(രചന: രജിത ജയൻ)
“അറിവില്ലായ്മ കൊണ്ട് എനിക്കു പറ്റിയൊരു തെറ്റിന്റെ പേരിൽ പ്രവീണേട്ടനെ എന്റെടുത്ത് ന്ന് തട്ടിയെടുക്കാമെന്ന് ആരും കരുതണ്ട
“അഥവാ അതിനാരെങ്കിലും ശ്രമിച്ചാൽ അവരീ അനുപമയുടെ ശവം കാണും പറഞ്ഞില്ലെന്നു വേണ്ട …, ‘
തൊട്ടാൽ പൊള്ളുന്നൊരഗ്നിയായ് തോട്ടശ്ശേരി തറവാടിനു മുമ്പിൽ നിന്നെല്ലാവരെയും നോക്കി വെല്ലുവിളിക്കും പോലെ പറഞ്ഞിട്ട് അനുപമ തന്റെ മുറിക്കുള്ളിലേക്ക് കയറി പോയപ്പോൾ തറവാടിന്റെ പൂമുഖത്ത് ഒരു നിശബ്ദത നിറഞ്ഞു …
പൂമുഖത്തിനോടു ചേർന്നു പണിത അരമതിലിന്മേലിരുന്ന പ്രവീണിന്റെ മുഖത്തായിരുന്നു അവിടെ കൂടിയിരുന്നവരുടെയെല്ലാം കണ്ണുകൾ …
അവന്റെ തീരുമാനമാണവർക്കറിയേണ്ടത് …
തറവാടിനു ചീത്ത പേരുണ്ടാക്കി രണ്ടു കൊല്ലം മുമ്പ് കല്യാണ പന്തലിൽ നിന്ന് ,
പ്രവീണിന്റെ താലി നീട്ടിയ കൈകൾക്കു മുമ്പിൽ നിന്ന് തനിക്കിഷ്ട്ടം തന്റെ കൂടെ പഠിച്ച അന്യമതസ്ഥനായ സിറിലിനെ ആണെന്നു പറഞ്ഞ് എല്ലാവരും നോക്കി നിൽക്കെ അവനൊപ്പം ഇറങ്ങി പോയ വളാണിപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ തിരികെ വന്നവനു വേണ്ടി തന്നെ മുറവിളി കൂട്ടുന്നത്
” പ്രവീണേ ,എന്താണ് മോന്റെ തീരുമാനം …?
തറവാട്ടിലെ ഇളയ കാരണവനായ മോഹനൻ അവനോടു ചോദിച്ചപ്പോഴ വനൊന്നും പറയാതെ അയാളെ നോക്കി …
“കാര്യം നമ്മളെയെല്ലാം ഈ നാട്ടുകാർക്കു മുമ്പിൽനാണം കെടുത്തി രണ്ടു വർഷം മുമ്പ് ഒരുത്തനൊപ്പം ഇറങ്ങി പോയവളാണവൾ ..
“ഞങ്ങളെക്കാളെല്ലാം അന്നു ഈ നാട്ടുക്കാരുടെ മുന്നിൽ നാണംകെട്ടതും, വേദനയും അപമാനവും സഹിച്ചതും നീ ആണെന്നറിയാം ,പക്ഷെ …
പറഞ്ഞു വന്നത് പൂർത്തിയാക്കാതെ മോഹനൻ പാതി വഴിക്കു സംസാരമവസാനിപ്പിച്ചപ്പോൾ പ്രവീണിന്റെ മുഖത്ത് വേദന കലർന്നൊരു പുഞ്ചിരി വിരിഞ്ഞു ..
“എന്താണമ്മാവൻ പാതിയിൽ നിർത്തിയത് മുഴുവൻ പറയൂ .. അവൻ പറഞ്ഞു.
“അതു മോനെ നമ്മുടെ തറവാട്ടിലെ നിയമമനുസരിച്ച് നമ്മളിൽ നിന്നൊരാൾ പുറത്തു നിന്ന് കല്യാണം കഴിക്കാൻ പാടില്ല എന്നു മോനറിയാലോ ?
“ഈ തറവാട്ടു കുടുംബത്തിന്റെ ചാർച്ചയിലും ബന്ധത്തിലും ഉള്ളവർക്കു മാത്രമേ ഇവിടെന്ന് പെണ്ണെടുക്കാൻ പറ്റുകയുള്ളൂന്ന് പണ്ടുമുതലേ നമ്മൾ പിൻതുടരുന്ന പാരമ്പര്യമാണ് …
“ആ പതിവു തെറ്റിച്ച് അനുപമ ഈ തറവാട്ടിൽ നിന്നിറങ്ങി പോയപ്പോൾ ക്ഷയിച്ചു തുടങ്ങി രണ്ടു വർഷം കൊണ്ടു തന്നെ നമ്മുടെ തറവാട് ..
“മാത്രമല്ല ഇവിടെ എന്തെല്ലാം ദുരന്തങ്ങൾ ഉണ്ടായി .. എത്ര ദുർമരണങ്ങൾ നടന്നു ..?
“ഇപ്പോഴെന്തായാലും ഈശ്വരാനുഗ്രഹം കൊണ്ട് അവളാ ചെക്കനെ കളഞ്ഞ് തിരിച്ചു വന്നിരിക്കയാണ് …
” കഴിഞ്ഞതൊക്കെ മറന്നു മോനവളെ സ്വീകരിക്കണം ഇതു ഞങ്ങൾ കുറെ പാവങ്ങളുടെ അപേക്ഷയാണ് ..
“കാലമെത്ര മാറിയാലും മാറ്റാൻ പറ്റാത്ത ചില ശീലങ്ങളും ചിട്ടകളും ഇന്നും മുറുക്കെ പിടിക്കുന്ന കുറെ വൃദ്ധജന്മങ്ങളുടെ അപേക്ഷ…
“അമ്മാവൻ പറയുന്നതു ഞാൻ അനുസരിക്കാം, പക്ഷെ ഒന്നു ചോദിച്ചോട്ടെ എനിയ്ക്കായ് ഈ തറവാട്ടിൽ തന്നെ വേറൊരു പെൺകുട്ടി കാത്തിരിക്കുന്നുണ്ടല്ലോ?
” നിങ്ങളെല്ലാവരും കൂടി വീണ്ടുമെനിക്ക് കണ്ടെത്തി തന്ന അമ്മാവന്റെ മകൾ കീർത്തന .. അവളെന്തു ചെയ്യണം ഇനി ..?
വേറൊരാളെ കണ്ടെത്തണോ..?
പ്രവീൺ ചോദിച്ചതും സ്ത്രീകൾക്കിടയിൽ നിന്നൊരു പൊട്ടി കരച്ചിലോടെ കീർത്തന വീടിനകത്തേക്കോടീ….
“മോനെ… അത്… അവൾ …
പ്രവീണിന്റെ ചോദ്യത്തിനും കീർത്തനയുടെ കണ്ണുനീരിനും ഉത്തരമില്ലാതെ പൂമുഖത്തു കൂടിയവർ പകച്ചപ്പോൾ അകത്തു തന്റെ മുറിയിലെ പട്ടുമെത്തയിൽ കിടന്ന് സന്തോഷത്താൽ മതി മറന്നു ചിരിക്കുകയായിരുന്നു അനുപമ …
ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു പ്രവീണേട്ടനെ ഒഴിവാക്കി സിറിലിനെ സ്വികരിച്ചത് ..
പഞ്ചാര വാക്കുകളാൽ തന്നെയവൻ കുരുക്കി മയക്കിയപ്പോൾ തിരിച്ചറിഞ്ഞില്ല കയ്യിലൊന്നുമില്ലാത്തൊരു പഴംതുണി ചാക്കായിരുന്നു അവനെന്ന് ..
താൻ കൊണ്ടുചെന്ന പൊന്നിന്റെ പുറത്തുള്ള ജീവിതം കഴിഞ്ഞപ്പോൾ “ഇനിയെന്തു ചെയ്യുമെടി മുന്നോട്ടു ജീവിക്കാനെന്ന്, തന്നോടു തന്നെ ചോദിച്ച നട്ടെല്ലില്ലാത്തവൻ …
കാണിച്ചതു വിഡ്ഢിത്തമായ് പോയെന്നു മനസ്സിലായ് തുടങ്ങിയപ്പോഴാണ് തറവാട്ടിൽ പ്രവീണേട്ടനു വേണ്ടി കീർത്തനയെ ആലോചിക്കുന്നതറിഞ്ഞത് .
എന്തോ സഹിക്കാൻ കഴിഞ്ഞില്ല കീർത്തന പ്രവീണേട്ടനെ സ്വന്തമാക്കുന്നത് ..
എന്നും എപ്പോഴും തറവാട്ടിൽ തന്നെക്കാൾ സ്ഥാനവും സൗന്ദര്യവും അവൾക്കായിരുന്നതുകൊണ്ട് ചെറുപ്പം മുതലേ ഇഷ്ട്ടമല്ല അവളെ …
തിരിച്ചു വേണം പ്രവീണേട്ടനെ എനിക്കു തന്നെയെന്ന് മനസ്സിൽ ഉറപ്പിച്ചാണ് സിറിലിനെ ഉപേക്ഷിച്ച് വീണ്ടുമീ തറവാടിന്റെ പടി കയറി വന്നത് …
തെറ്റുകൾ ഏറ്റുപറയാനും മാപ്പ് അപേക്ഷിക്കാനും തന്റെ നഷ്ട്ടപ്പെട്ട തറവാട്ടിലെ സ്ഥാനം തിരികെ പിടിക്കാനും ദിവസ്സങ്ങൾ മാത്രമേ വേണ്ടി വന്നുള്ളു..
പക്ഷെ പ്രവീണേട്ടൻ മാത്രം തന്നിൽ നിന്നു മാറിയകന്നു നിന്നു .. പരാതിയോ പരിഭവമോ പറയാൻ പോലും തനിക്കരിക്കിൽ വന്നില്ല .. തനിക്ക് മുഖം പോലും തന്നില്ല ..
തറവാടിന്റെ ആളൊഴിഞ്ഞ ഇടങ്ങളിലും ,തറവാട്ടുകുളത്തിന്റെ കൽപ്പടവുകളിലുമെല്ലാം പരസ്പരം മുട്ടിയുരുമ്മിയിരുന്ന് കിന്നാരം പറയുന്ന പ്രവീണേട്ടനെയും കീർത്തനയെയും പലവട്ടം താൻ ഒളിച്ചു നിന്നു നോക്കിയിട്ടുണ്ട് ..
കീർത്തനയെ കാണുമ്പോൾ കുസൃതിയോടെ കണ്ണിറുക്കി കാണിക്കുന്ന പ്രവീണേട്ടനെയും ,ആ നോട്ടത്തെ നേരിടാൻ കഴിയാതെയെന്നവണ്ണം അവനെ സന്തോഷത്തോടെ നോക്കി നിൽക്കുന്ന കീർത്തനയേയും കാണുമ്പോഴെല്ലാം പ്രവീണേട്ടനെ നഷ്ട്ടപ്പെടുത്തിയതോർത്ത് ഉള്ളുനീറി ..
അതു കൊണ്ടു തന്നെയാണ് അച്ഛന്റെയും ചെറിയച്ഛൻമാരുടെയും കാലു പിടിച്ചു കരഞ്ഞുപറഞ്ഞത്, തന്നോടു പൊറുക്കാനും പ്രവീണേട്ടനെ തനിക്കു തന്നെ തരാനും ..
താൻ സ്നേഹിച്ചതു പ്രവീണേട്ടനെയായിരുന്നെന്നും ,സിറിൽ ചതിയിലൂടെ തന്നെ സ്വന്തമാക്കിയതുകൊണ്ടാണ് അവനൊപ്പം ഇറങ്ങി പോവേണ്ടി വന്നതെന്നുമുള്ള കള്ളം അവരുടെ മുന്നിൽ അവതരിപ്പിക്കാൻ തനിക്ക് യാതൊരു മടിയും തോന്നിയില്ല..
അതിന്റെ കൂടെ താൻ തറവാട്ടു നിയമങ്ങൾ തെറ്റിച്ചു പുറത്തു പോയതു കൊണ്ടാണ് തറവാട്ടിൽ ചില അനിഷ്ട്ട കാര്യങ്ങൾ ഉണ്ടായതെന്നും അവരെ ബോധിപ്പിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായ് …
എത്രയെല്ലാം സ്നേഹം മറച്ചുവെച്ചാലും അച്ഛന്റെയുമമ്മയുടെയും ഉള്ളിൽ താൻ നന്നായി ജീവിക്കണമെന്നാശയുള്ളതിനാൽ അവരെങ്ങനെയെങ്കിലും പ്രവീണേട്ടനെ തനിക്ക് സ്വന്തമാക്കി തരുമെന്ന് ഉറപ്പായിരുന്നു..
“കീർത്തനാ ….
കട്ടിലിൽ കമിഴ്ന്ന് കിടന്നു കരയുകയായിരുന്ന കീർത്തനക്കരിക്കിൽ ചെന്നു മെല്ലെ വിളിക്കുമ്പോൾ ,അവളുടെ സങ്കടവും കരച്ചിലും തന്നിൽ നിറക്കുന്ന സന്തോഷം അനുപമ തിരിച്ചറിയുന്നുണ്ടായിരുന്നു.
അനുപമയുടെ വിളി കേട്ടവളുടെ മുഖത്തേക്ക് നോക്കിയ കീർത്തന കണ്ടു തന്നെ ജയിച്ച ഭാവം അനുപമയുടെ മുഖത്ത് ….
“നിനക്കെന്നോടു ദേഷ്യമൊന്നും തോന്നരുത് കീർത്തനാ .. എനിക്ക് പ്രവീണേട്ടനെ അത്രയ്ക്കും ഇഷ്ട്ടമായതുകൊണ്ടാണ് ഞാൻ വാശി പിടിക്കുന്നത്.
“നിനക്ക് പ്രവിയേട്ടനെ സ്വന്തമാക്കാനുള്ള അവസരം വലിച്ചെറിഞ്ഞു പോയതല്ലേ നീ..?
“കണ്ടവനൊപ്പം നാടുനീളെ തെണ്ടി നടന്നു മടുത്തപ്പോൾ അവനെ കളഞ്ഞിട്ടു വീണ്ടും ഇവിടെ
വലിഞ്ഞുകയറി വന്നു ഞങ്ങളുടെ സന്തോഷം കളയുന്നതെന്തിനാണ് നീ ?
“എനിക്കറിയാം നിനക്ക് പ്രവിയേട്ടനോട് അത്ര വലിയ ഇഷ്ട്ടമൊന്നും ഇല്ലെന്ന് .. ,ഞാൻ പ്രവിയേട്ടനെ സ്വന്തമാക്കുന്നതിന്റെ അസൂയ ആണ് നിനക്ക് ..
കീർത്തന അനുപമയെ നോക്കി ദേഷ്യത്തിൽ ചീറി
“അതേ ടീ, നിനക്കയാളെ കിട്ടരുത് ,എനിക്കത്രയേ വേണ്ടൂ ..
പല്ലുകടിച്ചു കൊണ്ടനുപമ മറുപടി പറഞ്ഞു
“നിന്റെ വാശി കണ്ടിട്ട് പ്രവീണേട്ടൻ നിന്നെ കെട്ടിയില്ലെങ്കിലോ ?
കീർത്തന വാശിയോടെ തിരിച്ചു ചോദിച്ചു..
“അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ട്ടമായ പ്രവീണേട്ടന് മൂത്ത അമ്മാവനായ എന്റെ
അച്ഛൻ ഈശ്വര തുല്യനാണെന്ന് നിനക്കറിയില്ലേ ടീ …?
“മാത്രവുമല്ല ഈ തറവാട്ടിലുള്ളവരെല്ലാം നിന്റെ അച്ഛനുൾപ്പെടെ എന്റെ ഭാഗത്ത് നിൽക്കുമ്പോൾ പിന്നെ പ്രവീണേട്ടനു മാത്രമായിട്ടെങ്ങനെ മാറി നിൽക്കാൻ പറ്റുമെടീ …
“അതു കൊണ്ട് പ്രവീൺ എന്ന അദ്ധ്യായം മോളങ്ങ് മറക്ക് ട്ടോ …
കീർത്തനയോടു പറഞ്ഞിട്ടൊരു മൂളിപ്പാട്ടും പാടി അനുപമ നടന്നു പോയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കീർത്തനയവിടെ നിന്നു പോയി …
അത്താഴ വേളയിലെല്ലാവരും കൂടി വീണ്ടും പ്രവീണിനരികെ ഒത്തുകൂടുന്നതൊരു ചിരിയോടെ അനുപമ നോക്കി നിന്നു..
“പ്രവീണേ.. ഞങ്ങൾ അപ്പോഴതങ്ങ് തീരുമാനിക്കുകയാണ് .., നിന്റെയും അനുപമയുടെയും വിവാഹം …
“ഒപ്പം തന്നെ കുടുംബത്തിലെ ഒരു പയ്യന്റെ ആലോചന കീർത്തനക്കും ശരിയായിട്ടുണ്ട് ..
“അതിന്റെ വിവരങ്ങൾ പിന്നിടു പറയാം …നീയും കീർത്തനയും മനസ്സുകൊണ്ട്കുറച്ചടുത്തൂവെങ്കിലും നിങ്ങളുടെ ഇടയിൽ അരുതാത്തതൊന്നും നടന്നിട്ടില്ലാന്ന് പയ്യനും കുടുംബക്കാർക്കും അറിയാം..
“അതു കൊണ്ട് കീർത്തനയുടെ ഭാവിയോർത്ത് ഇനി ടെൻഷൻ വേണ്ട …
എല്ലാവരും എല്ലാം തീരുമാനിച്ചുറപ്പിച്ചതു പോലെ കാര്യങ്ങൾ അവതരിപ്പിച്ചു പല വഴിപിരിഞ്ഞു പോയപ്പോൾ പ്രവീണിന്റെ മനസ്സിൽ തെളിഞ്ഞത് പ്രതീക്ഷയുടെ പൊൻവെളിച്ചമായിരുന്നെന്ന് ആരും തിരിച്ചറിഞ്ഞില്ല ….
അർദ്ധരാത്രി കുളപടവിൽ വെച്ച് പേരിനു മാത്രം നഗ്നത മറച്ച നിലയിൽ പ്രവീണിനെയും കീർത്തനയെയും തറവാട്ടിലാരോ കണ്ടെന്ന വാർത്ത കേട്ട് മറ്റുള്ളവർക്കൊപ്പം കുളക്കടവിലേക്കോടിയെത്തിയ അനുപമ ഞെട്ടിപ്പോയി …
ആളുകൾക്ക് മുമ്പിലേക്ക് കയറി വരാൻ പറ്റാത്ത വിധം നഗ്നശരീരം കുളത്തിലെ വെള്ളത്തിൽ മറച്ചു പിടിച്ചു വെള്ളത്തിൽ നിൽക്കുന്ന കീർത്തനയെ
കണ്ടതും അനുപമയുടെ കണ്ണിൽ തീയാളി …
കുളപടവിൽ ചിതറി കിടക്കുന്ന അവളുടെ വസ്ത്രങ്ങൾ കാലുകൊണ്ട് തട്ടി നീക്കിയവൾ വെള്ളത്തിലേക്കിട്ടു..
“തുണിയുടുത്തിട്ട് കേറി വാടീ ശവമേ …
കീർത്തനയെ നോക്കി പല്ലിറുമ്മി അനുപമ പറഞ്ഞതും കുളത്തിൽ വീണ വസ്ത്രങ്ങളെടുത്ത് കീർത്തനയുടെ ദേഹത്തേക്കിട്ട് വലംകയ്യാലവളെ തന്നോടു ചേർത്തുനിർത്തി കുളപടവിൽ നിൽക്കുന്നവരെ പതറാതെയൊന്നു നോക്കി പ്രവീൺ …
“എന്നെയുപേക്ഷിച്ച് മറ്റാരുവനെ തേടി പോയി അവനൊപ്പം ജീവിച്ച് തിരിച്ചു വന്നവളെ ഞാൻ കെട്ടാനും ,എന്നെ സ്നേഹിച്ചിട്ടും കീർത്തനയെ കെട്ടാൻ നമ്മുക്കിടയിൽ നിന്നൊരാളുണ്ടായതും ഞങ്ങൾക്കിടയിൽ ഒരു ശരീരം പങ്കുവെക്കലിന്റെ ബാധ്യത ഇല്ലാത്തതിനാലാന്നെന്ന് ഇന്നത്തെ നിങ്ങളുടെ സംസാരത്തിൽ നിന്നു ഞങ്ങൾക്ക് മനസ്സിലായ് …
” ആ കുറവ് ഞങ്ങൾ നികത്തിയിട്ടുണ്ട് ..
“ഇനി മറ്റൊരാളിന്റെ എച്ചിലായ അനുപമയെ കെട്ടാൻ എനിക്ക് വിരോധമില്ല ..
“അതുപോലെ എന്റെ എച്ചിലായ കീർത്തനയെയും ഈ കൂട്ടത്തിലുള്ള ആർക്കും കെട്ടാം … പക്ഷെ ഒരു കാര്യം ഞാൻ ഇന്നും, എന്നും , ഇനിയങ്ങോട്ടും സ്നേഹിക്കുക ഞാനാദ്യമായ് ശരീരവും മനസ്സും കൊടുത്ത ഇവളെയായിരിക്കും …
“പഴമയുടെ പാരമ്പര്യം മുറുക്കെ പിടിച്ചിരിക്കുന്ന നിങ്ങൾ അതെല്ലാം കാണുകയും മിണ്ടാതെ നിൽക്കുകയും വേണ്ടിവരും … സമ്മതമാണല്ലോ ല്ലേ എല്ലാവർക്കും …..?
“അതുപോലെഭാഗ്യം ഉണ്ടെങ്കിലൊരു പക്ഷെ നാളെ എന്റെയൊരു ജീവനും ഇവളിൽ ഉടലെടുത്തെന്നും വരാം ..ആർക്കും അപ്പോഴും പരാതി ഉണ്ടാവരുത് …
പ്രവീണിന്റെ വാക്കുകൾ കേട്ടതും ഇനി പ്രധാനം കീർത്തനയുടെ ജീവിതമാണെന്ന് മനസ്സിലാക്കിയ അവിടെ കൂടിയിരുന്നവർ മിണ്ടാതെ വന്ന വഴിയേ തിരികെ നടന്നപ്പോൾ കീർത്തനയെ തന്നോടു ചേർത്തു നിർത്തി തന്നെ പ്രവീൺ അനുപമക്കരിക്കിലെത്തി ..
“നിനക്ക് മാത്രമേ ബുദ്ധിയുള്ളൂന്ന് കരുതരുത് ..
ഇനി നിന്നെ കെട്ടാൻ എന്നെയാരും നിർബന്ധിക്കില്ല …
“ഇവളെ കെട്ടാൻ വേറൊരാളും ഈ തറവാട്ടിൽ നിന്നു മുന്നോട്ടു വരുകയുമില്ല..
“ഇവിടെ ഉള്ളവരെ എതിർക്കാൻ ധൈര്യമില്ലാഞ്ഞിട്ടല്ല ഇങ്ങനെയൊരു വഴിതിരഞ്ഞെടുത്തത് , നിന്നെ ഇങ്ങനെ ഒരു സീൻ കാണിച്ചു തരാൻ മാത്രം വേണ്ടിയാണ് ..
“അപ്പോ ശരി …ഇനി വേണേൽ നീ ചത്തോട്ടോ …
പറഞ്ഞു കൊണ്ട് പ്രവീൺ കീർത്തനയെ ഒന്നു കൂടി തന്നിലേക്ക് ചേർത്തു നിർത്തി അവളുടെ ചുണ്ടിൽ അമർത്തിയൊരു ഉമ്മ വെച്ചു ..
ആ കാഴ്ച കാണാൻ കരുത്തില്ലാതെ തോൽവിയുടെ ഭാരവും പേറി കുനിഞ്ഞ ശിരസ്സുമായ് അനുപമ അവർക്ക് മുമ്പിൽ തല താഴ്ത്തി നിന്നു ….