“എന്റെ ശേഖറേട്ടാ.. ഇതിങ്ങനെ ഇടയ്ക്കിടക്ക് ഓർമ്മിപ്പിക്കണ്ട ,സുധിയേട്ടൻ വന്നാൽ എന്നെ തൊടാതിരിക്കാനുള്ള അടവെല്ലാം എനിക്കറിയാം ..

(രചന: രജിത ജയൻ)

വിയർത്തൊട്ടി തന്റെ നെഞ്ചിൽ കിടക്കുന്ന ശാരിയുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളവളുടെ നെറ്റിയിലേക്കൊതുക്കി വെച്ചു ശേഖർ ..

വിയർപ്പിൽ പരന്നൊഴുകിയ അവളുടെ നെറ്റിയിലെ സിന്ദൂര ചുവപ്പ് ആ മുഖത്തിന് കൂടുതൽ ചന്തം നൽക്കുന്നതായ് തോന്നിയവന്..

“അല്ലെങ്കിലും ചില സമയത്തീ പെണ്ണിന് ഭയങ്കര ചന്തമാണ്.. മനുഷ്യനെ മന്തു പിടിപ്പിക്കുന്ന ചന്തം ..

“എന്താണാലോചിക്കുന്നത്?

കുറെ നേരം ആയല്ലോ തുടങ്ങീട്ട് …

ഞാനിവിടെ കൂടെയുള്ളതു മറന്നതു പോലെയുണ്ട് ശേഖറേട്ടൻ…

ശേഖറിനഭിമുഖമായ് തിരിഞ്ഞു കിടന്നവന്റെ മുടിയിലൂടെ വിരലോടിച്ച് ശാരി ചോദിച്ചു ..

“നിന്നെ മറക്കാനോ പെണ്ണേ .. നിന്നെ പറ്റി മാത്രമാണിപ്പോഴെന്റെ ചിന്ത…

അവൻ പറഞ്ഞു

“എന്നെ പറ്റി മാത്രമോ ?അപ്പോ നമ്മുടെ വാവയെ മറന്നു പോയോ ശേഖരേട്ടൻ …?

“അയ്യോ ഇല്ല, അച്ഛേടെ പൊന്നിനെ അച്ഛൻ മറക്കുമോ …?

ചോദിച്ചു കൊണ്ടവൻ അവളുടെ വയറിനു മുകളിൽ മൃദുവായൊന്നുമ്മവെച്ചു …

“ശേഖറേട്ടാ.. ഇതിപ്പം രണ്ടു മാസം കഴിഞ്ഞൂട്ടോ .. അധികമൊന്നും മറച്ചു പിടിക്കാൻ കഴിയില്ല മറ്റുള്ളവരിൽ നിന്ന്, അറിയാലോ ?

ശാരി പറഞ്ഞതും അവൻ കിടക്കയിൽ എഴുന്നേറ്റിരുന്നവളെ നോക്കി.

“എനിക്കറിയാം ശാരി ,കാര്യങ്ങളെല്ലാം നമ്മൾ തീരുമാനിച്ചുവെച്ചതു പോലെ തന്നെ നടക്കും, നീ പേടിക്കണ്ട..

അവനവളോടു പറഞ്ഞു.

“രണ്ടു ദിവസം കൂടി കഴിഞ്ഞാൽ സുധിയേട്ടൻ നാട്ടിലെത്തും ,ഏട്ടൻ വന്നു കഴിഞ്ഞാ പിന്നെ സ്വർണ്ണമെടുക്കലും കല്യാണതിരക്കുമെല്ലാം തുടങ്ങും ..

ശാരി പറഞ്ഞു

“എല്ലാം തുടങ്ങിക്കോട്ടെ ,പക്ഷെ നീയിപ്പോഴീ ശേഖറിന്റെയാണ്, കാര്യം സുധി നിന്റെ ഭർത്താവാണ് എന്നു കരുതി അവൻ വന്നാൽ നിങ്ങൾ തമ്മിൽ അങ്ങനൊരു ബന്ധം ഉണ്ടാവാൻ പാടില്ല..

“ഈ മനസ്സിനും ശരീരത്തിനും ഇനി ശേഖർ മാത്രമാണവകാശി .. അറിയാലോ ശാരിക്ക് …

“എന്റെ ശേഖറേട്ടാ.. ഇതിങ്ങനെ ഇടയ്ക്കിടക്ക് ഓർമ്മിപ്പിക്കണ്ട ,സുധിയേട്ടൻ വന്നാൽ എന്നെ തൊടാതിരിക്കാനുള്ള അടവെല്ലാം എനിക്കറിയാം ..

പിന്നെ സുധിയേട്ടൻ വന്നു നാലു ദിവസം കഴിഞ്ഞാൽ കല്യാണമല്ലേ അതിന്റെ തിരക്കിനിടയിലാവും പിന്നെ ഏട്ടൻ …

“ആ ശരി ,ശരി .. ഞാൻ പറഞ്ഞൂന്നേ ഉള്ളു .. നിന്നെ ഇനി അവൻ തൊടുന്നതു പോയിട്ട് നോക്കുന്നതു പോലും എനിക്ക് സഹിക്കാൻ പറ്റില്ല മോളെ .. അതു കൊണ്ട് പറഞ്ഞതാ ..

“എനിക്കു മനസ്സിലാവും ശേഖരേട്ടറ്റെ മനസ്സ് ,ഈ മനസ്സ് നിറയെ എന്നോടുള്ള സ്നേഹമാണെന്നും അറിയാം ..

“അതു കൊണ്ടല്ലേ താലികെട്ടിയ ഭർത്താവിനേം വീട്ടുക്കാരെയുമെല്ലാം ഒഴിവാക്കി ഞാൻ ശേഖറേട്ടന്റെ കൂടെ ഇറങ്ങി വരാമെന്ന് നേരത്തേ പറഞ്ഞത് ..,
അപ്പോ ശേഖരേട്ടൻ തന്നെയല്ലേ കുറച്ചു കൂടി കാത്തിരിക്കാൻ പറഞ്ഞത് ..?

അവൾ പരിഭവത്തിൽ പറഞ്ഞു കൊണ്ടവനെ നോക്കി ..

“എന്റെ പെണ്ണെ നീ പറയുമ്പോലെ എല്ലാം ഇട്ടെറിഞ്ഞ് ഈ നാടുവിട്ടു പോയാലും നമ്മുക്ക് സുഖായിട്ട് ജീവിക്കണ്ടേ ..? അതിനു പണം വേണ്ടേ ..?

അതു കൊണ്ടാണ് ഞാൻ കാത്തിരിക്കാൻ പറഞ്ഞത് .. ഇപ്പോഴെല്ലാം നമ്മുടെ പദ്ധതി പ്രകാരം നടക്കാറായില്ലേ..?

” ഇനിയൊരു രണ്ടു ദിവസം കൂടി കാത്തിരുന്നാൽ മതി ,സുധിയുടെ അനിയത്തിയുടെ കല്യാണ തലേന്ന് നമ്മളിവിടം വിടുന്നു .

“നമ്മുക്ക് ജീവിക്കാനാവശ്യമായ പൊന്നും പണവും കൊണ്ട് .. എങ്ങനെ ഉണ്ട് ഐഡിയ ..?

ഒരു വിജയചിരിയോടെ പറഞ്ഞു കൊണ്ടവൻ അവളെ നോക്കി .. അവളിലും ഒരു ചിരി വിരിഞ്ഞു

“നമ്മുടെ പ്ലാൻ പോലെ എല്ലാം നടന്നാൽ മതിയായിരുന്നു .

“എനിക്ക് ചെറിയ പേടിയൊക്കെ ഉണ്ട് ട്ടോ .. അവൾ പറഞ്ഞു.

“എന്തു പേടിക്കാനാണ് ശാരീ .. ?
സുധിയുടെ അനിയത്തിയുടെ കല്യാണത്തിനായ് അവരെടുക്കുന്ന സ്വർണ്ണവും ,പിന്നെ നിന്റെ പേരിലവൻ ഡെപ്പോസിറ്റ് ചെയ്ത പണമില്ലേ, നിങ്ങൾക്ക് വസ്തു വാങ്ങാനുള്ളത് അതും കൂടെ നിന്റെ സ്വർണ്ണവും കൂടി കിട്ടിയാൽ നമ്മൾ കല്ല്യാണ തലേന്ന് രാത്രി തന്നെ ഇവിടം വിടും മോളെ..

“പിന്നെ ഞാൻ പറഞ്ഞതുപോലെ കോയമ്പത്തൂരിൽ എന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് .. ബാക്കിയെല്ലാം അവിടെ ചെന്നു കഴിഞ്ഞിട്ട് …

ശേഖർ തന്റെ പദ്ധതി ഒന്നുകൂടി വ്യക്തമാക്കിയപ്പോൾ ശാരിയൊരു പുഞ്ചിരിയോടെ അവനെ നോക്കി തലയാട്ടി …

തന്നെ വിശ്വസിച്ച് പ്രാണനെ പോലെ സ്നേഹിക്കുന്ന സ്വന്തം ഭർത്താവിനെയും അവന്റെ കുടുംബത്തെയും ചതിക്കുന്നതിൽ അവൾക്കൊട്ടും മന:സാക്ഷിക്കുത്ത് തോന്നിയില്ലപ്പോൾ…

അവളുടെ മനസ്സ് നിറയെ ശേഖറായിരുന്നു .. അവളുടെ ഭർത്താവ് സുധിയുടെ കൂട്ടുകാരൻ ..

വീട്ടിലെ ഏതു കാര്യത്തിനും സുധി എപ്പോഴും വിളിക്കുക ശേഖറെയാണ്.. ടൗണിൽ ടാക്സിയോടിക്കുന്നശേഖറിന് സുധിയുടെ വീട്ടിൽ എപ്പോഴും ചെന്നു കയറാനുള്ള അനുവാദമുണ്ടായിരുന്നു ..

ആ സ്വാതന്ത്ര്യം തന്നെയാണ് ശാരിയേയും ശേഖറെയും ഇന്നത്തെ രീതിയിൽ പിരിയാൻ കഴിയാത്ത വിധം അടുപ്പിച്ചത് …

കൊണ്ടുവന്ന സാധനങ്ങളോരോന്നായ് വീട്ടിലുള്ളവർക്ക് നൽകി കയ്യിലൊരു പൊതിയുമായ് സുധി മെല്ലെ റൂമിലിരിക്കുന്ന ശാരിയുടെ അടുത്തേക്ക് ചെന്നു.

“എന്തു പറ്റി, എന്റെ പെണ്ണിനൊരു ക്ഷീണം പോലെ ..?

സുധി സ്നേഹത്തോടെ ശാരിയോട് ചോദിച്ചതും അവളൊന്നു ഞെട്ടി, അറിയാതെ കൈ വയറ്റിലൊന്നമർന്നു …

“എനിക്ക് ക്ഷീണമൊന്നും ഇല്ല സുധിയേട്ടാ .. ഏട്ടനു വെറുതെ തോന്നുന്നതാ.. അവൾ പറഞ്ഞു..

“തോന്നുന്നതൊന്നും അല്ല, അമ്മ പറഞ്ഞിരുന്നു എന്നോട് ,സുജയുടെ കല്യാണം ഉറപ്പിച്ചതു മുതൽ നിനക്കൊരു വിശ്രമവും ഇല്ല, ഓട്ടം തന്നെയാണെന്ന് ..,,

അവൻ പറഞ്ഞതും അവളവനെ നോക്കി മനോഹരമായൊന്നു ചിരിച്ചു.

” ഇങ്ങനെ ചിരിക്കാതെടി പെണ്ണെ ..

പുറത്താളുകൾ ഉണ്ടെന്നത് ഞാൻ മറക്കുമേ …

രണ്ടു കൊല്ലായി ഞാനെന്റെ പെണ്ണിനെ ശരിക്കൊന്ന് കണ്ടിട്ട് …

പറഞ്ഞിട്ടവൻ ഒരു കുസൃതി ചിരിയോടെ അവളുടെയരിക്കിലേക്ക് ചെന്നതും വാതിലിൽ ആരോ തട്ടി …

“നിന്നെ ഞാൻ രാത്രി ശരിയാക്കി തരാട്ടോ…, ശാരിയോട് പറഞ്ഞവൻ വാതിലിനു നേരെ തിരിഞ്ഞപ്പോൾ കയ്യിലെ പൊതി കിടക്കയിലേക്കു വെച്ചു …

“നീ പറഞ്ഞ ആ കല്ലുവെച്ച നെക്ളൈസ് ആണതിൽ, സൂക്ഷിച്ച് എടുത്തു വെക്ക് കല്യാണത്തിനിടാം ..

അവൻ പറഞ്ഞപ്പോൾ അവളിലൊരു ചിരി വിരിഞ്ഞു …

” ആരുടെ കല്യാണത്തിന്..,
നിങ്ങളുടെ പെങ്ങളുടെ കല്യാണത്തിനുള്ള സ്വർണ്ണം എടുത്ത് ഞാൻ പോയാൽ പിന്നെ ആരുടെ കല്യാണം നടക്കാനാ ഇവിടെ …,,

അവൾ മനസ്സിലോർത്തു …

സുധിവാതിൽ തുറന്നപ്പോൾ മുമ്പിൽ ശേഖർ ….

“ആ .. അളിയാ.. ,,
സുധി ശേഖറിനെ കെട്ടിപ്പിടിച്ചു …

“എന്തളിയാ… വന്നപ്പോ തന്നെ മുറിയിൽ കേറി ഇരുപ്പായോ …?
ശേഖർ ചോദിച്ചു

“ഞാനെന്റെ പെണ്ണിനെയൊന്ന് നേരാവണ്ണം കണ്ടില്ല ,അപ്പോഴേക്കും വന്നവൻ .. എന്നിട്ടവന്റെ ചോദ്യമോ ..

സുധി പറഞ്ഞതു കേട്ട ശേഖറിന്റെ ഉള്ളിലവനോട് ദേഷ്യവും പുച്ഛവും തോന്നി..

”നിന്റെ പെണ്ണല്ലെടാ അവൾ..
എന്റെ പെണ്ണാ.. ഈ ശേഖറിന്റെ പെണ്ണ് … എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന എന്റെ പെണ്ണ് ..

അവൻ മനസ്സിൽ പറഞ്ഞു …

“ഏയ്.. പെങ്ങളെ …,,

ശേഖർ റൂമിലേക്ക് എത്തി നോക്കി പെട്ടന്നു വിളിച്ചപ്പോൾ ശാരിയൊന്ന് പതറി ..

“അതേ നിങ്ങളുടെ കെട്ടിയവനെ ഇനി കല്യാണം കഴിഞ്ഞിട്ടേ വിടുള്ളു ട്ടോ.. അതു കഴിഞ്ഞിട്ടുമതി നിങ്ങളുടെ റൊമാൻസൊക്കെ …

ശാരിയെ നോക്കി കണ്ണു ചിമ്മി ശേഖർ പറഞ്ഞപ്പോൾ അവളുടെ മുഖത്തൊരു നാണം തെളിഞ്ഞു..

ഇനി വരുന്ന രണ്ടു ദിവസവും സുധിയേട്ടൻ തന്റെ അടുത്ത് വരാതെ ശേഖർ തടയുമെന്ന് അവൾക്കുറപ്പായിരുന്നു …

കല്യാണ ഒരുക്കങ്ങൾ വേഗത്തിൽ നടന്നുകൊണ്ടിരുന്നു വീട്ടിൽ ..

എല്ലാറ്റിനും മുമ്പിൽ നേതൃത്വം കൊടുത്തുകൊണ്ട് ശേഖറും ..

ഇതിനിടയിൽ സുധിയുടെ അനുയത്തിക്കു വേണ്ട സ്വർണ്ണമെടുത്ത ദിവസം ശാരിയും ശേഖറും തങ്ങളുടെ പ്ലാനുകൾ ഒന്നുകൂടി ഉറപ്പിച്ചു ..

നാളെ രാത്രിയിലെ മഞ്ഞൾ കല്യാണ ചടങ്ങിനിടെ അവിടെ നിന്ന് മുങ്ങാൻ അവർ തീരുമാനിച്ചു ..

സ്വർണ്ണമെല്ലാം ഇരിക്കുന്നത് സുധിയുടെ റൂമിലെ ഷെൽഫിലായതും അവർക്ക് എളുപ്പമായ്

മഞ്ഞൾ കല്യാണദിവസം എന്തെന്നില്ലാത്തൊരു പേടി ശാരിയെ പിടികൂടി യെങ്കിലും അവളതെല്ലാം മറച്ചു പിടിച്ചു ഉത്സാഹത്തോടെ കാര്യങ്ങൾ നോക്കി വീടു നിറഞ്ഞുനിന്നു..

ശാരിയുടെ വീട്ടിൽ നിന്ന് അവളുടെ അമ്മയും അച്ഛനും അനിയനുമെല്ലാം കല്യാണത്തിനായ് വന്നിട്ടുണ്ടായിരുന്നു …

മഞ്ഞൾ കല്യാണഒരുക്കങ്ങൾ വീടിന്റെ മുന്നിലെ വലിയ പന്തലിൽനടക്കുമ്പോൾ ഒരുങ്ങാനെന്ന മട്ടിൽ ശാരി മെല്ലെ തന്റെ മുറിയിലേക്ക് നടന്നു.

മറ്റൊരാൾ പെട്ടന്നു ശ്രദ്ധിക്കാത്ത വിധത്തിൽ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പെട്ടിയെടുത്ത് കട്ടിലിൽ വെച്ചവൾ ഫെൽഫിൽ നിന്നും തന്റെയും കല്യാണ പെണ്ണിന്റെയും ആഭരണങ്ങൾ ശ്രദ്ധയോടെ എടുത്ത് ബാഗിൽ വെച്ചു .

ബാങ്കിൽ നിന്ന് ആരുമറിയാതെ നേരത്തെ തന്നെ പണമെടുത്ത് ശേഖറിനെ ഏൽപ്പിച്ചിരുന്നൂ അവൾ ..

എല്ലാം റെഡി.. അല്പസമയം കൂടി കഴിഞ്ഞാൽ താനീ നാടും വീടുമെല്ലാം ഉപേക്ഷിച്ചു പോവും ..

അവളോർത്തുകൊണ്ട് മുറിയാകെയൊന്ന് നോക്കി …

“ശാരി.. എല്ലാം സെറ്റല്ലേ..?

ഫോണിൽ ശേഖറിന്റെ മെസേജ് വന്നതും അവൾ എല്ലാം സെറ്റെന്ന് തിരിച്ചു മറുപടി അയച്ചു …

“എല്ലാവരുംമഞ്ഞൾ കല്യാണതിരക്കിൽ വീടിനു മുമ്പിലാണെന്നും ആരും കാണാതെ പുറകു വശത്തേക്ക് വരാനും അവൻ അവൾക്ക് നിർദ്ദേശം നൽകി ..

പുറകുവശം വഴി ശേഖറിനരുകിലെത്തിയ ശാരി ശേഖറെ നോക്കിയൊരു പുഞ്ചിരി പൊഴിച്ചു …

ആരും കാണാതെ ശേഖറിന്റെ വണ്ടി നിർത്തിയിട്ടയിടത്തേക്ക് എത്തിയതിൽക്കയറിയിരുന്ന് ശാരിയും ശേഖറും ഒന്നു ശ്വാസം വിട്ടു.. തങ്ങളുടെ ശ്രമം വിജയിച്ചിരിക്കുന്നു..

അവൻ അവളെ കെട്ടി പിടിച്ചൊരുമ്മ നൽകാനായ് അവൾക്കരികിലേക്ക് നീങ്ങിയതും കാറിനു മുകളിലെന്തോ വന്നു വീഴുന്ന ശബ്ദം കേട്ട് ഞെട്ടിയകന്നു ..

കാറിനു മുകളിൽ തുരുതുരാ വന്നു വീഴുന്നത് കല്ലുകളാണെന്ന് കണ്ടതും ശേഖർ ചുറ്റുപാടുമൊന്ന് നോക്കി

പെട്ടന്നവനെ ഞട്ടിച്ചു കൊണ്ട് കാറിനു മുമ്പിലായൊരു വെളിച്ചം തെളിഞ്ഞു.

സുധി…..

ആ വെളിച്ചത്തിൽ സുധി നിൽക്കുന്നത് വ്യക്തമായ് കണ്ടതോടു കൂടി മുന്നിൽ പിശാച്ചിനെ കണ്ടെന്നതു പോലെ ശേഖറും ശാരിയും വിറച്ചു പോയ്…

സുധിക്ക് പുറകിലായ് കല്യാണം കൂടാൻ വന്നവരോരുത്തരായ് ,ശാരിയുടെ മാതാപിതാക്കളും സഹോദരനുമുൾപ്പെടെ നിരന്നു നിൽക്കുന്നതു കണ്ടതും ആ നിമിഷം മരിച്ചു വീഴാൻ ശാരി ആഗ്രഹിച്ചു പോയ്…

കഴിഞ്ഞിരിക്കുന്നു തന്റെ ജീവിതവും സ്വപ്നങ്ങളുമെല്ലാം ..,, അവൾ മെല്ലെശേഖറിനെ നോക്കിയെങ്കിലും അവന്റെ മുഖത്ത് രക്തമയമില്ലാതെ അവനാകെ വിളറി വെളുത്ത് ഇരിക്കുന്നതു കണ്ടതോടെ തങ്ങളുടെ തകർച്ച പൂർത്തിയായെന്ന് ശാരിക്കു മനസ്സിലായ് …

“ശാരി.. ,ശേഖർ…ഒന്നു വണ്ടിയിൽ നിന്നിറങ്ങാമോ..? കുറച്ചു സംസാരിക്കാനുണ്ടായിരുന്നു..

ശാന്തതയോടെ സുധി കാറിനടുത്ത് വന്നു പറഞ്ഞിട്ടും ഭയം കൊണ്ട് ഇരുന്നിടത്തു നിന്നൊന്ന് അനങ്ങാൻ പോലും രണ്ടാൾക്കും സാധിച്ചില്ല …

“ഫ്‌ ഭ….. ചെറ്റേ….

“എന്റെ കൂടെ നടന്ന് എന്റെ ഭാര്യയായവളെ തന്നെ സ്വന്തമാക്കി എന്റെ സമ്പാദ്യവും കൊണ്ട് നാടു വിടാമെന്ന് കരുതിയോ നീ …?

ശേഖറിനെ കാറിൽ നിന്നും വലിച്ചിറക്കി അവന്റെ കരണം നോക്കിയൊന്ന് പൊട്ടിച്ച് സുധി ചോദിച്ചതും പിന്നെശേഖറിന് അടിയുടെ പെരുന്നാൾ ആയിരുന്നു

എല്ലാം കണ്ടു ഭയന്നു നിന്ന ശാരിക്കരിക്കിലെത്തി സുധി അവളുടെ കണ്ണുകളിലേക്കൊന്നു നോക്കി … ആ നോട്ടം നേരിടാനാവാതെയവൾ മുഖം താഴ്ത്തി …

”അവനു കൊടുത്തതുപോലെ നിനക്കും തരാൻ അറിയാഞ്ഞിട്ടല്ല ,എന്റെ അല്ലെങ്കിലും ഒരു കുഞ്ഞ് നിന്റെ വയറ്റിലുണ്ടായതു കൊണ്ടു മാത്രമാണ് നിന്റെ മേൽ ആരും കൈ വെയ്ക്കാത്തത്…

സുധി പറഞ്ഞതും ശാരി ഞെട്ടിയവനെ നോക്കി .. അവനതെങ്ങനെ അറിഞ്ഞെന്ന ഭാവത്തിൽ …

“നീയെന്താ കരുതിയത് ഈ സുധിയൊരു പൊട്ടനാണെന്നോ ..?

“നിന്ന്റെയും ഇവന്റെയും സകല കാര്യങ്ങളും അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഗൾഫിൽ നിന്ന് കല്യാണത്തിനായി ഇവിടെ എത്തിയത്..

“എനിക്ക് മാത്രമല്ല നിൻറെ വീട്ടുകാർക്കും അറിയാം ഇക്കാര്യം …

”നിൻറെ അനിയനാണ് എന്നോടീകാര്യം ആദ്യം പറയുന്നത് തന്നെ..

“നിന്നെയും ഇവനെയും അരുതാത്ത സാഹചര്യത്തിൽ ഒന്നിലധികം തവണ കണ്ടപ്പോൾ അവനതൊളിക്കാനല്ല നോക്കിയത് ..

“സ്വന്തംപെങ്ങളാണെങ്കിലും ഇത്തരമൊരു തെറ്റു ചെയ്താലതിനു മാപ്പു കൊടുക്കരുതളിയാന്ന് അവനാണ് എന്നോടാദ്യം പറഞ്ഞത് ..

സുധി പറഞ്ഞതു കേട്ട് തന്റെ അനിയനെ പകച്ചു നോക്കിയ ശാരി വെറുപ്പു നിറഞ്ഞഅവന്റെ നോട്ടത്തെ നേരിടാനാവാതെ മുഖം താഴ്ത്തി …

“നിങ്ങളെ പറ്റി അറിഞ്ഞതു സത്യമാണെന്ന് ബോധ്യപ്പെട്ടതു മുതൽ ഞങ്ങൾ നിന്റെയൊക്കെ പുറക്കിലുണ്ട് .. ദാ ഈ നിമിഷം വരെയും.. നല്ല അന്തസായിട്ടു അഭിനയിച്ചു കൊണ്ടു തന്നെ …

പറഞ്ഞു കൊണ്ട്സുധി കാറിൽ നിന്ന് ആദരണങ്ങളും പണവുമടങ്ങിയ ബാഗുകൾ പുറത്തേക്കെടുത്തു …

“എന്നെ പറ്റിച്ചു പോവുമ്പോഴും ജീവിക്കാൻ എന്റെ സമ്പാദ്യം തന്നെ വേണം അല്ലേടി…&&&&₹₹₹### മോളെ …

ദേഷ്യം കൊണ്ടു വിറച്ച സുധി കൈ നീട്ടി അവളുടെ കഴുത്തിൽ കിടന്ന താലിചെയിൻ പൊട്ടിച്ചെടുത്തപ്പോൾ ശാരിയുടെ അമ്മ അവളുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം അഴിച്ചു വാങ്ങി.. അവളോടൊരക്ഷരം മിണ്ടാതെ …

“ശേഖർ…,നിന്റെ ഈ കാറുവാങ്ങാൻ നിനക്ക് പണം തന്നു സഹായിച്ചത് ഞാനാണ്, അതു നീ ഇതുവരെ മടക്കി തന്നിട്ടില്ല .. അതു തിരികെ തരുമ്പോൾ നീയിനി ഈ വണ്ടി എടുത്താൽ മതി കേട്ടോടാ നന്ദിയില്ലാത്ത ചെറ്റേ…

“എന്റെ ഭാര്യയായിരുന്നപ്പോൾ നിനക്ക് പാ വിരിച്ച ഇവൾ നാളെ നിന്റെയൊപ്പം ഇരിക്കുമ്പോൾ വേറൊരുത്തന് പാ വിരിക്കാതിരിക്കട്ടെയെന്ന് മാത്രം പറഞ്ഞു കൊണ്ട് നിങ്ങളെ ഞാൻ പോവാൻ സമ്മതിക്കുകയാണ് ..

“പൊയ്ക്കോ എവിടേക്കാണെങ്കിലും സ്വന്തം ഭർത്താവിനെയും ജന്മം തന്നവരെയും പറ്റിച്ചു പോവാൻ നോക്കിയതല്ലേ.. ഇനിയതു വേണ്ട ഞങ്ങൾ നോക്കി നിൽക്കുമ്പോൾ തന്നെ ഇറങ്ങിക്കോ ..

കാരണം ഞങ്ങളുടെ മകൾ ഞങ്ങളുടെ മനസ്സിലെന്നോ മരിച്ചു കഴിഞ്ഞു .. ഇപ്പഴീ നിൽക്കുന്നത് സ്വന്തം കാമ പൂർത്തീകരണത്തിന് ആർക്കു വേണമെങ്കിലും കിടന്നു കൊടുക്കുന്നൊരു വേശ്യ മാത്രം …

പറഞ്ഞു കൊണ്ടവളുടെ മുഖത്തേക്കമ്മ കാർക്കിച്ചു തുപ്പി ..

എല്ലാം നഷ്ട്ടപ്പെട്ടു പരാജിതനായ് നിൽക്കുന്ന ശേഖറിനൊപ്പം ഉടുതുണി മാത്രമായ് നാണംകെട്ട് ആ രാത്രി അത്രയും ജനങ്ങൾ നോക്കി നിൽക്കേ ഇറങ്ങി വരുമ്പോൾ ശാരിക്കുള്ളിലെ സ്ത്രീ മരിച്ചു പോയിരുന്നു .. ഒരിക്കലും ഉണരാൻ പറ്റാത്ത വിധം…

അവനാവട്ടെ ഇനിയവളൊരു ഭാരമാണല്ലോ എന്ന ചിന്തയിൽ കൂടുതൽതളർന്നു പോയിരുന്നു … പ്രതീക്ഷകളില്ലാത്ത വിധം…

Leave a Reply

Your email address will not be published. Required fields are marked *