തന്റെ ആജ്ഞാനുവർത്തി ആയി മാറാൻ കഴിയാത്ത ഭാര്യയെ ഉപദ്രവിക്കാനും മടി ഇല്ലാത്ത ഭർത്താവിന്റെ മുന്നിൽ വേഗം തോറ്റു കൊടുത്തു.

ശുദ്ധികലശം
(രചന: Pushya Rukkuzz)

ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ശാലിയുടെ കാലുകൾക്ക് വേഗതയേറി. വീട്ടിലെത്തുമ്പോൾ വിനു ഏട്ടൻ എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന് ഓർത്ത് നെഞ്ച് ഇടിപ്പ് വർധിക്കുന്നത് അവൾ അറിഞ്ഞു.

ഇടയ്ക്കിടെ അവളുടെ വീട്ടിലേക്ക് പോകുന്നത് അദ്ദേഹം എതിർത്തിരുന്നു.

“കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് സ്വന്തം വീട് എന്നാണ് ഏട്ടൻ പറയുന്നത്. ഒന്നോർത്താൽ അദ്ദേഹം പറയുന്നത് അല്ലേ ശെരി. ഞാൻ അവിടെന്ന് അഞ്ചു മിനിറ്റ് മാറി നിന്നാൽ ഏട്ടന്റേം മക്കളുടേം കാര്യം ആകെ കുഴയും.

ഞാൻ ഇടയ്ക്കിടെ എന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ എന്റെ അമ്മയും ചോദിക്കാറുണ്ട്… നീ ഇങ്ങോട്ട് പോന്നാൽ അവിടെ അവന്റെ കാര്യങ്ങൾ നോക്കാൻ ആരാ എന്ന്.

അച്ഛന് കല്യാണം കഴിഞ്ഞതിനു ശേഷം എന്നെ കാണാൻ കൊതി ഏറെയാണ്. അതിനാൽ അച്ഛന് ഞാൻ ചെല്ലുന്നതിൽ സന്തോഷമേ ഒള്ളു. അമ്മയ്ക്കും മനസ്കൊണ്ട് അതേ. പക്ഷേ പുറമേ കാണിക്കത്തില്ലന്നെ…

അമ്മ പണ്ട് അമ്മയുടെ കല്യാണം കഴിഞ്ഞേ പിന്നെ വർഷത്തിൽ ഒരിക്കലെങ്കിലും അമ്മേടെ വീട്ടിൽ പോകുന്നത് കഷ്ടി ആണെന്ന് പറഞ്ഞു തുടങ്ങും ഉപദേശം.

ആദ്യമൊക്കെ വിനു ഏട്ടനും ഏട്ടന്റെ അമ്മയും ഒക്കെ എന്നോട് ഇടയ്ക്കിടെ എന്റെ വീട്ടിൽ പോയി രണ്ട് ദിവസം നിന്നിട്ട് വരാൻ പറയുമായിരുന്നു.

പോകെ പോകെ അതൊക്കെ നിന്നു. ചിലപ്പോഴൊക്കെ ഞാൻ അങ്ങോട്ട് ചോദിച്ചാൽ പോലും താല്പര്യം ഇല്ലാത്ത പോലെ ആയി. മയൂരി കൂടി ജനിച്ചേ പിന്നെ എനിക്കും ആകെ തിരക്കായി.

ഇന്നിപ്പോ അച്ഛന് വയ്യ എന്ന് അറിഞ്ഞിട്ട് ഒത്തിരി നാളായി. പോകാൻ കുറേ നാളായി ആഗ്രഹിക്കുന്നു.

അച്ഛനും എന്നോട് ഫോണിൽ സംസാരിക്കുമ്പോഴൊക്കെ എന്നെ കാണാൻ തോന്നുന്നു എന്ന് പറയാതെ പറയുന്നു. വിനു ഏട്ടനോട് ചോദിക്കുമ്പോ നാളെയാകട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. വീണ്ടും ചോദിച്ചു ശല്യം ചെയ്യുമ്പോ ദേഷ്യപ്പെട്ടു നടക്കും.

ഇന്നലെ രാത്രിയും കൂടെ പതിവ് പോലെ ഈ രംഗം അരങ്ങേറി. മനസ് ആകെ ആസ്വസ്ഥം ആയിരുന്നു. രാവിലെ അച്ഛനോട് സംസാരിച്ചപ്പോൾ അങ്ങോട്ട് ഒന്ന് ചെല്ലാൻ ഉള്ള ആഗ്രഹം ഏറെയായി.

പിന്നെ ഒന്നും ആലോചിച്ചില്ല. വേഗം പണികൾ ഒക്കെ ഒതുക്കി വൈകിട്ട് എല്ലാർക്കും കഴിക്കാൻ ഉള്ളതും ഉണ്ടാക്കി വച്ചിട്ട് വേഗം പോകാൻ തയാറായി. വിനു ഏട്ടൻ രാവിലെ പോയി.

ഏട്ടന്റെ അമ്മയോട് പറഞ്ഞപ്പോ എതിര് ഒന്നും പറഞ്ഞില്ല എങ്കിലും ആ മുഖത്ത് വന്ന ഭാവം എന്തായിരുന്നു. മയൂരിയോടും കൂടി പറഞ്ഞിട്ട് പെട്ടന്ന് തന്നെ എന്റെ വീട്ടിലേക്കുള്ള ബസ് കേറി.

വീട്ടിലെത്തി കുറച്ചു നേരം കഴിഞ്ഞപ്പോഴേ ഉള്ളിൽ എന്തോ പിടയാൻ തുടങ്ങി. ഏട്ടനോട് പറയാതെയാ വന്നതെന്ന് അറിഞ്ഞപ്പോൾ അമ്മയും കണക്കിന് പറഞ്ഞു.

അച്ഛൻ കൊഞ്ചിച്ചു വളർത്തിയതിന്റെ കുഴപ്പം ആണത്രേ ഈ തോന്നിവാസം. എല്ലാരും അമ്മയുടെ വളർത്തുദോഷം ആണെന്നെ പറയു എന്ന് തുടങ്ങി പതിവ് പല്ലവികൾ എല്ലാം നിരത്തി അച്ഛന്റെ സ്വസ്ഥത കളഞ്ഞു.

സ്നേഹം പുറത്ത് കാണിക്കാൻ വല്യ മടി ആണ് അമ്മയ്ക്ക്. കുഞ്ഞിലേ മുതലേ അങ്ങനാ. കെട്ടിച്ചു വിടാൻ ഉള്ള പെണ്ണ് ആണ്. സഹിക്കാൻ പഠിക്കണം എന്നൊക്കെ ദിവസവും രണ്ട് തവണ എങ്കിലും പറഞ്ഞില്ലേൽ അന്നത്തെ ദിവസം പൂർണ്ണമാവില്ലായിരുന്നു അമ്മയ്ക്ക്.

കുറേ നാള് ആയിട്ട് അച്ഛനേം അമ്മേം കാണാൻ കൊതിച്ച് ആണ് ഇന്ന് ഇങ്ങോട്ട് വന്നേ. വന്നപ്പോ അമ്മയ്ക്കും നല്ല സന്തോഷം ആയിരുന്നു. പക്ഷേ വീട്ടിൽ ആരോടും അനുവാദം ചോദിക്കാതെ വന്നു എന്ന് അറിഞ്ഞതും അമ്മയുടെ സമനില തെറ്റി.

ഏട്ടൻ വീട്ടിൽ എത്തും മുന്നേ തന്നെ അവിടെ എത്തണം വേഗം ചെല്ല് എന്ന് പറഞ്ഞു തിരിച്ചു അയക്കാൻ ഉള്ള ധിറുതി കൂടെ കണ്ടപ്പോൾ വരണ്ടായിരുന്നു എന്ന് തോന്നിപ്പോയി.

ഒന്നോർത്താൽ അമ്മയുടെ മനസിലെ സ്നേഹം തന്നെ ആണ് അമ്മയെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. തിരികെ വീട്ടിൽ ചെല്ലുമ്പോൾ മകളെ ഭർത്താവ് വഴക്ക് പറയുമോ എന്നുള്ള ഭയം ആണ് അമ്മയുടെ ഉള്ളിൽ.”‘

ബസ് വന്നു നിന്നപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്. ബസിൽ കയറി ടിക്കറ്റും എടുത്ത് ഒഴിഞ്ഞ ഒരു സീറ്റിൽ ഇരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും വീണ്ടും അറിയാതെ ചിന്തകൾ അവളുടെ മനസിലേക്ക് ഇരമ്പി വന്നു. കണ്ണുകൾ അടച്ചു പഴയ കാര്യങ്ങൾ അവൾ ഓർത്തെടുത്തു.അവൾ പല ചോദ്യങ്ങളും അവളോട് സ്വയം ചോദിച്ചു

” താൻ ആഗ്രഹിച്ച ജീവിതം ആണോ ഇത് എന്ന് പലപ്പോഴും തോന്നും. ഡിഗ്രിക്ക് പഠിക്കുന്ന കാലം ഒക്കെ താൻ ഒരു വായാടി ആയിരുന്നു. അമ്മ അടുക്കള പണി ചെയ്യാൻ പറഞ്ഞാൽ പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു മുറിയിൽ കേറി കതക് അടച്ചു കിടന്നു ഉറങ്ങുന്ന മടിച്ചിക്കോത.

നാളെ അന്യ വീട്ടിലേക്ക് കയറി ചെല്ലേണ്ട പെണ്ണ് ആണെന്ന് അമ്മ പറയുമ്പോ നീ രാവിലെ തുടങ്ങിയോ അവള് പഠിച്ചോട്ടെ എന്ന് അച്ഛൻ പറയുന്നേ കേട്ട് ചിരി അടക്കി പിടിച്ചുകൊണ്ടു കിടന്നു ഉറങ്ങാൻ നോക്കുന്ന അച്ഛന്റെ കുറുമ്പി.

പാടാനും കഥകൾ എഴുതാനും തനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.

ഡിഗ്രി പൂർത്തിയാക്കി വിവാഹലോചനകൾ നോക്കി തുടങ്ങിയപ്പോഴും കുട്ടിത്തം വിട്ടുമാറിയിരുന്നില്ല. വിനു ഏട്ടന്റെ ആലോചന വന്നപ്പോൾ എല്ലാവർക്കും നന്നേ ബോധിച്ചു….

തനിക്കും.സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയ നിമിഷങ്ങൾ വേഗം കടന്നു പോയി. അദേഹത്തിന്റെ താലി സ്വീകരിച്ചു ആ വീട്ടിലേക്ക് കയറാൻ നേരമായപ്പോഴും എന്റെ അമ്മ ഓർമിപ്പിച്ചു ഇനി അതാണ് എന്റെ വീട്.

സ്വന്തമെന്ന് കരുതണം എന്ന്. അത്രയും നേരം കല്യാണം എന്ന സുദിനത്തെ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്ന തനിക്ക് യാതൊരു വിഷമവും തോന്നിയിരുന്നില്ല.

ഇറങ്ങാൻ നേരം മകളെ എന്നെന്നേക്കുമായി പിരിയുന്ന പോലെ ഉള്ള അമ്മയുടെ സങ്കടം കണ്ടപ്പോഴും താൻ യാഥാർഥ്യത്തെ തിരിച്ചറിഞ്ഞിരുന്നില്ല.

വിവാഹം കഴിഞ്ഞ് പുതിയ വീടും ആൾക്കാരും എന്ന അങ്കലാപ്പിനിടയിൽ എപ്പോഴോ താനൊരു പാചകവിദഗ്ദ്ധ ആയി മാറിയിരുന്നു.

അമ്മ സഹായത്തിനു വിളിച്ചാൽ ഓടി ഒളിക്കാറുണ്ടായിരുന്ന ആ കുറുമ്പി എന്നോ തന്നിൽ നിന്ന് അകന്ന് പോയി.ജോലിക്ക് പോകണം എന്ന ആഗ്രഹം മുളയിലേ നുള്ളാൻ അവിടുള്ളവർക്ക് നിഷ്പ്രയാസം സാധിച്ചു.

തന്റെ ആജ്ഞാനുവർത്തി ആയി മാറാൻ കഴിയാത്ത ഭാര്യയെ ഉപദ്രവിക്കാനും മടി ഇല്ലാത്ത ഭർത്താവിന്റെ മുന്നിൽ വേഗം തോറ്റു കൊടുത്തു. ജോലിക്ക് പോകുന്നതിനെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിന് മുന്നേ കുഞ്ഞു മയൂരി എന്റെ ഉദരത്തിൽ നാമ്പിട്ടിരുന്നു.

അമ്മയായി മാറിയപ്പോൾ പഴയ കുറുമ്പിയേ പൂർണ്ണമായും ഞാൻ മറന്നിരുന്നു. പിന്നീടുള്ള പതിനേഴു വർഷവും മയൂരിക്കും ഏട്ടനും വേണ്ടി മാത്രമായി ജീവിതം.പാടാൻ കൊതിച്ചിരുന്ന നാവിൻ തുമ്പിൽ കുറച്ചു നാൾ താരാട്ട് പാട്ടുകൾ മാത്രം തത്തിക്കളിച്ചു.

എഴുതാൻ പിന്നീട് ഒരിക്കലും കഴിഞ്ഞില്ല.മനസിലെ ചിന്തകൾ മഷിതുള്ളികളെ പ്രണയിക്കാനാവാതെ മരണപ്പെട്ടു.ഇതിനിടയിൽ വീട്ടിലേക്ക് ഉള്ള യാത്രകളുടെ എണ്ണം കുറഞ്ഞു.

ആഗ്രഹങ്ങൾ ഒക്കെയും മനസ്സിനുള്ളിൽ മൂടപ്പെട്ടു. ശമ്പളമില്ലാത്ത വേലക്കാരിയുടെ സ്ഥാനം ആണ് തനിക്കെന്ന് ഓരോ ദിവസവും അദ്ദേഹം തന്റെ പ്രവർത്തികളിലൂടെ ഓർമപ്പെടുത്തും.

അപ്പോഴൊക്കെ കഷ്ടപ്പെട്ടു നേടിയ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നെ നോക്കി പരിഹസിക്കും. അത് എവിടെയാ അന്ന് സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്ന് പോലും താൻ ഇത്ര കാലത്തിനിടയ്ക്ക് മറന്ന് പോയിരിക്കുന്നു.

തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയപ്പോഴേക്കും അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനുള്ള ഒരു ചേച്ചി തട്ടി വിളിച്ചു. അപ്പോഴാണ് വീണ്ടും ചിന്തകളിൽ നിന്ന് ഉണർന്നത്.

വേഗം ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തുമ്പോൾ ഒരു ബഹളം പ്രതീക്ഷിച്ചു തന്നെ ആണ് നടന്നത്. വീട്ടിൽ എത്തിയപ്പോൾ വിനു ഏട്ടൻ ഫോൺ നോക്കിക്കൊണ്ട് ഇരിക്കുവാണ്.

നേരം സന്ധ്യ അടുക്കാറായിരിക്കുന്നു. വീടിനുള്ളിലേക്ക് കയറിയപ്പോൾ ഭക്ഷണം എടുത്ത് വയ്ക്കാൻ ഉറക്കെ വിളിച്ചു പറഞ്ഞു. സ്വരത്തിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു.

വേഷം മാറാൻ മുറിയിൽ കേറിയ ഞാൻ വേഗം മയൂരിയെ വിളിച്ചു. അച്ഛന് ഭക്ഷണം കൊടുത്തില്ലേ എന്ന് ചോദിച്ചപ്പോൾ അമ്മ വന്നിട്ടേ കഴിക്കുന്നുള്ളു എന്ന് പറഞ്ഞു എന്ന് അവൾ പറഞ്ഞു. വേഗം പോയി വിളമ്പിക്കൊടുത്തു.

ഭക്ഷണം കഴിക്കുമ്പോഴും അയാൾ അവളോടൊന്നും മിണ്ടിയില്ല. തന്റെ വാക്കിനു വില ഇല്ലാതെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിൽ അയാളുടെ ദേഷ്യം മുഖത്ത് പ്രകടമായിരുന്നു. അത് മനസിലാക്കി അവൾ തന്നെ സംസാരിച്ചു തുടങ്ങി

“അത്… പിന്നെ അച്ഛൻ രാവിലെ വിളിച്ചിരുന്നു. തീരെ വയ്യ എന്ന് പറഞ്ഞു. അതുകൊണ്ടാ ഞാൻ വേഗം ഇറങ്ങിയത്. ഏട്ടൻ വരുന്നതിനു മുന്നേ തിരിച്ചു എത്താം എന്ന് കരുതി… അതാ….”

“എന്നിട്ട് നിന്റെ തന്ത ചത്തോ ഡീ…”അരിശം മൂത്ത് അയാൾ പ്ലേറ്റ് തട്ടി എറിഞ്ഞു കൊണ്ട് എണീറ്റു. “അതോ മോള് കാണാൻ വന്നപ്പോഴേക്കും അയാള് സൂക്കേട് മാറി എണീറ്റു ഓടിയോ ”

ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“അച്ഛൻ വിളിച്ചു പോലും… അയാള് വിളിച്ച ഉടനെ കെട്യോനേം പിള്ളേരേം മറന്ന് ഇറങ്ങി പോയേക്കണ്. എന്നോട് ഒരു വാക്ക് ചോദിക്കാൻ ഉള്ള മര്യാദ പോലും നിന്റെ തള്ള പഠിപ്പിച്ചു വീട്ടിട്ടില്ലല്ലോ. പോകണ്ട എന്ന് നിന്നോട് ഇന്നലെ മലയാളത്തിൽ അല്ലെ പറഞ്ഞത്”.

മകന്റെ ഈ ഡയലോഗ് എല്ലാം അപ്പുറത്തെ മുറിയിൽ ഇരുന്നു വിനോദിന്റെ അമ്മ കേൾക്കുന്നുണ്ടായിരുന്നു. താൻ പറഞ്ഞ ഏഷണി ഫലം കണ്ടതിൽ ഉള്ള സന്തോഷം ആ സ്ത്രീയുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

” ഏട്ടനെന്തിനാ ഇത്രയും കിടന്നു അലറുന്നേ…. ഞാൻ എന്റെ സ്വന്തം വീട്ടിലേക്ക് അല്ലെ പോയത്. അതിനെനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. ”

ആദ്യമായിട്ടായിരുന്നു അവളുടെ ഭാഗത്തു നിന്ന് അങ്ങനൊരു പ്രതികരണം. സഹികെട്ടു അത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തപ്പോഴും അവൾ ആലില പോലെ നിന്ന് വിറയ്ക്കുകയായിരുന്നു.

“ശാലീ…..”

തീരെ പ്രതീക്ഷിക്കാതെ ഉണ്ടായ അവളുടെ ഭവമാറ്റത്തിൽ ഒന്ന് ഞെട്ടിയെങ്കിലും അയാൾ ഒട്ടും അടങ്ങിയില്ല. തന്നോട് ഭാര്യ കയർത്ത് സംസാരിക്കുന്നത് അയാൾക്ക് താങ്ങാനാവുന്നതിലും അപ്പുറം ആയിരുന്നു.

അലറി വിളിച്ചുകൊണ്ടു അയാൾ അവളെ തല്ലാൻ ഓങ്ങിയ കയ്യിൽ ഒരാൾ പിടുത്തമിട്ടിരുന്നു.

തല്ലാൻ വന്ന കൈകളെ കണ്ടു മിഴികൾ അടച്ചു കിതച്ചു നിന്ന ശാലി മെല്ലെ കണ്ണ് തുറന്നു നോക്കുമ്പോൾ അച്ഛന്റെ കൈ തടുത്തു നിൽക്കുന്ന മയൂരിയെ ആണ് കണ്ടത്.

മകളുടെ ആ പ്രവർത്തിയിൽ അയാൾ തെല്ലൊന്നും അല്ല പകച്ചത്.അമ്പരന്ന് നിൽക്കവേ അയാളോട് ആയി മയൂരി പറഞ്ഞു തുടങ്ങി….

“ഇത്രയും നേരം എല്ലാം കേട്ട് അടങ്ങി ഇരിക്കുവായിരുന്നു ഞാൻ.

കുഞ്ഞിലേ മുതൽ അച്ഛൻ അമ്മയെ വഴക്ക് പറയുകയും തല്ലുകയും ചെയ്യുമ്പോൾ അതിലെ തെറ്റും ശെരിയും അറിയാതെ അച്ഛനമ്മമാരുടെ വഴക്കിൽ ഇടപെടാതെ മുറി അടച്ചു പേടിച്ചു മാറി ഇരിക്കുമായിരുന്നു.

വളർന്നപ്പോഴും അത് ശീലമായതുകൊണ്ട് ഒരിക്കലും എനിക്ക് ഇതുപോലെ അച്ഛന്റെ കൈ തടുക്കാൻ ധൈര്യം കിട്ടിയിട്ടില്ല.

ഇത്ര നാൾ ഞാൻ വെറുതെ സപ്പോർട്ട് ചെയ്തിരുന്നേലും അമ്മ വീണ്ടും സഹിക്കാൻ തയ്യാറാവുമായിരുന്നു. വീണ്ടും എല്ലാം പഴയ പടി തുടരും.പക്ഷേ ഇന്ന് അമ്മ ആദ്യമായി അച്ഛനോട് പ്രതികരിച്ചു.

ഇനിയും ഞാൻ മാറി നിൽക്കുന്നതിൽ അർത്ഥം ഇല്ല. അച്ഛൻ എന്ന നിലയിൽ എല്ലാ ബഹുമാനവും മനസ്സിൽ ഉണ്ടായിട്ടും ചോദിച്ചു പോകുവാ…. നാണം ഇല്ലേ അച്ഛന് സ്വന്തം ഭാര്യയുടെ മേൽ അധികാരം സ്ഥാപിക്കാൻ ആയി ഇത്ര തരം താഴാൻ.

അമ്മയുടെ മേൽ ജയിക്കുകയാണെന്ന് കരുതി ഓരോന്ന് അച്ഛൻ ചെയ്ത് കൂട്ടുമ്പോഴും ഒരു ഭർത്താവെന്ന നിലയിൽ അച്ഛൻ അമ്മയുടെ മുന്നിൽ തികഞ്ഞ പരാജയം ആയി മാറുകയായിരുന്നു.

ഭാര്യമാരുടെ കഷ്ടപ്പാടിനെയും ത്യാഗങ്ങളെ പറ്റിയും ഒന്നും വാതോരാതെ പ്രസംഗിക്കാൻ ഒന്നും എനിക്ക് വയ്യ.

അങ്ങനെ കുറേ തത്വം പറഞ്ഞതുകൊണ്ട് അച്ഛനെ പോലെ ഇടുങ്ങിയ ചിന്താഗതി ഉള്ളവർക്ക് ഒറ്റയടിക്ക് മനം മാറ്റം വരാനും പോകുന്നില്ല. പക്ഷേ ഒരു കാര്യം…

സ്വന്തം ജീവിതം മാറ്റി നിർത്തി നമുക്ക് വേണ്ടി അമ്മ ഒരു ദിവസം ചെയ്യുന്ന കാര്യങ്ങളെ പറ്റി ഒരു അഞ്ചു മിനിറ്റ് എങ്കിലും ചിന്തിക്കാൻ അച്ഛന് തോന്നിയിട്ടുണ്ടെങ്കിൽ ഒരിക്കൽ പോലും അമ്മയോട് ഇത്രയും മോശം ആയി പെരുമാറാൻ കഴിയില്ലായിരുന്നു.

ഒരു ജന്മം ആണ് നമുക്ക് വേണ്ടി മാറ്റി വച്ചത്. ഞാൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ പോലും അച്ഛന്റെ തലയിൽ കേറി എന്ന് വരില്ല.

അത് എന്നെ ബാധിക്കുന്നുമില്ല. പക്ഷേ ഒന്ന് മാത്രം അറിഞ്ഞാൽ മതി. ഇനി എന്റെ അമ്മയുടെ നേരെ കൈ ഉയർത്താൻ ഉള്ള ധൈര്യം മനസ്സിൽ ബാക്കി ഉണ്ടേൽ അത് അങ്ങ് പറിച്ചു കളഞ്ഞേക്ക്.

പഴയ പോലെ അമ്മയുടെ മേൽ അധികാരം സ്ഥാപിക്കാൻ ഉള്ള തത്രപ്പാട് ഒന്നും ഇവിടെ ആരും കണക്കിലെടുക്കാൻ പോകുന്നില്ല.”

ഇത്രയും പറഞ്ഞു അടുത്ത മുറിയുടെ വാതിലിനരികിൽ നിന്ന് എത്തി വലിഞ്ഞു നോക്കുന്ന വിനോദിന്റെ അമ്മയേ കൂടി ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് മയൂരി ശാലിയോട് പറഞ്ഞു.

“അമ്മ എന്താ ഇങ്ങനെ നിക്കുന്നെ. യാത്ര കഴിഞ്ഞു വന്നിട്ട് സാരീ പോലും മാറാതെ… വേഗം പോയി മുഖം ഒക്കെ കഴുകി ഒന്ന് റസ്റ്റ്‌ എടുക്ക്.

വലിച്ചെറിഞ്ഞ പ്ലേറ്റും ഭക്ഷണവും ഒക്കെ അച്ഛൻ തന്നെ വൃത്തിയാക്കിക്കോളുമെന്നേ. അമ്മ അതോർത്തു ടെൻഷൻ ആവണ്ട…’എന്ന് പറഞ്ഞു അമ്മയെ നോക്കി ഒരു കള്ള പുഞ്ചിരിയോടെ കണ്ണ് ചിമ്മി.

ശാലിയുടെ മനസ് ആകെ മൂകമായിരുന്നു. പ്രതീക്ഷിക്കാതെ നടന്ന സംഭവങ്ങളിൽ ഉള്ള ഞെട്ടൽ പതിയെ മായാൻ തുടങ്ങി. മയൂരിയുടെ മുഖത്തെ കുറുമ്പ് നിറഞ്ഞ രൗദ്രഭാവം കണ്ടപ്പോൾ അവൾക്ക് ഒന്ന് ഉറപ്പായിരുന്നു.

മറ്റൊരു ഗതികെട്ട ശാലി ആയി തന്റെ മയൂരി മാറില്ല എന്ന്. ഒരു അമ്മ എന്ന നിലയിൽ അവൾ ഏറെ ആശ്വസിക്കാൻ അത് മാത്രം മതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *