ആ കത്തിലെക്ക് നോക്കിയതും അതിലെ കൈപ്പട കണ്ടതോടെ അതിലെ അക്ഷരങ്ങൾ മാഞ്ഞ് അവിടം അവളുടെ മുഖം തെളിഞ്ഞു…..!

രചന: Pratheesh

എല്ലാം അവസാനിച്ചിട്ട് കുറെക്കാലമായി ഏകദേശം ഏഴുവർഷത്തോളം….,

പഴകിയ ഒാർമ്മകൾ അല്ലാതെ ഇന്ന് അതിനെ ബന്ധപ്പെടുത്തിയ പുതിയ ഒാർമ്മകൾ കുറവാണ്..,

കുറവാണ് എന്നു വെച്ചാൽ ആ ഒാർമ്മകളെ ഒാർത്തെടുക്കാൻ ശ്രമിക്കാറില്ല എന്നതാണു സത്യം….!

വേദനകളല്ലാതെ മറ്റൊന്നും ഇന്നാ ഒാർമ്മകളിൽ തങ്ങി നിൽക്കുന്നില്ല….,

തുടക്കം ഹൃദ്യമായ ഒരു കവിതപ്പോലെ മനോഹരമായിരുന്നെങ്കിലും…..,
അവസാനം,
വഴിമുട്ടിയ നദികൾപ്പോലെ രണ്ടായിപ്പിരിഞ്ഞ് ദിശമാറി ഒഴുകിപ്പോയി….,

ബൈക്കിന്റെ അടവിന്റെ കടലാസ്സലാതെ മറ്റൊന്നും പോസ്റ്റൽ വരാത്ത എനിക്ക്,

ഇന്ന് തപാലിൽ ഒരു കത്തു കിട്ടി,
ആശ്ചര്യമായിരുന്നു ആദ്യം….,
ആ കത്തിലെക്ക് നോക്കിയതും അതിലെ കൈപ്പട കണ്ടതോടെ അതിലെ അക്ഷരങ്ങൾ മാഞ്ഞ് അവിടം അവളുടെ മുഖം തെളിഞ്ഞു…..!

വീണ്ടും ആ മുഖം എന്നെ വേദനിക്കുന്ന ഒാർമ്മകളുടെ തീരങ്ങളിലെക്ക് കൂട്ടിക്കൊണ്ടു പോയി..,

കത്തുമായി മുറിയിലെത്തിയ ഞാൻ മേശവലിപ്പിലിരിക്കുന്ന എന്റെ പഴയ ഡയറി എടുത്ത് മേശമേൽ വെച്ചു അതു തുറന്നു അതിൽ അവളുടെ പഴയ ഒരു ഫോട്ടോയുണ്ടായിരുന്നു….

ആദ്യക്കാലങ്ങളിൽ എന്നും ഞാൻ അതു തുറന്നു വെച്ച് വേദനിച്ചിരുന്നു..,
ഒരോ കാഴ്ച്ചയിലും പലപ്പോഴും എന്റെ കണ്ണീർ അടർന്നു വീണ് ഫോട്ടോയിൽ പലയിടത്തും കേടുവരാൻ തുടങ്ങിയതോടെ ആകെ അവശേഷിക്കുന്ന അതു കൂടി നഷ്ടപ്പെടാതിരിക്കാൻ പിന്നെ അതു തുറക്കാതായി…,

എന്തായിരിക്കും ആ കത്തിൽ…?

അതറിയാനുള്ള ആകാംക്ഷ കൊണ്ട് പൊറുതി മുട്ടിയെങ്കിലും തുറക്കാനൊരു മടി..,

കുറെ നേരം ആ അക്ഷരങ്ങളിലെക്ക് നോക്കിയിരുന്നു ആ സമയം പഴയ പലതും ഒാർമ്മയിൽ തെളിഞ്ഞു…,

ഇന്നു വരെയും എനിക്കറിയില്ല അവൾ എന്നെ വിട്ടു പോയത് എന്തിനാണെന്ന്…,
അവളെ കാണാതായപ്പോൾ…,
ഫോൺ സ്വിച്ച് ഒാഫായപ്പോൾ…,
അവളെ അന്വേഷിച്ചിറങ്ങിയ എനിക്കറിയാൻ കഴിഞ്ഞത്
അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു എന്നതാണ്…

എന്നാൽ എന്നിലേക്കുള്ള അവളുടെ വഴികളെല്ലാം അവൾ തന്നെ മനപ്പൂർവ്വം അടച്ചുപ്പൂട്ടി എന്നിൽ നിന്നു ഒാടിയൊളിച്ചപ്പോൾ ഇരുൾ മൂടിയ സ്വപ്നങ്ങൾ മാത്രമായി ഞങ്ങളിലെ പ്രണയം അവസാനിച്ചു….!

പിന്നീട് ഭയാനകമായിരുന്നു തുടർന്നുള്ള രാത്രികളെല്ലാം…,
എന്റെ കണ്ണീരെല്ലാം ഏറ്റു വാങ്ങി മറു വാക്കു പറയാതെ തലയിണ മാത്രം എനിക്ക് കൂട്ടായി…,

പിന്നീട് പതിയെ ഒാർമ്മിക്കാനിഷ്ടമില്ലാത്ത സ്വപ്നമായി അതു മാറ്റി വെച്ചെങ്കിലും മറവിയുടെ താളുകളെ കീറിമുറിച്ചു പലപ്പോഴും അവയെന്നെ വേദനിപ്പിച്ചു കൊണ്ടെയിരുന്നു…..!

പക്ഷെ…,
ഇപ്പം ഈ കത്തെന്തിനാണ് എന്നു മാത്രം മനസ്സിലാവുന്നില്ല..,
ചിലപ്പോൾ പണ്ടു ചെയ്ത തെറ്റിനു മാപ്പു ചോദിക്കാനാവും…,
അതെ അതിനെ വഴിയുള്ളൂ…,
അതല്ലാതെ അവൾക്കെന്നോട് എന്താണു പറയാനുള്ളത്…?

ആകാംക്ഷയുടെ മുൾമുനയൊടിച്ചു കൊണ്ട് ഞാനാ കത്തു പൊട്ടിച്ചു…,
അക്ഷരങ്ങൾ പതിയെ മുഖതാവിൽ തെളിഞ്ഞു…,
പക്ഷെ ഞാൻ കരുതിയ പോലെ ഒരു മാപ്പപേക്ഷയൊന്നുമായിരുന്നില്ല അത്…,

ഞാനത് വായിക്കാൻ തുടങ്ങിയതോടെ ഒരോ അക്ഷരങ്ങളും അവളുടെ ശബ്ദത്തിൽ എന്നോട് സംസാരിക്കാൻ തുടങ്ങി…,

എന്തൊരു വേദനയാടാ ഇത്….?
ഒരൊറ്റ രാത്രി പോലും അവയെന്നെ വെറുതെ വിടുന്നില്ല…,
ഒാർമ്മകൾ വേദനകളായി കൊല്ലാതെ കൊല്ലുകയാണെന്നും…,
അവയെന്നെ പച്ചക്ക് കീറിമുറിക്കുകയാണെന്നും…,

എന്നും നിന്നെ മറക്കണം എന്നു കരുതി കിടക്കുകയും..,
എന്നാൽ എന്നും പുലർക്കാലങ്ങളിൽ ആദ്യയോർമ്മയായ് നീ തന്നെ കയറി വരുകയും ചെയ്യുന്നതെന്തെന്നു എനിക്കു തന്നെയറിയില്ല….,

ഏറ്റവും വലിയ വേദന പ്രണയമാണോ എന്നു ചോദിച്ചാൽ എനിക്കറിയില്ല…,
പക്ഷെ മറ്റു വേദനകൾക്കെല്ലാം ആ നിമിഷത്തിന്റെ വേദന മാത്രമാണ്…,
പക്ഷെ
സ്നേഹിച്ചു മതിവരാതെ പാതി വഴിയിൽ നഷ്ടപ്പെട്ട ഇഷ്ടങ്ങൾ നൽകുന്ന വേദനയോളം വരില്ല മറ്റൊന്നും….!

ഹൃദയം ഉമിയെരിയും പോലെ നീറി നീറി തീരുകയാണ്…,
നഷ്ടബോധം ഉറുമ്പുകളെ പോലെ എന്നെ പൊതിയുന്നു….,

ഒരു കാറ്റു വീശുമ്പോൾ…,
ഒരു മഴപ്പെയുമ്പോൾ..,
ഒരു നിലാവ് പരക്കുമ്പോൾ…,
എല്ലാം…,
തീരാവേദനകളെന്നെ വലയം ചെയ്യുന്നു….,

എവിടെ നിന്നെങ്കിലും ഒരു പ്രണയഗാനം കാതിലേക്ക് ഒഴുകായെത്തുമ്പോൾ…,
ടിവിയിലും മറ്റും പ്രണയാർദ്രമായ പല രംഗങ്ങളും കാണുമ്പോൾ…,
എല്ലാം…,
വീണ്ടും പ്രണയമഴയായ് നീ എന്നിൽ പെയ്യാൻ തുടങ്ങുന്നു…,
എന്തൊരു നീറുന്ന വേദനയാടാ…,

പ്രസവവേദന പോലും രണ്ടാമതായി സഹിക്കാൻ ഏതൊരു പെണ്ണും തയ്യാറാവും..,
പക്ഷെ പ്രണയവേദന മാത്രം രണ്ടാമതായി സഹിക്കാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല…
കാരണം..
സ്വന്തം ആയുസ്സിന്റെ അത്രത്തോളം തന്നെ വേദനയുണ്ടതിന്…!

അന്നെല്ലാം നിയെന്നെ കണാനായി കാത്തു നിന്നിരുന്ന ആ സ്ഥലങ്ങളിലെല്ലാം
ഇന്ന് നീയില്ലാതെ ശൂന്യമായി കിടക്കുന്നതു കാണുമ്പോൾ…..
സകലവേദനകളെയും വലിച്ചെടുത്ത് ചേർത്തുവെച്ച് ഒറ്റ നിമിഷം കൊണ്ടു തന്നെ നിന്റെ ഒാർമ്മകളെ വാരിപ്പുണരുന്നു ഹൃദയം…,

അതിനേക്കാൾ അത്ഭുതമായി തോന്നിയത് എന്തൊക്കയോ വലിയ സൗഭാഗ്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമെന്ന് എല്ലാവരും പറഞ്ഞു വിശ്വസ്സിപ്പിച്ചെങ്കിലും…,

ജീവിതത്തിൽ നീയില്ലാതായതൊഴിച്ചാൽ യാതൊരു മാറ്റവും വന്നില്ല…,
നിനക്കു പകരം മറ്റൊരാൾ വന്നതല്ലാതെ…,

കാറ്റ് കാറ്റായും…,
മഴ മഴയായും……,
ഇന്നും ഒരു മാറ്റവുമില്ലാതെ വീശുകയും പെയ്യുകയും ചെയ്യുന്നു….,

ഇന്ന് ഉറപ്പുള്ള സ്നേഹം കൈവിട്ട് ഒരിറ്റ് സ്നേഹത്തിനായി യാചിക്കേണ്ട അവസ്ഥയിലേക്ക് ഞാൻ തഴയപ്പെട്ടിരിക്കുന്നു..,,

നിന്നെ സ്നേഹിച്ചിരുന്നപ്പോഴെല്ലാം എന്റെ ശരീരത്തിന്റെ എവിടെ നിന്നു സന്തോഷങ്ങൾ പൊട്ടിപ്പുറപ്പെട്ടുവോ അവിടെ നിന്നു തന്നെ ഇന്ന് അതെ അളവിൽ വേദനകളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്…,

ഇപ്പം ഒന്നെനിക്കറിയാം…,

സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് അധികദൂരം സഞ്ചരിക്കാനാവില്ലെന്ന്….!

ഇപ്പോൾ നീ വിചാരിക്കുന്നുണ്ടാവും ഞാനെന്തിനാണ് നിന്നോടിതെല്ലാം ഇപ്പോൾ പറയുന്നതെന്ന് …?

എനിക്ക് നിന്നെ കാണണം…!
ചിലപ്പോൾ അത് അവസാനത്തേതാകാം…!

നമ്മുടെ പഴയ കോളേജ് മുറ്റത്ത് ഞാൻ കാത്തു നിൽക്കും

വരുന്ന ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക്..,
സെക്കന്റ് സാറ്റർഡേ ആയതു കൊണ്ട് കോളേജ് അവധിയായിരിക്കും..,
എന്നോട് എത്ര വെറുപ്പുണ്ടെങ്കിലും വരാതിരിക്കരുത്
ഞാൻ കാത്തിരിക്കും..!!!

അതോടെ കത്തവസാനിച്ചു…!

അവൾ ആവശ്യപ്പെട്ട പ്രകാരം ഞാനെത്തുമ്പോൾ എന്നെയും കാത്ത് ക്യാമ്പസ്സിൻ മുറ്റത്ത് അവളുണ്ടായിരുന്നു…,

നിറഞ്ഞു ചിരിക്കാൻ പോലുമാകാതെ അകലം കൊണ്ട് പാതി ചിരിയുമായി ഞങ്ങൾ ചേർന്നു നടന്നു ഞങ്ങളെ ഞങ്ങളാക്കിയ കോളേജിന്റെ വരാന്തകളിലൂടെ…,

പരസ്പരം ഒരു വാക്കു പോലും ഞങ്ങളിൽ നിന്നടർന്നു വീണില്ല..,
വരാന്തയുടെ അറ്റത്തെ ഞങ്ങളുടെ പഴയക്ക്ലാസ്സ് മുറിയുടെ മുന്നിൽ ഞങ്ങളുടെ നടത്തം അവസാനിച്ചു….!

പരസ്പരം മുഖത്തേക്ക് മുഖം നോക്കാനുള്ള പ്രാപ്തിപ്പോലുമില്ലാത്ത വിധം അകൽച്ചയുടെ കാഠിന്യം ഞങ്ങളെ അപ്പോഴും പൊതിഞ്ഞിരുന്നു…,

അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം നോക്കി കുറച്ചു നിമിഷങ്ങൾക്കു ശേഷം അവൾ എനിലേക്ക് തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി…,
ഞാനവളെയും…,
എന്നിട്ടും ഞങ്ങളിൽ വാക്കുകൾ പിറന്നില്ല…,

അവസാനം അവൾ വലതു കൈയുയർത്തി എന്റെ കവിളിൽ തൊടാൻ ഒരു ശ്രമം നടത്തിയെങ്കിലും പെട്ടന്നെന്തോ ഒാർത്തെടുത്ത പോലെ പെട്ടന്നു തന്നെ കൈയവൾ പിൻ വലിച്ചു…,
കൈ പിൻ വലിഞ്ഞതോടെ ഒരു നിമിഷം അവളുടെ കണ്ണുകൾ അടഞ്ഞു…,
കണ്ണുകൾ നിറഞ്ഞു….,
രംഗം പന്തിയല്ലെന്ന് കണ്ട് പഴയതൊന്നും ഇനി ആവർത്തിക്കാൻ തങ്ങൾക്കാവില്ലെന്ന് കണ്ട് ഒരക്ഷരം പോലും മിണ്ടാനാവാതെ മടങ്ങി പോവാനായി അവൾ എന്നിൽ നിന്നു തിരിഞ്ഞു നടന്നു….,

എല്ലാം നിശബ്ദമായി അവസാനിക്കുകയാണെന്നു കണ്ട് ഞാനവൾ പോകുന്നത് നോക്കി നിൽക്കവേ…,

അവൾ പെട്ടന്നൊന്നു നിന്നു…!

പിന്നെ തിരിഞ്ഞ് അവൾ എന്നിലേക്ക് ഒാടി വന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ മാറിലെക്ക് ചാഞ്ഞ് അവളെന്നെ കെട്ടിപ്പിടിച്ചു….!

അവളുടെ കണ്ണീർക്കൊണ്ട് എന്റെ ഷർട്ട് നനഞ്ഞപ്പോൾ അവളുടെ ആ കണ്ണീർ ഒരു മാപ്പപേക്ഷയാണെന്നെനിക്കു മനസ്സിലായി

ആ സമയം ഒരിറ്റു കണ്ണീരോടെയും എല്ലാ ക്ഷമയോടും കൂടി ഞാനവളെയും ചേർത്തുപ്പിടിച്ചു…!

അതോടെ പത്തു വർഷം മുന്നേയുള്ള ഞങ്ങളുടെ പഴയ ക്യാമ്പസ്സിന്റെ കാറ്റും മണവും നിറവുമെല്ലാം അന്നേരം വീണ്ടും ഞങ്ങളെ പൊതിഞ്ഞു…!

തുടർന്ന് തമ്മിൽ പിരിയാൻ നേരം അവളെന്നോട് പറഞ്ഞു…,

എന്റെ സ്വകാര്യ സന്തോഷമായി എനിക്കു നിന്നെ വേണമെന്ന്….!

ഞാനതിന് തലയാട്ടി സമ്മതം നൽകിയതോടെ..,
അവൾ മടങ്ങി പോകാൻ തയ്യാറായി…,

അവൾ എന്നെ വിട്ടകന്ന അതെ നിമിഷം പെടുന്നനെ മഴ പെയ്യാൻ തുടങ്ങി….,

കുട നിവർത്തി അവൾ നടന്നു പോകുന്നതും നോക്കി നിൽക്കവേ
എന്റെ ഹൃദയം എന്നോട് പറഞ്ഞു….,

ആർക്കും ഒരിക്കലും പൂർണ്ണമായും നശിപ്പിക്കാനാവാത്ത ഒന്നാണ് പ്രണയം…” എന്ന്….!!!

…….
പ്രണയകാവ്യം
*———————–*

Written by Pratheesh

Leave a Reply

Your email address will not be published. Required fields are marked *