(രചന: രജിത ജയൻ)
നിങ്ങളുടെ അച്ഛന് നേരാവണ്ണം വസ്ത്രം ധരിച്ചു നടന്നൂടെ മഹി..?
ഇപ്പോഴും ചെറുപ്പക്കാരനാണെന്നാ വിചാരം ,ഒന്നൂല്ലെങ്കിൽ പെൻഷൻ പറ്റിയിട്ട് കുറച്ചായീലേ..?
ആദ്യമൊന്നും ഇങ്ങനെ അല്ലായിരുന്നല്ലോ അച്ഛൻ ..?
വയസ്സാവും തോറും അച്ഛനെന്താ ഇങ്ങനെ ..?
നീ രാവിലെ തന്നെ പിന്നേം തുടങ്ങിയോ ഗീതൂ..?
ഞാൻ ഇന്നലെ വന്നപ്പോ തുടങ്ങിയതാണ് നീ ഇതു പോലെ അച്ഛന്റെ കുറ്റം പറയാൻ …
മഹി ഈർഷ്യയോടെ ഗീതുവിനെ നോക്കി
ഞാൻ പറയുന്നതാണോ കുറ്റം മഹി ?
നിങ്ങളുടെ അച്ഛൻ ചെയ്യുന്നതു കണ്ടില്ലേ ?
ദേഷ്യത്തോടെ മുറ്റത്തേക്ക് കൈ ചൂണ്ടി ഗീതു പറഞ്ഞയിടത്തേക്ക് നോക്കിയ മഹി കണ്ടു ബർമൂഡയും ടൈറ്റ് ടീ ഷർട്ടുമിട്ട് മുറ്റത്ത് നിന്ന് വ്യായാമം ചെയ്യുന്ന അച്ഛൻ ബാലകൃഷ്ണനെ..
അറുപതിനോടടുക്കുന്ന ഈ പ്രായത്തിലും ഉറച്ച അച്ഛന്റെ മാംസപേശികളിലും ശരീരത്തിലും മഹിയുടെ കണ്ണുകൾ ഒരു നിമിഷം തടഞ്ഞു
മുപ്പതുക്കാരനായ തന്റെ ശരീരത്തിന്റെ അത്ര തന്നെ ഉറപ്പും കരുത്തും ഉള്ളതാണ് അച്ഛന്റെ ശരീരമെന്ന് മഹി ഓർത്തു..
നിങ്ങളിതെന്താ അച്ഛന്റെ ചന്തം കണ്ടാസ്വദിക്കുകയാണോ ?
ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് ഗീതു അവന്റെ പുറത്തൊരടി കൊടുത്തു.
പുറം പൊളിഞ്ഞതു പോലൊരു വേദനയാൽ പുളഞ്ഞു പോയി മഹി ..
എന്തൊരടി ആണെടീ ?
എന്റെ പുറം പൊളിഞ്ഞു..
നന്നായ് പോയ് .. ഞാനൊരു കാര്യം പറഞ്ഞാ നിങ്ങൾക്കതിൽ ശ്രദ്ധയില്ല …
നീ പറഞ്ഞതു ഞാൻ ശ്രദ്ധിച്ചു ഗീതു, കാണുകയും ചെയ്തു അച്ഛനെ …
ഞാനെന്താ അച്ഛനോട് പറയേണ്ടത്..?
അച്ഛാ ,അച്ഛനു വയസ്സായീ ,ഇതു പോലത്തെ ഡ്രസ്സൊന്നും ഇടാൻ പറ്റില്ല എന്നോ ?
ചോദ്യരൂപത്തിൽ മഹി ഗീതുവിന്റെ മുഖത്തേക്ക് നോക്കിയതും അവൾ ദേഷ്യത്തിൽ വീടിനകത്തേക്ക് കയറി പോയ്..
മഹിയൊരു നിമിഷം അവൾ പോയ വഴിയേ നോക്കി നിന്നതിനു ശേഷം അകത്തേക്ക് നടന്നു..
എന്റെ അമ്മേ ,ഞാനെന്താ അമ്മയോട് പറയുക ,യാതൊരു ബോധവുമില്ല കിളവന് വയസ്സായീന്ന് ..
ഓരോന്നെല്ലാം കാട്ടിക്കൂട്ടുന്നത് കാണണം, ചെറുപ്പക്കാരനാണെന്നാ വിചാരം..
മഹിയോട് ഞാൻ പല പ്രാവശ്യം പറഞ്ഞു ഇതിനെ പറ്റി ,പക്ഷെ മഹിക്കതെല്ലാം ഒരു തമാശ പോലെയാ..
റൂമിന്റെ വാതിൽക്കൽ എത്തിയപ്പോഴേ കേട്ടു മഹി ,അകത്ത് ഗീതു അവളുടെ അമ്മയെ ഫോണിൽ വിളിച്ചു സംസാരിക്കുന്നത് ..
ഇന്നത്തെ ഇതുവരെയുള്ള വിവരങ്ങളുടെ അപ്ഡേഷനാവും ല്ലേ ..?
അവനൊരു ചിരിയോടെ അവളെ നോക്കി ചോദിച്ചതും അവൾ ഫോൺ കട്ടാക്കി കിടക്കയിലിട്ടവനെ പകയോടെ നോക്കി..
ഞാനെന്റെ അമ്മയെ വിളിച്ചു സംസാരിക്കുന്നതിനെ കളിയാക്കാനും കുറ്റം പറയാനുമല്ലേ നിങ്ങൾക്ക് പറ്റുള്ളു..?
അല്ലാതെ അച്ഛനോടെന്തെങ്കിലും ചോദിക്കാൻ പറഞ്ഞാ പിന്നെ മിണ്ടാട്ടമില്ല , നിങ്ങടെ നാവങ്ങ് അണ്ണാക്കിൽ ഒട്ടിപ്പിടിക്കും അപ്പോൾ …
ഞാനെന്തു പറയാനാണ്അച്ഛനോട് ?
ഇതച്ഛൻഅധ്വാനിച്ചുണ്ടാക്കിയ അച്ഛന്റെ പേരിലുള്ള വീടും സ്ഥലവുമാണ്
പിന്നെ അച്ഛൻ തുണിയുടുക്കാതെ ഒന്നും അല്ലല്ലോ ഇതിലെ നടക്കുന്നത് ..?
അങ്ങനെ ആണെങ്കിൽ അച്ഛനോടു പോയി പറയാമായിരുന്നു ,അച്ഛാ.. അച്ഛനിങ്ങനെ തുണിയുടുക്കാതെ ഇതിലെ നടക്കുന്നത് മോശമാണ് ഒന്നൂല്ലങ്കിൽ ഇവിടെ എന്റെ ഭാര്യയും കുട്ടിയുമുള്ളതല്ലേന്ന്..
ഇതിപ്പോ അങ്ങനെ പറയാൻ പറ്റില്ലല്ലോ ,പിന്നെ അച്ഛൻ ഇങ്ങനെ നടക്കുന്നതിലൊന്നും അമ്മയ്ക്കൊരു പരാതിയുമില്ലല്ലോ ?പിന്നെ നിനക്കെന്താ ..?
ഓ.. അമ്മ…അതു മറ്റൊരു വട്ടു കേസ് … അമ്മയുടെ കാര്യമൊന്നും .. …..
ദേ.. ഗീതു വേണ്ട, നിർത്തിക്കോ …
അമ്മയുടെ കുറ്റങ്ങൾ പറയാനായ് ഗീതു വാ തുറന്നതും മഹി ശബ്ദമുയർത്തി ..
മഹി ഞാൻ,
വേണ്ട ഗീതു ,ഇന്നലെ ഇവിടെ രാത്രി വന്നു കയറിയതു മുതൽ ഈ നേരം വരെ നീയെന്റെ അച്ഛനെ കുറ്റം പറയുകയായിരുന്നു ,ജോലി സ്ഥലത്തു നിന്ന് ഞാൻ വിളിക്കുമ്പോഴുംനിനക്ക് പറയാനുള്ളത് എൻറെ അച്ഛൻറെ കുറ്റങ്ങൾ മാത്രമാണ് ..
അച്ഛൻ അച്ഛൻറെ ഇഷ്ടം പോലെ ജീവിച്ചോട്ടെ. അതിനു നിനക്കെന്താ?
ഇപ്പോൾ ഇതാ നീ എൻറെ അമ്മയുടെ കുറ്റവും പറയുന്നു ,എനിക്ക് ഇതൊന്നും കേൾക്കേണ്ട കാര്യമില്ല, അവർ അവരുടെ ജീവിതം ജീവിക്കുന്നു അത്ര മാത്രം..
നിനക്ക് എന്നോട് വേറെ എന്തെങ്കിലും പറയാനുണ്ടോ ?
രണ്ട് ദിവസം സ്വസ്ഥമായി വീട്ടിൽ വന്ന് മോന്റൊപ്പം നിൽക്കാന്ന് വിചാരിച്ചാൽ നീ സ്വസ്ഥത തരില്ലേ?
മഹി ദേഷ്യപ്പെട്ട് പറഞ്ഞുകൊണ്ട് ബൈക്കിന്റെ കീയുമെടുത്ത് വീടിനു പുറത്തേക്ക് പോയി ..
അവനോടൊന്നും തുടർന്നു സംസാരിക്കാൻ പറ്റാത്ത വിഷമത്തിൽ ഗീതു ഒരു നിമിഷം അങ്ങനെ നിന്നിട്ട് വീണ്ടും തന്റെ ഫോണെടുത്ത് അമ്മയെ വിളിച്ച് ഇവിടുത്തെ കാര്യങ്ങൾ ഓരോന്നായി പറഞ്ഞുകൊടുക്കാൻ തുടങ്ങി …
മഹി ജോലി സ്ഥലത്തേക്ക് തിരിച്ചു പോയിക്കഴിഞ്ഞു ഒരു ദിവസം തൻറെ ഫോണിൻറെ ചാർജർ കാണാതെ തിരഞ്ഞു നടന്ന ഗീതു അമ്മയോട് തൻ്റെ ചാർജർ കണ്ടോ എന്ന് ചോദിച്ചു അവരുടെ മുറിയിലേക്ക് നേരെ കയറിച്ചെന്നു…
അവിടെ മുറിയിൽ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുന്ന അച്ഛനെ കണ്ടതും അവൾ ഒരു ചമ്മലോടെ പുറത്തേക്ക് ചാടി ഇറങ്ങി…
എന്താ മോളെ…?
അമ്മ ചോദിച്ചു കൊണ്ടവളുടെ പുറകെ ചെന്നു
അത് അമ്മേ എൻറെ ഫോണിൻറെ ചാർജർ അവിടെയെങ്ങും കാണുന്നില്ല, ഇനി മോനെങ്ങാനും കളിക്കാനെടുത്ത് ഇവിടെ ങ്ങാനും വെച്ചോന്ന് നോക്കാൻ വന്നതായിരുന്നു ..
മുറിയിൽ അച്ഛനുണ്ടാവുമെന്ന് ഞാൻ കരുതീല.. ചമ്മലോടെ അവൾ പറഞ്ഞു
അതു സാരമില്ല മോളെ ,ഇനിയിങ്ങനെ കയറി വരുമ്പോൾ കതകിനൊന്നു തട്ടിയാൽ ഇതുപോലെ ചമ്മുന്നത് ഒഴിവാക്കാം നമ്മൾ രണ്ടു കൂട്ടർക്കും
ഒരു നേർത്ത ചിരിയോടെ അവളെ നോക്കി കൊണ്ട് ബാലകൃഷ്ണൻ പറഞ്ഞതും ആകെ ചമ്മി അവൾ അവിടെ നിന്നും വേഗം തിരികെ പോന്നു
ഛെ.. ആകെ നാണം കെട്ടു ,ഇങ്ങേർക്കീ വയസ്സാം കാലത്തിതു എന്തിന്റെ കേടാണ് ?
എന്തിനാ കിളവനെ മാത്രം പറയുന്നത് തള്ളയും കൂടി ചേർന്നല്ലേ ഈ മുതുവിളയാട്ടം ..നാണമില്ലാത്ത സാധനങ്ങൾ…
ഗീതു ഓരോന്നു പറഞ്ഞു പിറുപിറുക്കൽ തുടർന്നതോടെ കട്ടിലിൽ കിടന്ന മോനുണർന്ന് കരയാൻ തുടങ്ങി
മോനെ എടുത്തു പാലു കൊടുക്കുമ്പോഴും അവളുടെ ഉള്ളം ആകെ അസ്വസ്തമായിരുന്നു ..
തുടർന്നുള്ള ദിവസങ്ങളിലും ഇതുപോലെ പലതിനും ഗീതു സാക്ഷിയാവേണ്ടി വന്നു ..
അടുക്കളയിൽ പാചകം ചെയ്യുന്ന അമ്മയുടെ പുറക്കിലൂടെ ചെന്നമ്മയെ കെട്ടി പിടിച്ചു പിൻകഴുത്തിലുമ്മ വെയ്ക്കുന്നഅച്ഛൻ , അമ്മയുടെ മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്ന അച്ഛൻ ,അമ്മയുടെ സാരി ന്തൊറിവുകൾ ഭംഗിയായെടുത്ത് പിൻ ചെയ്ത് കൊടുക്കുന്ന അച്ഛൻ ..
അങ്ങനെ പല രീതിയിൽ അമ്മയ്ക്കൊപ്പം അച്ഛനെ കണ്ടതും സ്വന്തം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ അച്ഛനും അമ്മയും എവിടെ എന്നു നോക്കേണ്ടി വന്നു ഗീതുവിന് പലപ്പോഴും ..
മോന് പാലു കൊടുക്കുന്ന തൊഴിച്ച് അവന്റെ യാതൊരു കാര്യവും ഗീതുവിന് ചെയ്യേണ്ടി വരാറില്ലായിരുന്നു ഇതുവരെ എല്ലാം മഹിയുടെ അമ്മയാണ് ചെയ്യുക, വീട്ടിലെ പാചകമുൾപ്പെടുന്ന ജോലിയടക്കം ..
എന്നാലിപ്പോൾ അവനെ അവർ ശ്രദ്ധിക്കാറു തന്നെയില്ല ,മിക്ക സമയവും രണ്ടാളും സംസാരിച്ചോ ,പറമ്പിലെ പണികൾ ചെയ്തോ ഒന്നിച്ച് സിനിമകൾ കണ്ടോ ഇരിപ്പായിരിക്കും ,
സമയത്തിന് കഴിക്കണമെങ്കിൽ ഗീതു തന്നെ ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ വന്നു
ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾക്കൊന്നും അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ പകുതി പോലും രുചിയില്ലെന്ന് പറഞ്ഞച്ഛൻ അവളെ കളിയാക്കുകയും അമ്മയെ പ്രശംസിക്കുകയും ചെയ്തതോടെ അവൾ ഭക്ഷണം കഴിക്കുന്നത് നിർത്തി എഴുന്നേറ്റു പോയി
റൂമിലെത്തിയപാടെഎല്ലാം വിളിച്ച് അമ്മയോട് പറഞ്ഞു അവൾ
എന്റെ പൊന്നമ്മേ ഇവിടെ എങ്ങനെ ജീവിക്കുംന്ന് എനിക്കറിയില്ല ,എന്തൊക്കെ കാണണം കേൾക്കണം ഇവിടെന്നറിയോ ..?
ലോകത്തിലാരും ചെയ്യാത്ത കാര്യങ്ങൾ ഒന്നും അല്ല ഇത്, എന്നാലും ഒരു സമയമില്ലേ ഇതിനെല്ലാം ..?
ഒക്കെ പോട്ടെന്ന് വയ്ക്കാം.. ഇതിപ്പോ പോയ്പോയ് ഞാനിവിടുത്തെ മുഴുവൻ ജോലികളുമെടുക്കണം ,അവർക്കതിനൊന്നും സമയം ഇല്ല ..
എനിക്ക് മടുത്തമ്മേ ..
മഹിയാണെങ്കിൽ അച്ഛനമ്മമാരുടെ യാതൊരു കാര്യവും പറഞ്ഞവനെ വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.. ഇതവരുടെ വീട്, അവരുടെ ഇഷ്ട്ടം ,അതിലൊന്നും അവൻ ഇടപ്പെടില്ലാന്ന് …കൂടാതെ സ്നേഹം എന്താണ് എന്നു പോലും അറിയാത്ത മൂരാച്ചിയാണ് ഞാനെന്നൊരു പറച്ചിലും ..
ഞാനെന്താ ചെയ്യാ അമ്മേ..?
നീയൊരു കാര്യം ചെയ്യ് കുറച്ചു ദിവസം ഇവിടെ വന്നു നിന്നോ … ബാക്കി പിന്നെ നോക്കാം ..
മറുവശത്തു നിന്ന് അമ്മയുടെ പരിഹാരം കേട്ടതും ഗീതു ഫോണിലേക്ക് നോക്കിയൊരു നിമിഷം
അതു വേണ്ട അമ്മേ.. അവിടെ വന്നാൽ ഏടത്തി അമ്മയുടെ ഭരണപരിഷ്ക്കാരങ്ങൾ എനിക്ക് താങ്ങാൻ പറ്റില്ല ,
ഒന്നും അവിടെ ഇടരുത് ഇവിടെ വെക്കരുത് ,അവിടെ വെക്കല്ലേ ഇവിടെ വെയ്ക്ക് എന്നെല്ലാം പറഞ്ഞു കൊണ്ട് ഫുൾ ടൈം എന്നോടൊപ്പമാവും പുള്ളിക്കാരി , അമ്മ കണ്ടതല്ലേ അത് ?
എനിക്ക് വയ്യ അതൊന്നും കേട്ട് മിണ്ടാത ഇരിക്കാൻ ..മോനാണെങ്കിൽ ഇപ്പോ എല്ലാം വാരിവലിച്ചിടുന്ന പ്രായമാ ..
നീ പിന്നെ എന്തു ചെയ്യും ..?
മഹിയുടെ ജോലി സ്ഥലത്തേക്കും നീ പോവില്ലല്ലോ ,അവിടെ ചെന്നാൽ പണിയെടുക്കണം ,ശ്വാസം മുട്ടും എന്നൊക്കെ പറഞ്ഞു നീ ഇത്രകാലവും അങ്ങോട്ടു തിരിഞ്ഞു നോക്കീട്ടില്ലല്ലോ ..?
അമ്മ പറഞ്ഞതു കേട്ടതും അവളൊന്നും മിണ്ടാതെ ഫോൺ കട്ടു ചെയ്തു …
രണ്ടു ദിവസം കഴിഞ്ഞൊരു ദിവസം ഫോണിൽ മഹിയുടെ അച്ഛന്റെ നമ്പർ കണ്ടാണ് ഗീതുവിന്റെ അമ്മ ഫോണെടുത്തത് …
ഹലോ.. മഹിയുടെ അച്ഛാ .. എന്താണ് സന്തോഷ വാർത്ത വല്ലതും ഉണ്ടോ ..?
ഗീതുവിന്റെ അമ്മ ചോദിച്ചതും മറുവശത്തു നിന്നും മഹിയുടെ അച്ഛന്റെ ഉറക്കെയുള്ള ചിരി ഫോണിലൂടെ മുഴങ്ങി…
ഹലോ അച്ഛാ ഉറങ്ങിയോ ..?
രാത്രി ഏറെ വൈകി ഫോണിലൂടെ മഹിയുടെ സ്വരമെത്തിയതും ആ അച്ഛന്റെ മനസ്സ് നിറഞ്ഞു ,അയാൾ തനിക്കരികെ തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന മഹിയുടെ അമ്മയെ തന്റെ ഇടം കയ്യാൽ നെഞ്ചോരം ചേർത്ത് പിടിച്ചു..
ഇല്ലെടാ മോനെ ഉറങ്ങീല, നീ വിളിക്കാതെ നിന്റെ ശബ്ദം കേൾക്കാതെ ഞങ്ങളെങ്ങനെയാടാ ഉറങ്ങുന്നത് ..?
അച്ഛൻ ചോദിച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞു ,അവൻ തന്റെ വീടിനുള്ളിലേക്ക് തിരിഞ്ഞു നോക്കി മുറ്റത്ത് നിന്ന് ..
അവിടെ അവന്റെ ജോലി സ്ഥലത്തെ വാടക വീടിനുള്ളിലെ മുറിയിലിരുന്ന്കുഞ്ഞിനെ ഉറക്കുന്നുണ്ടായിരുന്നു ഗീതു..
ഗീതു എവിടെ മോനെ ?
അവൾക്ക് സംശയം ഒന്നും ഇല്ലല്ലോ ?
ഇല്ല അച്ഛ .. എന്റെ അടുത്തേക്ക് പോരുവാന്ന് പറഞ്ഞവൾ അവിടെ നിന്നിങ്ങോട്ട് ടാക്സിയിൽ കയറി ഇവിടെ വന്ന് ഈ നിമിഷം വരെ അമ്മയുടെയും അച്ഛന്റെയും കുറ്റങ്ങൾ പറയുകയായിരുന്നു
മഹി നേർത്ത സങ്കടത്തോടെ പറഞ്ഞതും അച്ഛൻ പൊട്ടി ചിരിച്ചു
അതു സാരമില്ലടാ .. അവൾ പറയട്ടെ ,അതുപോലെ അല്ലേ ഞങ്ങൾ ഇവിടെ കാണിച്ചത് ..
നിന്റെ കല്യാണം കഴിഞ്ഞു വർഷം അഞ്ചായി, എന്നിട്ടും എത്ര കുറച്ചു നാളാ നിങ്ങൾ ഒരുമിച്ചു ജീവിച്ചത്..?
നിന്റെ കൂടെ നിനക്കൊപ്പം വന്നു താമസിക്കാതെ അവിടെ വന്നാൽ വീടും വീട്ടുജോലിയും ചെയ്യണമെന്ന് പറഞ്ഞവൾ സ്വന്തം വീട്ടിലല്ലായിരുന്നോ കുറെ നാൾ ..?
ഒടുവിൽ അവളുടെ അമ്മയും നാത്തൂനും കൂടി ഓരോന്ന് പറഞ്ഞവളെ അവിടുന്ന് ചാടിച്ചു, അപ്പോഴവൾ പിന്നെ ഇവിടെ നിന്നു എന്നല്ലാതെ നിന്റെ അടുത്തേക്ക് വരാൻ കൂട്ടാക്കിയില്ല …
അതു കൊണ്ട് അവളുടെ അമ്മ തന്നെയാ ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നത് … കാര്യം ഞാൻ നിന്റെ അമ്മയെ എന്നും പൊന്നുപോലെ തന്നെയാണ് കൊണ്ടു നടക്കുന്നത് ,നിനക്കറിയാലോ ?
എനിക്കറിയാം അച്ഛാ.. അച്ഛൻ അമ്മയെ സ്നേഹിക്കുന്നത് ,അമ്മ അച്ഛനെ കെയർ ചെയ്യുന്നത് എല്ലാം കണ്ടു വളർന്ന മകനല്ലേ ഞാൻ ?
എനിക്കും ഉണ്ടാകില്ലേ അതുപോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാം ആഗ്രഹം..?
പക്ഷെ ഞാനെത്ര പറഞ്ഞാലും അവൾക്കതൊന്നും മനസ്സിലാവില്ല അച്ഛാ ..
അവൾക്ക് ജോലി എടുക്കാൻ മടി ,ഞാൻ സഹായിക്കാം അല്ലെങ്കിൽ ജോലിക്കാരിയെ വെക്കാം എന്നു പറഞ്ഞാൽ അതും വേണ്ട ,
എല്ലാവരും സ്വന്തം ഭർത്താവിനും കുഞ്ഞിനും ഒപ്പമിരിക്കാൻ ആഗ്രഹിക്കുമ്പോൾ ഇവൾ മാത്രം എന്താ ഇങ്ങനെ ?
മടുത്തിരുന്നു ഞാൻ .. എന്റെ മോനെ കാണാൻ പോലും എത്ര ദൂരം യാത്ര ചെയ്തു വേണം ഞാനൊന്ന് വരാൻ ..? മടുത്തിരുന്നു എല്ലാവരും ഉണ്ടായിട്ടും ഈ ഒറ്റയ്ക്കുള്ള ജീവിതം …
സാരമില്ലെടാ ,നിന്നെ ഞങ്ങൾക്ക് മനസ്സിലാവും ,അവളും ഇനി മനസ്സിലാക്കണം ഓരോ അണുവിലും നിനക്ക് അവളോടുള്ള സ്നേഹം ,
എന്നും എപ്പോഴും ഏതു പ്രായത്തിലും സ്നേഹിക്കപ്പെടുക ,പ്രണയിക്കപ്പെടുക എന്നത് ഏതൊരു ആണിന്റെയും പെണ്ണിന്റെയും സ്വപ്നവും ഭാഗ്യവും ആണെന്ന് നീ അവൾക്ക് മനസ്സിലാക്കി കൊടുക്കണം
അപ്പോൾ അവൾക്ക് മനസ്സിലാവും ഞങ്ങളെ ,വേദനിക്കും നഷ്ട്ടപ്പെട്ട വർഷങ്ങളോർത്ത് ..
പിന്നെ നിന്നോടെനിക്ക് ഒത്തിരി നന്ദിയുണ്ട് കേട്ടോ ടാ മോനെ ..ചിരിച്ചു കൊണ്ടച്ഛൻ ഫോണിൽ പറഞ്ഞപ്പോ അവൻ ആകാംക്ഷയോടെ ചോദിച്ചു
എന്തിനാണച്ഛാ …?
ഞങ്ങളുടെ മുറിയ്ക്കുള്ളിൽ മാത്രമായ് ഞങ്ങളൊളിപ്പിച്ചു നിർത്തിയ ഞങ്ങളുടെ സ്നേഹത്തെ, പ്രണയത്തെ ഈ വീടു മുഴുവൻ തുറന്നു വിടാൻ സഹായിച്ചതിന് …
പറഞ്ഞു കൊണ്ടച്ഛൻ ഉറക്കെ ഉറക്കെ ചിരിക്കുമ്പോൾ അവന് മനക്കണ്ണിൽ കാണായിരുന്നു അച്ഛന്റെ നെഞ്ചോരം ചാരിയിരുന്ന് ആ ചിരി പങ്കിട്ടെടുക്കുന്ന തന്റെ അമ്മയെ …
സ്നേഹം കൊണ്ടവർ അവരുടെ കൊട്ടാരം സന്തോഷം കൊണ്ട് നിറയ്ക്കുമ്പോൾ അവൻ തന്റെ പെണ്ണിന്റെ അടുത്തേക്ക് നടന്നു ,അവരുടെ സ്നേഹ കൊട്ടാരം പടുത്തുയർത്താനായ് …