ പറയ്.. അന്നേരം കാര്യം മനസിലാകും.”
പൊതുജനം പലവിധമായതിനാൽ പലതരത്തിൽ ഉള്ള അഭിപ്രായങ്ങളും ഉയർന്നു.
അപ്പോഴേക്കും പോലീസ് ജീപ്പെത്തി. എസ് ഐ സഞ്ജീവൻ ഇറങ്ങുമ്പോഴേക്കും അത് കണ്ട് രാജീവ് പതിയെ പുറത്തേക്ക് വന്നു.
“സാർ.. എന്തേലും വിവരം ”
ആകാംഷയോടുള്ള ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മൗനമായി സഞ്ജീവൻ.
” രാജീവ്… നിങ്ങൾ ടെൻഷൻ ആകേണ്ട.. ഞങ്ങൾ എല്ലാ സ്റ്റേഷനിലും ഫോട്ടോ ഉൾപ്പെടെ ഇൻഫർമേഷൻ കൊടുത്തിട്ടുണ്ട് പിന്നെ ബസ്റ്റാന്റ് റെയിൽവേ സ്റ്റേഷൻ എല്ലായിടത്തേയും സിസിടീവി വിഷ്വൽസും നോക്കുന്നുണ്ട്… ഉടൻ തന്നെ എന്തേലും വിവരം കിട്ടിയേക്കും ”
ആ പറഞ്ഞത് കേട്ട് ഒരു നിമിഷം നെറ്റി ചുളിച്ചു രാജീവ്.
” സാറെന്താ ഉദ്ദേശിക്കുന്നത് ”
” അത്… അങ്ങിനെ ഒരു അന്യോഷണം കൂടി വേണമല്ലോ. മോൾക്ക് എന്തേലും അഫയറോ മറ്റോ ഉള്ളതായി അറിയോ… ഈ പ്രായത്തിലെ കുട്ടികളാകുമ്പോൾ അതുകൂടി ചിന്തിക്കണമല്ലോ.. ”
ആ മറുപടി ഒരു ഞെട്ടലായി രാജീവിന്. അത് കേട്ടുകൊണ്ട് പുറത്തേക്ക് വന്ന ഉമയും ഒപ്പമൊന്ന് ഞെട്ടി.
” സാർ.. എന്റെ മോള് കാത്തൂന് അങ്ങിനൊന്നും ഇല്ല സാർ.. ഇതുവരെ അങ്ങിനൊരു സംശയം തോന്നീട്ടില്ല ഞങ്ങൾക്ക്.. അങ്ങിനെ എന്തേലും ഉണ്ടേൽ അവൾ ഞങ്ങളോട് പറയും അതിനുള്ള സ്വാതന്ത്ര്യം കൊടുത്തു തന്നെയാ അവളെ വളർത്തുന്നത്….. ”
മറുപടി പറഞ്ഞു കൊണ്ട് രാജീവ് ഒരു നിമിഷം ഉമയ്ക്ക് നേരെ തിരിഞ്ഞു
” അല്ലെ.. അങ്ങനൊരു സംശയം നിനക്ക് തോന്നീട്ടുണ്ടോ. ”
” ഇല്ല.. അങ്ങിനൊന്നും ഉണ്ടാകില്ല.. അവള് അങ്ങിനൊന്നും ചിന്തിക്കുന്ന ഒരു കുട്ടിയല്ല സാറേ… ഇതെന്തോ പറ്റീട്ടുണ്ട് ഞങ്ങടെ മോൾക്ക്.. അവളെ എങ്ങനേലും കണ്ട് പിടിച്ചു തരണം സാറേ ”
നിറമിഴികളോടെ ഉമ കൈ കൂപ്പുമ്പോൾ സഞ്ജീവനും വല്ലാണ്ടായി.
” ഏയ്.. നിങ്ങൾ വിഷമിക്കേണ്ട.. ഞങ്ങൾ അന്യോഷിക്കുന്നുണ്ട്.. ഒന്നും ഉണ്ടാകില്ല.. ടെൻഷൻ വേണ്ട.. രാത്രി വെളുക്കുന്നെന്നു മുന്നേ മോളെ കണ്ടെത്താം നമുക്ക്.”
ആശ്വാസ വാക്കുകളോടെ അവൻ പതിയെ ജീപ്പിനരികിലേക്ക് ചെന്നു.
” സാറേ.. കേട്ടത് സത്യം ആണ് ആ ചെക്കന്റെ പേര് ജീവൻ.. ഈ കൊച്ചും ആ ചെക്കനും തമ്മിൽ അടുപ്പമായിരുന്നെന്നാണ് കൂടെ പഠിക്കുന്ന പിള്ളേരുടെ മൊഴി… ചെക്കനും മിസ്സിംഗ് ആണ്. അങ്ങനാണേൽ ”
കോൺസ്റ്റബിൾ പറഞ്ഞത് കേട്ട് ഒരു നിമിഷം മൗനമായി സഞ്ജീവൻ.
” ഇവരുടെ മോളുടെ ഫോണിന്റെ അവസ്ഥ എന്താ.. ടവർ ലൊക്കേഷൻ കിട്ടിയോ”
” ഇപ്പോ കിട്ടും സാറേ.. സൈബർ സെല്ലിലെ സുരേഷ് സാർ നോക്കുന്നുണ്ട്. ഡീറ്റെയിൽസ് എടുത്ത് വിളിച്ചു പറയാം ന്ന് ആണ് പറഞ്ഞെ.. ”
കോൺസ്റ്റബിൾ പറഞ്ഞവസാനിപ്പിക്കുമ്പോൾ തന്നെ സഞ്ജീവന്റെ ഫോൺ റിങ് ചെയ്തു. മുന്നേ പറഞ്ഞ സുരേഷ് ആയിരുന്നു വിളിച്ചത് അതോടെ വേഗത്തിൽ കോൾ. അറ്റന്റ് ചെയ്ത് ലൗഡ് സ്പീകർ ഇട്ടു സഞ്ജീവൻ.
” സാറേ.. ആ ഡീറ്റെയിൽസ് കിട്ടീട്ടുണ്ട്.. ഈ കാത്തു ന്റെ ഫോൺ ഓഫ് ആയേക്കുന്നത് കോളേജിന് മുന്നിൽ വച്ചാണ്. രാവിലെ ഒരു പത്ത് മണിക്ക്.. പിന്നെ ഓൺ ആയിട്ടില്ല. പിന്നെ അതെ സമയം തന്നെ അവിടെ ആ ചെക്കനും ഉണ്ടായിരുന്നു ജീവൻ. അവന്റെ ഫോൺ പിന്നെയും കുറച്ചു നേരം കൂടി ഓൺ ആയിരുന്നു. വലിയ പാലം സിഗ്നൽ എത്തിയപ്പോ അതും ഓഫ് ആയി. ”
“പിന്നെ രണ്ടും ഓൺ ആയിട്ടില്ല അല്ലെ സുരേഷ്.”
സംശയത്തോടെ ജീപ്പിന്റെ ബോണറ്റിലേക്ക് ചാരി സഞ്ജീവൻ.
” ഇല്ല സാറേ.. ഒന്നുകിൽ ഇതൊരു ഒളിച്ചോട്ടം അല്ലേൽ പിന്നെ അവൻ കൊച്ചിനെ ബോധ പൂർവ്വം… എന്തായാലും ഈ കേസിൽ ആ ജീവന് എന്തോ പങ്കുണ്ട് സാറേ.. അവനിനി ഈ കൊച്ചിനെയെങ്ങാൻ..”
സുരേഷ് വാക്കുകൾ മുഴുവപ്പിച്ചില്ല.
” ശെരി സുരേഷ്. എന്തേലും ഡീറ്റെയിൽസ് കിട്ടുവാണേൽ അറിയിക്ക്.. ”
കോൾ കട്ട് ചെയ്യുമ്പോൾ ഏറെ അസ്വസ്ഥനായി സഞ്ജീവൻ
” ഈ ചെക്കൻ ആളെങ്ങനാ.. അന്യോഷിച്ചപ്പോ എന്തേലും അറിഞ്ഞോ ”
” ആളത്ര വെടിപ്പല്ല എന്നാണ് അറിഞ്ഞത് സാറേ.. പെണ്ണ് കേസിൽ ഇച്ചിരി മിടുക്കൻ ആണ്… പിന്നെ അല്ലറ ചില്ലറ അലമ്പ് പരിപാടികൾ ഒക്കെ ഉണ്ട്… ”
കോൺസ്റ്റബിളിന്റെ മറുപടി അവനെ കൂടുതൽ കുഴപ്പിച്ചു
” ട്രാപ്പ് ചെയ്ത് കാണോ അവൻ.. ”
സംശയത്തിൽ അങ്ങിനെ നിൽക്കുമ്പോൾ വീണ്ടും സഞ്ജീവന്റെ ഫോൺ റിങ് ചെയ്തു. കോൾ അറ്റന്റ് ചെയ്ത് കാതോട് ചേർക്കവേ പതിയെ പതിയെ അവന്റെ മിഴികൾ കുറുകി. ശേഷം പെട്ടെന്ന് രാജീവിന് നേരെ തിരിഞ്ഞു.
” രാജീവ്.. നിങ്ങടെ മോൾക്ക് ടൂ വീലർ ഉണ്ടെന്നല്ലേ പറഞ്ഞെ”
“അതെ സാറേ.. ”
ആ ചോദ്യം കേട്ട് സംശയത്തോടെ രാജീവും സഞ്ജീവനരികിലേക്കോടിയെത്തി.
” എന്താ സാറേ എന്താ.. ”
അയാളുടെ ആകാംഷ കണ്ട് പതിയെ കോൾ കട്ട് ചെയ്ത് പോക്കറ്റിലേക്കിട്ടു സഞ്ജീവൻ.
” കെ എൽ പതിനാറ്. മുപ്പത് ** ഇതല്ലേ വണ്ടി നമ്പർ ”
“അതെ സാറേ.. അതവളുടെ വണ്ടിയാ.. എന്താ എന്താ എന്റെ മോൾക്ക് പറ്റിയേ… ”
ഇത്തവണ ആകാംഷയ്‌ക്കൊപ്പം വെപ്രാളം കൂടിയായതോടെ രാജീവിന്റെ ശബ്ദമിടറി.
” അത്.. രാജീവ്.. ടെൻഷൻ വേണ്ട.. മോളുടെ വണ്ടി ആ മേൽപ്പാലം കഴിഞ്ഞു വലത്തേക്ക് തിരിഞ്ഞു പോകുമ്പോൾ കാണുന്ന ആ ചെറിയ കലുങ്ക് ഇല്ലേ.. അതിനടുത്ത് ഒരു കുറ്റിക്കാട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്. മോളെയും കണ്ടു കിട്ടി.. കുറച്ചപ്പുറം ഉള്ള ആ പഴയ ചുടുകൽ ചൂളയ്ക്ക് ഉള്ളിൽ നിന്ന്.. വേറെ ആപത്തൊന്നും ഇല്ല.. ”
സഞ്ജീവൻ പറഞ്ഞു നിർത്തുമ്പോൾ രാജീവിന്റെ മിഴികൾ തുറിച്ചു.
” സാറേ.. എന്റെ മോള്..”
“ഏയ് പേടിക്കാൻ ഇല്ല.. കുട്ടി ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്. നമുക്ക് അവിടേക്ക് പോകാം.. താൻ വൈഫിനെയും കൂട്ടി വാ ഈ ജീപ്പിൽ തന്നെ പോകാം… പിന്നെ വൈഫിനോട് തത്കാലം ഇവിടെ വച്ചു കാര്യം പറയണ്ട.”
ഒക്കെയും കേട്ട് അൽപനേരം നടുങ്ങി നിന്നുപോയി രാജീവ്. ശേഷം വേഗം ഉമയ്ക്ക് അരികിലേക്ക് പാഞ്ഞു. നിമിഷങ്ങൾക്കകം ആ പോലീസ് ജീപ്പ് സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.
ഹോസ്പിറ്റലിൽ അവരെത്തുമ്പോൾ പോലീസുകാർ പുറത്ത് കാത്തു നിന്നിരുന്നു.
” എവിടെ എന്റെ മോളെവിടെ ”
വെപ്രാളത്തിൽ ആദ്യം ഓടിയിറങ്ങിയത് ഉമയാണ്.
” വിഷമിക്കേണ്ട.. അവിടെ ഒബ്സെർവേഷൻ വാർഡിൽ ഉണ്ട്. ചെന്ന് കണ്ടോളൂ ”
പോലീസുകാരിൽ ഒരാൾ കൈ ചൂണ്ടുമ്പോൾ അവിടേക്ക് പാഞ്ഞു ഉമ. പിന്നാലെ പോകാനാഞ്ഞ രാജീവിനെ പിടിച്ചു നിർത്തി സഞ്ജീവൻ.
” രാജീവ് ഒന്ന് നിൽക്കു. അല്പം സംസാരിക്കാൻ ഉണ്ട്. ”
സംശയത്തോടെയാണവൻ നിന്നത്..
” എന്താ സാർ.. എന്തേലും പ്രശ്നം… ”
“പ്രശ്നമുണ്ട് രാജീവേ… വലിയ പ്രശ്നം. മക്കൾ വളർന്നു വരുമ്പോൾ നിങ്ങൾ രക്ഷകർത്താക്കൾ അവരെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങിനെ ചെയ്തില്ലെങ്കിൽ അവർ ചിലപ്പോൾ പല പല കുരുക്കുകളിൽ ചെന്ന് പെട്ടു പോകും ”
സഞ്ജീവന്റെ വാക്കുകൾ കേൾക്കെ ഒരു നിമിഷം ഒന്നും മനസിലാകാതെ മിഴിച്ചു നിന്നും രാജീവ്. അത് കണ്ടിട്ട് പതിയെ അയാളുടെ ചുമലിൽ തട്ടി സഞ്ജീവൻ.
” ക്യാമ്പസ് അല്ലേ രാജീവ്. പലതരത്തിൽ ഉള്ള കുട്ടികൾ ഉണ്ടാകും അവിടെ. അതിൽ നല്ലത് തിരഞ്ഞെടുക്കാൻ പറ്റിയില്ലേൽ… ”
ഒന്ന് നിർത്തി നെടുവീർപ്പിട്ട് വീണ്ടും തുടർന്നു സഞ്ജീവൻ
“തന്റെ മോള് ഡ്രഗ്സ് യൂസ് ചെയ്തിട്ടുണ്ട്. ആദ്യമായല്ല മുന്നേയും പല വട്ടവും ആ കുട്ടി അത് ചെയ്തിട്ടുണ്ട്. അത് മാത്രമല്ല ഡ്രഗ്സ് കൊടുത്തു മയക്കി അവളെ ആരോ….. റേപ്പ് ചെയ്‌തിട്ടുണ്ട്. ”
ആ കേട്ടത് കാതുകളിൽ ഒരു മുഴക്കമായി രാജീവിന്.
” ഏ.. എന്താ സാറേ.. എന്താ പറഞ്ഞെ… ”
അവന്റെ മിഴികൾ തുറിച്ചു തൊണ്ട വരളുന്ന പോലെ തോന്നി.. പിന്നിലേക്ക് വെച്ചുപോയ രാജീവിനെ പോലീസുകാരിൽ ഒരാൾ പിടിച്ചു നിർത്തി.
” അതെ.. രാജീവ് അങ്ങിനെ സംഭവിച്ചിട്ടുണ്ട്. ട്രാപ്പിൽ വീണുപോയതാകാം.. ഞങ്ങൾക്ക് ഒരാളെ സംശയം ഉണ്ട്. നിങ്ങളുടെ മകൾക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു അവനെ തന്നെ.. ഉടൻ പിടിയിൽ ആകും പക്ഷെ.. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു കഴിഞ്ഞു . ”
അത് പറയുമ്പോൾ ഉള്ളിൽ ഒരു നോവ് പടർന്നു സഞ്ജീവനും.
ഒക്കെയും കേട്ട് പിടിച്ചു നിൽക്കുകാൻ കഴിയാതെ നിലത്തേക്കിരുന്നു പോയി രാജീവ്.
” എന്നാലും സാറേ.. എന്റെ മോള്.. കുഞ്ഞല്ലേ അവള് പതിനെട്ടു തികഞ്ഞതെ ഉള്ളു.. അവളെങ്ങിനെ ഇങ്ങനൊരു ചതിയിൽ… ”
പൊട്ടിക്കരഞ്ഞ അവനെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു സഞ്ജീവൻ
” നോക്ക് രാജീവ് നാട്ടിലെ കോളേജുകളിൽ പലയിടത്തും ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. പക്ഷെ ഇവിടിപ്പോ മോൾക്ക് ഡ്രഗ്സ് കൊടുക്കുക മാത്രമല്ല.. അവൻ അവളെ…. ”
ബാക്കി കേൾക്കാൻ ത്രാണിയില്ലാതെ കാതുകളിൽ പൊത്തി രാജീവ്.
“മോളെ….”
അകത്തു ഉമയുടെ വലിയൊരു നിലവിളി മുഴങ്ങി കേട്ടു. അവളും കാര്യങ്ങൾ മനസ്സിലാക്കി എന്ന് അതോടെ രാജീവ് ഉറപ്പിച്ചു… ഉള്ളിലേക്ക് പോയി മകളെ കാണാൻ ത്രാണിയുണ്ടായിരുന്നില്ല രാജീവിന്. ഹോസ്പിറ്റൽ വരാന്തയിൽ എല്ലാം തകർന്നവനെ പോലെ ചുരുണ്ടു കൂടിയിരുന്നു പോയി അവൻ.
മൂന്ന് വർഷങ്ങൾക്ക് ശേഷം…
സി ഐ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങിയ സഞ്ജീവൻ ആദ്യം കണ്ടത് കാത്തുവിനെയാണ്. ഒപ്പം രാജീവിനെയും ഉമയെയും കണ്ടതോടെ അവൻ വേഗത്തിൽ ആളെ തിരിച്ചറിഞ്ഞു.
“ഹാ.. രാജീവ്.. സുഖാണോ.. നിങ്ങൾക്ക് ”
കാത്തുവിന്റെ നെറുകയിൽ ഒന്ന് തലോടി പുഞ്ചിരിയോടെ തിരക്കി സഞ്ജീവൻ.
” സുഖം സാറേ.. ഒരു ചെറിയ സന്തോഷം ഉണ്ട് അതാ സാറിനെ കാണാൻ വന്നേ.. കാത്തുവിന് മെഡിസിന് അഡ്മിഷൻ കിട്ടി… അതും മെറിറ്റിൽ തന്നെ… അതൊന്ന് സാറിനെ അറിയിക്കാൻ വന്നതാ ”
“ഓ നൈസ്. കൺഗ്രാറ്റ്സ് കാത്തു.. ”
സഞ്ജീവൻ കാത്തുവിന് ഷേക്ഹാൻഡ് നൽകവേ ഉമയുടെ മിഴികൾ തുളുമ്പി
” ഒരുപാട് നന്ദിയുണ്ട് സാറേ.. അന്ന് ആ കേസ് സാറ് ഒതുക്കി തന്നില്ലാരുന്നേൽ ഇന്നീ നേട്ടങ്ങൾ കൈവരിക്കുവാൻ എന്റെ മോളുണ്ടാകില്ലായിരുന്നു. നാണക്കേട് കൊണ്ടവൾ..”
തൊഴുകയ്യോടെ ആണ് ഉമ അത് പറഞ്ഞത്. അത് കേട്ട് പുഞ്ചിരിച്ചിട്ട് മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി പോയി സഞ്ജീവൻ.
” സാർ അങ്ങിനെയാ നിങ്ങൾ വിഷമം വിചാരിക്കേണ്ട… നന്ദി വാക്കുകൾ കേൾക്കാൻ നിൽക്കില്ല.. പുള്ളിക്കാരൻ”
കോൺസ്റ്റബിളിൽ ഒരാൾ പതിയെ മുന്നിലേക്ക് വരുമ്പോൾ പുഞ്ചിരിച്ചു രാജീവ്.
“എന്റെ മോൾക്കൊരു ചതി പറ്റിയപ്പോൾ സഹായിച്ച ആളാ അത്…”
നന്ദി സൂചകമായി സഞ്ജീവനെ തന്നെ നോക്കി നിന്നു രാജീവ്.
” എനിക്കറിയാം.. അന്ന് ഞാനും ഉണ്ടായിരുന്നു ആ സ്റ്റേഷനിൽ. അതങ്ങിനാ.. ചില കാര്യങ്ങൾ നമ്മൾ മറച്ചു തന്നെ വയ്ക്കണം. വെറുതെ.. മീഡിയക്കാർക്ക് ഇരയായിട്ട് എന്ത് കാര്യം ഒന്നും നടക്കില്ല… അന്ന് ആ ചെക്കനെ ഒരാഴ്ചക്കുള്ളിൽ സാറ് തൂക്കി. മയക്ക് മരുന്ന് കേസ് എഴുതിച്ചേർത്തു നല്ല താങ്ങ് താങ്ങിയാ അകത്തേക്ക് വിട്ടെ… അതോടെ അവനും നന്നായെന്ന് കേട്ടു.. ”
അത്രയും പറഞ്ഞു കാത്തുവിനെ നോക്കി അയാൾ.
” മോള് നന്നായിട്ട് പഠിക്കണം കഴിഞ്ഞത് കഴിഞ്ഞു. നല്ല നിലയിൽ എത്തണം കേട്ടോ.. ”
മനസ്സറിഞ്ഞു ആശീർവദിച്ചു കൊണ്ട് ആ കോൺസ്റ്റബിൾ വീണ്ടും സ്റ്റേഷനിലേക്ക് പോയി.
നല്ലൊരു ഭാവി സ്വപ്നം കണ്ട് കൊണ്ട് രാജീവനും ഉമയും കാത്തുവിനെയും കൂട്ടി വീട്ടിലേക്കും.