” ഏട്ടൻ എന്നോട് ക്ഷെമിക്കണം.. ഞാൻ പോകുവാണ്… എന്നെന്നേക്കുമായി ഇനി ചിലപ്പോൾ നമ്മൾ തമ്മിൽ കണ്ടു എന്ന് വരില്ല.. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“സാറേ …. ഇന്നിപ്പോ പത്ത് ഷീറ്റെ ഉള്ളു.. ആസിഡ് ഒരെണ്ണം പുതിയത് വാങ്ങി ഞാൻ. റബ്ബർ പാല് ഒഴിച്ച് വച്ചിട്ട് ബാക്കി ഉള്ളത് അടുക്കള സ്ലാബിന്റെ അടിയിൽ വച്ചിട്ടുണ്ട്. നാളെ എടുക്കാം.. ”

റബ്ബർ വെട്ടുകാരൻ പറയുന്നത് കേട്ട് ശെരി എന്ന അർത്ഥത്തിൽ തല കുലുക്കി അനന്തൻ.

” ചേട്ടാ.. ഇവിടിപ്പോ ഉണങ്ങിയ ഷീറ്റ് കുറെയേറെ ഇരിക്കുവല്ലേ.. അത് കൊണ്ട് കൊടുത്തിട്ട് കിട്ടുന്നതിൽ നിന്ന് ചേട്ടന്റെ ശമ്പളവും എടുത്ത് ബാക്കി ഇങ്ങ് തന്നാൽ മതി. ”

” ഓക്കേ സാറേ.. എന്നാൽ പിക്കപ്പും വിളിച്ചു ഞാൻ വൈകിട്ട് വരാം..”

അത്രയും പറഞ്ഞു കൊണ്ടയാൾ പോകുമ്പോൾ പതിയെ വീൽ ചെയർ തിരിച്ചു അനന്തൻ. ശേഷം ബെഡ് റൂമിലേക്ക് പോയി. റൂമിലേക്കെത്തുമ്പോൾ ഭാര്യ മായ അവിടെ ഉണ്ടായിരുന്നു. അതി രാവിലെ തന്നെ കുളിച്ചു എവിടേക്കോ പോകുവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവൾ.

“നീ ഇതെവിടേക്കാ മായേ.. ഇത്ര രാവിലെ തന്നെ… ”

ചോദ്യം കേട്ട് അനന്തനെ ഒന്ന് നോക്കിയെങ്കിലും മറുപടി പറഞ്ഞില്ല അവൾ.. കാരണം അവനു നൽകാനായി അവളുടെ പക്കൽ നല്ലൊരു മറുപടി ഇല്ലായിരുന്നു.വീണ്ടും താൻ ചെയ്തുകൊണ്ടിരുന്നത് തന്നെ തുടർന്നു മായ .

” മായ.. എന്താ മിണ്ടാത്തെ.. എവിടേക്കാ ഇത്ര രാവിലെ തന്നെ… ”

അനന്തൻ വീണ്ടും സംശയത്തോടെ ചോദിക്കുമ്പോൾ പതിയെ തിരിഞ്ഞു അവൾ. മനസ്സിൽ അല്പം ധൈര്യം സംഭരിച്ചു.

” ഏട്ടൻ എന്നോട് ക്ഷെമിക്കണം.. ഞാൻ പോകുവാണ്… എന്നെന്നേക്കുമായി ഇനി ചിലപ്പോൾ നമ്മൾ തമ്മിൽ കണ്ടു എന്ന് വരില്ല.. ”

ആ കേട്ടത് ഒരു നടുക്കമായി അനന്തന്.

” പോകുന്നെന്നോ… എവിടേക്ക്.. എന്താ മായാ നീ ഈ പറയുന്നേ…”

അവന്റെ ചോദ്യം കേട്ട് പതിയെ മറുപടി പറഞ്ഞു മായ.

” ഏട്ടാ…. നിങ്ങളുടെ ആലോചന വരുമ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനർ ആവശ്യത്തിന് സമ്പാദ്യം സന്തോഷം എല്ലാം ഉണ്ടാകും എന്ന് കരുതി.

എന്നാൽ നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞ ശേഷമാണ് നിങ്ങൾക്ക് കാർ ആക്‌സിഡന്റ് പറ്റിയതും അച്ഛനും അമ്മയും മരണപ്പെടുന്നതും നിങ്ങൾ എഴുന്നേറ്റ് നടക്കുവാൻ പറ്റാത്ത വിധം വീൽ ചെയറിലേക്ക് ആകുന്നതും. അന്നത്തെ ആ സാഹചര്യത്തിൽ എന്റെ ഭാഗത്തു ന്ന് ഉണ്ടായ ഒരു എടുത്തുചാട്ടം ആയിരുന്നു നമ്മുടെ വിവാഹം.

നിങ്ങളോടുള്ള ഇഷ്ടവും സഹദാപവും ഒക്കെ തലയ്ക്ക് പിടിച്ചപ്പോൾ ഞാൻ സമ്മതിച്ചതാണ് പക്ഷെ ആ തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോ മനസിലാക്കുന്നു. ഒന്നെഴുന്നേറ്റ് നടക്കുവാൻ പോലും കഴിയാത്ത നിങ്ങൾക്കൊപ്പം ഞാൻ എന്റെ ജീവിതം നശിപ്പിക്കുകയാണ്.

ഇനിയും വയ്യ എനിക്ക്. എനിക്കും എന്റേതായ സ്വപ്‌നങ്ങൾ ഇല്ലേ…. ഒരു പങ്കാളിയിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്ന പലതും ഇല്ലേ.. ബെഡ്‌റൂമിൽ വൈവാഹിക ബന്ധത്തിന്റെ സുഖമെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല… എനിക്കും കൊതിയുണ്ടാകില്ലേ എല്ലാ സുഖങ്ങളും അറിയാൻ.”

തന്റെ മറുപടി അനന്തനിൽ വലിയ നടുക്കം ഉണ്ടാക്കും എന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു മായ എന്നാൽ ഒക്കെയും കേട്ട് അവൻ പുഞ്ചിരിക്കുമ്പോൾ ഒരു നിമിഷം അവളൊന്നും നടുങ്ങി.

” മായ.. ആരാ ആള്.. എനിക്കും പരിചയം ഉള്ള ആരേലും ആണോ ”
വളരെ ശാന്തനായി അനന്തൻ ചോദിക്കുമ്പോൾ ഒന്ന് പതറി പോയിരുന്നു മായ..

” അത്.. ഏട്ടാ.. ക്ഷമിക്കണം. ഏട്ടന് പരിചയം ഉള്ള ആളല്ല. ഫേസ് ബുക്ക്‌ വഴി പരിചയപ്പെട്ടതാ… പക്ഷെ എന്റെ ആഗ്രഹം പോലെ തന്നെ ഒരാൾ. പേര് കിരൺ. ”

“മ്…”

അല്പസമയം മൗനമായി അനന്തൻ

” നീ എന്നെ വിവാഹം ചെയ്യരുതായിരുന്നു. സഹദാപം മാത്രമല്ല ജീവിതം എന്ന് അന്നേ മനസ്സിലാക്കണമായിരുന്നു. സത്യമാണ് ഒരു ആക്സിഡന്റോടെ എനിക്ക് എല്ലാം നഷ്ടമായി.. ജോലി സ്വന്ത ബന്ധങ്ങൾ എല്ലാം. എന്നാൽ എന്റെ ഈ അവസ്ഥയിലും ഒപ്പം കൂട്ട് ആകാൻ നീ തയ്യാറായപ്പോൾ നഷ്ടപ്പെട്ടു പോയ ജീവിതം തിരികെ കിട്ടിയ ആഹ്ലാദത്തിൽ ആയിരുന്നു ഞാൻ.. എന്നിട്ടിപ്പോ.. ”

അവനൊന്നു നിർത്തുമ്പോൾ മറുപടി ഇല്ലാതെ തല കുനിച്ചു മായ.. അത് കണ്ടിട്ട് വീണ്ടും തുടർന്ന് അനന്തൻ.

“എന്നേലും ഒരു നാൾ നീ എന്നെ വിട്ട് പോകും ന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. ഇത്ര പെട്ടെന്ന് ആകുമെന്ന് പ്രതീക്ഷിച്ചില്ല. കുറച്ചു നാളായി ഞാൻ നിന്റെ മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു. ഈ കിരൺ തന്നെയാണോ ഇടക്കിടക്ക് രാത്രികളിൽ ഇവിടെ വന്നിരുന്നത്. ”

ആ ചോദ്യം മായയ്ക്ക് ഒരു നടുക്കമായിരുന്നു.

” അ… അത് ചേട്ടാ… ”

അവളുടെ പതർച്ച വീണ്ടും അനന്തനിൽ പുഞ്ചിരി വിരിച്ചു.

” എടോ പരസഹായം ഇല്ലാതെ ബെഡിൽ നിന്നും ഈ വീൽ ചെയറിലേക്ക് എനിക്ക് ഇരിക്കാൻ പറ്റില്ല എന്ന ഉറപ്പിൽ പല രാത്രികളിലും ഞാൻ ഉറങ്ങി എന്ന് കരുതി താൻ എണീറ്റ് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ സമയങ്ങളിൽ എല്ലാം മറ്റൊരാളുടെ സാമീപ്യവും അറിഞ്ഞിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാൻ.. അതല്ലേ താൻ പോകും എന്നത് എനിക്ക് ഉറപ്പുണ്ടായിരുന്നു എന്ന് ഞാൻ മുന്നേ പറഞ്ഞത്.. ”

മറുപടി പറഞ്ഞില്ല മായ തന്റെ പതർച്ച മറച്ചു പതിയെ തിരിഞ്ഞു കൊണ്ടവൾ ബാഗ് പാക്ക് ചെയ്തു.
ഒക്കെയും ശാന്തമായി നോക്കി ഇരുന്നു അനന്തൻ. ശേഷം പതിയെ വീൽ ചെയർ തിരിച്ചു മുറി വിട്ട് പുറത്തേക്ക് പോയി.

ഹാളിലേക്കെത്തുമ്പോൾ ഉള്ളിലെ വേദന പിടിച്ചു നിർത്തുവാൻ കഴിഞ്ഞില്ല അവന്. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കുമ്പോൾ അവന്റെ മിഴികൾ അറിയാതെ തുളുമ്പി.

“അച്ഛാ.. അമ്മേ.. എന്തിനാ എന്നെ മാത്രം ഇങ്ങനെ ഒറ്റയ്ക്ക് ആക്കി പൊയ്ക്കളഞ്ഞത് .. ദേ ഞാൻ വീണ്ടും ഒറ്റയ്ക്കായി.. മായ ജീവിതത്തിലേക്ക് വന്നപ്പോൾ വല്ലാത്ത പ്രതീക്ഷയായിരുന്നു പക്ഷെ ഇപ്പോ… ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല.. ഇനീപ്പോ…ഞാനും വരട്ടെ നിങ്ങൾക്കൊപ്പം.. ”

ആ വാക്കുകൾ പറഞ്ഞു നിർത്തുമ്പോൾ അനന്തന്റെ മിഴികൾ കുറുകി. ഒരു നിമിഷം മനസ്സിൽ എന്തോ ഓർത്തു ഇരുന്നു അവൻ.ക്ഷണ നേരം കൊണ്ട് തന്നെ ഉറച്ചൊരു തീരുമാനത്തോടെ അവൻ അടുക്കള ലക്ഷ്യമാക്കി വീൽ ചെയർ തിരിച്ചു.

‘ബാക്കി ആസിഡ് അടുക്കളയിൽ സ്ലാബിന്റെ അടിയിൽ വച്ചിട്ടുണ്ട് ‘

റബ്ബർ വെട്ടുകാരൻ പറഞ്ഞ ആ വാക്കുകളായിരുന്നു അവന്റെ മനസ്സിൽ. അടുക്കളയിൽ എത്തിയ പാടെ സ്ലാബിന്റെ അടി ഭാഗത്തു അനന്തന്റെ മിഴികൾ പരതി. വേഗത്തിൽ തന്നെ ആസിഡിന്റെ ആ ചെറിയ ബോട്ടിൽ അവന്റെ മിഴികളിൽ ഉടക്കി. അപ്പോഴേക്കും പുറത്ത് റോഡിൽ ഒരു ഹോൺ ശബ്ദം മുഴങ്ങി. ആരാകും എന്നത് ഊഹിച്ചിരുന്നു അനന്തൻ. നിമിഷങ്ങൾക്കകം അടുക്കള വാതിലിനരുകിൽ ഒരു കാൽപെരുമാറ്റം തിരിച്ചറിഞ്ഞു അവൻ.

” മായ പൊയ്ക്കോളൂ.. അനുവാദം ചോദിക്കാനോ… അതല്ലേൽ ക്ഷമ പറയുവാനോ ഒന്നിനും നിൽക്കണം എന്നില്ല.. ”

തിരിഞ്ഞു നോക്കാതെ അനന്തൻ പറയുമ്പോൾ ഒരു നിമിഷം കൂടി അവിടെ നിന്നു മായ ശേഷം പതിയെ പുറത്തേക്ക് നടന്നു. പുതിയൊരു ജീവിതത്തിലേക്ക്. അവൾ പോയി എന്ന് ഉറപ്പായപ്പോൾ ഒന്ന് തിരിഞ്ഞു അനന്തൻ. നനഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ആസിഡിന്റെ ബോട്ടിൽ കയ്യിലെക്കെടുത്തു. മനസ്സിൽ അപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖങ്ങളായിരുന്നു.

” ഞാൻ വരുവാ നിങ്ങളുടെ അടുത്തേക്ക്.. ”

പതിയെ ബോട്ടിൽ തുറന്നു അവൻ. ആസിഡിന്റെ മടുപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി.. മായയുടെ ഓർമ്മകൾ ഉള്ളം ചുട്ടു പൊള്ളിക്കുമ്പോൾ നിറക്കണ്ണുകളോടെ പതിയെ പതിയെ ആ ബോട്ടിൽ ചുണ്ടോട് അടുപ്പിച്ചു അനന്തൻ..

” സാറേ… സാറേ.. ആരും ഇല്ലേ ഇവിടെ ”

പെട്ടെന്ന് ആണ് പുറത്തു നിന്നും ഒരു സ്ത്രീ ശബ്ദം ഉയർന്ന് കേട്ടത്. ഒപ്പം കോളിങ്ങ് ബെല്ലും മുഴങ്ങി..

” ഡോർ തുറന്ന് കിടക്കുവാണല്ലോ അകത്ത് ആരും ഇല്ലേ ”

പുറത്ത് വീണ്ടും പിറു പിറുപ്പുകൾ കേൾക്കെ സംശയത്തോടെ ഒരു നിമിഷം ശ്രദ്ധിച്ചു അനന്തൻ. വീണ്ടും തുടരെ തുടരെ കോളിങ്ങ് ബെൽ മുഴങ്ങുമ്പോൾ പതിയെ ആ ബോട്ടിൽ നിലത്തേക്ക് വച്ചു സംശയത്തോടെ വീൽ ചെയർ തിരിച്ചു മുൻ വശത്തേക്ക് പോയി അനന്തൻ. അവന്റെ ജീവിതം തന്നെ മാറ്റി മറിക്കും വിധം ഒരു കൂടിക്കാഴ്ചയാണ് അതെന്നറിയാതെ.

“ഇന്നൊരു പ്രത്യേക ദിവസമാണ്. അനാഥരും അംഗവൈകല്യങ്ങൾ ഉള്ളവരും തുടങ്ങി നിരപധി പേർക്ക് തണലായി മാറിയ വർഷങ്ങളായി നമ്മുടെ നാട്ടിൽ പ്രവർത്തിച്ചു വരുന്ന സനാഥാലയം എന്ന സ്ഥാപനം ഇന്ന് മുതൽ സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് അവരുടെ തന്നെ സ്റ്റിച്ചിങ് സെന്ററിൽ തുന്നിയെടുത്ത് ന്യായ വിലയിൽ വിപണിയിലേക്ക് എത്തിക്കുകയാണ്.

ഇന്ന് കൃത്യം പത്ത് മണിക്ക് എം എൽ എ ഉത്ഘാടനം നിർവഹിക്കുന്ന ഈ സംരംഭത്തിന്റെ അമരക്കാരൻ ശ്രീ അനന്തനാണ് ഇപ്പോൾ നമുക്കൊപ്പം ചേരുന്നത്. കൂടുതൽ വിശേഷങ്ങൾ അദ്ദേഹത്തോട് തന്നെ നമുക്ക് ചോദിക്കാം ”

മീഡിയാ റിപ്പോർട്ടർ മൈക്ക് വച്ച് നീട്ടുമ്പോൾ പുഞ്ചിരിയോടെ അത് കയ്യിലേക്ക് വാങ്ങി അനന്തൻ.

” നമസ്കാരം.. ഞാൻ അനന്തൻ. ഏറെ സന്തോഷവും അഭിമാനവും ഉള്ള ദിവസമാണ് ഇന്ന്. ഞങ്ങളുടെയൊക്കെ ജീവിതത്തിനു അർത്ഥം ഉണ്ട് എന്ന് മനസ്സിലായ ദിവസമാണ് ഇന്ന്. ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനർ ആയി ജോലി നോക്കിയിരുന്ന ഞാൻ ഈ സ്ഥാപനത്തിലേക്ക് എത്തിയിട്ട് ഇപ്പോൾ രണ്ട് വർഷത്തോളം ആകുന്നു. ”

“എങ്ങിനെയാണ് അനന്തൻ ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കാം എന്നൊരു ആശയത്തിലേക്ക് എത്തുന്നത്”

റിപ്പോർട്ടറുടെ ആ ചോദ്യം അനന്തനെ അല്പം പിന്നിലേക്ക് കൊണ്ട് പോയി. കൃത്യമായി പറഞ്ഞാൽ മായ അവന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയാ, മരിക്കാൻ തീരുമാനിച്ച ആ ദിവസത്തിലേക്ക്

” സത്യം പറഞ്ഞാൽ മരണ മുഖത്തു നിന്നുമാണ് ഞാൻ ഇവിടേക്ക് എത്തിപ്പെട്ടത് എന്ന് വേണേൽ പറയാം. വലിയൊരു ആക്സിഡന്റ് പറ്റി ജീവിതം വീൽ ചെയറിൽ ആക്കപ്പെട്ട ആളാണ് ഞാൻ.

ഒരു ഘട്ടത്തിൽ ഒറ്റപ്പെട്ടു എന്ന് മനസിലാക്കി മരിക്കാൻ തീരുമാനിച്ച നിമിഷം ആണ് ഇവിടുത്തെ ചിലവുകൾക്കായുള്ള പിരിവിനും അന്തേവാസികൾക്കായുള്ള ഡ്രസ്സ്‌ കളക്ഷനും ഒക്കെ വേണ്ടി സംഘാടകർ എന്റെ വീട്ടിലേക്ക് എത്തുന്നത്. ഇങ്ങനൊരു സ്ഥാപനത്തെ പറ്റി ഞാൻ അറിയുന്നത് അവരിൽ നിന്നുമാണ്.

കാര്യങ്ങൾ ഒക്കെ മനസിലാക്കി എന്നെ കൂടി ഇവിടേക്ക് കൂട്ടാവോ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ അവർ എന്നെ സ്വാഗതം ചെയ്തു. ഇവിടെ വന്നപ്പോൾ ആണ് ഞാൻ ജീവിതം എന്തെന്ന് അറിഞ്ഞത്. ഈ അവസ്ഥയിലും എന്തേലുമൊക്കെ ചെയ്യണം എന്ന തോന്നൽ ഉണ്ടായത്.

ഞാൻ ഒരു ഫാഷൻ ഡിസൈനർ ആയത് കൊണ്ട് തന്നെ അടഞ്ഞു കിടന്നിരുന്ന സ്റ്റിച്ചിങ് യൂണിറ്റിനെ പറ്റി ഇവർ എന്നോട് പറഞ്ഞു. അങ്ങിനെയാണ് ഞങ്ങൾ ഒന്നിച്ചു ഇങ്ങനൊരു സംരംഭത്തെ പറ്റി ആലോചിക്കുന്നത്. എന്റെ സമ്പാദ്യം കൂടി ഈ സ്ഥപനത്തോട് ചേർത്തപ്പോൾ ആ സ്വപ്നം സാധ്യമായി ”

പറഞ്ഞു നിർത്തുമ്പോൾ വല്ലാത്ത അഭിമാനം തോന്നി അനന്തന്

” ഓ.. ഇതൊരു വലിയ ഇൻസ്പ്രേഷൻ ആണല്ലോ.. വീഴ്ചയിൽ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ്… അല്ലെ ..”

റിപ്പോർട്ടരുടെ അടുത്ത ചോദ്യത്തിന് ആദ്യം പുഞ്ചിരിയാണ് അനന്തൻ മറുപടി ആയി നൽകിയത്.

” ശെരിയാണ്.. ഇതൊരു ഉയർത്തെഴുന്നേൽപ്പ് തന്നെയാണ്… എന്നെ പോലെ വൈകല്യങ്ങൾ സംഭവിച്ചവർക്ക് ഞാൻ ഒരു പാഠമാകട്ടെ.. നമ്മൾ മനസ്സ് വച്ചാൽ അസാധ്യമായി ഒന്നുമില്ല. ഒന്നിലും തളരരുത്. ഒരു പക്ഷെ അന്ന് ഇവിടുത്തെ ജീവനക്കാരെ കണ്ടില്ലായിരുന്നു എങ്കിൽ ഇന്നിപ്പോ ഞാൻ ഉണ്ടാവില്ലായിരുന്നു ”

അനന്തൻ പറഞ്ഞു നിർത്തുമ്പോൾ സനാഥാലയത്തിലെ സ്റ്റാഫ് അവിടേക്കെത്തി

” അനന്തേട്ടാ…എം എൽ എ ഉടൻ എത്തുമെന്ന് കോൾ വന്നിട്ടുണ്ട്.. നമുക്ക് അങ്ങട് പോയാലോ ”

“യെസ്.. പോകാം ”

കേട്ട പാടെ അനന്തൻ റിപ്പോർട്ടർക്ക് കൈ കൊടുത്ത് നന്ദി അറിയിച്ചു. ശേഷം വീൽ ചെയർ തിരിച്ചു പുതിയ വിജയഗാഥ രചിക്കാൻ പതിയെ മുന്നിലേക്ക് നീങ്ങി..

മറ്റൊരു നാട്ടിൽ ജീവിത സുഖം തേടി അനന്തനെ വിട്ടു പോയ മായ നിറ മിഴികളോടെയാണ് ആ വാർത്ത ചാനലിൽ കണ്ടത്. മറ്റൊരാളുടെ ഭാര്യയാണ് എന്നറിഞ്ഞിട്ടും തന്നെ സ്വീകരിക്കുവാൻ അവൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അന്നത്തെ ആവേശത്തിൽ കിരണിനൊപ്പം ഇറങ്ങി പോയി അവൾ.

എന്നാൽ ഒരുമിച്ചു ജീവിതം തുടങ്ങിയപ്പോൾ ആണ് അറിയുന്നത് മറ്റൊരാളുടെ ഭാര്യയായിട്ടും തന്നെ സ്വന്തമാക്കിയ കിരണിന്റെ പ്രധാന ഹോബി അത് തന്നെയാണെന്ന്. വിവാഹിതരും അവിവാഹിതരുമായ പലരുമായും അവന് ബന്ധമുണ്ട് എന്നറിഞ്ഞത്തോടെയാണ് താൻ ചതിക്കപ്പെട്ടു എന്ന് പോലും മായ മനസ്സിലാക്കിയത് പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു.

കാരണം അവളുടെ വയറ്റിൽ ഒരു കുരുന്നു ജീവൻ തുടിച്ചു തുടങ്ങിയിരുന്നു. ഇന്നിപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ അവൾ പഠിച്ചു. പലതും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു തുടങ്ങിയതോടെ വഴി മുട്ടാതെ കിരണുമൊത്തുള്ള ജീവിതം പതിയെ മുന്നോട്ട് പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *