ഏട്ടാ.. ഒരു മകൾ .. അല്ലേൽ മരുമകൾ ആയി അല്ല അച്ഛൻ എന്നെ കാണുന്നത്.. അച്ഛന്റെ നോട്ടവും പെരുമാറ്റവും…. എനിക്കാകെ വീർപ്പു മുട്ടുന്നു.. ഇപ്പോൾ മുതൽ അല്ല നമ്മുടെ കല്യാണം കഴിഞ്ഞുള്ള ഈ

മരുമകൾ
(രചന: Rajitha Jayan)

” ഏട്ടാ .. എനിക്കൊരു കാര്യം പറയാനുണ്ട്.. ”

ബെഡ് റൂമിലേക്കെത്തിയ പാടെ കതകടച്ചു വേദ ആനന്ദിനരികിലായിരുന്നു

” ഇതെന്താടോ.. പതിവില്ലാതെ ഒരു ഫോർമാലിറ്റിയൊക്കെ താൻ കാര്യം എന്താ ന്ന് പറയ് ”

കയ്യിലിരുന്ന ഫോൺ പതിയെ ടേബിളിലേക്കു വച്ച് അവൾക്ക് നേരെ തിരിഞ്ഞു ആനന്ദ്.

” അത് ഏട്ടാ…. ഞാൻ പറയുന്നത് ഏട്ടൻ എങ്ങിനെ എടുക്കും ന്ന് അറീല.. പക്ഷെ.. ഇനിയും പറയാതിരിക്കാൻ വയ്യ ”

വേദയുടെ പതർച്ച ഒരു നിമിഷം ആനന്ദിനെ അക്ഷമനാക്കി

” താൻ പറയടോ എന്റെ ബി പി കൂട്ടാതെ … എന്താ കാര്യം ”

” അത് ഏട്ടാ… ഇവിടുത്തെ……. അച്ഛന്റെ… എന്നോടുള്ള പെരുമാറ്റം… അത്ര ശെരിയല്ല.. ”

ഒരു വിധം പറഞ്ഞൊപ്പിക്കവേ ആനന്ദിന്റെ മുഖം കുറുകുന്നത് ശ്രദ്ധിച്ചു അവൾ. വേദയുടെ വാക്കുകൾ അവനു ഏറെ അപ്രതീക്ഷിതമായിരുന്നു. ആ ഒരു നടുക്കം അവന്റെ മുഖത്തേക്ക് തെളിഞ്ഞു നിന്നു.

ആറു മാസം മുന്നെയാണ് അച്ഛൻ ബാലകൃഷ്ണനും അമ്മ ശാരദയും മാത്രമുള്ള ആനന്ദിന്റെ ചെറിയ കുടുംബത്തിലേക്ക് ഭാര്യയായി…

മരുമകളായി വേദ വലതുകാൽ വച്ചു കയറിയത്. ചേച്ചിയും കുടുംബവും വിദേശത്ത് ആയതിനാൽ അച്ഛനും അമ്മയും അവനൊപ്പം കുടുംബ വീട്ടിൽ തന്നെയാണ്.

വേദ വന്നതുമുതൽ ഒരു മകളായി കണ്ട് അച്ഛനും അമ്മയും അവളെ സ്നേഹിക്കുന്നത് പലപ്പോഴും അവൻ നോക്കി നിന്നിട്ടുണ്ട്. എന്നിട്ടിപ്പോൾ പെട്ടെന്ന് ഇങ്ങനെയൊരു സംസാരം അത് അവനെ ഏറെ ഞെട്ടിച്ചു.

” എന്താടോ താനീ പറയുന്നേ.. അച്ഛന്റെ പെരുമാറ്റത്തിൽ എന്ത് പ്രശ്നം എന്നാ.. താൻ കാര്യം തെളിച്ചു പറയ്.. ”

” ഏട്ടാ.. ഒരു മകൾ .. അല്ലേൽ മരുമകൾ ആയി അല്ല അച്ഛൻ എന്നെ കാണുന്നത്.. അച്ഛന്റെ നോട്ടവും പെരുമാറ്റവും…. എനിക്കാകെ വീർപ്പു മുട്ടുന്നു..

ഇപ്പോൾ മുതൽ അല്ല നമ്മുടെ കല്യാണം കഴിഞ്ഞുള്ള ഈ ആറുമാസക്കാലയളവിൽ പലപ്പോഴും എനിക്ക് ഈ ബുദ്ധിമുട്ട് അച്ഛന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. തോന്നലാകുമെന്ന് കരുതി ആദ്യം.. പക്ഷെ ഒന്നും തോന്നലുകൾ അല്ല.. ”

എല്ലാം കേട്ട് അല്പസമയം മറുപടിയില്ലാതെ മൗനമായിരുന്ന ശേഷം പതിയെ വേദയെ തന്നോട് ചേർത്ത് പിടിച്ചിരുത്തി ആനന്ദ്.

” എടോ.. ഇതൊക്കെ വെറും തോന്നലു തന്നാടോ .. എന്ത് സ്നേഹമായിട്ടാ അച്ഛനും അമ്മയും നിന്നോട് പെരുമാറുന്നെ..

ഒരു കൊച്ച് കുട്ടിയെ പോലെ അല്ലെ നിന്നെ അവർ കെയർ ചെയ്യുന്നേ.. അച്ഛനെ എനിക്ക് അറിയാവുന്നതല്ലേ.. ഒരിക്കലും അച്ഛന്റെ ഭാഗത്ത്‌ ന്ന് അങ്ങനൊരു പെരുമാറ്റം ഉണ്ടാകില്ല…

ഇത് എന്തോ ഒരു തെറ്റിദ്ധാരണ നിനക്ക്‌ ഉണ്ടായതാണ്. ഈ ഒരു ചിന്തയെ മനസ്സിൽ ന്ന് കളഞ്ഞേക്ക്.. എന്റെ അച്ഛൻ നിന്റെയും കൂടി ആണ്.. അങ്ങിനെ ചിന്തിക്ക്. അപ്പോൾ എല്ലാ പ്രശ്നങ്ങളും തീരും ”

അത്തരമൊരു മറുപടി പ്രതീക്ഷിച്ചിരുന്നു എങ്കിലും വേദ കൂടുതൽ ആസ്വസ്ഥയായി.

” ഏട്ടാ.. പ്ലീസ്.. എന്നെ ഒന്ന് മനസ്സിലാക്ക്… വയസ്സ് ഇരുപത്തി മൂന്നായി എനിക്ക്.. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പക്വതയുമുണ്ട് … ഞാൻ എന്റെ സ്വന്തം അച്ഛനായി തന്നാ കാണുന്നെ.. പക്ഷേ അച്ഛന്റെ പെരുമാറ്റം…. ഇത് സത്യമാ ഒന്ന് മനസ്സിലാക്ക് പ്ലീസ്… ”

ദയനീയമായി തനിക്ക് നേരെ നോക്കുന്ന വേദയുടെ ചുമലിൽ പതിയെ തട്ടി ആനന്ദ്.

” എടോ.. പ്ലീസ്… അച്ഛനെ ഈ ഒരു കണ്ണ് കൊണ്ട് കാണരുത് നീ.. ജീവിതത്തിൽ പെൺപിള്ളേരെ കാണാത്ത ആളൊന്നുമല്ല ആ മനുഷ്യൻ.

എന്നെയും ചേച്ചിയെയും പൊന്ന് പോലെ വളർത്തി ചേച്ചിയെ അന്തസായി കെട്ടിച്ചു വിട്ട മനുഷ്യനാ അത്… ആ ആളെ പറ്റിയാ നീ….”

അല്പമൊന്ന് മൗനമായ ശേഷം വീണ്ടും വേദയ്ക്ക് നേരെ തിരിഞ്ഞു അവൻ.

” നോക്ക്… ഈ ടോപ്പിക്ക് നമുക്ക് വിടാം… തന്റെ മനസ്സിൽ അച്ഛനോട് എന്തോ ഇഷ്ടക്കേട് ഉണ്ട്…

അതാണ് ഇങ്ങനെ ഒക്കെ ഓരോ തോന്നലുകൾ.. അ ഇഷ്ടക്കേട് ആദ്യം കളയ് അപ്പോ എല്ലാം ഓക്കേ ആകും.. ഇപ്പോ താൻ കിടക്കാൻ നോക്ക്. എനിക്ക് രാവിലെ അമ്മയെ കൊണ്ട് ക്ഷേത്രത്തിൽ പോകാനുള്ളതാ… ”

ആ വാക്കുകളിൽ അല്പം കടുപ്പമേറിയിരുന്നു. ഈ വിഷയം അവസാനിപ്പിക്കുവാനുള്ള സൂചനയാണ് അതെന്ന് കേട്ടപാടെ മനസിലാക്കി വേദ.

ആനന്ദ് കിടന്നിട്ടും അല്പ സമയം കൂടി നിശ്ശബ്ദയായിരുന്നു അവൾ. ഉള്ളിലെ വേദന ഇനി ആരോട് പറയുമെന്ന ചിന്ത വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

‘തന്റെ രക്ഷിതാക്കളോട് എങ്ങിനെ ഈ കാര്യം പറയും…. ഏക പ്രതീക്ഷ ഭർത്താവിനോട് പറയാമെന്നതായിരുന്നു എന്നാൽ തന്നെ മനസ്സിലാക്കുവാൻ അദ്ദേഹത്തിന് കഴിയുന്നില്ല.. ‘

ചിന്തകൾ ഒരുപാട് മനസ്സിലൂടെ പായുമ്പോൾ അല്പം നീരസത്തോടെ ലൈറ്റ് കൂടി ഓഫ്‌ ചെയ്തു ആനന്ദ്. അതോടെ പതിയെ ബെഡിലേക്ക് കിടന്നു വേദയും.

പിറ്റേന്ന് രാവിലെ തന്നെ അമ്മയുമായി ക്ഷേത്രത്തിലേക്ക് പോകുവാനിറങ്ങി ആനന്ദ്. വേദയുടെ മുഖത്തെ വിഷാദം ശ്രദ്ധിച്ചു അവൻ.

” ഞങ്ങൾ ഇറങ്ങട്ടെ മോളെ.. രാവിലേ ബ്രേക്ക്‌ ഫാസ്റ്റിനുള്ള കറി മോളൊന്ന് ഉണ്ടാക്കിയെക്കണെ.. അമ്മയ്ക്ക് എല്ലാത്തിനുമായി സമയം കിട്ടിയില്ല.. ”

പുഞ്ചിരിയോടെ ശാരദ കാറിലേക്ക് കയറി ഒപ്പം ആനന്ദും.അവരെ യാത്രയാക്കി തിരിയുമ്പോൾ അവൾക്ക് തൊട്ട് പിന്നിലായി നിന്നിരുന്നു ബാലകൃഷ്ണൻ. അപ്രതീക്ഷിതമായത് കൊണ്ട് തന്നെ ഒന്ന് പകച്ചു വേദ.

” ഞാനും പോകേണ്ടതാ. പിന്നെ മോളിവിടെ ഒറ്റയ്ക്കല്ലേ ന്ന് ഓർത്തപ്പോ പോകേണ്ട ന്ന് വച്ചതാ.. അല്ലേലും അവന് ആ ബോധം ഒന്നും ഇല്ല.. പക്ഷെ എനിക്ക് നിന്നെ ഒറ്റയ്ക്ക് ആക്കാൻ പറ്റില്ലാലോ.. ”

വഷളൻ ചിരിയോടെ അയാൾ പറയുമ്പോൾ മുഖം കുനിച്ചു പതിയെ ഉള്ളിലേക്ക് കയറി അവൾ. ആ വഷളൻ ചിരി കണ്ട് ചെറിയൊരു ഭയം അവളുടെ ഉള്ളിൽ കടന്നു കൂടിയിരുന്നു.

നേരെ അടുക്കളയിലേക്ക് ചെന്ന് കറിയ്ക്കായുള്ള പച്ചക്കറികൾ എടുത്ത് കഴുകി വൃത്തിയാക്കി കട്ട് ചെയ്യുവാനാരംഭിച്ചപ്പോഴേക്കും പതിയെ അവിടേക്ക് കടന്നു വന്നു ബാല കൃഷ്ണൻ.

വല്ലാത്ത ഒരു ആർത്തിയോടെ അയാൾ വേദയുടെ അരികിലേക്ക് പതിയെ ചെന്നു. തന്റെ ഇടുപ്പിന് മുകളിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയാണ് വേദ ഞെട്ടി തിരിഞ്ഞത്.

കണ്മുന്നിൽ ബാലകൃഷ്ണനെ കണ്ട് ഒരു നിമിഷം നടുങ്ങി തരിച്ചു പോയി അവൾ. അയാളുടെ കൈകൾ അപ്പോൾ അവളുടെ ഇടുപ്പിന് മുകളിൽ ആയിരുന്നു.

” ഏയ്.. അച്ഛാ വിട്.. വിട് എന്നെ… ”

നടുക്കം വിട്ടകലവെ വെപ്രാളത്തിൽ കുതറി മാറി അവൾ .. അതോടെ പതിയെ പിന്നിലേക്ക് മാറി ബാലകൃഷ്ണൻ

” മോളെ നോക്ക്.. ആരും അറിയില്ല നീ എന്നോട് ഒന്ന് സഹകരിക്ക്.. നിനക്ക്‌ എന്ത് വേണോ തരാം. ലക്ഷക്കണക്കിന് രൂപയുടെ ആസ്തിയുണ്ട് എനിക്ക് എല്ലാം നിനക്ക് തരാം..

ഈ വീട്ടിലെ മറ്റാരും വയസാം കാലത്ത് എന്നെ നോക്കില്ല അത് ഉറപ്പാ.. മോള് എനിക്കൊപ്പം നിൽക്ക് പ്ലീസ് ആരും ഒന്നും അറിയില്ല ”

വെപ്രാളത്തിൽ കൈകൾ കൂപ്പി എന്തൊക്കെയോ വിളിച്ചു പറഞ്ഞു ബാലകൃഷ്ണൻ. എല്ലാം ഒരു മുഴക്കമായി വേദയുടെ കാതുകളിൽ പ്രതിധ്വനിച്ചു. അടിമുടി വിറച്ചു പോയി അവൾ. അവളുടെ നിശബ്ദത ഒരുപക്ഷെ സമ്മതമായി തോന്നിയിരിക്കണം ബാലകൃഷ്ണന്.

പതിയെ അയാൾ അവളുടെ ചുമലിലേക്ക് വീണ്ടും കൈകൾ വച്ചു. ആ കൈകൾ ചലിച്ചു തുടങ്ങിയപ്പോൾ വേദയുടെ ഉള്ളിലൊരു മിന്നൽ പിണർപ്പ് അടിച്ചു കയറി. എന്ത് ചെയ്യണമെന്ന് അറിയാതെ പതറി അവൾ.

കൈകാലുകൾ ഒന്ന് അനക്കുവാൻ പോലും കഴിയാത്ത വിധം വിറച്ചു പോയി അവൾ..പെട്ടെന്ന് അവളുടെ നോട്ടം കിച്ചൻ സ്ലാബിനു മുകളിലേക്ക് പതിഞ്ഞു. ആ മിഴികളിലെ ഭയം പതിയെ തീയായി മാറി.

ക്ഷേത്ര ദർശനം കഴിഞ്ഞു ഒരു മണിക്കൂറു കഴിയവേ തിരികെയെത്തി ആനന്ദും ശാരദയും. അവർ വീടിനുള്ളിലേക്ക് കയറവേ ഡയനിംഗ് ടേബിളിൽ ഇരുന്ന് പച്ചക്കറികൾ അരിയുകയായിരുന്നു വേദ.

” ആഹാ.. കറിയുടെ പച്ചക്കറികൾ ഇതുവരെയും അരിഞ്ഞു തീർന്നില്ലേ.. ഇന്നിനി ഹോട്ടലിൽ ന്ന് ഫുഡ് വാങ്ങേണ്ടി വരോ.. ”

ചെറു പുഞ്ചിരിയോടെ ആനന്ദ് ഡയനിംഗ് ടേബിളിലെ ചെയറിലേക്ക് വന്നിരിക്കുമ്പോൾ ശാരദ നേരെ അടുക്കളയിലേക്ക് ആണ് പോയത്.

“അയ്യോ.. ഇതെന്തുവാ ഇവിടൊക്കെ ഈ ചോര… ”

പോയപാടെ തന്നെ ഞെട്ടലോടെ അവർ പുറത്തേക്ക് വരുമ്പോൾ ഒരു നിമിഷം ആനന്ദും നടുങ്ങി. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലിയിൽ തന്നെ മുഴുകിയിരുന്നു വേദ.

അവളുടെ ആ ഇരിപ്പ് കണ്ട് സംശയത്തോടെയാണ് ആനന്ദും എഴുന്നേറ്റ് അമ്മയ്ക്ക് അരികിലേക്ക് ചെന്നത്. അടുക്കളയുടെ നിലത്ത് മുഴുവൻ ചോരയായിരുന്നു.

മാത്രമല്ല ചോരത്തുള്ളികൾ അച്ഛന്റെയും അമ്മയുടെയും കിടപ്പ് മുറിയുടെ മുന്നിലുമുണ്ടായിരുന്നു. അതോടെ തന്റെ സംശയങ്ങൾ ഉറപ്പിച്ചു കൊണ്ട് ആ മുറിയിലേക്ക് പാഞ്ഞു ആനന്ദ്.

മുറിക്കുള്ളിലെത്തിയ അവൻ ഒരു നിമിഷം നടുങ്ങി പോയി അവിടെ ബെഡിൽ തല കുനിച്ചിരിക്കുകയായിരുന്നു ബാലകൃഷ്ണൻ തുണികൾ കൊണ്ട് പൊതിഞ്ഞിരുന്ന അയാളുടെ വലതു കയ്യിൽ നിന്നും തുള്ളി തുള്ളിയായി അപ്പോഴും ചോര കിനിയുന്നുണ്ടായിരുന്നു

” അയ്യോ.. കൈക്ക് ഇതെന്താ പറ്റ്യേ മനുഷ്യാ.. എന്തുവാ ഈ ചോരയൊക്കെ ”

പിന്നാലെയെത്തിയ ശാരദ വേവലാതിയോടെ ഓടി അരികിൽ ഇരിക്കുമ്പോൾ നിശബ്ദനായി തന്നെയിരുന്നു ബാല കൃഷ്ണൻ

” എന്താ.. എന്താ നിങ്ങൾ ഒന്നും മിണ്ടാത്തെ ഇതെന്തുവാ പറ്റിയെ.. ”

അവരുടെ വേവലാതികൾ ഇരട്ടിക്കുമ്പോൾ നിശ്ചലനായി തന്നെ നിന്നു ആനന്ദ്. അപ്പോഴേക്കും വേദയും അവിടേക്ക് കടന്നു വന്നു.

” അമ്മ എന്നോട് ക്ഷമിക്കണം.. അച്ഛന്റെ കയ്യിൽ ഞാൻ കറി കത്തിക്കു വെട്ടി… അതാണ് ഇവിടൊക്കെ ചോര വീണ് കിടക്കുന്നത്. ”

ആ വാക്കുകൾ കേട്ട് ശാരദയും ആനന്ദും ഒരുപോലെ നടുങ്ങുമ്പോൾ ബാല കൃഷ്ണൻ ഒന്ന് പരുങ്ങി.

” എന്താ മോളെ.. എന്താ നീ പറയുന്നേ.. അച്ഛനെ.. നീ വെട്ടിയെന്നോ ”

അവിശ്വസനീയമായി നോക്കിയ ശാരദയ്ക്ക് മുന്നിലേക്ക് ചെന്നു വേദ

” അമ്മേ… ഗതി കെട്ട് ചെയ്ത് പോയതാ.. അമ്മയ്ക്ക് ഒന്നും അറില്ല.. കുറച്ചു നാളായി അച്ഛന്റെ ശല്യം അനുഭവിക്കുവാ ഞാൻ.. ആദ്യകാലങ്ങളിൽ അച്ഛന്റെ കൈകൾ എന്റെ ചുമലിൽ വച്ചു…

അത് മകളോട് ഉള്ള സ്നേഹമായി കണ്ടു ഞാൻ പിന്നെ ആ കൈകൾ എന്റെ കവിളിൽ തലോടി… അപ്പോഴും സംശയിച്ചില്ല .. പക്ഷെ പിന്നെ പിന്നെ ആ കൈകൾ പലയിടത്തേക്കും എത്തി തുടങ്ങി.

അതോടെ ഞാൻ അസ്വസ്ഥയായി. ഇന്നലെ എന്റെ ഭർത്താവിനോട് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ ഒന്ന് ചെവിക്കൊള്ളുവാൻ പോലും അദ്ദേഹം തയ്യാറായില്ല.. എന്റെ വീട്ടുകാരോട് എങ്ങിനാ ഞാൻ ഈ കാര്യം പറയുക.

ഇന്ന് നിങ്ങൾ പോയ ശേഷം അച്ഛന്റെ കൈകൾ വീണ്ടും എന്റെ ഇടുപ്പിന് മുകളിൽ എത്തി… അവിടെ നിന്നും ആ താഴേക്ക് സഞ്ചരിച്ചു തുടങ്ങിയപ്പോൾ എന്റെ സഹനശേഷി നശിച്ചു.. അതുകൊണ്ടാ ഞാൻ… ”

വേദയുടെ വാക്കുകൾ കാതുകളിലേക്ക് തുളഞ്ഞു കയറുന്നത് പോലെ തോന്നി ശാരദയ്ക്ക്. ആനന്ദ് ആകട്ടെ മരവിച്ചു നിന്നു പോയി.

” അമ്മാ.. അച്ഛനൊപ്പം കിടക്ക പങ്കിടാൻ അമ്മയില്ലേ.. ഇനി അതിനിടയിലേക്ക് ഞാൻ കൂടി കടന്നു വന്നാൽ അമ്മയ്ക്ക് അത് സഹിക്കോ.. ഒന്ന് പറഞ്ഞ് മനസ്സിലാക്ക് അച്ഛനെ.. ”

വേദയുടെ ആ വാക്കുകൾ തീയായിരുന്നു.

” എന്താണ് മനുഷ്യാ ഞാനീ കേൾക്കുന്നത്.. എന്ത് വൃത്തികേട് ആണ് നിങ്ങളീ കാട്ടി കൂട്ടിയേക്കുന്നത്… ഇവളും നമ്മടെ മോളല്ലേ.. എന്നിട്ട്…എന്റെ ദൈവമേ.. ”

അലമുറിയിട്ടുകൊണ്ട് തലയിൽ കൈവച്ചിരുന്നു പോയി ശാരദ.

“ഞാൻ ഒന്നും ചെയ്തില്ല.. നിങ്ങൾ ആരും ഈ പറഞ്ഞത് വിശ്വസിക്കരുത്.ഇവൾക്ക്.. ഇവൾക്ക് എന്തോ തെറ്റിദ്ധാരണ ആണ്.

തല ചുറ്റൽ പോലെ തോന്നിയപോലെ വീഴാതെ ഞാനൊന്ന് കയറി പിടിച്ചതാണ്. അതാണ് ഇവള് തെറ്റിദ്ധരിച്ചത് … ഒന്ന് വിശ്വസിക്ക് നിങ്ങൾ.. ”

ബാല കൃഷ്ണൻ ദയനീയമായി എല്ലാവരെയും മാറി മാറി നോക്കി.. അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു വേദ..

” ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.. പിന്നെ നിങ്ങൾക്ക് എല്ലാം അവിശ്വസനീയമായി തോന്നുന്നുവെങ്കിൽ ഏട്ടന്റെ വാട്ട്സാപ്പിൽ ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്.

എന്തോ ഭാഗ്യത്തിന് സംശയം തോന്നിയപ്പോ തന്നെ വീഡിയോ ഓൺ ആക്കി ഫോൺ അടുക്കളയിൽ രഹസ്യമായി വച്ചിരുന്നു ഞാൻ.. അതുകൊണ്ട് എല്ലാം പതിഞ്ഞു.. ”

അത് കേട്ടപാടെ ആകെ വിളറി വെളുത്തു പോയി ബാലകൃഷ്ണൻ.അത്രയും പറഞ്ഞ് കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്ന വേദ പെട്ടെന്ന് എന്തോ ഓർത്തിട്ട് നിന്നു.

” ആനന്ദേട്ടാ… അച്ഛന്റെ കയ്യിലെ മുറിവ് നല്ല ആഴത്തിൽ ഉണ്ട്. ഞാൻ ഫസ്റ്റ് എയ്ഡ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഹോസ്പിറ്റലിൽ പോയി സ്റ്റിച്ച് ഇടേണ്ടി വരും. ഒന്ന് നോക്കിയേക്കണേ ”

” മ്… ”

ആനന്ദിന്റെ മറുപടി ഒരു മൂളലിൽ അവസാനിക്കുമ്പോൾ അവൾ പതിയെ തന്റെ മുറിയിലേക്ക് പോയി. താൻ നേരിട്ടിരുന്ന വലിയൊരു വിഷമത്തിനു വിരാമമായി എങ്കിലും ഇനി ഈ വീട്ടിൽ തന്റെ ഭാവി എന്താകും എന്നതോർത്ത് അവളുടെ ഉള്ള് നീറുകയായിരുന്നു.

മുറിയിൽ ഇരിക്കുമ്പോൾ പുറത്ത് ശാരദയുടെ ഒച്ചപ്പാടും ബാല കൃഷ്ണന്റെ ക്ഷമാപണവും ഒക്കെ കേൾക്കുന്നുണ്ടായിരുന്നു അവൾ. മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി.. ഹോസ്പിറ്റലിൽ ഒക്കെ പോയി തിരികെയെത്തി ആനന്ദ് പതിയെ മുറിയിലേക്ക് ചെന്നു.

മൗനമായി ഇരിക്കുകയായിരുന്നു വേദ അപ്പോൾ. അവൾക്കരികിലായി അവനും ഇരുന്നു. അല്പസമയം നിശബ്ദത പരന്നു. ശേഷം പതിയെ തന്റെ വലതു കൈ അവളുടെ ചുമലിലേക്കിട്ടു ആനന്ദ്.

” താൻ..ക്ഷെമിക്ക്.. ഇത്രത്തോളമൊക്കെ ആയിരുന്നു എന്ന് ഞാനും കരുതിയില്ല.. ”

അതിനു മറുപടി പറഞ്ഞില്ല വേദ. ആനന്ദ് തന്നെ വീണ്ടും തുടർന്നു.

“ഇനീപ്പോ കഴിഞ്ഞത് കഴിഞ്ഞു. ഇനി നമുക്ക് ഇവിടെ നിൽക്കേണ്ട. സ്വന്തമായി ഒരു വീട് വാങ്ങണം ന്ന് ചെറിയൊരു ആഗ്രഹം തോന്ന്യപ്പോ ഒന്ന് അന്യോഷിച്ചിരുന്നു ഞാൻ. പറ്റിയൊരു വീടും കണ്ടിരുന്നു.

കാശിന്റെ കുറവ് മൂലം തത്കാലം വേണ്ട ന്ന് വച്ചതാ. പക്ഷെ ഇനീപ്പോ വൈകിക്കേണ്ട. അത് വാങ്ങാം നമുക്ക്. എന്നിട്ട് നമ്മുടേതായ ലോകം അവിടെ നെയ്‌തെടുക്കാം.. ആരും ശല്യത്തിന് വരില്ല അവിടെ. ആരേം പിണക്കേം വേണ്ട. ”

ആ വാക്കുകൾ വേദയ്ക്ക് ഏറെ സന്തോഷമുളവാക്കുന്നതായിരുന്നു. ആശ്ചര്യത്തോടെ ആനന്ദിന് നേരെ തിരിഞ്ഞെങ്കിലും മറ്റൊരു ചിന്ത അവളുടെ മനസ്സിനെ വീണ്ടുംവിഷമത്തിലാഴ്ത്തി.

” ഏട്ടാ നമ്മൾ പോയാൽ അമ്മ….. ”

” ഏയ് ആ ടെൻഷൻ വേണ്ട. അമ്മ തന്നാ ഇങ്ങനൊരു അഭിപ്രായം ആദ്യം പറഞ്ഞെ.. ഇവിടിപ്പോ അമ്മയ്ക്ക് കൂട്ട് അച്ഛൻ ഉണ്ടല്ലോ.. ഇനീപ്പോ ഈ വയസാംകാലത്ത് അച്ഛനെ ഒഴിവാക്കുവാൻ അമ്മയ്ക്ക് കഴിയില്ല…. അച്ഛനോട് ക്ഷമിക്കുവാനും അമ്മ തയ്യാറായിട്ടുണ്ട്.”

ആനന്ദിന്റെ വാക്കുകൾ വേദക്ക് വീണ്ടും ആശ്വാസമായി. ഇത്രയും നാളും താൻ അനുഭവിച്ച വിഷമത്തിനു വിരാമമായതും…

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം സഫലമാക്കാൻ പോകുന്നു എന്നതും അവളിൽ ഏറെ സന്തോഷം ഉളവാക്കി. പതിയെ ആനന്ദിന്റെ ചുമലിലേക് ചാഞ്ഞു അവൾ.

” ഏട്ടാ ഞാൻ അമ്മയെ ഒന്ന് കണ്ടിട്ട് വരാം… എത്രയൊക്കെ ആയാലും ഞാൻ ചെയ്തത് അമ്മയ്ക്ക് ഉള്ളിൽ ചിലപ്പോൾ ഇഷ്ടക്കേട് ഉണ്ടാക്കിയെക്കാം..

അമ്മയോട് ക്ഷമ പറയണം… എന്റെ സാഹചര്യവും നിസഹായതയും ഒരിക്കൽ കൂടി അമ്മയ്ക്ക് ബോധ്യപ്പെടുത്തി കൊടുക്കണം..”

പതിയെ തലയുയർത്തി തനിക്ക് നേരെ നോക്കുന്ന വേദയുടെ നെറുകയിൽ ഒരു മുത്തം നൽകി ആനന്ദ്.

” ചെല്ല്… അമ്മക്ക് അതൊരു ആശ്വാസം ആകും… നിനക്ക്‌ അമ്മയോടും ദേഷ്യം ഉണ്ടാകുമോ എന്ന് വിഷമിച്ചിരിക്കുവാണ് പാവം.”

” ഏയ് എനിക്ക് പാവം അമ്മയോട് എന്ത് ദേഷ്യം ഏട്ടാ.. ഞാൻ പോയി കാണാം അമ്മയെ..”

ആ മറുപടി കേട്ട് പുഞ്ചിരിയോടെ വേദ മുറിയുടെ പുറത്തേക്ക് നടക്കുമ്പോൾ ആശ്വാസത്തോടെ നോക്കി ഇരുന്നു ആനന്ദ്.. ഉള്ളിൽ ആളിയ തീ ഒന്ന് ശമിച്ചത് പോലെ തോന്നി അവന്.

Leave a Reply

Your email address will not be published. Required fields are marked *