(രചന: പുഷ്യാ. V. S)
“”നല്ലൊരു ദിവസം ആയിട്ട് മാറി ഇരുന്ന് കരയുന്നത് ആരേലും കണ്ടാലോ. നീ ആ കണ്ണ് തുടച്ചേ “” റാം അനുവിനെ അശ്വസിപ്പിക്കാൻ ശ്രമിച്ചു.
“” ഏട്ടൻ പൊയ്ക്കോ. ഞാൻ ഇവിടെ ഇരുന്നോട്ടെ അൽപനേരം “” അനു മറുപടി നൽകി.
“” ഞാൻ അവിടെ ഉണ്ടായിരുന്നേൽ നീ ഈ കരയുന്ന കരച്ചിൽ അവര് കരഞ്ഞേനെ. ഇപ്പോഴും നല്ലൊരു ദിവസം ആയിട്ട് പ്രശ്നം ഉണ്ടാക്കണ്ട എന്ന് നീ പറഞ്ഞോണ്ട. ഇനിയും ഇവിടിരുന്നു ഇങ്ങനെ കരയാൻ ആണ് ഭാവം എങ്കിൽ എന്റെ കണ്ട്രോൾ പോവും പറഞ്ഞേക്കാം. “” റാം പറഞ്ഞു
“” വേണ്ട റാം. ഇന്ന് ആരോടും വഴക്കിടാൻ പോവല്ലേ. ഒന്നുമില്ലേലും റിധിമയെ എങ്കിലും ഓർക്കണ്ടേ “” അനു സമാധാനിപ്പിച്ചു.
“” പിന്നെ മുഖം കഴുകീട്ടു പുറത്തേക്ക് വാ “” റാം വിളിച്ചു.
പുറത്തു റാമിന്റെ സഹോദരി റിധിമയുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടക്കാൻ പോകുകയാണ്. റാമിനും അനുപമയ്ക്കും വിവാഹം കഴിഞ്ഞു ആറു വർഷങ്ങൾ കഴിഞ്ഞിട്ടും മക്കൾ ഇല്ല. ഇതിനിടെ ഒരു തവണ അബോർഷൻ സംഭവിക്കുക കൂടി ചെയ്തപ്പോൾ ഭാഗ്യം കെട്ടവൾ എന്നും മച്ചി എന്നും അനുപമ മുദ്രകുത്തപ്പെട്ടു.
ഇന്നിപ്പോൾ അനുപമയുടെ കരച്ചിലിന് കാരണം അൽപനേരം മുമ്പ് ഉണ്ടായ സംഭവം ആണ്.
“”റിതു മോളെ കുഞ്ഞിനെ വേഗം കുളിപ്പിച്ച് ഒരുക്കിയേ. ആൾക്കാർ ഒക്കെ വന്നു തുടങ്ങിയാൽ ഒന്നും നടക്കില്ല “” റാമിന്റെ അമ്മ വന്നു പറഞ്ഞു.
“” അനു ചേച്ച്യേ. മോളെ ഒന്ന് കുളിപ്പിച്ച് ഒരുക്കാമോ. ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരട്ടെ. ഇന്നലെ ഇവള്ടെ കരച്ചിൽ കാരണം ഒരുപോള കണ്ണ് അടച്ചില്ല. രാവിലെയാ ഒന്ന് ഉറങ്ങിക്കിട്ടിയെ. എണീക്കാനും വൈകി.”” റിധിമ പരിഭവം പറയുന്നേ കേട്ട് ചിരിച്ചുകൊണ്ട് അനു കുഞ്ഞിനെ വാങ്ങി.
“” നീ വേഗം പോയി കുളിച്ചു റെഡി ആവു. ഇല്ലേൽ നൂലുകെട്ട് കഴിഞ്ഞാലും നിനക്ക് നേരം കിട്ടില്ല. മോളുടെ കാര്യം ഞാൻ നോക്കിക്കോളാം “” അനുപമ പറഞ്ഞു.
റിധിമയുടെ ഭർത്താവിന്റെ വീട്ടുകാർ എത്തിയപ്പോൾ അനു കുഞ്ഞിനെ കുളിപ്പിക്കുക ആയിരുന്നു.
“” എന്താ രാധികേ ഇത്. നിങ്ങൾക്ക് ഒരു കാര്യവിവരം ഇല്ലാണ്ട് പോയോ. ഇവളുടെൽ എന്തിനാ കുഞ്ഞിനെ കൊടുത്തേ. ഇനി അതിന് വല്ല അസുഖവും വരാൻ വേറെ എന്തേലും വേണോ “” റിധിമയുടെ അമ്മായിയമ്മ ചോദിച്ചത് കേട്ട് റാമിന്റെ അമ്മ വല്ലാതെ ആയി.
“” അല്ല ചേച്ചി ഇപ്പോൾ അങ്ങനെയൊക്കെ നോക്കണോ. റിതു മോള് പ്രസവം കഴിഞ്ഞു വന്ന മുതൽ എന്നെക്കാളും നന്നായി അവളുടെം കുഞ്ഞിന്റേം കാര്യങ്ങൾ അനു മോള് നോക്കുന്നുണ്ട്. റിധുവിന്റെ കല്യാണത്തിന് മുമ്പേ അവര് നല്ല സ്നേഹത്തിൽ ആയിരുന്നല്ലോ. സ്വന്തം അനിയത്തി ആയിട്ട് കണ്ട അനു അവരുടെ കാര്യങ്ങൾ നോക്കുന്നത് “” രാധിക പറഞ്ഞു.
“” ഹാ കൊള്ളാം. പണ്ടൊക്കെ ആണേൽ മച്ചി പെണ്ണുങ്ങൾ വീട്ടിൽ ഉണ്ടേൽ പ്രസവിച്ച പെണ്ണുള്ള വീട്ടിൽ നിന്ന് അവരെ മാറ്റി താമസിപ്പിക്കുകയാ പതിവ്. ഇതിപ്പോ റിധിമയെം കുഞ്ഞിനേം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്ന വരെ നിന്റെ മരുമോളെ നീ അവളുടെ വീട്ടിലേക്ക് അയക്കുന്നെ ആയിരുന്നു നല്ലത്.
അത് പോട്ടെ കുഞ്ഞിനെ എടുക്കുന്നതും കുളിപ്പിക്കുന്നതും ഒക്കെ നീ അങ്ങ് സമ്മതിച്ചു കൊടുത്തു എന്ന് പറഞ്ഞാൽ. വെറുതെ ആണോ രാത്രിയിൽ കുഞ്ഞു കരച്ചിൽ ആണെന്ന് അവള് വിളിക്കുമ്പോ പറയാറുള്ളത്. ഈ പെണ്ണിന്റെ ദൃഷ്ടി ദോഷം അല്ലാണ്ട് എന്താ “” റിധിമയുടെ അമ്മായിയമ്മ അറുത്തുമുറിച്ചു അത് പറഞ്ഞു.
ഇതൊക്കെ കേട്ട അനുപമ കയ്യിൽ ഇരുന്ന കുഞ്ഞിനെ രാധികയുടെ കയ്യിലേക്ക് കൊടുത്തിട്ട് വേഗം മുറിയിലേക്ക് ഓടി. അവിടെ ഇരുന്നു കരയുന്ന അനുപമയെ കണ്ടുകൊണ്ട് ആണ് റാം കയറി വന്നത്. ഇതൊക്കെ കേട്ട് കലി കയറിയ റാമിനെ അനുപമ ഒത്തിരി പ്രയാസപ്പെട്ട് ആ അനുനയിപ്പിച്ചത്.
റാം പറഞ്ഞത് കേട്ട് ചടങ്ങിന് പങ്കെടുക്കാൻ വന്ന അനുവിനെ റിധിമയുടെ അമ്മായിയമ്മ ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു കൂട്ടിക്കൊണ്ട് പോയി.
“” മോളെ മോൾടെ വീട്ടുകാരും റാമിന്റെ വീട്ടുകാരും ഒന്നും പറഞ്ഞു തന്നിട്ടുണ്ടാവില്ല. അതുകൊണ്ട് അമ്മായി പറഞ്ഞു തരാം. മോളെ പോലെ ഉള്ളവർ ഇതുപോലെ കുഞ്ഞുങ്ങളുടെ ചടങ്ങുകൾക്ക് വരുന്നത് ഐശ്വര്യക്കേടാ. മോൾക്ക് കുഞ്ഞിനോട് സ്നേഹം ഒക്കെ ആയിരിക്കാം ഇല്ല എന്ന് അല്ല.
എന്നാലും പഴയ ആൾക്കാർ പറയുന്നതിൽ ചില കാര്യങ്ങൾ ഒക്കെ ഉണ്ട് മോളെ. പൊടികുഞ്ഞുങ്ങൾക്ക് ആണേൽ എന്തേലും അസുഖം വരാൻ വല്യ കാരണം ഒന്നും വേണ്ട താനും. മോളായിട്ട് ഇനി കുഞ്ഞിന് ആപത്തു ഒന്നും വരുത്തി വയ്ക്കണ്ട. അമ്മായി പറയുന്നത് അനുസരിക്കു. മോള് ഈ മുറിയിൽ തന്നെ ഇരുന്നാൽ മതി. “” അവര് സ്നേഹം നടിച്ച സ്വരത്തിൽ അത് പറഞ്ഞു.
അനുവിന് ആകെ വല്ലാതെ ആയി. അവൾ വിഷമത്തോടെ മുറിയിൽ ചെന്ന് കിടന്നു.
നൂലുകെട്ട് സമയത്തു ആണ് റാം അനു അവിടെ ഇല്ല എന്ന് ശ്രദ്ധിച്ചത്. അപ്പോഴേക്കും ചടങ്ങ് കഴിഞ്ഞു എഴുന്നേറ്റു റിധിമയും ഏട്ടത്തിയെ അന്വേഷിച്ചു.
“” ഇത്രയും നേരം ചമ്രം പടിഞ്ഞു ഇരുന്നിട്ട് കാലു മരവിച്ചു. ഏട്ടത്തി ഇതെവിടെ പോയി കുഞ്ഞിനെ ഒന്ന് ഉറക്കാൻ. ഈ ബന്ധുക്കളും തിരക്കും കാരണം കുഞ്ഞിനും നല്ല അസ്വസ്ഥത ഉണ്ട് ഏട്ടാ. “” റിധിമ റാമിനോട് ചോദിച്ചു
“” എടി നൂലുകെട്ട് സമയം മുതൽ ഞാൻ നോക്കുന്നതാ. കാണുന്നില്ല. മുറിയിൽ ഉണ്ടോ എന്ന് നോക്കട്ടെ “” റാം പറഞ്ഞു റിധിമയും പിന്നാലെ പോയി.
“” ആഹ് നീ ഇവിടെ കിടക്കുകയാണോ. എവിടെ ഒക്കെ നോക്കിയെന്നോ. നിന്നോട് ഞാൻ മുഖം കഴുകി അങ്ങോട്ട് വരാൻ പറഞ്ഞിട്ടല്ലേ പോയത്. “” റാം ചോദിച്ചു.
“” അത് ഏട്ടാ ഞാൻ വരാൻ ഒരുങ്ങിയതാ. അപ്പൊ തല കറങ്ങുന്ന പോലെ തോന്നി. അതാ ഞാൻ “” അനു പറയുന്നത് കേട്ട് റാമിന് എന്തോ പന്തികേട് തോന്നി
“” നീ കരഞ്ഞോ പിന്നെയും “” റാം ചോദിച്ചു
“” പിന്നേം കരഞ്ഞോ എന്നോ. എന്തിന്. എന്താ ഉണ്ടായേ അതിന് “” റിതു ചോദിച്ചു.
“” നിന്റെ അമ്മായിയമ്മേടെ നാവ് തന്ന പ്രശ്നം. കുട്ടികൾ ഇല്ലാത്ത കൊണ്ട് ഇവള് കുഞ്ഞിനെ തൊടാൻ പാടില്ല എന്ന്. എന്റെ നാവ് ചൊറിഞ്ഞു വന്നതാ. പിന്നെ എന്തേലും പറഞ്ഞു പോയാൽ നീ പിന്നേം ആ വീട്ടിലോട്ട് അല്ലേ ചെന്ന് കേറുന്നേ എന്ന് ഓർത്തിട്ട അടങ്ങിയെ.
പോരാത്തതിന് നമ്മുടെ കുഞ്ഞിന്റെ ആദ്യത്തെ ചടങ്ങ് അല്ലേ അത് ഐശ്വര്യമായിട്ടും സന്തോഷത്തോടെയും നടത്തുന്നതിനിടെ ഇങ്ങനൊരു സംസാരം ഉണ്ടാവേണ്ട എന്ന് അനുവും പറഞ്ഞു. “” റാം ദേഷ്യം അടക്കാൻ വയ്യാതെ പറഞ്ഞു
“” ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്. ഇതിലൊക്കെ കുറച്ചു സത്യം ഉള്ള കാര്യങ്ങളാണ്. മുതിർന്നവർ ശ്രദ്ധിച്ചില്ലേൽ കുഞ്ഞിന് എന്തേലും വന്നിട്ട് പിന്നെ കരഞ്ഞിട്ട് കാര്യം ഇല്ല”” റിധുവിന്റെ അമ്മായിയമ്മ അവരുടെ സംസാരം കേട്ട് വന്നതാണ്.
“” ഇത്രേം നേരം ഞാൻ ഒന്നും പറഞ്ഞില്ല എന്ന് കരുതി തലയിൽ കേറി നിരങ്ങല്ലേ അമ്മായി. ഇവളേം അളിയനേം ഓർത്തിട്ട ഞാൻ നിങ്ങളെ വിവരക്കേടിനു മൗനം പാലിച്ചത്. എന്റെ ക്ഷമ കെട്ടാൽ പിന്നെ നിങ്ങൾ താങ്ങി എന്ന് വരില്ല. അവസാനം ഈ കുടുംബവും ആയിട്ട് ഉള്ള ബന്ധം തന്നെ ഇല്ലാണ്ടായിപ്പോകും “” റാം പറഞ്ഞു
“” അളിയൻ ധൈര്യം ആയിട്ട് പറഞ്ഞോ. അങ്ങനെയെങ്കിലും എന്റെ അമ്മ നന്നാവുമെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു “” റിധിമയുടെ ഭർത്താവ് വിഘ്‌നേഷ് ആണ് അത് പറഞ്ഞത്.
“” ഞാൻ കേട്ട് അളിയാ എല്ലാം. ഇവരുടെ ഒക്കെ മനസ്സിൽ ആരൊക്കെയാ പഠിപ്പിച്ചു വച്ച വിവരക്കേട് ഉറഞ്ഞു പോയതാ. അമ്മ മാത്രം അല്ല ഞങ്ങളുടെ കുടുംബത്തിൽ വേറെയും കുറേ എണ്ണം ഉണ്ട്.
അമ്മ ആന്റിമാരോട് പറയുന്നത് കേട്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് ഏട്ടത്തിയെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെ പറ്റി. നാണം ഉണ്ടോ അമ്മേ ഇടയ്ക്ക് ഇടയ്ക്ക് പറയുമല്ലോ ഞങ്ങളെക്കൾ കുറേ ഓണം കൂടുതൽ ഉണ്ടതിന്റെ വീമ്പ്.
എന്നിട്ടും മറ്റുള്ളവരോട് മര്യാദയോടെ പെരുമാറാൻ മാത്രം പഠിച്ചില്ലല്ലോ അമ്മേ. നേരത്തെ ഏട്ടത്തിയും ഏട്ടനും പറഞ്ഞത് അമ്മ കേട്ടോ ഇത്രേം അപമാനം സഹിച്ചു അവർ അമ്മയോട് കയർത്തു സംസാരിക്കാത്തത് നമ്മുടെ കുഞ്ഞിന്റെ നൂലുകെട്ട് അല്ലേ ഇവിടെ നടക്കുന്നത് എന്ന് ഓർത്തിട്ടാണെന്ന്.
അതായത് അവർ അവരുടെ സ്വന്തം കുഞ്ഞായിട്ട മോളെ കാണുന്നെ. ആ ഏട്ടത്തിയുടെ ദൃഷ്ടി പതിഞ്ഞാൽ ദോഷം ആണെന്ന് ഒക്കെ പറയാൻ ഉള്ള ആ മനസ്സുണ്ടല്ലോ. ഇത്രേം ദുഷിച്ച മനസുള്ള അമ്മ എന്റെ കുഞ്ഞിനെ എടുത്താൽ ആവും അതിന് എന്തേലും ദോഷം വരുന്നേ.
സ്വന്തം മകൻ അത്രയും പറഞ്ഞത് കേട്ടു അവർ ഒന്ന് പകച്ചു പോയി. ഒന്നും മിണ്ടാതെ അവർ അവിടെ നിന്നു.
“” അതൊക്കെ വിട്. ഏട്ടത്തി നൂലുകെട്ട് സമയത്തോ അവിടുന്ന് മുങ്ങി. എന്റെ മോൾക്ക് ഗിഫ്റ്റ് ഒന്നും കൊടുക്കുന്നില്ലേ. “” റിധിമ വിഷയം മാറ്റാൻ നോക്കി.
റാം ഒരു കുഞ്ഞു ബോക്സ് എടുത്തു അനുപമയുടെ കയ്യിൽ കൊടുത്തു ” താൻ തന്നെ ഇട്ട് കൊടുക്കെടോ ”
അവൾ അത് തുറന്നു ഒരു ചന്തമുള്ള കുഞ്ഞു സ്വർണമാല എടുത്തു കുഞ്ഞിനെ അണിയിച്ചു.
എനിക്ക് ഏതായാലും നല്ല ക്ഷീണം ഉണ്ട് ഏട്ടത്തി ഇവളെ ഒന്ന് പിടിച്ചേ. ഉറങ്ങാൻ ഉള്ള വാശി ആണ് പെണ്ണ് കാണിക്കുന്നേ അതും പറഞ്ഞു പെട്ടന്ന് റിധിമ കുഞ്ഞിനെ അനുവിന്റെ കയ്യിലേക്ക് വച്ചു കൊടുത്തു. അവൾ തെല്ലൊന്ന് പരിഭ്രമിച്ചു അമ്മായിയെ നോക്കി എങ്കിലും അവർ ചമ്മലോടെ മൗനം പാലിച്ചു നിൽക്കുകയാണ്.
“” അവൾ കുഞ്ഞിനെ ചേർത്തു പിടിച്ചു താരാട്ട് പാടി തുടങ്ങി. ആ ചൂട് പറ്റി താളത്തിൽ ലയിച്ചു ഉറങ്ങുന്ന കുഞ്ഞിന് ഈ ചുറ്റും നടക്കുന്ന മുറുമുറുപ്പുകൾ തിരിച്ചറിയാൻ ആയില്ലെങ്കിലും അനുപമയുടെ സ്നേഹം തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു .