രചന: ക്വീൻ
വയ്യാതെ കിടക്കുന്ന ഒരു അപ്പാപ്പനെ നോക്കാൻ ആളെ വേണം എന്ന് ഏജൻസിയിലേക്ക് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചിട്ടാണ് ആ വീട്ടിൽ എത്തുന്നത്.. എന്തോ വലിയ ജോലി ചെയ്ത് റിട്ടയേഡ് ആയ ഒരാളായിരുന്നു!!
അയാൾക്ക് പരാലിസിസ് വന്ന് ഒരുവശം തളർന്നിട്ടുണ്ട് അയാളുടെ കാര്യങ്ങൾ നോക്കണം.. അവിടെ അയാളെ കൂടാതെ മകനും മരുമകളും എല്ലാം ഉണ്ട് അവർ എൻജിനീയർമാരാണ് രാവിലെ ആയാൽ പോകും…
അവരുടെ എൽകെജിയിൽ പഠിക്കുന്ന മകൻ, സ്കൂളിലേക്ക് പോകുന്നത് വരെയും വൈകിട്ട് സ്കൂളിൽനിന്ന് വന്നാലും അല്പനേരം നോക്കണം അതൊക്കെയാണ് ഡ്യൂട്ടി..
ഏജൻസിയിൽ അവരടക്കുന്ന പണത്തിന്റെ അറുപതു ശതമാനം ഞങ്ങൾക്ക് നൽകും ബാക്കി ഏജൻസിക്കാർ എടുക്കും പിന്നെ വീട്ടിൽ നിന്ന് അവർ സന്തോഷത്തോടെ എന്തെങ്കിലും തരുന്നതും നമുക്ക് കയ്യിൽ വയ്ക്കാം വലിയ വീടു കണ്ടപ്പോൾ അവസാനം പോരുമ്പോൾ എന്തെങ്കിലും ടിപ്പ് കൂടി കിട്ടും എന്നൊരു മോഹം മനസ്സിലുണ്ടായിരുന്നു കാരണം രണ്ടു കുട്ടികൾ പഠിക്കുകയാണ് അവരുടെ ഹോസ്റ്റൽഫീസ് പഠിക്കാനുള്ള ചാർജ് എല്ലാം കൂടി ഇപ്പോൾ കൂട്ടിയാൽ കൂടാതെ ആയിരിക്കുന്നു..
പ്രണയവിവാഹം ആയിരുന്നു അതുകൊണ്ട് തന്നെ രണ്ടു വീട്ടുകാരുമായി യാതൊരുവിധ ബന്ധവും ഇപ്പോൾ ഇല്ല രണ്ട് കുട്ടികൾ പിറന്നു അതിനുശേഷമാണ് അദ്ദേഹത്തിന്റെ മരണം ഒരു ആക്സിഡന്റ് ആയിരുന്നു നാട്ടിൽ തന്നെ ഒരു സ്കൂൾ ബസ്സിൽ ഡ്രൈവറായി പോവുകയായിരുന്നു ഭാഗ്യത്തിന് കുട്ടികളെ ഇറക്കി കഴിഞ്ഞതിനുശേഷം വർക്ക് ഷോപ്പിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തിന്റെ വണ്ടിയിൽ ഒരു വലിയ ലോറി വന്ന് ഇടിക്കുകയായിരുന്നു.
അവിടെ വെച്ച് തന്നെ അദ്ദേഹം ഞങ്ങളെ വിട്ടുപോയി പിന്നെ കുഞ്ഞുങ്ങളെ നോക്കാനുള്ള ചുമതല എന്റെ തലയിലായി വലിയ പഠിപ്പ് ഒന്നുമില്ലാത്ത ഞാൻ എന്ത് ജോലി ചെയ്യും എന്ന് അറിയില്ലായിരുന്നു അങ്ങനെയാണ് ഞങ്ങളുടെ തൊട്ടടുത്തുള്ള ചേച്ചി വഴി ഹോംനേഴ്സ് ഏജൻസിയിൽ ഒരു ജോലി തരപ്പെടുന്നത്..
പ്രസവിച്ചു കിടക്കുന്നവരെയും വൃദ്ധരും നിരാലംബരും ആയ രോഗികളെ പരിചരിക്കുക മാസം ഒരു നല്ല സംഖ്യ കയ്യിൽ വരും പക്ഷേ അവിടെ പോയി നിന്ന് ശുശ്രൂഷിക്കണം വീട്ടിൽ മൂത്തത് മകളാണ് താഴെ ഒരു മകനും അവരെ ആ കോളനിയിൽ തനിച്ചാക്കി പോകാൻ കഴിയില്ല അത്രയ്ക്ക് വൃത്തികെട്ട ആളുകളുള്ള സ്ഥലമായിരുന്നു ആരെയും വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ടുതന്നെയാണ് അവരെ രണ്ടുപേരെയും ഹോസ്റ്റലിൽ ആക്കിയത്.
ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു അവരെ വിട്ട് ജോലിക്ക് പോകാൻ.. ഒട്ടും പരിചയമില്ലാത്ത ഒരു വീട്ടിൽ നിൽക്കാൻ ഇപ്പോൾ ശീലമായി..
ജീവിക്കണം എന്നോർക്കുമ്പോൾ എല്ലാം അങ്ങ് ക്ഷമിക്കാൻ കഴിയും
…
അവിടെ വന്ന ആദ്യത്തെ ദിവസം തന്നെ മനസ്സിലായിരുന്നു അപ്പാപ്പന്റേത് നല്ല സ്വഭാവം അല്ല എന്ന് ഇവിടെ മുന്നേ നിന്നിരുന്ന പെണ്ണുങ്ങളെല്ലാം അപ്പാപ്പന്റെ വൃത്തികെട്ട സ്വഭാവം കാരണം ഓടിപ്പോയതാണ്..!!
ഒരുവശം തളർന്നിട്ടും മോഹങ്ങൾ ഒന്നും അസ്തമിച്ചിട്ടുണ്ടായിരുന്നില്ല അപ്പാപ്പന് അയാളുടെ ഭാര്യ വളരെ മുൻപ് തന്നെ മരിച്ചുവത്രേ..
അയാളെ പിടിച്ചു എഴുന്നേൽപ്പിക്കുമ്പോൾ ആവശ്യമില്ലാതെ ദേഹത്ത് തഴുകും…!!
ചെവിയിൽ അനാവശ്യമായ കമന്റുകൾ പറയും..
ആദ്യം കേട്ടപ്പോൾ വല്ലാത്ത ഷോക്ക് ആയിരുന്നു.. ഇവിടെ നിന്ന് പോന്നിട്ടുണ്ടെങ്കിൽ, ഏജൻസിക്കാരും അത് വലിയ പ്രശ്നമാകും ഇനി എവിടെയെങ്കിലും ചാൻസ് ഉണ്ടെങ്കിൽ തരികയുമില്ല അതൊക്കെ പേടിച്ച് എന്തായാലും അഡ്ജസ്റ്റ് ചെയ്ത് നിൽക്കാം എന്ന് കരുതി പക്ഷേ അയാളുടെ ഉപദ്രവം കൂടിക്കൂടി വന്നു…
വെറുതെ ആവശ്യമില്ലാത്ത ഇടത്ത് എല്ലാം തൊടുക അയാളുടെ നഗ്നത എന്നെ കാണിക്കുക ഇങ്ങനെ പലതും അയാൾ ചെയ്തുകൊണ്ടിരുന്നു…
ഒടുവിൽ സഹിക്കെട്ടാണ് അവിടെ നിന്ന് ഇറങ്ങി പോകാം എന്ന് കരുതിയത് അന്നേരം അയാൾ പറയുന്നത് ഞാൻ വ്യക്തമായി കേട്ടു..
“”” നീ ഇവിടെ നിന്ന് പോകാം എന്ന് കരുതിയോ എങ്കിൽ കേട്ടോ എന്റെ കുറെ പണവും സ്വർണവും അടിച്ചുമാറ്റിയാണ് നീ പോയത് എന്നും പറഞ്ഞു ഞാൻ കേസ് കൊടുക്കും!! പോലീസിൽ എനിക്ക് നല്ല പിടിപാടുണ്ട് അത് വെച്ച് അവർ നിന്റെ പേരിൽ കേസെടുക്കും ഒരിക്കലും ഊരി പോരാൻ പറ്റാത്ത വിധത്തിൽ കേസ് അങ്ങ് മുറുക്കും….
കെട്ടിക്കാൻ പ്രായമായ മകൾ ഉണ്ട് എന്നല്ലേ പറഞ്ഞത് എനിക്കൊന്ന് കാണണം മാന്യമായി അവളെ നീ കല്യാണം കഴിച്ചു കൊടുക്കുന്നത് കള്ളിയായ അമ്മയുടെ മകളെ കെട്ടാൻ ആരു വരും എന്ന് വിചാരിച്ചു നീ….!!”
അയാൾ പറഞ്ഞത് കേട്ട് ശരിക്കും ഞാൻ ഭയപ്പെട്ടു പോയിരുന്നു..!! ഇവിടെനിന്ന് ഇറങ്ങും എന്നു പറഞ്ഞാലോ അയാളുടെ മക്കളോട് കാര്യം പറയും എന്ന് പറഞ്ഞാലോ അയാൾ ഭീഷണിപ്പെടുത്താൻ തുടങ്ങും…
. ഒരുപാട് പേര് തിങ്ങി താമസിക്കുന്ന ഒരിടത്താണ് താമസം അല്ലെങ്കിൽ തന്നെ ഹോംനേഴ്സ് ആയി പോകുന്നതിന്റെ പേരിൽ അത്യാവിശ്യം ചീത്ത പേരുണ്ട് പിന്നെ ഭർത്താവ് മരിച്ച ഒരു സ്ത്രീ ഇതുകൂടി ആയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല അതുകൊണ്ടുതന്നെ എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു…
മോള് എന്നും രാത്രി വിളിക്കും അന്നും അവൾ വിളിച്ചു..
കരഞ്ഞുകൊണ്ട് അവളോട് കാര്യമെല്ലാം പറഞ്ഞു അവളാണ് ധൈര്യം തന്നത് അവൾ പറഞ്ഞതുപോലെ ചെയ്യാനും പറഞ്ഞു..
അത് പ്രകാരം അയാൾ അറിയാതെ എന്റെ മൊബൈൽ ഫോൺ അയാളുടെ റൂമിൽഓൺ ചെയ്തുവെച്ചു.. അതിൽ അയാൾ എന്റെ നേരെ കാണിക്കുന്നത് എല്ലാം പതിഞ്ഞിരുന്നു..
അന്ന് അയാളുടെ മക്കൾ വന്നപ്പോൾ അവർക്ക് മുന്നിൽ ഞാൻ അത് കാണിച്ചു കൊടുത്തു ഇതിന്റെ ഒരു കോപ്പി മകൾക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നും പറഞ്ഞു അവർ രണ്ടുപേരും പരസ്പരം നോക്കി…
ആ മാസത്തെ മുഴുവൻ സംഖ്യയും എനിക്ക് തന്ന് എന്നെ പറഞ്ഞയച്ചു..
ഇക്കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞ് അവർ രണ്ടുപേരും എന്റെ കാലു പിടിച്ചിരുന്നു ഇതിന്റെ മുന്നേയുള്ളവരെല്ലാം പോയതിന് കാരണം ഇപ്പോഴാണ് അവർക്കും മനസ്സിലായത് സത്യം പറഞ്ഞാൽ അയാളുടെ മകനും മരുമകളും പാവങ്ങൾ ആയിരുന്നു അവർക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല..
ഇനി എന്തായാലും അയാളുടെ കാര്യം അവർ തന്നെ തീരുമാനമാക്കി കോളും എന്ന് ഉറപ്പായിരുന്നു അതുകൊണ്ടുതന്നെ പെട്ടിയും കിടക്കയും എടുത്ത് പോന്നു.
ഒരു മെയിൽ നഴ്സിനെ അവർ വയ്ക്കാത്തത് വീട്ടുജോലി കൂടി ചെയ്തു തരുമല്ലോ എന്ന് കരുതിയാണ് ഞാൻ ചെയ്തു കൊടുത്തിരുന്നു താനും..
പക്ഷേ അയാളുടെ സ്വഭാവം ഒട്ടും നന്നല്ല അവിടെ പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.
ഓടിപ്പോരാനും കഴിഞ്ഞില്ല അയാളുടെ പേര് തന്നെ കാരണം പക്ഷേ മകൾ പറഞ്ഞു തന്ന വഴിയിലൂടെ ചെയ്തപ്പോൾ ശരിക്കും രക്ഷപ്പെട്ടു. ആ മാസത്തെ മുഴുവൻ പണം കിട്ടി എന്ന് മാത്രമല്ല ഏജൻസിയിൽ വലിയ കുഴപ്പമില്ലാതെ ഒഴിവായി.
അടുത്ത ജോലിക്കായി ഇനിയും വിളിക്കും ഒരു പ്രാർത്ഥനയേ ഉള്ളൂ ഇതുപോലുള്ള ഞരമ്പുരോഗികൾ ഉള്ള വീട്ടിലേക്ക് എത്തപ്പെടരുത് എന്ന്…
ചില ജീവിതങ്ങൾ അങ്ങനെയാണ്!! വിചാരിക്കുന്നത് ഒന്നും നടക്കുന്നത് മറ്റൊന്നും..
പ്രാർത്ഥിക്കാം എന്ന് മാത്രം…