(രചന: പുഷ്യാ vs)
“ഏട്ടാ എത്ര നാളായി ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്നു. മതി എത്രയും വേഗം ഇങ്ങ് പോര് “” അഞ്ജലി വീഡിയോ കാളിനിടെ പറഞ്ഞു
” അങ്ങനെ ആഗ്രഹിച്ച ഉടനെ വരാൻ കഴിയോ. എന്തെല്ലാം കാര്യങ്ങളാണ് ഉള്ളത്. എനിക്കും ഉണ്ട് വിഷമം ” മഹി പറഞ്ഞു.
“” മ്മ് എനിക്കറിയാം. ഞാൻ വിഷമം കൊണ്ട് പറഞ്ഞതാ. ഏട്ടൻ കാര്യം ആക്കണ്ട. നമ്മുടെ പ്രശ്നങ്ങൾ ഒക്കെ തീരട്ടെ ആദ്യം. എന്നാലല്ലേ സമാധാനം ആയിട്ട് ഉള്ള ഒരു ജീവിതം കിട്ടു.” അഞ്ജലി പറഞ്ഞു
“” നിനക്ക് അവിടെ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ. ഇടയ്ക്ക് ഒക്കെ നിന്റെ വീട്ടിൽ ഒക്കെ പോയി നിക്ക് ഒരു ചേഞ്ച്‌ന്. “”
“” ഇവിടെ എനിക്ക് കുഴപ്പം ഒന്നും ഇല്ല ഏട്ടാ. ഏട്ടനും കൂടി ഇല്ലാത്തതിന്റെ ഒരു കുറവേ ഉള്ളു. എല്ലാം വേഗം ശെരിയാവും. കുറേ നേരായില്ലേ രാവിലെ നേരത്തെ എണീറ്റു പോകണ്ടേ “” അത്രയും പറഞ്ഞു അഞ്ജലി ഫോൺ കട്ട് ചെയ്തു.
കല്യാണം കഴിഞ്ഞ് വന്ന സമയത്തു ഒന്നും വല്യ പ്രാരാബ്ദം ഇല്ലായിരുന്നു. അല്ല അങ്ങനെയൊന്നും ഉള്ളതായി മഹി ഏട്ടൻ തന്നെ അറിയിച്ചിട്ടില്ല. പുള്ളിടെ അച്ഛൻ മരിച്ചത് കൊണ്ട് വീടിന്റ ചുമതല ആൾക്കാണ്.
അനിയത്തി മേഖയെ കെട്ടിച്ചു വിട്ട ലോൺ ആണ് ഏറ്റവും വല്യ ബാധ്യത. പോരാത്തതിന് നാട്ടിൽ ഒക്കെ ചെറിയ ചെറിയ കടങ്ങളും. അനിയനെ പഠിപ്പിച്ചു ഒരു ജോലിക്ക് കയറിയാൽ കുറച്ചു ഭാരം കുറയും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ…. “” ഓർമകളിലൂടെ ഒഴുകി വന്ന കണ്ണുനീർ തുടച്ചിട്ട് അഞ്ജലി ഉറങ്ങാൻ ശ്രമിച്ചു.
കാതുകളിൽ അമ്മായിഅമ്മയുടെ ശാപവാക്കുകൾ തളം കെട്ടി. താൻ വന്നു കയറി ആണ് കുടുംബം മുടിഞ്ഞത് എന്ന് ആയിരുന്നു പതിവ് പല്ലവി. നിറയെ സ്ത്രീധനം നൽകാൻ കഴിയാഞ്ഞതിൽ ആണ് മഹിയേട്ടന് അന്യ നാട്ടിൽ കിടന്നു കഷ്ടപ്പെടേണ്ടി വരുന്നത്. ഇത്ര നാളായിട്ടും കുട്ടികൾ ഇല്ലാത്തതിന്റെ പഴി വേറെ.
നാല് മാസങ്ങൾ കഴിഞ്ഞു ലീവ് തരപ്പെടുത്തി മഹി നാട്ടിൽ എത്തി. മഹിയുടെ വരവിനെ എല്ലാവരും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. അന്ന് ഒരു ദിവസം അങ്ങനെ കടന്നു പോയി. പിറ്റേന്ന് അഞ്ജലിയും മഹിയും അമ്പലത്തിൽ ഒക്കെ പോയി വന്ന ശേഷം ഉച്ച ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുന്ന നേരം.
“” അമ്മേ മേഘ വിളിച്ചിരുന്നോ. അവൾക്ക് അവിടെ സുഖം ആണല്ലോ അല്ലേ. “” മഹി ചോദിച്ചു.
“” അവൾക്ക് കുഴപ്പം ഒന്നും ഇല്ല സുഖം ആയി ഇരിക്കുന്നു. “” അമ്മ പറഞ്ഞു. മഹി ഒന്ന് മൂളി.
“” പിന്നെ മനു. അവനോ. അവൻ നന്നായിട്ട് പഠിക്കുന്നുണ്ടോ. “” അതിനും അവർ അതെ എന്ന് മൂളി
“” എന്നിട്ട് അവൻ എവിടെ. ഇതുവരെ എഴുന്നേറ്റില്ലേ.” മഹി ചോദിച്ചു
“” അയ്യോ അവൻ എഴുന്നേറ്റല്ലോ. നിങ്ങൾ അമ്പലത്തിൽ പോയ നേരത്ത് അവൻ എഴുന്നേറ്റു. മുറിയിലുണ്ട് അവൻ. ഞാൻ വിളിക്കാം “” അമ്മ പറഞ്ഞു.
“” അഞ്ജലി പറയാറുണ്ട്. അവന്റെ പഠിത്തം എങ്ങനാ എന്നൊക്കെ. അമ്മ ഇളയതാ എന്ന് പറഞ്ഞു പുന്നാരിച്ചു വച്ചേക്കുവല്ലേ. പണ്ട് എന്നെ ആയിരുന്നു കുറച്ചു പേടി ഉണ്ടായിരുന്നത്. ഇപ്പൊ ഇത്രേം വളർന്നപ്പോ ആരേം പേടിക്കണ്ടല്ലോ. പിന്നെ ഞാനും നാട്ടിൽ ഇല്ല. അതിന്റെ തോന്ന്യാസം ഉണ്ടെന്ന ഞാൻ അറിഞ്ഞേ “” മഹി അഞ്ജലിയേം അമ്മയേം ഒന്നു നോക്കി.
“” ആര് ഇവൾ ആണോ പറഞ്ഞേ. അങ്ങനെ വല്യ പ്രശ്നം ഒന്നും ഇല്ലടാ. പിന്നെ കൂട്ടുകാർ ഒക്കെ ആയിട്ട് കറങ്ങാൻ പോകും. പിന്നെ അവന്റെ പ്രായം അതല്ലേ കുറച്ചു അടിച്ചുപൊളിക്കട്ടെ എന്ന് ഓർത്ത് ഞാനും അധികം വഴക്ക് പറയാറില്ല. അല്ലാണ്ട് ഇവള് പറയുമ്പോലെ വഴി തെറ്റി നടക്കുവൊന്നും അല്ല. “” അത്രയും പറഞ്ഞു അവർ അഞ്ജലിയെ ഒന്ന് കൂർപ്പിച്ചു നോക്കി. അവൾ മെല്ലെ മുഖം താഴ്ത്തി
“” അമ്മയോട് എനിക്ക് വേറെ ഒന്ന് കൂടി പറയാൻ ഉണ്ട്. ഇത്തവണ ഞാൻ ലീവിന് പോയി കഴിഞ്ഞാൽ അഞ്ചു അവളുടെ വീട്ടിൽ പോയി നിൽക്കും. ഞാൻ ലീവിന് വന്നിട്ടേ പിന്നെ ഇങ്ങോട്ട് വരുന്നുള്ളു “” മഹി പറഞ്ഞു
“” അതെന്താ ഇപ്പൊ അങ്ങനൊക്കെ തീരുമാനിക്കാൻ. അവള് അങ്ങനെ പോയി നിന്നാൽ എനിക്കൊരു സഹായത്തിന് ആരാ ഉള്ളെ “” അവർ ചോദിച്ചു.
“” ഇവിടെ ആകെ അമ്മേം മനുവും മാത്രം അല്ലേ ഉള്ളു. എട്ട് പത്തു പേരൊന്നുമില്ലല്ലോ. അമ്മയ്ക്ക് അത്ര വയ്യായ്കയും ഇല്ല. മതി ഇവളെ ഇവിടെ ഇട്ട് കഷ്ടപ്പെടുത്തിയത്. ഞാൻ ഒന്നും അറിയുന്നില്ല എന്ന് കരുതണ്ട. “” മഹി തീർത്തു പറഞ്ഞു
“”ഓ അവൾക്ക് ഏഷണി പറച്ചിൽ ഇച്ചിരി കൂടുതൽ ആണല്ലോ അല്ലേലും. നിനക്ക് അറിയോ മോനേ അയലത്തെ വീട്ടിലും ഇവള്ടെ വീട്ടിലും ഒക്കെ എന്നെ മോശക്കാരി ആക്കുന്നതാ ഇവളുടെ പരിപാടി. ഇവളെ ഇവിടിട്ട് കഷ്ടപ്പെടുത്തുക ആണ് പോലും. ഇപ്പോൾ എന്റെ മോനെ കൂടി പറഞ്ഞു എനിക്ക് എതിരാക്കി അല്ലേ നീ “” അവർ കണ്ണീരോഴുക്കി അഞ്ജലിയെ നോക്കി പറഞ്ഞു
“” മിണ്ടരുത്. ഇവൾക്ക് അങ്ങനെ ഏഷണി പറയുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇത്രയും നാൾ നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെടില്ലായിരുന്നു. പണ്ടേക്ക് പണ്ടേ നാട്ടിൽ എത്തിയേനെ. സ്വന്തം വീട്ടുകാരെ വിശ്വസിച്ചതാ ഞാൻ ചെയ്ത തെറ്റ് “” മഹി രോഷത്തോടെ പറഞ്ഞു
“” നീ എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നേ. നിനക്ക് ഇപ്പോൾ അവള് പറയുന്നതാണ് വിശ്വാസം അല്ലേ. ഇത്ര കാലം ആയിട്ടും ഒരു കുഞ്ഞിനെ തരാൻ കഴിവില്ലാത്തവൾ കുടുംബം പിളർക്കാൻ ആണ് പൂതി. തലയിനമന്ത്രത്തിന്റെ ശക്തി അല്ലാണ്ട് എന്ത്. “”
അവർ അത് പറഞ്ഞു തീരുന്നതിനു മുമ്പേ കഴിക്കാനായി വന്നിരുന്ന മനുവിന്റെ കസേരയിലേക്ക് മഹി ആണ് ചവിട്ടി. പെട്ടന്ന് ഉള്ള പ്രഹരത്തിൽ മനു മറിഞ്ഞു വീണു പോയി.
നീയെന്തിനാ ഡാ എന്റെ കുഞ്ഞിനെ ചവിട്ടിയത് “” അതും പറഞ്ഞു നിലവിളിച്ചുകൊണ്ട് മഹിയുടെ അമ്മ എഴുന്നേറ്റു
“” എന്തിനാണെന്ന് അവനോട് ചോദിക്ക്. അമ്മയായിട്ടോ ചേച്ചി ആയിട്ടോ കാണേണ്ട ഇവളെ ഭാര്യയായിട്ട് കാണാൻ ശ്രമിച്ചതിന്. സ്വന്തം ഏട്ടന്റെ ഭാര്യയെ തന്നെ മോഹിച്ച ഇളയ പുത്രനെ ചവിട്ടിയതിലാ അമ്മയ്ക്ക് ദണ്ണം “”
അതും പറഞ്ഞു അവൻ തലേന്ന് രാത്രിയിലെ കാര്യങ്ങൾ ഓർത്തു.
“” നീയെന്താ അഞ്ചു എന്നോട് ഇത് നേരത്തെ പറയാതിരുന്നേ. ഇത്ര കാലം സഹിച്ചേ എന്തിനാ “” മഹി നിറഞ്ഞ കണ്ണുകളിൽ കോപം അടക്കാൻ പ്രയാസപ്പെട്ടു.
“” ഞാൻ പറഞ്ഞിട്ട് എന്താ കാര്യം. ഏട്ടൻ ഇത്രയും അകലെ നിന്ന് എന്ത് ചെയ്യാൻ കഴിയും. അഥവാ അമ്മയെയോ മനുവിനെയോ വിളിച്ചു ദേഷ്യപ്പെടും ശേഷം ഈ വീട്ടിൽ ഞാൻ അനുഭവിക്കുന്ന എന്തായിരിക്കും.
ഏട്ടന് പ്രതികരിക്കാൻ കഴിയോ അവിടെ നിന്നുകൊണ്ട്. നാട്ടിൽ എത്തുന്ന വരെ സഹിക്കാൻ അല്ലാണ്ട് വേറെ വഴി ഇല്ലായിരുന്നു എനിക്ക് അതാ “” അതും പറഞ്ഞു മുഖം പൊത്തി ഇരുന്ന് കരയുന്ന അഞ്ജലിയെ മഹി ചേർത്തു പിടിച്ചു.
“” മതിയെടാ എന്റെ കുഞ്ഞിനെ തല്ലിയത്. അവൻ ചത്തുപോകും. എടാ ദ്രോഹി അവനെ വിടെടാ “” മഹിയുടെ അമ്മ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
“” ഞാൻ പറഞ്ഞത് കേട്ടല്ലോ. ഇവൾ ഇനി ഇവളുടെ വീട്ടിൽ നില്കും. സ്വസ്ഥതയും സുരക്ഷിതത്വവും അവിടുന്ന് കിട്ടട്ടെ ഇനിയെങ്കിലും. പിന്നെ ഇവനെ ഞാൻ പോകുന്ന വരെ ഈ വീട്ടിൽ കാണരുത്.
മോന്റെ പോക്ക് എങ്ങോട്ടാ എന്ന് ഞാൻ രാവിലെ ഇവന്റെ കോളേജിൽ ചെന്ന് അന്വേഷിച്ചു. അതുകൊണ്ട് അമ്മ കൂടുതൽ ന്യായീകരിച്ചു കഷ്ടപ്പെടണ്ട. പിന്നെ എന്നോടും എന്റെ ഭാര്യയോടും കൂറ് ഇല്ലാത്ത നിങ്ങളെ പൊറ്റേണ്ട കാര്യം എനിക്ക് ഇല്ല. ഞാൻ ഇനി തിരിച്ച് പോകുന്നെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അധ്വാനിക്കാൻ ആണ്.
ഇവന് പണി എടുക്കാൻ ഉള്ള പ്രായം ആയല്ലോ. ഇനി അമ്മയും മോനും കൂടി നോക്കിക്കോ ചിലവുകൾ. ഇനിയെങ്കിലും ഞങ്ങൾ ഒന്ന് ജീവിക്കട്ടെ “” അതും പറഞ്ഞു മുറിയിലേക്ക് പോയ മഹിയെയും നോക്കി നെറ്റിയിലും ചുണ്ടിലും ചോരപ്പാടും ആയി മനു ഇരിക്കുന്നുണ്ടായിരുന്നു