(രചന: പുഷ്യാ. V. S)
ലേബർ റൂമിന് വെളിയിൽ നെഞ്ചിടിപ്പോടെ ഇരിക്കുകയാണ് അനഘയുടെ വീട്ടുകാർ. നിധിനും അവന്റെ അമ്മ മാലതിയും ഒപ്പം ഉണ്ട്.
“” എടാ നീയൊന്ന് സമാധാനം ആയിട്ട് ഇരിക്ക്. നിന്റെ വെപ്രാളം കണ്ടാൽ തോന്നും പെണ്ണിന് എന്തോ മാരക രോഗം ആയിട്ട് ICU യിൽ ആണെന്ന്. ഇത് ലോകത്തിലെ ആദ്യത്തെ കാര്യം ഒന്നും അല്ലല്ലോ “” മാലതി സ്വരം കടുപ്പിച്ചു പറഞ്ഞു.
അനഘയുടെ വീട്ടുകാർക്ക് ആർക്കും അത് അത്ര ദഹിച്ചിട്ടില്ല എന്ന് നിധിന് മനസിലായി.
“” അമ്മ ഒന്ന് ചുമ്മാതിരുന്നേ. എന്തൊക്കെയാ ഈ പറയുന്നേ. ലോകത്തെ ആദ്യത്തെ പ്രസവം ഒന്നും ആയിരിക്കില്ല. പക്ഷേ എന്റെ ഭാര്യ ആദ്യം ആയിട്ടാ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നെ. ഞങ്ങൾക്ക് അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാവും. അമ്മ ആയിട്ട് കൂടുതൽ സമാധാനക്കേട് ഉണ്ടാക്കാതിരുന്ന മതി “” നിധിൻ പറഞ്ഞു
“” അനഘയുടെ വീട്ടുകാർ അല്ലേ. ഡെലിവറി കഴിഞ്ഞു. പെൺകുട്ടി ആണ്”” നേഴ്സ് ഒരു കുഞ്ഞു വെള്ള ടവലിൽ പൊതിഞ്ഞ സുന്ദരിക്കുഞ്ഞിനെ കൊണ്ട് വന്നു.
നിധിൻ സന്തോഷത്തോടെ ചുറ്റിനും നോക്കി. അവന് ആ നിമിഷം ഒരു സ്വപ്നം പോലെ തോന്നി “” മോൻ തന്നെ കയ്യിൽ വാങ്ങിച്ചോ “” അനഘയുടെ അമ്മ വാത്സല്യത്തോടെ പറഞ്ഞു. കുഞ്ഞുങ്ങളെ എടുത്തു വശമില്ല എങ്കിലും നിധിൻ വളരെ ശ്രദ്ധയോടെ തന്റെ കുഞ്ഞിനെ കയ്യിലേക്ക് വാങ്ങി
“”എടാ കൊച്ചിന് ഒരു വയസ് ആകാറായില്ലേ. ഇളയതുങ്ങൾ ഒന്നും വേണ്ടേ അതിന്.”” മാലതി നിധിനോട് ചോദിച്ചതാണ്
“” ഒരു വയസ് ആയില്ലല്ലോ. ഇപ്പഴേ വേണ്ട എന്ന ഞങ്ങളുടെ തീരുമാനം. ഇപ്പഴേ വേണ്ട എന്ന് അല്ല ഇനി ഒരു കുഞ്ഞു വേണോ വേണ്ടയോ എന്ന് ഞങ്ങൾ ആലോചിക്കുന്നതേ ഉള്ളു. “” അമ്മയുടെ ചോദ്യത്തിന്റെ ആത്മാർത്ഥത നേരത്തെ മനസിലായത് കൊണ്ടാണ് നിധിൻ അങ്ങനെ പറഞ്ഞത്
“” അതെന്താ ഡാ കുഞ്ഞു വേണ്ടാതെ. വീട്ടിൽ ഒരു ആൺതരി ഉള്ളത് നല്ലതല്ലേ. ആദ്യത്തേത് പെൺകുഞ്ഞു അത് പോട്ടെന്നു വയ്ക്കാം. ഇനി കുട്ടികളെ വേണ്ട എന്ന് പറഞ്ഞാൽ അത് എന്ത് ന്യായമാ.
“” അമ്മേ ആദ്യം മാളൂട്ടിയെ ഒന്ന് വളർത്തിയെടുക്കട്ടെ. അവൾ തീരെ കുഞ്ഞല്ലേ. അവള് അത്യാവശ്യം സ്വന്തം കാര്യങ്ങൾ ചെയ്യാറാവുമ്പോ അടുത്ത കുഞ്ഞിനെ പറ്റി ആലോചിക്കാം. അത് വരെ ഈ വിഷയം ഇവിടെ എടുക്കണ്ട “” നിധിൻ തീർത്തു പറഞ്ഞു.
അന്ന് ആ സംസാരം അവിടെ കഴിഞ്ഞു. നാല് വർഷത്തിന് ശേഷം അനഘയ്ക്കും നിധിനും ഒരു സുന്ദരിക്കുട്ടി കൂടി ജനിച്ചു. ലച്ചു മോള്. പക്ഷേ അതിന് ശേഷം രണ്ട് കുഞ്ഞുങ്ങളോടും അനഘയോടും മാലതിയുടെ പെരുമാറ്റം കുറച്ചു കടുപ്പം ആയി.
മാളൂട്ടിയുടെ കരച്ചിൽ കേട്ടാണ് അനഘ ഓടി വന്നത്. അനഘയെ കണ്ടതും അച്ഛമ്മ തല്ലി എന്ന് പറഞ്ഞു മാളൂട്ടി ഓടിചെന്ന് വട്ടം പിടിച്ചു
“” എന്തിനാ അമ്മേ കൊച്ചിനെ അടിച്ചേ. “” അനഘ ചോദിച്ചു
“”ന്തിനാ എന്നോ. നിന്റെ മോള് ഞാൻ വന്നപ്പോൾ ടേബിളിൽ മൊത്തം വെള്ളം തൂകി വൃത്തികേടാക്കി ഇട്ടിരിക്കുന്നു.”” മാലതി പറഞ്ഞു
“” ഡൈനിങ് ടാബിൾ അല്ലേ അമ്മേ. അത് അങ്ങ് തുടച്ചാൽ പോരെ. അതിന് കൊച്ചു കുഞ്ഞിനെ ഇങ്ങനെ അടിക്കണോ. അല്ലേൽ തന്നെ അവള് ആ വല്യ ജഗ് എടുത്തു പൊക്കാറായില്ലല്ലോ. അമ്മയ്ക്ക് ഒരു ഗ്ലാസിൽ ഇച്ചിരി വെള്ളം എടുത്തു കൊടുത്തൂടായിരുന്നോ. അമ്മ ഇവിടെ സോഫയിൽ ഇരിക്കുക അല്ലെ “” അനഘ ചോദിച്ചു
“” ഞാൻ ചോയിച്ചപ്പ അച്ഛമ്മ തന്നില്ല അമ്മാ. അതോണ്ടാ ഞാൻ വെള്ളം എടുക്കാൻ പോയത് “” മാളൂട്ടി പറഞ്ഞത് കേട്ട് അനഘ ദേഷ്യവും വിഷമവും കലർന്ന ഭാവത്തിൽ മാലതിയെ നോക്കി.
“” അമ്മയ്ക്ക് എന്തിനാ അമ്മേ എന്റെ കുഞ്ഞുങ്ങളോട് ഇത്ര ദേഷ്യം. ലച്ചു ജനിച്ച ശേഷം ഇത്ര മാസം ആയിട്ടും അമ്മ അവളെ ഒന്ന് എടുത്തു കൊഞ്ചിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ഇവരെന്താ അമ്മയ്ക്ക് ശത്രുക്കൾ ആണോ “” അനഘ ചോദിച്ചു
“” എനിക്ക് സൗകര്യം ഇല്ല നിന്റെ മക്കളെ താലോലിച്ചു നടക്കാൻ. പെൺപിള്ളേരെ കൊഞ്ചിച്ചു തലയിൽ എടുത്തു വച്ചിട്ട് എന്തിനാ. ഒരു കാലം കഴിഞ്ഞു എല്ലാരേം ഉപേക്ഷിച്ചു സ്വന്തം ജീവിതം നോക്കി പോകാൻ ഉള്ളവർ അല്ലേ. നീ എനിക്ക് ഒരു ആൺകുഞ്ഞിനെ പെറ്റ് താ. ഞാൻ എങ്ങനെയാ അതിനെ ലാളിക്കുന്നെ എന്ന് കാണിച്ചു തരാം “” മാലതി ഒരു ഭവമാറ്റവും ഇല്ലാതെ പറഞ്ഞു
“” എനിക്ക് മനസിലാവുന്നില്ല അമ്മേ അമ്മേടെ ന്യായം. ആണായാലും പെണ്ണായാലും അമ്മേടെ മോന്റെ കുഞ്ഞല്ലേ. ഞങ്ങളുടെ കണ്ണ് തെറ്റിയാൽ മാളൂട്ടിയെ തല്ലുകയോ വഴക്ക് പറയുകയോ ചെയ്യും. ലച്ചു കൈകുഞ്ഞു ആയോണ്ട് കുഴപ്പം ഇല്ല. പക്ഷേ എനിക്ക് അറിയാം അവളും വലുതാവുമ്പോ അമ്മ ഇതേ കണക്ക് ആയിരിക്കും അവളോടും “” അനഘ പറഞ്ഞു
“” തല്ലുന്നതും വഴക്ക് പറയുന്നതും തെറ്റ് കണ്ടിട്ടാ. പെൺകുട്ടി അല്ലേ തല്ലി വളർത്തണം. അനുസരണയും പേടിയും ഒക്കെ കുഞ്ഞിലേ ഉള്ളതാ നല്ലത്. ഇല്ലേൽ നാളെ ചെന്ന് കേറുന്ന വീട്ടിൽ വളർത്തുദോഷം ആണെന്ന് പറയിപ്പിക്കും “” മാലതി പറഞ്ഞു
“” സ്നേഹിക്കാൻ മനസ്സുള്ളവർ മാത്രം എന്റെ കുഞ്ഞുങ്ങളിൽ അവകാശം പറഞ്ഞാൽ മതി. സ്നേഹത്തിന്റെ കാര്യത്തിൽ മകന്റെ കുഞ്ഞാണെന്ന ചിന്ത ഇല്ലല്ലോ. തല്ലിന്റേം വഴക്കിന്റേം കാര്യം വന്നപ്പോൾ അത് മോന്റെ കുഞ്ഞായോ. എന്റെ കുഞ്ഞുങ്ങളെ മേലിൽ കൈ വച്ച് പോകരുത് “” നിധിന്റെ വാക്കുകൾ അത്രമേൽ ഉറച്ചതായിരുന്നു.
മാലതി ഒന്നും മിണ്ടിയില്ല
“” നീ ആരോടാ സംസാരിച്ചു നേരം കളയുന്നെ. ഇത് നമ്മുടെ കുഞ്ഞുങ്ങളോട് മാത്രം അല്ല. സ്വന്തം മോളോടും അമ്മ ഇങ്ങനെ തന്നെയായിരുന്നു. സത്യം പറഞ്ഞാൽ ചേച്ചിക്ക് കല്യാണം കഴിഞ്ഞേൽ പിന്നെയാ സന്തോഷവും സ്വാതന്ത്ര്യവും ഉള്ളൊരു ജീവിതം കിട്ടിയത്.
കുഞ്ഞിലേ ചേച്ചിയെ അടിച്ചമർത്തലും എന്നെ ആവശ്യത്തിലധികം സ്നേഹികുകയും ആയിരുന്നു അമ്മ. അന്നൊന്നും എനിക്ക് അതിലെ തെറ്റും ശെരിയും മനസിലായിട്ടില്ല. കുറച്ചൊക്കെ ആ പ്രിവിലേജ് ഞാൻ ആസ്വദിച്ചിട്ടും ഉണ്ട്. പക്ഷേ എന്റെ മക്കളിലേക്ക് അമ്മ അത് തുടരാൻ നോക്കണ്ട “” നിധിൻ തറപ്പിച്ചു പറഞ്ഞു.
“” ഇത്രേം കാലം എന്റെ മോൻ എന്നോട് ഒരു വാക്ക് കയർത്തു സംസാരിക്കത്തെ ആണ്. നീ വന്നു കയറിയെ പിന്നെ ആണ് ഞാൻ ഇതൊക്കെ കേൾക്കേണ്ടി വന്നത്.
നിയൊക്കെ പെൺപിള്ളേരെ ഇങ്ങനെ തലയിൽ എടുത്തു വച്ചോണ്ട് നടന്നോ. വയസാം കാലത്ത് നോക്കാൻ ഒരു ആൺകുഞ്ഞു ഇല്ലാത്ത കുറവ് നീ ഇപ്പോൾ അറിയില്ല. അന്ന് അമ്മ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് തോന്നും. ഞാൻ എന്റെ മക്കളിൽ വേർതിരിവ് കാണിച്ചിട്ടുണ്ട് എന്ന് നീ പറഞ്ഞില്ലേ.
സത്യം ആണ് നിന്നെ തന്നെയാ ഞാൻ കൂടുതൽ സ്നേഹിച്ചത്. അതിലെന്താ തെറ്റ്. നീയല്ലേ എന്റെ കൂടെ ഇപ്പോൾ ഉള്ളത്. നിന്റെ ചേച്ചി കല്യാണം കഴിഞ്ഞു പോയിട്ട് ഇപ്പോൾ അവൾ വേറൊരു കുടുംബത്തിലെത് അല്ലേ. എനിക്ക് ഒരു ആവശ്യത്തിന് എന്റെ മകൻ ആയ നീ അല്ലേ ഉണ്ടാവു. “”അത്രയും പറഞ്ഞു അവർ അവിടെ നിന്ന് ദേഷ്യത്തോടെ മുറിയിലേക്ക് പോയി.
“” ഏട്ടാ… അമ്മ എന്താ ഇങ്ങനെ. നമ്മുടെ മക്കളോട് ഇങ്ങനെ പെരുമാറാൻ തുടങ്ങിയാൽ എങ്ങനാ. ഞാൻ എത്ര തവണ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെന്നോ “” അനഘ വിഷമത്തോടെ പറഞ്ഞു
“” നീ വിഷമിക്കണ്ട ഒരു വഴി ഉണ്ട്.. നീ വാ “” നിധിൻ അൽപനേരം കഴിഞ്ഞ് അനഘയെയും കൂട്ടി അമ്മയുടെ മുറിയിലേക്ക് പോയി.
“” അമ്മേ ഞാൻ ഒരു കാര്യം പറയാം. അമ്മയുടെ ഈ സ്വഭാവവും വച്ച് ഇങ്ങനെ പോയാൽ എനിക്കും എന്റെ ഭാര്യയ്ക്കും മക്കൾക്കും സ്വസ്ഥത ഉണ്ടാവില്ല. അമ്മയ്ക്ക് പ്രായം കൂടി വരുന്നതിന്റെ പ്രശ്നം നന്നായിട്ട് ഉണ്ട്. അമ്മ ഒരു കാര്യം ചെയ്യ്. ഞാൻ എന്റെ പരിചയത്തിൽ ഉള്ള ഒരു സ്ഥാപനത്തിൽ അമ്മയെ കൊണ്ട് ആക്കാം. കുറച്ചു ദിവസം അമ്മ അവിടെ താമസിക്കു.
അവിടെ ആവുമ്പോ അമ്മേടെ പ്രായക്കാർ ഒക്കെ ഉള്ളതാ. അമ്മയ്ക്ക് അവരോടൊക്കെ ഇടപെട്ട് കുറച്ചു നാൾ കഴിയുമ്പോ മനസ് ഒന്ന് ശാന്തം ആകും. അല്ലെങ്കിൽ ഞാൻ കുറച്ചു നേരത്തെ ചേച്ചിയെ വിളിച്ചിരുന്നു. അമ്മ കുറച്ചു ദിവസം അവിടെ ചെന്ന് നിക്ക് ഒരു ചേഞ്ച് ആവട്ടെ “” നിധിൻ അത് പറഞ്ഞ ശേഷം അരികിൽ ഇരിക്കുന്ന അനഘയെ നോക്കി കണ്ണ് ചിമ്മി
“” നീ വളച്ചു ചുറ്റണ്ട. എനിക്ക് എല്ലാം മനസിലായി. വയസായപ്പോ നിനക്ക് എന്നെ വൃദ്ധസദനത്തിൽ കൊണ്ട് തള്ളണം അല്ലേ “” അവർ ദേഷ്യവും സങ്കടവും ഇട കലർത്തി ചോദിച്ചു.
“”അമ്മ എഴുതാപ്പുറം വായിക്കേണ്ട. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. പ്രായം ചെല്ലുംതോറും അമ്മേടെ സ്വഭാവം സഹിക്കാൻ വയ്യാത്തോണ്ട് പറഞ്ഞതാ. പിന്നെ ചേച്ചിയെ വിളിച്ചു ചോദിച്ചപ്പോൾ അമ്മ അവിടെ നിൽക്കുന്നതിൽ ബുദ്ധിമുട്ട് ഒന്നും ഇല്ല സന്തോഷമേ ഉള്ളു എന്ന് പറഞ്ഞു.”” നിധിൻ പറഞ്ഞു.
“” നിന്നെ ഞാൻ എത്ര സ്നേഹിച്ചു വളർത്തിയതാണ് ഡാ. എന്നിട്ടിപ്പോ അമ്മ നിനക്ക് ശല്യം അല്ലേ. അവസാനകാലത്ത് ഒരിറ്റ് വെള്ളം തരാൻ എനിക്ക് അവളെ ഉണ്ടാകുള്ളൂ. നിനക്ക് ഒക്കെ നന്ദി ഇല്ലാണ്ട് പോയല്ലോ. ഞാൻ പൊയ്ക്കോളാം ഇവിടുന്ന് “” അവർ പറഞ്ഞു.
നിധിൻ അനഘയെ നോക്കി കണ്ണിറുക്കി ചിരിച്ചു
“” ആഹ് ഇപ്പോഴെങ്കിലും മനസിലായല്ലോ അമ്മയ്ക്ക് ആണായാലും പെണ്ണായാലും മക്കൾ മക്കൾ തന്നെയാണ് എന്ന്. ആൺമക്കൾ മാത്രം മതി എന്ന് പറഞ്ഞിട്ട് ഏട്ടൻ ഇപ്പോൾ അമ്മയെ നോക്കാൻ ബുദ്ധിമുട്ട് കാണിക്കും എന്ന് അമ്മ മനസ്സിൽ പോലും കരുതിയോ.
അത്രേ ഉള്ളു അമ്മേ കാര്യങ്ങൾ . നമ്മളെ അവസാനകാലത്തു മോൻ ആണോ മോള് ആണോ സംരക്ഷിക്കാൻ ഉണ്ടാകുന്നെ എന്നൊക്കെ പ്രവചിക്കാൻ നമുക്ക് കഴിയോ. ഇപ്പോൾ അമ്മ അവഗണിച്ച ചേച്ചി ആണ് അമ്മയെ നോക്കാൻ മനസ് കാണിക്കുന്നത്.
എല്ലാ മക്കളേം ഒരുപോലെ കാണണം. അത് ഇപ്പോഴെങ്കിലും അമ്മയ്ക്ക് മനസിലായല്ലോ. എന്നാലേ അമ്മ എങ്ങും പോകുന്നില്ല. ഈ തിരിച്ചറിവ് ഞങ്ങളുടെ മക്കളോടുള്ള സ്നേഹത്തിൽ പ്രതിഫലിക്കുമെങ്കിൽ അമ്മയ്ക്ക് ഇവിടെ തന്നെ താമസിക്കാം. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഏട്ടൻ അമ്മയോട് വെറുതെ പറഞ്ഞതാ “” അനഘ പറഞ്ഞു.
“” ആഹ് എന്റെ അമ്മയ്ക്ക് നല്ല ബുദ്ധി വരാൻ കുറച്ചു അഭിനയിക്കേണ്ടി വന്നു. അമ്മ ഇനി എങ്ങും പോണ്ട. വേണേൽ ചേച്ചിയോട് കുറച്ചു ദിവസം ഇവിടെ വന്നു നിൽക്കാൻ പറയാം.
ഈർഷ്യയും അറിവില്ലായ്മയും മാറി കണ്ണ് തുറന്നത്തോടെ ആ രണ്ട് പേരക്കുട്ടികളെയും സ്നേഹിക്കാനും പിന്നീട് അവർക്ക് കഴിഞ്ഞു…