വീട്ടിൽ നിന്നു അമ്മക്ക് ഭക്ഷണം ഒന്നും കൊടുക്കുന്നില്ലെന്നു പറയുക, വീട്ടിലുള്ള പെണ്ണുങ്ങളെ കുറിച്ച് അടുത്ത വീടുകളിൽ പോയി കുറ്റം പറയുക, പരിസരബോധം ഇല്ലാതെ

രചന: Pratheesh

രാവിലെ ഓഫീസിലേക്ക് പോകാനിറങ്ങിയ അച്ഛനും കൂടെ അച്ഛനെ യാത്രയാക്കാനിറങ്ങിയ അമ്മയ്ക്കും കണിയായത്..,

നിർവൃതയെയും താലി കെട്ടികൊണ്ട് വീട്ടിലേക്കുള്ള എന്റെ വരവായിരുന്നു…!

കഴുത്തിലെ പൂമാലയും കൂടെയുള്ള രണ്ട് നാലു സുഹൃത്തുക്കളെയും കൂടി കണ്ടതോടെ ഒന്നും പറയാതെ തന്നെ അവർക്ക് കാര്യങ്ങൾ മനസിലായി.

പെട്ടന്നു തന്നെ വീട്ടിലുള്ള സകലരും വീടിന്റെ പൂമുഖത്തേക്കു ഓടിയെത്തി .
ചേട്ടന്മാരും ചേട്ടത്തിമാരും മക്കളുമൊക്കെ.,

അപ്പോഴും ഞാനും അവളും അവരുടെയൊക്കെ സമ്മതത്തിനായി കാത്തു നിൽക്കുകയായിരുന്നു…..

എന്ത് ചെയ്യണമെന്നു അറിയാതെ നിൽക്കുന്ന അച്ഛൻ, ചേട്ടന്മാർ ഏട്ടത്തിമാർ……

എന്നാൽ
അമ്മ വേഗം പോയി ഒരു നിലവിളക്ക് കത്തിച്ചു കൊണ്ട് പുറത്തു വന്നു ..
അമ്മ അച്ഛനടക്കം ആരുടേയും മുഖത്തു നോക്കിയില്ല

അമ്മ വന്ന് ആ നില വിളക്ക് നിർവൃതയുടെ കൈയ്യിൽ കൊടുത്ത് അവളെയും കൊണ്ട് അകത്തേക്ക് നടന്നു.
അകത്തേക്ക് നടന്നു പോകുമ്പോൾ മാത്രം അമ്മ അച്ഛനെ നോക്കി.

അപ്പോൾ അച്ഛൻ എതിർദിശയിലേക്കാണ് നോക്കിയത്.
അവൾ അകത്തു കയറിയതും അച്ഛൻ പുറത്തേക്ക് നടന്നു.

പലതും പ്രതീക്ഷിച്ചെങ്കിലും വലിയ പ്രശ്നങ്ങളന്നുമില്ലാതെ ആ സംഭവം കടന്നുപോയി.

എന്നാൽ
അമ്മ എന്നവാക്കിന്റെ അർത്ഥം
എന്നിൽ ആ സംഭവത്തോടെ മറ്റൊരു പ്രതലത്തിലേക്ക്‌ വളർന്നു

മിക്ക അമ്മമാരും അങ്ങനെയാണ്, എത്ര ഇഷ്ടപെട്ടിട്ടില്ലെങ്കിലും ചിലതെല്ലാം അവർ കണ്ടില്ലെന്നു നടിക്കും.

ഏറ്റവും ഇളയവനായതു കൊണ്ട്
അമ്മക്ക് എന്നോട് അൽപ്പം വാത്സല്യം കൂടുതലായിരുന്നു,

പലപ്പോഴും ഞാനത് മുതലെടുത്തിട്ടുമുണ്ട്. അമ്മക്ക് ഉള്ളതിൽ എപ്പോഴും ഒരു പങ്ക് എനിക്കാണ് …

എന്നാൽ അച്ഛന്റെ മരണത്തോടെ,
അമ്മ വല്ലാതെ ഒറ്റപെട്ടു പോയി,
കുറ്റം ഞങ്ങളുടെ ഭാഗത്തും ഉണ്ട്,

അച്ഛന്റെ മരണത്തിന്റെ പേരും പറഞ്ഞ് അമ്മയെ ആ സങ്കടത്തിൽ തന്നെ തളച്ചിടുന്നതിൽ ഞങ്ങളും കൂട്ടു നിന്നു എന്നു തന്നെ പറയണം,

അമ്മക്ക് അച്ഛന്റെ മരണത്തിൽ സങ്കടമുണ്ടാവാം എന്നാൽ അമ്മയെ
ആ അവസ്ഥയിൽ നിന്നു മോചിപ്പിക്കാൻ ശ്രമിക്കാതെ എല്ലാവരും ഇങ്ങനെയൊരു അവസ്ഥയിൽ ഇതുപോലെ തന്നെയാണെന്ന മുൻവിധിയോടെ അതിനെ സമീപിച്ചപ്പോൾ അമ്മയുടെ സ്ഥിതി കൂടുതൽ വഷളാവാനെ അതു കൊണ്ടുപകരിച്ചുള്ളൂ….,

സത്യം പറഞ്ഞാൽ എല്ലാവർക്കും കുട്ടികളും കുടുംബവും ഒക്കെ ആയപ്പോൾ അമ്മയുടെ അവസ്ഥയെ ആരും അത്ര ഗൗരവമായി കണ്ടില്ല, എന്നാൽ അതൊരു വലിയ ദുരന്തം സമ്മാനിക്കുമെന്ന് അപ്പോൾ ആർക്കുമറിയില്ലായിരുന്നു…,

ദിവസങ്ങൾ ചെന്നതോടെ മറവി അമ്മയേ വല്ലാതെ ബാധിച്ചു തുടങ്ങി അതവസാനം ഒന്നും ഒട്ടും ഒാർമ്മയില്ലാത്ത ഒരവസ്ഥയിലെക്ക് അമ്മയെ കൊണ്ടെത്തിച്ചു..,

ഒാർമ്മകളുടെ അഭാവം മൂലം അടുത്തുള്ള വീടുകളിൽ ചെന്നു ഭക്ഷണം ചോദിക്കുക,
വീട്ടിൽ നിന്നു അമ്മക്ക് ഭക്ഷണം ഒന്നും കൊടുക്കുന്നില്ലെന്നു പറയുക,
വീട്ടിലുള്ള പെണ്ണുങ്ങളെ കുറിച്ച് അടുത്ത വീടുകളിൽ പോയി കുറ്റം പറയുക, പരിസരബോധം ഇല്ലാതെ ഇരിക്കുന്നിടത്തു തന്നെ മൂത്രം ഒഴിക്കുക,
ഇതെല്ലാം കൂടിയതോടെ ഒരു മറവിക്കാരി എന്നതിനേക്കാൾ ചുറ്റുമുള്ളവരെല്ലാം അമ്മയെ ഒരു ഭ്രാന്തിയായി കാണാൻ തുടങ്ങി..,

തുടർന്ന് അടുത്തുള്ളവരെല്ലാം പരാതി പറയാൻ തുടങ്ങിയതോടെ ഏട്ടത്തിമാർക്കത് അസഹ്യമായി അതോടെ അമ്മ പുറത്തു പോകാതിരിക്കാൻ പകലെല്ലാം അവർ വീടിന്റെ ഗെയിറ്റടച്ചിടാൻ തുടങ്ങി അപ്പോൾ അമ്മ വീടിന്റെ മുന്നിലൂടെ പോകുന്നവരെയെല്ലാം വിളിച്ച്

” എടാ മോനേ ഈ ഗെയിറ്റൊന്നു തുറന്നു തരോ ”

എന്നു ചോദിക്കാൻ തുടങ്ങി,
എന്നാൽ രാത്രി അമ്മയേ കൊണ്ട് ഒരു കുഴപ്പവുമില്ലായിരുന്നു ഏഴു മണിയാവുമ്പോഴെക്കും അമ്മയുറങ്ങും പിന്നെ രാവിലെ ഏഴു മണിക്കേ എഴുന്നേൽക്കു…,

അമ്മ ഒരു ബുദ്ധിമുട്ടാവും എന്നു തോന്നിയതോടെ കുറച്ചു നാൾ കൊണ്ടു തന്നെ ഏട്ടത്തിമാർ ഏട്ടന്മാരെ കൊണ്ടു വാടക വീടെടുത്ത് അങ്ങോട്ടു താമസം മാറി,

തുടർന്ന് അമ്മയുടെ കാര്യങ്ങൾ എല്ലാം ഒറ്റക്കു നോക്കേണ്ടി വന്നതോടെ നിർവൃതയും മുറുമുറുപ്പു തുടങ്ങി,

അമ്മയുടെ ചെയ്തികൾ മൂലം വീട്ടുജോലികൾ പോലും ചെയ്യാൻ കഴിയാതെ വന്നതോടെ അവൾ തന്റെ സങ്കടവും പരാതിയും ഏട്ടത്തിമാരുമായി പങ്കുവെച്ചു ഏട്ടത്തിമാരത് ഏട്ടന്മാരുമായി ചർച്ച ചെയ്തതോടെ അമ്മയേ തൽക്കാലം ഏതെങ്കിലും
അനാഥമന്ദിരത്തിൽ കൊണ്ടു വിടുക എന്നതായിരുന്നു അവർ എടുത്ത തീരുമാനം.,

അതിനായി അങ്ങിനെ ഒരു സ്ഥലവും അവരെല്ലാം ചേർന്നു കണ്ടെത്തി കൊടുക്കാമെന്നു പറഞ്ഞതോടെ നിർവൃതക്കു ഏറെ സന്തോഷമായി….,

എന്നാൽ എനിക്കതിനു സമ്മതമല്ല എന്നറിഞ്ഞതോടെ നിർവൃതയുടെ മുഖവും മാറി, പതിവില്ലാത്തവിധം അന്നവൾ ദേഷ്യം കാണിക്കാൻ തുടങ്ങിയതോടെ ഞാനവളോടു പറഞ്ഞു,

ആർക്കു വേണ്ടെങ്കിലും എന്റെ അമ്മ എന്നും എന്റെ കൂടെയുണ്ടാവും,
അതാണെന്റെ തീരുമാനം…!

അതുകേട്ടു ദേഷ്യം പിടിച്ച അവൾ എന്നോടു പറഞ്ഞു,
വീട്ടുക്കാര്യങ്ങളും, അടുക്കള പണിയും, കുട്ടികളെ നോക്കലിന്റെയും കൂടെ അമ്മയേ കൂടി നോക്കാൻ അവൾക്കു ബുദ്ധിമുട്ടാണെന്ന്…!

അതിനു മറുപടിയായി ഞാനവളോടു ചോദിച്ചു,

കുഞ്ഞായിരുന്നപ്പോൾ നമ്മളും ഇതുപോലെ തന്നെ ആയിരുന്നു അന്ന് നമ്മുടെ അമ്മമാർ ഒരു പരിഭവവും പരാതിയുമില്ലാതെ സ്വന്തം കടമയായി കണ്ട് സന്തോഷത്തോടെ നമ്മുക്കു വേണ്ടി അതെല്ലാം സഹിച്ചില്ലെ…?

പോട്ടെ, ഇന്ന് നിന്റെ സ്വന്തം കുഞ്ഞിനാണ് ഇതെ അസുഖം വന്നതെങ്കിൽ നീയതിനെ മറ്റെവിടെയെങ്കിലും കൊണ്ടാക്കുമോ…?

അതു കൊണ്ടു തന്നെ അമ്മയെ നോക്കുക എന്നത് എനിക്കൊരു ഭാരമായി തോന്നുന്നില്ല….!

ഉടനെ അവളുടെ വാക്കുകൾ ദേഷ്യമായി പുറത്തു വന്നു,

നിങ്ങൾക്കങ്ങിനെ പലതും പറയാം കാരണം നോക്കേണ്ടത് നിങ്ങളല്ലല്ലോ.,
ഞാനല്ലെ…?

നാക്കു കൊണ്ടു പറയുന്ന അത്ര എളുപ്പമല്ല അത്.,

അതു കേട്ടതും ഞാനവളോടു പറഞ്ഞു,

എന്റെമ്മയേ നോക്കാൻ
എനിക്കാരുടെയും സഹായം ആവശ്യമില്ല,
അതിനു ഞാൻ തന്നെ അധികമാണ്….!

ആ പറഞ്ഞതവൾക്ക് ഇഷ്ടപ്പെട്ടില്ല
അവൾ മുഖം വീർപ്പിച്ച് അകത്തേക്ക് പോയി,

സത്യത്തിൽ അവളെ കൊണ്ടു ഇതിനൊന്നും കഴിയാഞ്ഞിട്ടല്ല,
ഏട്ടന്മാർ ഇരുവർക്കും സമ്മതമാണല്ലെ പിന്നെ നിങ്ങൾക്കെന്താ ഇതിനു സമ്മതിച്ചാൽ ?
എന്നാണ് അവൾ വിചാരിക്കുന്നത്..!

എന്നാൽ മക്കൾ ജീവിച്ചിരിക്കേ അനാഥമായി തീരേണ്ട ഒന്നല്ല
അമ്മ എന്നു ഞാൻ വിശ്വസിക്കുന്നു..!

രണ്ടു ദിവസത്തിനു ശേഷം ഒരു പ്രൈവറ്റ് കമ്പനിയിൽ ഉണ്ടായിരുന്ന മാർക്കറ്റിങ്ങ് ജോലി വേണ്ടന്നു വെച്ച് ഞാനൊരു സെക്കന്റ് ഹാന്റ് ഒട്ടോയുമായി വീട്ടിൽ വന്നു കയറിയപ്പോൾ അവൾക്കു മനസിലായി ഞാനവളോടു പറഞ്ഞതൊന്നും വെറും വാക്കുകളായിരുന്നില്ലെന്ന്…!

ഒട്ടോ ഒാടിച്ചിരുന്നത് പക്ഷെ രാത്രി മാത്രമായിരുന്നു അമ്മയുറങ്ങുന്ന രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയായിരുന്നു അതിനുള്ള സമയം എന്നാൽ പുലർച്ച മൂന്നു മണി വരെ മാത്രം ഒാടി തിരിച്ചെത്തി അമ്മയുണരുന്ന ഏഴു മണി വരെ ഞാനും ഉറങ്ങും…!

ഒരാഴ്ച്ച കഴിയുമ്പോൾ ഇതെല്ലാം മടുത്ത് ഞാൻ തന്നെ തനിയെ ഇതിൽ നിന്നു പിന്മാറി കൊള്ളും എന്ന് എട്ടന്മാരും ഏട്ടത്തിമാരും നിർവൃതയോടു പറഞ്ഞപ്പോൾ അവളും അതു തന്നെ കണക്കു കൂട്ടി…,

പക്ഷെ എന്റെ പ്രവർത്തിയിൽ ഒരു മാറ്റവും സംഭവിച്ചില്ല, അമ്മയേ ഞാനൊരിക്കലും പൂട്ടിയിട്ടില്ല, തുറന്നു വിട്ടു എന്നാൽ എന്റെ ഇരു കണ്ണും സദാസമയവും അമ്മയോടൊപ്പം തന്നെയുണ്ടായിരുന്നു,

കൂടാതെ അമ്മക്കു വേണ്ടി എന്റെ വിനോദോപാധികളായ സിനിമ കാണുക, ടിവി കാണുക, കൂട്ടുക്കാരോടൊത്ത് കൂട്ടം കൂടിയിരുന്ന് തമാശ പറഞ്ഞിരിക്കുക, കല്യാണങ്ങൾക്ക് പോകുക, എന്നിവയെല്ലാം ഞാനും ഒഴിവാക്കി നിർത്തി,

എന്നാൽ അമ്മയേയും കൊണ്ട് പാർക്കിലും, ഉത്സവങ്ങൾക്കും, പള്ളിപ്പെരുന്നാളുകൾക്കും പോകുന്നത് എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല അമ്മ ചിലപ്പോൾ കൊച്ചു കുട്ടികളെ പോലെ ബലൂണും കൈയിൽ പിടിച്ച് ഐസ്സ് നുണഞ്ഞു അവിടമെല്ലാം ചുറ്റി തിരിഞ്ഞു നടക്കുന്നതു കാണുമ്പോൾ,

ഞാനും ചെറുപ്പത്തിൽ അമ്മയുടെ കൈയ്യും പിടിച്ച് ഇതു പോലെ തന്നെ ആയിരുന്നിരിക്കില്ലെയെന്നാണു ഞാനും ചിന്തിച്ചത്..!

പതിയെ പതിയെ
” അമ്മ എന്റെ കുഞ്ഞും ഞാൻ അമ്മയുടെ അമ്മയുമായി മാറുകയായിരുന്നു…”

ചിലപ്പോഴെല്ലാം അമ്മയെന്നെ ഒന്നു തിരിച്ചറിഞ്ഞിരുന്നെങ്കിലോ എന്നു
ഞാൻ ഒരുപാട് ആശിച്ചിട്ടുണ്ട്,
പക്ഷെ ഒന്നും സംഭവിച്ചില്ല,

എട്ടു മാസങ്ങൾക്കു ശേഷം
ഒരു ദിവസം അമ്മ എന്നത്തേയും പോലെ അന്ന് ഉണർന്നില്ല,
നിത്യമായ മറവിയിലേക്ക് അമ്മ ലയിച്ചു ചേർന്നു.,

എന്നാൽ അമ്മയുടെ മരണം മറ്റൊരത്ഭുതം എനിക്കും ചുറ്റുമുള്ളവർക്കും കാണിച്ചു തന്നു,

അമ്മ മരിച്ചു കിടക്കുമ്പോൾ സങ്കടം സഹിക്കാനാവാതെ വീടിന്റെ ഒരു വശത്തേക്ക് മാറി നിന്നു ദു:ഖിക്കുകയായിരുന്ന എന്റെ അരുകിലെക്ക് അയൽപക്കത്തുക്കാരായ കുറച്ചു പ്രായമായ സ്ത്രീകൾ വന്ന് അവർ ഒരോർത്തരായി എന്നോടു പറഞ്ഞു..,

നിയെന്തിനാടാ സങ്കടപ്പെടുന്നത്…?
നിന്നെ പോലെ എത്ര മക്കൾ നോക്കും തങ്ങളുടെ അമ്മയേ ഇത്ര നന്നായി…?

അമ്മയുടെ അവസാനശ്വാസം വരെ നീ നിന്റെ കൈവെള്ളയിൽ തന്നെയല്ലെ നിന്റെ അമ്മയേ കൊണ്ടു നടന്നത് ഇന്ന് എത്ര മക്കൾ ഇങ്ങനെ ചെയ്യുമെടാ…?

നിന്നെ പോലെ ഒരു മകനു ജന്മം നൽകാനായതിൽ നിന്റെ അമ്മയുടെ ആത്മാവ് ഇന്നതിൽ സന്തോഷിക്കുന്നുണ്ടാവും….!

ബോധമുള്ള സ്വന്തം അമ്മയേ അഗതിമന്ദിരങ്ങളിലാക്കുന്ന ഈ കാലത്ത് നിന്റെയമ്മ അങ്ങിനെയല്ലാതിരുന്നിട്ടു കൂടി നീയതു ചെയ്തില്ലെന്നു മാത്രമല്ല നിന്റെമ്മയേ നീ അപ്പോൾ കൂടുതൽ നിന്നോടടുപ്പിക്കുകയല്ലെ ചെയ്തത്…?

മോനെ നിനക്കറിയോ ?
കഴിഞ്ഞ ഞായറാഴ്ച്ച ഞങ്ങളുടെ പള്ളിലച്ചൻ പോലും കുർബാനക്കിടയിൽ പള്ളിയിൽ വെച്ച് നിന്റെ പേരേടുത്തു പറഞ്ഞു കൊണ്ട് അന്നത്തെ സദസിനോടു പറഞ്ഞു,

മക്കൾ എല്ലാവർക്കും ഉണ്ടാവാം,
എന്നാൽ കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കളാൽ അവർ സംരക്ഷിക്കപ്പെട്ടതു പോലെ വാർദ്ധക്യത്തിൽ സ്വന്തം മക്കളാൽ അവരുടെ മാതാപിതാക്കളും സംരക്ഷിക്കപ്പെടുമ്പോഴാണ് ആ ബന്ധത്തിനു ദൃഢതയും യഥാർത്ഥ മൂല്യവും ഉണ്ടാകുന്നതെന്നും..,

നിങ്ങൾക്ക് ഉണ്ടാകുന്നത് സൽപുത്രനാണെങ്കിൽ നിങ്ങൾ അവനായി ഒന്നും കരുതി വെക്കേണ്ടതില്ലായെന്നും എല്ലാം അവൻ തന്നെ സ്വയം ഉണ്ടാക്കി കൊള്ളുമെന്നും എന്നാലതിനു പകരം നിങ്ങൾക്കുണ്ടകുന്നത് ദുഷ്പുത്രനാണെങ്കിൽ നിങ്ങൾ എത്രയുണ്ടാക്കി വെച്ചിട്ടും കാര്യമില്ല അവനതു തീർക്കുമെന്നും അച്ചൻ പറഞ്ഞു,

മറ്റൊരു ചേച്ചി പറഞ്ഞു,
മക്കൾ വലുതായി അവർക്കൊരു കുടുംബം ഒക്കെ ആകുമ്പോൾ പിന്നെ അതുവരെ അവരെ പോറ്റി വളർത്തിയ അമ്മക്കു പിന്നെ ചന്തം പോരാ, അമ്മക്ക് വിവരമില്ല, ബുദ്ധിയില്ല, സംസാരിക്കാനറിയില്ല, പെരുമാറാനറിയില്ല, പഴയക്കാലമൊന്നുമല്ല, ലോകം മാറിയതൊന്നും അമ്മ അറിഞ്ഞിട്ടില്ല എന്നൊക്കെ,

എന്നാൽ നിന്നെയും നിന്റെ അമ്മയേയും ഒന്നിച്ച് ഉത്സവങ്ങൾക്കും പള്ളിപെരുന്നാളുകൾക്കും ഒക്കെ കാണുമ്പോൾ ഞാനൊക്കെ ഒാർക്കും നിന്റെ അമ്മ എത്ര ഭാഗ്യവതിയാണെന്ന്..,

അതിനിടയിൽ മറ്റൊരാൾ മുന്നോട്ടു വന്ന് എന്നോടു പറഞ്ഞു,

എനിക്കുമുണ്ട് രണ്ടാൺമക്കൾ, മാസാമാസം കുറച്ചു പണമയച്ചാൽ എല്ലാമായി എന്നാണവരുടെ ചിന്ത, എന്നാലവർക്കറിയില്ല അവരെ ഒന്ന് അടുത്തു കാണുന്നതിനേക്കാൾ വലുതല്ല മറ്റൊന്നുമെന്ന്, ആ പണത്തേക്കാൾ വിലയുണ്ട് തങ്ങളോടൊപ്പം ഒന്നു ചേർന്നു നിന്ന് കൊണ്ട് സ്നേഹത്തോടെയുള്ള ഉപ്പാ ഉമ്മാ എന്നുള്ള അവരുടെ ഒരോ വിളികൾക്കുമെന്ന്..,

എന്നാൽ ഒരു മകന് മനസു വെച്ചാൽ ചെയ്യാവുന്നതേയുള്ളൂ ഇതെല്ലാമെന്ന് നീ വളരെ ഭംഗിയായി തെളിയിച്ചു.,

ഒരിക്കൽ ഞാനെന്റെ മകനോടു നിന്റെ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു,
കേവലം ഒരു സാധാരണ ജോലി ആയതു കൊണ്ടല്ലെ അതു വേണ്ടന്നു വെച്ച് അവനതിനു മുതിർന്നതെന്ന്…?

അവനു വല്ല ഗവർമെന്റ് ജോലിയോ, കേന്ദ്ര ഗവൺമെന്റ് ജോലിയോ, സോഫ്റ്റ് വെയർ എജിനിയറോ, ബാങ്കു ജോലിയോ ആയിരുന്നെങ്കിൽ അതെല്ലാം വേണ്ടന്നു വെച്ച് അവനിതിനു മുതിരുമായിരുന്നോ എന്ന്…?

ഞാനവന്റെ ചോദ്യത്തിനു പക്ഷെ മറുപടി പറഞ്ഞില്ല,
പറയാനറിയാഞ്ഞിട്ടല്ല…!
അവനപ്പോഴും അതിന്നൊന്നും കഴിയില്ലെന്നു സമർത്ഥിക്കാൻ അതിനു മറ്റൊരു കാരണം പറയും എന്നറിയാവുന്നതു കൊണ്ട് തന്നെ,

എല്ലാവർക്കും പറയാനുണ്ടാവുക ജോലിയുടെ വലിപ്പവും അതിന്റെ തിരക്കും തന്നെയാവും….!

എന്നാൽ അവരോടു പറയാനുള്ളത്,

ഇതേ വലിയ ജോലിയുള്ളവർ കുഞ്ഞുങ്ങളെ പത്തു മാസം ഗർഭം ധരിക്കുകയും, പ്രസവിക്കുകയും, എട്ടും പൊട്ടും തിരിയാത്ത ആ കുഞ്ഞുങ്ങളെ നോക്കുകയും, വളർത്തുകയും, സംരക്ഷിക്കുകയും, കുഞ്ഞിനൊരാപത്തും സംഭവിക്കാതിരിക്കാൻ കണ്ണൊന്നു തെറ്റാത്ത വിധം അതിനെ നോക്കിയിരിക്കുകയും ചെയ്യുന്നില്ലെ..?

നടക്കാൻ പഠിക്കും വരെ ഇരു കൈകളിലും നെഞ്ചിലുമായതിനെ കൊണ്ടു നടക്കുന്നില്ലെ…?

പകൽ ജോലിക്കു പോയ അച്ഛൻ വൈകുന്നേരം നേരത്തെയെത്തി അവരിൽ നിന്നും കുഞ്ഞിനേ ഏറ്റു വാങ്ങി അതിന്റെ സംരക്ഷണം ഏറ്റെടുത്ത് ഭാര്യയേ വീട്ടിലെ മറ്റു പണികൾ ചെയ്യുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഒക്കെ ഫ്രീയാക്കി വിടടുന്നില്ലെ…?

പരസ്പരം അതിനുള്ള സമയം കണ്ടെത്തുന്നില്ലെ….?
ജോലിക്കിടയിലും ഇതിനെല്ലാം സമയം കണ്ടെത്താൻ സ്വന്തം കുഞ്ഞെന്ന ചിന്ത നിങ്ങളെ സഹായിക്കുന്നില്ലെ…?

അതിനു വേണ്ടി ആരെങ്കിലും ജോലി ഉപേക്ഷിച്ചിട്ടുണ്ടോ….? ? ?

അപ്പോൾ നിങ്ങൾക്കറിയാം കുഞ്ഞു നിങ്ങളുടെ സ്വന്തം ആവശ്യമാണെന്നും അതിനു നിങ്ങളെയുള്ളൂ വെന്നും….,

അതോടൊപ്പം ഇതിനൊക്കെയുള്ള സമയം ഉണ്ടാക്കിയെടുക്കാനും നിങ്ങൾക്കു കൃത്യമായറിയാം….!

എന്നിട്ടും മാതാപിതാക്കൾക്കു വേണ്ടി ഒരഞ്ചു മിനുട്ട് മാറ്റി വെക്കാൻ ആർക്കുമില്ല…!

കുഞ്ഞുങ്ങൾ അറിവില്ലാതെ ദേഹത്തൊഴിക്കുമ്പോൾ ഉണ്ണി മൂത്രം പുണ്യാഹവും,
ഒർമ്മകളുടെ അഭാവം കൊണ്ട് സ്വയമറിയാതെ പുറം തള്ളപ്പെടുന്ന അമ്മ മൂത്രം ദുർഗന്ധവാഹിനിയും ആകുന്നത് എന്തു കൊണ്ടാണ്….?

രണ്ടും ശരീരത്തിന്റെ ഒരേ പ്രവർത്തനത്തിന്റെ ഫലമായി സംഭവിക്കുന്നതല്ലെ.. ?
എന്നിട്ടും..?

അപ്പോഴെക്കും മറ്റൊരു ചേച്ചി പറഞ്ഞു,

പണ്ട് എന്റെ മക്കളൊക്കെ അങ്ങ് അമേരിക്കയിലാണെന്നു പറയാൻ കുറച്ചഹങ്കാരവും വലിയ ഗമയുമായിരുന്നു, എന്നാലിന്ന്
അവരെ ഒന്നു നേരിട്ടു കാണാനോ മിണ്ടാനോ പറ്റാതെ ഒറ്റപ്പെട്ട് ആർക്കോ വേണ്ടി ജീവിക്കുമ്പോൾ എത്രയും പെട്ടന്ന് മരിച്ചാൽ മതിയെന്നാണ് ഇപ്പോൾ.,

ശരിക്കും അവർ ഒരോർത്തരുടെയും വാക്കുകൾ എന്റെയുള്ളിൽ സ്നേഹത്തോടൊപ്പം കണ്ണീരും നിറച്ചു..,

അവരുടെയെല്ലാം വാക്കുകളും പ്രവർത്തിയും കണ്ടും കേട്ടും നിന്ന എന്റെ രണ്ടു ഏട്ടന്മാരും ഒരെ സമയം വന്നെന്നെ എന്റെ ഇരു ഭാഗങ്ങളിൽ നിന്നായി കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടു പറഞ്ഞു

നീയാണെടാ ശരിയെന്ന് ”

അതു കേട്ട് എന്റെ കണ്ണുകളും നിറഞ്ഞു..,

അന്നു രാത്രി എന്റെ അടുത്തു വന്നിരുന്ന നിർവൃതയെ ഞാനൊന്ന് നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞു തുടർന്നവളെന്നോടു പറഞ്ഞു,

എല്ലാവരും പറയുന്നു നിങ്ങളെ പോലെ ഒരാളുടെ ഭാര്യയായതിൽ ഞാൻ ഭാഗ്യവതിയാണെന്ന്…!

വീണ്ടും അവൾ പറഞ്ഞു,
നിങ്ങളെ തിരിച്ചറിയാൻ വൈകിയതിൽ എന്നോടു ക്ഷമിക്കണേ ഏട്ടായെന്ന്….”

അപ്പോൾ ഞാനവളോടു പറഞ്ഞു,

ഒരു നാടു മുഴുവൻ എന്നെ ശ്രദ്ധിച്ചിരുന്നെന്ന് എനിക്കറിയില്ലായിരുന്നു,

ഒരുപാട് അമ്മമാർ ഞാനെന്റെ അമ്മക്കു നൽകിയ സ്നേഹം സ്വന്തം മക്കളിൽ നിന്നു കൊതിച്ചിരുന്നെന്നും അറിയില്ലായിരുന്നു,

നിനക്കറിയോ ?
ഏതൊരു മാതാപിതാക്കളും അവർക്കുള്ളിലെ സകല നന്മകളും നിക്ഷേപിച്ചിരിക്കുന്നത് അവരുടെ മക്കളിലാണെന്ന് തിരിച്ചറിയാത്ത മക്കളാണവരുടെ വേദനയും, ശാപവും….!

തുടർന്നവൾ പറഞ്ഞു,
ഇപ്പോൾ ഒന്നെനിക്കറിയാം നിങ്ങളുടെ അമ്മയുടെ കൈയ്യിൽ നിന്നു നിലവിളക്കു ഏറ്റു വാങ്ങി ജീവിതം തുടങ്ങാനായതാണ് എന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്ന്..”

അതോടൊപ്പം അവൾ എന്റെ വലം കൈ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു,

ഇനി മുതൽ ആ അമ്മയോടുള്ള സ്നേഹം കൂടി പകർന്നു തന്ന് ഞാൻ നിങ്ങളെ സ്നേഹിച്ചോള്ളാമെന്ന്…!

ആ നിമിഷം ഒരിക്കൽ കൂടി
അവളിൽ ഞാനെന്റെ അമ്മയേ കണ്ടു…..!!!

.
#Pratheesh

Leave a Reply

Your email address will not be published. Required fields are marked *