ഈ വീടിന്റെ ആധാരം തന്നിട്ട് നീ എന്റേന്ന് വാങ്ങിയ തുക പലിശയും ചേർത്ത് ഇപ്പോ പത്തു ലക്ഷത്തോളം ആയി.. ഇനി ഒരു പത്തു കൊല്ലം കഴിഞ്ഞാലും നിന്നെ കൊണ്ട് അത് തന്ന് തീർക്കാൻ പറ്റില്ല എന്ന്

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” ജോസേ… കാര്യങ്ങൾ നിന്റെ കൈ വിട്ട മട്ടാണ് ഇപ്പോ.. ഇനിയേലും നീ അത് മനസിലാക്കണം. ഈ വീടിന്റെ ആധാരം തന്നിട്ട് നീ എന്റേന്ന് വാങ്ങിയ തുക പലിശയും ചേർത്ത് ഇപ്പോ പത്തു ലക്ഷത്തോളം ആയി.. ഇനി ഒരു പത്തു കൊല്ലം കഴിഞ്ഞാലും നിന്നെ കൊണ്ട് അത് തന്ന് തീർക്കാൻ പറ്റില്ല എന്ന് എനിക്കറിയാം… എന്താ നിന്റെ പ്ലാൻ. ”

സേവ്യറിന്റെ ചോദ്യം കേട്ട് മറുപടി ഇല്ലാതെ നിന്നു ജോസും ഭാര്യ ക്ലാരയും. അവരുടെ മൗനം തുടരവേ പതിയെ എഴുന്നേറ്റു സേവ്യർ.

” എടാ.. സംഗതി വെള്ളം കേറി നിന്റെ കൃഷി നശിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണം ന്ന് അറിയാം പക്ഷെ കാശിനു കാശ് തന്നെ വേണ്ടേ.. എന്നിട്ടിപ്പോ കടങ്ങൾ വേഗം വീട്ടാൻ വേണ്ടി നീ ലോട്ടറി എടുപ്പ് തുടങ്ങീന്നും കവലയിൽ ന്ന് കേട്ടു. എന്ത് ചെയ്തിട്ടായാലും എന്റെ കാശിനു ഉടനെ ഒരു തീരുമാനം വേണം അല്ലേൽ പിന്നെ എന്താ സംഭവിക്കുക ന്ന് അറിയാലോ നിനക്ക്. ”

ചെറിയൊരു ഭീഷണിയോടെയാണ് ആ വാക്കുകൾ അവസാനിച്ചത്.

” സേവ്യറേട്ടാ.. എനിക്ക് കുറച്ചൂടെ സാവകാശം താ. ഈ വീട് വിറ്റിട്ട് ആയാലും നിങ്ങടെ കടം ഞാൻ തന്ന് തീർക്കും പറ്റിക്കില്ല.. ”

ദയനീയമായ ജോസിന്റെ ആ മറുപടിക്ക് മുന്നിൽ വെളുക്കെ ഒന്ന് ചിരിച്ചു സേവ്യർ.

” ഈ വീട് വിറ്റ് കടം തീർക്കാനോ….. അതിനു നിന്റെ അനിയൻ ആ ജോണി സമ്മതിക്കോ.. നീയും അവനും തമ്മിൽ അത്ര രസത്തിൽ അല്ലല്ലോ.. പിന്നെ ഇത് കുടുംബവീട് ആയത് കൊണ്ട് പാതി കാശ് അവന് ഉള്ളതല്ലേ.. എനിക്കിതെല്ലാം അറിയാം ജോസേ അവൻ അറിയാതെ അല്ലേ നീ ആധാരം കൊണ്ട് എന്റേൽ തന്ന് കാശ് വാങ്ങിയത്. ”

ആ ചോദ്യം ശെരിക്കും ജോസിനെ നടുക്കി

” അത് ചേട്ടാ.. അതൊക്കെ പരിഹരിക്കാം.. എങ്ങനേലും കടം ഞാൻ വീട്ടും അത് ഉറപ്പ് ആണ് എനിക്ക് ഇച്ചിരി സാവകാശം താ.. ”

” എങ്ങിനാ ജോസേ ലോട്ടറി ടിക്കറ്റ് എടുത്തിട്ടോ… അതിന്റെ സമ്മാനം കിട്ടാൻ എത്രയെന്നു വച്ചു നോക്കി ഇരിക്കും നീ.. അതോ ഇനി വേറെ എന്തേലും വഴി ഉണ്ടോ ”

അത് പറയുമ്പോൾ സേവ്യർ ക്ലാരയെ ഒന്ന് കണ്ണാലുഴിഞ്ഞു. ആ നോട്ടത്തിൽ ചൂളിപ്പോയ അവൾ പതിയെ ജോസിന് പിന്നിലേക്ക് മാറി അതോടെ അയാൾ പതിയെ തന്റെ ആവശ്യത്തിലേക്ക് കടന്നു.

” ജോസേ.. തത്കാലം നിങ്ങൾക്ക് രക്ഷപ്പെടാൻ ഞാനൊരു വഴി പറയാം.. രണ്ടാളും ശ്രദ്ധിച്ചു കേൾക്കണം. ”

സംശയത്തോടെ നിൽക്കുന്ന ജോസിനെയും ക്ലാരയെയും നോക്കി തുടർന്നു സേവ്യർ.

“എന്റെ കടം മുഴുവൻ തീർക്കാൻ ഉള്ളത് കിട്ടീല്ലേലും ജോണിക്ക് ഉള്ള വിഹിതം കൊടുത്ത് ഈ വീട് ഞാൻ വിലയ്ക്ക് എടുക്കാം. എന്നിട്ട് നിങ്ങൾക്ക് കുടുംബമായി ഇവിടെ തന്നെ താമസിക്കേം ചെയ്യാം. പിന്നെ എന്റെ കടത്തിന്റെ കാര്യം പറഞ്ഞിട്ട് ഞാൻ ശല്യം ചെയ്യേം ഇല്ല പക്ഷെ അങ്ങിനൊക്കെ നടക്കണേൽ ക്ലാര നല്ലത് പോലെ മനസ്സ് വക്കണം കേട്ടോ ”

വാക്കുകൾ വളച്ചൊടിച്ചു അയാൾ കൊണ്ട് നിർത്തിയത് എന്തിലേക്ക് ആണ് എന്ന് മനസിലാകവേ ഒന്ന് നടുങ്ങി ജോസും ക്ലാരയും

” ചേട്ടാ .. എന്നതാ ഈ പറയുന്നേ… ക്ലാര എന്നാ ചെയ്യാനാണ്. ”

സംശയത്തോടെ ജോസ് നോക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു സേവ്യർ

” എടാ ഉവ്വേ.. നീ ഈ വീടിന്റെ ആധാരവും കൊണ്ട് എന്റെ അടുക്കെ കാശിനു വന്നപ്പോഴേ എനിക്ക് അറിയാരുന്നു അവസാനം ഇതിങ്ങനെ വരുള്ളൂ എന്ന്.. എന്നിട്ടും ഞാൻ കാശ് തന്നത് ദേ ഈ ക്ലാരയെ കണ്ടിട്ട് തന്നാ.. എന്റെ പഴേ ഒരു മോഹം ആണ് ഇവള്.. ഒരുപാട് കൊതിപ്പിച്ചു. ഇവളൊന്ന് മനസ്സ് വച്ചാൽ നിങ്ങടെ എല്ലാ പ്രശ്നങ്ങളും ഞാൻ തീർക്കും.. ആരും ഒന്നും അറിയില്ല.. ഇടക്കിടക്ക് ഞാൻ ഇങ്ങട് വരും അന്നേരം ഞങ്ങളെ മുറിക്കുള്ളിൽ ആക്കി നീ ഒന്ന് വെളീൽ ഇരുന്ന് തന്നാൽ മതി…. ക്ലാര നീയാണെന്ന് കരുതി എനിക്കൊപ്പം…. എന്ത് പറയുന്നു. ”

ആ കേട്ടത് ജോസിന് വലിയ നടുക്കം ആകവേ ക്ലാരയ്ക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.

” സേവ്യറേട്ടാ നിങ്ങൾ … പോക്രിത്തരം പറയരുത്.. ”

ഗതികെട്ട് ജോസിന്റെ ഒച്ചയുയരുമ്പോഴും പതിയെ പുഞ്ചിരിച്ചു സേവ്യർ.

” എടാ ഇവളൊന്ന് എനിക്കൊപ്പം കിടന്നെന്ന് വച്ചിട്ട് ഒന്നും സംഭവിക്കാൻ പോണില്ല. നല്ലോണം ആലോചിച്ചു തീരുമാനിക്ക്.. ഓക്കേ ആണേൽ നിങ്ങള് രക്ഷപ്പെടും സഹകരിച്ചാൽ കാശ് എനിക്കൊരു പ്രശ്നം അല്ല.. അത് ഇനീം തരും ഞാൻ.. ഇനി സമ്മതം അല്ലേൽ പെട്ടിയും കിടക്കയും പാക്ക് ആക്കിക്കോ… വൈകാതെ തന്നെ… എന്തിനും ഞാൻ റെഡി.. ഇനി ഇതിനിടയ്ക്കെങ്ങാൻ നിനക്ക് ലോട്ടറി അടിച്ചാൽ പിന്നെ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ നീ ആണ്.. എന്തായാലും ഞാൻ ഇറങ്ങിയേക്കുവാ ”

സേവ്യർ പോകാൻ തിരിയവേ ഒരിക്കൽ കൂടി ക്ലാരയെ കൊതിയോടെ ഒന്ന് നോക്കി. ആ കഴുകൻ നോട്ടത്തിന് മുന്നിൽ മരവിച്ചങ്ങിനെ നിന്നു അവൾ.

” എന്റെ ക്ലാരെ… എന്റെ കണ്ട്രോൾ പോകും നിന്നെ കാണുമ്പോൾ.. ”

വഷളൻ ചിരിയോടെ സേവ്യർ വീടിനു പുറത്തേക്ക് പോയി.

ആകെ നടുക്കത്തിലായിരുന്നു ജോസും ഒരിക്കലും അങ്ങനൊരു വാക്കുകൾ അവൻ പ്രതീക്ഷിച്ചതേ ഇല്ല.സേവ്യറിന്റെ കാറ്‌ ദൂരേയ്ക്ക് കടന്ന് പോയതും പതിയെ ക്ലാരയ്ക്ക് നേരെ തിരിഞ്ഞു അവൻ. അവളുടെ കരഞ്ഞു കലങ്ങിയ മുഖത്തേക്ക് നോക്കാൻ ജോസിന് കഴിയുമായിരുന്നില്ല

” ക്ലാര.. നീ വിഷമിക്കാതെ… ഇതൊന്നും കാര്യമാക്കേണ്ട. അയാൾ ഇത്രക്ക് വൃത്തികെട്ടവൻ ആണെന്ന് ഞാനും കരുതിയില്ല.. ഇനി വൈകിക്കില്ല നമുക്ക് എങ്ങിനെയും ആ കടം വീട്ടാം.. എന്നെ വിശ്വസിക്ക് ”
ഇത്തവണ ഒക്കെയും കേട്ട് മൗനകാൻ കഴിഞ്ഞില്ല ക്ലാരയ്ക്ക് അവളുടെ ഉള്ളിലെ സങ്കടങ്ങൾ അണപ്പൊട്ടി.

” എങ്ങിനെ വിശ്വസിക്കാൻ.. എങ്ങിനെ കടങ്ങൾ വീട്ടും വീണ്ടും ലോട്ടറി എടുത്തിട്ടോ.. ഒന്നും രണ്ടും അല്ല പത്ത് ലക്ഷമാണ്…. ഇനീപ്പോ അയാൾ പറഞ്ഞത് തന്നെ ചെയ്യേണ്ടി വരോ.. എന്നെ അയാൾക്കൊപ്പം കിടക്കാൻ വിട്ടിട്ട് നമ്മുടെ മുറിയുടെ വാതിൽക്കൽ ഇച്ചായൻ കാവലിരിക്കോ.. ”

അവളുടെ ഒച്ചയിടറി ഒക്കെയും കേട്ട് മറുപടിയില്ലാതെ വിളറി നിന്നു ജോസ്. മിഴിനീർ തുടച്ചു കൊണ്ട് ജോസിന്റെ മുഖത്തേക്ക് നോക്കി അവൾ.

” ഒരു കാര്യം ചെയ്യാം അയാൾ പറഞ്ഞത് തന്നെ ചെയ്യാം ഞാൻ.. കിടന്ന് കൊടുക്കാം അയാൾക്ക്.അതോടെ നമ്മുടെ കടങ്ങൾ തീരട്ടെ.. പ്രശ്നങ്ങൾ മാറട്ടെ.. പക്ഷെ പിന്നെ ഞാൻ ജീവനോടെ ഉണ്ടാകില്ല.. കടങ്ങളൊക്കെ തീർന്നാൽ ഇച്ചായന് സമാധാനമായി മക്കളുമൊന്നിച്ചു ജീവിക്കാം.. എന്നെ കൊണ്ട് അത്രയേ ഈ കുടുംബത്തിന് വേണ്ടി ചെയ്യാൻ പറ്റു ഇപ്പോ. ”

അത് പറഞ്ഞു നിർത്തുമ്പോൾ വീണ്ടും പൊട്ടിക്കരഞ്ഞു പോയി ക്ലാര. ആ വാക്കുകൾ നടുക്കമാകവേ അവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തു പുണർന്നു ജോസും പൊട്ടിക്കരഞ്ഞു. അവന്റെ നെഞ്ചിൽ തല ചായ്ക്കുമ്പോൾ പോക്കെറ്റിൽ വീണ്ടും ഒരു ലോട്ടറി കണ്ടു ക്ലാര. അതോടെ അവൾ വേഗം അവനിൽ നിന്നും അടർന്നു. ശേഷം ആ ലോട്ടറി കയ്യലേക്കെടുത്തു. അത് കണ്ട് ഒന്ന് പതറി ജോസ്. ക്ലാരയുടെ മിഴികൾ കുറുകിയിരുന്നു അപ്പോൾ..

” ഇച്ചായാ.. നിങ്ങൾ ഒരിക്കലും നന്നാകില്ല അല്ലേ.. എന്തിനാ ഇങ്ങനെ ലോട്ടറി എടുത്ത് വീണ്ടും കാശ് കളയുന്നെ.. ഈ വീട്ടിൽ അടുക്കളയിൽ നേരെ ഒരു സാധനം പോലും ഇല്ല.. എന്നിട്ടും. ”

അവളുടെ ആ ചോദ്യത്തിന് മുന്നിൽ ആകെ പതറി പോയി അവൻ.

” എടീ.. ഇത് ആ രമേശൻ എന്നെ അടിച്ചേൽപ്പിച്ചതാ. ബംബർ ആണ്.. ഇന്നാ നറുക്കെടുപ്പ് അവസാന ടിക്കറ്റ് ആയിരുന്നു.. അത് തീർക്കാൻ തന്ന് വിട്ടതാ ”

ആ മറുപടി കേട്ട് കലി തുള്ളിപ്പോയി ക്ലാര.

” വീട്ടിൽ ഒരുത്തൻ വന്നു ഭാര്യയെ കൂടെക്കിടക്കാൻ വിളിച്ചത് നിങ്ങടെ മുന്നിൽ വച്ചിട്ടല്ലേ.. എന്നിട്ടും ഇതുപോലെ ഓരോ പാഴ്ചിലവ് നടത്താൻ ആണ് നിങ്ങൾക്ക് തിടുക്കം അല്ലേ… അഞ്ഞൂറ് രൂപ.. ഇച്ചായാ ആ കാശ് എനിക്ക് തന്നിരുന്നേൽ ഞാൻ അഞ്ചു ദിവസം മീൻ വാങ്ങിയേനെ കൊച്ച് സ്കൂളിൽ ന്ന് വരുമ്പോ ഇന്ന് കൊടുക്കാൻ നേരെ ഒരു കറി പോലും ഇല്ല ഇവിടെ…. നിങ്ങൾ നന്നാവില്ല ഇച്ചായാ. നിങ്ങളെ വിശ്വസിച്ചാൽ അവസാനം എന്റെ മാനം പോകും അതാണ് എനിക്ക് ഇപ്പോ തോന്നുന്നത്.. ഞാൻ പറയുന്നത് പണ്ടും നിങ്ങൾ കേൾക്കാറില്ല. കാലം തെറ്റി മഴ പെയ്യുമ്പോൾ കടം വാങ്ങി കൃഷി ഇറക്കരുതെന്ന് എത്രവട്ടം പറഞ്ഞിരുന്നു ഞാൻ. അന്ന് നിങ്ങൾ എന്നെ പുച്ഛിച്ചു. അടുക്കളകാരിക്ക് കൃഷിയെ പറ്റി എന്തറിയാം എന്ന് ചോദിച്ചു. എന്നിട്ടോ.. ഇനീപ്പോ മാനം പോകുന്ന അവസ്ഥയായി.. മടുത്തു എനിക്ക്.. ”

ക്ലാരയുടെ കുത്ത് വാക്കുകൾക്ക് മുന്നിൽ മറുപടിയില്ലാതെ ആകെ പതറി ജോസ്.

” എന്റെ പൊന്ന് ക്ലാരാ നീ ഇങ്ങനൊന്നും പറയല്ലേ.. ഒക്കെയും എന്റെ തെറ്റ് ആണ്.. സമ്മതിച്ചു പക്ഷെ പരിഹാരവും ഞാൻ തന്നെ കാണാം. ഇന്ന് തന്നെ ജോണിയെ പോയി കാണുന്നുണ്ട്. ഈ വീട് വിൽക്കാൻ വേണ്ടത് ചെയ്യണം അവന്റെ കാലു പിടിച്ചിട്ട് ആയാലും അതിനു സമ്മതിപ്പിക്കും ഞാൻ. കിട്ടുന്നത് എത്ര ആയാലും അത് കൊണ്ട് സേവ്യറിനു കൊടുത്ത് കടം കുറയ്ക്കാം എന്നിട്ട് നമുക്ക് എവിടേക്കും ഒരു ചെറിയ വീട്ടിലേക്ക് വാടകയ്ക്ക് മാറാം. ജോലി ചെയ്ത് ബാക്കി കടം വീട്ടാം. ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇനി ഒരിക്കലും നിന്റെ മാനത്തിന് ആരും വില പറയില്ല.. എന്നെ ഒന്ന് വിശ്വസിക്ക് ”

അവളുടെ കൈകൾ പിടിച്ചു കെഞ്ചുകയായിരുന്നു ജോസ്. ആ വാക്കുകൾക്ക് മുന്നിൽ മുഖം തിരിക്കാൻ തോന്നിയില്ല ക്ലാരയ്ക്ക്.

” ഇച്ചായൻ ഇനി ഇങ്ങനെ ലോട്ടറി എടുത്ത് കാശ് കളയരുത്. നമുക്ക് വിധിച്ചത് മാത്രേ നമുക്ക് കിട്ടു.. ഒരിക്കൽ കൂടി നിങ്ങളെ ഞാൻ വിശ്വസിക്കുവാ.. പക്ഷെ ആ വിശ്വാസം എപ്പോഴേക്കും തെറ്റിയാൽ പിന്നെ ഞാൻ ഒപ്പം ഉണ്ടാകില്ല. അതോർത്തോ.. ”

ഉറച്ചതായിരുന്നു ആ വാക്കുകൾ. തന്റെ കൈകൾ ജോസിൽ നിന്നും വിടുവിച്ചു കയ്യിൽ ഇരുന്ന ലോട്ടറി ചുരുട്ടി നിലത്തേക്കെറിഞ്ഞു ക്ലാര വീണ്ടും അടുക്കളയിലേക്ക് പോയി. തത്കാലം ആശ്വാസമായെങ്കിലും അവൾ പറഞ്ഞ വാക്കുകൾ ജോസിന്റെ ഉള്ളിൽ ഒരു മുഴക്കമായി.

സമയം പിന്നെയും നീങ്ങി വൈകുന്നേരം നാല് മണിയോടെ ജോസ് ജോണിയെ കാണാൻ പോകാൻ റെഡിയായി. അപ്പോഴാണ് ലോട്ടറി കച്ചവടക്കാരൻ രമേശൻ ഓടി അവന്റെ വീട്ടിലേക്കെത്തുന്നത്.

” ക്ലാരെ… ജോസ് എവിടെ.. ”
മുറ്റമടിച്ചു നിന്ന ക്ലാര രമേശന്റെ വെപ്രാളം കണ്ട് അമ്പരന്നു.

” എന്താ രമേശേട്ടാ.. ആകെ ഒരു വെപ്രാളം. ”

അവളുടെ ചോദ്യം കേട്ട് ജോസും പുറത്തേക്ക് വന്നിരുന്നു അവന്റെ കണ്ട പാടെ ഓടി വീടിനുള്ളിലേക്ക് കയറി രമേശൻ.

” ടാ ജോസേ.. ബംബർ നറുക്കെടുപ്പ് കഴിഞ്ഞു ഫസ്റ്റ് പ്രൈസ് ഇരുപത്തഞ്ചു കോടി അടിച്ചേക്കുന്നത് നമ്മുടെ ഈ നാട്ടിൽ ആണ്. അതും ഞാൻ വിറ്റ ടിക്കറ്റിനു ”

ആ പറഞ്ഞത് കേട്ട് ആകെ നടുങ്ങി പോയി ജോസ്.. ക്ലാരയും അത് കേട്ട് ഓടി വീടിനുള്ളിലേക്ക് കയറി.

” എടാ… അതിനു.. അതിനു നീ എന്തിനാ ഇങ്ങട് ഓടി വന്നേ.. ഇനി ഞാൻ എടുത്ത ടിക്കറ്റ് എങ്ങാനും…. ”

സംശയത്തോടെ ജോസ് നോക്കുമ്പോൾ അത് ശെരി വയ്ക്കും വിധം തല കുലുക്കി രമേശൻ അതോടെ അമ്പരപ്പിൽ ആകെ വിറച്ചു പോയി ജോസ്. ക്ലാരയും ഏകദേശം അതെ അവസ്ഥയിൽ ആയിരുന്നു

” കർത്താവെ.. ”

അവിശ്വസനീയമായി നോക്കി നിന്നുപോയി അവൾ.

” ജോസേ എനിക്ക് സംശയം ഉണ്ട്.. അല്ല ഉറപ്പ് ഉണ്ട് അത് നീ ഇന്ന് എടുത്ത ആ ടിക്കറ്റ് ആണ്. എ. ഇ മുപ്പത് എൻപത് നാൽപ്പത്താറ്.. എവിടെ ആ ടിക്കറ്റ് ഒന്ന് കാണിച്ചേ. നമുക്ക് കൺഫോം ചെയ്യാം.. അതാ ഞാൻ ഓടി വന്നേ.. ”
ഇത്തവണ ആകെ പരുങ്ങി പോയത് ക്ലാരയായിരുന്നു . കാരണം മുന്നേ ജോസുമായി വഴക്കിട്ടപ്പോൾ ആ ടിക്കറ്റ് അവൾ ചുരുട്ടി എറിഞ്ഞിരുന്നു. അതോർത്തപ്പോൾ നടുക്കത്തോടെ ജോസും അവളെ നോക്കി.

” ഇ.. ഇച്ചായ.. ഞാ.. ഞാൻ നോക്കാം.. ഇവിടെവിടേലും കാണും അത്. ”

ആകെ വെപ്രാളത്തിൽ പുറത്തേക്കിറങ്ങി മുറ്റമടിച്ചു ചവറുകൾ കൊണ്ടിട്ട ഭാഗത്തു പരതി ക്ലാര.

അത് കണ്ടിട്ട് രമേശനും അമ്പരന്നു

” എടാ നീ ടിക്കറ്റ് കൊണ്ട് കളഞ്ഞോ.. ”

ആ ചോദ്യം കേൾക്കെ ശരവേഗത്തിൽ ജോസും മുറ്റത്തേക്കിറങ്ങി.

” എവിടെയാ ക്ലാര. എവിടെയാ നീ അത് കളഞ്ഞേ.. ”

അവനും വെപ്രാളമേറി എന്നാൽ കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ അവർക്ക് ആ ടിക്കറ്റ് കിട്ടി.

“എ. ഇ മുപ്പത് എൻപത് നാൽപ്പത്താറ്”

നമ്പർ വായിക്കുമ്പോൾ ജോസിന്റെ മിഴികൾ തുറിച്ചു അമിതമായ സന്തോഷത്താൽ അവൻ ആകെ പതറിപ്പോയി. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം അന്ധാളിപ്പിൽ ആയിരുന്നു ക്ലാരയും.

” ഇതാ.. ഇത് തന്നാ.. ”

രമേശൻ ആകട്ടെ സന്തോഷത്തിൽ തുള്ളിച്ചാടി.
ഫോണെടുത്തു ചറപറാ അവൻ ആരെയൊക്കെയോ വിളിച്ചു വിവരം പറഞ്ഞു.

” കർത്താവേ.. നീ ഞങ്ങടെ പ്രാർത്ഥന കേട്ടല്ലോ ”

നിലത്തേക്ക് മുട്ടുകുത്തിയിരുന്നു പൊട്ടിക്കരഞ്ഞു പോയി ക്ലാര. അവൾക്കരികിലായി ഇരുന്ന് ചേർത്തു പിടിച്ചു ജോസ്.

” കണ്ടില്ലേ ക്ലാര. ഇത് നമുക്ക് വിധിച്ചതായിരുന്നു.. അതാ കൃത്യം കയ്യിൽ വന്നത് നമ്മൾ രക്ഷപെട്ടു. ഇനി ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല നമുക്ക്. ഒരു സേവ്യറിനെയും ഇനി പേടിക്കേണ്ട.. ”

ആ വാക്കുകളിൽ സന്തോഷം തുളുമ്പവേ അവന്റെ മാറിലേക്ക് ചാഞ്ഞു അവൾ. രണ്ടാളും അപ്പോഴും ഒന്നും വിശ്വസിക്കുവാൻ കഴിയാത്ത വിധം അന്ധാളിപ്പിൽ തന്നെയായിരുന്നു.

” ഇച്ചായാ.. നമുക്ക് ഈ ഭാഗ്യം ഒരിക്കലും ഒറ്റയ്ക്ക് അനുഭവിക്കാൻ നിൽക്കേണ്ട… കാശ് കിട്ടിയാൽ നമ്മളെ പോലെ അനേകം പേരുണ്ട്.. അവർക്കെല്ലാം പറ്റുന്ന പോലെ സഹായം എത്തിക്കണം… ഇനി ഒരു സേവ്യർ മാറും പാവപ്പെട്ട പെണ്ണുങ്ങളുടെ മാനത്തിന് വില പറയരുത് ”

ക്ലാരയുടെ ആ വാക്കുകൾ ഉറച്ചതായിരുന്നു. ജോസും അത് തന്നെയാണ് മനസ്സിൽ കണ്ടത്.

” അതെ ക്ലാര.. നമുക്ക് പറ്റുന്ന പോലെ എല്ലാവരെയും സഹായിക്കണം. ഇപ്പോ നമ്മൾ കോടി പതികൾ ആണ്. ഒരുപക്ഷെ സേവ്യറിനുള്ളതിനേക്കാൾ സമ്പത്ത് ഇപ്പോ നമുക്ക് ഉണ്ട്. ഈ കാശ് കിട്ടിയിട്ട് അയാളെ പോയി കാണണം എനിക്ക്.. ഇന്ന് പറയാൻ പറ്റാത്ത മറുപടി അന്നേരം ആ മുഖത്ത് നോക്കി പറയണം . ”

സംതൃപ്തിയിൽ മിഴികൾ തുടച്ചു ജോസ്

” ജോസേ നീ മാത്രം അല്ലടാ. ഞാനും രക്ഷപെട്ടു.. കമ്മീഷൻ വകയിൽ എനിക്കും നല്ലൊരു തുക കിട്ടും.. വർഷം കുറെ ആയി ഭാഗ്യവുമായി നാട്ടുകാർക്ക് പിന്നാലെ നടക്കുന്നു ഇപ്പോ എന്നെ തേടിയും ഈ ഭാഗ്യം എത്തി. ”

സന്തോഷത്തിൽ രമേശന്റെ മിഴികളും തുളുമ്പുന്നുണ്ടായിരുന്നു.

ആ വാർത്ത കാട്ടു തീ പോലെ പടർന്നു. കേട്ടവർ കേട്ടവർ അമ്പരന്നു. അസൂയപ്പെട്ടു.ഒടുവിൽ സേവ്യറുടെ കാതുകളിലും എത്തി.

” സേവ്യറിച്ചായാ ടാക്സും എല്ലാം കഴിഞ്ഞിട്ടായാലും പത്തു പതി മൂന്ന് കോടിയോളം കയ്യിൽ കിട്ടുമെന്നാ കേൾക്കുന്നേ. ഇതൊരു വല്ലാത്ത ഭാഗ്യം ആയി പോയി എന്തായാലും ”

അനുയായിയുടെ വാക്കുകൾ നിരാശയോടെ കേട്ടു നിൽക്കാനേ കഴിഞ്ഞുള്ളു സേവ്യറിനു. ജോസ് തന്നെക്കാൾ ധനികനായി എന്നതിനേക്കാൾ മറ്റൊരു നഷ്ടബോധമാണ് അയാളെ അലട്ടിയത് .

” ക്ലാര.. അവളെ സെറ്റാക്കാൻ ഒരു വഴി തെളിഞ്ഞു വന്നതായിരുന്നു.. എല്ലാം തുലഞ്ഞു ”

നിരാശയോടെ സേവ്യർ വിദൂരതയിൽ നോക്കി ഇരുന്നു….

Leave a Reply

Your email address will not be published. Required fields are marked *